Wednesday, June 26, 2019

ആളൊരുക്കം – വൈകിപ്പോയ ഒരാസ്വാദനം.







































ഇത്തരം നല്ല സിനിമകൾക്കായി സിനിമാ കുത്തക മുതലാളിയായ നെറ്റ് ഫ്ലിക്സിനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. ജനകീയ തിയ്യേറ്ററുകൾക്ക് ഇവയൊന്നും വേണ്ടല്ലോ!

അടിയിടി വീരൻമാർക്കും "ഇല്യൂമിനാറ്റി" മിത്തുകളെ എണ്ണം പറഞ്ഞ് കാശാക്കുന്ന വമ്പൻ മെഗാഹിറ്റ് സിനിമകൾക്കും ഇടയിൽ ഇതാ മനസ്സുണർത്തുന്ന മനോഹരമായ ഒരു സിനിമ. ആളൊരുക്കം.

നമ്മുടെ ആളുകൾ ഒരുങ്ങാൻ തയ്യാറാവാൻ സാദ്ധ്യതയില്ലാത്ത അല്ലെങ്കിൽ അതിനിനിയും പാകം വരാത്ത സമൂഹത്തിനെ നമുക്ക് കാണിച്ചുതരുന്നത് ഇന്ദ്രൻസ് എന്ന അതുല്യ നടന്റെ സൂക്ഷ്മ ചലനങ്ങളിലൂടെയും അഭിനയത്തികവിലൂടെയുമാണ്. ഇതുവരെ കേട്ടും കണ്ടും പരിചയമില്ലാത്ത സംവിധായകനും നടീനടന്മാരും സമൂഹത്തിലെ നന്മ മരങ്ങളെ അതിഭാവുകത്വമില്ലാതെ ഇതിൽ വരച്ചുകാട്ടുന്നു. പ്രത്യേകിച്ചു പറയേണ്ട കാര്യം ഈ സിനിമയിലെ ചെറുവേഷക്കാരടക്കം എല്ലാവരും (പുതുമുഖങ്ങളാണ് പലരും) ഏറെ ശ്രദ്ധിക്കപ്പെടാൻ യോഗ്യരാണെന്നതാണ്. കാസ്റ്റിംഗ് ഇത്രയേറെ ഉചിതമായി ചെയ്ത മറ്റേറെ സിനിമകൾ ഓർമ്മയിൽ ഇല്ല. നല്ല ചൈതന്യമുള്ള സുന്ദരൻമാരും സുന്ദരികളും നിറഞ്ഞ സിനിമ. അവരുടെ ദേഹസൗന്ദര്യത്തേക്കാൾ ഭാവസൗന്ദര്യം മുന്തി  നിന്നു. ശ്രീകാന്ത് മേനോന്‍റെ  (പുതുമുഖം?) വേഷപ്പകര്‍ച്ച ശ്രദ്ധേയമാണ്. അതേപ്പറ്റി കൂടുതല്‍ പറഞ്ഞ് സിനിമ കാണാന്‍ പോകുന്നവരുടെ ആകാംഷ നശിപ്പിക്കുന്നില്ല.

പ്രഫ. അലിയാർ സാറിനെ ( സിനിമയിൽ പോലീസ് ഉദ്യോഗസ്ഥൻ) മലയാള സിനിമയും ടീവിയും ശബ്ദത്തിനു മാത്രമായി ഉപയോഗിക്കുന്നത് മര്യാദകേടാണ്. നരേന്ദ്രപ്രസാദ് സാറിനൊപ്പം നാടകങ്ങളിൽ നിറഞ്ഞാടിയ 'അലിയാർ' ശബ്ദത്തിന്റെ ഗാംഭീര്യത്തിന്‍റെ പോലെ തന്നെ അഭിനയത്തികവിന്റെയും ഉദാഹരണമാണ്. പണ്ടൊരിക്കൽ 80 ലോ മറ്റോ സാറിന്റെ ഒരു ക്ലാസ്സ് നെയ്യാർ ഡാമിലെ കേരളാ യൂണിവേർസിറ്റി സാഹിത്യക്കളരിയിൽ പങ്കെടുക്കാൻ യോഗമുണ്ടായ കാര്യം സിനിമ കാണുമ്പോൾ ഞാൻ ഒർമ്മിച്ചു.

പോയ കാലത്തെ പ്രതാപിയായ തുള്ളൽ കലാകാരൻ പപ്പു പിഷാരടി പതിനാറ് കൊല്ലം മുൻപ്  ഇരുപതു വയസ്സിൽ പിണങ്ങിപ്പോയ മകനെത്തേടി നടക്കുമ്പോൾ ഒരു വീഴ്ച പറ്റി. ഓർമ്മ വരുമ്പോൾ അദ്ദേഹം ഒരാശുപത്രിയിലാണ്. മനുഷ്യപ്പറ്റുള്ള ഡോക്ടറും നേഴ്സ്മാരും സഹരോഗികളും കൂട്ടുകാരും ചേർന്ന് തുള്ളൽക്കാരൻ പിഷാരടിയെ ഒരുവിധം സുഖമാക്കി പറഞ്ഞയക്കുന്നത് ആളിന്റെ ഒരുക്കത്തിന്റെ പകുതിയേ ആകുന്നുള്ളു. ഇനിയുള്ള പകുതിയിലാണ് ആളിനെ ഏത് അപ്രതീക്ഷിത അനുഭവങ്ങള്‍ക്കും പാകത്തിന്  ഒരുക്കിയെടുക്കാൻ, അങ്ങിനെ ആളിന്റെ മനസ്സൊരുക്കാൻ സംവിധായകൻ  വി.സി, അഭിലാഷ്  പാടുപെട്ടു സാധിച്ചെടുക്കുന്നത്. ആശുപത്രിയിലെ നേഴ്സ്മാർ ഡോക്ടറെ "ഡോക്ടർ സീതേച്ചി " എന്നു വിളിക്കുന്നുവെങ്കിൽ അവർ തമ്മിലുള്ള പാരസ്പര്യം എത്ര മനോഹരം!

ഇന്ദ്രൻസ് പണ്ടുമുതലേ എനിക്ക് പ്രിയപ്പെട്ട നടനാണ്. ശരിക്കും ഉപയോഗിക്കാൻ സംവിധായകർക്ക് കഴിയാത്തതുകൊണ്ടു മാത്രം ഇതുവരെ തിളങ്ങാൻ ആവാതിരുന്ന, a star among actors തന്നെയാണ് ഇന്ദ്രൻസ്. ഈ സിനിമയിൽ അദ്ദേഹത്തിന് നാഷണൽ അവാർഡാണ് ലഭിക്കേണ്ടിയിരുന്നത്!  ഈയിടയ്ക്കും വലിയൊരു ഫെസ്റ്റിവലിൽ (ഷാങ്ഹായ് ആണെന്നു തോന്നുന്നു.) അവാർഡും റെഡ് കാർപ്പറ്റ് സ്വീകരണവും അദേഹം നേടിയത് മലയാളത്തിന് തന്നെ അഭിമാനമാനകരമാണ്.

വിദ്യാധരൻ മാഷ് പാടിയ 'അകലത്തൊരു പുഴയുണ്ടേ... ' എന്ന  "പുഴപ്പാട്ട് " ഒരു haunting meloncholic melody ആയി നിറഞ്ഞുനിന്നു. റോണി രാഫേലിന്റെ സംഗീതം. കവിത: അജേഷ് ചന്ദ്രന്‍.   സിത്താരയും അവസാനക്രെഡിറ്റിൽ നമ്മെയത് ഓർമപ്പെടുത്തുന്നുണ്ട്.

ആളൊരുക്കം കാണാത്തവർ നെറ്റ് ഫ്ലിക്സിൽ കയറി അതൊന്നു കണ്ടുനോക്കൂ. വലിയ മാലപ്പടക്കവും ആലക്തികദീപപ്രഭയും ഗുണ്ടും പുകയുമില്ല. പക്ഷെ മുനിഞ്ഞു കത്തുന്ന ഒരു നിലവിളക്കിന്റെ ഇത്തിരിവെട്ടം നിങ്ങളിലെ 'ആളെയും'  ചെറുതായെങ്കിലും ഒന്നൊരുക്കിയെടുക്കും.

അവാർഡുപടം എന്ന പേരിൽ തട്ടിക്കൂട്ടുന്ന കപട "ബുജി" സിനിമകൾ കാണുമ്പോൾ ബോറടിക്കുന്ന എന്റെ മനസ്സിനെയും  ഈ സിനിമ ഒന്നൊരുക്കുക തന്നെ ചെയ്തു.

Wednesday, June 12, 2019

പാലം പണി അത്ര വലിയ ബ്രഹ്മവിദ്യയൊന്നുമല്ല!

പാലം പണി അത്ര വലിയ ബ്രഹ്മവിദ്യയൊന്നുമല്ല! 
എന്‍ജിനീയര്‍മാരുടെ ധാര്‍മ്മിക ചുമതലയും നൈതികതയും
(engineering ethics)

ഡോ സുകുമാര്‍ കാനഡ




ഇവിടെ കാനഡയില്‍ ഞാനറിയുന്ന ഒരു സീനിയര്‍ സിവില്‍ എന്‍ജിനീയര്‍ അടുത്തകാലത്ത് അന്തരിച്ചു. എന്‍റെയൊരു മെന്റര്‍ ആയിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭക്ഷണത്തോടു വലിയ പ്രിയമുണ്ടായിരുന്ന ബ്രിട്ടീഷ് കാരന്‍.  ടോം എന്നദ്ദേഹത്തെ വിളിക്കാം (ശരിയായ പേരല്ല). ബ്രിട്ടനിലെ പ്രശസ്തമായ ഒരു യൂനിവേര്‍സിറ്റിയില്‍ നിന്നും ബിരുദം, കാനഡയില്‍ നിന്നും ബിരുദാനന്തര ബിരുദം, നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളം പല തരത്തിലും പെട്ട എന്ജിനീയറിംഗ് പ്രോജക്റ്റുകള്‍ ചെയ്ത പരിചയം. – ഇങ്ങിനെയുള്ള ആള്‍ മരിക്കുന്നതുവരെ തനിക്ക് കിട്ടുന്ന പെന്‍ഷന്‍ വരുമാനത്തില്‍ നിന്ന് മാസം തോറും ആയിരത്തിനടുത്ത്‌ വരുന്ന ഒരു തുക കോടതിയില്‍ അടയ്ക്കുന്നുണ്ടായിരുന്നു. അത്രയും ഡോളര്‍ എടുത്തിട്ടുള്ള ബാക്കി തുകയേ അദ്ദേഹത്തിന് ചിലവുകള്‍ക്കായി കിട്ടിയിരുന്നുള്ളു.

എന്തിനാണ് കോടതി ഇരുപത്തിയെട്ടുകൊല്ലക്കാലം മാസം തോറും അദ്ദേഹത്തിന്‍റെ പക്കല്‍ നിന്നും ഈ തുക പിഴയായി ചുമത്തിയത്? അദ്ദേഹം മുപ്പതുകൊല്ലം മുന്‍പ് ചെയ്ത ഒരു എന്ജിനീയറിംഗ് ഡിസൈന്‍ പണിയില്‍ അറിയാതെ പറ്റിയ ഒരബദ്ധത്തിന്‍റെ പേരില്‍ കിട്ടിയ ശിക്ഷയാണത്‌. ടോമിന്‍റെ ലൈസന്‍സ് നാലുകൊല്ലം റദ്ദാക്കപ്പെട്ടു. വീണ്ടും ചില പരീക്ഷകള്‍ എഴുതിവേണ്ടിവന്നു ലൈസന്‍സ് വീണ്ടും കിട്ടാന്‍. കേവലം അയ്യായിരം ഡോളറോളം മാത്രം കോണ്ട്രാക്റ്റ് തുകയുള്ള ഒരു ചെറിയ ഡിസൈന്‍ സബ്കണ്‍സല്‍ട്ടന്സി പണിയില്‍ അദ്ദേഹത്തിന്‍റെ കീഴില്‍ ജോലി ചെയ്ത ഒരാള്‍ വരുത്തിയ അബദ്ധം, സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ ടോമിന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു കുറ്റം.

സംഭവം ഇങ്ങിനെയാണ്‌: പെട്ടെന്നൊരു ദിവസം രാത്രിയില്‍ നല്ലൊരു മഞ്ഞുപെയ്ത് അദ്ദേഹം ഡിസൈന്‍ ചെയ്യാന്‍ സഹായിച്ച ആ കെട്ടിടത്തിന്‍റെ മേല്‍ക്കൂര പതിയെ നിലം പൊത്തി. ആളപായം ഒന്നും ഉണ്ടായില്ല. പക്ഷെ കെട്ടിടം പണിത കൊണ്ട്രാക്ടര്‍, അതിന്‍റെ പ്രധാന കണ്‍സല്‍ട്ടന്റ്, പിന്നെ ടോം എന്നിവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ട് വന്നു. കെട്ടിടത്തിനു പണിയാന്‍ പെര്‍മിറ്റു നല്‍കിയ സിറ്റി എന്ജിനീയറെയും വിചാരണ ചെയ്തു. ഇന്ഷുറന്സ് കമ്പനി പുതിയ കെട്ടിടം പണിതു കൊടുത്തു. പക്ഷെ എന്‍ജിനീയര്‍മാരുടെ ഉത്തരവാദിത്വം (insurance deductable) മരിക്കുന്നതുവരെ നീണ്ടു നിന്നു. പ്രധാന എന്ജിനീയര്‍ക്ക് ജോലിയും ലൈസന്‍സും നഷ്ടപ്പെട്ടു. അയാള്‍ കാര്‍ സെയില്‍സില്‍ മിടുക്കനായി, അതില്‍ നിന്നുമുള്ള വരുമാനത്തില്‍ ഒരു പങ്ക് തുക ഇപ്പോഴും അയാള്‍ അടച്ചുകൊണ്ടിരിക്കുന്നു.

അത്ര ശുഭോദര്‍ക്കമല്ലാത്ത ഈ കഥ എന്തിനിവിടെ പറയുന്നു?

എറണാകുളം പാലാരിവട്ടത്തെ മേല്‍പ്പാലം പൊളിഞ്ഞ വാര്‍ത്ത വന്നതില്‍പ്പിന്നെ അതിന്‍റെ ചുമതലയുണ്ടായിരുന്ന എന്ജിനീയര്‍മാരെല്ലാം മൌനവ്രതത്തിലാണെന്നു തോന്നുന്നു. പൊതുമരാമത്ത് വകുപ്പാണോ, മന്ത്രിമാര്‍ നേരിട്ടാണോ ഈ പണികള്‍ നടത്തിക്കുന്നതെന്ന് എനിക്കറിയില്ല. അതോ കണ്‍സല്‍ട്ടന്സികള്‍ ഏറ്റെടുത്ത് നടത്തുന്നതാണോ? പക്ഷെ, ഇതുപോലുള്ള പൊതുനിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട പ്രഫഷണല്‍ മര്യാദകള്‍ ലംഘിച്ചതിന്റെ ഫലം തന്നെയാണ് പാലം നിര്‍മ്മാണത്തിലെ അപാകത എന്നു തോന്നുന്നു. പലതരത്തിലുള്ള പൊതുനിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സ്വന്തം പേര് എഴുതി ഒപ്പിട്ട് സര്‍ട്ടിഫിക്കേഷന്‍ കൊടുക്കുന്ന ഒരെന്ജിനീയര്‍ എന്ന നിലയില്‍ ഞാന്‍ ചില അഭിപ്രായങ്ങള്‍ എഴുതുന്നതില്‍ അപാകതയില്ല എന്ന് തോന്നുന്നു. കാനഡയിലും അമേരിക്കയിലും രജിസ്ട്രേഷന്‍ ഉള്ള പ്രഫഷണല്‍ എന്ജിനീയറും പ്രോജക്റ്റ് മാനേജറുമാണ് ഞാന്‍.

പണ്ടൊക്കെ നാട്ടില്‍ ഒരു പാലം പണികഴിയുമ്പോള്‍ രാജാവ് പാലത്തിന്‍റെ പണി പരിശോധിക്കാന്‍ വരുമായിരുന്നു. ആനപ്പുറത്താണ് വരവ്. പാലത്തിനു താഴെയിട്ട കസേരകളില്‍ പാലം പണിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട എല്ലാവരെയും കെട്ടിയിട്ടിട്ടുണ്ടാവും. “സ്കെച്ചും പ്ലാനും” വരച്ചയാളും മേസ്തിരിയും എല്ലാം ഈ കൂട്ടത്തിലുണ്ട്. രാജാവും പരിവാരങ്ങളും ആനപ്പുറത്തു കയറി പാലത്തിന്‍റെ  ഒരറ്റം മുതല്‍ മറ്റേയറ്റംവരെ കടന്ന് പോയി ആ പരിശോധനയില്‍ വിജയിച്ചാല്‍ എല്ലാവര്‍ക്കും നല്ല സമ്മാനങ്ങളുണ്ട്. അഥവാ പാലം നിലനിന്നില്ലെങ്കില്‍ ഉള്ള കഥ പറയേണ്ടല്ലോ! ഇപ്പോള്‍ അത്തരം പരിശോധന നടത്താന്‍ യോഗ്യരായ രാജാവോ (ജനാധിപത്യമന്ത്രിയായാലും മതി) ഉത്തമ ബോദ്ധ്യത്തോടെ പാലത്തിനടിയില്‍ ഇരിക്കാന്‍ ധൈര്യമുള്ള എന്ജിനീയര്‍മാരോ നാട്ടില്‍ ഉണ്ടോ എന്നെനിക്ക് സംശയമുണ്ട്.  എന്നാല്‍ എന്ജിനീയറിംഗ് regulated profession”  ആക്കിയിട്ടുള്ള നാടുകളില്‍ ഇത് പോലുള്ള “accountability check” നടക്കുന്നുണ്ട്. എന്‍ജിനീയര്‍മാര്‍ അവരുടെ ധാര്‍മ്മികമായ ചുമതല വഹിക്കുന്നു. അത് സാധിച്ചില്ലെങ്കില്‍ അവര്‍ക്ക് കിട്ടുന്ന ശിക്ഷയും മാതൃകാപരമാണ്. എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ മനുഷ്യര്‍ക്ക് ജീവഹാനി സംഭവിക്കാന്‍ ഇടയുള്ള മരാമത്ത് പണികള്‍ നടത്തുമ്പോള്‍ വേണ്ടത്ര അവധാനതയോടെയല്ലാതെ ബന്ധപ്പെട്ട ആരും ഇടപെടാറില്ലതാനും. എന്നാല്‍ ബഡ്ജറ്റ് അനുവദിച്ച ശേഷം രാഷ്ട്രീയക്കാര്‍ പണിയുടെ പുരോഗതി അന്വേഷിക്കുകയും റിപ്പോര്‍ട്ടുകള്‍ പൊതുവേദിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാറുമുണ്ട്. പറഞ്ഞ സമയത്തിനു പണി ചെയ്തു തീര്‍ക്കാഞ്ഞാല്‍ അവര്‍ പ്രശ്നമുണ്ടാക്കും എങ്കിലും അനാവശ്യമായി അവര്‍ ഒന്നിലും ഇടപെടുകയില്ല. ഉത്ഘാടനം നടത്താനും ഫോട്ടോയെടുക്കാനും തിക്കിത്തിരക്കാറുമില്ല.

നാട്ടിലുള്ള എന്ജിനീയര്‍മാരുടെ കഴിവിനെപ്പറ്റി എനിക്ക് നല്ല അഭിപ്രായം തന്നെയാണ്. പക്ഷെ അവര്‍ക്ക് സ്വന്തം കഴിവുകള്‍ സധൈര്യം പ്രകടിപ്പിക്കാന്‍ സാധിക്കുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ട്. സാങ്കേതികജ്ഞാനം ഉള്ള ആളുകളെ കിട്ടാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ അവര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടോ എന്നാണു സംശയം. കുറച്ചുനാള്‍ മുന്‍പ് കേരളത്തിലെ ഒരു എന്ജിനീയറിംഗ് സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചു. നല്ല വിവരവും സേവനമനസ്ഥിതിയുമുള്ള കുറച്ചു ചെറുപ്പക്കാരാണ് എന്നെ ക്ഷണിച്ചത്. ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ അക്കൂട്ടത്തിലെ സീനിയറായ ഒരാള്‍ക്ക് ഒരു ഫോണ്‍ വന്നു. വളരെ ഭവ്യതയോടെ, സര്‍ എന്ന് ഒരു പത്തു തവണയെങ്കിലും വിളിച്ച് ഫോണില്‍ അദ്ദേഹം മറുപടി പറയുന്നു. “ശരി സര്‍, ശരിയാക്കാം സര്‍, എല്ലാം റെഡിയാണ് സര്‍, വന്നോളൂ സര്‍. ആയിക്കോട്ടെ സര്‍...” ഇങ്ങിനെ നീണ്ടു പോയി ആ സംസാരം. പിന്നീട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്, അതിലെ പോകുന്ന ഒരു മന്ത്രിക്ക് ഉച്ചയൂണ് തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് ഈ സീനിയര്‍ എന്‍ജിനീയറെയാണ്. അത് ശരിയായോ എന്ന് തിരക്കിയ മന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയോടാണ് അദ്ദേഹം ഈ വിധേയത്വമൊക്കെ കാണിച്ചത്! ഈ തിരക്കില്‍ പാലം പണിയൊക്കെ കൃത്യമാണോ എന്ന് നോക്കാന്‍ അവര്‍ക്ക് നേരമെവിടെ? പിന്നെ മറ്റൊരു കാര്യം കൂടി അറിഞ്ഞു – ആ ഉച്ചയൂണിനു ചിലവായ തുക - ഏകദേശം നാലായിരം രൂപ -  എന്‍ജിനീയര്‍ കയ്യില്‍ നിന്നും മുടക്കിയത്രേ! അത് മാസം തോറും കൃത്യമായി കിട്ടുന്ന ശമ്പളത്തില്‍ നിന്നുതന്നെ  കൊടുക്കുമായിരിക്കും അല്ലേ?

പാലാരിവട്ടം പാലത്തിനെന്തു പറ്റി എന്നതൊന്നും എനിക്ക് അറിയില്ല. എന്നാല്‍ ഏതൊരു പൊതുനിര്‍മ്മാണപ്രവര്‍ത്തനത്തിനും ചേരുന്ന ധാര്‍മ്മീകമായ എന്ജിനീയറിംഗ് മര്യാദകള്‍ പാലിച്ചിരുന്നുവെങ്കില്‍ ഇപ്പോഴും പാലത്തിലൂടെ വണ്ടികള്‍ പോകുമായിരുന്നു. ഇതിനെക്കുറിച്ച്‌ എനിക്ക് കുറച്ചു സംശയങ്ങള്‍ ഉള്ളത് ഇതൊക്കെയാണ്.

