Saturday, April 11, 2015


“മോക്ഷമുഗലദാ...” - by Dr. Sukumar Canada


കഥ കേസരി ആഴ്ചപ്പതിപ്പില്‍ (27 മാര്‍ച്ച് 15)
................................
“എന്താ മനസ്സിൽ? യാത്രയെല്ലാം മതിയാക്കണം എന്നുണ്ടോ?” ഗുരുജി ചോദിക്കുന്നു.

“ഭീതിയ്ക്കു സ്ഥാനമില്ല പ്രീതിയ്ക്കാണു സ്ഥാനം. സ്വന്തം പ്രീതി. അതന്യനു നല്കേണ്ടതില്ല. അന്യർക്കു വേണമെങ്കിൽ എടുക്കാൻ നാമിടം കൊടുക്കണം അത്രമാത്രം. അതിനു മാത്രമേ മറ്റുള്ളവർക്ക് ഇടം കൊടു ക്കാവൂ”.

കണ്ണിൽ നിന്നു വായിച്ചറിഞ്ഞപോലെ ഗുരു പറഞ്ഞു.
യാത്ര തുടങ്ങിയതിനെപ്പറ്റി അദ്ദേഹമൊന്നും ചോദിച്ചില്ല. താനായിട്ട് എന്തുപറയാനാണ്‌?

.............................
കഥ ഈ ലിങ്കില്‍ ഉണ്ട്.

pdf document: Mokshamugalada scan.PDF



Magazine link: page 52http://kesariweekly.com/eweekly/2015/2015Mar27/index.html

Saturday, March 7, 2015

ശാസ്ത്രസാന്നിദ്ധ്യം - പ്രാചീന സംസ്കൃതഗ്രന്ഥങ്ങളില്‍

ഡോ. ഏ. പി. സുകുമാര്‍, കാനഡ



ഏതൊരു സൃഷ്ടിയുടെയും കണ്ടുപിടുത്തത്തിന്റെയും ആരംഭം കുറിക്കുന്നത് അവയെക്കുറിച്ച് ഒരുവന്‍ സ്വപ്നം കാണുന്നത് മുതലാണ്‌. പലപ്പോഴും നിസ്തന്ദ്രമായ പ്രവര്‍ത്തനങ്ങളുടെ അവസാനമാകാം ആ ഒരു സ്വപ്നം നല്ലൊരു സങ്കല്പ്പമായി ഉരുത്തിരിഞ്ഞു മനുഷ്യോപകാരപ്രദങ്ങളായ കണ്ടുപിടുത്തങ്ങളും മറ്റുമാവുക. എന്നാല്‍ ആ സ്വപ്നം മുഴുവനുമായും പ്രായോഗികതലത്തിലെത്തിച്ചാല്‍ മാത്രമേ അതിനൊരു സൃഷ്ടിയുടെ സ്ഥാനം അല്ലെങ്കില്‍ പ്രാധാന്യം നല്‍കൂ എന്നുള്ളത് പരിമിതമായ ബുദ്ധിയുടെ വെറും പിടിവാശി മാത്രമാണെന്ന് തോന്നുന്നു. പത്താം ക്ലാസ്സുവരെ പഠിച്ച ശാസ്ത്രത്തിന് യോജിച്ച കാര്യങ്ങളേ അംഗീകരിക്കൂ എന്ന് പറഞ്ഞാൽ അതും ഒരന്ധവിശ്വാസം തന്നെയെന്ന് പറയേണ്ടിവരും.  ലിറ്റ്മസ് ടെസ്റ്റ് തലത്തിൽ നിന്നും ഉയർന്നു ചിന്തിക്കാൻ കഴിഞ്ഞാൽ മാത്രമേ ഉയർന്ന തലത്തിലുള്ള ശാസ്ത്രം പഠിക്കാൻ കഴിയൂ. 
പറഞ്ഞു വരുന്നത് വേദങ്ങളിലും മറ്റു പ്രാചീന ഭാരതീയഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന ശാസ്ത്രസത്യങ്ങളെയും ‘കണ്ടുപിടുത്തങ്ങളെയും’ കുറിച്ചാണ്. അവയില്‍പ്പറയുന്ന തെല്ലാം ഇപ്പോള്‍ പ്രവൃത്തിയില്‍ ആവര്‍ത്തിച്ചു കാണിച്ചുകൊടുക്കാനുള്ള അറിവ് ഇന്നത്തെ ശാസ്ത്രത്തിനുണ്ടാകണമെന്നില്ല. എന്നാല്‍ അവയില്‍ പ്രതിപാദിക്കപ്പെട്ടി ട്ടുള്ള ശാസ്ത്രങ്ങളിലെ ‘സാദ്ധ്യതാസാന്നിദ്ധ്യത്തെ’ തള്ളിക്കളയാന്‍ എന്നിലെ ശാസ്ത്രബുദ്ധി അനുവദിക്കുന്നില്ല. അല്ലെങ്കിലും പുതുശാസ്ത്രങ്ങള്‍ പലതും സാദ്ധ്യതകളെപ്പറ്റിയുള്ള പഠനങ്ങള്‍ തന്നെയാണല്ലോ. 
കുറച്ചു നാൾ മുൻപ് ത്രിപുരയിലെ മുഖ്യമന്ത്രി പുരാണകാലത്തെ ‘ഇന്റര്‍നെറ്റ്’ സാങ്കേതികവിദ്യയെപ്പറ്റി പറഞ്ഞത്  ‘വിഡ്ഢിത്തം’ മാത്രമാണെന്ന് പെട്ടെന്ന് തന്നെ വിധിക്കാന്‍ വളരെയധികം പേര്‍ ഉണ്ടായി. അങ്ങിനെയുള്ള നിരാകരണം ഒരു പുതിയ കാര്യമല്ല. രാഷ്ട്രീയക്കാരുടെ ‘തള്ളലിന്റെ’ സ്വഭാവത്തിലാണ് അക്കാര്യം മലയാളം പത്രങ്ങളില്‍ വന്നതും. പക്ഷേ ഈ ‘തള്ളലിന്റെ’ പുറകില്‍ എന്തെങ്കിലും ഉണ്ടാവുമോ എന്ന് അന്യോഷിക്കുന്നതിനു മുന്‍പുള്ള വിധി പറച്ചില്‍ ഞാന്‍ പഠിച്ച ശാസ്ത്ര-ഗവേഷണ രീതികള്‍ക്ക് ചേരുന്നതല്ല.   

 കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന ദേശീയശാസ്ത്രസമ്മേളനത്തില്‍  ഭാരതത്തില്‍  ഇതുവരെയുള്ള ശാസ്ത്രസമ്മേളനങ്ങളില്‍ പൊതുവേ അവഗണിച്ചിരുന്ന പ്രാചീന സംസ്കൃത കൃതികളിലെ ശാസ്ത്രങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണങ്ങളും ചര്‍ച്ചകളും നടന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരിക്കലും നടക്കാനിടയില്ലാത്ത ഒരു ചര്‍ച്ചയാണിത്. അതില്‍ ഒരു സെഷനിലെ പ്രഭാഷണങ്ങളില്‍ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും വിമാനങ്ങളെക്കുറിച്ചും ഭൌമയാത്രകളെക്കുറിച്ചുമുള്ള പരാമര്‍ശം ഉണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചത് പ്രമുഖരടക്കം ചിലരുടെയുള്ളിലെങ്കിലും അലോസരം ഉണ്ടാക്കിയിരുന്നു! എഴുത്തുകാര്‍ക്കും സ്യൂഡോ ശാസ്ത്രജ്ഞന്‍മാര്‍ക്കുമെല്ലാം എങ്ങിനെയോ വന്നുപെട്ട ഉളുപ്പ് ഇനിയും പോയിട്ടില്ല. ദേശീയ ശാസ്ത്രകോണ്ഗ്രസ്സില്‍ പൂര്‍ണ്ണമായ തെളിവുകളും പ്രോട്ടോടൈപ്പുകളും കൂടാതെ നമ്മുടെ ശാസ്ത്രപൈതൃകത്തെപ്പറ്റി ഇങ്ങിനെ വിളിച്ചു പറയാമോഎന്നാണ് അവരുടെ സംശയം. അവര്‍ക്കത് നാണക്കേടാണത്രേ! ഈ വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ എല്ലാത്തിലും പ്രസ്തുതവിഷയങ്ങളില്‍ പുനര്‍പഠനം അനിവാര്യമാണെന്ന് അവതാരകര്‍ തന്നെ ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്. അവര്‍ ആവശ്യപ്പെട്ടത് ഈദൃശവിഷയങ്ങളില്‍ പഠനങ്ങള്‍ തുടങ്ങണം അല്ലെങ്കില്‍ തുടരണമെന്നാണ്. ഇതാദ്യമായാണ് ദേശീയമായ ഒരു സെമിനാര്‍ സംസ്കൃതഗ്രന്ഥങ്ങളിലെ ശാസ്ത്രസത്യങ്ങളെപ്പറ്റി ഗൌരവപരമായി പരാമര്‍ശിക്കുകപോലും ചെയ്യുന്നത്..  

വേദങ്ങളും പുരാണങ്ങളും എല്ലാം വെറും വിടുവായത്തരംമാത്രമാണെന്ന് പറയുന്നവരോട് പറഞ്ഞുപിടിച്ചു നില്‍ക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. അറിയാനും അറിയിക്കാനുമല്ല’, മറിച്ച് തര്‍ക്കിക്കാനും ജയിച്ചുവെന്ന് ഉറക്കെപ്പറഞ്ഞു സ്വയം സമാധാനിക്കാനും മാത്രമാണവര്‍ ശ്രമിക്കുന്നത്. ഭാരതത്തില്‍ ഉണ്ടായിരുന്ന ശാസ്ത്രപൈതൃകത്തെ ഇകഴ്ത്തിക്കാണിക്കാന്‍ അവര്‍ക്ക് ഏറെ താല്‍പര്യവുമുണ്ട്. ആയുര്‍വേദവും മറ്റും വിദേശരാജ്യങ്ങളില്‍പ്പോലും പ്രചാരത്തിലാവുമ്പോള്‍ നമ്മുടെ നാട്ടില്‍ പലരും അതിനു വേണ്ടത്ര സ്ഥാനം കൊടുത്തു കാണുന്നില്ല. എന്നാല്‍ പലയിടങ്ങളിലും ശാസ്ത്രഗവേഷണക്കാര്‍ പുരാതനമായ ശാസ്ത്രസങ്കല്‍പ്പങ്ങളെ വെറുതെയങ്ങ് സ്വീകരിക്കുന്നില്ല, നിരാകരിക്കുന്നില്ല; മാത്രമല്ല പലയിടത്തും വിപുലമായ പഠനങ്ങള്‍ നടക്കുന്നുമുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ ശാസ്ത്രസമ്മേളനങ്ങളില്‍ ത്തന്നെയാണ് ഇത്തരം പ്രബന്ധങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്നാണ് എന്റെ അഭിപ്രായം. അവയിലെ നെല്ലും പതിരുംതിരിച്ചറിയണമെങ്കില്‍ ഗവേഷണകുതുകികള്‍ക്ക് പൌരാണികമായ ശാസ്ത്രങ്ങളുടെ സാദ്ധ്യതാസാന്നിദ്ധ്യംഅറിയണമല്ലോ. ശാസ്ത്രങ്ങളിലെ സിദ്ധാന്തങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കുന്നതും അവയിലെ ഇതുവരെ പിന്തുടര്‍ന്ന മാര്‍ഗ്ഗങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കുന്നതും ഗവേഷണങ്ങള്‍ തന്നെയാണ്. ഞാന്‍ പഠിച്ചിരുന്ന കാലത്തെ ഒരു തമാശ നോക്കുക. രണ്ടു ഗവേഷണബിരുദങ്ങളുള്ള ഒരു പ്രഫസര്‍ അവിടെയുണ്ടായിരുന്നു. ആദ്യത്തെ പിഎച്ഡി ഒരു സിദ്ധാന്തം അവതരിപ്പിച്ചതിനാണ്. പതിനഞ്ചുകൊല്ലം കഴിഞ്ഞ് അതേ സിദ്ധാന്തം തെറ്റായിരുന്നുവെന്നു തെളിയിച്ചതിനാണത്രേ രണ്ടാമത്തെ പിഎച്ഡി ! താനടക്കം മൂന്നു നാലുപേര്‍ എഴുതി പ്രസിദ്ധീകരിച്ച ഗവേഷണലേഖനങ്ങള്‍ പലതും തിരുത്തപ്പെടേണ്ടവയാണെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു എന്നതാണ് കഥ. ശാസ്ത്രത്തിലും ഗവേഷണഫലങ്ങളിലും പല തരത്തിലും ഗുണത്തിലുമുള്ള തിരുത്തലുകള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അത് ശാസ്ത്രത്തിന്റെ തോല്‍വിയല്ല, മറിച്ച് പുതുമയെ അംഗീകരിക്കാനുള്ള അതിന്റെ സന്നദ്ധതയെയാണ് കാണിക്കുന്നത്. പഴമയെ പഠിക്കാതെ എങ്ങിനെയാണ് പുതുമയെ കണ്ടെത്തുക? സ്വീകരിക്കുക?

പ്രാചീനകാലത്ത് പ്ലാസ്റ്റിക് സര്‍ജറിയുടെ സാദ്ധ്യതകള്‍ മനസ്സിലാക്കിയവര്‍ ഭാരതത്തില്‍ ഉണ്ടായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ രാഷ്ട്രീയമാകരുത് അവിടെ ചര്‍ച്ചാവിഷയം. ശാസ്ത്രമാകണം. ആധുനികവൈദ്യത്തിലും ശസ്ത്രക്രിയപഠിക്കുന്നവര്‍ക്ക് വിദേശങ്ങളിലായാലും സുശ്രുതനെപ്പറ്റി പഠിക്കണം എന്ന് ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. ഇവിടെ കാനഡയില്‍ മെഡിസിന് പഠിക്കുന്ന, ഇവിടെ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ വംശജനായ ഒരു ചെറുപ്പക്കാരന്‍ സുശ്രുതനെപ്പറ്റി ആദ്യമായി കേള്‍ക്കുന്നത് മെഡിക്കല്‍ പഠനത്തിനിടക്കാണ്. അച്ഛനിത് അറിയാമായിരുന്നോഎന്നായിരുന്നു അവന്റെ അച്ഛനായ ഡോക്ടറോട് അവന്‍ ചോദിച്ചത്. സീനിയര്‍ ഡോക്ടര്‍ അത് മറന്നുപോയിരുന്നു’. അദ്ദേഹം ഇന്ത്യയില്‍ പഠിച്ചകാലത്ത് ഇക്കാര്യങ്ങള്‍ ഏതെങ്കിലും പ്രഫസര്‍മാര്‍ പറഞ്ഞെങ്കിലായി ഇല്ലെങ്കിലുമായി എന്ന മട്ടായിരുന്നു. ഇപ്പോഴും എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോ എന്തോ?. ഞാന്‍ ഇവിടെ എംബിഎ ചെയ്തപ്പോള്‍ പഠിച്ച ഒരു വിഷയത്തില്‍ ഭഗവദ് ഗീതയിലെ കര്‍മ്മപ്രിന്‍സിപ്പിള്‍’ (just do it) മെയിന്‍ സ്ട്രീമില്‍ പഠിക്കാനുണ്ടായിരുന്നു. ഭാരതീയനെന്ന നിലയില്‍ അതിലൊരു സെമിനാര്‍ അവതരിപ്പിക്കാന്‍ എനിക്കവസരവും കിട്ടിയിരുന്നു. 


