പൂര്‍ണ്ണവിരാമം.
ഡോ. എ.പി.
സുകുമാര്‍, കാനഡ.
‘അര്‍ദ്ധവിരാമം’ എന്ന
പേരില്‍ കുറേവര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വാമി അമര്‍ത്യാനന്ദ എഴുതിയ ഒരു പുസ്തകത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രീ എം.ടി വാസുദേവന്‍
നായര്‍ ഒരു കുറിപ്പെഴുതിയിരുന്നു. അതിലെ വാചകങ്ങള്‍ കൃത്യമായി ഓര്‍മ്മയില്ലെങ്കിലും
കാവി വസ്ത്രമുപേക്ഷിച്ച സ്വാമിയുടെ ആര്‍ജ്ജവത്തെപ്പറ്റിയായിരുന്നു ആ കുറിപ്പ്.
ആദ്ധ്യാത്മികമായ രംഗത്ത് തുടരണമോ വേണ്ടയോ എന്ന ചിന്ത ഒരു സംശയമായി വന്നപ്പോള്‍ത്തന്നെ
ആ രംഗത്തുനിന്നും പിന്മാറി ആത്മപരിശോധന നടത്തുകയായിരുന്നു സ്വാമി അമര്‍ത്യാനന്ദ.
അര്‍ദ്ധവിരാമം എന്ന പേര് അന്വര്‍ത്ഥമാക്കിയ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍
വ്യവസ്ഥാപിതമായ ആത്മീയരംഗത്തെ അവസ്ഥകള്‍ മനസ്സിലാക്കാന്‍ വായനക്കാരെ സഹായിച്ചു.
അഴുക്കലക്കലോ നഷ്ടസ്വര്‍ഗ്ഗത്തെപ്പറ്റിയുള്ള വേവലാതികളോ തന്നെ നിയന്ത്രിച്ചു നേര്‍വഴി
നടത്തിയവരോടുള്ള അവഹേളനമോ ആ കൃതിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അത് വായിച്ച്
ആത്മീയരംഗം, പ്രത്യേകിച്ച് ആശ്രമകേന്ദ്രീകൃതവും ‘ഗുരു’ സമ്പ്രദായത്തിലുള്ളതുമായ
സന്യാസജീവിതം, നമുക്ക് ശരിയാവില്ല എന്ന് തീരുമാനിച്ചു പിന്‍വാങ്ങിയവരും, അല്ല, ഇങ്ങിനെയൊക്കെയാണെങ്കില്‍
സന്യാസമാണ് എനിക്ക് നല്ലത് എന്ന് തീരുമാനിച്ചുറച്ചവരും മലയാളി സമൂഹത്തില്‍ ഉണ്ട്.
ഈ രണ്ടു കൂട്ടത്തില്‍പ്പെട്ടവരെയും കണ്ടുമുട്ടാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്.
അങ്ങിനെ അര്‍ദ്ധവിരാമത്തിന്റെ ഉദ്ദേശം ഭംഗിയായി നിര്‍വ്വഹിക്കപ്പെട്ടു. അതുകൊണ്ടുതന്നെ
സന്യാസത്തെ, ആത്മീയതയെ, ബഹുമാനിക്കുന്ന എന്നെപ്പോലുള്ള സാധാരണക്കാരന്റെയുള്ളില്‍ സന്യാസം
ഉപേക്ഷിച്ച് ഗൃഹസ്ഥജീവിതം നയിച്ച സ്വാമി അമര്‍ത്യാനന്ദയ്ക്ക് ഇന്നും ബഹുമാന്യമായ ഒരു
ഗുരുസ്ഥാനമുണ്ട്.
മൂഷികമൂത്രം വീണ പാല്‍പ്പായസം...
ഇപ്പോള്‍ അര്‍ദ്ധവിരാമത്തെപ്പറ്റി
ആലോചിക്കാന്‍ കാരണം അമൃതാനന്ദമയീദേവിയുടെ ശിഷ്യയായിരുന്ന വിദേശവനിതയുടെ ഓര്‍മ്മക്കുറിപ്പുകള്‍
മാദ്ധ്യമങ്ങളില്‍ എല്ലായിടത്തും ഒളിഞ്ഞും തെളിഞ്ഞും കണ്ടുവരുന്നു എന്നത്
തന്നെയാണ്. ഫേസ്ബുക്കിലും മറ്റു മീഡിയകളിലും വാചകക്കസര്‍ത്തു നടത്തുന്ന മിക്കവാറും
പേര് ഈ പുസ്തകം മുഴുവനും വായിച്ചിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. വാസ്തവത്തില്‍
ആത്മീയതയുടെ പൂര്‍ണ്ണവിരാമം മനസ്സിലും പ്രവൃത്തിയിലും ഉണ്ടായ ഒരു സന്യാസിനിയുടെ
ഓര്‍മ്മക്കുറിപ്പ് എന്ന നിലയില്‍ വളരെ നല്ലൊരു പുസ്തകം തന്നെയാണിത്. എന്നാല്‍ പാല്‍പ്പായസത്തില്‍
മൂഷികന്റെ മൂത്രം എന്നപോലെയുള്ള ചില ഭാഗങ്ങള്‍ ഇല്ലെങ്കില്‍ ഒരുപക്ഷെ അമൃതാനന്ദമഠം തന്നെ ‘പൂര്‍ണ്ണവിരാമം’ എന്നപേരില്‍
സ്വയം പ്രസിദ്ധീകരിക്കേണ്ട ഒരു പുസ്തകമാണിത് എന്നാണ് എന്റെ അഭിപ്രായം. Too good to
be true ഏന്നു പറയാറില്ലേ, അതുപോലെ too bad to be true എന്ന അവസ്ഥ. പുസ്തകത്തിലെ
പല പേജുകളും പണ്ട് ഈ വ്യക്തി ബ്രഹ്മചാരിണിയും സന്യാസിനിയും ആയിരുന്ന കാലത്ത്
‘അമൃതവാണി’യിലും മറ്റും എഴുതിയിരുന്ന, പ്രസിദ്ധീകരിച്ച കാര്യങ്ങളാണ്. അപൂര്‍ണ്ണവും
അപക്വവുമാണെങ്കിലും പുസ്തകരൂപത്തില്‍ വന്നപ്പോള്‍, അതിന് അത്യാവശ്യം വായനാക്ഷമതയൊക്കെ
ഉണ്ടായി എന്നതും നേര്.
പുസ്തകത്തിലെ
അഴുക്കുപിടിച്ച ആരോപണങ്ങള്‍ ഏതോ എഡിറ്ററുടെ കരവിരുതാകാനാണ് സാദ്ധ്യത. എരിവും പുളിയുമുള്ള
അദ്ധ്യായങ്ങളും ചില വികലമായ കൂട്ടിച്ചേര്‍ക്കലും ഇല്ലാതെ വെറും ഓര്‍മ്മപ്പുസ്തകം
മാത്രമായി പ്രസിദ്ധീകരിച്ചാല്‍ വായിക്കാന്‍ ആളുണ്ടാവില്ല എന്ന തിരിച്ചറിവ് എഴുത്തുകാരിക്ക്
നല്‍കിയത് ഈ എഡിറ്ററാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അര്‍ദ്ധവിരാമംപോലെ അനുവാചകന്
- സത്യാന്വേഷിക്കും യുക്തിവാദിയ്ക്കും ഒരുപോലെ - വഴികാട്ടിയാവാന്‍ ഉതകുമായിരുന്ന ഈ
പുസ്തകം ഇങ്ങിനെ വികലമാക്കിത്തീര്‍ത്തത് നിര്‍ഭാഗ്യകരമെന്നേ പറയാവൂ. ഈയടുത്ത ദിവസം
അറിഞ്ഞത്, ഈ എഡിറ്റര്‍ പണ്ട് മഹര്‍ഷി മഹേഷ് യോഗിക്കെതിരെതിരിഞ്ഞ ഒരു ‘TM – Tanscedental
Meditation’ ടീച്ചര്‍ ആണെന്നാണ്.
എഴുപതുകളിലെ കേരളം
ഈ പുസ്തകത്തില്‍
പ്രതിപാദിച്ചിട്ടുള്ള പലകാര്യങ്ങളും വായനക്കാര്‍ക്ക് മറ്റൊരു ‘പെര്സ്പെക്ടീവില്’
മൂന്നു പതിറ്റാണ്ട് മുന്‍പുള്ള കേരളജീവിതത്തെ കാണിച്ചു തരുന്നുണ്ട്. ആശ്രമത്തിന്റെ
സി.ഇ.ഓ. പദവിയില്‍ ഇരിക്കുമ്പോള്‍ (എഴുത്തുകാരിയുടെ വാക്കില്‍ത്തന്നെ), ഡയറികളില്‍
കയ്യെഴുത്തിലുണ്ടായിരുന്ന ഓര്‍മ്മക്കുറിപ്പുകള്‍ അവിടെ നിന്നും
വിട്ടുപോരുന്നതിന്റെ ഒരു വര്‍ഷം മുന്‍പ് അവര്‍ ആശ്രമത്തിലെ സ്റാഫിന്റെ സഹായത്താല്‍ ടൈപ്പ് ചെയ്ത് കമ്പ്യൂട്ടറില്‍
ആക്കിയിരുന്നു. ആശ്രമത്തില്‍ ചെല്ലുന്നകാലത്ത്, മാസമുറസമയത്ത് അനുഭവിക്കേണ്ടിവന്ന
ശുചിത്വസംബന്ധമായ ബുദ്ധിമുട്ടുകള്‍, അനേകം പേര്‍ക്ക് വിറകടുപ്പില്‍ ഭക്ഷണം പാചകം
ചെയ്യുന്നതിന്റെ പ്രയാസം, ഭക്ഷണസാമഗ്രികളുടെ കുറവ്, എന്നിങ്ങിനെ എഴുപതുകളിലെയും
എണ്‍പതുകളിലെയും ശരാശരി മലയാളിസ്ത്രീകളുടെ
അനുഭവങ്ങള്‍ വിദേശിയായ അവരെ വിഷമിപ്പിച്ചിരുന്നു. എന്റെ വീട്ടിലും അക്കാലത്തെ
സ്ഥിതി അതില്‍നിന്നും വളരെ വ്യത്യസ്ഥമായിരുന്നില്ല.
