Saturday, September 7, 2013

മഹാബലി – ശ്രീരാമനുപോലും മാതൃകാപുരുഷന്‍.

മഹാബലി – ശ്രീരാമനുപോലും മാതൃകാപുരുഷന്‍.
ഡോ. എ. പി. സുകുമാര്‍ 



  
അസുരചക്രവര്‍ത്തിയായിരുന്ന മഹാബലിയുടെ ചരിതത്തില്‍ നിന്നും മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍ അതിഗുഹ്യവും അതിപ്രധാനവുമായ ജ്ഞാനം ഗ്രഹിക്കുകയുണ്ടായി. അതദ്ദേഹത്തിന്റെ ജീവിതത്തിനു വഴികാട്ടിയായിത്തീരുകയും ചെയ്തു. അസുരരാജാവ് ശ്രീരാമന് മാതൃകയോ?. കേട്ടാല്‍ തികച്ചും അവിശ്വസനീയം എന്ന് തോന്നാം! തിരുവോണത്തിന്റെ നാടന്‍ കഥകളിലും പുതുപുത്തന്‍ കച്ചവടക്കഥകളിലും മഹാബലിയോട് അനീതി ചെയ്ത മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീരാമന്‍. ആ രാമന്‍ സ്വയം  അസുരചക്രവര്‍ത്തിയായ ബലിയില്‍ നിന്നും എന്ത് പഠിക്കാനാണ്? അതിന്റെ കഥ യോഗവാസിഷ്ഠത്തിലെ ഉപശമ പ്രകരണത്തില്‍ നമുക്ക് കാണാം.

ദേവന്മാര്‍ കറയേശാത്ത വെളുപ്പിന്റെയും അസുരന്മാര്‍ പ്രകാശലേശമേല്‍ക്കാത്ത കറുപ്പിന്റെയും പ്രതിനിധികളാണെന്ന് പുരാണങ്ങളുടെ പുറംതോടുമാത്രം വായിച്ചവര്‍ക്കേ തോന്നുകയുള്ളൂ. ദേവാസുരന്മാരുടെ സ്വഭാവത്തിലെ കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിറഭേദങ്ങളില്‍ ചിലസമയത്ത് വെളിച്ചത്തിനും മറ്റുചിലപ്പോള്‍ ഇരുട്ടിനും പ്രാമുഖ്യം ഉണ്ടായിരുന്നു എന്നതാണ് അവരെ വേര്‍തിരിക്കുന്ന കാര്യം. ഈ തരംതിരിവാകട്ടെ നൂറുശതമാനം ദേവന്‍, അല്ലെങ്കില്‍ നൂറുശതമാനം അസുരന്‍ എന്ന തരത്തില്‍ ആയിരുന്നിട്ടില്ല - ഒരിക്കലും. രാവണനു പത്തുതലയോളം പോന്ന ബുദ്ധിയും ശിവപാര്‍വ്വതിമാരെ പ്രീതിപ്പെടുത്താനായ ഭക്തിയും, നാരദതുല്യമായ സംഗീതജ്ഞാനവും ഉണ്ടായിരുന്നല്ലോ. കൂട്ടത്തില്‍ വിട്ടുപോവാനാകാത്ത ഒരല്‍പ്പം അഹന്തയും കാമവും ഉണ്ടായിരുന്നുവെന്നു മാത്രം. മറ്റസുരന്മാരും അങ്ങിനെയൊക്കെത്തന്നെയാണ്. ഭാഗവതത്തിലെ വൃത്രാസുരന്റെ പ്രഭാഷണം (ആറാം സ്കന്ധം) കേട്ടാല്‍ എന്ത്?, ഇദ്ദേഹം അസുരനോ എന്ന് നാം വിസ്മയിക്കുകതന്നെ ചെയ്യും. കംസന്‍, ദേവകീവസുദേവന്മാര്‍ക്ക് നല്‍കുന്ന ഉപദേശവും ഒട്ടും ആസുരീകമേ അല്ലല്ലോ. ബലിയുടെ അച്ഛനായ വിരോചനന്‍, വിരോചനന്റെ അച്ഛനായ പ്രഹ്ലാദന്‍ എന്നിവരുടെ മാഹാത്മ്യവും നമുക്കറിയാം. വിഷ്ണുഭക്തിയിലും ആത്മാന്വേഷണത്തിലും  അഗ്രഗണ്യന്മാരായ ഇവരില്‍ നിന്നും നമുക്കേറെ പഠിക്കാനുണ്ട്.