പാലം ഡിസൈന്‍ ചെയ്ത, അതിന്‍റെ ചുമതലയുള്ള വ്യക്തി സമ്പൂര്‍ണ്ണ accountability യോടെ സ്വന്തം പേരെഴുതി ഒപ്പിട്ട് പാലം സെര്‍ട്ടിഫൈ ചെയ്തിട്ടുണ്ടോ?  ഈ ഡിസൈന്‍ ഏതെങ്കിലും സമാനമായ യോഗ്യതയുള്ള എന്‍ജിനീയര്‍ പരിശോധിച്ച് അംഗീകരിച്ചിട്ടുണ്ടോ? ഈ എന്ജിനീയര്‍മാര്‍ക്ക് പ്രഫഷണല്‍ ലയബിലിറ്റി ഇന്ഷുറന്സ് ഉണ്ടോ?

പാലം പണിയുമായി ബന്ധപ്പെട്ട ഗുണനിലവാരപരിശോധനയുടെ (quality control and quality assurance documents) എല്ലാ രേഖകളും സൂക്ഷിച്ചു വച്ചിട്ടുണ്ടോ? ആരാണ് അതിന്‍റെ custodian?

പാലം പണിയുടെ കോണ്ട്രാക്റ്റ് പണം മുഴുവനും സമയാസമയം ജോലി ചെയ്ത കോണ്‍ട്രാക്ടര്‍ക്ക് കൊടുത്തു തീര്‍ത്തിട്ടുണ്ടോ?

പാലം പണിത കോണ്‍ട്രാക്ട് കമ്പനിക്ക് ലയബിലിറ്റി ഇന്ഷുറന്സ് ഉണ്ടോ?

പുതുതായി നിര്‍മ്മിക്കുന്ന പ്രോജക്ടുകള്‍ക്ക് വേണ്ടതായ “new construction warranty” ഈ പാലത്തിന് ഉണ്ടോ? അതെത്ര കൊല്ലത്തേക്ക് പ്രാബല്യത്തില്‍ ഉണ്ട്?

എന്ജിനീയറിംഗ് തീരുമാനങ്ങളില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ? അതിന്‍റെ രേഖകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ എന്‍ജിനീയര്‍മാര്‍ അവ പൊതുജനത്തിന് (മീഡിയക്ക്) കാണിച്ചു കൊടുക്കണം.

ഏതായാലും പൊതുജനത്തിന്റെ പണം എടുത്ത് വീണ്ടും ഈ പാലം പണിയുന്നത് മര്യാദകേടാണ്. ആരെങ്കിലും പൊതു താല്പ്പര്യ ഹര്‍ജി കൊടുത്ത് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണം.
ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഓരോ പണി തുടങ്ങുമ്പോഴും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പ്ലാനിംഗ് സമയത്തേ ഉറപ്പാക്കിയാല്‍ മതിയാകും. പിന്നെ പൊതുമുതലില്‍ നിന്നും പണം എടുക്കുന്നതും, പണിയാന്‍ വച്ചിരിക്കുന്ന അളവില്‍ നിന്നും സിമന്‍റ്, കമ്പി, എന്നിവയിലൊക്കെ കുറവ് വരുത്തുന്നതും മോഷണം തന്നെയാണ് എന്നൊരു അറിവ് നമുക്കെല്ലാവര്‍ക്കും ഉണ്ടാവണം. ഇപ്പോഴത്തെ ശമ്പള നിലവാരം വച്ചു നോക്കിയാല്‍ എല്ലാവര്‍ക്കും മോഷണമൊന്നും കൂടാതെ തന്നെ ജീവിക്കാനുള്ള വക കിട്ടുന്നുണ്ടാവുമെന്നു കരുതുന്നു.

പാലം പണി അത്ര വലിയ ബ്രഹ്മവിദ്യയൊന്നുമല്ല! ഒരുവിധം പണി പഠിച്ചവര്‍ക്ക് ചെയ്യാനുള്ളതേയുള്ളു. പക്ഷെ ചെയ്യുന്ന പണിയെപ്പറ്റി സ്വാഭിമാനം വേണം. “Every job is a self-portrait of the person who does it” ഇത് മേസ്തിരിക്കും, ആര്‍ക്കിറ്റെക്ട്ടിനും, മന്ത്രിക്കും, തന്ത്രിക്കും  എന്‍ജിനീയര്‍ക്കും എന്നുവേണ്ട എല്ലാം ബാധകമാണ്. ഇനിയെങ്കിലും ഇങ്ങിനെ “പാലാരിവട്ടം പാലം” പോലെയുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരാതിരിക്കട്ടെ.



 

Sunday, February 24, 2019

“ഹൌ ഈസ്‌ ദി ജോഷ്‌?” ... “ഹൈ സര്‍”


Uri: The Surgical Strike 
  “ഹൌ ഈസ്‌ ദി ജോഷ്‌?” ... “ഹൈ സര്‍”
– രണ്ടു ചെറു വാചകങ്ങളില്‍ ഒരു സിനിമാ റിവ്യൂ. 

ജോഷ്‌ എന്ന ഹിന്ദി വാക്കിനു പറ്റിയ മലയാളം വാക്ക് ഇന്നലെ മുതല്‍ തപ്പി നോക്കിയിട്ട് ഇതുവരെ കിട്ടിയില്ല. ‘അത്യുത്സാഹം’, ‘ഉല്‍സാഹഭരിതമായ അവസ്ഥ’ എന്നിങ്ങിനെയൊക്കെയാണ് ആ വാക്കിനു കിട്ടിയ വിശദീകരണങ്ങള്‍. ഇന്ത്യന്‍ പട്ടാളത്തിന്റെ കൃത്യമായ പ്ലാനിംഗിന്റെയും കൂട്ടായ വിജയത്തിന്‍റെയും നേട്ടത്തിന്റെയും കഥപറയുന്ന പുതിയ ഹിന്ദി സിനിമ, “ഉറി-ദി സര്‍ജിക്കല്‍ സ്ട്രൈക്ക്”, ഇന്ത്യ എന്ന വാക്കിനെ വെറും ഭൂപടത്തിലെ വലിയൊരു രാജ്യം എന്നതിലുപരി ഒരു വികാരമായി കൊണ്ട് നടക്കുന്നവര്‍ക്ക് അത് നല്‍കുന്ന വികാരവിസ്ഫോടനത്തിനെ “ജോഷ്‌” എന്ന് തന്നെ വിളിക്കാനാണ് എനിക്കിഷ്ടം. “ഹൌ ഈസ്‌ ജോഷ്‌?” എന്ന് ചോദിച്ചാല്‍, അറിയാതെ “ഹൈ സര്‍” എന്ന് പറഞ്ഞു പോകും നമ്മള്‍ ഈ സിനിമ കണ്ടാല്‍.
യുദ്ധം ഒരിക്കലും ഒന്നിനും ഒരു ശാശ്വത പരിഹാരമല്ല. ഒരു യുദ്ധത്തിലും ആരും ജയിക്കുന്നുമില്ല. എന്നാല്‍ അതിനര്‍ത്ഥം എപ്പോഴും തോറ്റുകൊടുക്കുന്നത് ആത്യന്തികമായി  നന്മയാണെന്നുമല്ല. 2016 ജൂണില്‍ ഉറി എന്ന മിലിട്ടറി കാമ്പില്‍ നുഴഞ്ഞുകയറി പത്തൊന്‍പത് ഇന്ത്യന്‍ പട്ടാളക്കാരെ വധിച്ച പാകിസ്ഥാന്‍ ആസ്ഥാനമാക്കിയ തീവ്രവാദികള്‍ക്ക് എതിരേ ഭാരതം  2016 സെപ്തംബറില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ആണ് സിനിമയുടെ ഇതിവൃത്തം. ആദിത്യ ധര്‍ സംവിധാനം ചെയ്ത ഈ സിനിമ ഇന്ത്യന്‍ പട്ടാളത്തിന്റെ ദേശഭക്തിയുടെയും ദൃഢനിശ്ചിതത്വത്തിന്റെയും കഥയാണ് പറയുന്നത്. വിക്കി കൌശല്‍ അവതരിപ്പിക്കുന്ന മേജര്‍ വിഹാന്‍ ഷെര്‍ഗില്‍, മോഹിത് റൈനയുടെ മേജര്‍ കരന്‍ കശ്യപ് എന്നിവര്‍ പട്ടാളത്തെ ഭംഗിയായി അവതരിപ്പിച്ചപ്പോള്‍ പരേഷ് റാവലും ‘സംഘവും’ സീനിയര്‍ പൊളിറ്റിക്കല്‍ നേതാക്കളെ അതിഗംഭീരമായി അവതരിപ്പിച്ചു.
 
ഇന്ത്യന്‍ പട്ടാളത്തിനു പാക്കിസ്ഥാന്‍ ജനതയോട് യാതൊരു ശത്രുതയും ഇല്ലെന്നും എന്നാല്‍ ആ നാട്ടിലെ തീവ്രവാദികളോട് യാതൊരു ദയവും ഉണ്ടാവില്ലെന്നുമുള്ള സമകാലീന രാഷ്ട്രീയം ഈ സിനിമയിലൂടെ ഭംഗിയായി വെളിവാക്കപ്പെടുന്നു.

നായകന്‍റെ കുടുംബത്തിന് നേരിട്ടുണ്ടാകുന്ന ദുരനുഭവം സര്‍ജ്ജിക്കല്‍ സ്ട്രൈക്കിനു കൂടുതല്‍ കരുത്തു നല്‍കുന്നുണ്ട്. സ്പേസ് റിസര്‍ച്ച് സെന്ററിലെ ഇന്‍റേര്‍ണ്‍ സമയം പോക്കാന്‍ ഉണ്ടാക്കുന്ന ഒരു “ഗരുഡ” ഡ്രോണ്‍ യഥാസമയം പട്ടാളത്തെ വിവരമറിയിക്കാനും നിയന്ത്രിക്കാനും ഉപകാരപ്പെടുന്നത് സിനിമയിലെ വഴിത്തിരിവായിരുന്നു. പ്രാചീന ഭാരതത്തിലെ കണ്ടുപിടുത്തങ്ങളെ ഏറെ സംശയത്തോടെ കാണുന്ന ആധുനീകരോട് ‘വിഷ്ണുപുരാണത്തില്‍ പറയുന്ന ഗരുഡനെയാണ്’ ഞാന്‍ നേരമ്പോക്കിനായി ഉണ്ടാക്കിയത് എന്നാണ് ഇന്‍റേര്‍ണ്‍ പയ്യന്‍ പറയുന്നത്. 
ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ ഉള്ള യുദ്ധ ചിത്രീകരണവും, കാമറാ വര്‍ക്കും ചടുലമായ സംഗീതവും ഏതൊരു ഹോളിവുഡ് സിനിമയോടും കിടപിടിക്കാന്‍ പോന്നതാണ്. ഇത് അമേരിക്കയില്‍ നടന്ന ഒരു സംഭവവും അവിടുത്തെ പ്രൊഡക്ഷനും ആയിരുന്നെങ്കില്‍ ഉറി ഓസ്കാറില്‍ തിളങ്ങിയേനെ. (2008 ലെ ഹര്‍ട്ട് ലോക്കര്‍  പോലെ) യുദ്ധരംഗങ്ങളിലെ പെര്‍ക്കഷന്‍ ബാക്ഗ്രൌണ്ട് കേട്ടാല്‍ അതിദ്രുത താളത്തില്‍, നല്ല ബേസോടെ  മിഴാവു കൊട്ടുന്നത് പോലെ തോന്നും.

സിനിമ കണ്ടിരിക്കുമ്പോള്‍ പലപ്പോഴും കണ്ണ് നിറയുന്നത് ഇന്ത്യയെന്ന വികാരത്തോടുള്ള സ്നേഹം കൊണ്ടാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍ കേരളം പോലുള്ള ഒരു സംസ്ഥാനം ഈ സിനിമയെ തിയേറ്ററില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് മര്യാദകേടാണ്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് നമ്മുടെ പട്ടാളത്തിന്റെ മിടുക്കിനെപ്പറ്റി അഭിമാനമുണ്ടാക്കുന്നതും ‘നവോത്ഥാനം” തന്നെയാണ് എന്നെനിക്കു തോന്നുന്നു. ഏറെ വരിക്കാറുള്ള പത്രങ്ങളില്‍ ഇതിന്റെയൊരു റിവ്യൂ പോലും വരുന്നില്ല. നമ്മുടെ ലാലേട്ടനും മേജര്‍ രവിയും മറ്റും ഈ സിനിമയെ നെഞ്ചോടു ചേര്‍ത്തു വച്ചു പ്രോല്‍സാഹിപ്പിക്കണം എന്നാണെനിക്കു പറയാനുള്ളത്.
 
കാനഡയില്‍ റിലീസിംഗിന്റെ മൂന്നാം ആഴ്ചയിലും തിയേറ്ററുകള്‍ നിറഞ്ഞിരിക്കുന്നു. സിനിമ കാണാന്‍ ഞങ്ങള്‍ക്ക് കിട്ടിയത് ഏറ്റവും മുന്നിലെ സീറ്റാണ്. കഴുത്ത് ഇപ്പോഴും വേദനിക്കുന്നു. പക്ഷെ സമയവും പൈസയും നഷ്ടമാക്കിയ എത്രയോ പോപ്പുലര്‍ സിനിമകളില്‍ ഒന്നായി എഴുതി തള്ളേണ്ട ഒന്നല്ല ഈ “ഹൈ ജോഷ്‌”. 

4.5 / 5.0       



Saturday, February 16, 2019

അദൃഷ്ടമെന്ന അനന്തസാദ്ധ്യതയിലൂടെ ഒരാത്മീയസഞ്ചാരം


വായനാനുഭവം
അദൃഷ്ടമെന്ന അനന്തസാദ്ധ്യതയിലൂടെ  ഒരാത്മീയസഞ്ചാരം
വി. ജെ ജെയിംസിന്റെ നിരീശ്വരന്‍

ഡോ. സുകുമാര്‍ കാനഡ

2019ലെ വയലാര്‍ അവാര്‍ഡു കിട്ടിയ വി. ജെ. ജെയിംസിന്റെ നോവല്‍  "നിരീശ്വരന്‍" അവാര്ഡുകള്‍ക്ക് മൂല്യമേറ്റുന്നു.  ഈ വര്‍ഷത്തെ കേരളാ സാഹിത്യഅക്കാദമി പുരസ്കാരവും നിരീശ്വരനാണ് ലഭിച്ചത്. 

ഒരാള്‍ക്കും ആത്മീയതയുടെ ഉള്ളറകള്‍ ഏറെയൊന്നും അന്യമല്ല. എന്നാല്‍ ഒരിക്കലും അതില്‍ ഞാന്‍ അഭിരമിക്കുകയില്ല എന്ന് വാശിപിടിക്കുന്നവരെ പിറകേ നടന്നു ബോദ്ധ്യപ്പെടുത്തല്‍ ആത്മീയതയുടെ സ്വഭാവമല്ല താനും. അത് സംഘടിതമത സ്വഭാവമാണ്. പലപ്പോഴും ആത്മീയത പ്രകടമാകുന്നത് അദൃഷ്ടമായ ചിലതിലൂടെയാവും. ചിലര്‍ക്കത് കണ്ണാടി കാണുംപോലെ തെളിഞ്ഞും മറ്റുചിലര്‍ക്ക് ഉള്ളുലയുന്ന അനുഭവസാക്ഷ്യത്തിലൂടെ വേദനയായും പ്രകടമായേക്കാം. എന്നാല്‍ സാര്‍വ്വഭൌമവും സാരസര്‍വ്വസ്വവുമായ ഉണ്മയെ കണ്ടെത്താനും അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്താനും ആധുനികശാസ്ത്രത്തെ നിരാകരിക്കേണ്ട കാര്യമൊന്നുമില്ല എന്ന് ഈ നോവലിലും ജെയിംസ് പറഞ്ഞു വയ്ക്കുന്നത് ആര്‍ജ്ജവമുള്ള ഒരു ശാസ്ത്രകുതുകിക്ക് ചേര്‍ന്ന മട്ടില്‍ തന്നെയാണ്. എന്നുമെപ്പോഴും ഉണ്ടായിരുന്നതും ഒരിക്കലും ഇല്ലാതാവാത്തതുമായ ഉണ്മ ‘അണുവിലും അണുവും മഹത്തിലും മഹത്തുമാണെന്ന്’ അറിയുന്നതുവരെ മാത്രമേ നാമരൂപപരിമിതങ്ങളായ വ്യതിരിക്തതകള്‍ക്ക് സ്ഥാനമുള്ളൂ. 

ജൈവസ്വഭാവത്തില്‍ തനിമയോടെ തഴച്ചു വളര്‍ന്നുമുറ്റിയ കാടുപോലെ സഹജമാണ് ആത്മീയതയുടെ വളര്‍ച്ചയും സാക്ഷാത്കാരവും. മതമോ തോട്ടവിളകള്‍ നിരനിരയായി നട്ടുവളര്‍ത്തി പരിപാലിച്ചു വെടിപ്പാക്കിയ എസ്റ്റേറ്റുകളാണ്. അവിടെ ജൈവവൈവിദ്ധ്യമില്ല. പലപ്പോഴും മനം മടുപ്പിക്കുന്ന സഹനവും നിയന്ത്രണവും നിര്‍ബ്ബന്ധിത വിശ്വാസസംരക്ഷണവുമാണ് നടപ്പിലാവുന്നത്. ഒരു പക്ഷെ കൃത്യമായ അളവില്‍ കാലാകാലങ്ങളില്‍ കിട്ടിയേക്കാവുന്ന വെള്ളവും വളവും അവയെ നിലനിത്തിക്കൊണ്ടുപോവാന്‍ സഹായിക്കുന്നുമുണ്ട്. എന്നാല്‍ കാടു കാടാവുന്നത് പരിമിതികള്‍ക്കു വിധേയമാവാതെ സര്‍വ്വസ്വതന്ത്രമായാണ്. കാടുകളെ എസ്റ്റേറ്റുകളാക്കാന്‍ മതങ്ങള്‍ എത്ര ശ്രമിച്ചാലും ചില വനങ്ങള്‍ താനേ പ്രത്യക്ഷമാവുകതന്നെ ചെയ്യും.
          
ഈശ്വരസങ്കല്‍പ്പങ്ങളുടെ കുത്തൊഴുക്കില്‍ വിവിധങ്ങളായ ആരാധനാ സമ്പ്രദായങ്ങളും പുരോഹിതവര്‍ഗ്ഗങ്ങളും ക്ഷേത്രങ്ങളും സമൂഹത്തെ വല്ലാതെ വശീകരിക്കുന്നു അല്ലെങ്കില്‍ വഴിതെറ്റിക്കുന്നു എന്ന് കണ്ടു ഖിന്നരായ മൂന്നു ചെറുപ്പക്കാര്‍ ആ സങ്കല്‍പ്പങ്ങളുടെ കടപുഴക്കാന്‍ പോന്ന ‘നിരീശ്വരനെ’ ആലും മാവും സ്വരുമയോടെ തഴച്ചുപന്തലിച്ചു വളര്‍ന്നു നിന്ന ഒരു തറയില്‍ ഒരു വിഗ്രഹമായി പ്രതിഷ്ഠിക്കുകയാണ്. ഒരിക്കലും സാമ്പ്രദായികമായ ക്ഷേത്ര ചടങ്ങുകളോ പ്രാര്‍ത്ഥനകളോ നാടിനെ മലിനീകരിക്കരുത് എന്ന ലക്ഷ്യത്തിലാണ് ചെറുപ്പക്കാര്‍ ഉടലുടഞ്ഞ വികലമായ ഒരു വിഗ്രഹത്തെ അവിടെ പ്രതിഷ്ഠിക്കുന്നത്. പക്ഷെ അവരുടെ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തുകൊണ്ട് നിരീശ്വരപ്രതിഷ്ഠ ഏതൊരു ഈശ്വരപ്രതിഷ്ഠയെക്കാളും തേജസ്സോടെ ഭക്തജനങ്ങള്‍ക്ക് പ്രതീക്ഷാനിര്‍ഭരമായ ഒരു സാന്നിദ്ധ്യമായി തീരുകയാണ്.

ഈ മറിമായത്തിന്റെ ഉള്ളറകളിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നു ചേരുന്ന കുറെപ്പേരാണ് നമുക്കു മുന്നില്‍ അപരിമിതമായ ചിന്തകളുടെ വാതായനങ്ങള്‍ പരക്കെ തുറന്നിടുന്നത്. പഞ്ചഭൂതങ്ങളുടെ പ്രകടിതഭാവങ്ങളായ ശബ്ദ, രൂപ, രസ, സ്പര്‍ശങ്ങള്‍ ശാസ്ത്രത്തിനു ഒരുവിധം പിടി കിട്ടിയിട്ടുണ്ടെന്ന് പൊതുവേ പറയാം. പക്ഷെ ഗന്ധം മനുഷ്യനെ എന്നും പിടികൊടുക്കാതെ വഴുതിപ്പോയിട്ടുണ്ട്. ശാസ്ത്രജ്ഞനായ റോബര്‍ട്ടും ഗ്രാമത്തിലെ ‘മഗ്ദലനമറിയം’ ആയ ജാനകിയും തമ്മിലുണ്ടാകുന്ന തികച്ചും ലൈംഗിഗേതര പ്രഫഷണല്‍ പാരസ്പര്യം ഗന്ധസംബന്ധിയായ ഗവേഷണത്തിന് ഏറെ പുരോഗതി നല്‍കുന്നുണ്ട്. മനുഷ്യമനസ്സും മനുഷ്യഗന്ധവും പരസ്പരാകര്‍ഷണവും എങ്ങിനെ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഏറ്റവും കൂടുതല്‍ മനസ്സിലാവുന്നത് പലരുമായി പല തരത്തില്‍ ബന്ധപ്പെടുന്ന ഗ്രാമവേശ്യയ്ക്ക് മാത്രമാണല്ലോ.