ഹൃദ്യമായ ആത്മീയാനുഭവങ്ങള്‍
ഭാരതത്തില്‍ വന്ന്
തിരുവണ്ണാമലയിലും മറ്റും താമസിച്ചിരുന്ന കാലത്തുള്ള അവരുടെ ലളിതജീവിതവും, അനേകംപേര്‍
അവര്‍ക്ക് സഹായം നല്കിയതും വഴികാട്ടിയതും മറ്റും വിവരിച്ചിരിക്കുന്നത് ഹൃദയസ്പര്‍ശിയായാണ്.
പിന്നീട് വള്ളിക്കാവില്‍ വന്നപ്പോള്‍ ‘അമ്മ’യുടെ കൂടെ പലയിടത്തും പോവുന്നത്, അമ്മയുടെ
ബന്ധുക്കളായ ‘അക്കരവീട്ടിലെ’ കുടുംബാംഗങ്ങള്‍ അവര്‍ക്ക് നല്കിയ സ്നേഹബഹുമാനങ്ങള്,
അമ്മയുടെ ഭക്തന്മാരുടെ, പ്രത്യേകിച്ചും വിദേശികളുടെ, കാര്യങ്ങള്‍ നോക്കുന്നത്, മണിക്കൂറുകള്‍
തുടര്‍ച്ചയായി സാധാരണജോലിയും ‘ദര്‍ശനജോലിയും’ മറ്റും ചെയ്തത്, രാത്രിസമയത്ത്
അമ്മയുമൊത്ത് സുഹൃത്തുക്കളെപ്പോലെ ‘ഒളിച്ചു’ പോയി കടല്ക്കരയില് ധ്യാനത്തിന്റെ
നിമിഷങ്ങള്‍ അമൃതുപോലെ നുണഞ്ഞത്, എല്ലാം ആയമ്മ ഹൃദ്യമായി എഴുതിയിരിക്കുന്നു. ശരീരികാസ്വാസ്ഥ്യം
വന്നപ്പോള്‍ ചെറുതെങ്കിലും നല്ലൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭിച്ച ചികില്‍സാനുഭവവും
അവര്‍ എഴുതിയിട്ടുണ്ട്. അമ്മയുടെ തഴുകലും തലോടലും, ഈര്‍ഷ്യയും പിണക്കവും എല്ലാം
സ്വാഭാവികം തന്നെ. ഒടുവില്‍ അമ്മയുടെ നിഴലായി അറിയപ്പെട്ട് അനേകം ആളുകള്‍ തന്റെ
കാല്ക്കലും നമസ്കരിക്കാന്‍ തുടങ്ങിയതിനെപ്പറ്റിയും പുസ്തകത്തില്‍ കാണാം. ഭക്തരുടെ
നമസ്കാരം ഏറ്റുവാങ്ങാന്‍ തനിക്കുള്ള യോഗ്യതയെപ്പറ്റി സ്വയം സംശയിക്കുമ്പോഴും
അമ്മയുടെ ഭക്തര്‍ തന്റെ കാല്ക്കലും വീഴണം എന്ന് അവര്‍ പ്രതീക്ഷിക്കാറുമുണ്ട്.
സന്യാസദീക്ഷ
അവര്‍ക്ക് (ഗായത്രിയാണ് അന്ന്)
സന്യാസദീക്ഷ ലഭിക്കുന്നതിനെപ്പറ്റി ആവേശത്തോടെയുള്ള നല്ലൊരു വിവരണം
പുസ്തകത്തിലുണ്ട്. ആത്മീയോന്നതിയുടെ ഒരു ഗ്രാജ്വേഷന് ചടങ്ങാണല്ലോ സന്യാസദീക്ഷ. ബ്രഹ്മചാരിമാര്‍ക്ക്
സന്യാസം ലഭിക്കുന്നതിനൊപ്പം തന്നെയും പരിഗണിക്കുമോ എന്ന ആശങ്ക അവരെ
അലട്ടിയിരുന്നു. സന്യാസിനിമാര്‍ക്ക് ആണുങ്ങളെപ്പോലെ പൂര്‍ണ്ണനഗ്നരായി ഗുരുവിനു
മുന്നില്‍ നിന്ന് ശിഖമുറിച്ചു സന്യാസം സ്വീകരിക്കേണ്ടതില്ല എന്നത് ഈ പുസ്തകത്തില്‍
നിന്നും എനിക്ക് കിട്ടിയ പുതിയൊരറിവായിരുന്നു. സന്യാസദീക്ഷ നല്കിയ സ്വാമിയെ എത്ര
ബഹുമാനത്തോടെയാണ് ഗായത്രി അന്ന് കണ്ടിരുന്നതെന്ന് ആ വിവരണത്തില്‍ കാണാം. അമ്മ,
സ്വയം സന്യാസചിട്ടയില്‍ ദീക്ഷയെടുത്ത ഒരു ഗുരുവല്ലാത്തതിനാല്‍ ‘ദശനാമി’യായ ഒരു
സന്യാസിവര്യന് തന്നെയാണ് അമൃതമഠത്തില്‍ സന്യാസദീക്ഷ നല്‍കാറുള്ളത്. (ഗായത്രിക്ക്
സന്യാസദീക്ഷ നല്കിയ ഈ സന്യാസിയാണ് പണ്ട് തന്നോട്
അതിക്രമങ്ങള്‍ കാണിച്ചത് എന്ന ആരോപണം ഉപ്പും
മുളകും ചേര്‍ത്ത് വിവരിക്കുന്ന ഒരദ്ധ്യായം തന്നെ പുസ്തകത്തിലുണ്ട്. അത്
‘ഏച്ചുകെട്ടി മുഴച്ചുനില്‍ക്കുന്ന’
ഒരദ്ധ്യായം തന്നെയാണ്. ‘too bad to be true’. സോഷ്യല്‍ മീഡിയയില്‍ അതിന്റെ മാത്രം മലയാളവിവര്‍ത്തനമേ
ഇതുവരെ കണ്ടുള്ളൂ. ബാക്കിയുള്ള അദ്ധ്യായങ്ങള്‍ വെറും മുളകോഷ്യം പോലെ
മസാലയില്ലാത്തവയാണല്ലോ.)
ഇക്കോണമിക്ലാസ്സില്‍
നിന്നും ബിസിനസ്സ്ക്ലാസിലേയ്ക്ക്
അമ്മയുടെ തിരക്ക്
കൂടിയതനുസരിച്ച് വിദേശത്തു പോവുമ്പോഴെല്ലാം വിമാനത്തിലെ സാദാ ഇക്കോണമി ക്ലാസില്‍
നിന്നും ബിസിനസ് ക്ലാസിലേയ്ക്കുള്ള കയറ്റവും സ്വാമിനിയ്ക്ക് ഇഷ്ടമായിരുന്നുവത്രേ. വിദേശയാത്രകളില്‍
എല്ലാം പണമിടപാടുകളും യാത്രാമാനേജുമെന്റും ഈ സ്വാമിനി തന്നെയായിരുന്നു
നടത്തിവന്നത്. ആശ്രമം നടത്തിപ്പിന്റെ എല്ലാ കാര്യത്തിലും അവര്‍ക്ക് സ്വാധീനം
ഉണ്ടായിരുന്നു എന്ന് അവര്‍ എഴുതുന്നുണ്ട്. തിരക്കുപിടിച്ച ആശ്രമം മാനേജുമെന്റ്,
സേവനം, കൌണ്സിലിംഗ് എന്നിങ്ങിനെ കൊക്കിലൊതുങ്ങാത്ത ജോലിത്തിരക്ക് കാരണം ഒരു നെര്‍വസ്ബ്രേക്ക്ഡൌണിന്റെ
വക്കത്തായിരുന്നു അവര്‍. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം വിശാലമായ പഠനമൊന്നും
അവര്‍ക്ക് ഉണ്ടായിരുന്നുമില്ല. ഹൈസ്കൂള്‍ കഴിഞ്ഞു ‘സ്വയം കണ്ടെത്താന്‍’
ഇറങ്ങിപ്പുറപ്പെട്ട ഒരാളായിരുന്നല്ലോ അവര്‍. ഒടുവില്‍ ആശ്രമം ഉപേക്ഷിച്ചിറങ്ങുമ്പോള്‍
അവര്‍ സ്വയം ‘ചെറിയൊരു തുക’ ആശ്രമത്തില്‍ നിന്നും ‘കുറ്റബോധമില്ലാതെ’ എടുത്തുകൊണ്ടാണ്
പുറപ്പെട്ടത് എന്ന് അവര്‍ സ്വയം ഏറ്റു പറയുന്നുണ്ട്.