പുരാണകഥകളിലും അതിന്റെ പിറകിലുള്ള ചിന്തകളിലും, നന്മയും തിന്മയും എന്നത് ആത്യന്തികമായ ഒരവസാന വാക്കല്ല. അത് വായനക്കാരനില്‍, അല്ലെങ്കില്‍ സാധകനില്‍ ഉളവാക്കാനിടയുള്ള നന്മ-തിന്മ എന്നീ ദ്വന്ദഭാവങ്ങള്‍ മൂര്‍ത്തീകരിക്കുന്നതിലെ സാദ്ധ്യതകള്‍ മാത്രമാണ്. നായകനിലും പ്രതിനായകനിലും നന്മയുടെയും തിന്മയുടെയും അംശങ്ങള്‍ വിവിധ തോതുകളില്‍ ഉണ്ട്. അത് കാലദേശങ്ങള്‍ക്കനുസരിച്ചു മാറിക്കൊണ്ടിരിക്കുകയും ചെയ്യും. സാധകനിലെ (വായനക്കാരനിലെ) നന്മതിന്മകളുടെ നിറക്കൂട്ടുകളില്‍ പ്രതിഫലിക്കുന്നതനുസരിച്ചാണ് കഥയിലെ നായകന്റെയും പ്രതിനായകന്റെയും വളര്‍ച്ച. ഇത്തരം പുരാണകഥകളില്‍ ഒരിക്കലും ‘വില്ലന്മാര്‍’ ഉണ്ടായിരുന്നിട്ടില്ല എന്നതും ഒരു പ്രത്യേകതയാണ്.

ഇനി നമുക്ക് ശ്രീരാമനിലേയ്ക്ക് വരാം. വാല്മീകി മഹര്‍ഷി ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ രാമായണം എഴുതിയത് തികച്ചും വായനാക്ഷമമായ കഥാരൂപത്തിലാണ്. എന്നാല്‍ അതിലെ അയോദ്ധ്യാകാണ്ഡത്തില്‍ മുപ്പത്തീരായിരം ശ്ലോകങ്ങളിലായി യോഗവാസിഷ്ഠം എന്ന അതിബ്രഹത്തായ ഒരു ഭാഗവും ഉള്‍ക്കൊള്ളിച്ചിരുന്നു. അതിന്റെ വായനാക്ഷമത അത്ര ജനകീയമല്ല എന്ന് പറയാം. രാമായണകഥയില്‍ ആളുകള്‍ക്ക് താല്‍പ്പര്യം കുറഞ്ഞുവെങ്കിലോ എന്ന് കരുതിയാവണം തത്വചിന്താപരമായ ഈ ബ്രഹദ്ഭാഗം രാമായണത്തില്‍ നിന്നും അടര്‍ത്തിമാറ്റി മറ്റൊരു കൃതിയാക്കിയത്. ഏതായാലും യോഗവാസിഷ്ഠാരംഭത്തിലെ രാമന്‍ ഒരു സാധാരണ രാജകുമാരന്‍ മാത്രമായിരുന്നു. അതിബുദ്ധിശാലിയെങ്കിലും ഏറെ സംശയങ്ങള്‍ക്ക് വിധേയനായി ആകെ ‘അര്‍ജ്ജുനവിഷാദി’യായിരുന്ന രാമനെ ആ വിഷാദത്തില്‍ നിന്നും കരകയറ്റി ഊര്‍ജ്ജ്വസ്വലനായ ഒരു കര്‍മ്മയോഗിയാക്കി മാറ്റുക എന്നതായിരുന്നു വസിഷ്ഠന്റെ നിയോഗം. മഹാബലിയുടെ കഥ അങ്ങിനെയാണ് രാമന് ഒരു പാഠമായിത്തീര്‍ന്നത്. രാമനോടുള്ള വസിഷ്ഠന്‍റെ ആഹ്വാനം ‘നീയും മഹാബലിയെപ്പോലെയാവൂ’ എന്നാണ്. മഹാബലിയെപ്പോലെയുള്ള ജീവിതം നയിക്കുന്നതിലൂടെ നിനക്കും മൂന്നുലോകങ്ങളെക്കുറിച്ചും യാതൊരു വ്യാകുലതകളുമില്ലാതെ ചക്രവര്‍ത്തിപദം കയ്യാളാം എന്നാണ് മഹര്‍ഷി ഉപദേശിച്ചത്. ആ സ്ഥാനം  പോയാലും നിന്നില്‍ ആകുലതകള്‍ ഉണ്ടാവുകയില്ല. ചക്രവര്‍ത്തിയായ ബലി, വാമനാവതാരത്തിനു മുന്‍പേ തന്നെ മൂന്നുലോകങ്ങളിലെ വ്യാപാരങ്ങളും തന്നെ ബാധിക്കാത്ത രീതിയില്‍ ആത്മസാക്ഷാത്ക്കാരത്തിന്റെ നിറവില്‍ വിരാജിച്ചിരുന്നു. പിന്നീട് വാമനനായി വന്ന് മഹാവിഷ്ണു തന്നില്‍നിന്നും മൂന്നു ലോകങ്ങളെയും ദാനമായി വാങ്ങിക്കൊണ്ടുപോയപ്പോഴും ബലിയുടെ സ്ഥിതപ്രജ്ഞ ഭാവത്തിന് യാതൊരു കോട്ടവും ഉണ്ടായില്ല. താന്‍ സ്വയം ഇന്ദ്രപദവിയില്‍ ഇരുന്നപ്പോഴും ഇനിയും എത്രയോ യുഗങ്ങള്‍ ആ പദവി തിരികെ കിട്ടാനായി കാത്തിരിക്കേണ്ടി വരുമെന്നറിയുമ്പോഴും ബലിയില്‍ യാതൊരു ചാഞ്ചല്യവും ഉണ്ടായിരുന്നില്ല. അങ്ങിനെയാണ് ബലിചക്രവര്‍ത്തി ‘മഹാബലി’യായത്. മര്യാദാ പുരുഷോത്തമന്റെ മാതൃകാ പുരുഷനാണ് മഹാബലി. അതിന്റെ കഥയെന്തെന്ന് നമുക്ക്  യോഗവാസിഷ്ഠത്തില്‍ നോക്കാം. കഥകള്‍ക്കുള്ളില്‍ ഉള്‍പ്പിരിവുകളായാണ് വാസിഷ്ഠത്തിലെ കഥാകഥനരീതി.