ശസ്ത്രജ്ഞന്റെ സഹായിയായി കൂടിയ ജാനകിയ്ക്ക് ഗ്രാമവേശ്യ എന്ന സ്ഥാനമേ എല്ലാവരും കല്‍പ്പിച്ചു നല്‍കിയിട്ടുള്ളൂ. അതില്‍ കൂടുതല്‍ അവള്‍ ആഗ്രഹിച്ചുമില്ല. എന്നാല്‍ സദുദ്ദേശത്തോടെയാണെങ്കിലും അവളുടെ  കച്ചവടത്തില്‍ അവശ്യം വേണ്ട ഗുണനിലവാര മേന്മയെങ്ങിനെ വര്‍ദ്ധിപ്പിക്കാം എന്നതിനെപ്പറ്റി റോബര്‍ട്ട് നല്‍കുന്ന “മാനേജുമെന്റ്റ് കണ്‍സല്‍ട്ടേഷന്‍” അസ്ഥാനത്തു ചെന്ന് തറച്ച് വേശ്യയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതും ജാനകിയുടെ കയ്യിന്‍റെ ചൂടയാള്‍ അനുഭവിച്ചറിയുന്നതും ആര്‍ജ്ജവമുള്ള ഫെമിനിസം തന്നെയാണ്. അസഹ്യമായ ദേഹഗന്ധം കാരണം ജാനകി തന്റെ ഒരു കസ്റ്റമറോട് വേണ്ടപോലെ സഹകരിക്കാന്‍ തയ്യാറാകാത്തതും പിന്നീട് അതേയാള്‍ മനസ്സ് തണുത്തു ശാന്തനായപ്പോള്‍ സുഗന്ധമുള്ള പുരുഷനായി മാറി അവള്‍ക്ക് സ്വീകാര്യനായതും ശാസ്ത്രജ്ഞന് ഏറെ വിലപിടിപ്പുള്ള അറിവായി.  

ഇരുപത്തിനാലുകൊല്ലം ബോധമറ്റു കോമയില്‍ കിടന്ന ഇന്ദ്രജിത്ത് ഭാര്യയായ സുധയുടെ അതീവതാല്‍പര്യത്തോടെയുള്ള  ശുശ്രൂഷയില്‍ ജീവന്‍റെ വാഴനാര് പൊട്ടാതെ അതിസൂക്ഷ്മഗതിയില്‍ ശ്വാസോച്ഛ്വാസം കഴിച്ചിരുന്നു. ഈ മൌനകാലം കടന്നുപോയ്ക്കൊണ്ടിരിക്കെ പൊടുന്നനെ ‘നിരീശ്വരകാരുണ്യത്താല്‍’ ഇന്ദ്രജിത്തിന് ബോധമുണരുന്നത് നോവലിലെ വലിയൊരു വഴിത്തിരിവാണ്. ഇരുപത്തിനാല് വര്‍ഷം അയാളിലെ ദേഹത്തിനു പ്രായം വരുത്തിയില്ല. ശ്വാസഗതിയാണ് ദേഹത്തിനു വയസ്സു കൂട്ടുന്നത് എന്നൊരു സിദ്ധാന്തം വന്ദ്യവയോധികനായ ഡോക്ടര്‍ കൃഷ്ണന്‍ എഴുത്തശ്ശന്‍ റോബര്‍ട്ടിനു മനസ്സിലാക്കി കൊടുക്കുന്നുണ്ട്. “”ഏറ്റോം വേഗത്തി ശ്വാസമെടുക്കേണ്ടിവരുന്നതെപ്പോഴാന്നറിയ്യോ മനുഷ്യന്? ദേഷ്യം വരുമ്പോഴും, രതിമൂര്‍ച്ഛേലും. രണ്ടും അനിയന്ത്രിതമായാ ആയുസ്സെത്താണ്ട് മരിക്കുംന്നാ. രണ്ടീന്നും മാറിനില്‍ക്കലാ ദീര്‍ഘായുസ്സ്” ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്ന കായകല്‍പ്പ ചികിത്സ ചെയ്യാതെ തന്നെ ആകസ്മികമായി മനസ്സിന്‍റെ ഉള്ളറകളിലെങ്ങോ നിന്നും ഉല്‍പ്പന്നമായ ശക്തിക്ക് ഇന്ദ്രജിത്തിലെ ഇന്ദ്രിയങ്ങളെ സൂക്ഷ്മമായി നിയന്ത്രിക്കാന്‍ സാധിച്ചിരിക്കുന്നു. എന്നാല്‍ ഒടുവില്‍ ഇതേ നിരീശ്വരനോടു പ്രാര്‍ത്ഥിച്ചു തന്നെയാണ് അയാള്‍ വീണ്ടും കോമയിലേയ്ക്ക് മടങ്ങിപ്പോകുന്നതും. അത്യസാധാരണമായ രതിചിന്തയും തദ്ജന്യമായ ആകുലതകളും സുധയെയും പെട്ടെന്ന് ചെറുപ്പക്കാരനായി മടങ്ങിയെത്തിയ ഇന്ദ്രജിത്തിനെയും ബാധിക്കുന്നതെങ്ങിനെയെന്ന് നോവലിസ്റ്റ് വിവരിക്കുന്നത് അതീവസൂക്ഷ്മതയാര്‍ന്ന  കൈത്തഴക്കത്തോടെയാണ്.

നിരീശ്വരപ്രതിഷ്ഠനടത്താനായി ആഭാസന്മാര്‍ (ആന്റണി, ഭാസ്കരന്‍, സഹീര്‍ എന്നിവര്‍) ഏല്‍പ്പിച്ചത് നാട്ടുക്ഷേത്രത്തില്‍ നിന്നും മോഷണംപോയ സ്വത്തിനെപ്രതി കള്ളനായി മുദ്രകുത്തപ്പെട്ട നിരപരാധിയായ പാവം “ഈശ്വരന്‍” എമ്പ്രാന്തിരിയാണ്. അദ്ദേഹമാണ് ഈശ്വരനും നിരീശ്വരനും മനുഷ്യസങ്കല്പങ്ങള്‍ തന്നെയാണെന്ന് ആഭാസന്മാര്‍ക്ക് പറഞ്ഞു കൊടുക്കുന്നത്. “മന:കൃതകൃതം രാമ:” എന്ന് യോഗവാസിഷ്ഠത്തില്‍ രാമനോട് വസിഷ്ടന്‍ പറയുന്നുണ്ടല്ലോ. എല്ലാം മനസ്സാണ്. എല്ലാം സങ്കല്‍പ്പത്തില്‍ അധിഷ്ടിതമാണ്. ഒരിക്കല്‍ സങ്കല്‍പ്പിച്ചാല്‍ അതിനെ കൊണ്ടാടുകയേ നിവൃത്തിയുള്ളൂ. സങ്കല്‍പ്പകല്‍പ്പനകള്‍ ഒഴിഞ്ഞ നിര്‍മനമെന്ന അവസ്ഥയില്‍ ലോകമില്ല. “സങ്കല്‍പ്പിക്കാനുള്ള ഒരുവന്‍റെ ശേഷ്യാ ഇക്കാണായ പ്രപഞ്ചം തന്നെ. പ്രപഞ്ചത്തെക്കാള്‍ എന്തത്ഭുതമാ ഉള്ളത്” എമ്പ്രാന്തിരി നവോത്ഥാനികളായ ചെറുപ്പക്കാരെ മനസ്സിലാക്കിക്കാന്‍ വൃഥാ ശ്രമിച്ചു.  “ഈശ്വര വിശ്വാസത്തെ എതിര്‍ത്തിട്ട് ഇപ്പോള്‍ നിരീശ്വരവിശ്വാസത്തെയും എതിര്‍ക്കേണ്ടി വന്നൂ, ല്ലേ?” കാരണം രണ്ടും വിശ്വാസം മാത്രമാണല്ലോ. വിശ്വാസത്തില്‍ എപ്പോഴും സംശയത്തിന്‍റെ കറ പറ്റിയിട്ടുണ്ടാവും.  സത്യത്തിന്‍റെ സ്ഥാനം ഇതിനിടയില്‍ എവിടെയോ ആണെന്ന് തങ്ങള്‍ തന്നെ ഉണ്ടാക്കിയെടുത്ത നിരീശ്വരപ്രതിഷ്ഠയെ തച്ചുടയ്ക്കാന്‍ കഠിനപ്രയത്നം ചെയ്ത് തീവ്രവാദികളായി അഴിക്കുള്ളിലായ നവോത്ഥാനക്കാര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതുമില്ല. “ആപ്പിള്‍ തലേല്‍ വീഴുന്നതിനുമുന്പും ഗുരുത്വാകര്‍ഷണം നിലനിന്നിരുന്നു എന്ന് പറയാറുള്ളതുപോലെ ശാസ്ത്രവിശദീകരണം ഉണ്ടാവും വരെ മാത്രമേ ഓരോ അസാധാരണതയ്ക്കും നിലനില്‍പ്പുള്ളൂ” റോബര്‍ട്ട് അവര്‍ക്ക് പറഞ്ഞുകൊടുത്തു. മൂവരിലും ആ അറിവ് വെവ്വേറെ തലങ്ങളിലാണ് പതിഞ്ഞിറങ്ങിയത് എന്ന് മാത്രം.

നാമറിയുന്ന ‘സാദാ’ നിരീശ്വരവാദത്തിന്‍റെ നിരര്‍ത്ഥകത ജെയിംസ് എത്ര ഭംഗിയായാണ് വിശ്വസനീയമായ രീതിയില്‍ റോബര്‍ട്ടിനെക്കൊണ്ട് പറയിക്കുന്നത്! “നിരീശ്വരവാദികള്‍ക്കിടയില്‍ അങ്ങിനെയൊരു (സൂക്ഷ്മവും ആര്‍ജ്ജവമുള്ളതുമായ) അന്വേഷണം നടക്കുന്നില്ല. അവര്‍ ചില കൊച്ചുകൊച്ചു തട്ടിപ്പുകളുടെ പിറകേ സഞ്ചരിച്ച് തൊലിപ്പുറമേയുള്ള ഇക്കിളി അനുഭവിച്ചു നിര്‍വൃതിയടയുന്നു. അതിനപ്പുറമുള്ള ആഴമേറിയ സാദ്ധ്യതേ ഒന്ന് തൊടാന്‍ പോലും മെനക്കെടുന്നില്ല”. എന്തിന്റെ കാര്യത്തിലാണെങ്കിലും, തനിക്ക് താല്‍പ്പര്യമോ അറിവോ ഇല്ലാത്ത കാര്യത്തില്‍പ്പോലും അവയുടെ  സാദ്ധ്യതാസാന്നിദ്ധ്യത്തെപ്പറ്റി അവമതിപ്പില്ലാതെ, അവയെ തീര്‍ത്തും നിരാകരിക്കാതെ, ആ സാദ്ധ്യതകളെക്കുറിച്ച് പഠിക്കുന്നവരെ അതിന്‍റെ പാട്ടിനു വിടുക എന്നതും ആര്‍ജ്ജവമുള്ള ഒരു ശാസ്ത്രാന്വേഷിയുടെ മാന്യതയാണ്. “എനിക്ക് പൂര്‍ണ്ണമായി മനസ്സിലാവാത്ത ചിലത് ഇതിലുണ്ട്. മനസ്സിലാവാത്തത് എന്നേ ഞാന്‍ പറയുന്നുള്ളൂ. മനസ്സിലാവാത്തത് എല്ലാം തെറ്റാണെന്ന് ഒരു യഥാര്‍ത്ഥ സത്യാന്വേഷകന് ശഠിക്കാനാവില്ല.” 

നിരീശ്വരന്റെ വിഗ്രഹം സ്ഥാപിച്ചതിനു ശേഷം നാട്ടിലുണ്ടാവുന്ന മാറ്റങ്ങളോട് ആളുകള്‍ പ്രതികരിക്കുന്ന കാര്യത്തില്‍ ഒരു പ്രത്യേകതരം ശ്രദ്ധ അദൃഷ്ടമായി വന്നു ചേരുന്നു. അവയെല്ലാം ഈ പ്രതിഷ്ഠയുടെ മഹത്വമായി നാട്ടുകാര്‍ കൊണ്ടാടുകായും ചെയ്യുന്നു. ബുദ്ധിമാന്ദ്യമുള്ള ‘കൊഞ്ഞ’ വ്യക്തമായി സംസാരിക്കാന്‍ തുടങ്ങിയതും, കോമയില്‍ കിടന്നയാള്‍ ഉണര്‍ന്നതും, ഗ്രാമവേശ്യ പണിയുപേക്ഷിച്ചതുമെല്ലാം ഭംഗിയായി നോവലില്‍ അനാവരണം ചെയ്തിട്ടുണ്ടെങ്കിലും അവയില്‍ ഏറ്റവും ചാരുതയും മനുഷ്യത്വവുമുള്ള അദ്ഭുതം ബാര്‍ബര്‍ മണിയന് ഘോഷയാത്ര അന്നമ്മയോടും അവരുടെ നാല് പെണ്മക്കളോടുമുണ്ടായിരുന്ന വൈരം തീര്‍ന്ന് ശുദ്ധസ്നേഹത്തിലേയ്ക്ക് മുന്നേറിയത് തന്നെയാണ്. 

ആത്മീയതയില്‍ മതസങ്കുചിത ചിന്താഗതികള്‍ അധികപ്പറ്റാണ്. നോവലിലെ നവോത്ഥാനികളായ ചെറുപ്പക്കാര്‍ നോട്ടമിടുന്നതു വികലമായ ഒരു വിഗ്രഹം പ്രതിഷ്ഠിച്ച് സ്വയം വിഗ്രഹഭഞ്ജകരെന്നു പേരെടുക്കാനാണ്. എന്നാല്‍ അതേ വിഗ്രഹം അവരുടെ നവോത്ഥാനമോഹങ്ങളെ കൂച്ചുവിലങ്ങിട്ട് നശിപ്പിക്കുകയാണ്. നാടന്‍ ബോംബു പൊട്ടിച്ചുള്ള തീവ്രവാദത്തിലൂടെയെങ്കിലും അന്ധവിശ്വാസം നശിപ്പിക്കാനായി ക്ഷേത്രധ്വംസനമെന്ന നവോത്ഥാനം നടത്തിയേ തീരൂ എന്നുള്ള അവരുടെ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ഒടുവിലവര്‍ നിര്‍ബ്ബന്ധിതരായിത്തീരുകയും ചെയ്തു. ഭാസ്കരന്‍റെ ബോംബിന് അവന്‍റെ കയ്യിലിരുന്ന് ഒരല്‍പം നേരത്തെ പൊട്ടാനാണ് തോന്നിയത്. 

ജെയിംസ്, കഥാപാത്രങ്ങളിലൂടെ പറഞ്ഞു വയ്ക്കുന്ന വിശാലമായൊരു ആത്മീയതയുടെ അടിത്തറ ഭാരതീയ ദര്‍ശനങ്ങളുടെ കാതല്‍ തന്നെയാണ്. “ഗോതമ്പുപൊടികൊണ്ട് ഉണ്ടാക്കിയ രൂപങ്ങളെല്ലാം ഗോതമ്പ് പൊടി തന്നെയാണ്”. “ബ്രഹ്മസത്യം ജഗദ്‌ മിഥ്യ” എന്ന് വേദാന്തിയായ  ശങ്കരന്‍ പറഞ്ഞ ദര്‍ശനത്തെ വളരെ അനായാസമായി “ഊര്‍ജ്ജസത്യം വസ്തു മിഥ്യ” എന്ന ശാസ്ത്രസത്യത്തിലേയ്ക്ക് നയിക്കുന്ന കാഴ്ച അതിലളിതവും എന്നാല്‍ വളരെ ഗഹനവുമത്രേ. “ഈശാവാസ്യമിദം സര്‍വ്വം” എന്ന ഉപനിഷദ് വാക്യം “നിരീശ്വരാവാസ്യമിദം സര്‍വ്വം” എന്നാക്കിയാലും വേദാന്തിക്ക് വഴക്കില്ല. ശാസ്ത്രവും ആത്മീയതയും തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍ രണ്ടും മുന്‍വിധികളില്ലാതെ പഠിക്കുക എന്നത് മാത്രമേ മാര്‍ഗ്ഗമുള്ളു. വേണ്ടത് കൊള്ളാനും വേണ്ടാത്തത് തള്ളാനും അവസരം നല്‍കുന്ന ഒരു തത്വചിന്താപദ്ധതിക്കു മാത്രമേ ബഹുസ്വരവും വിശാലവുമായ അപരിമേയത്വം സങ്കല്‍പ്പിക്കാന്‍ പോലുമാവൂ.

 “വ്യസോച്ഛിഷ്ടം ജഗദ്‌സര്‍വ്വം” എന്ന് പറയാറുണ്ട്.  വ്യാസന്‍ സങ്കല്പ്പിച്ചുണ്ടാക്കിയതിന്റെ അനുരണനങ്ങള്‍ മാത്രമാണ് ഏതൊരു സര്‍ഗ്ഗ സൃഷ്ടിയും എന്നാണതിന്‍റെ പൊരുള്‍. ശ്രീ ലളിതാ സഹസ്രനാമത്തിലെ നൂറ്റി അന്പത്തിയഞ്ചാമത് നാമം “ഓം നിരീശ്വരായൈ നമ:” എന്നാണല്ലോ. ഈശ്വരനായാലും നിരീശ്വരനായാലും രണ്ടും മനുഷ്യസങ്കല്‍പ്പജന്യങ്ങളാണ്. അവയുടെ മൂര്‍ത്തീകരണം ശിലയിലായാലും തടിയിലായാലും ജീവനുള്ള ഉടലിലായാലും മൂര്‍ത്തമായ എന്തിനും കുറച്ചു കാലമെങ്കിലും അസ്തിത്വമുണ്ടാവും. എഴുതി പ്രസിദ്ധീകരിച്ച ഒരു കൃതി എഴുത്തുകാരനെ അതിജീവിച്ച് അയാളുടെ പിടിയില്‍ നിന്നും വിട്ടു പോകുന്നതുപോലെ തന്നെയാണ് വിഗ്രഹസ്ഥാപനവും. “വിശേഷേണ ഗ്രാഹയതി ഇതി വിഗ്രഹ:” എന്നാണല്ലോ. നോവലിലെ ഭൂമിക വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതായ മതം, ആത്മീയത, എന്നീ വിഷയങ്ങളില്‍ ആയതുകൊണ്ട് സെമിറ്റിക് മതങ്ങളുടെ സങ്കല്‍പ്പവിഗ്രഹങ്ങളെ തച്ചുടയ്ക്കാന്‍ ജെയിംസ് ശ്രമിക്കുന്നില്ല. അത് ബുദ്ധിപരവും തികച്ചും പ്രായോഗികവും ആണ് താനും. നോവലിലെ നിരീശ്വരപ്രതിഷ്ഠാ സ്ഥാപനവും ക്ഷേത്രനിര്‍മ്മാണവും എല്ലാം ഹൈന്ദവമായ രീതികളിലാണ്. എന്നാല്‍ ഏതൊരു പുതുക്ഷേത്രത്തെയും പോലെ ഈ നിരീശ്വരക്ഷേത്രത്തിലും  ജാതിമതഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനമുണ്ട്. നോവലിലെ പുരോഗമന ചിന്താഗതിക്കാരനായ അര്‍ണ്ണോസും ഒരു സൂഫിയുടെ വിവേകതലത്തിലാണെങ്കിലും ജീവിതായോധനത്തിനായി മദ്രസനടത്തുന്ന സെയ്ദും നാട്ടിലെ നവോത്ഥാനക്കാഴ്ചകളില്‍ ആകൃഷ്ടരാണ്. എന്നാല്‍ അതില്‍ ആമഗ്നനനായി മാറ്റത്തിലൂടെ മാറ്റമില്ലായ്മയുടെ ആത്മീയതയില്‍ അഭിരമിച്ചത് വേദാന്തിയായ ഈശ്വരന്‍ എമ്പ്രാന്തിരി മാത്രമാണ്. അദ്ദേഹമാണല്ലോ ഈശ്വരപൂജയില്‍ നിന്നും നിരീശ്വരപൂജയിലേയ്ക്ക് കളം മാറ്റി ചവിട്ടിയിട്ടും അക്ഷോഭ്യനായി നിലകൊണ്ടത്. അര്‍ണ്ണോസും സെയ്ദും സ്വമതസംസ്കാരങ്ങളിലെ വിഗ്രഹങ്ങളെ ഭഞ്ജിക്കുന്നതില്‍ സാംഗത്യം കണ്ടെത്തുന്നുമില്ല. 

ജെയിംസിന്റെ നോവല്‍ ഈ കാലഘട്ടത്തിന്‍റെ മുഴുവന്‍ വായന ആവശ്യപ്പെടുന്ന ഒരപൂര്‍വ്വ കൃതിയാണ്. മലയാളത്തിന്‍റെ പരിമിത മാനങ്ങള്‍ക്ക് അപ്പുറം മനസ്സിന്‍റെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്ന ഒരന്വേഷണത്വര സാര്‍വ്വദേശീയമായ ഒരു മാനുഷികതയുടെ അമൂല്യതയോടെ ഈ കൃതിയെ ഒരു ക്ലാസിക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നുണ്ട്. അദൃഷ്ടമായ ആകസ്മികതകളിലൂടെ, അനന്തമായ സാദ്ധ്യതാസാന്നിദ്ധ്യങ്ങളെ  അടയാളപ്പെടുത്തി ആത്മീയസഞ്ചാരം ചെയ്യുന്ന  ഒരവധൂതന്റെ ആത്മഹര്‍ഷം ‘നിരീശ്വരനില്‍’ ഞാന്‍ അനുഭവിച്ചറിയുന്നു. 


Tuesday, December 25, 2018

കാവ്യവൃക്ഷത്തിലൊരു കുയിൽ പാടുമ്പോൾ

 ഡോ സുകുമാര്‍ കാനഡയുടെ  “ഞാനതിന്‍ രസികനേകന്‍” 

                                  - കാവാലം അനിൽ 


 "പേലവമെങ്കിലും കൈകൾ മുറുകെയെൻ
തനുവിന്റെ ഭൂമികയാകെ തിരഞ്ഞും
തളരളിതമാം ഗാത്രമറിയാതെയുതിരുന്ന
പനിനീരരുവിൽ മുങ്ങിനീർന്നും
പെട്ടെന്നു പൂത്തും ഉലഞ്ഞും ചിറകടിച്ചാർത്തും
പെരുമ്പറകൊട്ടി മുഴക്കിയും പേർത്തും
പെരുമഴ, യൊഴി, ഞ്ഞഴിഞ്ഞാടിയുലയുന്നതാം
ശാഖിയെപ്പോലൊന്നുലാവിലാസ്യം."