അമ്മ ഒരപൂര്‍വ്വ
ആത്മീയവ്യക്തിത്വം
അമ്മയെ കഴിഞ്ഞ ഇരുപതോളം
കൊല്ലങ്ങളായി വീക്ഷിക്കുന്ന ഒരാരാധകനെന്ന നിലയ്ക്ക് ഞാന്‍ അമൃതമഠത്തിന്റെ പ്രവര്‍ത്തനങ്ങളെയും,
ലോകമെമ്പാടുമുള്ള മലയാളി ഹിന്ദുസമൂഹത്തില്‍ അമ്മയ്ക്കുള്ള സ്വീകാര്യതയെയുമാണ് ആത്മീയാത്ഭുതങ്ങളായി
കാണുന്നത്. ജാതിക്കോമരങ്ങളായി നമ്പൂതിരി, നായര്‍, ഈഴവന്, പറയന്, പുലയന്
എന്നിങ്ങിനെ തരംതിരിഞ്ഞും തലതിരിഞ്ഞും നിന്നിരുന്ന മലയാളിഹിന്ദുവിനും മറ്റുള്ളവര്‍ക്കും
വന്ദിക്കാന്‍ സ്വീകാര്യയായ ഒരേയൊരു ആത്മീയവ്യക്തിത്വം ഈ ‘അമ്മ’ മാത്രമേയുള്ളൂ. ‘ആ
സ്വാമി ഈഴവനാണ്’ ‘ഇദ്ദേഹം നമ്പൂരിയാണ്’ എന്ന മട്ടില്‍ സ്വാമിമാരെ തരംതിരിച്ചു
പറയുന്നതും വിവിധരീതിയില്‍ ബഹുമാനിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്—സന്യാസിമാരെ
ബഹുമാനിക്കാന്‍ പഠിപ്പിച്ച എന്റെ വീട്ടില്‍പ്പോലും. സ്വാമി ചിന്മയാനന്ദനെ, അദ്ദേഹം
ജന്മനാ ബ്രാഹ്മണനല്ല എന്ന കാരണം കൊണ്ട് പൂര്‍ണ്ണകുംഭം നല്കി സ്വീകരിക്കരുത് എന്ന്
വാദിച്ചവരും നമ്മുടെ യാഥാസ്ഥിതികന്മാരുടെ കൂട്ടത്തിലുണ്ട്. അങ്ങിനെയുള്ള ഒരു
സമൂഹത്തില്‍ മൂന്നു പതിറ്റാണ്ട് കാലം ഉന്നതകുലജാതരടക്കം എല്ലാവരും അമ്മയുടെ കാല്ക്കല്
നമസ്കരിക്കുന്നു. ഇത് അത്ഭുതമല്ലെങ്കില്‍ മറ്റെന്താണ് ആത്മീയമായ ‘മിറക്കിള്‍’
എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്?
നാരായണഗുരുവിന്റെ
തത്വം, അമ്മയുടെ പ്രായോഗികത
നാരായണഗുരു തത്വത്തില്‍
ഉപദേശിച്ചത് അമ്മ പ്രാവര്‍ത്തികമാക്കി. ജാതി-മൂഢമതികളോടു പിടിച്ചു നില്ക്കാന് നാരായണഗുരുവിന്
ഒരു ‘ഈഴവശിവനെ’ പ്രതിഷ്ഠിക്കേണ്ടിവന്നുവെങ്കില്‍, അനേകം ബ്രഹ്മസ്ഥാനങ്ങളിലൂടെ അമ്മ
ലോകമാതൃത്വത്തെ മാത്രമല്ല, പരബ്രഹ്മചൈതന്യത്തെയും മനുഷ്യമനസ്സില്‍
പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. ബാലികമാരെയും ബ്രാഹ്മണേതരേയും പൂജാദികളില്‍ പ്രാവീണരാക്കുന്ന
വിപ്ലവകരമായ പരിഷ്കാരവും അമ്മ നടപ്പിലാക്കി. സമൂഹത്തെ ഇത് അംഗീകരിപ്പിക്കാന്‍ അമ്മയ്ക്ക്
ഒരു ‘ധീവരമാതാവിനെ’ പ്രതിഷ്ഠിക്കേണ്ടി വന്നില്ല. സനാതനധര്‍മ്മത്തിന്റെ ആചാരങ്ങള്‍
തെറ്റിക്കാതിരിക്കാന്‍ തന്റെ ശിഷ്യരെ അമ്മ ഉചിതമായ പഠനകേന്ദ്രങ്ങളില്‍ വിട്ടു പഠിപ്പിക്കുന്നു
എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പ്രായോഗികത കൂടാതെ തത്വചിന്തയുടെ വെറും തിയറി
മാത്രം പറയുന്ന വേദാന്തമല്ല അമ്മയുടെത്.
വാര്‍ത്താസ്രോതസ്സിന്റെ
വിശ്വാസ്യതയും മാദ്ധ്യമധര്‍മ്മവും
ഇനി നമ്മുടെ ചില മാദ്ധ്യമങ്ങള്‍
അമ്മയെപ്പറ്റിയും പൂര്‍വ്വശിഷ്യയുടെ ആരോപണങ്ങളെപ്പറ്റിയും എഴുതുന്നതിനെക്കുറിച്ചാണ്
എനിയ്ക്ക് പറയാനുള്ളത്. അനേകായിരം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളുടെ ചാന്‍സലര്‍
ആയ ഒരാളെപ്പറ്റി, ലോകം മുഴുവന്‍ ആരാധകരുള്ള ഒരാളെപ്പറ്റി, ഐക്യരാഷ്ട്രസഭയില്‍പ്പോലും
ആദരവ് ലഭിച്ച ഒരാളെപ്പറ്റി, ഒരു പ്രധാന ദൃശ്യമാദ്ധ്യമത്തിന്റെ ചെയര്‍പെര്‍സണെപ്പറ്റി,
ഒരാരോപണം ഉന്നയിക്കുമ്പോള്‍ ‘പ്രഥമദൃഷ്ട്യാ’ തെളിവുള്ള കാര്യങ്ങള്‍ മാത്രമല്ലേ
മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാവൂ? അമ്മയെപ്പറ്റിയുള്ള ആരോപണങ്ങള്‍ അമ്മയുടെ
വിദ്യാര്‍ത്ഥികളെ എങ്ങിനെ ബാധിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ?
ഔപചാരികവിദ്യാഭ്യാസമില്ലെങ്കിലും സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ള ചാന്‍സലറുടെ
‘ക്രെഡിബിലിറ്റി’ ഇത്തരത്തില്‍ താല്‍ക്കാലികമായെങ്കിലും നശിപ്പിക്കാനുള്ള ശ്രമം
ആരുടേതാണ്? അമ്മയുടെ വിദ്യാര്‍ഥികളെല്ലാവരും അമ്മയുടെ ഭക്തരല്ലെന്നും നമുക്കറിയാം.
‘ന ബുദ്ധിഭേദം ജനയേത്...’ എന്ന് ഗീതയില്‍ പറയുന്നത് വെറുതെയല്ല. ഭംഗിയായി
നടന്നുപോകുന്ന പ്രസ്ഥാനങ്ങളെ, അതില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അനാവശ്യമായ ബുദ്ധിഭേദം
ഉണ്ടാക്കി നശിപ്പിക്കുന്നത് സമൂഹത്തിന് ഭൂഷണമല്ല.
ആരോപണങ്ങളും ഖേദപ്രകടനവും
കാര്യങ്ങള്‍ക്ക് തെളിവില്ലാതെ
ഒരാരോപണം ഉന്നയിച്ച് പേരുദോഷം പ്രചരിപ്പിച്ചു കഴിഞ്ഞ് പിന്നെ ആരോപണം ശരിയല്ല എന്ന്
വരുമ്പോള്‍ നാം എന്താണ് കാണാറുള്ളത്? ആരോപണസമയത്തെ മുന്‍പേജിലെ വെണ്ടയ്ക്ക വാര്‍ത്തയ്ക്ക്
പകരം ഉള്‍പേജില്‍ ചെറിയ കോളത്തില്‍ ഒരു തിരുത്ത്. അത്രതന്നെ. ബഹിരാകാശശാസ്ത്രജ്ഞനായ
ഡോ. നമ്പി നാരായണനേയും മറ്റും മറക്കാന്‍ കാലമായില്ലല്ലോ? ജയേന്ദ്രസരസ്വതി
സ്വാമികളുടെ കാര്യവും ഓര്‍മ്മയുണ്ടാവുമല്ലോ. മലയാളത്തിലെ പ്രമുഖപത്രങ്ങള്‍
എന്തുകൊണ്ടാണ് അമ്മയ്ക്കെതിരായ ആരോപണങ്ങളില്‍ മൌനം ആചരിക്കുന്നതെന്ന് വ്യക്തമാണ്. അവര്‍ക്കത്
അനുഭവപാഠമാണല്ലോ.
ഇവിടെ ഞാന്‍ താമസിക്കുന്ന
സ്ഥലത്ത് (കാനഡ) ഒരിന്ത്യന്‍ ഡോക്ടര്‍ക്കെതിരായി ലൈംഗികാരോപണം ഉന്നയിച്ചത് ഒരു
പതിനാറുകാരിയായിരുന്നു. വിഷയം ‘വിഷയ’മായതിനാല്‍ വാര്‍ത്ത പരന്നു. ഡോക്ടറുടെ
പ്രാക്ടീസ് തകര്‍ന്നു. ഭാര്യയും മകളും പിണങ്ങിപ്പോയി. നിയമപരവും പ്രഫഷണലുമായി
രണ്ടു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ സത്യം പുറത്തുവന്നു. ടീനേജര്‍ക്ക് ഗര്‍ഭനിരോധനഗുളികകള്‍
എഴുതിക്കൊടുക്കാത്തതിന്റെ പ്രതിഷേധമാണ് പരാതിയില്‍ കലാശിച്ചതത്രേ! പാവം ഡോക്ടര്‍
കുറച്ചൊക്കെ പാരമ്പര്യവാദിയായതിനാല്‍ തന്റെ മകളുടെ കൂട്ടുകാരിക്ക് പില്‍സിനുപകരം
ഉപദേശം നല്കി പറഞ്ഞുവിട്ടു. അവസാനം ഡോക്ടര്‍ക്ക് നഷ്ടപരിഹാരമായി കുറെ പണം കിട്ടി.
