Monday, August 1, 2011

വീണ്ടും ചില മഹാബലിച്ചിന്തകള്‍

വീണ്ടും ചില മഹാബലിച്ചിന്തകള്‍
ഡോ. എ. പി സുകുമാര്‍

തിരുവോണത്തെപ്പറ്റി നമ്മള്‍ ഏറെ കേട്ടിരിക്കുന്നു. പലരും എഴുതിയും പറഞ്ഞും മാധ്യമങ്ങള്‍  ചമല്‍ക്കാരത്തോടെ പൊയ്പ്പോയ നല്ല  കാലത്തെപ്പറ്റി ഓര്‍ത്തോര്‍ത്തും ഒരു വിധത്തില്‍ നാലു വരികള്‍ പാട്ടായി എഴുതാവുന്നവര്‍ പാട്ടുകളുണ്ടാക്കിയും നമുക്കെല്ലാം സുപരിചിതമാണ്‌ മഹാബലിയുടെ കഥ. എന്നാല്‍ നമുക്കത്‌ ശരിയായ രീതിയില്‍ മനസ്സിലായിട്ടുണ്ടോ എന്നനോഷിക്കാനാണ്‌ ഈ ചെറിയ ലേഖനം. പ്രജാക്ഷേമതല്‍പ്പരനായ ഒരു രാജാവിനെ, തന്റെ രാജത്തു പൊന്നുവിളയിച്ച, ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കിയ ഒരു മന്നനെ ദേവന്മാരുടെ ഏഷണി പ്രകാരം ഭഗവാന്‍ വിഷ്ണു പാതാളത്തിലേയ്ക്കു താഴ്ത്തിയത്രേ. ആ 'ചതി' യുടെ കഥ എല്ലാ വര്‍ഷവും നമ്മള്‍ ആഘോഷിക്കുകയാണ്‌, കാരണം മാവേലിമന്നന്‍ പ്രജകളെക്കാണാന്‍ വര്‍ഷാവര്‍ഷം വന്നുകൊണ്ടേയിരിക്കുന്നുവല്ലോ.