ഡോ. സുകുമാർ കാനഡയുടെ  "സുഖദം " എന്ന കവിതയിൽ നിന്നുമുള്ള ഉദ്ധരണിയാണിത്. കവിതയെന്നത് വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമായിരിക്കെ, ഇത്തരം വരികൾ ഒരു വായനക്കാരനെ സംബന്ധിച്ചടത്തോളം ആനന്ദദായകമാണ്.

ഒരു  കവി സഞ്ചരിക്കുന്ന വഴികളിലെല്ലാം  പുഷ്പദളങ്ങൾ ദർശിക്കാനാവുക അപൂർവമാണ്. എന്തെന്നാൽ കൂരിരുട്ടിന്റെ രാത്രികൾ അയാൾക്കായി / അവൾക്കായി കാത്തിരിക്കുന്നുണ്ടാവും.  സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ കെട്ടുപിണയുന്ന നേരത്ത്  ബാഹ്യാഢംബരങ്ങളൊഴിഞ്ഞ്, തന്നെ ഏതൊരുവനും അറിയുന്ന പോലെതന്നെ കവിയും അറിയുന്നുണ്ട്. പക്ഷേ, ഈ അറിവുകൾ തമ്മിൽ വ്യത്യാസമുണ്ട്. അമൂർത്തതലത്തിന്റെ പ്രജ്ഞയിലാണ് കവി അത് തിരിച്ചറിയുന്നതെന്നതിനാൽ  കവിയിലെ സാധാരണക്കാരനവിടെ ഒഴിവാക്കപ്പെടുകയും , വിശ്വചേതനയുമായി സാത്മ്യം പ്രാപിക്കുകയുമാണ് ഒരു കവി പ്രാഥമികമായി ചെയ്യുന്നത്. ചെയ്യുക എന്നു പറയാൻ സാധ്യമാകാത്തവിധം ഒരു ലയനമാണവിടെ സംഭവിക്കുന്നത്. അത്തരമൊരു ലയം ഈ കവിത കളുടെ ആന്തരശോഭയായി വർത്തിക്കുന്നു എന്നു പറയാൻ സന്തോഷമേയുള്ളൂ.  

കഴിഞ്ഞ ഒന്നര വർഷമായി കൈവശം ഉണ്ടായിരുന്നിട്ടും ഈ കവിതകൾ മുഴുവൻ ശാന്തമായി വായിക്കുവാൻ ഇന്നാണ് നേരമൊത്തത്. 184 പേജുകളുള്ള "ഞാനതിൻ രസികനേകൻ "  എന്ന സമാഹാരത്തിൽ കവിതകൾ, ഗീതകങ്ങൾ, ഭക്തിഭാവഗാനങ്ങൾ എന്നിങ്ങനെയാണ്  ഉള്ളടക്കം. പിഴവ് പറ്റാൻ എളുപ്പമായ കാവ്യാനുപദ്ധതികൾ നന്നായി കൈകാര്യം ചെയ്യുവാനായത് ശ്രദ്ധേയം. 

ഒന്നാമതായി ചേർത്തിരിക്കുന്ന സുപ്രസാദ സങ്കീർത്തനം കവിത്വശക്തിക്കുദാഹരണമാണ്. 

" അപ്രതീക്ഷിതം സുപ്രസന്നമീ
സുപ്രസാദ സങ്കീർത്തനം
അപ്രമേയ നിന്നാത്മചൈതന്യ
മാകവേ ഭുവിപൂരിതം
സർവസാഗര, മന്തരീക്ഷദ്യോവിലും
ക്ഷീരപഥത്തിലും
സത്യമാനന്ദ ചിന്തയാലുന്നതം
നിൻ സ്മരണയം."

ഇത്തരത്തിൽ ധ്യാനം തുടരുകയാണ്. 
"ഞാനതിൻ രസികനേകനി " ൽ എത്തുമ്പോൾ  നിസംഗനായി ജീവിതത്തെ നോക്കിനിൽക്കുന്ന ദാർശനിക ചിന്ത തെളിയുന്നു.

"നിരനിരയടുക്കിയ ഗ്രന്ഥശേഖരത്തിലൊന്നിൽ
കനമുള്ള പുസ്തകത്തൂവെള്ളത്താൾകളിൽ
ആരെഴുതി വച്ചീ ജീവിതമഹാകാവ്യം?"

- എന്നത്ഭുതപ്പെടുന്ന കവിയെ നമുക്കിവിടെ കാണാം. പ്രണയസുരഭിലം എന്ന കവിത അവസാനിപ്പിച്ചിരിക്കുന്നത്  കണ്ടുമുട്ടാനിടയില്ലാത്ത ഭാവഗരിമയിലാണ്. 

" ആടിയുലയും വേഷധവളിമ
യാകെയുടലിനു കാമ്യമാം
കൂടകന്നു പിടഞ്ഞു പാറിയ
ശലഭശോഭയിതെന്നപോൽ
നാലുപേരറിയാതെ നമ്മളി - 
ലാർത്തിരമ്പിയ സാഗരം
അലകളലറിയമർന്നടങ്ങിയ
സാന്ദ്രനീലിമയായ് ചിരം."

ഇത്തരത്തിൽ കവിതയും അനുവാചകനും തമ്മിലുള്ള ലയനം സാദ്ധ്യമാക്കുന്ന കവിതകൾ രചിക്കുന്ന ഒരു കവിക്ക് മലയാളകവിതാവേദിയിൽ കടന്നുനിൽക്കാൻ ഇടമുണ്ട് എന്നുതന്നെ പറയാം. പ്രവാസികളാണ് നാടിനെക്കുറിച്ച് മനോഹരമായി എഴുതുന്നതെന്നും ഈ കവിതകൾ വിളിച്ചു പറയുന്നു.

( @ 2018 ഡിസംബർ 25 - Fb )

Friday, October 12, 2018

അയ്യപ്പസ്വാമിയുടെ നൈഷ്ഠികബ്രഹ്മചര്യം - ആരുടെ ചുമതല?

അയ്യപ്പസ്വാമിയുടെ നൈഷ്ഠികബ്രഹ്മചര്യം - ആരുടെ ചുമതല?
ഡോ. സുകുമാര്‍ കാനഡ


സുപ്രീം കോടതിയുടെ വിധിയിലൂടെ ശബരിമലയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ പിന്തുടരാന്‍ ഭക്തര്‍ക്ക് സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ അത്യാവശ്യം വായനയും ചിന്തയും ഉള്ളവര്‍ പോലും വസ്തുതകള്‍ മനസ്സിലാക്കാതെ പോവുന്നതു കാണുന്നു. അതുകൊണ്ട് തന്നെ ഈ ലേഖനം ഒരല്‍പം നീണ്ടതാണ്. ആത്മീയതയും ആചാരങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ വെറും ‘ലീനിയര്‍  ലോജിക്ക്’ മതിയാവുകയില്ല. അതിന് ഭാവനയുടെയും പുരാതനസംസ്കാരത്തിന്‍റെയും സഹായം കൂടിയേ തീരൂ. അവയിലെ ‘യുക്തി’ പരസ്പരം പറഞ്ഞു തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാം ഭാവനയിൽ അധിഷ്ഠിതമാണ്. അതിന്റെ യുക്തിയെ പരിഹസിക്കുന്നത് എത്ര യുക്തിഹീനമാണെന്നോ? ഒരു കല്ലെടുത്ത് വച്ച് ‘അതെന്റെ ഭഗവാനായി’ ഞാൻ കണക്കാക്കുന്നു എന്നു പറയുന്നവനോട് ആ ഭാവന വിഡ്ഢിത്തമാണ് എന്ന് അവനോട് തന്നെ പറയുന്നതിലെ പരിഹാസ്യമായ അയുക്തി ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാവും. ഒരുവന്‍ ഒരു നിലവിളക്ക് കത്തിച്ചു വച്ചാൽ അതിനുമുന്നിലിരുന്നു നാമം ജപിക്കുകയോ പുസ്തകം വായിക്കുകയോ ബീഡി കത്തിക്കുകയോ ഒക്കെ ചെയ്യുന്നത് വിളക്ക് കത്തിച്ചു വച്ചവന്റെ യുക്തിയും സംസ്കാരവും അനുസരിച്ചാണല്ലോ. (ശ്രീ അനിയന്‍ മേനോന്‍)   മറ്റുള്ളവര്‍ അവന്‍റെ സ്വാതന്ത്ര്യത്തിലും ആചാരത്തിലും ഇടപെടുന്നതില്‍ ന്യായമില്ല.

ദൈവവും ദേവതാസങ്കല്‍പ്പങ്ങളും
സനാതനസങ്കല്‍പ്പത്തില്‍ ദൈവമെന്നത് പരംപൊരുളായ, ഏകവും അദ്വിതീയവുമായ  ഒരേയൊരു ചൈതന്യമാണ്. എന്നാല്‍ ആ പരമചൈതന്യത്തെ പൂജിക്കാനും മനുഷ്യസഹജമായ വികാരങ്ങളോടെ ഇടപഴകാനും അതിലൂടെ സാധകര്‍ക്ക് സാന്ത്വനം ലഭിക്കാനുമാണ് ഭാരതീയ ചിന്തകളില്‍ മുപ്പത്തിമുക്കോടി ദേവതകളെ സങ്കല്‍പ്പിച്ചു വച്ചിരിക്കുന്നത്. ദേവതകളുമായി സാധകര്‍ പ്രേമഭക്തി, ഗുരുഭക്തി, പുത്രഭക്തി എന്ന് വേണ്ട വിപരീതഭക്തിയില്‍ക്കൂടിയും സംവദിക്കുന്നു. ഈ അസംഖ്യം ദേവതകളെ ‘വിശേഷാല്‍ ഗ്രഹിച്ച്’ സങ്കല്‍പ്പിച്ചാണ് ക്ഷേത്രങ്ങളും അതിലെ വിഗ്രഹങ്ങളും സ്ഥാപിച്ചിട്ടുള്ളത്.

വിഗ്രഹാരാധനയില്‍ വിശ്വാസവും അറിവും ഉള്ളവര്‍ക്ക് ഓരോ ക്ഷേത്രങ്ങളിലും അതിലെ ആരാധനാമൂര്‍ത്തിയെ പ്രാണപ്രതിഷ്ഠ ചെയ്ത് സ്ഥാപിച്ചിട്ടുള്ളത് വിവിധ ഭാവങ്ങളില്‍ ആണ് എന്നറിയാം. അതായത് ഓരോ ക്ഷേത്രങ്ങളിലും വ്യത്യസ്ഥസങ്കല്‍പ്പങ്ങളാണ് അവിടുത്തെ ‘വിഗ്രഹ’ത്തിന് ആധാരമായിരിക്കുന്നത്. ഒരേ ദേവതയുടെ ക്ഷേത്രമായാലും വൈവിദ്ധ്യമായ രീതിയിലാണ് കാലദേശമനുസരിച്ച് ക്ഷേത്രങ്ങള്‍ സങ്കല്‍പ്പിച്ച് സ്ഥാപിച്ചിട്ടുള്ളത്. വടക്കെ ഇന്ത്യയിലെ പല ശിവക്ഷേത്രങ്ങളിലും (കേദാര്‍നാഥ്) ഭക്തര്‍ക്ക് വിഗ്രഹത്തെ തൊട്ട് പൂജിക്കാം എന്നാല്‍ കേരളത്തിലെ താന്ത്രിക സങ്കല്‍പ്പത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുള്ള ശിവക്ഷേത്രങ്ങളില്‍ അതനുവദിക്കില്ല. ക്ഷേത്രപ്രതിഷ്ഠയുടെ സമയത്തെ ഭാവസങ്കല്‍പ്പമാണ് ഇതിന്‍റെയെല്ലാം അടിസ്ഥാനം. അതത് ക്ഷേത്രങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ച് ക്രമീകരിച്ചവയും തുടര്‍ന്നു വരുന്നതുമായ ആചാരങ്ങളാണ് അവിടങ്ങളിലെ ക്ഷേത്രചൈതന്യത്തിനു കാരണമായിരിക്കുന്നത്. ക്ഷേത്രചൈതന്യമാണ് അവിടേയ്ക്ക് സാധകനെ ആകര്‍ഷിക്കുന്നത്. ശബരിമലയിലും ഗുരുവായൂരിലും അനേകം ഭക്തര്‍ വന്നു  ദര്‍ശനം നടത്തുന്നത് ആ ചൈതന്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനാണ്.

വിഗ്രഹങ്ങൾ എന്നാല്‍ ‘വിശേഷേണ ഭാവന ചെയ്ത കാര്യങ്ങളെ ഗ്രഹിക്കാനായി’ പണിതു വച്ചവയാണ്. അത് കല്ലോ മരമോ ഒക്കെ ആയാലും അത് പണി ചെയ്തവനും അതിനെ പ്രതിഷ്ഠിച്ചവനും ജീവൻ തുടിക്കുന്ന ചൈതന്യമാണത്. അതിൽ ആരോപിക്കാത്ത ഒരു കഴിവും ശക്തിയും അതിനില്ല തന്നെ. അതായത് ക്ഷേത്രത്തില്‍ നിന്നും എന്താണ് പ്രാണപ്രതിഷ്ഠ ചെയ്തയാള്‍ സങ്കല്‍പ്പിച്ചത്, അതാണ്‌ സാധകനു ലഭിക്കുക. അതിനു നിയതമായ ആചാരങ്ങള്‍ പാലിച്ചേ മതിയാവൂ.

ക്ഷേത്രസങ്കല്‍പ്പം ഒരു സാമൂഹ്യഉടമ്പടി 
ഒരു ദേവതയെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത് ആ ദേവതയെ വിഗ്രഹത്തിലേയ്ക്ക് ആവാഹിച്ചു പൂജിച്ച് കൊള്ളാമെന്നും അതിന്‍റെ ചൈതന്യത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു പ്രവൃത്തികളും ഭക്തരുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നും സങ്കല്‍പ്പിച്ചാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് സാധകര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത്. കേരളത്തിലെ ക്ഷേത്രങ്ങള്‍ പൊതുവേ പറഞ്ഞാല്‍ സമൂഹത്തിന്‍റെ ‘കൂട്ടായ്മ’യോടെയുള്ള പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ അല്ല. അവ പൊതു ഇടങ്ങള്‍ അല്ല. ക്ഷേത്രത്തിലെ ദേവതയ്ക്കു കഴിയാനും ആ സങ്കല്‍പ്പത്തെ  ഉപാസിക്കുന്നവര്‍ക്കു ദര്‍ശനം നടത്താനുമുള്ള സ്വകാര്യ സ്ഥലം മാത്രമാണ്. അവിടെ ഭക്തനും ദേവതയും തമ്മിലുള്ള ഒന്നിനൊന്നോടു ചേര്‍ന്ന സംവേദനമാണ് നടക്കുന്നത്. ക്ഷേത്രസംസ്കാരത്തില്‍ വിശ്വാസമുള്ളവര്‍ക്ക് മാത്രമേ വിഗ്രഹസങ്കല്‍പ്പത്തിലും വിശ്വാസം ഉണ്ടാവാന്‍ സാധിക്കൂ. അല്ലാത്തവര്‍ക്ക് ‘വിശേഷേണ ഗ്രഹിക്കേണ്ട’തായ ‘വിഗ്രഹാ’രാധനയില്‍ താല്‍പ്പര്യം ഉണ്ടാവേണ്ട കാര്യമില്ല തന്നെ. ക്ഷേത്രത്തിലെ ദേവത നിയമപരമായി ‘മൈനര്‍’ ആയതിനാല്‍ എല്ലാവിധ ഭൌതിക സൌകര്യങ്ങളും ചെയ്തുകൊടുത്ത് ആ ദേവനെ പരിപാലിക്കാന്‍ സാധകസമൂഹം ബാദ്ധ്യസ്ഥമാണ്‌. ജീവനുള്ള ഒരാള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ദേവതയ്ക്കായി ചെയ്യുന്നതാണ് മിക്കവാറുമുള്ള ക്ഷേത്രങ്ങളിലെ പൂജാക്രമങ്ങള്‍.

ഒരു പ്രത്യേക ക്ഷേത്രത്തിലെ ചൈതന്യത്തില്‍ വരുന്ന അപചയം ആ മൂര്‍ത്തിയെ ബാധിക്കുമെങ്കിലും അവിടുത്തെ വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന ദേവതയെ ബാധിക്കുന്നില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിശ്ചയിച്ച ഒരു സമൂഹഉടമ്പടിയാണ് ക്ഷേത്ര സങ്കല്പ്പനിരാസം കൊണ്ട് തകര്‍പ്പപ്പെടുന്നത്. ഈ സാമൂഹ്യ ‘ഉടമ്പടി’യില്‍ ഭക്തര്‍തന്നെയാണ് ദേവതാസങ്കല്‍പ്പം ചെയ്തു വച്ചിട്ടുള്ളതും അവയെ കാത്തു സൂക്ഷിച്ചുകൊള്ളാമെന്ന് സമ്മതിച്ചിട്ടുള്ളതും. എന്നാല്‍ ഒരിക്കല്‍ പ്രാണപ്രതിഷ്ഠയോടെ സങ്കല്‍പ്പിച്ചു സ്ഥാപിച്ചുകഴിഞ്ഞാല്‍ അവയില്‍ വരുത്തുന്ന അപചയങ്ങള്‍ മറ്റു കാര്യങ്ങളില്‍ എന്നപോലെ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള സാദ്ധ്യതകളുമുണ്ട്. ക്ഷേത്രദേവതയാണ് ഒരു നാടിന്‍റെ രക്ഷയ്ക്ക് നിദാനമായിരിക്കുന്നത് എന്നുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനം ഇതാണ്.

ശാസ്താവിന്റെ വിവിധഭാവങ്ങള്‍ 
ദേവതയെന്നത് എന്നെയും നിങ്ങളെയും പോലെ ജീവനുള്ള ചൈതന്യവത്തായ ‘വിഗ്രഹം’ ആണെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍പ്പിന്നെ ഒരേസമയം ഒരേ ദേവതയ്ക്ക് പലയിടത്തും പല ഭാവങ്ങള്‍ ആര്‍ജ്ജിക്കാന്‍ സാധിക്കും എന്ന് കാണാന്‍ കഴിയും. യുവതികളടക്കം ധര്‍മ്മശാസ്താവിനെ ദര്‍ശിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ദര്‍ശനം നടത്താന്‍ പല ഭാവങ്ങളില്‍ ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള അനേകം അയ്യപ്പ-ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ട്. ധര്‍മ്മശാസ്താവിന്റെ നാല് പ്രധാന ക്ഷേത്രങ്ങള്‍- കുളത്തുപ്പുഴയിലും ആരിയന്‍ കാവിലും, അച്ചന്‍കോവിലിലും, ശബരിമലയിലും ആണ്. കുളത്തുപ്പുഴയില്‍ അയ്യപ്പന്‍ ബാലശാസ്താവായ ബ്രഹ്മചാരിയാണ്. ആരിയന്‍കാവില്‍ പൂര്‍ണ്ണ, പുഷ്ക്കല എന്നീ രണ്ടു പത്നിമാരോടോപ്പമിരിക്കുന്ന ഗൃഹസ്ഥാശ്രമിയായ ദൈവതമാണ് ധര്‍മ്മശാസ്താവ്. അച്ചന്‍കോവിലില്‍ രാജാവിന്‍റെ ഭാവത്തില്‍ വാനപ്രസ്ഥനായിട്ടാണ് സങ്കല്‍പ്പം. എന്നാല്‍ ശബരിമലയില്‍ സമ്പൂര്‍ണ്ണ സന്യാസിയായാണ് അയ്യപ്പന്‍ ഇരിക്കുന്നത്. ഒരേയൊരു ശാസ്താവ് എങ്ങിനെയാണ് പലഭാവങ്ങളിലിരിക്കുന്നുതെന്നു സംശയമുള്ളവര്‍ സ്വയം അവനവനെപ്പറ്റി ആലോചിക്കുക. ഒരേസമയം അച്ഛനും, മകനും, ഭര്‍ത്താവും, ഭക്തനുമൊക്കെയാവാന്‍ ഒരുവന് എന്താണ് തടസ്സം?  ആ ഭാവങ്ങളില്‍ ഓരോന്നിലും ഓരോരുത്തരുമായുള്ള ബന്ധത്തിലും നമുക്ക് വ്യക്തമായ ഭാവവ്യത്യാസങ്ങളും പെരുമാറ്റചട്ടങ്ങളും ഉണ്ടല്ലോ?  ഒരുവന് സ്വന്തം അമ്മയോടും ഭാര്യയോടും മകളോടും ഉള്ള ബന്ധങ്ങള്‍ക്ക് ഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസമുണ്ടെന്ന് എല്ലാവരും സമ്മതിക്കും. ദേവതയുടെ കാര്യത്തിലും അത്തരം 'വിശേഷേണയുള്ള' ഭാവഭേദം ഉണ്ടെന്ന് നാം മനസ്സിലാക്കണം.

അയ്യപ്പസ്വാമി സ്ത്രീവിരോധിയാണോ?   
അയ്യപ്പസ്വാമിക്ക് സ്ത്രീകളോട് എന്താണ് വിരോധം? എന്ന രീതിയിലും മറ്റുമാണ് ചില വാദഗതികള്‍ മുന്നോട്ടുപോകുന്നത്. ആണിനോടോ പെണ്ണിനോടോ പ്രത്യേക രാഗദ്വേഷങ്ങള്‍ ഉണ്ടാവുക എന്ന് വെച്ചാല്‍ പക്ഷപാതിയായ ഒരീശ്വരന്‍ തന്നെയാണീ അയ്യപ്പന്‍! തീര്‍ച്ചയായും അയ്യപ്പസ്വാമി എന്ന ദൈവസങ്കല്‍പ്പത്തിനുമേല്‍ ഇത്തരം സാമൂഹ്യാചാരങ്ങളില്‍ താല്‍പ്പര്യമോ താല്പ്പര്യരാഹിത്യമോ നാമായിട്ട് ചാര്‍ത്തിനല്‍കേണ്ട കാര്യമില്ല. ഹിന്ദുവിന്റെ ദേവതാസങ്കല്‍പ്പം അത്ര എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നല്ല. എന്തുകൊണ്ടെന്നാല്‍ ‘കര്‍ത്തും അകര്‍ത്തും അന്യഥാ കര്‍ത്തും’ (ചെയ്യാന്‍, ചെയ്യാതിരിക്കാന്‍, മറിച്ച് ചെയ്യാന്‍) എന്നിങ്ങിനെ സര്‍വ്വതന്ത്രസ്വതന്ത്രമാണ് സനാതനമായ ആ ഈശ്വരസങ്കല്‍പ്പം. വാസ്തവത്തില്‍ ആചാരങ്ങളിലും നിയമാവലികളിലും സമൂഹം തളച്ചിടുന്നത് ദൈവത്തെയല്ല, ഭക്തന്മാരെത്തന്നെയാണ്. അതില്‍ സ്വതന്ത്രമായി ചിന്തിക്കുന്നവന് തള്ളേണ്ടതും കൊള്ളേണ്ടതുമായ പലതും ഉണ്ട് എന്നുള്ളതാണ് സത്യം. വാസ്തവത്തില്‍ ആചാരങ്ങളില്‍ ഒന്ന് തെറ്റിപ്പോയതുകൊണ്ട് ഇല്ലാതാവുന്ന ദൈവീകതയൊന്നും അല്ല അയ്യപ്പനിലും അതുപോലുള്ള ഹൈന്ദവ ഈശ്വരസങ്കല്‍പ്പങ്ങളിലും ഉള്ളത്. എന്നാല്‍ ക്ഷേത്രദര്‍ശനത്തിനായി പോകുന്നവരെ വഴികാട്ടുന്നതിനായിട്ടാണ് ആചാരങ്ങളും അനുഷ്ടാനങ്ങളും നടപ്പിലാക്കിയിട്ടുള്ളത് എന്നും നാം മനസ്സിലാക്കണം.