പെണ്‍കുട്ടിയെ നല്ലനടപ്പിനു ശിക്ഷിച്ചു. അത്രതന്നെ. വിട്ടുപോയ കുടുംബത്തിന്റെ കഥ
പിന്നീട് പുറത്തുവന്നിട്ടില്ല. ലൈംഗികാരോപണങ്ങള്‍ ആരെയും കുടുക്കാനുള്ള തന്ത്രമായി
ആളുകള്‍ ഉപയോഗിക്കുന്നത് എല്ലാ നാട്ടിലും പ്രചാരത്തിലുണ്ട്. ഫ്രഞ്ച് പൌരനായ ഒരാള്‍ക്ക്
ലോകബാങ്കിന്റെ ചെയര്മാന് സ്ഥാനം നഷ്ടപ്പെട്ടത് ഇത്തരം ഒരാരോപണത്തിന്റെ
പേരിലായിരുന്നു. ആ ആരോപണം വ്യാജമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞിരുന്നു.
സാംസ്കാരിക നേതാക്കളുടെ
പ്രതികരണം.
മലയാളത്തിലെ പ്രമുഖനായ ഒരു കവിയും,
ഒരു സാഹിത്യകാരനും, ഒരു സന്യാസിയും മറ്റും അടങ്ങുന്ന ചെറിയൊരു കൂട്ടം സാംസ്കാരിക
നേതാക്കള്‍ അമ്മവിഷയത്തേയും തുടര്‍ന്ന് അമൃതമഠം കൈക്കൊണ്ട നിയമ നടപടികളെയും സംബന്ധിച്ച്,
മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ പ്രകീര്‍ത്തിച്ച് ഒരു പത്രക്കുറിപ്പ്
ഇറക്കിയത് കണ്ടിരുന്നു. എന്നാല്‍ അവര്‍ മനപ്പൂര്‍വ്വം വിട്ടുകളഞ്ഞത് ഞാന്‍ മുകളില്‍പ്പറഞ്ഞ
കാര്യങ്ങളാണ്. ആര്‍ക്കുവേണമെങ്കിലും മറ്റൊരാള്‍ക്കെതിരായി ആരോപണം നടത്താം. എന്നാല്‍
ഒരാളുടെ കാലഹരണപ്പെട്ട ആരോപണത്തെ സത്യമായി കണക്കാക്കാന്‍ എന്ത് തെളിവാണുള്ളത്
എന്ന് നോക്കേണ്ടതല്ലേ? അതിനുശേഷം പോരെ മാദ്ധ്യമവിചാരണയും ശിക്ഷിക്കലും? കുറ്റവാളികളെ
എല്ലാവരെയും –അതാരായാലും- മാതൃകാപരമായി ശിക്ഷിക്കണം എന്ന് തന്നെയാണ് എന്റെയും പക്ഷം.
വേദാന്തത്തിന്റെ അനന്യത വൈവിദ്ധ്യതയിലാണ്
ആത്മീയതയിലുള്ള
വൈവിദ്ധ്യതയാണ് വേദാന്തപ്രോക്തമായ സനാതനധര്‍മ്മത്തിന്റെ പ്രത്യേകത എന്ന് ഞാന്‍
മനസ്സിലാക്കുന്നു. വൈവിദ്ധ്യത നിലനില്ക്കുമ്പോള്ത്തന്നെ എകാത്മകതയിലേയ്ക്ക്
നയിക്കുന്ന ചിന്താഗതിയായാണ് വേദാന്തത്തെ ഞാന്‍ കണ്ടിട്ടുള്ളത്. ചിലര്‍ സേവനപാതയാണ്
സ്വീകരിക്കുന്നത്. ചിലര്‍ ജ്ഞാനത്തിന്റെ പാതയും, മറ്റുചിലര്‍ ഭക്തിമാര്‍ഗ്ഗവും
സ്വീകരിക്കും. ഇവയെ വെവ്വേറെയായിക്കണ്ട് പരസ്പരം അവശ്യമായ ബഹുമാനം ഇല്ലാതെ
ചിലരെങ്കിലും പ്രവര്‍ത്തിക്കുന്നതിന്റെ കാരണം എനിക്കറിയില്ല. സ്വാമി ചിന്മയാനന്ദ
അറിയപ്പെടുന്ന വേദാന്തപ്രചാരകനും അദ്വൈതവാദിയും ആയിരുന്നല്ലോ. അദ്ദേഹത്തിന്റെ
ശിഷ്യനായ ഒരാള്‍, സ്വാമിജി തന്റെ കണ്ണ് തുറപ്പിച്ച ഒരനുഭവം പറയുകയുണ്ടായി. ആ
ശിഷ്യന് ബ്രഹ്മചാരിയായി അദ്വൈതം ‘കലക്കിക്കുടിച്ച്’ എല്ലാറ്റിനോടും പഞ്ചപുച്ഛമായി
കഴിഞ്ഞിരുന്ന കാലത്തെ കഥയാണ്. ആന്ധ്രയില്‍ ഒരിടത്ത് സ്വാമിജിയുടെ ഗീതായജ്ഞം
നടക്കുന്നു. രാത്രി രണ്ടുമണിക്ക് എല്ലാ ബ്രഹ്മചാരികളെയും വിളിച്ചുണര്‍ത്തി തയ്യാറായി
വരാന്‍ സ്വാമിജി ആവശ്യപ്പെട്ടു. നേരം വെളുക്കും മുന്‍പ് സ്വാമിജിയുടെ
നേതൃത്വത്തില്‍ നഗരകീര്‍ത്തനം ചൊല്ലി ഒരു മണിക്കൂര്‍ നടന്ന് അവര്‍ ചെന്നെത്തിയത്
ഒരു ചെറിയ കുടിലിന്റെ മുന്പില്. അവിടെയുണ്ടായിരുന്നത് രാമാനുജസമ്പ്രദായത്തിലുള്ള
തികഞ്ഞ ദ്വൈതിയായ ഒരു വൃദ്ധസന്യാസിയായിരുന്നു. സ്വാമിജി ആദ്യംതന്നെ അദ്ദേഹത്തിനു
മുന്പില് സാഷ്ടാംഗം നമസ്കരിച്ചു. സന്യാസി തിരിച്ചും. പിന്നീട് സ്വാമിജി തന്റെ കൂടെയുള്ള
ബ്രഹ്മചാരികളെക്കൊണ്ട് സന്യാസിയുടെ കാല്ക്കല് ദീര്‍ഘദണ്ഡനമസ്കാരംതന്നെ
ചെയ്യിപ്പിച്ചു. അദ്വൈതപ്രചാരകനായ സ്വാമിജി ദ്വൈതിയായ ആചാര്യന്റെ തേജസ്സിനു മുന്നില്‍
നമസ്കരിച്ചത് ശിഷ്യരുടെ അഹന്തയെ കുറയ്ക്കാന്‍ എത്ര സഹായിച്ചു എന്നദ്ദേഹം എന്നോടു
പറഞ്ഞത് ഏറെ വികാരാധീനനായിട്ടാണ്. വേദാന്തിക്ക് എല്ലാറ്റിന്റെയും പരംപൊരുളായ സത്യത്തെക്കുറിക്കുന്ന
അറിവാണുള്ളത്. വെറും വിശ്വാസമല്ല അയാള്‍ക്കുള്ളത്. കാരണം, വിശ്വാസത്തില്‍ എപ്പൊഴും
സംശയം കൂടപ്പിറപ്പായി ഉണ്ടാവുമല്ലോ.
ആശ്രമം ഒരു സമാന്തര സര്‍ക്കാരോ?
സേവനം ചെയ്യല്‍
ആത്മീയനേതാക്കളുടെ പരിധിയില്‍പ്പെട്ട കാര്യമല്ല എന്ന് പറയാന്‍ ആര്‍ക്കും
അധികാരമില്ല. രണ്ടായിരത്തിനാലിലെ സുനാമി ക്കാലത്ത്
അമ്മയുടെ നേതൃത്വത്തില്‍ സേവനം നേരിട്ട് നടത്തിയതിനു പകരം അതിനുള്ള തുക സര്‍ക്കാരില്‍
അടച്ചാല്‍ മതിയായിരുന്നല്ലോ എന്ന് ചിലര്‍ ചോദിക്കുകയുണ്ടായി. പണം അങ്ങിനെ എല്‍പ്പിച്ചിരുന്നുവെങ്കില്‍
ആ പണം പിന്നെ എവിടെപ്പോയി എന്നന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കാം എന്നേയുള്ളു.