  























വിമാനശാസ്ത്രത്തെപ്പറ്റിയുള്ള അനവധി ഗ്രന്ഥങ്ങള്‍ നമുക്ക് മനസ്സിലാവാത്ത പ്രാചീനഭാഷയില്‍ (അതേ, സംസ്കൃതം തന്നെയാണ് ഞാനുദ്ദേശിച്ചത്) ഉണ്ടെന്ന് അതിനെപ്പറ്റി വിവരമുള്ളവര്‍ പറയുമ്പോള്‍ അതിനെപ്പറ്റി ഒന്നാലോചിക്കുക പോലും ചെയ്യാതെ അതിനെ എതിര്‍ക്കുമ്പോള്‍ ശാസ്ത്രമല്ല, മനുഷ്യന്‍ തന്നെയാണ് തോല്‍ക്കുന്നത്. ദേശീയസെമിനാറില്‍ പങ്കെടുത്ത ആളുകള്‍ ഈ വിഷയങ്ങളില്‍ ജ്ഞാനമുള്ളവര്‍ തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. വിസ്മയകരമായ രീതിയില്‍ വൈമാനികസിദ്ധാന്തം കൈകാര്യം ചെയ്യുന്ന അനേകം ഗ്രന്ഥങ്ങളുണ്ടത്രേ. വ്യക്തിപരമായി അവയൊന്നും പഠിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല, അതെന്റെ വിഷയവുമല്ല. പക്ഷെ ഭരദ്വാജന്റെ യന്ത്രസര്‍വ്വസ്വത്തിലെ വൈമാനികപ്രകരണത്തില്‍ റെഫര്‍ ചെയ്തിട്ടുള്ള വിവിധങ്ങളായ വിമാന വിഷയങ്ങളെപ്പറ്റിയുള്ള ഗ്രന്ഥങ്ങള്‍ വളരെ വിപുലമാണ് എന്നറിയാം! വിമാന നിര്‍മ്മാണം, ഉണ്ടാക്കാനുള്ള വസ്തുക്കള്‍, പറക്കുന്ന രീതികള്‍ ഇവയെക്കുറിച്ചെല്ലാം വിശദമായി ആ ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുള്ളപ്പോള്‍ വിമാനം പ്രായോഗികതലത്തില്‍ ഒരിക്കലും ഭാരതത്തില്‍ ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം. പല കാലങ്ങളില്‍ പലര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ എല്ലാം ഒരേ കോണ്‍സേപ്റ്റ് തന്നെയായ സ്ഥിതിക്ക് നമ്മെ വഴിതെറ്റിക്കാന്‍ ആരൊക്കെയോ സംഘടിതമായി പല കാലഘട്ടങ്ങളില്‍ ഈ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ചു എന്ന അയുക്തികമായ ഒരു മുന്‍വിധിക്ക് പകരം അങ്ങിനെ എഴുതിവച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ ശാസ്ത്രീയസത്യങ്ങള്‍ കണ്ടെത്താന്‍ നമുക്കാവുമോ എന്നാണ് നോക്കേണ്ടത്. ഗ്രന്ഥങ്ങളും അവയിലെ പല ഉള്ളടക്കങ്ങളും കാലക്രമത്തില്‍ നാശനഷ്ടം വന്നിട്ടുണ്ടാകുമെന്നും  അനുമാനിക്കേണ്ടിയിരിക്കുന്നു. ഏതായാലും ചന്ദ്രയാനില്‍പ്പോലും പ്രാചീനശാസ്ത്രപ്രോക്തങ്ങളായ കാര്യങ്ങള്‍ ഐഎസആര്‍ഒ പോലുള്ള സ്ഥാപനങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നത് ശുഭോദര്‍ക്കമാണ്. നാസാമിഷനുകളിലും  പുരാതന ഭാരതീയ ഗണിതശാസ്ത്രം ഉപയോഗിക്കപ്പെടുന്നുണ്ട്  (പ്രഫസര്‍ മഞ്ജുള്‍ ഭാര്‍ഗ്ഗവ, പ്രിന്‍സ്ടന്‍ യൂണിവേര്‍സിറ്റി).

മറ്റൊരു കാര്യം ചരിത്രത്തിന്റെ വരുതിയില്‍ ഒതുങ്ങുന്ന കാലഗണനയാവില്ല ആ ഗ്രന്ഥങ്ങളുടെ മൂലരചനകള്‍ക്ക് എന്നതാണ്. പുരാണകാലം എന്നത് ഏതാണ് എന്നതിനെപ്പറ്റി ഗ്രന്ഥങ്ങളില്‍ സൂചനകള്‍ മാത്രമേയുള്ളൂ. ഉദാഹരണത്തിന് വിമാനങ്ങളെപ്പറ്റി പല പുരാണങ്ങളിലും വിശദമായ പരാമര്‍ശങ്ങളുണ്ട്‌. ഭാഗവതം, ദേവീഭാഗവതം, രാമായണം, യോഗവാസിഷ്ഠം മുതലായ ഗ്രന്ഥങ്ങളില്‍ വിമാനയാത്ര ഒരു സാധാരണ കാര്യംപോലെയാണ് പലയിടത്തും പറഞ്ഞിട്ടുള്ളത്. ദേവീഭാഗവതത്തില്‍ ഉപരിചരന്‍ എന്നൊരു രാജാവിനെപ്പറ്റി പറയുന്നു. അദ്ദേഹത്തിന് ആ പേരുണ്ടായത് ഇന്ദ്രന്‍ സമ്മാനിച്ച വിമാനത്തില്‍ അദ്ദേഹം ഉപരിതലത്തില്‍ ഉയര്‍ന്നു യാത്ര ചെയ്യുന്നതുകൊണ്ടാണത്രേ! ഒരുപക്ഷേ അക്കാലത്തും അതൊരു പുതുമയായിരുന്നിരിക്കാം. രാവണന്റെ പുഷ്പകവിമാനം, ശാല്വന്റെ സൌഭം, കൈലാസം, മണികം എന്നിങ്ങിനെ വൈവിദ്ധ്യമാര്‍ന്ന വിമാനങ്ങളെപ്പറ്റി പുരാണങ്ങള്‍ പരാമര്‍ശിക്കുന്നു. മഹാബലിയുടെ യുദ്ധവിമാനം തകര്‍ന്നതിനെപ്പറ്റിയും നമുക്ക് പുരാണത്തില്‍ വായിക്കാം.

(ഇവയെക്കുറിച്ചൊന്നും പഠിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല, അതെന്റെ വിഷയവുമല്ല – സുകുമാര്‍ )
    
പുരാണങ്ങളിലും കാവ്യങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് അവയില്‍ അപ്പപ്പോള്‍ത്തന്നെ ശാസ്ത്രീയവ്യാഖ്യാനങ്ങള്‍ കൂടി കാണണമെന്ന് ശഠിക്കുന്നത് ശരിയല്ല. ഉദാഹരണത്തിന് ഇപ്പോഴത്തെ ‘പുരാണകഥകളായ’ നോവലുകള്‍ എടുക്കുക. അതില്‍ നാം ‘ഗൂഗിളിനെ’ പറ്റിയും, ‘ആറ്റംബോംബി’നെപ്പറ്റിയുമെന്നുവേണ്ട എത്രയെത്ര കാര്യങ്ങളെപ്പറ്റി ഒരൊഴുക്കില്‍ വായിച്ചു പോകാറുണ്ട്! അവയെപ്പറ്റിയെല്ലാം നോവലുകളില്‍ ശാസ്ത്രീയമായ വിശദീകരണം നല്‍കുക എന്നത് നാം പ്രതീക്ഷിക്കുന്ന കാര്യമേയല്ല. ആ സംഗതികളെപ്പറ്റി നോവലെഴുതിയ ആളുടെ ജ്ഞാനം മിക്കവാറും പൂര്‍ണ്ണമാകാറുമില്ല. എന്നാല്‍ ഒന്നുണ്ട്- നോവല്‍ രചനയുടെ കാലത്ത് അങ്ങിനെയല്ലെങ്കില്‍ ആ നൂറ്റാണ്ടിലെങ്കിലും ‘ഗൂഗിളും’ ‘ആറ്റംബോംബും’ എല്ലാം ആളുകള്‍ക്ക് കേട്ട്‌ പരിചിതമായ ‘സംഗതികള്‍’ തന്നെ ആയിരിക്കും. അതല്ലെങ്കില്‍ നോവലിന് വായനാക്ഷമത ഉണ്ടായിരിക്കുകയില്ല. സയന്‍സ് ഫിക്ഷന്‍ നോവലുകളിലും മറ്റുമുള്ള കാര്യങ്ങള്‍ക്ക് ആശയനിര്‍മ്മിതിയുടെ തലത്തില്‍ നാം അനുവദിച്ചു കൊടുത്തിട്ടുള്ളത് ‘സാദ്ധ്യതാസാന്നിദ്ധ്യം’ തന്നെയാണല്ലോ? പുരാണങ്ങളിലും മറ്റും പറയുന്ന വിമാനങ്ങളും അതിസൂക്ഷ്മങ്ങളും അതിശക്തങ്ങളുമായ ആയുധങ്ങളും മറ്റും എല്ലാം ഇതുപോലുള്ള സാദ്ധ്യതകളായിട്ടാണ് എനിക്ക് തോന്നുന്നത്. അവയെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതിനുമുന്‍പ് സങ്കല്പം മാത്രമായി നിലനിന്നിരുന്നവയില്‍ എത്രയോ കാര്യങ്ങള്‍ പ്രായോഗികമായി നടപ്പിലായിക്കഴിഞ്ഞു എന്നും നാം ചിന്തിക്കണം.

ചിലര്‍ ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് പലപ്പോഴും പടിഞ്ഞാറന്‍ നാടുകളില്‍ കണ്ടുപിടുത്തങ്ങള്‍ നടന്നു കഴിഞ്ഞിട്ട് ഭാരതീയര്‍ നമ്മുടെ ‘പഴം പുരാണം’ പ്രകീര്‍ത്തിക്കുന്നതെന്ന്. കാരണം മറ്റൊന്നുമല്ല, സംസ്കൃതത്തില്‍ പുരാതന കാലം മുതല്‍ക്ക് എഴുതിയും പറഞ്ഞും വെച്ചിട്ടുള്ള കാര്യങ്ങള്‍ പഠനവിഷയമാക്കാന്‍ ആര്‍ജ്ജവത്തോടെയുള്ള ഒരു പ്രവര്‍ത്തനം നാം നടത്തുന്നില്ല എന്നത് തന്നെയാണ്. ലോകത്ത് പുതുതായി എന്തെങ്കിലും കണ്ടു പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് നമ്മില്‍ ചിലരെങ്കിലും നമ്മുടെ വേര് തിരഞ്ഞുപിടിച്ചു പോകുന്നത്. എന്നാല്‍ അതിനെപ്പോലും അവജ്ഞയോടെ കാണുന്നവരാണ് കൂടുതലും ഉള്ളത്. അതിനുള്ള പ്രോത്സാഹനവും ഒരിടത്തുനിന്നും കിട്ടുന്നുമില്ല.

സംസ്കൃതത്തില്‍ ഉള്ള പല ശാസ്ത്രഗ്രന്ഥങ്ങളും പുരാണങ്ങളുടെ ‘കഥാബലം’ കൊണ്ടല്ല നിലനില്‍ക്കുന്നത്. അവയില്‍ അപൂര്‍ണ്ണമായ സിദ്ധാന്തങ്ങള്‍ ചിലപ്പോള്‍ ഉണ്ടെന്നുവരാം. അവയെ പൂര്‍ണ്ണമാക്കുകയാണ് ഗവേഷണകുതുകികള്‍ ചെയ്യേണ്ടത്. ലോകത്തിലെ പലയിടങ്ങളിലും അത്തരം മുന്നേറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ആശ്വാസകരമാണ്.