വാസ്തവത്തില്‍ സ്ത്രീകള്‍ക്ക് അവരവരുടെ ഭക്തിവിശ്വാസങ്ങളുടെ ആചരണത്തിനുള്ള അവസരങ്ങള്‍ അയ്യപ്പപൂജയുടെ കാര്യത്തില്‍ ഒരുവിധത്തിലും നിഷേധിക്കപ്പെടുന്നില്ല എന്നര്‍ത്ഥം. മാത്രമല്ല, ശബരിമലയിലിരിക്കുന്ന, സന്യാസഭാവത്തിലുള്ള അയ്യപ്പനെത്തന്നെ കണ്ടു സായൂജ്യമടയണം എന്നുള്ള യുവതികള്‍ കുറച്ചു കാലം കാത്തിരിക്കണം എന്നല്ലേയുള്ളൂ?

മണ്ഡലവ്രതം സന്യാസപരിശീലനത്തിന് 
മനുഷ്യന്‍റെ ജീവിതത്തിലെ നാലുദശകള്‍, ബ്രഹ്മചര്യം, ഗാര്‍ഹസ്ത്യം, വാനപ്രസ്ഥം, സന്യാസം എന്നിവയാണല്ലോ. ഇതില്‍ സാധാരണ ശബരിമല ദര്‍ശനത്തിനു പോകുന്നവര്‍ മിക്കവാറും ബ്രഹ്മചര്യദശയിലും ഗാര്‍ഹസ്ത്യദശയിലും ഉള്ളവര്‍ ആയിരിക്കും. അവരുടെ അവസാന ലക്ഷ്യമായ സന്യാസം അത്ര എളുപ്പം ആര്ജ്ജിക്കാവുന്ന ഒരു തലമല്ല. അതിനാലാണ് എല്ലാവര്‍ഷവും മണ്ഡലക്കാലം സന്യാസപരിശീലനത്തിനായി ഭക്തര്‍ മാറ്റി വയ്ക്കുന്നത്. അതിന് സ്വന്തം  ഗൃഹത്തിലുള്ള സ്ത്രീകളും നാട്ടുകാരും അവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നു. സന്യാസിയുടെ ബ്രഹ്മചര്യത്തിനും പല തലങ്ങളുണ്ട്. ഇന്ദ്രിയനിയന്ത്രണം ലൈംഗികതയുടെ കാര്യത്തില്‍ മാത്രമല്ല വേണ്ടത്.

നിയന്ത്രണങ്ങള്‍  ഭക്തര്‍ക്ക് വേണ്ടി
അയ്യപ്പന്റെ സന്യാസഭാവമല്ലാ ഹനുമാന്റെ ബ്രഹ്മചാരി ഭാവം. നിത്യ ബ്രഹ്മചാരിയാണെങ്കിലും ഹനുമാൻ സന്യാസിയല്ല. രണ്ടു ബ്രഹ്മചാരിഭാവങ്ങളിലും  വ്യത്യസ്തയുണ്ടെന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാവും. മിക്കവാറും എല്ലാ ശാസ്താക്ഷേത്രങ്ങളിലും സ്ത്രീപുരുഷഭേദമന്യേ എല്ലാവര്‍ക്കും ദര്‍ശനം നടത്താം. പൊതുവിൽ വിനോദയാത്രപോലെ ക്ഷേത്രങ്ങളിൽ പോകുന്നതില്‍ മാത്രമേ ചില പരിമിതികൾ കല്പിച്ചിട്ടുള്ളു. സന്യാസഭാവത്തില്‍ ഭഗവാന്‍ കുടികൊള്ളുന്ന ശബരിമലയിലെ നിയന്ത്രണവും വാസ്തവത്തില്‍  ഭക്തനുവേണ്ടിയാണ്- ഭഗവാന് വേണ്ടിയല്ല. ഭക്തന് കുറച്ചു നാളേക്കെങ്കിലും സന്യാസഭാവം പരീക്ഷിക്കാനും അതിന്‍റെ ഭാവഗരിമ ജീവിതത്തില്‍ പകര്‍ത്താനും കിട്ടുന്ന ഒരവസരമാണ് നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതത്തോടുകൂടിയ  മണ്ഡലക്കാലം. ആ സമയം കാട്ടില്‍ ഒരിടത്തേയ്ക്ക് മാറിപ്പോയി, ഒതുങ്ങിക്കൂടി, വ്രതം മുടക്കരുതെന്ന് ആഗ്രഹിക്കുന്ന അയ്യപ്പന്മാര്‍ ആരെയും ദ്രോഹിക്കുന്നില്ല.! ആരുടെ അവകാശങ്ങളും നിഷേധിക്കുന്നില്ല. അവരാണെങ്കില്‍ മനസ്സിലെ കരടി-കടുവകളെ ഒന്നൊതുക്കി നിര്‍ത്താന്‍ കഷ്ടപ്പെട്ട് വ്രതമെടുത്ത് കാടകം പൂകി ഒന്നൊന്നരമാസം എല്ലാത്തരത്തിലും ‘ഡ്രൈ’ ആയി, അയ്യപ്പന്മാരാകാന്‍, അയ്യപ്പഭക്തന്മാരാവാന്‍- ശ്രമിക്കുന്നവരാണ്. ഇന്ദ്രിയങ്ങളെ അടക്കിയ നൈഷ്ഠികബ്രഹ്മചാരികളൊന്നുമല്ല അവരെന്നും നാം ഓര്‍ക്കണം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് അച്ചടക്കം പാലിക്കാന്‍ അവരുടെ ദൌര്‍ബ്ബല്യങ്ങളെ വെല്ലുന്ന ‘അതുക്കും മേലെയുള്ള” പ്രചോദനങ്ങള്‍ തന്നെ വേണം. അയ്യപ്പസാമീപ്യവും സാദൃശ്യവും സാരൂപ്യവും അവരെ അതിനു സഹായിക്കുന്നു.

അയ്യപ്പസ്വാമിയുടെ ഭക്തനും അയ്യപ്പന്‍ തന്നെയാകുന്നു.
സ്വാമിക്ക് സ്വാമി തന്നെയാണ് ഭക്തന്‍. ചില മതങ്ങളില്‍ ഇങ്ങിനെപറഞ്ഞാല്‍ അത് മതനിന്ദയായി കണക്കാക്കും. സന്യാസഭാവത്തിലുള്ള സ്വാമി അയ്യപ്പന്‍റെ അനേകം ‘സാരൂപ്യ, സാദൃശ്യ, സാലോക്യ ഭാവങ്ങളിലുള്ള ‘അയ്യപ്പ’ന്മാരാണ് മലകയറാന്‍ പോവുന്ന ഭക്തന്മാര്‍. സ്വാമിയും ഭക്തനും ഒന്നെന്ന സങ്കല്‍പ്പം (തത്വമസി എന്ന വേദാന്തതത്വത്തിന്റെ പ്രായോഗിക ഭാവം) സ്വാമി അയ്യപ്പന്‍റേതല്ലാത്ത മറ്റൊരു ദൈവസങ്കല്‍പ്പത്തിലും നമുക്ക് കാണാന്‍ സാധിക്കില്ല. അതായത് താത്വികമായി ഉയര്‍ന്ന വേദാന്ത ചിന്താധാരകളില്‍ അഭിരമിക്കുന്നവര്‍ മുതല്‍ പൂജാദികളിലും ചടങ്ങുകളിലും ആചാരങ്ങളിലും മാത്രം മുഴുകി ജീവിക്കുന്ന ഭക്തന്മാര്‍ വരെ ഒരുപോലെ സമാശ്രയിക്കുന്ന ഒരു ദൈവസങ്കല്‍പ്പമാണ് അയ്യപ്പസ്വാമിയുടേത് എന്നര്‍ത്ഥം. അങ്ങിനെയുള്ള അയ്യപ്പസ്വാമി ദര്‍ശനത്തിനു പോകുമ്പോള്‍ അതിനു മുന്നോടിയായി ഭക്തനെ ‘അയ്യപ്പനാമത്തിന്’ അധികാരിയാക്കുന്നത് അവനെടുക്കുന്ന വ്രതത്തിന്റെ പരിശുദ്ധിയാണ്. ഒരേ സ്ഥലത്ത് പണിയെടുക്കുന്ന ഡിഐജിയും സാദാ പോലീസ് കോണ്‍സ്റ്റബിളും മണ്ഡലക്കാലത്ത് പരസ്പരം അയ്യപ്പനാമത്തില്‍ പരസ്പരം അഭിസംബോധന ചെയ്യപ്പെടുന്ന ‘പോലീസ് അയ്യപ്പ’ന്മാരാണ്. സമത്വസുന്ദരലോകത്തിന്റെ ഒരു മാതൃക തന്നെയല്ലേയിത്?

അയ്യപ്പന്മാരുടെ നൈഷ്ഠിക ബ്രഹ്മചര്യം എന്ത്, എന്തിന്? 
മണ്ഡലക്കാലത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് നിയതമായ ചില നിയമാവലികള്‍ ക്ഷേത്ര സങ്കല്‍പ്പകാലം മുതല്‍ക്കേ ഉണ്ട്. നിത്യബ്രഹ്മചാരിയും സന്യാസിയുമായ അയ്യപ്പസങ്കല്‍പ്പത്തിലുള്ള ദേവനെക്കാണാന്‍ ആ ദേവന്റെ സാരൂപ്യവും സാമീപ്യവും കുറച്ചു സമയത്തെക്കെങ്കിലും കൈക്കൊള്ളാന്‍ ആഗ്രഹിച്ചു വരുന്നവര്‍ക്ക് നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതശുദ്ധി കല്‍പ്പിച്ചിരിക്കുന്നു. ബ്രഹ്മചര്യം അതില്‍ ഏറ്റവും പ്രധാനമത്രേ. നൈഷ്ഠികബ്രഹ്മചാരിയായി അവിടെയിരിക്കുന്ന കാലത്തോളം നമ്മെ കാത്തു രക്ഷിക്കുന്ന സ്വാമിയാണ് അയ്യപ്പന്‍. അതായത് അയ്യപ്പന്‍റെ വ്രതനിഷ്ഠ കാത്തു സൂക്ഷിക്കുക എന്നത് ഭക്തന്‍റെ കടമ തന്നെയാണ്. ഭഗവാന്‍ ഭക്തനെ തന്നെപ്പോലെയുള്ള സന്യാസിയാവാനാണ് പഠിപ്പിക്കുന്നത്. സാധകന് ഗൃഹസ്ഥനാവാന്‍ പഠിക്കണമെങ്കില്‍ അതിനായി വേറെ ക്ഷേത്രങ്ങള്‍ ഉണ്ടല്ലോ.

ബ്രഹ്മചര്യം മുടക്കുന്ന എട്ടു തരം മൈഥുനങ്ങള്‍   
ഇനി സ്ത്രീ/പുരുഷബന്ധം വ്രതകാലത്തെ എങ്ങിനെയാണ് ചര്‍ച്ചാവിഷയമാവുന്നത് എന്ന് നോക്കാം. പ്രാചീനര്‍ എട്ട്തരം സ്ത്രീപുരുഷമൈഥുനങ്ങളെപ്പറ്റിപ്പറയുന്നുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നുമതി ഒരുവന്‍റെ നൈഷ്ഠികബ്രഹ്മചര്യത്തിനു ഭംഗമുണ്ടാവാന്‍. 

1.        പുരുഷനും സ്ത്രീയും പരസ്പരം യാദൃച്ഛികമായി കാണുന്നത് / നോക്കുന്നത്
2.        പരസ്പരം വാക്കിനാലോ ചിന്തയാലോ സൌന്ദര്യത്തെ പുകഴ്ത്തുന്നത്
3.        പരസ്പരം ചേരുവാന്‍ ആഗ്രഹമുണ്ടാവുന്നത്,
4.        പരസ്പരം സംസാരിക്കാന്‍ താല്‍പ്പര്യം ഉണ്ടാവുന്നത്,
5.        പരസ്പരം സംസാരിക്കാന്‍ അവസരം കണ്ടെത്തി പോവുന്നത്
6.        പരസ്പരം അടുത്ത് ചെന്നു കാണുന്നത്
7.        പരസ്പരം മന്ദമന്ദം ആകര്‍ഷകമായി സംസാരിക്കുന്നത്,
8.        പുരുഷനും സ്ത്രീയും തമ്മില്‍ ശാരീരികമായി ബന്ധപ്പെടുന്നത്.

“ബ്രഹ്മചര്യേണ സംതിഷ്‌ഠേദപ്രമാദേന മസ്‌കരീ
ദര്‍ശനം സ്പര്‍ശനം കേളിഃ കീര്‍ത്തനാഗുഹ്യഭാഷണം
സങ്കല്‌പോf ധ്യവസായശ്ച ക്രിയാ നിര്‍വൃത്തിരേവ ച
ഏതെന്മൈഥുനമഷ്ടാംഗം പ്രവദന്തി മനീഷണാ”

ബ്രഹ്മചര്യം എന്നാൽ അഷ്ട മൈഥുനങ്ങളിൽ നിന്നും വിട്ടു നില്ക്കുക എന്നതാണ്. ദർശനം, സ്പർശനം, കേളി, കീർത്തനം, ഗുഹ്യഭാഷണം, സങ്കൽപം, സംഗമത്തിനായുള്ള പ്രയത്നം, സ്ത്രീപുരുഷസംഗമം, എന്നിവയാണ് ഈ എട്ട് മൈഥുനങ്ങൾ.

ഒന്നാമത്തേത് ഇല്ലെങ്കില്‍ ബ്രഹ്മചര്യത്തെ തടസ്സപ്പെടുത്തുന്ന മറ്റ് ഏഴു കാര്യങ്ങളും നടക്കുകയില്ലല്ലോ!. അതുകൊണ്ടാണ് മണ്ഡലവ്രതകാലത്ത് അയ്യപ്പന്മാര്‍ യുവതികളെ കാണുകപോലും ചെയ്യരുത് എന്ന് പറയുന്നത്. ഭക്തരെ സംബന്ധിച്ചിടത്തോളം  ഇതിന്റെ പ്രായോഗികത ഏറെ ബുദ്ധിമുട്ടുള്ളതാണ്. പണ്ടൊക്കെ നാട്ടില്‍ അമ്പലത്തിനടുത്ത് ഒരൂട്ടുപുരയില്‍ ഭജനയുമൊക്കെയായി വീട്ടുകാരെപ്പോലും കാണാതെയാണ് അയ്യപ്പന്മാര്‍ മലചവിട്ടുന്നതിനു മുന്‍പുള്ള വ്രതകാലം കഴിഞ്ഞിരുന്നത്.

സ്വന്തം കുടുംബത്തിലുള്ളവരാണെങ്കിലും വ്രതമെടുത്ത അയ്യപ്പന്മാരുള്ള വീടുകളില്‍ സ്ത്രീകളോട്, അമ്മയും സഹോദരിമാര്‍ ആണെങ്കില്‍പ്പോലും, അയ്യപ്പന്മാര്‍ അകലം പാലിക്കാറുണ്ട്. വ്രതസാധനയുടെ കാര്യത്തില്‍ ഇത് സ്ത്രീപുരുഷ ഭേദമമെന്യേ ബാധകമാണ് താനും. അതായത് സ്ത്രീ/പുരുഷന്‍ എന്നീ വാക്കുകള്‍ പരസ്പരം മാറ്റി വയ്ച്ചാലും ബ്രഹ്മചര്യനിയമങ്ങള്‍ ഒരുപോലെയാണ്. വ്രതം തെറ്റാതെ സ്ത്രീപുരുഷന്മാരെ ഒന്നിച്ചു പങ്കെടുപ്പിച്ചുകൊണ്ട് ശബരിമല ദര്‍ശനം സാധ്യമല്ലതന്നെ. അഷ്ടമൈഥുനങ്ങളില്‍ ഒന്നിലെങ്കിലും പങ്കെടുക്കാതെ വ്രതസമയമായ നാല്‍പ്പത്തിയൊന്നു ദിവസം ആണിനും പെണ്ണിനും ഒന്നിച്ചു കഴിച്ചുകൂട്ടുക സാദ്ധ്യമല്ല. സന്യാസിയാവാന്‍ പരിശീലനം അനുഷ്ഠിക്കുന്ന സാധകന്‍ യുവതിയായ ഭാര്യയെ കൂട്ടിയല്ല ശബരിമലദര്‍ശനത്തിനു പോകേണ്ടത്. ഇന്ദ്രിയമോഹങ്ങള്‍ ഒന്നൊതുങ്ങിയ ദമ്പതികള്‍ക്ക് ജീവിത സായാഹ്നത്തില്‍ ശബരിമല ദര്‍ശനം സാദ്ധ്യമാണല്ലോ. ഒരു സമൂഹമെന്ന നിലയില്‍ പൊതുവേ അശാന്തരായ ജനത്തിന്- പ്രത്യേകിച്ചു പുരുഷന്മാര്‍ക്ക്, കുറച്ചൊന്നു ശാന്തരാവാനുള്ള അവസരമാണ് മണ്ഡലക്കാലം. അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാന്‍ സമൂഹം ബാദ്ധ്യസ്ഥമാണ്. മാത്രമല്ല, ഒരു ദേവതയെന്ന നിലയില്‍ ഇത്രയേറെ ആളുകളെ സന്യാസഭാവത്തിലേയ്ക്ക് പ്രചോദിപ്പിച്ചും നേര്‍വഴിക്ക് നയിച്ചും നിലകൊള്ളുന്ന അയ്യപ്പസ്വാമിയും നൈഷ്ഠികബ്രഹ്മചര്യത്തിലാണ് കഴിയുന്നത്. അങ്ങിനെയുള്ള അയ്യപ്പസ്വാമിയുടെ ഭക്തര്‍ ആ ഭഗവാന്‍റെ വ്രതനിഷ്ഠയെ മനപ്പൂര്‍വ്വം തെറ്റിക്കാന്‍ കൂട്ടു നില്‍ക്കുമോ? ഭഗവാന്റെ വ്രതനിഷ്ഠ തെറ്റിച്ചിട്ടായാലും ആ വനപ്രദേശത്തുള്ള ക്ഷേത്രത്തില്‍ പോകണം എന്ന് ഭക്തി വിശ്വാസമുള്ളവര്‍ തീരുമാനിക്കുമോ? അപ്പോള്‍ ഈ ശബരിമല സന്ദര്‍ശനത്തിനു തയ്യാറെടുക്കുന്ന യുവതികള്‍ അയ്യപ്പഭക്തകള്‍ അല്ല എന്ന് നിശ്ചയം. അങ്ങിനെയുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് ആരെ സന്തോഷിപ്പിക്കാനാണ്? ആ ഭഗവാന്‍റെ വ്രതനിഷ്ഠ തെറ്റിക്കാതെ നോക്കേണ്ടത് സ്വാമി ഭക്തരുടെ കടമതന്നെയാണ്. അത് തെറ്റിച്ചതുകൊണ്ട് അയ്യപ്പഭഗവാന് പ്രത്യേകിച്ച് കോട്ടങ്ങള്‍ ഒന്നും ഉണ്ടാവില്ല. എന്നാല്‍ ആ സ്വാമിയാല്‍ പ്രചോദിതരായി നിലകൊള്ളുന്ന ഭക്തരെ അത് പ്രതികൂലമായി ബാധിക്കുകയും അവരുടെ ബ്രഹ്മചര്യക്ക് തടസ്സം വരികയും ചെയ്യും. 

“സന്നിധാനത്തിന്‍ വിശുദ്ധികൊണ്ടയ്യനാം അയ്യപ്പനാമാധികാരിയായി അയ്യപ്പനാമാധികാരിയായി” എന്നാണ് ഭക്തന്‍ വൈകാരികമായി കണക്കാക്കുന്നത്. സന്നിധാനത്തിലെ വിശുദ്ധിക്ക് നിയതമായ ആചാരങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗികവിഷയങ്ങളിലെ ബ്രഹ്മചര്യം മാത്രമല്ല, മറ്റുള്ള സാമൂഹ്യ ഇടപാടുകളില്‍ പാലിക്കേണ്ട മിതത്വം, സത്യസന്ധത, ഭക്ഷണത്തിലുള്ള നിയന്ത്രണം, ശുദ്ധി, വൃത്തി, ഇവയെല്ലാം സാധകര്‍ പാലിക്കേണ്ട ബ്രഹ്മചര്യങ്ങളാണ്.

വ്രതശുദ്ധിയില്ലാതെ ശബരിമല കയറുന്ന ആണുങ്ങള്‍ ഉണ്ടല്ലോ എന്നൊരു വാദഗതി കേള്‍ക്കാറുണ്ട്. അതു തീര്‍ത്തും ശരിയല്ല എന്ന് തന്നെയാണ് ഉത്തരം. പുരാതനമായ ഒരാചാരം ചിലര്‍ തെറ്റിക്കുന്നു എന്നുള്ളത് എല്ലാവര്ക്കും അങ്ങിനെ ചെയ്യാം എന്നതിന് ന്യായീകരണമാകുന്നതെങ്ങിനെയാണ്?