സമയത്തിനു കാര്യങ്ങള്‍ നടക്കും എന്നതിന് യാതൊരുറപ്പും മുഖ്യമന്ത്രിക്കുപോലും നല്കാന്
പറ്റില്ല. എന്നാല്‍ 2005-ല്‍ അമേരിക്കയില്‍ കത്രീനാ കെടുതിയ്ക്ക് അമൃതാനന്ദമഠം ഒരു
മില്ല്യന്‍ ഡോളര്‍ നല്‍കിയത് ബുഷ്-ക്ലിന്റന് ഫണ്ടിനാണ്. (അമേരിക്കയില്‍ നിന്നും
സ്വരൂപിച്ച തുക അവിടെത്തന്നെ ചിലവഴിച്ചതും വലിയ തെറ്റാണോ ആവോ?) അവര്‍ സമയത്തിനു
തന്നെ ആ തുക ഉപയോഗിക്കുകയും ചെയ്തു. അത്തരം ഒരു സാമ്പത്തിക ‘ക്രെഡിബിലിറ്റി’
നമ്മുടെ രാഷ്ട്രീയക്കാരും ഗവര്‍മെന്റും കാണിക്കുമ്പോള്‍ എല്ലാ സേവനങ്ങളും ഒരു
കുടക്കീഴില് നടത്തുന്നതാണ് നല്ലത്. അതുവരെ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണു വീഴ്ത്തണോ?
വല്ലപ്പോഴും പത്തോ അഞ്ഞൂറോ രൂപ ആശ്രമത്തില്‍ നിന്നും പെന്ഷന് കിട്ടുന്നവര്‍
സന്തോഷമായി കഴിഞ്ഞുപോകട്ടെ. ആശുപത്രിയില്‍ വന്നു രോഗം സുഖമായി ജീവിച്ചു
പോയ്ക്കൊള്ളട്ടെ.
സംഭാവനകള്‍, സംരംഭങ്ങള്‍,
സേവനങ്ങള്‍
ഇനി അമ്മയ്ക്ക് കിട്ടുന്ന
സംഭാവനകളുടെ കാര്യം. 1991 മുതല്‍ അമ്മ നോര്‍ത്തമേരിക്കയില്‍ വരുമ്പോള്‍ ഞാന്‍ ദര്‍ശനത്തിനായി
പോകാറുണ്ട്. ആദ്യമൊക്കെ അമ്മയും കൂട്ടരും ഇവിടെ വരുമ്പോള്‍ സംഭാവനയുടെ കാര്യം ദര്‍ശനത്തിന്റെ
ഇടയ്ക്ക് ഉത്സാഹത്തോടെ ഓര്‍മ്മിപ്പിക്കാറുണ്ട്. പിന്നെപ്പിന്നെ നാട്ടില്‍ നിന്നും
കൊണ്ടുവരുന്ന കരകൌശലവസ്തുക്കള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലൂടെയായിരുന്നു
പണം സ്വരൂപിച്ചിരുന്നത്. പിന്നീട് സ്ഥാപനങ്ങള്‍ വളര്‍ന്നതോടെ ദര്‍ശനത്തിന്റെ സമയത്ത്
സംഭാവന കൊടുക്കണമെങ്കില്‍ നാം ആശ്രമത്തിലെ ഉത്തരവാദപ്പെട്ടവരെ അന്വേഷിച്ചുപോയി നല്‍കണം
എന്ന അവസ്ഥയാണ്. കഴിഞ്ഞകൊല്ലവും മേയ് മാസത്തില്‍ അമ്മയെ കാണാന്‍ ഞാന്‍ സിയാറ്റലില്‍
പോയിരുന്നു. കുറച്ചുനാള്‍ മുന്‍പ് അമൃതമഠത്തിലെ ഒരു സന്യാസി പറഞ്ഞു, ‘അമ്മയുടെ പദ്ധതികള്‍ പലപ്പോഴും വളരെ
വിപുലമാണ്. ജപ്പാനില്‍ 2011-ല്‍ സുനാമി കഴിഞ്ഞിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാലും
ഭൂമികുലുക്കം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായാണെങ്കിലും ‘നമുക്ക് ഇത്ര
ആയിരം ഡോളര്‍ കൊടുക്കണം’ എന്നൊരു ടാര്‍ഗറ്റ് തന്നിട്ട് അമ്മയങ്ങു പോവും. പിന്നീട്
നമ്മള് വേണം ഓടി നടന്ന് ആ തുക സംഘടിപ്പിക്കാന്‍.
എങ്കിലും ഒരിക്കല്‍പ്പോലും അമ്മയുടെ ടാര്‍ഗറ്റ് നടക്കാതെ പോയിട്ടില്ല.’
ആത്മീയതയുടെ സുവ്യക്തത.
അമ്മയുടെ ആത്മീയപാതയിലുള്ള
പ്രവര്‍ത്തനങ്ങളും അതിലെ വ്യക്തതയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 1990കളിലാണ്,
സിയാറ്റലിനടുത്ത് ഒരു മിലിട്ടറിബേസ് ആയ ക്യാമ്പ്ഫ്ലാഗര്‍ എന്നയിടത്ത് അമ്മയുടെ
സന്ദര്‍ശന സമയം. വിരലിലെണ്ണാവുന്ന മലയാളികളേയുള്ളു. മൂന്നു നാലായിരം വരുന്ന
സദസ്സില്‍ ബാക്കിയെല്ലാം വെള്ളക്കാര്‍. നല്ല പച്ചമലയാളത്തില്‍, പതിവുപോലെ അമ്മയുടെ പ്രഭാഷണം. ‘ഒരു മരക്കൊമ്പില്‍
ഇരിക്കുന്ന കാക്ക അവിടെയിരുന്ന് ഉറങ്ങുകയാണ്. ആ മരക്കൊമ്പൊടിഞ്ഞു താഴെ വീണാലും
അത് താഴെ വീഴില്ല. എപ്പോഴും പറന്നു പൊങ്ങാനുള്ള തയ്യാറിലാണ് അതിന്റെ ഇരുപ്പ്.
ഭൌതീകമായി നമുക്കുള്ള എല്ലാ താങ്ങും വെറും ക്ഷണികമാണ് മക്കളേ. ഏതു നിമിഷവും
പൊട്ടിത്തകരാവുന്ന ഈ താങ്ങ് നമ്മെ വിട്ടുപോയാലും നമുക്ക് തലയുയര്‍ത്തി നിലനില്‍ക്കാനാകുമോ
എന്നതാണ് ആത്മീയതയിലൂടെ നാം കണ്ടെത്തേണ്ടത്.’ ഏതാണ്ട് ഇതുപോലെ ലളിതമായി എന്നാല്‍
കാതലുള്ള കാര്യങ്ങളാണ് അമ്മ പറയുക. രണ്ടോ മൂന്നോ വാചകങ്ങള്‍ കഴിഞ്ഞ് കൂടെയുള്ള
സീനിയര്‍ സ്വാമി അത് പ്രൌഢഗംഭീരമായ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തുന്നു. പരിഭാഷയുടെ
ആവേശത്തില്‍ സ്വാമി അത്യാവശ്യം വേദാന്തവും ഫിലോസഫിയും ഒക്കെ ചേര്‍ത്ത് കാടുകയറുന്നത്
സദസ്സിലുള്ള മലയാളികള്‍ അറിയുന്നുണ്ട്. ഒരു മിനുറ്റ് കഴിഞ്ഞപ്പോഴേയ്ക്കും അമ്മ
സ്വാമിയോടു പറയുന്നത് കേട്ടു (മൈക്കില്‍ത്തന്നെ), ‘മോനെ, അമ്മ പറഞ്ഞത് മാത്രം
ഇംഗ്ലീഷിലാക്കി പറഞ്ഞാല്‍ മതി, ഒന്നും കൂട്ടിച്ചേര്ക്കണ്ട.’ അമ്മയുടെ കൂട്ടത്തില്‍ നിന്നും പിരിഞ്ഞുപോയ സ്വാമിനി
അമൃതപ്രാണയും അവിടെയുണ്ടായിരുന്നു എന്നാണെന്റെ ഓര്‍മ്മ.
ശാസനകള്‍, നിര്‍ദ്ദേശങ്ങള്‍,
നിയന്ത്രണങ്ങള്‍
സ്വാമി ചിന്മയാനന്ദ
പറയാറുണ്ട് ‘devotees and desciples are different creeds.’ ഭക്തര്‍, ഗുരുവിനെ
മൃഗശാലയിലെന്നപോലെ വന്നുകണ്ടു ഫോട്ടോയെടുത്ത് വികാരാധീനരായി തിരിച്ചുപോയി ‘ബലാദിവ
നിയോജിത:’ എന്ന മട്ടില്‍ കര്‍മ്മങ്ങള്‍ കൊണ്ട് വലഞ്ഞ് വീണ്ടും അടുത്ത സന്ദര്‍ശനത്തിനും
ദര്‍ശനത്തിനുമായി ആവര്‍ത്തിച്ചു കാത്തിരിക്കുന്നവരാണ്. എന്നാല്‍ ഡിസൈപ്പിള്‍ എന്ന്
പറയുമ്പോള്‍ത്തന്നെ ഡിസിപ്ലിനോട്കൂടി ഗുരുകുലത്തില്‍ വസിക്കുന്നവര്‍ എന്നാണര്‍ത്ഥം.
ശാസനകളും നിയന്ത്രണങ്ങളും ഉള്ളതുകൊണ്ടാണ് ഇത്രയധികം സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കാന് അമ്മയ്ക്ക് കഴിയുന്നത്.