പല വേദശാസ്ത്രഗ്രന്ഥങ്ങളിലും ശാസ്ത്രകാവ്യങ്ങളിലും ഗണിതശാസ്ത്രഗ്രന്ഥങ്ങളിലും മറ്റുമുള്ളത് ശുദ്ധമായ ശാസ്ത്രം തന്നെയാണ്. അവ സംസ്കൃതത്തില്‍ ആയതുകൊണ്ട് ആര്‍ക്കും കുറച്ചിലൊന്നും തോന്നേണ്ടതായില്ല. സാധാരണ ജനങ്ങളില്‍ ആ ഗ്രന്ഥങ്ങള്‍ ഒരിക്കലും എത്തിയിരുന്നിട്ടില്ല എന്നുള്ളത് സത്യമാണ്. ഇപ്പോഴും സംസ്കൃതം പൊതുജനത്തിന് അത്ര വഴങ്ങുന്നില്ലല്ലോ. ലോകത്തിനു മുഴുവന്‍ വെളിച്ചം പകരാന്‍ അതിനുണ്ടായിരുന്ന സാദ്ധ്യത മുഴുവനും ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഇതിനു മാറ്റം വരുത്തുവാന്‍ പല പദ്ധതികളും നടപ്പിലായി വരുന്നുണ്ട് എന്നത് വളരെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. മൂര്‍ത്തി ഫൌണ്ടെഷന്‍ ഹാര്‍വാര്‍ഡ്‌ യൂണിവേര്‍സിറ്റിയുമായി ചേര്‍ന്ന് ഭാരതീയമായ ഗ്രന്ഥങ്ങള്‍ തര്‍ജ്ജമ ചെയ്ത് പ്രചരിപ്പിക്കുന്നതിനായി അഞ്ചു മില്യന്‍ ഡോളറിന്റെ ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്. ഇവയില്‍ വേദശാസ്ത്രങ്ങള്‍ മാത്രമല്ല, കാവ്യങ്ങളും, മറ്റു ശാഖകളും ഉണ്ടാവും. മാത്രമല്ല സംസ്കൃതേതരമായ മറ്റ് ഇന്ത്യന്‍ ഭാഷകളിലെ ഉത്തമഗ്രന്ഥങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്. ആദ്യത്തെ അഞ്ചു ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

കുറച്ചു കാലം മുൻപ് ഫീല്‍ഡ്സ് മെഡല്‍ (കണക്കിലെ നോബല്‍ സമ്മാനം എന്നാണിതിനെ വിളിക്കുന്നത്) കിട്ടിയ പ്രഫസര്‍ മഞ്ജുള്‍ഭാര്‍ഗ്ഗവ (പ്രിന്‍സ്ടന്‍, ലെയ്ഡന്‍, യൂണിവേര്‍സിറ്റികള്‍, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഐടി - കാനഡയില്‍ വളര്‍ന്ന ഇന്ത്യന്‍ വംശജന്‍ - അച്ഛന്‍ മലയാളിയാണ്) പറയുന്നത് അദ്ദേഹത്തിന് കണക്കിന്റെ അടിത്തറ കിട്ടിയത് സംസ്കൃതകാവ്യങ്ങളില്‍ നിന്നാണെന്നാണ്. അമേരിക്കയിലെ പ്രിന്‍സ്ടന്‍ യൂണിവേര്‍സിറ്റിയിലും മറ്റും പഠിപ്പിക്കുമ്പോള്‍ സംസ്കൃതത്തില്‍ ഉള്ള ഗണിതശാസ്ത്രകാവ്യങ്ങളില്‍ സമഗ്രമായി സന്നിവേശിപ്പിച്ച മാത്തമാറ്റിക്കല്‍ തിയറങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ‘കളിക്കാനായി’ അദ്ദേഹം കൊടുക്കാറുമുണ്ട്. ഫിബോനാച്ചി നമ്പറുകള്‍ എന്ന് പ്രസിദ്ധമായ അക്കങ്ങള്‍ 1,2,3,5,8,13,21,34,.... ഇങ്ങിനെ പോകുന്ന നമ്പറുകളാണ്. തബലയുടെ താളപ്പെരുക്കങ്ങള്‍ മുതല്‍ പൂവിതളുകളുടെ വിതാനം വരെ വിശദീകരിക്കാന്‍ ഈ നമ്പറുകള്‍ക്കാവും. വാസ്തവത്തില്‍ ഇവ ഫിബിനോച്ചിക്ക് മുന്‍പേയുണ്ടായിരുന്ന ‘ഹേമചന്ദ്ര’ അക്കങ്ങള്‍ (1050 AD - 200 years before Febinaacchi) ആണത്രേ! അതുള്ളത് നല്ലൊരു സംസ്കൃതകാവ്യത്തിലുമാണ് (ഛന്ദശാസ്ത്രം). ഉദാഹരണത്തിന്, എട്ടു മാത്രകളുള്ള ഒരു വാക്ക് കാവ്യത്തില്‍ സന്നിവേശിപ്പിക്കുവാന്‍ എത്ര സാദ്ധ്യതകള്‍ ഉണ്ടെന്നു നോക്കിയാല്‍ 34 എന്ന് കാണാം. അത് തന്നെയാണ് എട്ടു ബീറ്റുകള്‍ ഉള്ള ആദിതാളത്തിന്റെ സ്ഥിതിയും. 

പ്രഫസര്‍ ഭാര്‍ഗ്ഗവ പറയുന്നു: “സംസ്കൃതഭാഷയ്ക്ക് സ്വതവേയുള്ള ശാസ്ത്രീയസ്വഭാവം കാരണം പല ഭാഷാശാസ്ത്രസംബന്ധിയായ കാവ്യങ്ങളും ഗണിതശാസ്ത്രവും വെവ്വേറെ വിഷയങ്ങളായി പ്രാചീനര്‍ കണ്ടിരുന്നില്ല. അവയെ സമ്യക്കായി അവതരിപ്പിച്ചിട്ടുള്ള  പാണിനി, പിംഗള, ഹേമചന്ദ്ര, ആര്യഭടന്‍, ഭാസ്കരന്‍, ബ്രഹ്മഗുപ്തന്‍ തുടങ്ങിയ മഹാന്മാരുടെ കൃതികള്‍ സംസ്കൃതത്തില്‍ത്തന്നെ വായിക്കാന്‍ എനിക്ക് ചെറുപ്പത്തിലേ അവസരം കിട്ടിയിരുന്നു. അവരുടെ കാവ്യങ്ങളില്‍ ഗണിതശാസ്ത്രത്തിലെ അതിഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അവയെല്ലാം എന്നെപ്പോലുള്ള ചെറുപ്പക്കാര്‍ക്ക് വളരെ പ്രചോദനപ്രദമാണ് (അഭിമുഖം ഇന്ത്യാ ടുഡേയില്‍. ലേഖകന്റെ തര്‍ജ്ജമ)

ശാസ്ത്രത്തെ ബഹുമാനത്തോടെ കാണുന്നവര്‍ കാര്യങ്ങളുടെ സത്യാവസ്ഥ എന്താണ്, എങ്ങിനെയാണ് എന്നൊക്കെ കണ്ടു പിടിക്കുന്നതിലാണ് ശ്രദ്ധിക്കുക. അല്ലാതെ വായിക്കുന്നതിനു മുന്‍പേ, പഠിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പേ തള്ളിക്കളയുന്നതിലല്ല ശാസ്ത്രത്തിന്റെ ഭാവി നിലനില്‍ക്കുന്നത്. ശാസ്ത്രകാരന്മാര്‍ ഓരോ പ്രബന്ധങ്ങളിലെയും നെല്ലും പതിരും തിരിക്കുന്നത് രാഷ്ട്രീയമോ മറ്റു മാനദണ്ഡങ്ങളോ നോക്കിയാവരുത്. ഏതു വിഷയമാണെങ്കിലും പഠിക്കാന്‍ തുടങ്ങിയാലേ സംശയമുള്ളു. അല്ലെങ്കിലും ഒരുവിഷയത്തിലെ പണ്ഡിതന്‍ അദ്ദേഹം പഠിച്ചിട്ടില്ലാത്ത മറ്റു വിഷയങ്ങളില്‍ പാമരനാണല്ലോ. സംസ്കൃതത്തിലും വിമാനശാസ്ത്രത്തിലും പാമരനായ ഞാന്‍ പൌരാണികമായി ആ മേഖലകളിലെ ശാസ്ത്രജ്ഞന്മാര്‍ ചെയ്തുവന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍  ആളല്ല. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങളിലെ ആര്‍ജ്ജവത്തെ ചോദ്യം ചെയ്യാനുള്ള ഔദ്ധത്യമോ വിശകലനം ചെയ്യാനുള്ള അറിവോ ഉണ്ടാവണമെങ്കില്‍ ഞാനേറെ പഠിക്കേണ്ടിയിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

             

Tuesday, January 13, 2015

Celebrating Yesudas's 75th with a diary-like report and photos from 1994




Happy Birthday, Dasettan! 

I am celebrating Yesudas's 75th birthday with a diary-like report and photos from 1994- when we attended a great Carnatic concert he gave. He was at my present age when I saw him then in Seattle-  he had no grey hair- just as it is now!:-) . I had a brief encounter with him on Ernakulam Broadway near Paico, (in 1980, I think)- He was returning from Sujatha's (singer) wedding reception.  Having seen him suddenly coming out of a store, I ran to him and talked something with the excitement of a 20 year old college student. He told me that he was coming from the wedding function - he was at his prime stardom, but he was down to earth, and friendly...

This was written before the Malayalam typing became popular and I thought it is better to upload the hand written version to remind myself that I used to write a lot of letters and diaries by hand... The photos were taken in film camera and I scanned them last night - they are a bit grainy though... I couldn't find the negatives.

I also had the privilege of spending some time with him in 2008, in Vancouver and I will post those photos and write-up I did for Mathrubhumi when we celebrate his 80th birthday!

See Guru Chembai's Photo in front of him - He did an invocation prayer to his Guru before the curtain opened. 








He insisted on setting the audio controls himself. He brought his own mic and a recording system also.


Made for each other!

Dasettan @ 54



Great accompaniments


Great moments for the photographer and family! He was the one asked me and Bindu to pose with him. He called one of the local organizers and asked him to click !



May the divine voice keep mesmerizing us for many more years to come!







Tuesday, December 23, 2014

യുവതികള്‍ക്ക് അയ്യപ്പദര്‍ശനം നിഷിദ്ധമോ?

യുവതികള്‍ക്ക് അയ്യപ്പദര്‍ശനം നിഷിദ്ധമോ?

ഡോ. സുകുമാര്‍ കാനഡ



ചാനല്‍ ചര്‍ച്ചകള്‍ക്കും ബുദ്ധിജീവികളുടെ വിമര്‍ശനശരങ്ങള്‍ക്കും ഇരയാവാന്‍ പോകുന്നത് ശബരിമലയാണെന്നൊരു തോന്നല്‍. അടുത്തയിടയ്ക്ക് കേരളത്തില്‍ നടന്ന സംഭവങ്ങള്‍ കണക്കിലെടുത്താല്‍ ആ തോന്നല്‍ അസ്ഥാനത്താവില്ല എന്ന് തോന്നുന്നു. യൌവനയുക്തകളായ സ്ത്രീകളെ എന്തുകൊണ്ടാണ് ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് എന്നതിനെപ്പറ്റി കഴിഞ്ഞകൊല്ലം മണ്ഡലക്കാലത്ത് മാദ്ധ്യമങ്ങളില്‍ പലവിധത്തിലുള്ള സംവാദങ്ങളും നടക്കുകയുണ്ടായല്ലോ. കുറച്ചുപേര്‍ അയ്യപ്പന്മാര്‍ക്കായി പമ്പയിലേയ്ക്ക് പ്രത്യേകം ഓടിക്കുന്ന സര്‍ക്കാര്‍ബസ്സുകളില്‍ സ്ത്രീകളെ കയറ്റാത്തതിന് പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. ചിലര്‍ സൂത്രത്തില്‍ അമ്പലപരിസരത്ത് പോയി വരികയും മറ്റും ഉണ്ടായി എന്നും തോന്നുന്നു.

അയ്യപ്പസ്വാമിക്ക് സ്ത്രീകളോട് എന്താണ് വിരോധം? എന്ന രീതിയിലും മറ്റുമാണ് വാദഗതികള്‍ മുന്നോട്ടുപോയത്. ദൈവത്തിനു ആണിനോടോ പെണ്ണിനോടോ പ്രത്യേക രാഗദ്വേഷങ്ങള്‍ ഉണ്ടാവുക എന്ന് വെച്ചാല്‍ പക്ഷപാതിയായ ഒരീശ്വരന്‍ തന്നെയാണീ അയ്യപ്പന്‍! തീര്‍ച്ചയായും അയ്യപ്പസ്വാമി എന്ന ദൈവസങ്കല്‍പ്പത്തിനുമേല്‍ ഇത്തരം സാമൂഹ്യാചാരങ്ങളില്‍ താല്‍പ്പര്യമോ താല്പ്പര്യരാഹിത്യമോ നാമായിട്ട് ചാര്‍ത്തിനല്‍കേണ്ട കാര്യമില്ല. എന്നാല്‍ ഹിന്ദുവിന്റെ ഈശ്വരസങ്കല്‍പ്പം അത്ര എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നല്ല. എന്തുകൊണ്ടെന്നാല്‍ ‘കര്‍ത്തും അകര്‍ത്തും അന്യഥാ കര്‍ത്തും’ (ചെയ്യാന്‍, ചെയ്യാതിരിക്കാന്‍, മറിച്ച് ചെയ്യാന്‍) എന്നിങ്ങിനെ സര്‍വ്വതന്ത്രസ്വതന്ത്രമാണ് സനാതനമായ ആ ഈശ്വരസങ്കല്‍പ്പം. വാസ്തവത്തില്‍ ആചാരങ്ങളിലും നിയമാവലികളിലും സമൂഹം തളച്ചിടുന്നത് ദൈവത്തെയല്ല, ഭക്തന്മാരെത്തന്നെയാണ്. അതില്‍ സ്വതന്ത്രമായി ചിന്തിക്കുന്നവന് തള്ളേണ്ടതും കൊള്ളേണ്ടതുമായ പലതും ഉണ്ട് എന്നുള്ളതാണ് സത്യം. വാസ്തവത്തില്‍ ആചാരങ്ങളില്‍ ഒന്ന് തെറ്റിപ്പോയതുകൊണ്ട് ഇല്ലാതാവുന്ന ദൈവീകതയൊന്നും അല്ല അയ്യപ്പനിലും അതുപോലുള്ള ഹൈന്ദവ ഈശ്വരസങ്കല്‍പ്പങ്ങളിലും ഉള്ളത്. ദൈവസന്നിധിയായ കോവിലുകളിലേയ്ക്ക് പോകുന്നവരെ വഴികാട്ടുന്നതിനായി മാത്രമാണ് ആചാരങ്ങളും അനുഷ്ടാനങ്ങളും നടപ്പിലാക്കിയിട്ടുള്ളത് എന്നും നാം മനസ്സിലാക്കണം.

ദര്‍ശനവൈവിദ്ധ്യതയും അതിലെ സ്വാതന്ത്ര്യവും സനാതനമതത്തിന് മുതല്‍ക്കൂട്ടാകുന്നത് മനുഷ്യര്‍ക്ക് അവരവരുടെ വാസനയ്ക്കനുസരിച്ചുള്ള ആത്മീയപാത പിന്തുടരാനും പിന്തുടരാതിരിക്കാനുമുള്ള അനന്തസാദ്ധ്യതകള്‍ തുറന്നിടുന്ന സിദ്ധാന്തപദ്ധതിയാണത് എന്നുള്ളതുകൊണ്ടാണ്. ‘മാടനെയും മറുതയേയും’ കുടിവെച്ചാരാധിക്കുന്ന ഒരാള്‍ക്ക് അദ്വൈതവേദാന്തത്തിന്റെയും ഉപനിഷദ് ദര്‍ശനത്തിന്റെയും സാരമോ ഗാംഭീര്യമോ പിടികിട്ടണമെന്നില്ല. അഥവാ പിടികിട്ടിയാലും ‘അത് മാത്രമാണ് ശരിയെന്ന’ ഒരു ന്യൂനപക്ഷത്തിന്റെ നിഗമനത്തില്‍ അയാള്‍ എത്തണമെന്നുമില്ല.