പുരാണകഥകള്‍ മനസ്സിലാക്കാന്‍, പ്രത്യേകിച്ച്‌ അതില്‍ അര്‍ത്ഥതലങ്ങള്‍ ഉണ്ടെന്നു കരുതിവരുമ്പോള്‍ ബുദ്ധിയുള്ളവര്‍ ആ കഥകളുടെ ഭൂമിക - കാല ദേശപരിസരങ്ങള്‍- മനസ്സിലാക്കാന്‍ ശ്രമിക്കും.എന്തെന്നാല്‍ ഇത്‌ ഒരു അടിപൊളിപ്പടത്തിലെ രാഷ്ര്ടീയക്കാരന്റെ വാചകകസര്‍ത്തോ വിവരമില്ലാത്ത സംവിധായകന്റെ വിളമ്പലോ അല്ല. മറിച്ച്‌ തികച്ചും തത്വചിന്തയില്‍ അധിഷ്ടിതമായ, ശില്‍പ്പഭദ്രമായ ഒരു ഗ്രന്ഥത്തിലാണ്‌ (ഭാഗവതം, എട്ടാം സ്കന്ഥം, അദ്ധായം 15) ഈ കഥ അവതരിപ്പിച്ചിട്ടുള്ളത്‌. കേരളവുമായി ഇതിന്‌ പ്രത്യേകിച്ച്‌ ബന്ധമൊന്നുമില്ല. മഹാബലിയുടെ 'കാലത്ത്‌' (കൃത യുഗം)  നിലവിലുണ്ടായിരുന്ന സാമൂഹസ്ഥിതി, മനുഷന്റെ ഉല്‍ക്ര്ഷ്ടതയിലേക്കുയര്‍ന്നുയര്‍ന്നു പോവാനുള്ള അഭിവാഞ്ഛ എല്ലാം കണക്കിലെടുക്കുമ്പോള്‍ വെറും ഭൌതീകമായ സുഖങ്ങളില്‍ അഭിരമിക്കുന്നവരെയും അതു നേടിക്കൊടുക്കുന്ന രാജാവിനേയും ഉയര്‍ന്ന തട്ടില്‍ പ്രതിഷ്ഠിക്കുക വയ്യ. മഹാബലി തന്റെ നാട്ടുകാര്‍ക്ക്‌ എല്ലാവിധ സൌകരങ്ങളും ചെയ്തു കൊടുത്തു. അത്‌ അങ്ങിനെയുള്ള ഒരു രാജാവില്‍ നിന്നു പ്രതീക്ഷിക്കുന്ന ഒന്നു തന്നെയായിരുന്നു താനും. എന്നാല്‍ രാജാവെന്ന നിലയില്‍, ഒരച്ഛന്‍ മക്കള്‍ക്കു നല്‍കേണ്ടുന്ന ശിക്ഷണം പോലെ ജീവിതത്തിന്റെ ഉന്നതമൂലങ്ങളെപ്പറ്റി തന്റെ പ്രജകള്‍ക്കു മനസ്സിലാക്കി കൊടുക്കേണ്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. ഉയര്‍ന്ന അറിവുണ്ടായിട്ടു കൂടി അതിനു കൂട്ടാക്കാതെ ജനങ്ങളെ ഭൌതീക സുഖത്തിന്റെ തലത്തില്‍ നിലനിര്‍ത്തിയെന്നതാണ്‌ മഹാബലിയുടെ പിഴ. നമ്മുടെ ഇന്നത്തെ മൂലവിചാ രത്തിനു നിരക്കുന്നതല്ല ഇത്‌. കാരണം, കൈക്കൂലി മേടിക്കുക, പിടിക്കപ്പെടാത്ത അഴിമതിയില്‍ പങ്കെടുക്കുക ഒക്കെ ജീവിതത്തിന്റെ ഭാഗമാക്കിയവര്‍ക്ക്‌ ഭൌതീകതയില്‍ കവിഞ്ഞൊരു ഉന്നതമൂല്യം ഉണ്ടാവുകയില്ല. പുരാണത്തില്‍ പറയുന്ന 'അസുരവര്‍ഗ്ഗം' ഇവരത്രെ. 'അസുരന്‍'എങ്കിലും മഹാബലി ദാനനിഷ്ടനായിരുന്നു. അതിനെപ്പറ്റി അദ്ദേഹം അഭിമാനിക്കുകയും ചെയ്തിരുന്നു. അങ്ങിനെയുള്ള ചിലരെയെങ്കിലും നമുക്കു പരിചയമുണ്ടാവും. 'താന്‍ അതീവ വിനയവാനാണ്‌' എന്ന്‌ അഭിമാനിക്കുന്നവര്‍. മഹാബലിയുടെ ഉന്നമനത്തിനു തടസ്സമായത്‌ ഈയൊരു ഗര്‍വ്വു മാത്രമാണെന്നറിഞ്ഞ്‌ ഭഗവാന്‍ വിഷ്ണു വാമനരൂപത്തില്‍ വന്ന്‌ അഹങ്കാരത്തിന്റെ അവസാന കണികകൂടിക്കളഞ്ഞ്‌ അദ്ദേഹത്തെ അനുഗ്രഹിക്കുകയാണ്‌ ചെയ്തത്‌. മൂന്നടി മണ്ണു ചോദിച്ച ബ്രാഹ്മണകുമാരനോട്‌ "അഹോ കുമാര, അങ്ങ്‌ വന്നിട്ടുള്ളത്‌ ദാനനിഷ്ടനും ലോകേശ്വരനുമായ മഹാബലിയുടെ മുന്നിലാണെന്നറിയില്ലേ? എന്റെ അടുത്തു കൈനീട്ടിയവര്‍ ഇനി മറ്റൊരിടത്തും കൈ നീട്ടാന്‍ ഇടയാവരുത്‌. ചോദിക്കൂ എന്തു വേണമെ ങ്കിലും, ഞാനതു നിവര്‍ത്തിച്ചു തരും". ഇത്തരത്തിലുള്ള ഗര്‍വ്വു മാത്രമേ ബലിയില്‍ ആസുരീകമായ ഒന്നായി അവശേഷിച്ചിരുന്നുള്ളു. തന്റേതെന്ന്‌ ഇതുവരെ കരുതിയതെല്ലാം ഭഗവാന്‌ ദാനം ചെയ്തപ്പോള്‍ (രണ്ടു ചുവടില്‍ ഭൂമിയടക്കം എല്ലാം സമര്‍പ്പിതമായപ്പോള്‍) ബലിയുടെ ഭക്തി ഭാവം പൂര്‍ണ്ണമായി. എന്നാല്‍ തന്നെത്തന്നെ സമര്‍പ്പിക്കുകവഴി (മൂന്നാമത്തെ ചുവട്‌) അദേഹം ജ്ഞാനിയുമായിത്തീര്‍ന്നു. തലയില്‍ കാല്‍വയ്ക്കുക എന്നുപറഞ്ഞാല്‍ അഹങ്കാരത്തെ പരിപൂര്‍ണ്ണമായി ഭഗവാന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുക എന്നര്‍ത്ഥം.