ആദ്യമാദ്യം ചെറുചെടികളെ നാട്ടുനനച്ചു വേലികെട്ടി നിര്‍ത്തിയാലേ അത് വളര്‍ന്നു വന്‍വൃക്ഷമാകൂ
എന്നാണു അമ്മ പറയുന്നത്. ശിഷ്യര്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് എല്ലാവര്ക്കും
അറിയാവുന്നതാണ്. പലരും നിയന്ത്രണങ്ങള്‍ താങ്ങാനാവാതെ മടങ്ങിപ്പോകാറുമുണ്ട്. ആരുടെയും കീഴില്‍ വര്‍ത്തിക്കുക എന്നത്
സ്വതന്ത്രചിന്താഗതിക്കാര്‍ക്ക് ദഹിക്കുന്നതല്ലല്ലോ. അമ്മ, മഠം നടത്തുന്ന
സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
കൊടുക്കുന്നതിന്റെ ഒരുദാഹരണം എനിക്ക് നേരിട്ടറിയാം. എനിയ്ക്ക് വേണ്ടപ്പെട്ട ഒരാള്‍
(കാനഡയില്‍ നിന്നും മാസ്റ്റേര്‍സ് ഡിഗ്രിയെടുത്ത ആളാണ്) അമ്മയുടെ പ്രത്യേക അനുവാദത്തോടെ
അമൃത എന്‍ജിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കാന്‍ ചേര്‍ന്നു. അദ്ദേഹം
ജോലിതുടങ്ങി അധികം താമസിയാതെ ഗവേഷണപഠനത്തിനു (PhD) ചേരുകയും ചെയ്തു. ഗവേഷണം
തുടങ്ങുന്നതിനു മുന്‍പ് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ ചെന്നപ്പോള്‍ അമ്മ
അദ്ദേഹത്തോട് ചോദിച്ചു, ‘മോനെ, എന്താ നിന്റെ ഗവേഷണവിഷയം?’ കമ്പ്യൂട്ടര്‍സയന്‍സിലെ ആ
പ്രത്യേകവിഷയം പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു, ‘മോനേ, അതിനിപ്പോഴും നല്ല സാദ്ധ്യതകള്‍
ഉണ്ടോ? ഇല്ലെന്നാണല്ലോ കേട്ടത്. മോന് ഒരു കാര്യം ചെയ്യ്, അമേരിക്കയിലെ ... യൂണിവേര്സിറ്റിയിലെ
ഒരു പ്രഫസര്‍ മോനുണ്ട്. സായ്പ്പാണ്. ഞാന്‍ ഫോണ്‍നമ്പര്‍ മേടിച്ചു തരാം. അദ്ദേഹത്തെ
വിളിച്ചു സംസാരിച്ചിട്ട് വിഷയം തീരുമാനിച്ചാല്‍ മതി....’
സ്വകാര്യസ്ഥാപനം, ബിസിനസ്സ്
ഞാന്‍ പറഞ്ഞു വരുന്നത്,
കാര്യപ്രാപ്തി, ആത്മീയോന്നതി, എല്ലാം പ്രകടമാക്കി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വഴിയും
ആതുരാലയങ്ങള്‍ വഴിയും അനേകം പേര്‍ക്ക് തൊഴിലും ആശ്രയവും നല്കുന്ന ഒരു
സ്വകാര്യസ്ഥാപനം തന്നെയാണ് അമൃതമഠം എന്ന് കണക്കാക്കുക. ശരിയായ കണക്ക് അധികാരികളെ കാണിച്ചുകൊണ്ടാണെങ്കില്‍
സമൂഹത്തിന് ഈ ബിസിനസ്സുകള്‍ കൊണ്ട്
എന്താണ് പ്രശ്നം? അവര്‍ കണക്ക് കാണിക്കുന്നില്ലെങ്കില്‍ അതിനു നിയമനടപടികള്‍ ഉണ്ടാവണം.
അത്രതന്നെ. അപ്പോള്‍, സേവനവും ബിസിനസ്സും ഒന്നുമല്ല, ആരാണ് ഇത് ചെയ്യുന്നത്
എന്നതാണ് ചിലരെ അലട്ടുന്ന പ്രശ്നം എന്ന് നമുക്ക് സംശയം തോന്നും. ഈ ‘ബിസിനസ്സിന്’ വേണ്ടി
അമ്മ പൈസ ഉണ്ടാക്കിയത് ഓഹരിതട്ടിപ്പ് നടത്തിയോ, ലാഭവിഹിതം ഓഫര്‍ ചെയ്തോ, നികുതിപണം
വെട്ടിച്ചോ അല്ലല്ലോ? വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അഡ്മിഷനു പണം വാങ്ങുന്നു
എന്നാണെങ്കില്‍, ഉന്നതമായ വിദ്യാഭാസവും അവ നല്‍കുന്നുണ്ട്. അതിന്റെ ശരി-തെറ്റുകള്‍
അമ്മയുടെ സ്ഥാപനങ്ങള്‍ക്ക് മാത്രം ബാധകവുമല്ല. നികുതിയിളവോടെ, ശരിയായ രേഖകളോടെ പണം
നല്‍കുന്നതിലും വാങ്ങുന്നതിലും യാതൊരു തെറ്റുമില്ല എന്നാണ് എന്റെ അഭിപ്രായം. പഠിച്ചിറങ്ങുന്ന
എല്ലാവരും തന്നെ പാസാകുന്നതും എല്ലാവര്ക്കും ജോലികിട്ടുന്നതുമായ എത്ര എന്‍ജിനിയറിംഗ്
കോളജുകള്‍ കേരളത്തിലുണ്ട്? അടുത്തയിടയ്ക്ക് കണ്ട ഒരു കണക്കനുസരിച്ച് മറ്റു സ്വകാര്യകോളേജുകളിലെ
മുപ്പതുശതമാനം കുട്ടികള്‍ പോലും പാസാകുന്നില്ലത്രെ.
ഭാരതത്തിലും വിദേശത്തുമുള്ള
അനേകം ആരാധകര്‍ നല്കുന്ന പണമാണ് ഈ സ്ഥാപനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ളത്. അതില്‍
നിന്നും നല്ലൊരു പങ്ക് സൌജന്യസേവനത്തിനായി ഉപയോഗിക്കുന്നുമുണ്ട്. ഉദാഹരണത്തിന്, അമൃത
സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ അനേകം പേര്‍ക്ക് സൌജന്യ ചികിത്സ നല്‍കുന്നുണ്ട്.
എന്നാല്‍ എല്ലാവര്ക്കും അത് ഫ്രീയല്ല എന്നതാണ് ഒരാരോപണം. കേരളത്തില്‍ ആശുപതി
അഡ്മിഷന് സമയത്ത് കൌണ്‍സിലിംഗിനുള്ള സൗകര്യം ആദ്യമായി ഞാന്‍ കണ്ടത് അവിടെയാണ്.
എന്റെ അച്ഛന് അഡ്മിറ്റായ സമയം; രണ്ടായിരത്തിരണ്ടിലാണെന്ന് തോന്നുന്നു. താനൊരു
പെന്ഷന് പറ്റിയ ആളാണ് എന്ന് അച്ഛന് കൌണ്‍സിലറോടു പറഞ്ഞു. അപ്പോളവര്‍ വീട്ടിലെ
ചുറ്റുപാടുകള്‍ ചോദിച്ചറിഞ്ഞു. എന്നിട്ട് പറഞ്ഞു, സാറിന്റെ മക്കളൊക്കെ നല്ല
നിലയിലാണല്ലോ. ഞങ്ങള്‍ സ്റ്റാന്‍ഡര്‍ഡ് റേറ്റ് ചാര്‍ജ്ജു ചെയ്തോട്ടെ, എന്ന്!
ഞങ്ങള്‍ സമ്മതിക്കുകയും ചെയ്തു. എന്നിട്ട്, ആശുപത്രിവിട്ടു വന്നപ്പോള്‍ ബാക്കിവന്ന
ഗുളികകളും സിറിഞ്ചും മറ്റും വാങ്ങിയ വിലയ്ക്ക് തന്നെ അവിടെ തിരിച്ചെടുത്തു, രസീതും
തന്നു. ഇത് നാട്ടിലെ നല്ലൊരു ആശുപത്രി അനുഭവമായി ഞാന്‍ കാണുന്നു. ആവശ്യമില്ലാത്തയിടത്ത്
എന്തിനു സൌജന്യം കാണിക്കണം? യാതൊരു ഫീസും വാങ്ങാതെ രോഗികളെ അവിടെ ചികിത്സിച്ച
കേസുകളും എനിക്കറിയാം. എനിക്കറിയാവുന്ന ചില ഡോക്ടര്‍മാര്‍ സൌജന്യമായി ഒന്നോരണ്ടോ
മാസം അവിടെച്ചെന്ന് വര്‍ഷാവര്‍ഷം സേവനം
നടത്തി തിരിച്ചു വരാറുമുണ്ട്.
ആത്മീയത ഒരു വിധത്തില്‍ സ്വാര്‍ത്ഥതയാണ്
ആത്മീയതയില്‍ താല്‍പ്പര്യമുണ്ടെകിലും
ഒരു ഗുരുവിനും മുന്നില്‍ സര്‍വ്വാത്മനാ സമര്‍പ്പിക്കാന്‍ എന്നിലെ അഹന്ത എന്നെ
അനുവദിക്കുന്നില്ല. എന്നാല്‍ എല്ലാ മഹാത്മാക്കളേയും ബഹുമാനിക്കാനും അവര്‍ക്ക്
മുന്നില്‍ നമസ്കരിക്കാനും എനിക്ക് സന്തോഷമാണ്. മള്ളിയൂര്‍ തിരുമേനിയും മാര്‍
ക്രിസ്റ്റോസം തിരുമേനിയും ഞാന്‍ ആരാധിക്കുന്ന ഗുരുക്കന്മാര് തന്നെയാണ്.