വേദാനുസാരിയായി മാത്രം ജീവിക്കുകയും അനുയായികളെ പഠിപ്പിക്കുകയും ചെയ്താലേ സനാതനധര്‍മ്മത്തിന്റെ വക്താവാകാന്‍ പറ്റൂ എന്നാരെങ്കിലും പറഞ്ഞാല്‍ എന്താണ് ‘വേദാനുസാരം’ എന്നതുകൊണ്ട്‌ നാം ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കേണ്ടിവരും. ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടിവരെയുള്ള ഷോഡശസംസ്കാരത്തെ ബഹുമാനിച്ചു പാലിക്കുന്നതുകൊണ്ട് മാത്രം ഒരുവന്റെ ജീവിതം വേദാനുസാരിയാകും എന്ന് പറയുന്നത് ഭാഗികമായി മാത്രമേ ശരിയാവുന്നുള്ളു. 

ഭാരതീയ തത്വചിന്തയിലെ ഷഡ്ദര്‍ശനങ്ങള്‍ - ബൌദ്ധം, ചര്‍വ്വാകം, നൈയായിക-വൈശേഷികം, ജൈനം, സാംഖ്യം, യോഗം തുടങ്ങിയവയാണല്ലോ. (ഇതില്‍ത്തന്നെ ചില നിര്‍വചന വ്യതിയാനങ്ങള്‍ ഉണ്ട്.) ഷഡ്ദര്‍ശനപരിധിയില്‍നിന്നു കൊണ്ടാണെങ്കില്‍ ചര്‍വ്വാകം പോലുള്ള നിരീശ്വരമതത്തിന്റെപോലും നിലനില്‍പ്പിനെ എതിര്‍ക്കാത്ത വിശാലമായ ‘വേദാനുസാരനീതിയെ’ മാത്രമേ ഞാന്‍ സനാതനം എന്ന് കണക്കാക്കുകയുള്ളൂ. അദ്വൈതിയും ദ്വൈതിയും ഇവ കൂടാതെയുള്ളവരും ഇതിലുണ്ടാകണം. പുരാണേതിഹാസങ്ങളെപ്പറ്റി, “ന തു പാരമാര്‍ത്ഥ്യം’ എന്ന് വ്യാസന്‍ പറഞ്ഞിട്ടുള്ളതിനാല്‍ പുരാണങ്ങള്‍ വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് പറയാന്‍ ചിലര്‍ക്കുള്ള അവകാശംപോലെ മറ്റുള്ളവര്‍ക്ക് ശ്രീകൃഷ്ണനെയും ശ്രീരാമനെയും അയ്യപ്പനെയും വാവരെയും മറ്റും വ്യക്തിനിഷ്ഠമായി, ആരാധിക്കാനും പുരാണേതിഹാസങ്ങള്‍ ഉണ്മയാണെന്നു കരുതി നമ്രശിരസ്കരാവാനും ഉള്ള സ്വാതന്ത്ര്യവും ഉണ്ടാവണം. രണ്ടു തരം തത്വചിന്തകള്‍ക്കും ഒരുപോലെ തന്നെ പ്രാധാന്യമുണ്ട് എന്ന് ഞാന്‍ കരുതുന്നു. ‘അജനും അവ്യയനും അമൂര്‍ത്തനു’മായ പരംപൊരുളിനെ അറിയലാണ് ‘ശരിയായ’ ആത്മീയതയെന്നും മറ്റും മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വൃഥാവ്യായാമമാണ്. കാരണം സ്വയം മറനീക്കിക്കണ്ടെത്തേണ്ട നേരരിവിനെ ആര്‍ക്കെങ്ങിനെ മറ്റുള്ളവരെ പഠിപ്പിക്കുവാനാകും? (യോഗവാസിഷ്ഠം).  

ശിലയില്‍ ദൈവത്തെ ദര്‍ശിക്കാനും ദര്‍ശിക്കാതിരിക്കാനും നമുക്കവകാശമുണ്ട്. രണ്ടു രീതികളെയും എതിര്‍ക്കാനും അനുകൂലിക്കാനുമുള്ള വാദങ്ങള്‍ നിരത്താന്‍ നമുക്കാവുകയും ചെയ്യും. എന്നാല്‍ ഈ വൈവിദ്ധ്യമാര്‍ന്ന രീതികളില്‍ തങ്ങള്‍ക്ക് യോജിച്ച രീതിയില്‍ മതാനുഷ്ടാനങ്ങള്‍ അനുഷ്ടിക്കുന്നവരെ തടസ്സപ്പെടുത്തുന്ന പ്രവണത, ഈ മഹത്തായ ബഹുസ്വരതയെ ഇല്ലാതാക്കുന്നു.

സന്യാസഭാവത്തിലുള്ള സ്വാമി അയ്യപ്പന്‍റെ അനേകം ‘സാരൂപ്യ, സാദൃശ്യ, സാലോക്യ ഭാവത്തിലുള്ള ‘അയ്യപ്പ’ന്മാരാണ് മലകയറാന്‍ പോവുന്ന ഭക്തന്മാര്‍. സ്വാമിയും ഭക്തനും ഒന്നെന്ന സങ്കല്‍പ്പം (തത്വമസി എന്ന വേദാന്തതത്വത്തിന്റെ പ്രായോഗിക ഭാവം) സ്വാമി അയ്യപ്പന്‍റേതല്ലാത്ത മറ്റൊരു ദൈവസങ്കല്‍പ്പത്തിലും എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. അതായത് താത്വികമായി ഉയര്‍ന്ന വേദാന്ത ചിന്താധാരകളില്‍ അഭിരമിക്കുന്നവര്‍ മുതല്‍ പൂജാദികളിലും ചടങ്ങുകളിലും ആചാരങ്ങളിലും മാത്രം മുഴുകി ജീവിക്കുന്ന ഭക്തന്മാര്‍ വരെ ഒരുപോലെ സമാശ്രയിക്കുന്ന ഒരു ദൈവസങ്കല്‍പ്പമാണ് അയ്യപ്പസ്വാമിയുടേത് എന്നര്‍ത്ഥം. അങ്ങിനെയുള്ള അയ്യപ്പസ്വാമി ദര്‍ശനത്തിനു പോകുമ്പോള്‍ അതിനു മുന്നോടിയായി ഭക്തനെ ‘അയ്യപ്പനാമത്തിന്’ അധികാരിയാക്കുന്നത് അവനെടുക്കുന്ന വ്രതത്തിന്റെ പരിശുദ്ധിയാണ്. ഒരേ സ്ഥലത്ത് പണിയെടുക്കുന്ന ഡിഐജിയും സദാ കോണ്‍സ്റ്റബിളും മണ്ഡലക്കാലത്ത് പരസ്പരം അയ്യപ്പനാമത്തില്‍ പരസ്പരം അഭിസംബോധന ചെയ്യപ്പെടുന്ന ഭക്തരാണ്.

മണ്ഡലവ്രതത്തിന്റെ അല്ലെങ്കില്‍ ഏതൊരു വ്രതത്തിന്റെയും  പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാം പൊതുവേ ഒരറിവുണ്ട്‌. ഇസ്ലാംമതക്കാരിലാണെങ്കില്‍ നോയമ്പ് കാലത്ത് അവരില്‍ ഒരു പ്രത്യേകത കാണാറുണ്ട്. എന്റെ ചെറുപ്പത്തില്‍ അച്ഛനുമായി പെരുമ്പാവൂര്‍ ചന്തയില്‍ പച്ചക്കറിക്കടയില്‍ പോയതാണ്. ഏതോ പച്ചക്കറിയുടെ കാര്യത്തില്‍  ഞാന്‍ കടക്കാരനുമായി ഒരല്‍പം വിലപേശി. ഉടനെ അച്ഛന്‍ പറഞ്ഞു” നീ ആ സാഹിബ് പറഞ്ഞ പൈസ കൊടുത്തേക്ക്. നോയമ്പ് പിടിക്കണ ആളാ. പറ്റിക്കില്ല”. പറഞ്ഞു വരുന്നത് സമൂഹത്തില്‍ വ്രതാനുഷ്ടാനം കുറച്ചുപേരെയെങ്കിലും ധാര്‍മ്മികപാതയിലേയ്ക്ക് നയിക്കുന്നുണ്ടെന്ന് തന്നെയാണ്. അല്ലെങ്കില്‍ സമൂഹം അങ്ങിനെയാണ് അവരെ കാണുന്നത് എന്നാണ്.

മണ്ഡലക്കാലത്തെ വ്രതാനുഷ്ടാനങ്ങള്‍ക്ക് നിയതമായ ചില നിയമാവലികള്‍ ഉണ്ട്. നിത്യ ബ്രഹ്മചാരിയും സന്യാസിയുമായ അയ്യപ്പസങ്കല്‍പ്പത്തിലുള്ള ദേവനെക്കാണാന്‍ ആ ദേവന്റെ സാരൂപ്യവും സാമീപ്യവും കുറച്ചു സമയത്തെക്കെങ്കിലും കൈക്കൊള്ളാന്‍ ആഗ്രഹിച്ചു വരുന്നവര്‍ക്ക് നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതശുദ്ധി കല്‍പ്പിച്ചിരിക്കുന്നു. ബ്രഹ്മചര്യം അതില്‍ പ്രധാനമാണ് താനും. “സന്നിധാനത്തിന്‍ വിശുദ്ധികൊണ്ടയ്യനാം അയ്യപ്പ നാമാധികാരിയായി, ഞാന്‍ അയ്യപ്പനാമാധികാരിയായി” എന്നാണ് ഭക്തന്‍ വൈകാരികമായി കണക്കാക്കുന്നത്. സന്നിധാനത്തിലെ വിശുദ്ധിക്ക് നിയതമായ ചില ആചാരങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗികവിഷയങ്ങളിലെ ബ്രഹ്മചര്യം മാത്രമല്ല, മറ്റുള്ള സാമൂഹ്യ ഇടപാടുകളില്‍ പാലിക്കേണ്ട മിതത്വം, സത്യസന്ധത, ഭക്ഷണത്തിലുള്ള നിയന്ത്രണം, ശുദ്ധി, വൃത്തി, ഇവയെല്ലാം സാധകര്‍ പാലിക്കേണ്ട ബ്രഹ്മചര്യങ്ങളാണ്.
ഇനി സ്ത്രീ/പുരുഷ ബന്ധം വ്രതകാലത്തെ എങ്ങിനെയാണ് ചര്‍ച്ചാവിഷയമാവുന്നത് എന്ന്  പരിശോധിക്കാം. 

പ്രാചീനര്‍ എട്ട്തരം സ്ത്രീപുരുഷമൈഥുനങ്ങളെപ്പറ്റിപ്പറയുന്നുണ്ട്.
1.        പുരുഷന്‍ സ്ത്രീയെ, അവളുടെ ശരീരത്തെ, ശ്രദ്ധിച്ചു നോക്കുന്നത്  
2.        പുരുഷന്‍ അവളുടെ സൌന്ദര്യത്തെ പുകഴ്ത്തുന്നത് (വാക്കിലോ ചിന്തയിലോ)
3.        ആ സ്ത്രീയോട് ചേരുവാന്‍ പുരുഷനില്‍ ആഗ്രഹമുണ്ടാവുന്നത്,  
4.        പുരുഷന്‍ തനിക്ക് ആഗ്രഹം തോന്നിയ സ്ത്രീയോട് സംസാരിക്കാന്‍ നിശ്ചയിക്കുന്നത്,
5.        അവളോടു സംസാരിക്കാന്‍ അവസരം കണ്ടെത്തി പോവുന്നത്,
6.        പുരുഷന്‍ അവളെ ചെന്ന് കാണുന്നത്,
7.        പുരുഷന്‍ അവളോടു മന്ദമന്ദം ആകര്‍ഷകമായി സംസാരിക്കുന്നത്,
8.        പുരുഷനും സ്ത്രീയും തമ്മില്‍ ശാരീരികമായി ബന്ധപ്പെടുന്നത്.

ബ്രഹ്മചര്യേണ സംതിഷ്‌ഠേദപ്രമാദേന മസ്‌കരീ 
ദര്‍ശനം സ്പര്‍ശനം കേളിഃ കീര്‍ത്തനാഗുഹ്യഭാഷണം
സങ്കല്‌പോ f ധ്യവസായശ്ച ക്രിയാ നിര്‍വൃത്തിരേവ ച
ഏതെന്മൈഥുനമഷ്ടാംഗം പ്രവദന്തി മനീഷണാ


ഒന്നാമത്തേത് ഇല്ലെങ്കില്‍ ബ്രഹ്മചര്യത്തെ തടസ്സപ്പെടുത്തുന്ന മറ്റ് ഏഴു കാര്യങ്ങളും നടക്കുകയില്ലല്ലോ!. അതുകൊണ്ടാണ് മണ്ഡലവ്രതകാലത്ത് യുവതികളെ കാണാന്‍പോലും അയ്യപ്പഭക്തന്മാരെ അനുവദിക്കാത്തത്. പണ്ടൊക്കെ നാട്ടില്‍ അമ്പലത്തിനടുത്ത് ഒരൂട്ടുപുരയില്‍ ഭജനയുമൊക്കെയായി വീട്ടുകാരെപ്പോലും കാണാതെയാണ് അയ്യപ്പന്മാര്‍ മലചവിട്ടുന്നതിനു മുന്‍പുള്ള വ്രതകാലം കഴിഞ്ഞിരുന്നത്.

കുടുംബത്തിലുള്ളവരാണെങ്കിലും വ്രതമെടുത്ത അയ്യപ്പന്മാരുള്ള വീടുകളില്‍ സ്ത്രീകളോട്, അമ്മയും സഹോദരിമാര്‍ ആണെങ്കില്‍പ്പോലും, അയ്യപ്പന്മാര്‍ അകലം പാലിക്കാറുണ്ട്. വ്രതസാധനയുടെ കാര്യത്തില്‍ ഇത് സ്ത്രീപുരുഷ ഭേദമമെന്യേ ബാധകമാണ് താനും. അതായത് സ്ത്രീ/പുരുഷന്‍ എന്നീ വാക്കുകള്‍ പരസ്പരം മാറ്റി വയ്ച്ചാലും ബ്രഹ്മചര്യനിയമങ്ങള്‍ ഒരുപോലെയാണ്. വ്രതം തെറ്റാതെ സ്ത്രീകളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ശബരിമല ദര്‍ശനം സാധ്യമല്ലതന്നെ. അഷ്ടമൈഥുനങ്ങളില്‍ ഒന്നിലെങ്കിലും പങ്കെടുക്കാതെ വ്രതസമയമായ നാല്‍പ്പത്തിയൊന്നു ദിവസം ആണിനും പെണ്ണിനും കഴിച്ചുകൂട്ടുക സാദ്ധ്യമല്ല.