ബഹുസ്വരതയില്ലെങ്കില്‍ ഭാരതമില്ല.
ഭാരതത്തില്‍ ജന്മം കൊണ്ടതായ ഒരു തത്വസംഹിതയും “ഒരു ഗ്രന്ഥം, ഒരു പ്രവാചകന്‍ ഒരു ദേവതാ സങ്കല്‍പ്പം” എന്നിങ്ങിനെയുള്ള പരിമിതമായ ചിന്താപദ്ധതിയല്ല.  സമ്പ്രദായങ്ങളിലുള്ള വ്യത്യാസങ്ങള്‍, ആചാരക്രമങ്ങള്‍, അവയിലെ വൈജാത്യങ്ങള്‍ എന്നിവയാണ് ബഹുസ്വരത മുഖമുദ്രയായ സനാതനധര്‍മ്മത്തിന്‍റെ കാതല്‍. അവയെപ്പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കാതെ നടത്തുന്ന വാദമുഖങ്ങള്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് സ്വയം നമ്മെത്തന്നെയല്ലേ? ശിലയില്‍ ദൈവത്തെ ദര്‍ശിക്കാനും ദര്‍ശിക്കാതിരിക്കാനും നമുക്കവകാശമുണ്ട്. രണ്ടു രീതികളെയും എതിര്‍ക്കാനും അനുകൂലിക്കാനുമുള്ള വാദങ്ങള്‍ നിരത്താന്‍ നമുക്കാവുകയും ചെയ്യും. എന്നാല്‍ ഈ വൈവിദ്ധ്യമാര്‍ന്ന രീതികളില്‍ തങ്ങള്‍ക്ക് യോജിച്ച രീതിയില്‍ മതാനുഷ്ടാനങ്ങള്‍ അനുഷ്ടിക്കുന്നവരെ തടസ്സപ്പെടുത്തുന്ന പ്രവണത,  ഭാരതത്തിന്‍റെ മഹത്തായ ബഹുസ്വരതയെ ഇല്ലാതാക്കുന്നു. സുപ്രീംകോടതി ശബരിമലയില്‍ ആചാരലംഘനം അനുവദിച്ചത് ഭാരതത്തിന്‍റെ അടിസ്ഥാനസ്വഭാവമായ ബഹുസ്വരതയ്ക്ക് എതിരായ വിധിയാണ്. ബഹുസ്വരത സംസ്കാരത്തിന്‍റെ ഭാഗമായി ജീവിക്കുന്നവരുടെ സ്വരം ബഹളത്തിനിടയില്‍ കേള്‍ക്കാതാകുന്നു. എല്ലാ ക്ഷേത്രാചാരങ്ങളും ‘ഒരു വിധത്തിൽ മാത്രമേ’ പാടുള്ളു എന്ന വാശി പരിമിതമായ അറിവിന്‍റെ പ്രകടനമാണ് എന്ന് പറയാതെ വയ്യ.

പരിഷ്ക്കാരത്തിന്‍റെ പേരില്‍ കാലത്തിനൊത്ത് ചലിക്കുന്നത് കാലാതീതമായ ആചാരങ്ങളെ നിരാകരിച്ചിട്ടാവരുത്. ഇനി ശ്രീകോവിലില്‍ വിഗ്രഹത്തെ തൊട്ട് പൂജിക്കാനുള്ള അവകാശത്തെച്ചൊല്ലി കേസിന് പോയി ഗുരുവായൂര്‍ കണ്ണനെ എല്ലാവര്ക്കും തൊട്ട് പൂജിക്കാം എന്നൊരു നിയമം കൂടി വരാം. ‘വടക്കെ ഇന്ത്യയില്‍ കേദാരനാഥനെ ഞാന്‍ തൊട്ടല്ലോ’ എന്ന ന്യായവും പറയാം. ക്ഷേത്രങ്ങളിലെ നിവേദ്യം (കല്ലിന് എന്തിനാ പായസം വച്ചു നല്‍കുന്നത് തുടങ്ങിയ വാദങ്ങൾ ആവാം), ദേവീക്ഷേത്രങ്ങളിലെ തൃപ്പൂത്ത് ആഘോഷം എന്നിവയെല്ലാം അപരിഷ്കൃതം എന്നു പറഞ്ഞ് അവസാനിപ്പിക്കാനായി ഇനിയും കേസു കൊടുക്കാം. ഒടുവിൽ എല്ലാവരും പാന്റ്സും ഷർട്ടും ഷൂസുമൊക്കെയിട്ട് ‘മാന്യൻമാ’രായി ക്ഷേത്രങ്ങളിലെ 'സർവ്വീസ്' നു പങ്കെടുക്കുന്ന ഒരു സുന്ദരകാലം വരുമായിരിക്കും അല്ലെ? അമേരിക്കയിലും കാനഡയിലും മറ്റും നേറ്റീവ് ഇന്ത്യന്‍സിനെ ‘മാന്യന്മാ’രാക്കിയതിന്റെ കേടുതീര്‍ക്കാന്‍ തലമുറകള്‍ കുറെയേറെ കടന്നിട്ടും ഇതുവരെ കഴിഞ്ഞിട്ടില്ല.

Friday, October 5, 2018

ചെറുകഥ: സ്വച്ഛന്ദം

സ്വച്ഛന്ദം 

  കൈകള്‍ കോര്‍ത്തുപിടിച്ച് അടുത്തടുത്ത കിടക്കകളിലാണവര്‍ കിടന്നിരുന്നത്. അപ്പോഴും അവരുടെ ചുണ്ടുകളില്‍ ചെറിയൊരു പുഞ്ചിരി ബാക്കിയുണ്ടായിരുന്നു. രാത്രിയിലെ താങ്ക്സ്ഗിവിംഗ് പാര്‍ട്ടിയ്ക്ക് വിളമ്പിയ മുന്തിയ ഇനം വൈനിന്‍റെ കറയും കേയ്ക്കിന്‍റെ മധുരമുള്ള വെളുത്ത പൊടിയും അവരുടെ ചുണ്ടുകളില്‍ അവശേഷി ച്ചിരുന്നു.

എല്ലാം തയ്യാറാക്കിവച്ചിട്ടാണ് ഡോ. വര്‍മ്മ തലേന്ന് രാത്രി അവിടെനിന്നും ഇറങ്ങിയത്. അമ്മു എന്ന് എല്ലാവരും സ്നേഹ ത്തോടെ വിളിക്കുന്ന എലിസബെത്തും അച്ചായന്‍ എന്ന് മലയാളികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന അവറാച്ചനും എത്രയെത്ര പാര്‍ട്ടി കള്‍ ആ വീട്ടില്‍ വച്ചു തന്നെ നടത്തിയിട്ടുണ്ടാവും! വര്‍മ്മ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും അവറാച്ചനെയും അമ്മുവിനേയും കാണാറുണ്ട്. അതുകൂടാതെ അഞ്ചാറു കൊല്ലങ്ങളായി ഇടയ്ക്കെല്ലാം ‘പിള്ളേച്ചന്‍ ഡാക്ടറെ കാണണം’ എന്ന് പറഞ്ഞ് അവറാച്ചന്‍ വിളിക്കാറുമുണ്ട്. മിക്കവാറും താങ്ക്സ്ഗിവിംഗ് സമയത്താണ് അവറാച്ചന്‍ പാര്‍ട്ടിക്കായി എല്ലാവരെയും ക്ഷണിക്കാറുള്ളത്. മലയാളി താങ്ക്സ്ഗിവിംഗ് എന്നാണ് അദ്ദേഹമതിനെ വിളിക്കാറ്. അല്ലെങ്കിലും നോര്‍ത്ത് അമേരിക്കന്‍ താങ്ക്സ്ഗിവിങ്ങിന്‍റെ പിറകി ലുള്ള ക്രൂരതയെപ്പറ്റി ആലോചിച്ചാല്‍ ഒരിക്കലും അതാഘോഷി ക്കാന്‍ തോന്നില്ല. എല്ലാവര്‍ക്കും ഒത്തു കൂടാനൊരു അവസരം എന്നേ ഇപ്പോള്‍ എല്ലാവരും അതിനെപ്പറ്റി കരുതുന്നുള്ളൂ. ഇന്നത്തെ താങ്ക്സ്ഗിവിംഗ് ഭംഗിയാക്കാന്‍ അവര്‍ ഏല്‍പ്പിച്ചത് ഡോ. വര്‍മ്മയെത്തന്നെയാണ്.

ഡോ. വര്‍മ്മ ലണ്ടനിലേയ്ക്ക് വന്നിട്ട് പത്തുകൊല്ലമേ ആയുള്ളൂ. അതിനുമുന്‍പ്‌ കാനഡയില്‍ത്തന്നെ വാന്‍കൂവറില്‍ ആയിരുന്നു പ്രാക്ടീസ്. നല്ലൊരു ഫാമിലി പ്രാക്ടീസ്, ഓഫീസ് അടക്കം വാങ്ങി ലണ്ടനിലേയ്ക്ക് പോരാന്‍ കാരണങ്ങള്‍ പലതും ഉണ്ടായിരുന്നു. മൂത്തമകന്‍ അരുണിന് അവിടെ വെസ്റ്റേന്‍ യൂനിവേര്‍സിറ്റിയില്‍ അഡ്മിഷനും കിട്ടിയിരുന്നു.

കഴിഞ്ഞ അഞ്ചുകൊല്ലങ്ങളായിട്ട് അമ്മുവിന് കൈവിരലുകള്‍ അനക്കാനാവുന്നില്ല. തൊണ്ണൂറ്റിയെട്ടുവയസ്സായ അവറാച്ചന്‍ തന്‍റെ സ്വന്തം കാര്യങ്ങള്‍ എല്ലാം കഷ്ടിച്ചു ചെയ്യുമായിരുന്നു. അമ്മുവിന്‍റെ കുപ്പായത്തിനു ബട്ടന്‍ ഇട്ടു കൊടുക്കാനും സോക്സ്‌ ഇടുവിക്കാനും തനിക്കുള്ള ബുദ്ധിമുട്ട് അവറാച്ചന്‍ പറഞ്ഞിരുന്നു.

“മോനേ, പിള്ളേച്ചാ, ഇവളുടെ കുപ്പായത്തിന്‍റെ കുടുക്ക് അഴിച്ചാണ് ശീലം. ഇപ്പോ വന്നുവന്ന് അതൊന്നിട്ടു കൊടുക്കാന്‍ വയ്യാതായി. അവള്‍ക്കാണെങ്കില്‍ വിരലുകള്‍ മടങ്ങില്ല. ഇനി എത്ര കാലമെന്ന് വച്ചാ? ആ നേഴ്സ് പെണ്ണ് വന്നു വല്ലതുമൊക്കെ ചെയ്താലും എന്‍റെ അമ്മൂന് പിടിക്കത്തില്ല.”

അപ്പച്ചന് പ്രോസ്റെറ്റ് ക്യാന്‍സറാണ്. പക്ഷെ ആള്‍ക്ക് വേദനയില്ലാത്തതുകൊണ്ട് തമാശയെല്ലാം പറയുന്നു എന്നേയുള്ളു. ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ശരിക്കും ഉണര്‍ന്നിരിക്കൂ. ബാക്കി സമയമെല്ലാം ക്ഷീണത്തില്‍പ്പൊതിഞ്ഞ  പാതി മയക്കമാണ് രണ്ടാളും. അമ്മുവിനാണെങ്കില്‍ അത്രകൂടി ജീവനില്ല. രണ്ടു മാറിടങ്ങളും കാന്‍സര്‍ വന്നു മുറിച്ചു മാറ്റിയതാണ്. ദേഹത്തിന് അവശതയൊക്കെയാണെങ്കിലും അവര്‍ എപ്പോഴും പ്രേമത്തിലാണ്. തമ്മില്‍ത്തമ്മില്‍ നോട്ടം കൊണ്ടുപോലും ഒരു വഴക്കുമില്ല. രണ്ടാളും പല്ലില്ലാത്ത വായ കാട്ടി ചിരിച്ചാണ് കിടപ്പും വര്‍ത്തമാനവുമെല്ലാം. കഴിഞ്ഞ മൂന്നുനാലു കൊല്ലമേ ആയുള്ളൂ അവര്‍ വീട്ടില്‍ നിന്നും കെയര്‍ഹോമിലെയ്ക്ക് മാറിയിട്ട്.

അവിടെയെത്തുമ്പോള്‍ കുറച്ചു ചില കണ്ടീഷനുകള്‍ മാത്രമേ അവര്‍ വച്ചുള്ളു. രണ്ടാളെയും ചേര്‍ത്തു ചേര്‍ത്തുള്ള കട്ടിലുകളില്‍ കിടത്തണം. അവര്‍ക്കായി സ്വകാര്യതയുള്ള ഒരു മുറി വേണം. അവരെ നോക്കാനായി പ്രത്യേകിച്ചൊരു ഒരു നേഴ്സുണ്ട്. അവളും മലയാളിയാണ്. അത്യാവശ്യം ബൈബിള്‍ വായിച്ച് കൊടുക്കാനും വായ്ക്ക് രുചിയായി വല്ലതും വച്ചുണ്ടാ ക്കാന്‍ പറ്റുന്ന ആരെങ്കിലും ഉണ്ടെങ്കിലേ പറ്റൂ എന്ന് അപ്പച്ചന്‍ നേരത്തേ പറഞ്ഞിരുന്നു. രണ്ടു മക്കളും ആറു ചെറുമക്കളും അവരുടെ കുട്ടികളായി രണ്ടുപേരുമാണ് ആ കുടുംബത്തിലുള്ളത്. എല്ലാവരും നല്ല നിലയില്‍. അപ്പനെയും അമ്മയേയും നോക്കാന്‍ എല്ലാവരും സമയം കണ്ടെത്തുന്നുമുണ്ട്.

“നാട്ടിലാണിപ്പോള്‍ അപ്പനേം അമ്മേം നോക്കാന്‍ ആര്‍ക്കും സമയമില്ലാത്തത്” അച്ചായന്‍ പറയാറുണ്ട്.

കഴിഞ്ഞ സമ്മറിലാണ് മാത്യുവും അന്നയും കൂടി വര്‍മ്മയുടെ ക്ലിനിക്കില്‍ വന്ന് കാര്യം അവതരിപ്പിച്ചത്. “ഡോക്ട റേ, അപ്പച്ചനും അമ്മയും ഏതാണ്ടൊക്കെ തീരുമാനിച്ചിരിക്കുന്നു. അടുത്ത താങ്ക്സ്ഗിവിംഗ് പാര്‍ട്ടി ഗംഭീരമാക്കണം എന്നാണു വാശി. അതും വീട്ടില്‍ വച്ച്, എല്ലാവരും കൂടി വേണമെന്ന്!”

“അതിനെന്താ, എല്ലാക്കൊല്ലവും അച്ചായന്‍റെ പാര്‍ട്ടിക്കായി ഞങ്ങളെല്ലാം കാത്തിരിക്കുവല്ലേ? വെജിറ്റേറിയന്‍സായ ഞങ്ങള്‍ക്കു പോലും അച്ചായന്‍റെ പാര്‍ട്ടിയാണ് ഏറ്റവും ഇഷ്ടം. അവര്‍ കെയര്‍ഹോമില്‍ പോയതില്‍പ്പിന്നെ ഒന്നോ രണ്ടോ കൊല്ലം മാത്രമേ അത് മുടങ്ങിയുള്ളൂ അല്ലേ?”

“അതിപ്പോ പിള്ളേച്ചന്‍ ഡോക്ടര്‍ എന്ന് വച്ചാല്‍ അപ്പച്ചനും അമ്മയ്ക്കും ജീവനാണ്. അത് തന്നെയാണ് ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ വരാനും കാരണം”.

“മനസ്സിലായില്ല. പാര്‍ട്ടിക്ക് ഞങ്ങളെ ക്ഷണിക്കുകയൊന്നും വേണ്ട, ഞങ്ങള്‍ നേരത്തേ അങ്ങ് എത്തിക്കൊള്ളാം.”

“അതല്ല കുമാര്‍. കഴിഞ്ഞദിവസം രണ്ടാളും കൂടി കട്ടിലില്‍ കെട്ടിപ്പിടിച്ച് കിടന്ന് കരയുന്നത് കണ്ടാണ്‌ നഴ്സ് ഞങ്ങളെ വിളിച്ചു പറഞ്ഞത്. “അച്ചായന്‍ അന്നചേച്ചിയെയും കൂട്ടി ഉടനെ വരണം” എന്ന്. ഞാന്‍ ഉടനേ ടോറോന്റ്റോയില്‍ പോയി ഇവളെ വിളിച്ചു കൂട്ടി ക്കൊണ്ടു വന്നു. രണ്ടാള്‍ക്കും പ്രായം ഇത്രേം ആയില്ലേ?. വേഗംതന്നെ അവിടെയെത്തിയപ്പോള്‍ അവര്‍ ചിരിച്ച മുഖത്തോടെയിരിക്കുന്നു. ഞങ്ങള്‍ക്ക് ദേഷ്യം വന്നു. എന്തോ അത്യാവശ്യമു ണ്ടെന്നു പറഞ്ഞിട്ട് അതാ രണ്ടാളും കൂടി ആളെ കളിയാക്കുന്നു. ഡോക്ടര്‍ക്ക് ഞങ്ങളുടെ തിരക്കുകള്‍ അറിയാമല്ലോ. യൂനിവേര്‍സിറ്റിയില്‍ ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാന്‍ ആയതില്‍പ്പിന്നെ എനിക്കാണെങ്കില്‍ തിരക്കോടു തിരക്ക്.”

“എന്നിട്ട്?”

ആദ്യം അപ്പനാണ് പറഞ്ഞത്. “എടാ മക്കളേ, എനിക്ക് വയസ്സ് നൂറിനടുത്തായി. ഇവള്‍ക്ക് തൊണ്ണൂറും കഴിഞ്ഞു. ഇവള്‍ക്ക് ഒരിരുപത് അല്ലെങ്കില്‍ മുപ്പതില്‍ക്കൂടുതല്‍ പറയുകേലാ എന്നതാണ് അവളെ നോക്കുമ്പോ ഇപ്പോഴും എന്‍റെയുള്ളിലെ ഒരു കണക്ക്. എങ്കിലും കല്യാണം കഴിഞ്ഞിട്ട് കൊല്ലം എഴുപതാണ് ആകാന്‍ പോകുന്നത്. നമ്മുടെ അടുത്ത കനേഡിയന്‍ താങ്ക്സ്ഗിവിംഗിന്‍റെ തലേ ദിവസം എഴുപത് കൊല്ലമാവും. നിന്നെയും ഇവളെയും പ്രസവിക്കാന്‍ കിടന്ന ദിവസങ്ങളില്‍ അല്ലാതെ ഞാനിവളെ പിരിഞ്ഞിട്ടില്ല. ഇങ്ങിനെ സുഖമില്ലാതെ മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്നതില്‍ ഒരു കാര്യോമില്ല. ഇവിടെയുള്ള ആ പെണ്ണ് നല്ല കൊച്ചാ. പക്ഷെ അതുകൊണ്ടായില്ല. മനസ്സ് പൊങ്ങുന്നി ടത്ത് ദേഹം പൊങ്ങുന്നില്ല. നിനക്കോടാ മത്തായിച്ചാ, നീയും വയസനായി അല്ലേ?

“അപ്പനെന്നാ ഈ നേരത്ത് വിളിച്ചു പറയുന്നത്? എന്തിനാണ് വിളിപ്പിച്ചതെന്നു പറഞ്ഞാട്ടെ.” അറുപതു കഴിഞ്ഞ മാത്യുവിന് കാര്യ മറിയാന്‍ തിടുക്കമായി.

“നമ്മുടെയാ പിള്ളേച്ചന്‍ ഡോക്ടറില്ലേ? ആ വര്‍മ്മ? അയാളോട് ഇവിടെ വരാന്‍ പറയണം. അയാള്‍ വാന്‍കൂവറില്‍ നിന്ന് ഇവിടേയ്ക്ക് വന്ന കാലത്ത് അവിടെ ഒരാളെ സഹായിച്ചു എന്ന് പത്രത്തില്‍ വന്നിരുന്നു. ലണ്ടനില്‍ വന്നു സെറ്റില്‍ ചെയ്തതോടെ അയാള്‍ അത്തരത്തിലുള്ള സഹായങ്ങള്‍ എല്ലാം നിര്‍ത്തി എന്നും കേട്ടതോര്‍ക്കുന്നു. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്ക് അയാളുടെ സഹായം വേണം. ഇനിയിങ്ങിനെ നരകിച്ച്‌ ജീവിക്കേണ്ട കാര്യമില്ല എന്നാണ് ഞങ്ങളുടെ തീരുമാനം. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും എതിര്‍പ്പൊന്നും ഉണ്ടാവില്ല. നിയമവും ഇപ്പോള്‍ അനുകൂലമാണ്. അതിനുള്ള പേപ്പറുകള്‍ ശരിയാക്കേണ്ടത് നിങ്ങളുടെ പണിയാണ്. അതിന് എതിര്‍പ്പോ ചര്‍ച്ചയോ ഒന്നും ഞങ്ങളെ തീരുമാനത്തില്‍ നിന്നും മാറ്റാന്‍ പോണില്ല. പള്ളിക്കാരേയൊന്നും അറിയിക്കേം വേണ്ട. പ്രാര്‍ത്ഥനേം കുര്‍ബാനേം ഒന്നും വലിയ ബഹളമായി വേണ്ട. താങ്ക്സ്ഗിവിംഗ് കഴിയുന്ന രാത്രി, നേരം വെളുക്കുന്നേനു മുന്‍പ് ഞങ്ങള്‍ യാത്രയാവും.”

അപ്പച്ചനോട് എതിര്‍ത്തു പറയാന്‍ വാക്കുകളില്ലാതെ മാത്യുവും അന്നയും കുഴങ്ങി. കാനഡയില്‍ വാര്‍ത്തകളില്‍ നിറയുന്ന ദയാവധം സ്വന്തം വീട്ടിലേയ്ക്ക്, അതും അപ്പനിലും അമ്മയിലും എത്തുന്നത് അവര്‍ക്ക് വിശ്വസിക്കാനായില്ല.

“ഇനിയത് നിങ്ങള്‍ ശരിയാക്കിത്തന്നില്ലെങ്കില്‍ ഞങ്ങള്‍ എങ്ങിനെയെങ്കിലും അതങ്ങ് സാധിക്കും. അതിനു മാറ്റമൊന്നുമില്ല. അല്ലേടീ? എന്ന് അമ്മയോട് പറഞ്ഞ് അവര്‍ പുഞ്ചിരിച്ചു.”