വസിഷ്ഠന്‍ പറഞ്ഞത്, രാമാ, നിനക്ക് ശാശ്വതമായ സത്യത്തെക്കുറിച്ചുള്ള അറിവുണ്ടാകാന്‍ ഞാന്‍ ബലിയുടെ കഥ പറയാം എന്നാണ്. വിശ്വത്തിന്റെ മറ്റൊരു ഭാഗത്ത് പാതാളം എന്നൊരു ലോകമുണ്ട്. അവിടെ വിരോചനപുത്രനായ ബലി രാജാവായി വാണിരുന്നു. വിശ്വരക്ഷിതാവായ ശ്രീഹരിതന്നെയാണു പാതാളത്തിന്റെയും ബലിയുടെയും രക്ഷകര്‍ത്താവ്. ദേവരാജനായ ഇന്ദ്രന്‍പോലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അങ്ങിനെ ബലി ഏറെക്കാലം പാതാളലോകം ഭരിച്ചുവെങ്കിലും കാലക്രമത്തില്‍ തീവ്രമായ ഒരനാസക്തി അദ്ദേഹത്തെ ബാധിച്ചു. അദ്ദേഹമിങ്ങിനെ ആലോചിക്കാന്‍ തുടങ്ങി: ഞാന്‍ എത്രകാലം ഈ പാതാളം വാഴണം? എത്രകാലമീ ത്രിലോകങ്ങള്‍ ചുറ്റണം? ഈ രാജ്യം ഭരിച്ചിട്ടെനിക്കെന്തുനേടാന്‍? മൂന്നു ലോകങ്ങളിലുമുള്ള എല്ലാം നാശത്തിനു വിധേയമാണല്ലോ?
വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന വൃത്തികെട്ട സുഖാനുഭവങ്ങളും കര്‍മ്മങ്ങളും ദിനംതോറും സംഭവിക്കുന്നു. എന്നിട്ട് ജ്ഞാനികള്‍ പോലും അതില്‍ ലജ്ജിക്കുന്നില്ല. ഈ ചംക്രമണം നാമെത്രനാള്‍കൂടി തുടരണം? എന്താണതിന്റെ ഉദ്ദേശം?