എന്തുകൊണ്ടാണ് പുരുഷന്മാര്‍ക്ക് മാത്രം ശബരിമലദര്‍ശനം അനുവദിച്ചിരിക്കുന്നത്? സ്ത്രീകള്‍ക്ക് മാത്രം ആകാന്‍ പാടില്ലേ? എന്നാണെങ്കില്‍ ആവാം എന്നാണ് എന്റെ ഉത്തരം. സന്യാസഭാവത്തിലുള്ള ഒരു സ്ത്രൈണദേവതാ സങ്കല്പം ഉണ്ടാക്കി അതിലേയ്ക്ക് സ്ത്രീകള്‍ക്ക് മാത്രമായി തീര്‍ത്ഥാടനം നടത്തുന്നതിനെ ഞാന്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. ആറ്റുകാല്‍ പൊങ്കാല പോലുള്ള ആചാരങ്ങളില്‍ സ്ത്രീകള്‍ ആത്മാഭിമാനത്തോടെ പങ്കെടുക്കുന്നുണ്ടല്ലോ. അത് സ്ത്രീകളുടെ ഉത്സവമായതുകൊണ്ട് പുരുഷന്മാര്‍ക്ക് പ്രത്യേകിച്ചൊരു പരാതിയുണ്ടെന്നു തോന്നുന്നില്ല. ആറ്റുകാല്‍ അമ്പലം കാട്ടിലാവാഞ്ഞത് നന്നായി എന്നാണെന്റെ പക്ഷം. സ്ത്രീകള്‍ക്ക് (ചിലപ്പോള്‍ പുരുഷന്മാര്‍ക്കും) നഗരങ്ങളിലും നാട്ടിന്‍പുറങ്ങളില്‍പ്പോലും സമാധാനമായി യഥേഷ്ടം നടക്കാനുള്ള സാഹചര്യം ഇപ്പോഴും ഇല്ലല്ലോ!

ഈ തിരക്കില്‍ യുവതികള്‍ക്ക് പോകണം എന്നുണ്ടോ?

സ്ത്രീ/പുരുഷന്മാരുടെ ‘വിഷയ’ നിയന്ത്രണം സാമൂഹ്യചുറ്റുപാടുകളിലും ബാധകമാണ്. പടിഞ്ഞാറന്‍ നാടുകളില്‍, പ്രത്യേകിച്ചും അമേരിക്കയില്‍ ഒരു പറച്ചിലുണ്ട് – “അപ്പിറ്റയ്സര്‍ വഴിയില്‍ നിന്നു കിട്ടിയാലും ഡിന്നര്‍ വീട്ടില്‍ വന്നേ ആകാവൂ” എന്ന്. അഷ്ടമൈഥുനങ്ങളില്‍ ആദ്യത്തെ ഏഴും അപ്പിറ്റയ്സര്‍ ആണ്. ആരോഗ്യകരമായ സുഹൃദ്ബന്ധങ്ങളെപ്പറ്റിയല്ല  ഞാനിവിടെ പറയുന്നത്. വെറുതെ കിട്ടുന്ന ഫ്രീ അപ്പിറ്റയ്സറുകളെപ്പറ്റിയാണ്. ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടുകളില്‍, ‘അപ്പിറ്റയ്സറുകള്‍’ തീര്‍ത്തും ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്. സിനിമകളും പരസ്യങ്ങളും ടീവിയും മറ്റും നമുക്കത് വാരിക്കോരി തരുന്നുമുണ്ട്. മഹാനായ യേശുദാസ് പറഞ്ഞു ‘വടി’പിടിച്ച  ജീന്‍സ് വിഷയവും, ലെഗ്ഗിന്‍സ് വിഷയവും ഇതോടു ചേര്‍ത്ത് വായിക്കാം. ആണും പെണ്ണും എല്ലാമെല്ലാമൊഴിവാക്കി മസിലുപിടിച്ച് മൂടിപ്പുതയ്ക്കണം എന്നെനിക്ക് അഭിപ്രായമില്ല. കാരണം ഇപ്പറഞ്ഞ ആപ്പിറ്റയ്സര്‍ മിതമായി ആസ്വദിക്കുന്ന ആളെന്ന നിലയില്‍ത്തന്നെയാണ് ഞാനിത് പറയുന്നത്. എന്നാല്‍ വ്രതകാലത്തും ഞങ്ങള്‍ക്കീ ആപ്പിറ്റയ്സറുകള്‍ പൊതുസ്ഥലങ്ങളില്‍, വ്രതശുദ്ധിയുള്ള കാട്ടില്‍പ്പോലും വിളമ്പിയേ തീരൂ എന്ന് സ്ത്രീകള്‍, അല്ലെങ്കില്‍ പുരോഗമനവാദികള്‍ വാശിപിടിക്കുന്നത് മര്യാദകേടാണ്. കാട്ടില്‍ ഒരിടത്തേയ്ക്ക് മാറിപ്പോയി, ഒതുങ്ങിക്കൂടി, വ്രതം മുടക്കരുതെന്ന് ആഗ്രഹിക്കുന്ന അയ്യപ്പന്മാര്‍ ആരെയും ദ്രോഹിക്കുന്നില്ല.! ആരുടെ അവകാശങ്ങളും നിഷേധിക്കുന്നില്ല. അവരാണെങ്കില്‍ മനസ്സിലെ കരടി-കടുവകളെ ഒന്നൊതുക്കി നിര്‍ത്താന്‍ കഷ്ടപ്പെട്ട് വ്രതമെടുത്ത് കാടകം പൂകി ഒന്നൊന്നരമാസം എല്ലാത്തരത്തിലും ‘ഡ്രൈ’ ആയി, അയ്യപ്പന്മാരാകാന്‍, അയ്യപ്പഭക്തന്മാരാവാന്‍- ശ്രമിക്കുന്നവരാണ്. ഇന്ദ്രിയങ്ങളെ അടക്കിയ നൈഷ്ടികബ്രഹ്മചാരികളൊന്നുമല്ല അവരെന്നും നാം ഓര്‍ക്കണം.

ധര്‍മ്മശാസ്താവിനെ ദര്‍ശിക്കാന്‍ ആഗ്രഹമുള്ള യുവതികള്‍ക്ക് പോകാന്‍ മറ്റുഭാവങ്ങളില്‍ ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള അയ്യപ്പക്ഷേത്രങ്ങള്‍ ഉണ്ട്. കുളത്തുപ്പുഴയില്‍ അയ്യപ്പന്‍ ബ്രഹ്മചാരിയാണ്. ആരിയന്‍കാവില്‍ പൂര്‍ണ്ണ, പുഷ്ക്കല എന്നീ രണ്ടു പത്നിമാരോടോപ്പമിരിക്കുന്ന ഗൃഹസ്ഥാശ്രമിയായ ദൈവതമാണ് ധര്‍മ്മശാസ്താവ്. അച്ചന്‍കോവിലില്‍ വാനപ്രസ്ഥനും ശബരിമലയില്‍ സന്യാസിയുമാണ് അയ്യപ്പന്‍. ഒരേയൊരയ്യപ്പന്‍ എങ്ങിനെയാണ് പലഭാവങ്ങളിലിരിക്കുന്നുതെന്നു സംശയമുള്ളവര്‍ സ്വയം അവനവനെപ്പറ്റി ആലോചിക്കുക. ഒരേസമയം ഒരാള്‍ക്ക് അച്ഛനും, മകനും ഭര്‍ത്താവും ഭക്തനുമാവാന്‍ എന്താണ് തടസ്സം? ഈ അയ്യപ്പക്ഷേത്രങ്ങളിലും മറ്റു നാടുകളിലുള്ള ശാസ്താ ക്ഷേത്രങ്ങളിലും സ്ത്രീപുരുഷഭേദമന്യേ എല്ലാവര്‍ക്കും ദര്‍ശനം നടത്താം. സ്ത്രീകള്‍ക്ക് അവരവരുടെ ഭക്തിവിശ്വാസങ്ങളുടെ ആചരണത്തിനുള്ള അവസരങ്ങള്‍ അയ്യപ്പപൂജയുടെ കാര്യത്തില്‍ ഒരുവിധത്തിലും നിഷേധിക്കപ്പെടുന്നില്ല എന്നര്‍ത്ഥം. മാത്രമല്ല, ശബരിമലയിലിരിക്കുന്ന, സന്യാസഭാവത്തിലുള്ള അയ്യപ്പനെത്തന്നെ കണ്ടു സായൂജ്യമടയണം എന്നുള്ള യുവതികള്‍ കുറച്ചു കാലം കാത്തിരിക്കണം എന്നല്ലേയുള്ളൂ?


നമ്മുടെ സങ്കല്‍പ്പത്തിലുള്ള സനാതനധര്‍മ്മത്തെ പ്രകടമാക്കി നിലനിര്‍ത്തുന്നത് ആചാരങ്ങളാണ്, ഉത്സവങ്ങളും ആഘോഷങ്ങളുമാണ്. മറ്റുള്ളവരെ പ്രതികൂലമായി ബാധിക്കാത്തിടത്തോളം, അവയുടെ പരിപാലനം ഒരു സമൂഹത്തിന്റെ ആരോഗ്യലക്ഷണമാണ് കാണിക്കുന്നത്. ബഹുസ്വരതയില്ലാത്ത സനാതനസംസ്കാരം സെമെറ്റിക് മതങ്ങളുടെ ‘കറുപ്പ്-വെളുപ്പ്‌’ ദ്വന്ദങ്ങളുടെ നിലവാരത്തിലായിപ്പോകും. നാനാത്വത്തിലാണ് സനാതനസംസ്കാരം വിഭാവനചെയ്യുന്ന ഏകത്വം നിലനില്‍ക്കുന്നത്. അവരവരുടെ നിര്‍വചനങ്ങള്‍ക്കൊത്ത് നാനാത്വം പ്രകടമാക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുമ്പോഴാണ്‌ ആത്മീയസമത്വമുണ്ടാവുന്നത്. എന്നാല്‍ സമത്വം പാലിക്കുന്നത് കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ആചാരക്രമങ്ങളെ ഏകപക്ഷീയമായി വികലമാക്കിയിട്ടോ നശിപ്പിച്ചിട്ടോ ആവരുത്. ‘താലിബാന്‍ നശിപ്പിച്ച ബുദ്ധപ്രതിമകളെ’ മറക്കാന്‍ കാലമായിട്ടില്ലല്ലോ!


Friday, October 31, 2014

സദാചാരം! (വെജിറ്റേറിയന്‍)

സദാചാരം! (വെജിറ്റേറിയന്‍)




ദിനപ്പത്രങ്ങളിലും ഫേസ്ബുക്കിലുമെല്ലാം ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന കാര്യങ്ങളാണല്ലോ പെണ്‍കുട്ടികളുടെ ജീന്‍സും നാട്ടിലെ ചുംബനമഹാമഹവും സദാചാരപ്പോലീസുമെല്ലാം. കുറച്ചു ദിവസം ഇതിനെപ്പറ്റി ഒന്നും മിണ്ടാതെ ഭൂരിപക്ഷം ബുദ്ധിജീവികളില്‍ ഒരാളെപ്പോലെ ഞാനും വാര്‍ത്തകള്‍ വായിച്ചും അതിലെ ഉപ്പും മധുരവും നുണഞ്ഞും ചിലപ്പോള്‍ അകത്തൊരു ‘ലഡ്ഡു’ പൊട്ടിച്ചുമൊക്കെ ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ പണ്ടത്തെ ഒരു സംഭവകഥയോര്‍ത്തത്. കോളേജില്‍ പഠിച്ചുനടക്കുന്ന കാലം. 

എണ്‍പതുകളുടെ തുടക്കം. പ്രായം, ഇരുപതിന്റെ ആരംഭം. ഇപ്പോഴത്തെ പിള്ളാരെപ്പോലെയല്ലാ, ഇരുപതായിട്ടും സൌന്ദര്യാസ്വാദനത്തിന്റെ വിവിധ തലങ്ങളെപ്പറ്റി അന്വേഷണം തുടങ്ങുന്നതെയുള്ളു. അന്ന് പ്രഫഷണല്‍ കോളേജുകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു നടന്നാലോ കപ്പികുടിക്കാന്‍ കയറിയാലോ ആ നാട്ടിന്‍പുറത്തെ് പ്രശ്നങ്ങള്‍ ഒന്നും ഇല്ല. മാത്രമല്ല, ഞങ്ങളെല്ലാം സാദാ ‘വെജിറ്റേറിയന്‍സ്’ ആയിരുന്നു. ‘കാപ്പി മാത്രം’ കുടിച്ച് കുറച്ചു വര്‍ത്തമാനം പറഞ്ഞു മാനമായി പുറത്തുവരുന്ന ഇടപാടുകാരുമായിരുന്നു. ആണ്‍കുട്ടികളുടെ കൂടെകൂട്ടാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ മാത്രമേ ഞങ്ങള്‍ക്ക് അന്ന് കൂട്ടുകാരായി ഉണ്ടായിരുന്നുള്ളുതാനും. അതായത്, അത്യാവശ്യം സിനിമ (അരവിന്ദന്‍-അടൂര്‍ ലൈന്‍, ഏറിവന്നാല്‍ ഒരു ഭരതനോ പത്മരാജനോ ആവാം), സാഹിത്യവാരഫലം, കടമ്മനിട്ട, ഇങ്ങിനെയൊക്കെയുള്ള വാക്കുകള്‍ കേട്ടാല്‍ ഓടാത്തവരുടെ ഒരു കൂട്ടമാണ് കേട്ടോ. പിന്നെ രാഷ്ട്രീയമായിപ്പറഞ്ഞാല്‍ സ്ഥിരം അമ്പലത്തില്‍ ‘ശാഖ’യ്ക്ക് പോവുന്ന  ഒരു ആറെസ്സെസ്സുകാരന്‍, നക്സല്‍ ആണോ എന്ന് എസ്എഫ് ഐക്കാര്‍ സംശയത്തോടെ നോക്കിയിരുന്ന മറ്റൊരാള്‍, രാജന്‍ കേസില്‍ കരുണാകരന്‍ നിരപരാധിയാണെന്നുറപ്പുള്ള ഒരപ്പാവി മേനോന്‍, ഇങ്ങിനെയെല്ലാമുള്ള ‘സമാന’-സഹൃദയര്‍ക്കൊപ്പം രണ്ടു മൂന്നു പെണ്‍കൊടികളും ചേര്‍ന്നാണ് നടപ്പ്. ആകെ എല്ലാവരും ചേര്‍ന്നൊരു കമ്പനിയെന്നല്ലാതെ  ‘ഇന്നാര്‍ക്ക് ഇന്നാരെന്ന്’ എഴുതി വച്ചിട്ടുള്ള കൂട്ടുകാര്‍ ആയിരുന്നുമില്ല ഞങ്ങള്‍. അങ്ങിനെയുള്ള റൊമാന്‍സൊന്നും ഇല്ലാതെ തന്നെ ജീവിതം ‘സുരഭില’മാണെന്ന് തോന്നിയിരുന്ന കാലം.

