Friday, January 19, 2024

ശ്രീരാമലല്ലയ്ക്കു മുന്നിൽ മുഖ്യജനസേവകന്റെ റിപ്പോർട്ട്

 ശ്രീരാമലല്ലയ്ക്കു മുന്നിൽ മുഖ്യജനസേവകന്റെ റിപ്പോർട്ട് 

ഡോ. സുകുമാർ കാനഡ 



“വന്നു മനോരഥമെല്ലാം സഫലമായ്

വന്നിതു മല്‍ക്കര്‍മ്മസാഫല്യവും പ്രഭോ!

പണ്ടേതിലിന്നു പതിന്മടങ്ങായുട-

നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ

ആനയും തേരും കുതിരയും പാര്‍ത്തുകാ-

ണൂനമില്ലതെ പതിന്മടങ്ങുണ്ടല്ലോ”  

(അദ്ധ്യാത്മരാമായണം യുദ്ധകാണ്ഡം)

സന്ദര്‍ഭം പതിന്നാലു വർഷത്തിനുശേഷം നാട്ടിൽ തിരിച്ചെത്തുന്ന ശ്രീരാമന് ഭരതന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതാണ്.  "എന്നെ പതിന്നാലുകൊല്ലം മുന്‍പ് ഏല്‍പ്പിച്ചു പോയ രാജ്യം ഞാന്‍ അങ്ങേയ്ക്കു വേണ്ടി ഭരിച്ചു സംരക്ഷിച്ചു. ഞാനിവിടെ നന്ദിഗ്രാമത്തില്‍ കുടിലില്‍ ബ്രഹ്മചാരിയായി കഴിയുന്നു എന്നു കരുതി രാജ്യഭരണത്തില്‍ ഒട്ടും വീഴ്ച വരുത്തിയിട്ടില്ല. നോക്കൂ സമ്പത്തെല്ലാം ഒരു പത്തിരട്ടിയെങ്കിലും ആയിട്ടുണ്ട്. നമ്മുടെ സേനാബലവും പതിന്മടങ്ങു വര്‍ദ്ധിച്ചിട്ടുണ്ട്" സാമ്പത്തീകവും സുരക്ഷാപരവുമായ എല്ലാ കാര്യങ്ങളും നന്നായി നടക്കുന്നു, അങ്ങു ധൈര്യമായി പട്ടാഭിഷേകത്തിന് തയ്യാറായിക്കൊള്‍ക എന്നര്‍ത്ഥം! ഭരതന്‍ ജീവിച്ചത് ഒരു താപസനേപ്പോലെയാണ് എന്നു കരുതി സദാ രാമനാമം ജപിച്ച് ഒരിടത്തി രിക്കുകയല്ല അദ്ദേഹം ചെയ്തത്. അതീവകര്‍മ്മകുശലത ആവശ്യപ്പെടുന്ന ഭരണം കയ്യാളി രാജ്യത്തെ പൂര്‍വ്വാധികം സുരക്ഷിതവും സമ്പല്‍സമൃദ്ധമാക്കി തീര്‍ത്തു ആ കര്‍മ്മയോഗി.

ഇപ്പോൾ രാമായണത്തിലെ ഈ സന്ദർഭം ഓർമ്മിക്കാൻ കാരണം ജനുവരി 22 നു നടക്കുന്ന ശ്രീരാമ ലല്ലയുടെ പ്രാണപ്രതിഷ്ഠയാണ്. എന്തായിരിക്കും രാജ്യത്തിന്റെ പ്രധാന സേവകന് രാമലല്ലയുടെ മുന്നിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട്? 