സുതലം എന്ന ഉചിതമായൊരു ലോകത്താണ്‌ പുരാണപ്രകാരം മഹാബലിയുടെ വാസം. സാവര്‍ണ്ണി മന്വന്തരത്തില്‍ അദ്ദേഹത്തിന്‌ ഇന്ദ്രന്റെ പദവി (ദേവന്മാരുടെ രാജാവ്‌ - ഇന്ദ്രപദവി കേവലം താല്‍ക്കാലികമായ ഒന്നത്രേ. നമ്മുടെ പ്രസിഡന്റ്‌, പ്രധാനമന്ത്രി എന്നിവരേപ്പോലെ) ഭഗവാന്‍ വാഗ്ദാനം ചെയ്തു. അതായത്‌ ഏതൊരു അസുരനും ഉത്തമമായ മാര്‍ഗ്ഗത്തിലൂടെ ദേവന്മാരുടെ രാജാവാകാന്‍ പോലും കഴിയും എന്ന്‌ ഭഗവാന്‍ കാണിച്ചുകോടുത്തു. ഭഗവാന്റെ 'സാമീപ്യം' എപ്പോഴും ഉണ്ടാവാനും വര്‍ഷാവര്‍ഷം കൂടെ യാത്ര പോവാനും മഹാബലിയ്ക്ക്‌ അനുഗ്രഹം കിട്ടി. സുതലത്തിന്റെ കാവല്‍ സാക്ഷാല്‍ വാമനമൂര്‍ത്തിയത്രേ. എപ്പോള്‍ വേണമെങ്കിലും ഭഗവാനെ കാണാനും അദ്ദേഹത്തിന്‌ അനുഗ്രഹം നല്‍കി. വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം വരുന്നത്‌ തനിക്കു മുക്തിതന്ന ഭഗവാനെ പൂജിക്കാനും തന്റെ പ്രജകള്‍ തന്റെ അനുഭവത്തില്‍ നിന്ന്‌ എന്തെങ്കിലും മനസ്സിലാക്കി "യഥാരജാ തഥാപ്രജാ" എന്ന മട്ടില്‍ അഹങ്കാരവിമുക്തരാവുന്നുണ്ടോ എന്നു നോക്കാനുമാണ്‌. മഹാബലി നല്ലൊരു ഭക്തനായിരുന്നു. ഭക്തനിലെ ഭാവം 'തന്റേതെല്ലാം' ഭഗവാന്റേതാണ്‌ എന്നതാണ്‌. താനെന്ന ഭാവം തന്നെ ഇല്ലാതാവുന്നതത്രെ വിജ്ഞാനം. മഹാബലിക്കുണ്ടായ ഈ വിജ്ഞാനവിശേഷത്തിന്റെ പിറന്നാളാണ്‌ തിരുവോണം. തൃക്കാക്കരയപ്പന്റെ (മഹാവിഷ്ണുവിന്റെ) പൂജയ്ക്കുള്ള അവസരം.

ഏതായാലും കേരളവുമായി മഹാബലിക്കെങ്ങിനെ ബന്ധമുണ്ടായി എന്നത്‌ വലിയൊരു ചോദ്യച്ഛിന്നമാണ്‌. മറ്റൊരു കഥയും പുരാണങ്ങളില്‍ നിന്നെടുക്കാതെ ഭാഗവതത്തിലെ ഒരു പ്രത്യേക കഥാഭാഗം മാത്രം വികലമായി ജനകീയവല്‍ക്കരിക്കുകവഴി മലയാളിക്ക്‌ വലിയൊരറിവിന്റെ ഖനിയാണ്‌ നഷ്ടപ്പെത്‌. ഭാരതത്തിന്റെ മറ്റൊരു ഭാഗത്തും മഹബലി നായകനായുള്ള കഥ പറയപ്പെടുന്നില്ല. അവിടെയെല്ലാം നായകന്‍ ഭഗവാന്‍ വിഷ്ണുതന്നെയാണ്‌. എന്നാല്‍ സിനിമയായാലും നാടകമായാലും വിജയിക്കണമെങ്കില്‍ കുറച്ച്‌ വില്ലത്തരം കാണിക്കണം എന്ന ഒരു നിര്‍ബ്ബന്ധ ബുദ്ധി മലയാളികള്‍ക്കുണ്ടല്ലോ. അങ്ങിനെ നോക്കുമ്പോള്‍ ഓണത്തിനെപ്പറ്റിയുള്ള ജനകീയസാഹിത്യം വികലമല്ലെങ്കിലേ അത്ഭുതത്തിന്‌ അവകാശമുള്ളു.

1 comment:

  1. ഇതിന്നു മുമ്പും ഈ ലേഖനം വായിച്ചിരുന്നു എന്ന് ഓര്മ്മിക്കുന്നു. നന്നായിരിക്കുന്നു എന്ന എന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നു.
    ചന്ദ്രശേഖരന്‍ 

    ReplyDelete