ക്ലാസ്സുകഴിഞ്ഞ് ഒരു വൈകുന്നേരം, കൂട്ടത്തിലൊരാളുടെ പിറന്നാള്‍ പ്രമാണിച്ച് ബ്രാഹ്മണാള്‍ ഹോട്ടലില്‍ നിന്നും മസാലദോശ സഹിതമായിരുന്നു കാപ്പി. അതുകഴിഞ്ഞ് ഓരോരുത്തരായി അവരവരുടെ വഴിക്കുള്ള ബസ്സുകളില്‍ കയറി. ബസ്റ്റാന്റിനടുത്തുള്ള ജവുളിക്കടയ്ക്ക് മുന്നിലെത്തിയ ബെന്നി ഒന്ന് നിന്നു. ‘എനിക്കൊരു സാധനം വാങ്ങണം, നീ വരുന്നോ?’ അവന്റെ കയ്യില്‍ ചെറിയൊരു കഷണം തുണിയുണ്ട്. സാമാന്യം തെറ്റില്ലാത്ത കടയാണ്. സെയില്‍സ്ഭാഗം മുഴുവന്‍ മദ്ധ്യവയസ്കരായ, മുണ്ട് മടക്കിക്കുത്തിയ അച്ചായന്മാര്‍. പിന്നെ കടയിലുള്ളത് തുണിവാങ്ങാനെത്തിയ കുറച്ചു കുടുംബങ്ങള്‍. ബെന്നി കയ്യിലുള്ള തുണിക്കക്ഷണം  കാണിച്ചിട്ട് പറഞ്ഞു. ‘ഈ നിറത്തിലുള്ള ഒരു ബ്ലൌസ് പീസ്‌ വേണം’. ഉടനെതന്നെ നാലഞ്ചു തരം തുണികള്‍ പുറത്തെടുത്ത് നിരത്തി അവര്‍ വിലയും മറ്റും പറഞ്ഞു തുടങ്ങി. ഞാനാണെങ്കില്‍ യാതൊരു താല്‍പ്പര്യവുമില്ലാതെ നില്‍ക്കുന്നു. അടുത്ത ബസ്സുപിടിക്കണം! ‘ഇതെങ്ങിനെയുണ്ട്‌?’ ബെന്നി എന്നോടു ചോദിച്ചു. ചുവപ്പ് കൂടിയ മെറൂണ്‍ നിറത്തിലൊരു തുണി, ബെന്നിക്കിഷ്ടപ്പട്ടു. ‘നോക്കട്ടെ’, ഞാന്‍ തുണിയെടുത്ത് ട്യൂബ് ലൈറ്റിന് നേരെ പിടിച്ചു നോക്കി. തുണിയിലൂടെ നോക്കുമ്പോള്‍ അപ്പുറത്തുള്ള എല്ലാം വ്യക്തമായി കാണാം. ‘നിറമൊക്കെ എനിക്കും ഇഷ്ടപ്പെട്ടു. ആട്ടെ, ആര്‍ക്കുവേണ്ടിയാണിത്? നമ്മുടെ മോളിച്ചേച്ചിക്കാണോ? എന്നാല്‍ നമുക്കിത് വേണ്ടടാ. ഇതൊക്കെ മറ്റുള്ളവരുടെ ചേച്ചിമാരിട്ടു നടക്കട്ടെ. നമ്മുടെ പെങ്ങമ്മാര്‍ക്കിതു പറ്റില്ല.’ കടയില്‍ വലിയൊരു കൂട്ടച്ചിരി. ചട്ടയും മുണ്ടുമിട്ട ചില അമ്മച്ചിമാര്‍ സ്നേഹത്തോടെ ഞങ്ങളെ നോക്കി. എന്റെ പറച്ചില്‍ ഒരല്‍പം ഉറക്കെയായിപ്പോയോ എന്നൊരു സംശയം. പിന്നെ അവിടെ നിന്നിറങ്ങുമ്പോള്‍ കയ്യിലുണ്ടായിരുന്നത് നല്ല കട്ടിയുള്ള തുണിയാണ്. അതേ നിറം! മോളിച്ചേച്ചിക്ക് അതിഷ്ടമായോ ആവോ!

Wednesday, August 20, 2014

മഹാബലി – ശ്രീരാമനുപോലും മാതൃകാപുരുഷന്‍

മഹാബലി ശ്രീരാമനുപോലും മാതൃകാപുരുഷന്‍.
യോഗവാസിഷ്ഠത്തില്‍ നിന്നും ഒരേട്‌.
ഡോ. എ. പി. സുകുമാര്‍, കാനഡ 



അസുരചക്രവര്‍ത്തിയായിരുന്ന മഹാബലിയുടെ ചരിതത്തില്‍ നിന്നും മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍ അതിഗുഹ്യവും അതിപ്രധാനവുമായ ജ്ഞാനം ഗ്രഹിക്കുകയുണ്ടായി. അതദ്ദേഹത്തിന്റെ ജീവിതത്തിനു വഴികാട്ടിയായിത്തീരുകയും ചെയ്തു. അസുരരാജാവ് ശ്രീരാമന് മാതൃകയോ?. കേട്ടാല്‍ തികച്ചും അവിശ്വസനീയം എന്ന് തോന്നാം! തിരുവോണത്തിന്റെ നാടന്‍ കഥകളിലും പുതുപുത്തന്‍ കച്ചവടക്കഥകളിലും മഹാബലിയോട് ‘അനീതി’ ചെയ്ത മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീരാമന്‍. ആ രാമന്‍ സ്വയം  അസുരചക്രവര്‍ത്തിയായ ബലിയില്‍ നിന്നും എന്ത് പഠിക്കാനാണ്? അതിന്റെ കഥ യോഗവാസിഷ്ഠത്തിലെ ഉപശമ പ്രകരണത്തില്‍ നമുക്ക് കാണാം.

ദേവാസുരന്മാര്‍
 
ദേവന്മാര്‍ കറയേശാത്ത വെളുപ്പിന്റെയും അസുരന്മാര്‍ പ്രകാശലേശമേല്‍ക്കാത്ത കറുപ്പിന്റെയും പ്രതിനിധികളാണെന്ന് പുരാണങ്ങളുടെ പുറംതോടുമാത്രം വായിച്ചവര്‍ക്കേ തോന്നുകയുള്ളൂ. ദേവാസുരന്മാരുടെ സ്വഭാവത്തിലെ കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിറഭേദങ്ങളില്‍ ചിലസമയത്ത് വെളിച്ചത്തിനും മറ്റുചിലപ്പോള്‍ ഇരുട്ടിനും പ്രാമുഖ്യം ഉണ്ടായിരുന്നു എന്നതാണ് അവരെ വേര്‍തിരിക്കുന്ന കാര്യം. ഈ തരംതിരിവാകട്ടെ നൂറുശതമാനം ദേവന്‍, അല്ലെങ്കില്‍ നൂറുശതമാനം അസുരന്‍ എന്ന തരത്തില്‍ ആയിരുന്നിട്ടില്ല - ഒരിക്കലും. രാവണനു പത്തുതലയോളം പോന്ന ബുദ്ധിയും ശിവപാര്‍വ്വതിമാരെ പ്രീതിപ്പെടുത്താനായ ഭക്തിയും, നാരദതുല്യമായ സംഗീതജ്ഞാനവും ഉണ്ടായിരുന്നല്ലോ. കൂട്ടത്തില്‍ വിട്ടുപോവാനാകാത്ത ഒരല്‍പ്പം അഹന്തയും കാമവും ഉണ്ടായിരുന്നുവെന്നു മാത്രം. മറ്റസുരന്മാരും അങ്ങിനെയൊക്കെത്തന്നെയാണ്. ഭാഗവതത്തിലെ വൃത്രാസുരന്റെ പ്രഭാഷണം (ആറാം സ്കന്ധം) കേട്ടാല്‍ എന്ത്?, ഇദ്ദേഹം അസുരനോ എന്ന് നാം വിസ്മയിക്കുകതന്നെ ചെയ്യും. കംസന്‍, ദേവകീവസുദേവന്മാര്‍ക്ക് നല്‍കുന്ന ഉപദേശവും ഒട്ടും ആസുരീകമല്ലല്ലോ. ബലിയുടെ അച്ഛനായ വിരോചനന്‍, വിരോചനന്റെ അച്ഛനായ പ്രഹ്ലാദന്‍ എന്നിവരുടെ മാഹാത്മ്യവും നമുക്കറിയാം. വിഷ്ണുഭക്തിയിലും ആത്മാന്വേഷണത്തിലും  അഗ്രഗണ്യന്മാരായ ഇവരില്‍ നിന്നും നമുക്കേറെ പഠിക്കാനുണ്ട്.

പുരാണകഥകളിലും അതിന്റെ പിറകിലുള്ള ചിന്തകളിലും, നന്മയും തിന്മയും എന്നത് ആത്യന്തികമായ ഒരവസാന വാക്കല്ല. അത് വായനക്കാരനില്‍, അല്ലെങ്കില്‍ സാധകനില്‍ ഉളവാക്കാനിടയുള്ള നന്മ-തിന്മ എന്നീ ദ്വന്ദഭാവങ്ങള്‍ മൂര്‍ത്തീകരിക്കുന്നതിലെ സാദ്ധ്യതകള്‍ മാത്രമാണ്. നായകനിലും പ്രതിനായകനിലും നന്മയുടെയും തിന്മയുടെയും അംശങ്ങള്‍ വിവിധ തോതുകളില്‍, പല തലങ്ങളില്‍  നിലകൊള്ളുന്നുണ്ട്. അത് കാലദേശങ്ങള്‍ക്കനുസരിച്ചു മാറിക്കൊണ്ടിരിക്കുകയും ചെയ്യും. സാധകനിലെ (വായനക്കാരനിലെ) നന്മതിന്മകളുടെ നിറക്കൂട്ടുകളില്‍ അവ പ്രതിഫലിക്കുന്നതനുസരിച്ചാണ് കഥയിലെ നായകന്റെയും പ്രതിനായകന്റെയും വളര്‍ച്ച. നമ്മുടെ പുരാണകഥകളില്‍ ഒരിക്കലും ‘വില്ലന്മാര്‍’ ഉണ്ടായിരുന്നിട്ടില്ല എന്നതും ഒരു പ്രത്യേകതയാണ്.

യോഗവാസിഷ്ഠം

ഇനി നമുക്ക് ശ്രീരാമനിലേയ്ക്ക് വരാം. വാല്മീകി മഹര്‍ഷി ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ രാമായണം എഴുതിയത് തികച്ചും വായനാക്ഷമമായ കഥാരൂപത്തിലാണ്. എന്നാല്‍ അതിലെ അയോദ്ധ്യാകാണ്ഡത്തില്‍ മുപ്പത്തീരായിരം ശ്ലോകങ്ങളിലായി യോഗവാസിഷ്ഠം എന്ന അതിബ്രഹത്തായ ഒരു ഭാഗവും ഉള്‍ക്കൊള്ളിച്ചിരുന്നു. അതിന്റെ വായനാക്ഷമത അത്ര ജനകീയമല്ല എന്ന് തന്നെ പറയാം. രാമായണകഥയില്‍ ആളുകള്‍ക്ക് താല്‍പ്പര്യം കുറഞ്ഞുവെങ്കിലോ എന്ന് കരുതിയാവണം തത്വചിന്താപരമായ ഈ ബ്രഹദ്ഭാഗം രാമായണത്തില്‍ നിന്നും അടര്‍ത്തിമാറ്റി മറ്റൊരു കൃതിയാക്കിയത്. ഏതായാലും യോഗവാസിഷ്ഠാരംഭത്തിലെ രാമന്‍ ഒരു സാധാരണ രാജകുമാരന്‍ മാത്രമായിരുന്നു. അതിബുദ്ധിശാലിയെങ്കിലും ഏറെ സംശയങ്ങള്‍ക്ക് വിധേയനായി ആകെ ‘അര്‍ജ്ജുനവിഷാദി’യായിരുന്ന രാമനെ ആ വിഷാദത്തില്‍ നിന്നും കരകയറ്റി ഊര്‍ജ്ജ്വസ്വലനായ ഒരു കര്‍മ്മയോഗിയാക്കി മാറ്റുക എന്നതായിരുന്നു വസിഷ്ഠന്റെ നിയോഗം. മഹാബലിയുടെ കഥ അങ്ങിനെ വസിഷ്ഠവചനങ്ങളിലൂടെയാണ് രാമന് മാതൃകാപാഠമായിത്തീര്‍ന്നത്. രാമനോടുള്ള വസിഷ്ഠന്‍റെ ആഹ്വാനം ‘നീയും മഹാബലിയെപ്പോലെയാവൂ’ എന്നാണ്. മഹാബലിയെപ്പോലെ ഉല്‍കൃഷ്ടമായ ജീവിതം നയിക്കുന്നതിലൂടെ നിനക്കും മൂന്നുലോകങ്ങളെക്കുറിച്ചും യാതൊരു വ്യാകുലതകളുമില്ലാതെ ചക്രവര്‍ത്തിപദം കയ്യാളാം എന്നാണ് മഹര്‍ഷി ഉപദേശിച്ചത്. ആ ചക്രവര്‍ത്തിസ്ഥാനം  പോയ്‌പോയാലും നിന്നില്‍ ആകുലതകള്‍ ഉണ്ടാവുകയില്ല. ഒരു ദിവസം പട്ടാഭിഷേകത്തിനായി തയ്യാറെടുക്കുക, പിറ്റേന്ന് വനവാസത്തിനായി നിയുക്തനാവുക എന്നിങ്ങിനെയുള്ള വിധിവിഹിതങ്ങളെ നേരിടാന്‍ ശ്രീരാമന് കരുത്തേകിയത് വസിഷ്ഠന്റെ ഉപദേശങ്ങള്‍ ആയിരുന്നുവല്ലോ.