“എടാ ഞങ്ങള്‍ക്ക് ഇനി നേടാനും കൊടുക്കാനും വാങ്ങാനും ഒന്നുമില്ല. ആഗ്രഹങ്ങളായിട്ടും ഒന്നും ബാക്കി വച്ചിട്ടില്ല. ഇപ്പോഴാണെങ്കില്‍ ദേഹത്ത് ദീനമുണ്ടെങ്കിലും ഉള്ളില്‍ അല്പം വെളിവുണ്ട്. അവള്‍ക്കിട്ട്‌ ഒരുമ്മ കൊടുക്കാന്‍ ആരോടും ചോദിക്കേം വേണ്ട. ഇങ്ങിനെ പരസ്പരം നോക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ഇവിടെയിങ്ങിനെ കിടക്കാന്‍ മനസ്സില്ല. ഇനി ഇതില്‍ കൂടുതല്‍ കൊഴലും ട്യൂബും വച്ചുകെട്ടി ദേഹത്തെ അതിന്‍റെ പാട്ടിനുവിട്ടു മരിപ്പിക്കാതെ കെടന്നിട്ട്‌ എന്തിനാ?”

തികഞ്ഞ ബുദ്ധിയോടെയെടുത്ത തീരുമാനം. പണ്ടും യുക്തിയ്ക്ക് ചേര്‍ന്നമട്ടിലാണ് അപ്പച്ചന്‍റെ എല്ലാ സംഭാഷണങ്ങളും. മാത്യുവിന്‍റെ കണ്ണ് നിറഞ്ഞു. പക്ഷെ അന്നയ്ക്ക് നല്ല മനസ്സുറപ്പാണ്. അവള്‍ അപ്പച്ചന് വാക്ക് കൊടുത്തു. “പപ്പാ, വാട്ടെവര്‍ മേക്സ് യൂ ഹാപ്പി.  എങ്കിലും അപ്പച്ചാ, അപ്പച്ചന് ബ്രിട്ടീഷ് രാജ്ഞിയുടെ കയ്യില്‍ നിന്നും നൂറുവയസ്സിന്റെ ബര്‍ത്ത്ഡേ കാര്‍ഡ് കിട്ടിയേച്ച് പോയാപ്പോരേ? അതിനിപ്പോ രണ്ടു കൊല്ലംകൂടിയല്ലേ ഉള്ളൂ?”

“വേണ്ടെടീ, അമ്മൂന് കിട്ടാത്ത കൂടിയ ബര്‍ത്ത്ഡേ കാര്‍ഡൊന്നും എനിക്ക് വേണ്ട. അതിപ്പോ രാജ്ഞിയുടേതായാലും പോപ്പിന്റെയാണെങ്കിലും.”

അപ്പച്ചനും അമ്മയ്ക്കും ഡോ. വര്‍മ്മ സ്വന്തം മകനെപ്പോലെയാണ്. എന്നാലും പിള്ളേച്ചന്‍ എന്നേ വിളിയ്ക്കൂ. ആവശ്യം അറിയിച്ചപ്പോ ആദ്യംതന്നെ, “അത് ശരിയാവില്ല, അപ്പച്ചാ, ഞാനാ സര്‍വ്വീസ് നിര്‍ത്തിയാണ് വാന്‍കൂവറില്‍ നിന്നും പോന്നത്”, എന്ന് പറഞ്ഞ് ഒഴിയാനാണ് ശ്രമിച്ചത്.

അവിടെ ഫാമിലി പ്രാക്ടീസ് ചെയ്യുന്ന കാലത്ത് വളരെ ക്രിട്ടിക്കലായി കിടന്നിരുന്ന രണ്ടുപേരെ സഹായിച്ച് കഴിഞ്ഞപ്പോഴേയ്ക്ക് രോഗികളെ കൊല്ലാന്‍ നടക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍ എന്ന പേരായി ഡോ. വര്‍മ്മയ്ക്ക്. രോഗികള്‍ക്ക് അയാളുടെ ഫാമിലി ക്ലിനിക്കില്‍ വരാന്‍ മടിയായിത്തുടങ്ങി. ഓരോ കേസിനും വളരെയധികം സമയം ചെലവഴിക്കേണ്ട പണിയാണെങ്കിലും യുതനേഷ്യ ചെയ്യുന്ന ഡോക്ടര്‍ക്ക് കാനഡയിലെ മെഡിക്കല്‍ സര്‍വ്വീസസ് പ്ലാന്‍ കൊടുക്കുന്ന ഫീസ്‌ വളരെ ചെറുതാണ്. അതൊരു സര്‍വ്വീസ് ആയതുകൊണ്ട് മാത്രമായാണ് ഡോക്ടര്‍മാര്‍ യുതനേഷ്യ ചെയ്യുന്നത്. പക്ഷെ ഒരാളെ സഹായിക്കാന്‍ വേണ്ടിയെടുക്കുന്ന സമയം കൊണ്ട് സാധാരണ കണ്സല്‍ട്ടിംഗില്‍ പത്തുപന്ത്രണ്ടുപേരേയെങ്കിലും കാണാം. ന്യൂസ് പരന്നതോടെ വര്‍മ്മയുടെ ക്ലിനിക്കില്‍ തിരക്ക് കുറഞ്ഞുവന്നു. പക്ഷേ യുതനെഷ്യയ്ക്കായി പലരും വര്‍മ്മയെ സമീപിച്ചു തുടങ്ങി.

“അവിടെയുള്ള ഇന്ത്യന്‍സിന്‍റെ ഇടയിലാണെങ്കില്‍ ഒരു യമന്‍റെ സ്ഥാനമായിരുന്നു എനിക്ക്. അവിടെ ഹരേകൃഷ്ണാ ടെമ്പിളില്‍ പോകുമ്പോള്‍ ആളുകള്‍ എന്‍റെയടുക്കല്‍ വരാന്‍ മടിച്ചു. കൂട്ടുകാരാരും ഇല്ലാത്ത അവസ്ഥയായി. മകനെ സ്കൂളില്‍ വച്ച് കുട്ടികള്‍ എന്തോ പേര് വിളിച്ചു എന്ന് കേട്ടത് പിന്നീടാണ്. കുറച്ചു കാലം മുന്‍പ് ഹാലിഫാക്സിലെ ഡോ. കേര്‍വോക്കിയന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് മരണഡോക്ടര്‍ ആയിട്ടാണ്. ഒടുവിലയാള്‍ ഒറ്റപ്പെട്ടാണ് മരിച്ചത്. അന്ന് നിയമവും അയാള്‍ക്ക് അനുകൂലമായിരുന്നില്ലല്ലോ. വാന്കൂവറിലെ തന്നെ പ്രസിദ്ധനായ ഒരിന്ത്യന്‍ പ്രഫസര്‍ ഡോ. താക്കൂര്‍, ഡോ. കേര്‍വോക്കിയന്‍റെ സഹായം തേടി അമേരിക്കയിലോ മറ്റോ പോയിരുന്നു. അവിടെവച്ച് കാര്യം നടന്നതിനുശേഷമേ വീട്ടുകാര്‍ പോലും അറിഞ്ഞുള്ളു. ഏതായാ ലും സമൂഹത്തില്‍ ഒറ്റപ്പെട്ടു എന്നു തോന്നിയപ്പോഴാണ് ഇവിടെ ലണ്ടനിലേയ്ക്ക് പ്രാക്ടീസ് മാറ്റി വരാന്‍ ഒരവസരം കിട്ടിയത്. അതില്‍പ്പിന്നെ അങ്ങിനെയൊരു സര്‍വ്വീസ് ഞാന്‍ ചെയ്തിട്ടില്ല.”

“പക്ഷെ, പിള്ളേച്ചന്‍ ഡോക്ടറേ, നീയും എനിക്കൊരു മകന്‍ തന്നെയാണ്. നാട്ടില്‍ വച്ച് നിന്‍റെ അച്ഛനും അമ്മയും മരിച്ചപ്പോള്‍ കൊള്ളിവച്ചത് നിന്‍റെ മൂത്ത ചേട്ടനല്ലേ? ഇത് നിനക്കുള്ള ഒരവസരമാണെന്ന് കരുതിയാല്‍ മതി. നല്ല മനസ്സോടെ, ഞങ്ങളെ പറഞ്ഞ് വിടാന്‍ ഒരവസരമാണിത്!.” പറഞ്ഞ് തീര്‍ന്നപ്പോഴെയ്ക്ക് അപ്പച്ചന്‍ കുഴഞ്ഞുപോയി. ക്ഷീണം കൊണ്ട് കണ്ണുകള്‍ കൂമ്പിയടഞ്ഞു. അമ്മയാണെങ്കില്‍ നേരത്തേതന്നെ ഉറക്കം പിടിച്ചി രുന്നു. എങ്കിലും സംസാരത്തിനിടയ്ക്ക് നേര്‍ത്ത ശബ്ദത്തില്‍ മൂളുന്നുണ്ടായിരുന്നു.

അവര്‍ കെയര്‍ഹോമില്‍ താമസിക്കാന്‍ പോകുന്നതിനു മുന്‍പ് അപ്പച്ചനുമായി സംസാരിക്കാനുള്ള അവസരങ്ങള്‍ വര്‍മ്മ മുടക്കാറില്ല.
രണ്ടോ മൂന്നോ മാസത്തിനിടയ്ക്ക് വെറുതേ ചെന്നു കാണും. അമ്മുവിനും ഡോക്ടറെ വലിയ കാര്യമാണ്. ഓരോ തവണ കാണുമ്പോഴും അപ്പച്ചന്‍റെ സഭയിലെ ക്രിസ്റ്റോസം തിരുമേനിയെപ്പറ്റി പറയലാണ് അപ്പച്ചന് ഇഷ്ടമുള്ള വിഷയം. അവര്‍ ഒരു നാട്ടുകാരാണ്. കൂട്ടുകാരും. അപ്പച്ചനേക്കാള്‍ രണ്ടോ മൂന്നോ വയസ്സ് മൂത്തതാണ് തിരുമേനി. “ഞങ്ങളൊക്കെ കളിച്ചും കക്കണ്ടികുത്തീം നടക്കുമ്പോ, ചെറുപ്പത്തിത്തന്നെ ദൈവവിളിയു ണ്ടായ മനുഷ്യനാണ് അദ്ദേഹം. ഞങ്ങള്‍ ഫിലിപ്പ് എന്നാ വിളിക്കണത്.  സ്കൂളില്‍ പഠിക്കുമ്പോഴേ ആളൊരു കുഞ്ഞച്ചനാണ്. നല്ലൊരു ദൈവസ്നേഹി. മാത്രമല്ല നായരും നസ്രാണിയും ഈഴവനും പെലയനും എല്ലാം ഒരേ മനുഷ്യരാണെന്ന് കമ്മ്യൂണിസ്റ്റ്കാര് പറയണേനു മുന്‍പേ കണ്ടു ജീവിക്കുന്നയാളാണ് അദ്ദേഹം. നിങ്ങടെ ഭാഗവതം പറയണ ആ വല്യതിരുമേനിയൊണ്ടല്ലോ, ആ, മള്ളിയൂര്‍ തിരുമേനി. അവരൊക്കെ വല്യ കൂട്ടുകാരാ.” തിരുമേനിയുടെ തമാശകള്‍ കിട്ടിയാല്‍ ആദ്യം പിള്ളേച്ചനെ പറഞ്ഞ് കേള്‍പ്പി ക്കലായിരുന്നു അപ്പച്ചന്‍റെ മറ്റൊരു നേരംപോക്ക്.

ക്രിസ്റ്റോസം തിരുമേനിയുടെ സ്വാധീനത്തിലാണെന്ന് തോന്നുന്നു അപ്പച്ചന് നാട്ടിലെ ദേവാലയങ്ങളിലും ആശ്രമങ്ങളിലും നല്ല പിടിപാടായിരുന്നു. അവര്‍ക്കെല്ലാം കയ്യയച്ച് സംഭാവനയും നല്‍കി. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഉണ്ടാക്കിയ വമ്പിച്ച സ്വത്തിന് അവകാശികളായി രണ്ടു മക്കള്‍ മാത്രമേയുള്ളൂ. അവര്‍ക്കാണെങ്കില്‍ സ്വന്തമായി നല്ല പ്രഫഷനും സമ്പാദ്യവും ഉണ്ട്. യൂനിവേര്‍സിറ്റിയില്‍ ഒരു നല്ല തുക കൊടുക്കണം എന്നതാണ് അപ്പച്ചന്‍റെ ആഗ്രഹം. അത് വില്ലില്‍ എഴുതി വച്ചിട്ടുമുണ്ട്. മാത്യുവുമായി ചേര്‍ന്ന് വെസ്റ്റേന്‍ യൂനിവേര്‍സിറ്റിയില്‍ കുറച്ചു സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ഒരിക്കല്‍ അങ്ങിനെയിരുന്നു സംസാരിക്കുമ്പോള്‍ അപ്പച്ചന്‍ പറഞ്ഞു: “നമ്മള്‍ എന്തെങ്കിലും ചാരിറ്റിയായി സ്വത്തില്‍ നിന്നും ഒരു വീതം കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ വില്ലില്‍ വ്യക്തമായി എഴുതിവച്ച് ഭാര്യയും ഭര്‍ത്താവും കൂടി ഒപ്പിട്ട് വക്കീലിനെ ഏല്‍പ്പിക്കണം. ഏറ്റവും നല്ലത്  ജീവിച്ചിരി ക്കുമ്പോള്‍ത്തന്നെ കൊടുക്കാനുള്ളത് കൊടുക്കുകയാണ്. അല്ലെ ങ്കില്‍ ഹാലിഫാക്സിലെ ആ ദാസന്‍ മേനോന് പറ്റിയപോലെ ആവും. ആള്‍ മരിക്കും മുന്‍പ് വില്ലൊക്കെ എഴുതി വച്ചിരുന്നു. ചെറുപ്പത്തില്‍ നാട്ടില്‍ പഠിച്ചിരുന്ന പ്രൈമറി സ്കൂളില്‍ ഇപ്പോഴും നല്ലൊരു ബാത്ത്‌റൂമില്ല എന്നറിഞ്ഞപ്പോള്‍ മേനോന്‍ ഒരു മുപ്പതി നായിരം ഡോളര്‍ സംഭാവനയായി മരണശേഷം ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കാന്‍ വേണ്ടി വില്ലില്‍ എഴുതി വച്ചിരുന്നു. അതുപോലെ രണ്ടോ മൂന്നോ ചാരിറ്റികള്‍ വേറെയും ഉണ്ടായി രുന്നു. നാലഞ്ച് മില്യന്‍ സ്വത്തുള്ള ആളാണ്‌ കേട്ടോ. പക്ഷെ മരിച്ചുകഴിഞ്ഞപ്പോള്‍ ആ വില്ലില്‍ പറഞ്ഞ സംഭാവനയൊന്നും കൊടുക്കാന്‍ ഭാര്യയും മകളും സമ്മതിച്ചില്ല. അതൊക്കെ അനാവശ്യമാണത്രേ. കേസ് പറഞ്ഞ് ആ തുക വാങ്ങാന്‍ ചെര്‍പ്പുളശ്ശേരിയിലെ ആ ചെറിയ സ്കൂളില്‍ നിന്നും ആരു വരാനാണ്? മേനോന്‍ മരിച്ച വിവരമറിഞ്ഞപ്പോള്‍ സ്കൂളിലെ ഹെഡ്മാഷ്‌ കത്തെഴുതുകയോ മറ്റോ ചെയ്തു. അത്രതന്നെ. അവിടെ ഹാലിഫാക്സില്‍ റിയല്‍ എസ്റ്റേറ്റ് പണി ചെയ്യണ എന്‍റെയൊരു ഒരനന്തിരവന്‍ ചെക്കനൊണ്ട്. അവനാണ് ഈ കഥ പറഞ്ഞത്. അവരുടെ എസ്റ്റേറ്റ് വില്പന അവനാണല്ലോ കൈകാര്യം ചെയ്തത്. അതുകൊണ്ട് എന്‍റെ വില്ലൊക്കെ നന്നായി മുറുക്കിത്തന്നെയാണ് ഞാന്‍ കെട്ടി വെച്ചേക്കുന്നത്."
                     
“ഉറിയിക്കെടക്കണ വെണ്ണ കൊരങ്ങന്മാരും കൂട്ടുകാരുമടക്കം എല്ലാവര്‍ക്കും വീതിച്ചു കൊടുക്കണ ശ്രീകൃഷ്ണനെപ്പറ്റി ക്രിസ്റ്റോസം തിരുമേനി പറയുന്നതെന്നതാന്നു പിള്ളേച്ചന് മനസ്സിലായിട്ടൊണ്ടോ? അത്, സ്വത്തൊന്നും ഇങ്ങിനെ കെട്ടിപ്പിടിച്ച് ഇരിക്കാനുള്ളതല്ല, മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടാന്‍ ഉള്ളതാണ് എന്നാണ്. അതില്‍ ജാതിയും മതവുമൊന്നും നോക്കേണ്ട കാര്യമില്ല. സത്യം ഒന്ന് മാത്രം. അതിനെ ആളുകള്‍ പല പല നിറത്തിലുള്ള കണ്ണാടിയില്‍ക്കൂടി നോക്കി പറയുവാണ് എന്‍റെ ദൈവം നീല, ചുവപ്പ് എന്നൊക്കെ. എല്ലാം മായയല്ലേ! ഒരാള് തന്നെ പലര്‍ക്കും പലതാണ്. ഒരാള്‍ക്ക് അപ്പന്‍, മറ്റൊരാള്‍ക്ക് ഭര്‍ത്താവ്, മറ്റൊരാള്‍ക്ക് ആങ്ങള, അങ്ങിനെയങ്ങിനെ. എന്നാ ഞാന്‍ അത് വല്ലോമാണോ? അതല്ലതാനും! അല്ലെങ്കില്‍ അതിനൊക്കെ മുകളില്‍ എന്തോ ആണ്. അതാണ്‌ ദൈവത്തിന്റെയും സ്ഥിതി.”

ആ അപ്പച്ചനാണ് പറയുന്നത് – “ഞങ്ങള്‍ക്ക് കൊള്ളിവച്ച് സന്തോഷത്തോടെ പറഞ്ഞയക്കാന്‍”. പണ്ടൊരിക്കല്‍ ഹിന്ദു വിശ്വാസങ്ങളെപ്പറ്റിയും പുനര്‍ജന്മത്തെപ്പറ്റിയും അവറാച്ചന്‍ വര്‍മ്മയോട് ചോദിച്ചിരുന്നു. അപ്പോഴാണ്‌ പണ്ട് ഭാഗവതത്തില്‍ വായിച്ച  ചിത്രകേതൂപാഖ്യാനം അപ്പച്ചന് പറഞ്ഞ് കൊടുത്തത്. പുരാണകഥകള്‍ കേള്‍ക്കാന്‍ വയസ്സ് കാലത്തും അപ്പച്ചന് ഉത്സാഹമായിരുന്നു.

“പണ്ടൊന്നും ഞങ്ങള്‍ നസ്രാണിമാര് പുരാണമൊന്നും വായിക്കത്തില്ല. ബൈബിളുപോലും ഒന്നോടിച്ചു വായിച്ചെങ്കിലായി. പിന്നെ അമ്പലത്തില്‍ പൂരക്കാലത്ത് കളിക്കണ ബാലെ കണ്ടാണ്‌ രാമയണകഥയൊക്കെ ഏതാണ്ട് മനസ്സിലായത്. പിള്ളേച്ചന്‍ ചിത്രകേതൂനെപ്പറ്റി പറഞ്ഞാട്ടെ”

“ചിത്രകേതു എന്ന് പേരുള്ള പ്രശസ്തനായ ഒരു രാജാവിന് കുട്ടികൾ ഉണ്ടായിരുന്നില്ല. രാജ്യാവകാശിയായി ഒരു പുത്രനുണ്ടാവാൻ രാജാവ് പല പൂജകളും ചെയ്തു. തപസ്സും ചെയ്തു. പക്ഷെ ഒന്നും ഫലം കണ്ടില്ല. ഒടുവിൽ രാജാവ് കുലഗുരുവായ അംഗിരസ്സിനെ സമീപിച്ചു.  വിപുലമായ ഒരു യാഗം ചെയ്താൽ രാജാവിന് പുത്രഭാഗ്യം ഉണ്ടാവുമെന്ന് ഗുരു ഉറപ്പു നൽകി.  ഒടുവിൽ രാജാവിന്‍റെ പ്രിയപത്നിയായ ചെറുപ്പക്കാരിക്കാണ് പ്രസവിക്കാനുള്ള ഭാഗ്യമുണ്ടായത്. രാജ്ഞി ഒരോമനക്കുഞ്ഞിനു ജന്മം നൽകി. രാജാവ് പുത്രലാഭത്തിൽ മതിമറന്ന് രാജ്ഞിയുമായി സുഖിച്ചു കഴിഞ്ഞു.  കുഞ്ഞ് നാട്ടിലും കൊട്ടാരത്തിലും കണ്ണിലുണ്ണിയായി വളർന്നു.

പക്ഷേ മറ്റു പത്നിമാർ അവളിൽ അസൂയമൂത്ത് ആ ശിശുവിനെ വിഷം കൊടുത്ത് കൊന്നുകളഞ്ഞു. രാജാവിന്‍റെ സങ്കടം അതിരുകവിഞ്ഞു.
അദ്ദേഹം വീണ്ടും അംഗിരസ്സ് മുനിയെ സമീപിച്ചു.

“എന്‍റെ മകനെവിടെപ്പോയി? അങ്ങാണ് എനിക്കവനെ തന്നത്. ഇനിയവനെ തിരിച്ചു കിട്ടാനും അങ്ങെന്നെ സഹായിക്കണം”  എന്നദ്ദേഹം മുനിയെ നിർബ്ബന്ധിച്ചു.

മുനി രാജാവിനോടു് ജനനമരണചക്രത്തിന്‍റെ ഗതിവിഗതികളെപ്പറ്റി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷേ രാജാവിന് മകനെ തിരിച്ചു കിട്ടണം എന്ന വാശിയായിരുന്നു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ മഹർഷി മരിച്ചു കിടന്ന രാജകുമാരന്‍റെ ദേഹത്ത് കുറച്ചു വെള്ളം കുടഞ്ഞു മന്ത്രം ചൊല്ലി ജീവനുണർത്തി. രാജാവ് സ്നേഹവായ്പോടെ കുമാരനെ ആലിംഗനം ചെയ്യാൻ ഓടിച്ചെന്നു. കുമാരൻ അദ്ദേഹത്തെ തടഞ്ഞുകൊണ്ട് തികച്ചും അപരിചിതമായ ഭാവത്തിൽ ചോദിച്ചു.