“സാമ്പത്തീകം, സുരക്ഷ എന്നുവേണ്ട എല്ലാക്കാര്യങ്ങളിലും പത്തുകൊല്ലം മുൻപ് ‘ജനതാ ജനാർദ്ദനൻമാർ’ ഒത്തുചേർന്ന് എന്നെയേൽപ്പിച്ച കാര്യങ്ങൾ ഞാൻ ആവുന്നത്ര ഭംഗിയായി ചെയ്തു” എന്ന് നെഞ്ചത്ത് കൈവച്ച് പറയാൻ സാധിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ ചിത്രം ഭരതന്റെ കഥയുമായി ചേർത്ത് വായിക്കുന്നത് രസകരമായിരിക്കും. 

“പ്രഭോ ശ്രീരാമചന്ദ്രാ, പണ്ട് ഭരതൻ അങ്ങേക്ക് രാജ്യം തിരികേ തന്ന് അങ്ങയുടെ പട്ടാഭിഷേകം നടക്കും മുൻപ് ഒരു റിപ്പോർട്ട് തന്നിരുന്നുവല്ലോ. അതുപോലെയൊന്നും ചെയ്യാൻ ഞങ്ങൾ മനുഷ്യർക്കാവില്ല. എങ്കിലും അവിടുന്ന് എന്റെയീ സമർപ്പണം കൈക്കൊള്ളേണമേ.  സുരക്ഷാകാര്യങ്ങളിലും വിദേശനയങ്ങളിലും വിട്ടുവീഴ്ച്ചയില്ലാത്ത കാഴ്ചപ്പാടും പ്രവർത്തനവും, സാമ്പത്തിക കാര്യങ്ങളിൽ പത്താം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്കുള്ള പടിപടിയായ കുതിപ്പും, ലോകത്തിന്റെ ഔഷധശാലയെന്ന സ്ഥാനത്ത് ഭാരതത്തെ നിലനിർത്തിയ ആധിപത്യവും, ലോകം മുഴുവനും ഒരു കിളിക്കൂട് എന്ന  ആർഷവാക്യം പ്രാവർത്തികമാക്കുംവിധം ലോകമെമ്പാടും വാക്സീൻ കൊടുത്തു കോവിഡ് വിഷൂചികയെ ഓടിക്കാൻ സാധിച്ചതും,  ഇക്കാര്യത്തിൽ വികസിതരാജ്യങ്ങളുടെ പൊള്ളയായ പോളിസിയുടെ പൂച്ചു പുറത്തു കാണിച്ചുകൊടുത്തതും, ഏതൊരു വലിയ അന്താരാഷ്ട്ര സമ്മേളനവും ഭംഗിയായി നടത്തിക്കാൻ കഴിയുമെന്ന് കാണിച്ചു കൊടുത്ത ജി 20 സമ്മേളനവും, ആയുധനിർമ്മാണവും വിൽപ്പനയും അടക്കം ലോകത്തിന്റെ പ്രത്യേക ശ്രദ്ധനേടിയ രാജ്യസുരക്ഷാ പോളിസിയും, എല്ലാം രാമലല്ലയ്ക്കു മുന്നിൽ സമർപ്പിക്കുന്നു. വിദ്യാഭ്യാസം, ഭവനനിർമ്മാണം, റോഡ് നിർമ്മാണം,  ശുദ്ധീകരണപരിപാടികൾ, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങി എല്ലാ തുറയിലും നല്ല രീതിയിൽ സേവനം തുടങ്ങി വയ്ക്കാൻ പത്തുവർഷം കൊണ്ട് കഴിഞ്ഞതും അവിടുത്തെ കൃപയാൽത്തന്നെ. എല്ലാ മാസവും പൃഥുമഹാരാജാവ് ചെയ്തിരുന്നതുപോലെ ജനത്തിനു നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും അങ്ങെനിക്ക് പ്രചോദനം തന്നു.  ഇനിയും ജനതയാവുന്ന ജനാർദ്ദനൻമാർ ആവശ്യപ്പെട്ടാൽ സേവനം ചെയ്യാൻ ഈ ശരീരവും മനസ്സും ഇതാ സമർപ്പിക്കുന്നു. തുടങ്ങിവച്ചകാര്യങ്ങൾ പൂർത്തിയാക്കാൻ ഞങ്ങളെ സഹായിക്കണേ! എല്ലാവരെയും ചേർത്ത് നിർത്തി, എല്ലാവരുമൊത്ത് കൂട്ടായ യജ്ഞത്തിലൂടെ മാത്രമേ ഉൽക്കർഷം ഉണ്ടാവൂ എന്ന് അവിടുന്നല്ലേ ഞങ്ങളെ പഠിപ്പിച്ചത്? ഭരതമഹാരാജാവ് പറഞ്ഞതുപോലെ മിതവും സാരവത്തുമായി നാലുവരികളിൽ ഈ റിപ്പോർട്ട് സമർപ്പിക്കാൻ  എനിക്കായില്ല ശ്രീരാമചന്ദ്രപ്രഭോ! ക്ഷമിച്ചാലും. എങ്കിലും ഞങ്ങൾ അങ്ങേക്ക് ഒരുറപ്പ് നൽകുന്നു. 