അമൃതാനന്ദമയി അമ്മയും അമ്മയ്ക്കെതിരായി മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്ന സ്വാമി സന്ദീപാനന്ദഗിരിയും
എനിക്ക് ആരാദ്ധ്യരാണ്. അമ്മയുടെ ആത്മീയതേജസ്സിനെപ്പറ്റി ഞാന്‍ എഴുതിയിട്ടുണ്ട്; സ്വാമി സന്ദീപാനന്ദഗിരിയുടെ പുസ്തകം മലയാളത്തില്‍
നിന്നും ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുമുണ്ട്.
‘ഉദ്ധരേത് ആത്മനാത്മാനം...’
എന്ന് തുടങ്ങുന്നതാണ് ഭഗവദ്ഗീതയില്‍ എനിക്ക് പ്രിയപ്പെട്ട ശ്ലോകം. അവനവന് സ്വയം
ഉയര്‍ത്തിക്കൊണ്ടു വരണം, ഒരിക്കലും തന്റെ അപചയത്തിന് സ്വയം വഴി തെളിക്കരുത്, കാരണം
ഉയര്‍ത്താനും ഇകഴത്താനുമുള്ള കഴിവും ഉത്തരവാദിത്വവും അവനവന്റേത് മാത്രമാണ്, എന്നാണതിന്റെ
സാരം. എല്ലാ മതങ്ങളിലെയും ഗുരുക്കന്മാരില് നിന്നും, അവരില്‍ നിന്നും കിട്ടാവുന്ന,
എനിക്കിഷ്ടപ്പെട്ട, എനിക്കുത്തമം എന്ന് തോന്നുന്ന പാഠങ്ങള്‍ മാത്രം എടുത്തിട്ട്
സ്വാര്‍ത്ഥതയോടെ ജീവിക്കുന്ന ഒരാളാണ് ഞാന്‍. പല പല പൂക്കളില്‍ നിന്നുള്ള
ആത്മീയാനുഭൂതിയുടെ തേനുണ്ണുന്നതാണ് എന്നിലെ തേനീച്ചയ്ക്ക് പ്രിയം. ഒരു പക്ഷെ ‘ഒരു
സദ്ഗുരുവിനെ’ കിട്ടാന്‍ എനിക്ക് യോഗ്യതയും ഇല്ലായിരിക്കാം. അങ്ങിനെ വരുമ്പോള്‍
ആത്മീയത സ്വാര്‍ത്ഥത തന്നെയാണ്. എകാത്മകതയിലെയ്ക്ക് ഒരുവന് നടത്തുന്ന എകാന്തയാത്രയാണത്.
പോള്‍വാള്‍ട്ടില്‍ നെറ്റിനപ്പുറത്തേയ്ക്ക് ചാട്ടം കഴിഞ്ഞാല്‍ ഉപേക്ഷിക്കുന്ന പോള്‍
(വടി) പോലെയാണ് ഗ്രന്ഥങ്ങളും ഗുരുക്കന്മാരുമെല്ലാം. മറ്റുള്ളവന്റെ
സ്വാതന്ത്ര്യത്തെയോ, ജീവിതത്തെ പൊതുവെയോ ചൂഷണം ചെയ്യാത്ത സത്വസ്വാര്ത്ഥതയാണ് എനിക്ക് പത്ഥ്യം.
എന്റെ
ഗുരുക്കന്മാര്ക്ക് എപ്പോഴെങ്കിലും തെറ്റുപറ്റിയാലും അവര്‍ പിന്നീട് അവരുടെ
സ്ഥാനത്ത്നിന്നും താഴേയ്ക്ക് നിപതിച്ചു പോയാലും എനിക്ക് അതൊരു പ്രശ്നമേയല്ല. അതില്‍
എനിക്ക് നിരാശയും ഉണ്ടാവുകയില്ല. കാരണം എനിയ്ക്ക് വേണ്ടത് ഞാന്‍ അവരില്‍ നിന്നും എടുത്തു
കഴിഞ്ഞിരുന്നുവല്ലോ. ഗുരുവിനേക്കാള്‍ ഗുരു പകര്‍ന്നുതരുന്ന തത്വത്തിലാണ് ഞാന്‍ ചെറുചിരാതുകളില്‍
സത്യത്തിന്റെ തിരി തെളിഞ്ഞു കാണുന്നത്.
മാര്‍ച്ച് 2014
Dr. Sukumar-ji, This articles qualifies you to become an emissary capable of bringing peace among the warring camps. My concern is about our descent into sectarian warfare. Just a few weeks ago, I saw the battling between two factions of the Syrian Catholic Church on the media at a Seminary in KEraLam. In 1972, I saw the battle at the Sri Aurobindo Ashram after the demise of the Mother.
ReplyDeleteHorrible, horrible -- the first in the name of the Prince of Peace and one of the greatest Yogi-s the world has ever seen.
And now this, developing conflict!!
Schisms are natural, but their degeneration into physical warfare needs to be eradicated. Adi Sankara used the power of persuasive argument to defeat the existing Buddhism of His age.
I am sure your article can do much in the effort to bring peace. DKM Kartha
Thanks Kartha ji for your thought provoking observation and of course, for your blessings.
DeleteBest regards,
Sukumar
വളരെ ഭംഗിയായി അമ്മ വിഷയം അവതരിപ്പിച്ച ഒരു ആര്‍ട്ടിക്കിള്‍. അല്ലെങ്കില്‍ വ്യൂ ഞാന്‍ ഇന്ന് വരെ വായിച്ചിട്ടില്ല. വിക്കാരതിലുപരി വിവേകത്തിനു പ്രാധാന്യം നല്കി അങ്ങ് എഴുതിയ ഈ ലേഖനം പ്രശംസനീയമാണ്. അതിലെ സ്ത്രീയായ അമ്മ ചെയ്ത പൌരോഹിത്യ വിപ്ലവകാര്യങ്ങളെ കുറിച്ച് പറഞ്ഞതൊക്കെ വളരെയധികം ഇഷ്ട്ടപ്പെട്ടു. താങ്കളുടെ തൂലികയില്‍ നിന്നും ഇനിയും നല്ല ചിന്തകള്‍ ഉണരട്ടെ എന്ന് പ്രത്യാശിക്കുന്നു..
ReplyDeleteവായിച്ചു ഒത്തിരി നന്ദി . നന്നായി എഴുതിയിരിക്കുന്നു . പലരും മനപ്പുര്‍വ്വം മറന്നു പോയ പല കാര്യങ്ങളും സര് ചൂണ്ടി കാണിചിരിക്കുന്നു .ഇനിയും ഒരുപാടു നല്ല ആര്‍ട്ടിക്കിള്‍ പ്രതീക്ഷിക്കുന്നു .
ReplyDeleteThank you for this great article. I came across it via a Facebook Share by one of my friends. I am not a devotee of Amma per se, but I have a cousin who was written off as a "good for nothing", but turned into a wonderful human being just by being admitted to one of her educational institutions. That one transformation is enough for me to acknowledge her power for good. All this hullaballoo only serves to bring her into the limelight as thousands of her supporters rise up in her defense.
ReplyDelete"ഗുരുവിനേക്കാള്‍ ഗുരു പകര്‍ന്നുതരുന്ന തത്വത്തിലാണ് ഞാന്‍ ചെറുചിരാതുകളില്‍ സത്യത്തിന്റെ തിരി തെളിഞ്ഞു കാണുന്ന"
ReplyDeleteSukumarji, it is very informative. After listening Britas interview of Gail on her Book, your logical explanation answered many questions. Thanks a lot.