“ആരാണ് നിങ്ങളൊക്കെ? എന്തിനാണെന്നെ അങ്ങ് ആലിം ഗനം ചെയ്യുന്നത്?”

“ഞങ്ങള്‍ നിന്‍റെ അച്ഛനും അമ്മയുമാണ്. മോനേ, ഇത് നിന്‍റെ രാജ്യമാണ്" എന്നൊക്കെ കേട്ടിട്ടും രാജകുമാരന്‍ തീരെ താല്‍പ്പര്യമില്ലാതെ നിന്നു.
രാജാവാകെ അമ്പരന്നു. കുമാരൻ തുടര്‍ന്നു: “എനിക്കിതിനു മുൻപ് അനേകം ജന്മങ്ങൾ ഉണ്ടായിട്ടുണ്ട്. അവയില്‍ അനേകം  മാതാപിതാക്കളും പല ബന്ധങ്ങളും അപ്പോഴൊക്കെ ഉണ്ടായിട്ടുമുണ്ട്.  അതുകൊണ്ട് നിങ്ങൾ ആരെന്ന് എനിക്ക് തിരിച്ചറിയാൻ ആവുന്നില്ല. ഓരോ ജന്മങ്ങളിലെയും താൽക്കാലികമായ ബന്ധങ്ങൾ മാത്രമാണവ എന്ന് ഞാനറിയുന്നു.  അല്ലെങ്കിൽ പ്രകൃതി യിലുള്ള എല്ലാമെല്ലാമായി നാം സദാ ബന്ധപ്പെട്ടിരിക്കുന്നു എന്നും പറയാം. അതിൽ മനുഷ്യർ മാത്രമല്ലാ പക്ഷിമൃഗാദികളും ചെടികളും മലകളും എല്ലാം പെടും. വെറും ഒരു ജന്മത്തിലെ ബന്ധത്തിന് മാത്രമായി ഞാൻ എങ്ങിനെ വില കൽപ്പിക്കും?. ഞാൻ പോകുന്നു. ഞാനെന്‍റെ എന്‍റെ യാത്ര തുടരട്ടെ.”

“അപ്പോ, ഡോക്ടര്‍ പറഞ്ഞ് വരുന്നത് ജീവൻ ശരീരത്തിൽ നിന്നു വേർപെട്ടശേഷം അന്ത്യമവിധിക്കായി കാത്തിരുന്ന് വിശ്രാന്തിയടയുന്നുവെന്നും ഒടുവിൽ നന്മതിന്മകളുടെ അടിസ്ഥാനത്തിൽ സ്വർഗ്ഗത്തിലോ നരകത്തിലോ സ്ഥിരവാസം കിട്ടുന്നു എന്നുമുള്ള ക്രിസ്തീയ വിശ്വാസം ശരിയല്ല എന്നാണോ?” എന്നായി അപ്പച്ചന്‍.

“അല്ലല്ല, അന്തിമവിധിക്കായി കാത്തിരിക്കുന്ന കല്ലറ എന്ന് പറയുന്നത് ദേഹി പാര്‍ക്കുന്ന ഓരോരോ ദേഹങ്ങള്‍ ആയിക്കൂടെ? ദേഹമെന്ന കല്ലറയില്‍ അടക്കപ്പെട്ട ജീവനല്ലേ, ഓരോ ജീവിയും? അതില്‍ മനുഷ്യദേഹവും മറ്റു ജന്തുക്കളുടെ ദേഹവും അചരങ്ങളായവയും ഒക്കെ ആവാം. അല്ലേ? അങ്ങിനെ നിത്യശാന്തിക്കായി ഓരോരോ ജന്മങ്ങള്‍ എടുത്ത് മുന്നോട്ടു പോയിപ്പോയി ‘ഞാനും എന്‍റെ പിതാവും ഒന്ന്’ എന്ന ഒരു തലത്തില്‍ എത്തിച്ചേരുന്ന ജീവനെപ്പറ്റി അപ്പച്ചന്‍ ആലോചിച്ചിട്ടുണ്ടോ? അതല്ലേ ജീവന്‍റെ ശരിയായ ഉയിര്‍ത്തെഴുന്നേല്‍പ്പ്? യേശു ‘ഞാനും എന്‍റെ പിതാവും ഒന്ന്’ എന്ന് പറഞ്ഞിട്ടില്ലേ അപ്പച്ചാ?”

“പിള്ളേച്ചന്‍ ഡാക്ടറേ, എന്‍റെ ആലോചനയൊന്നും അത്രയ്ക്ക് കടന്നു പോയിട്ടില്ല. ഈ ജീവിതം കഴിഞ്ഞാല്‍ കര്‍ത്താവില്‍ നിദ്ര, എന്നതേ ഞാന്‍ മനസ്സില്‍ കണ്ടിട്ടുള്ളു. പക്ഷെ ഇത് കൊള്ളാമല്ലോ! ആലോചിക്കാനും ആനന്ദിക്കാനും എത്രയെത്ര കാര്യങ്ങളാണീ ലോകത്ത്! അതെ. ഞാനും എന്‍റെ പിതാവും ഒന്ന്.”

അമ്മു അമ്മച്ചി എല്ലാം കേട്ടിരിക്കാറാണ് പതിവ്. പക്ഷെ എല്ലാം മനസ്സിലാക്കിയതുപോലെയൊരു ചിരിയില്‍ എല്ലാം ഒതുക്കും. സ്വച്ഛന്ദമൃത്യു എന്ന ആശയം അപ്പച്ചനെപ്പോലെ തന്നെ അമ്മച്ചിക്കും പ്രിയമായിരിക്കുന്നു. ദേഹത്തെ കൊണ്ട്നടക്കാന്‍ ദേഹിക്കിനി വയ്യ എന്ന് വിളിച്ചു പറയുന്നതുപോലെയാണ് അമ്മയുടെ കിടപ്പ്. “ഒന്നും ആലോചിക്കാനില്ല മോനേ, പോക്ക് മുന്നോട്ടു തന്നെ.”

ഒടുവില്‍ ഡോ. വര്‍മ്മ ആ ദൌത്യം ഏറ്റെടുത്തു. മിനിസ്റ്റീരിയല്‍, മെഡിക്കല്‍, ജുഡിഷ്യല്‍ എന്ന് വേണ്ട എല്ലാ അപ്രൂവല്‍ പ്രോസസ്സിനും ഡോക്ടര്‍ എന്ന നിലയ്ക്ക് സര്‍ട്ടിഫിക്കറ്റു നല്‍കി. അവരുടെ ഫാമിലി ഡോക്ടര്‍ എന്ന ഉത്തരവാദിത്വം ഏറ്റെടുത്തു. അതിനു മുന്‍പ് അവര്‍ക്കായി തലവേദനയ്ക്കുള്ള ഒരു ചെറുമരുന്ന് പോലും വര്‍മ്മ കുറിച്ച് കൊടുത്തിട്ടില്ല.
ഇപ്പോളിതാ ഇതാണ് ഏറ്റവും വലിയ മരുന്ന്. ‘ദയാവധത്തിനുള്ള പെര്‍മിറ്റ്‌ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാനുള്ള അവകാശം രോഗിയ്ക്ക് ഉണ്ടെന്ന്’ അവര്‍ക്ക് വിശദീകരിച്ചു കൊടുത്തപ്പോള്‍ അപ്പച്ചന്‍റെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.

“ഇതൊക്കെ വെറും ഫോര്‍മാലിറ്റിയല്ലേ? ജീവിതത്തോടു മുഴുവന്‍, ലോകത്തോട്‌ മുഴുവന്‍ നന്ദി പറയാനുള്ള അവസരമായി അടുത്ത താങ്ക്സ്ഗിവിംഗ് ദിവസം നമ്മള്‍ തീരുമാനിച്ചു കഴിഞ്ഞു എന്ന് ആ നിയമത്തിനു മനസ്സിലാവുന്നതെങ്ങിനെ?”

മാത്യുവും അന്നയും അവരവരുടെ കുടുംബങ്ങളെ കാര്യം പറഞ്ഞ് മനസ്സിലാക്കി. മുതിര്‍ന്ന കുട്ടികളോട് മാത്രം ഡോ. വര്‍മ്മയെ വിളിച്ച കാര്യം അറിയിച്ചു. നിയമാനുസൃതം ആണെങ്കിലും കുടുംബത്തിനു മാത്രമറിയാവുന്ന രഹസ്യമായി അത്. ഡോ. വര്‍മ്മയും അദ്ദേഹത്തിന്‍റെ ക്ലിനിക്കിലെ നേഴ്സു മല്ലാതെ കുടുംബത്തിനു വെളിയില്‍ മറ്റാരും അറിയണ്ട എന്നായിരുന്നു തീരുമാനം.

എഴുപതാം കല്യാണവാര്‍ഷികം പ്രമാണിച്ച് കെയര്‍ഹോമില്‍ നിന്നും വീട്ടിലേയ്ക്ക് വരുന്നതിന്‍റെ ആഘോഷവും താങ്ക്സ്ഗിവിംഗും ചേര്‍ത്ത് ഒരു പാര്‍ട്ടിക്കായാണ് എല്ലാവരേയും ക്ഷണിച്ചത്. അതിനു രണ്ടു ദിവസം മുന്‍പ് അപ്പച്ചനേയും അമ്മയെയും അവര്‍ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. പാര്‍ട്ടിയുടെ തലേ ദിവസം തന്നെ ആറു കുഞ്ഞ് മക്കളും അവരുടെ രണ്ടു കുഞ്ഞുങ്ങളും വല്യപ്പൂപ്പനെയും അമ്മൂമ്മയെയും കാണാന്‍ എത്തിയിരുന്നു.

കുടുംബത്തില്‍ സ്ഥിരമായി വായിക്കാറുള്ള ബൈബിള്‍ കട്ടിലിനു സമീപം വച്ചു. അപ്പച്ചന് മുടിവെട്ടാനും ഷേവ് ചെയ്യാനും സ്പെഷല്‍ റിക്ക്വസ്റ്റ് അനുസരിച്ച് അടുത്തുള്ള സലൂണില്‍ നിന്ന് ആള്‍ വന്നു. അമ്മുമ്മയ്ക്ക് സ്പെഷല്‍ ട്രീറ്റായി ചെയ്യാറുള്ള മാനിക്യൂറും പെഡിക്യൂറും ചെയ്യിപ്പിക്കാന്‍ അപ്പുപ്പന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. രാവിലെ തന്നെ രണ്ടാളെയും കുളിപ്പിച്ചൊരുക്കാന്‍ ഹോമില്‍ നിന്നു തന്നെ ആളെത്തി.

നേഴ്സ് കെയര്‍ഹോമില്‍ നിന്നും രണ്ടാള്‍ക്കും ഐവി കുത്തി വയ്ക്കാനുള്ള സെറ്റ് കൊടുത്തിരുന്നു. അവിടെയും അതിലൂടെയാണ് രണ്ടാള്‍ക്കും മരുന്ന് കൊടുത്തിരുന്നത്. ആ രണ്ടു സെറ്റുകള്‍ അങ്ങിനെ തന്നെ ബെഡിനു സമീപം വച്ചിരുന്നു. അമ്മുവിന് ഭക്ഷണം വായിലൂടെ കഴിക്കാന്‍ ആവാത്തതുകൊണ്ട് അതിനായി വയറ്റിലേയ്ക്ക് നേരിട്ടൊരു ട്യൂബിലൂടെയായിരുന്നു ദിവസവും ഫീഡിംഗ്. വല്ലപ്പോഴും അപ്പച്ചന്‍ വായില്‍ ഇറ്റിച്ച് കൊടുക്കുന്ന മധുരമുള്ള വീഞ്ഞ് മാത്രം അമ്മച്ചി സ്വാദുനോക്കിയെന്നപോലെ നുണഞ്ഞ് പുഞ്ചിരിക്കാറുണ്ട്.

വര്‍മ്മ എല്ലാ പേപ്പറുകളും തയ്യാറാക്കി നേഴ്സിനെയും മാത്യുവിനെയും അന്നയെയും കാണിച്ചു. ഉച്ചസമയത്തുതന്നെ വന്ന് അപ്പച്ചനെയും അമ്മയെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ഇനി ആഗ്രഹങ്ങള്‍ ബാക്കിയൊന്നുമില്ല എന്നവര്‍ തീര്‍ത്ത്‌ പറഞ്ഞു. സ്വമനസ്സാലെയാണ് ഈ തീരുമാനത്തില്‍ എത്തിയതെന്ന് അവര്‍ ആവര്‍ത്തിച്ചു. അത് ഡോക്ടര്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തെടുത്തു. വര്‍മ്മ അവരുടെ കൈകള്‍ തന്‍റെ തലയില്‍ പിടിച്ചു വച്ചു. “അപ്പച്ചാ, അമ്മച്ചീ, അനുഗ്രഹിക്കണേ”

പാര്‍ട്ടിക്ക് ആളുകള്‍ വരുന്നതിനു മുന്‍പ് മക്കളും കൊച്ചുമക്കളും ചേര്‍ന്ന് അവര്‍ പണ്ട് ഒന്നിച്ചു പാടാറുള്ള പ്രാര്‍ത്ഥനകള്‍ പാടി കൈപിടിച്ച് അപ്പച്ചനും അമ്മച്ചിക്കും ചുറ്റുംനിന്നു. ഡോ വര്‍മ്മയും ഭാര്യ ദേവിയും വന്ന് അപ്പച്ചന്‍റെയും അമ്മയുടെയും  അനുഗ്രഹങ്ങള്‍ വാങ്ങി.

ഡോ.വര്‍മ്മയോട് അപ്പച്ചന്‍ പറഞ്ഞു: “പിള്ളേച്ചന്‍ ഡോക്ടറെ, വിളഞ്ഞു മുറ്റിയ കുമ്പളങ്ങ ഒരു വിഷമവുമില്ലാതെ അതിന്‍റെ വള്ളിയേന്നു വേര്‍പെട്ടു പോകുന്നേനെപ്പറ്റിയൊരു മന്ത്രമില്ലേ, അതൊന്നു പാടിക്കേ” എല്ലാവരും കട്ടിലുകള്‍ക്ക് ചുറ്റും കൂടി നില്‍ക്കെ, വര്‍മ്മയും ദേവിയും “ത്രയംബകം യജാമഹെ സുഗന്ധിം പുഷ്ടിവര്‍ദ്ധനം ഉര്‍വ്വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്.....” എന്ന മഹാമൃത്യുന്ജയം ചൊല്ലി. ചുറ്റും നിന്ന കുട്ടികള്‍ക്കായി അതിന്‍റെ അര്‍ത്ഥം പറഞ്ഞ് കൊടുത്തു. മുറിയില്‍ അങ്ങിങ്ങായി ചില തേങ്ങലുകള്‍ അധികം ഒച്ചയില്ലാതെ കേട്ടു.

അപ്പോഴേയ്ക്കും ബന്ധുക്കളും സുഹൃത്തുക്കളും എത്തിത്തുടങ്ങി. പാര്‍ട്ടി. വലിയൊരു കേക്കും, പലതരം വൈനുകളും ഭക്ഷണസാധനങ്ങളും നിറഞ്ഞു. പക്ഷെ ഡോ. വര്‍മ്മയ്ക്ക് ഇന്ന് ഉണ്ണാവ്രതമായിരുന്നു. ജലപാനം മാത്രമേയുള്ളൂ. ദേവിയും പറഞ്ഞു: “ഞാനുമിന്നു വ്രതമെടുക്കാം”. പാര്‍ട്ടിക്ക് വന്നവരോട് കുശലം പറഞ്ഞ് വര്‍മ്മയും ദേവിയും നേരത്തെതന്നെ വീട്ടിലേ യ്ക്ക് പോകാന്‍ തീര്‍ച്ചയാക്കി.

അപ്പച്ചനും അമ്മച്ചിയും ഉറക്കത്തിലേയ്ക്ക് വഴുതി വീഴും മുന്‍പ് വര്‍മ്മയെ നോക്കി പുഞ്ചിരിച്ചു. അപ്പച്ചന്‍ വലം കയ്യിലെ തള്ളവിരല്‍ തമ്പ്സ്അപ് എന്ന് കുറച്ച് ഉയര്‍ത്തിക്കാണിച്ചു.

രണ്ടാളും അവര്‍ക്കിഷ്ടപ്പെട്ട വേഷങ്ങളില്‍ ആയിരുന്നു. അപ്പച്ചന്‍ ഒരു മുണ്ടും ചെറുകസവുള്ള ഒരു നേരിയതും ഉടുത്തിരുന്നു. അമ്മച്ചി ഒരു സെറ്റ്മുണ്ട് ചുറ്റി ഉടുത്തതുപോലെ മേലിട്ട് സുന്ദരിയായിരുന്നു. അപ്പച്ചന്‍റെ ഇടത്തെക്കയ്യ് അമ്മച്ചിയുടെ വലത്തെ കയ്യില്‍പ്പിടിച്ചിരുന്നു. വര്‍മ്മ വീട്ടിലേയ്ക്ക് മടങ്ങി. മാത്യുവിനോട് ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞിരുന്നു.

പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോള്‍ ഡോക്ടര്‍ തിരികെ വന്നു, നാലുമണി കഴിഞ്ഞിരിക്കുന്നു. രണ്ടാളും നല്ല ഉറക്കത്തിലാണ്. ഹോമിലെ നേഴ്സിനു പകരം ഡോക്ടറുടെ ക്ലിനിക്കില്‍ നിന്നും ഒരു സീനിയര്‍ നേഴ്സാണ് കൂടെ വന്നത്. മാത്യുവും അന്നയും മുറിയില്‍ നിന്നും കണ്ണ് തുടച്ച് ഇറങ്ങി പ്പോയി. ഡോ.വര്‍മ്മ നഴ്സിനോട് രണ്ടാളുടെയും പള്‍സും ടെമ്പറെച്ചറും നോക്കി എഴുതിവക്കണം എന്നോര്‍മ്മിപ്പിച്ചു.

നേഴ്സ് മരുന്നും രണ്ടു ഡിസ്പോസബിള്‍ സിറിഞ്ചുകളും ഡോക്ടര്‍ക്ക് നല്‍കി. രണ്ട് ഐവി സെറ്റുകളിലും വര്‍മ്മ ഡിസ്റ്റില്‍ഡ് ജലം നിറഞ്ഞ കുപ്പികള്‍ വച്ചു. മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ച ആ മരുന്ന് ഐവിയിലേയ്ക്ക് ഇഞ്ചെക്റ്റ് ചെയ്യാനായി രണ്ടു സിറിന്‍ജുകളില്‍ നിറച്ചു തയ്യാറാക്കി വച്ചു.

ഡോ വര്‍മ്മ പ്രാര്‍ത്ഥനയോടെ ഒന്ന് കണ്ണടച്ചു. പിന്നീട് അവിടെത്തന്നെ നിലത്തിരുന്ന് തന്‍റെ ഐഫോണില്‍ സേവ് ചെയ്തിരുന്ന രാമായണം ശബ്ദമില്ലാതെ വായിച്ചു. വനത്തില്‍ വച്ച് ഭരതനില്‍നിന്നും ദശരഥന്‍റെ മരണവൃത്താന്തമറിഞ്ഞ രാമന്‍ വിലപിക്കുന്നു. താനാണ് അച്ഛന്‍റെ മരണത്തിനുത്തരവാദി എന്ന് പറഞ്ഞ് കരയുന്ന ഭരതനെ രാമന്‍ സമാധാനിപ്പിക്കുന്നു. “മാറി മാറി വരുന്ന ദേഹത്തെപ്പറ്റി നാം വ്യാകുലപ്പെടുന്നതെന്തിനാണ്? എങ്കിലും മനുഷ്യനെന്ന നിലയില്‍ തെറ്റില്‍ വീഴാനും ഒടുവില്‍ കണ്ണീരണിയാനും നാം വിധിക്കപ്പെട്ടിരിക്കുന്നു.”

നേഴ്സ് പെട്ടെന്നു ഡോക്ടറോട് പറഞ്ഞു: “ഡോ. വര്‍മ്മ, നോക്കൂ അപ്പച്ചന്‍റെ പള്‍സ് കിട്ടുന്നില്ല. ടെമ്പറെച്ചര്‍ വളരെ താഴ്ന്നിരിക്കുന്നു.”

വര്‍മ്മ രണ്ടാളുടെ മുഖത്തേയ്ക്കും സൂക്ഷിച്ചു നോക്കി. പ്രശാന്തമായ ഉറക്കം. പിന്നെ അപ്പച്ചന്‍റെ കഴുത്തില്‍ വിരല്‍ തൊട്ടു പള്‍സ് ചെക്ക് ചെയ്തു. നെഞ്ചില്‍ സ്തെതസ്ക്കോപ്പ് വച്ചു നോക്കി. ഇല്ല, ഇനിയും സ്പന്ദിക്കാന്‍ ആ നാഡികള്‍ക്കാവില്ല. പിന്നെ അമ്മച്ചിയെയും പരിശോധിച്ചു. ആ ചലനവും താനേ നിന്നിട്ട് കുറച്ചു നേരമായിരിക്കുന്നു. രണ്ടാളും ജീവന്‍റെ വള്ളിയുടെ അവസാന കെട്ടും സ്വച്ഛന്ദമായി അഴിച്ചു വിടുവിച്ച് ഒരുമിച്ചു കടന്നു പോയിരിക്കുന്നു. 

നേരം വെളുക്കുന്നതിനു മുന്‍പ് ഡോക്ടര്‍ വര്‍മ്മ തന്നെ ആംബുലന്‍സ് വിളിച്ചു പറഞ്ഞു. പരസ്പരം കൈ പിടിച്ചു കിടക്കുന്ന രണ്ടു ദേഹങ്ങളും വേര്‍പെടുത്താന്‍ പാരാമെഡിക്കല്‍ സ്റ്റാഫിനു കുറച്ചു വിഷമിക്കേണ്ടിവന്നു.

 എത്ര ശ്രമിച്ചാലും ആര്‍ക്കും മായ്ക്കാനാവാത്ത പുഞ്ചിരികള്‍കൊണ്ട് അപ്പച്ചനും അമ്മച്ചിയും ലോകത്തോടുള്ള നന്ദി പ്രസരിപ്പിച്ചുകൊണ്ടേ യിരുന്നു.