ജനത്തെ, അല്ലെങ്കിൽ ആ രൂപത്തിലുള്ള അവിടുത്തെ സേവിക്കാൻ കിട്ടുന്ന അവസരം തന്നെയാണ് പുണ്യം. ജനതയും ജനാർദ്ദനനും രണ്ടല്ല എന്നു ഞാനറിയുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.”

സംഗച്ഛത്വം സംവദദ്ധ്വം 

സംവോ മനാംസി ജാനതാം

ദേവാഭാഗം യഥാ പൂര്‍വ്വേ

സംജാനാനാ ഉപാസതേ

ഒന്നായ്‌ നടന്നിടാം, നമുക്ക് 

ഒന്നായ് നല്ലതു ചൊല്ലിടാം

ഒരേമനസ്സു, നാ,മൊന്നെ-

ന്നുള്ളില്‍ ചിന്തിച്ചുറച്ചിടാം

ദേവന്മാരര്‍ഹമാം ഭാഗം 

പങ്കിട്ടെടുക്കുന്ന പോലവേ  

നാമും യത്നഫലം തുല്യം 

തമ്മില്‍ വീതിച്ചെടുത്തിടാം.

സമാനോ മന്ത്ര: സമിതി: സമാനീ

സമാനം മന: സഹ ചിത്ത മേഷാം

സമാനം മന്ത്രമഭിമന്ത്രയേ വ:

സമാനേന ഹവിഷാ ജുഹോമി

നാം ചൊല്ലും മന്ത്രമെല്ലാമേ 

സമാനമാകട്ടെ നിത്യവും

ഒന്നിനൊന്നോണ,മഭിമന്ത്ര-

ഭരിതമെന്‍ ഹവിസ്സര്‍പ്പണം  

നമ്മിലെ പ്രാപ്തികള്‍ ഏവം 

സമ്യക്കായ് തീരട്ടെ സര്‍വദാ

ഒന്നായ് നീങ്ങട്ടെ മുന്നോട്ടെന്‍ 

ചിന്തയും മനസ്സും സദാ

സമാനീ വാ ആകൂതി:

സമാനാ ഹൃദയാനി വ:

സമാനമസ്തു  വോ മനോ

യഥാ വ: സുസഹാസതി

ഒന്നിച്ചുനില്‍ക്കാം നന്മയ്ക്കായ് 

പ്രത്യാശാപൂര്‍വ്വമെപ്പൊഴും

ഒന്നിനൊന്നായ,ഭിവൃദ്ധി 

നേര്‍ന്നും ചേര്‍ന്നും പരസ്പരം   

ഒന്നായ് തീരട്ടെ സങ്കല്‍പ്പം 

ഹൃദയങ്ങള്‍ മനസ്സും സദാ

ഒന്നായുണരട്ടെ,യുള്‍ക്കാമ്പും 

ഐക്യമത്യാഭിവാഞ്ഛയില്‍




No comments:

Post a Comment