Chandran
"ആത്മീയതയില്‍ താല്‍പ്പര്യമുണ്ടെകിലും ഒരു ഗുരുവിനും മുന്നില്‍ സര്‍വ്വാത്മനാ സമര്‍പ്പിക്കാന്‍ എന്നിലെ അഹന്ത എന്നെ അനുവദിക്കുന്നില്ല. എന്നാല്‍ എല്ലാ മഹാത്മാക്കളേയും ബഹുമാനിക്കാനും അവര്‍ക്ക് മുന്നില്‍ നമസ്കരിക്കാനും എനിക്ക് സന്തോഷമാണ്." മേലെ ഉദ്ധരിച്ച തങ്കളുടെ വാക്കുകള്‍ എത്ര ശരിയാണ്? എന്റെ എളിയ അഭിപ്രായത്തില്‍ ഇതു തന്നെയല്ലേ "അഹം ബ്രസ്മാമി" "തത്ത്വമസി" എന്ന വാക്കുകളും ? എല്ലാവരിലും നന്മ കാണ്മാനുള്ള ആഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteപ്രീയപ്പെട്ട സുകുമര്ജി,
ReplyDeleteവളരെ നന്നായിരിക്കുന്നു. ഞാനും ഒരു അമൃതാനന്ദമയീ ഭക്തനല്ല. (അമൃതാനന്ദമയിയുടെ ഒരു ആദ്യകാല ശിഷ്യനുമായി വളരെ അടുത്തിടപഴകുകയും അതുവഴി ആ മഹതിയെക്കുറിച്ചു വളരെ അറിയാനും ഇടയായി.) വളരെ ബഹുമാനം ഉണ്ട്. എന്റെ ശ്രീമതി പലപ്പോഴും പോകാറുണ്ട്. പലരും (ഭാര്യസഹിതം പലരും) ചോദിച്ചിട്ടും ഉണ്ട് എന്താണു അമൃതാനന്ദമയിയുടെ അടുത്തു പോകാത്തതെന്നും. ഞാന്‍ പറയാറുള്ള മറുപടി "ഞാന്‍ ചെറുപ്രായത്തിലെ ഒരു ഗുരുവിനെ സ്വീകരിച്ചു. ആ മഹാത്മാവു ആ ചെറുപ്രായത്തില്‍ പറഞ്ഞുതന്ന കാര്യങ്ങള്‍, അന്നു ഒട്ടും മനസ്സിലാകാതെയിരുന്ന കാര്യങ്ങള്‍, കാലങ്ങള്‍ക്കു ശേഷം; ചിന്താമണ്ഡലത്തില്‍ ദിവസവും പൊന്തിവരുന്നു, മനസ്സിലാകുന്നു. അവസ്വയം വളിച്ചപ്പെട്ടു തരുന്നു, ഇന്നും. ശ്രീ നാരായണ ഗുരുദേവനെയും ചട്ടമ്പിസ്വാമികളെയും (ഞാന്‍ പിന്തുടരുകയും ബഹുമാനിക്കയും ചെയ്യുന്ന രണ്ടു ആത്മീയചാര്യന്മാരാണിവര്.) ഇനിക്കു പരിചയപ്പെടുത്തിതന്നതും ആ ഗുരുവായിരിന്നു. (ചിന്മയാനന്ദസ്വാമിയേയും, നടരാജഗുരുവിനേയും, ഗുരുനിത്യ ചൈതന്യയതിയേയും സ്വയം പരിചയപ്പെട്ടു. യതി ബന്ധുവായതിനാൽ പരിചയപ്പെടാതെ പറ്റില്ലല്ലോ?) ആ ഗുരുവിനെ ഇനി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലാ" എന്നു. അദ്ദേഹം ആരെന്നു ചോദിച്ചാല്‍; "എന്റെ ഗ്രാമത്തിലുണ്ടായിരുന്ന, പാഠശാലവിദ്യാഭ്യാസം അല്പം പോലും, ഇല്ലാത്ത, എഴുതാനും വായിക്കാനും അറിവില്ലാത്ത; ജീവിതത്തില്‍ (ബാല്ല്യത്തിൽ മാതാപിതാക്കൾ ബലമായിചെയ്തിട്ടുള്ളതൊഴിച്ച്) കുളിച്ചിട്ടില്ലാത്ത, അടുത്തുവന്നാല്‍ നാറും എന്നു പറഞ്ഞു ജനങ്ങളെല്ലാം അകന്നു നില്ക്കുന്ന, എന്നാല്‍ ഞാന്‍ വളരെ അടുത്തു നിന്നു സംസാരിച്ചിട്ടും ഇടപഴകിയിട്ടും ഒരു നാറ്റവും തോന്നാത്ത, മറിച്ചു കോമളമായ നറുമണം അനുഭവപ്പെടുന്ന, അത്മീയനിർവൃതി അനുഭവപ്പേടുന്ന; അരിയാഹാരം കഴിക്കാത്ത, കായ്കനികളും ഇലവര്‍ഗ്ഗങ്ങളും പച്ചയ്ക്ക് ഭക്ഷിച്ചിരുന്ന; നാട്ടുകാരെല്ലാം 'നാറാണന്‍ കുറവന്‍' എന്നു വിളിച്ചിരുന്ന; നൂറില്‍പ്പരം വര്‍ഷങ്ങള്‍ ജീവിച്ചിരുന്ന, ഒരു സുപ്രഭാതത്തില്‍ സമാധിയായി പരബ്രഹ്മത്തില്‍ ലയിച്ച; (രാവിലെ കൂടെ താസിച്ചിരുന്ന ചെറുമകന്റെ മകള്‍ നോക്കുമ്പോള്‍ സുസ്മേരവദനനായി നിശ്ഛലനായി മലര്‍ന്നു കിടക്കുന്നതു സമാധിയല്ലെങ്കില്‍ പിന്നെ എന്ത്?) നാരായണന് ആയിരിന്നു" അതെന്നു പറയുകയാണു ചെയ്യുക. അദ്ദേഹമായിരിന്നു എന്റെ ഗുരു, അദ്ദേഹമാണെന്റെ ഗുരു, എന്നെന്നും.
സുകുമാര്‍ജി എഴുതിയ (പുസ്തകത്തെക്കുറിച്ച്) കാര്യങ്ങള്‍ മിക്കതും ആയിരിന്നു പുസ്തകം ചര്‍ച്ചാ വിഷയം ആയപ്പോഴും പുസ്തകം വായിച്ചപ്പോഴും എന്റെ മനസ്സില്‍ തോന്നിയതും. "റ്റൂ ഗുഡ് റ്റു ബി ട്രൂ" ആയ ഭാഗങ്ങള്‍ ചേര്‍ക്കപ്പെട്ടവയും ആണെന്നതിനുള്ള തെളിവുകള്‍ ഇപ്പോള്‍ വെളിയിൽ വരുന്നുണ്ടല്ലോ? പുസ്തകത്തിനു പിന്നില്‍ ഒരു എഡിറ്റര്‍ അല്ല കൂലിയെഴുത്താളുതന്നെ ഉണ്ടായിരിന്നു എന്നും വാര്‍ത്ത വെളിയില്‍ വന്നിരിക്കുന്നു.
പിന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ; ശ്രീനാരായണ ഗുരുദേവന് "ഈഴവശ്ശിവനെ" പ്രതിഷ്ടിച്ചിട്ടില്ല. ഗുരുദേവന് പ്രതിഷ്ടിച്ചതു് (അതെപ്പറ്റി ചോദിച്ച്പ്പോള്‍ പറഞ്ഞ മറുപടീ) "നാം നമ്മുടെ ശിവനെയാണു പ്രതിഷ്ടിച്ചത്" എന്നാണു. “നമ്മുടെ ശിവനും” “ഈഴവശ്ശിവനും” തമ്മിൽ വളരെ വ്യത്യാസം ഉണ്ടല്ലോ. ഗുരുദേവന് ജനിക്കുന്നതിനും മുമ്പു തന്നെ "ഈഴവശ്ശിവനെ" പ്രതിഷ്ടിച്ചു കഴിഞ്ഞിരിന്നു, മറ്റൊരാൾ. ആ "ഈഴവശ്ശിവനെ" ചിലര്‍ ഗുരുദേവന്റെ തലയില്‍ പ്രതിഷ്ടിക്കുകയാണുണ്ടായതു്, ചിലരുടെ കാര്യസാദ്ധ്യത്തിനു വേണ്ടി.
ഹരി ഓം, പണിക്കര്‍ ചേട്ടന്,
ReplyDeleteഅഭിപ്രായങ്ങള്‍, പതിവുപോലെ നമസ്കാരത്തോടെ ഞാന്‍ സ്വീകരിക്കുന്നു. നാറാണന്‍ കുറവനെ പ്പറ്റി എന്റെയടുക്കല്‍ നേരിട്ട് പറഞ്ഞിട്ടുമുണ്ടല്ലോ.
ഞാന്‍ 'ഈഴവശ്ശിവന്റെ' പരാമര്‍ശം നടത്തിയത് പൊതുവായുള്ള കേട്ടുകേള്‍വി അനുസരിച്ചാണ്. അതുകൊണ്ടാണ് ഞാന്‍ അത് കൊട്ടേഷനില്‍ കൊടുത്തത്. ആദിശങ്കരനു ശേഷം ഭാരതം കണ്ട ഏറ്റവും വലിയ ജ്ഞാനിയാണ് ഗുരുദേവന്. എന്നാല്‍ അദ്ദേഹത്തിന്റെ കാലത്ത് നടക്കാത്ത ചില കാര്യങ്ങള്‍ പ്രായോഗികമായി അമ്മ നടത്തുന്നുണ്ട്. അതാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.
"വിശ്വസിക്കാനുള്ള കഴിവ്" വിശ്വസിക്കുന്ന ആളുടെ ഒരു കഴിവല്ലേ, സർ ?
ReplyDeleteജഡപദാർഥങ്ങൾക്കുള്ള പലതരം ശക്തികൾ പോലെ, shear strength ഒക്കെ പോലെ.
അദ്ഭുതത്തോടെ, അതിലേറെ സന്തോഷത്തോടെ വായിച്ചു സാറിന്റെ ഈ ലേഖനം.
ദീർഘദണ്ഡനമസ്കാരം .
86-90 ബാച്ച് ആർക്കിടെചരൽ എന്‍ജിനീയറിംഗ് - applied mechanics lab സാറിന്റെ student ഞാൻ. appointment എടുക്കാതെ റൂമിലേക്ക് സംശയവും കൊണ്ടു വരാനുണ്ടായിരുന്ന അന്നത്തെ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് , blOgil കയറി കമന്റ് എഴുതിയത്.
സന്തോഷം, മധുരാജ്.
Delete'വിശ്വാസം' എന്ന വാക്കില്‍ എനിക്കത്ര വിശ്വാസം പോര !
ഇപ്പോള്‍ എവിടെയാണ് ?..
പ്രീയപ്പെട്ട സുകുമര്ജി,
ReplyDeleteഗുരുദേവന്റെ കലത്തെ ആവശ്യം അതായിരിന്നു. ആവശ്യം അനുസരിച്ചാണല്ലോ മഹാത്മാക്കള്‍ കര്‍മ്മ നിരതരാകുക; അവര്‍ക്കു കര്‍മ്മം ചെയ്യേണ്ടതില്ലാ, ഒന്നും നേടേണ്ടതായും ഇല്ല; എങ്കിലും അവര്‍ കര്‍മ്മം ചെയ്യുന്നു. മറ്റുള്ള ചരാചരങ്ങള്‍ക്കായി. ഔം നമഃ ശിവായ.