ചക്രവര്‍ത്തിയായ ബലി, വാമനാവതാരത്തിനു മുന്‍പേ തന്നെ മൂന്നുലോകങ്ങളിലെ വ്യാപാരങ്ങളും തന്നെ ‘ബാധിക്കാത്ത’ രീതിയില്‍ ആത്മസാക്ഷാത്ക്കാരത്തിന്റെ നിറവില്‍ വിരാജിച്ചിരുന്നു. മഹാവിഷ്ണു, വാമനനായി വന്ന് തന്നില്‍നിന്നും മൂന്നു ലോകങ്ങളെയും ദാനമായി വാങ്ങിക്കൊണ്ടുപോയപ്പോഴും ബലിയുടെ സ്ഥിതപ്രജ്ഞ ഭാവത്തിന് യാതൊരു കോട്ടവും ഉണ്ടായില്ല. താന്‍ സ്വയം ഇന്ദ്രപദവിയില്‍ ഇരുന്നപ്പോഴും ഇനിയും എത്രയോ യുഗങ്ങള്‍ ആ പദവി തിരികെ കിട്ടാനായി കാത്തിരിക്കേണ്ടി വരുമെന്നറിയുമ്പോഴും ബലിയില്‍ യാതൊരു ചാഞ്ചല്യവും ഉണ്ടായിരുന്നില്ല. അങ്ങിനെയാണ് ബലിചക്രവര്‍ത്തി ‘മഹാബലി’യായത്. മര്യാദാ പുരുഷോത്തമന്റെ മാതൃകാപുരുഷനാണ് മഹാബലി. അതിന്റെ കഥയെന്തെന്ന് നമുക്ക്  യോഗവാസിഷ്ഠത്തില്‍ നോക്കാം. കഥകള്‍ക്കുള്ളില്‍ ഉള്‍പ്പിരിവുകളായാണ് വാസിഷ്ഠത്തിലെ കഥാകഥനരീതി.

ബലിയുടെ ജീവിതം തന്നെയാണ് ബലിയുടെ തത്വചിന്ത

വസിഷ്ഠന്‍ പറഞ്ഞത്, രാമാ, നിനക്ക് ശാശ്വതമായ സത്യത്തെക്കുറിച്ചുള്ള അറിവുണ്ടാകാന്‍ ഞാന്‍ ബലിയുടെ കഥ പറയാം എന്നാണ്. വിശ്വത്തിന്റെ മറ്റൊരു ഭാഗത്ത് പാതാളം എന്നൊരു ലോകമുണ്ട്. അവിടെ വിരോചനപുത്രനായ ബലി രാജാവായി വാണിരുന്നു. വിശ്വരക്ഷിതാവായ ശ്രീഹരിതന്നെയാണു പാതാളത്തിന്റെയും ബലിയുടെയും രക്ഷകര്‍ത്താവ്. ദേവരാജനായ ഇന്ദ്രന്‍പോലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അങ്ങിനെ ബലി ഏറെക്കാലം പാതാളലോകം ഭരിച്ചുവെങ്കിലും കാലക്രമത്തില്‍ തീവ്രമായ ഒരനാസക്തി അദ്ദേഹത്തെ ബാധിച്ചു. അദ്ദേഹമിങ്ങിനെ ആലോചിക്കാന്‍ തുടങ്ങി: ഞാന്‍ എത്രകാലം ഈ പാതാളം വാഴണം? എത്രകാലമീ ത്രിലോകങ്ങള്‍ ചുറ്റണം? ഈ രാജ്യം ഭരിച്ചിട്ടെനിക്കെന്തുനേടാന്‍? മൂന്നു ലോകങ്ങളിലുമുള്ള എല്ലാം നാശത്തിനു വിധേയമാണല്ലോ?  വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന വൃത്തികെട്ട സുഖാനുഭവങ്ങളും കര്‍മ്മങ്ങളും ദിനംതോറും സംഭവിക്കുന്നു. എന്നിട്ട് ജ്ഞാനികള്‍ പോലും അതില്‍ ലജ്ജിക്കുന്നില്ല. ഈ ചംക്രമണം നാമെത്രനാള്‍കൂടി തുടരണം? എന്താണതിന്റെ ഉദ്ദേശം?

ഈ പ്രത്യക്ഷലോകത്തിന്റെ ലക്ഷ്യമെന്താണ്‌? ഈ ചാക്രികമായ ആവര്‍ത്തനങ്ങളുടെ ഉദ്ദേശമെന്താണ്‌?എപ്പോഴാണിതവസാനിക്കുക? എപ്പോഴാണു മനസ്സിന്റെ ഭ്രമമടങ്ങുക? മറ്റൊന്നും തേടാതെ എന്തു നേടിയാലാണൊരുവന്‍ പരിപൂര്‍ണ്ണ തൃപ്തിയടയുക? എങ്ങിനെയാണെനിയ്ക്ക് പരമ പ്രശാന്തതയില്‍ അഭിരമിക്കാനാവുക എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ബലിയുടെ അച്ഛന്‍ വിരോചനന്‍ ഉചിതമായ മറുപടി നല്‍കിയിരുന്നു.
ശുക്രാചാര്യരുടെ ഉപദേശം
ശുക്രാചാര്യരുടെ ഉപദേശം ഹൃസ്വമെങ്കിലും ഗഹനമായിരുന്നു.  'ബോധം മാത്രമേ നിലനില്‍ക്കുന്നതായുളളു. ഇക്കാണുന്നതും കാണാത്തതുമെല്ലാം ബോധം മാത്രം. എല്ലാടവും നിറഞ്ഞു നില്‍ക്കുന്നതും ബോധം. നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല. ബോധത്തില്‍ ഉണ്ടാവുന്ന വിഷയത്വം, ധാരണാകല്‍പ്പനകള്‍ എന്നിവയാണ് ബന്ധനങ്ങള്‍.  അവയുടെ നിരാസമാണു മുക്തി. അവബോധത്തില്‍ നിന്നും ധാരണകള്‍ (വസ്തുബോധം) നീക്കിയാല്‍ എല്ലാറ്റിന്റെയും സത്യസ്ഥിതിയായി. എല്ലാ തത്വചിന്തകളുടെയും അടിസ്ഥാനമിതാണ്. ഈ ദര്‍ശനത്തില്‍ സ്വയം സ്ഥിരപ്രതിഷ്ഠനായാല്‍ നിനക്ക് അനന്താവബോധത്തിലഭിരമിക്കാം.

കഥാരൂപേണ അദ്ദേഹം പറഞ്ഞത് മുക്തിപദമെന്ന ഒരു മഹാരാജ്യത്തെക്കുറിച്ചാണ്. അവിടെ ദു:ഖങ്ങളില്ല. അവിടുത്തെ രാജാവാണ്‌ ആത്മാവ്. ആത്മാവ് എല്ലാ മണ്ഡലങ്ങള്‍ക്കും ബോധാവസ്ഥകള്‍ക്കും അതീതമാണ്. മനസ്സാണ്‌ മന്ത്രി. ഈ മനസ്സാണ്‌ കളിമണ്ണില്‍ നിന്നു കുടമെന്നപോലെ ഈ ലോകമുണ്ടാക്കിയത്. മനസ്സു കീഴടക്കിയാല്‍ എല്ലാം കീഴടക്കി എന്നര്‍ത്ഥം. ബുദ്ധികൂര്‍മ്മതയോടെയുള്ള പ്രവൃത്തിയെക്കൂടാതെ മനസ്സിനെ വെല്ലുക അസാദ്ധ്യം. വിത്തിടാതെ, അത് നനച്ചു പരിപാലിക്കാതെ, വിളവെടുക്കാനാവില്ല. നിരന്തരമായ സാധനകൂടാതെ മനസ്സടങ്ങുകയില്ല. അതുകൊണ്ട് ത്യാഗത്തിന്റെയും സംന്യാസത്തിന്റേതുമായ മാര്‍ഗ്ഗം മാത്രമേ ശ്രേയസ്കരമായുള്ളു. ഇന്ദ്രിയസുഖാനുഭവങ്ങളില്‍ നിന്നും പിന്തിരിഞ്ഞാലല്ലാതെ ദു:ഖസാന്ദ്രമായ ഈ ലോകത്തിലെ നട്ടംതിരിയല്‍ അവസാനിക്കുകയില്ല. പരിപൂര്‍ണ്ണമായ നിര്‍മമതയുടെ,അനാസക്തിയുടെ തലത്തിലേയ്ക്കെത്താന്‍ നിസ്തന്ദ്രമായ സാധന കൂടിയേ തീരൂ.

മനസ്സാണ് കര്‍മ്മം ചെയ്യുന്നത്. നിയതിക്കനുസൃതമായി, പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് മനസ്സോരോന്നു ചിന്തിക്കുകയും സൃഷ്ടിക്കുകയും അവയെ പ്രകടമാക്കുകയും ചെയ്യുന്നു. മനസ്സിന് പ്രകൃതിനിയമങ്ങള്‍ക്കെതിരായും പ്രവര്‍ത്തിക്കുവാനാകും. അതിനാല്‍ മനസ്സാണ് പ്രകൃതിയെ നിയന്ത്രിക്കുന്നതെന്നും പറയാം. ആകാശത്ത് കാറ്റു സഞ്ചരിക്കും പോലെ വ്യക്തിജീവന്‍ ഈ ലോകത്ത് വര്‍ത്തിക്കുന്നു. പ്രകൃതിയുടെ വിളിക്കനുസരിച്ച് ചലിച്ചോ ഒരിടത്ത് ചലനമില്ലാതെ നിന്നോ ജീവികള്‍ തങ്ങളുടെ ഭാഗം അഭിനയിക്കുന്നു. ആത്മവിദ്യയാകുന്ന വളളിച്ചെടിയിലാണ് സുഖാസക്തിയുടെ അന്ത്യമെന്ന ഫലം കായ്ക്കുന്നത്. അതുണ്ടാവുന്നതോ?ആത്മദര്‍ശനം ഉണ്ടായിക്കഴിഞ്ഞുമാത്രം. ബുദ്ധിപൂര്‍വ്വമായ അന്വേഷണത്തിലൂടെ ആത്മാവിനെ തേടുകയും അങ്ങിനെ ആസക്തികളെ ഉപേക്ഷിക്കാനാവുകയും വേണം.

ആത്മസാക്ഷാത്കാരവും അനാസക്തിയും ഒരേ സമയം പുരോഗതി പ്രാപിക്കുന്നു. ശരിയായ അനാസക്തി ഒരുവനിലുണ്ടാവുന്നത് തപ:ശ്ചര്യകളിലൂടെയോ തീര്‍ത്ഥാടനങ്ങളിലൂടെയോ, ദാനധര്‍മ്മങ്ങളിലൂടെയോ  അല്ല. അത് സാധിക്കുന്നത് അവനവന്റെ സ്വരൂപത്തെ, ആത്മാവിനെ നേരിട്ടറിയുന്നതിലൂടെ മാത്രമാണ്.  ഇതിനുവേണ്ടത് ശരിയായ സ്വപരിശ്രമം തന്നെയാണ്. അതിനാല്‍ സാധകന്‍ ഈശ്വരനിലും വിധിയിലും മറ്റുമുള്ള പരാധീനത ഉപേക്ഷിച്ച് ശരിയായ പരിശ്രമത്തിലൂടെ സുഖാസക്തിയെ തരണം ചെയ്യണം. നിര്‍മമത അങ്ങിനെ പക്വമാവുമ്പോള്‍ അയാളില്‍ ആത്മാന്വേഷണം താനേ ഉദിച്ചുയരും.

അതിനാല്‍ ഒരുവന്‍ ആദ്യമായി ഈശ്വരന്‍ തുടങ്ങിയ ബാഹ്യമായ എല്ലാ അവലംബനങ്ങളേയും ഉപേക്ഷിച്ച് ശരിയായ പ്രവൃത്തിയിലേര്‍പ്പെട്ട് അനാസക്തി വളര്‍ത്തിയെടുക്കണം. എന്നാല്‍ സമൂഹത്തിന്റെ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് ധനം സമ്പാദിക്കുന്നതില്‍ തെറ്റില്ല. അത് ബന്ധുക്കളെയോ മറ്റുള്ളവരേയോ വഞ്ചിച്ചാവരുത് എന്ന് മാത്രം. ഈ ധനം പാവനചരിതന്മാരായ മഹത് വ്യക്തികളുമായുളള സത്സംഗത്തിനായി ഉപയോഗിക്കണം. അത്തരം സത്സംഗവും  അനാസക്തിയെ പ്രദാനം ചെയ്യും. അങ്ങിനെ ആത്മാന്വേഷണത്വരയും, ശാസ്ത്രപഠനവും ജ്ഞാനസമ്പാദനവും അവിടെ സഹജമാവും. ക്രമേണ, പടിപടിയായി പരമസത്യത്തിലേക്ക് സാധകന്‍ എത്തിച്ചേരുന്നു. സുഖാനുഭവപ്രയത്നങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുമ്പോള്‍ ആത്മാന്വേഷണത്താല്‍ പരമസത്യം വെളിവാകുന്നു. ആത്മാവ് തികച്ചും  നിര്‍മ്മലമാവുമ്പോള്‍ പരമശാന്തിയില്‍ അഭിരമിക്കാം. വീണ്ടുമൊരിക്കലും ദു:ഖനിദാനമായ വാസനാമാലിന്യങ്ങളിലേയ്ക്കും (തെറ്റി)ദ്ധാരണകളിലേയ്ക്കും നിപതിക്കേണ്ടതായി വരികയില്ല. തുടര്‍ന്നും ഈ ലോകത്ത് ജീവിക്കുന്നുവെങ്കിലും എല്ലാ ആശകള്‍ക്കും പ്രതീക്ഷകള്‍ക്കും അതീതനായി വര്‍ത്തിക്കുവായും കഴിയും.

വിരോചനന്റെ ഉപദേശങ്ങള്‍ ഓര്‍മ്മവന്ന ബലി തന്നില്‍ സുഖാനുഭവങ്ങള്‍ക്കായുള്ള ആസക്തി തീരെ ഇല്ലാതായിരിക്കുന്നു എന്നറിഞ്ഞു. അമൃതസമാനമായ പ്രശാന്തതയെ പ്രാപിക്കണം എന്നദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതിനായി പരിശ്രമവും തുടങ്ങി. ഈ വിശ്വം എന്നത് മനസ്സിന്റെ സൃഷ്ടിയാകയാല്‍ അതുപേക്ഷിച്ചതുകൊണ്ട് നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ‘ഞാന്‍ ആരാണ്?’; ‘ഇതെല്ലാം എന്താണ്?’ എന്നിങ്ങിനെ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ തന്റെ ഗുരുവായ ശുക്രാചാര്യനോടു ചോദിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.


ഗുരുവിന്റെ ഉപദേശം ബലിയില്‍ പുതിയൊരുണര്‍വ്വുണ്ടാക്കി. തീര്‍ച്ചയായും എല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല. ആ ബോധസത്ത ‘ഇത് സൂര്യനാണ്’ എന്ന് ചിന്തിക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും വ്യതിരിക്തമായി സുര്യന്‍ നിലകൊള്ളുന്നു. വെളിച്ചത്തെ ഇരുട്ടില്‍ നിന്നും തിരിച്ചറിയാന്‍ പര്യാപ്തമാക്കുന്നത് ഈ ബോധമാണ്. ഭൂമിയെ ഭൂമിയായും ആകാശദിക്കുകളെ അപ്രകാരവും ലോകത്തെ ലോകമായും നിലനിര്‍ത്തുന്നത് ബോധമാണ്.  ബോധം ഒരു പര്‍വ്വതത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ആ പര്‍വ്വതത്തിന് നിലനില്‍പ്പില്ല. ഇന്ദ്രിയങ്ങളും ദേഹവും മനസ്സിലുദിക്കുന്ന ആശകളും അകത്തുള്ളതും പുറത്തുള്ളതും ആകാശവും മാറ്റമെന്ന പ്രഹേളികയുമെല്ലാം ബോധം മാത്രം. ബാഹ്യവസ്തുക്കളുമായി ഒരുവനിലുണ്ടാകുന്ന സമ്പര്‍ക്കവും അനുഭവങ്ങളുമെല്ലാം ബോധമാണുണ്ടാക്കുന്നത്. ശരീരമല്ല അതിനു ഹേതു. ശരീരമില്ലാതെതന്നെ ഞാന്‍ ബോധസ്വരൂപമാണ്. അത് തന്നെയാണീ വിശ്വത്തിന്റെ ആത്മാവ്. രണ്ടാമതൊന്നില്ലാതെ (അദ്വൈതം) ബോധം എങ്ങും നിറഞ്ഞു വിളങ്ങുമ്പോള്‍ സുഹൃത്ത്, ശത്രു എന്നിങ്ങിനെയുള്ള തരം തിരിവില്ല.

ആത്മാവില്‍ പരമശാന്തി കൈവരുന്നതുവരെ ഞാന്‍ കര്‍മനിരതനായി തുടരും എന്ന്  നിശ്ചയിച്ച് ഓംകാരം ജപിച്ച് എല്ലാ സംശയങ്ങളും ഒഴിഞ്ഞ്, വസ്തുധാരണകള്‍ നീക്കി, വിഷയ-വിഷയീ ഭേദഭാവമില്ലാതെ, ചിന്ത-ചിന്തകന്‍--ചിന്ത്യവിഷയം (ധ്യാനം, ധ്യാനി, ധ്യാനവിഷയം) എന്ന തോന്നലുകളില്ലാതെ ബലി അവിടെയിരുന്നു. ഉദ്ദേശലക്ഷ്യങ്ങളൊന്നുമില്ലാതെ പ്രശാന്തനായി, മനസ്സടങ്ങി,കാറ്റില്ലാത്തയിടത്തു കത്തിച്ച  ദീപമെന്നപൊലെ അദ്ദേഹം പരമപദത്തില്‍ അഭിരമിച്ചു. ബലി, ധ്യാനത്തിന്റെ അതീന്ദ്രിയമായ  അബോധാവസ്ഥയിലാണെന്ന് ശുക്രന്‍ മനസ്സിലാക്കി.

ആയിരം ദേവവര്‍ഷങ്ങള്‍ ധ്യാനത്തില്‍ കഴിഞ്ഞ ബലി ദേവഗന്ധര്‍വ്വന്മാരുടെ സംഗീതം കേട്ടുണര്‍ന്നു. അദ്ദേഹത്തില്‍ നിന്നും ഉദ്ഗമിച്ച ഒരലൌകിക പ്രഭ ലോകത്തെ ശോഭായമാനമാക്കി. ബലി മഹാരാജാവ് തുടര്‍ന്നും ഭംഗിയായി രാജ്യം ഭരിച്ചു. യാതൊന്നും മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിക്കാതെ തന്നെ യദൃച്ഛയാ വരുന്ന അവസരങ്ങള്‍ക്കനുസൃതമായി അദ്ദേഹം ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചു. ബ്രാഹ്മണരെയും, ദേവതകളെയും മഹാത്മാക്കളേയും അദ്ദേഹം വന്ദിച്ചു പൂജിച്ചു വന്നു. ബന്ധുജനങ്ങളോട് അദ്ദേഹം ആദരപൂര്‍വ്വം പെരുമാറി. ഭ്രുത്യജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ കയ്യയച്ച് നല്‍കി. ദാനധര്‍മങ്ങള്‍ ചെയ്തു. വനിതകളുമായും അദ്ദേഹം യഥേഷ്ടം കേളിയാടി. ഒന്നും അദ്ദേഹത്തിനു വര്‍ജ്ജ്യമായിരുന്നില്ല.

യാഗം, സുതലപ്രവേശം

അങ്ങിനെയിരിക്കെ അതിമഹത്തായ ഒരു യാഗം വിപുലമായിത്തന്നെ നടത്താനും അങ്ങിനെ പുകള്‍ നേടാനും അദ്ദേഹത്തിനു കലശലായ ആഗ്രഹം തോന്നി. അതിനുവേണ്ട സാമഗ്രികളും ആളുകളും ഉടനെ തയാറായി. യഥോചിതമായി അദ്ദേഹം ആ യാഗകര്‍മ്മം തുടങ്ങി വച്ചു. ഈ യാഗസമയത്താണ് ഭഗവാന്‍ വിഷ്ണു ബലിയുടെ പക്കല്‍ നിന്നും മൂന്നു ലോകങ്ങളുടെയും ഭരണാധികാരം മാറ്റി അത് ഇന്ദ്രന് നല്‍കാനായി വാമനരൂപം പൂണ്ട് അവതരിച്ചത്. ബലിയുടെ പക്കല്‍ നിന്നും മൂന്നു ലോകങ്ങളെയും ദാനമായി വാങ്ങിയാണ് വിഷ്ണു ഇത് സാധിച്ചത്. അടുത്ത ഇന്ദ്രപദവി ബലിക്കാണ്. ദാനം കൊടുത്ത് നിസ്വനായ ബലിയെ വിഷ്ണുഭഗവാന്‍ പാതാളലോകമായ സുതലത്തിലേയ്ക്ക് അയക്കുകയാണുണ്ടായത്. അതിനാലാണ് അദ്ദേഹം അവിടെ മുക്തനും പ്രബുദ്ധനുമായി സ്വര്‍ഗ്ഗഭരണമേറ്റെടുക്കാനുള്ള   തന്റെ ഊഴവും കാത്തിരിക്കുന്നത്. ഐശ്വര്യമോ ആപത്തോ തന്നെ സന്ദര്‍ശിക്കുന്നത് എന്ന വിവേചനം അദ്ദേഹത്തിനില്ല. സന്തോഷ-സന്താപ അനുഭവങ്ങളില്‍ അദ്ദേഹം അമിതമായി ആനന്ദിക്കുകയോ വിലപിക്കുകയോ ചെയ്യുന്നില്ല. അനേകകോടി വര്‍ഷങ്ങള്‍ അദ്ദേഹം മൂന്നു ലോകങ്ങളും ഭരിച്ചു. എന്നാലിപ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം വിശ്രമിക്കുകയാണ്. ഇനിയും അദ്ദേഹം ഇന്ദ്രപദവിയില്‍ ഏറെക്കാലം മൂലോകങ്ങളും ഭരിക്കും. എന്നാലദ്ദേഹത്തിനു ഇന്ദ്രപദവിയില്‍ താല്‍പ്പര്യമൊന്നുമില്ല. രാജപദവി നഷ്ടപ്പെട്ടപ്പോഴും തന്നെ സുതലപാതാളത്തിലേയ്ക്ക് കൊണ്ടുപോയപ്പോഴും അദ്ദേഹം വിലപിച്ചില്ല. യാദൃഛയാ വന്നുചേരുന്നതിനെ സര്‍വ്വാത്മനാ സ്വീകരിച്ച് അദ്ദേഹം സ്വയം പ്രശാന്തയില്‍ അഭിരമിക്കുന്നു.  (ആയാതമായാതം അലംഘനീയം ഗതം ഗതം സര്‍വ്വമുപേക്ഷണീയം). വസിഷ്ഠമുനി രാമന് പറഞ്ഞു കൊടുത്ത ബലി മഹാരാജാവിന്റെ കഥ ഇതാണ്.

മഹാബലി ശ്രീരാമന് പോലും മാതൃകാപുരുഷന്‍

“രാമാ, ബലി മഹാരാജനുണ്ടായിരുന്നത് പോലെയുള്ള ഉള്‍ക്കാഴ്ചയുമായി പരമപദത്തില്‍ നീയും അഭിരമിക്കൂ. ഉപയോഗശൂന്യവും അസത്തുമായ ലൌകീകസുഖങ്ങളില്‍ ഒരിക്കലും ആസക്തനാകാതിരിക്കൂ. ദൂരെക്കാണുന്ന വെറും, പാറക്കല്ലുകള്‍പോലെ മാത്രമേ ഈ ലോകത്തുള്ള ആകര്‍ഷണീയവസ്തുക്കള്‍ക്ക് നിന്റെയുള്ളില്‍ സ്ഥാനമുണ്ടാവാന്‍ പാടുള്ളൂ. അവ നിന്റെ ശ്രദ്ധയോ ആദരവോ അര്‍ഹിക്കുന്നില്ല. ഒന്നില്‍നിന്ന് മറ്റൊന്നിലേയ്ക്ക് ചാഞ്ചാടുന്ന നിന്റെ മനസ്സ് ദൃഢമായി ഹൃദയത്തില്‍ ഉറപ്പിച്ചാലും. രാമാ, നീ അനന്താവബോധത്തിന്റെ നിതാന്തഭാസുരതയാണ്. ലോകങ്ങള്‍ നിന്നില്‍ വേരുറപ്പിച്ചിരിക്കുന്നു. നിനക്ക് സുഹൃത്തായും  ശത്രുവായും ആരുണ്ട്? നീ അനന്തതയാണ്. മാലയില്‍ കോര്‍ത്ത മണികള്‍ പോലെയാണ് നിന്നില്‍ ലോകങ്ങള്‍ നിലകൊള്ളുന്നത്. നീയാകുന്ന ആ വ്യതിരിക്തസത്വം ജനിച്ചിട്ടില്ല, അതുകൊണ്ടുതന്നെ മരിക്കുകയുമില്ല. ആത്മാവാണുണ്മ. ജനനമരണങ്ങള്‍ വെറും ഭാവനകള്‍ മാത്രം. വെറും മിഥ്യയാണവ. ജീവിതത്തിലെ എല്ലാ ദുരിതങ്ങളേയും കുറിച്ച് ആരായുക. എന്നാല്‍ ഒന്നിലും ഒട്ടാതിരിക്കുക. നീയാണ് രാമാ ഭഗവാനും ഭഗവദ്പ്രഭയും. ലോകം ആ പ്രഭയിലാണ് ദര്‍ശിതമാവുന്നത്. ലോകത്തിന്, വേറിട്ട്  സ്വതന്ത്രമായി നില്‍ക്കുന്ന  ഒരസ്തിത്വമില്ല. പണ്ട് നിന്നില്‍ ഇഷ്ടാനിഷ്ടങ്ങളുടെ ദ്വന്ദശക്തികള്‍ വര്‍ത്തിക്കുന്നുണ്ടായിരുന്നുവല്ലോ. അവയെ ഉപേക്ഷിച്ചാല്‍ നിനക്ക് സമതാഭാവം കൈക്കൊള്ളാനാവും. അതോടെ ജനനമരണചക്രത്തിന്റെ അവസാനവുമാവും. മനസ്സ് ആഴ്ന്നിറങ്ങാന്‍ സാദ്ധ്യതയുള്ള എല്ലാത്തില്‍ നിന്നും അതിനെ പിന്‍വലിച്ച് സത്യത്തിലേയ്ക്ക് ഉന്മുഖമാക്കുക. മഹാബലിയുടെ ചരിതം നിന്നില്‍ ഈ സത്യത്തിന്റെ പ്രകാശം നിറയ്ക്കട്ടെ. സത്യത്തിന്റെ നേരറിവില്ലാത്തവരും സ്വയം ഗുരുക്കളായി അവരോധം ചെയ്തവരുമായവരുടെ വാഗ്ധോരണികളില്‍ വീണുപോകാതെ നീ സൂക്ഷിക്കണം. മഹാബലിയെപ്പോലുള്ള പാവനചരിതന്മാരെയാണ് നീ മാതൃകയാക്കേണ്ടത്.”

തന്റെതായിരുന്ന സര്‍വ്വവും കൂടാതെ തന്നെത്തന്നെയും (അഹത്തെ) ബലികൊടുത്ത മഹാനായ ബലി തന്നെയാണ് ശ്രീരാമനു മാതൃകയാവാന്‍ സര്‍വ്വഥാ അനുയോജ്യന്‍. ഈ മഹാബലിയെയാണ് തിരുവോണത്തില്‍ നാം ഓര്‍ക്കേണ്ടത്. ആത്മജ്ഞാനത്തില്‍ ശ്രീരാമനുപോലും മാര്‍ഗ്ഗദര്‍ശിയായ ബലിചക്രവര്‍ത്തി മഹാബലിയായ കഥയാണ് നാം പുതുതലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടത്. കുടവയറും വമ്പന്‍ മീശയുമായി കടകള്‍ക്ക് മുന്നില്‍ വെറുമൊരു പരിഹാസപാത്രമായി നില്‍ക്കുന്ന ‘കോമഡിസ്റ്റാറല്ല’ മഹാബലി.