ഈ പ്രത്യക്ഷലോകത്തിന്റെ ലക്ഷ്യമെന്താണ്‌?ഈ ചാക്രികമായ ആവര്‍ത്തനങ്ങളുടെ ഉദ്ദേശമെന്താണ്‌? എപ്പോഴാണിതവസാനിക്കുക? എപ്പോഴാണു മനസ്സിന്റെ ഭ്രമമടങ്ങുക? മറ്റൊന്നും തേടാതെ എന്തു നേടിയാലാണൊരുവന്‍ പരിപൂര്‍ണ്ണ തൃപ്തിയടയുക? എങ്ങിനെയാണെനിയ്ക്ക് പരമ പ്രശാന്തതയില്‍ അഭിരമിക്കാനാവുക എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് എന്റെ അച്ഛന്‍ നല്‍കിയ മറുപടി ഞാനോര്‍ക്കുന്നു.  മൂന്നു ലോകങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മണ്ഡലത്തെപ്പറ്റി അദ്ദേഹം എന്നോടു പറഞ്ഞു. അവിടെ തടാകങ്ങളോ സമുദ്രങ്ങളോ മലകളോ കാടുകളോ നദികളോ ഭൂമിയോ ആകാശമോ കാറ്റോ ഞാനോ വിഷ്ണുഭഗവാന്‍ തുടങ്ങിയ ദേവന്മാരോ ഒന്നുമില്ല. അവിടെയുള്ള ഒരേയൊരു വസ്തു പരമപ്രകാശം മാത്രം. സര്‍വ്വശക്തനും സര്‍വ്വവ്യാപിയും ആയി വിളങ്ങുന്ന ആ സത്ത എല്ലാറ്റിന്റേയും എല്ലാമാണ്‌. ശാന്തമായി കര്‍മ്മരഹിതമെന്നപോലെ അതു നിലകൊള്ളുന്നു. 'മഹാരാജാവായ' അദ്ദേഹത്തിന്റെ ആജ്ഞയ്ക്കനുസരിച്ച് മന്ത്രിയാണ്‌ കാര്യങ്ങളെല്ലാം നടത്തുന്നത്. ഇല്ലാത്തതിനെ അദ്ദേഹം ഉണ്ടാക്കുന്നു. ഉള്ളതിനെ മാറ്റിമറിക്കുനു. ഈ മന്ത്രിയാകട്ടെ യതൊന്നും അനുഭവിക്കാനോ ആസ്വദിക്കാനോ കഴിയുന്നവനല്ല. അയാള്‍ക്ക് ഒന്നും അറിയുകയുമില്ല. അജ്ഞനും ജഢനുമാണെങ്കിലും തന്റെ രാജാവിനുവെണ്ടി ഈ മന്ത്രിപുംഗവന്‍ എല്ലാക്കാര്യങ്ങളും ചെയ്യും. രാജാവാകട്ടെ ഏകാന്തതയില്‍ പ്രശാന്തനായി കഴിയുന്നു. ഈ മന്ത്രിയുടെ ഇച്ഛയ്ക്കൊത്താണ്‌ നന്മതിന്മകളുടെ പോരാട്ടങ്ങള്‍ നടക്കുന്നത്. ഇദ്ദേഹത്തെ ജയിക്കാന്‍ രാജാവിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.

അതുകൊണ്ട് പരിപൂര്‍ണ്ണതയും ശാശ്വതാനന്ദവും വേണമെന്നുണ്ടെങ്കില്‍ കഴിവിന്റെ പരമാവധി ഉപയോഗിച്ച് എല്ലാ തടസ്സങ്ങളേയും തരണം ചെയ്ത് ഈ മന്ത്രിയെ കീഴടക്കി വരുതിയിലാക്കണം. ഈ മന്ത്രിപുംഗവന്‍ അജയ്യനാണെങ്കിലും ബുദ്ധികൂര്‍മ്മതയോടെയുള്ള കര്‍മ്മംകൊണ്ടയാളെ ഒരൊറ്റ നിമിഷത്തില്‍ പിടികൂടാം. മന്ത്രി തന്റെ വരുതിയിലായാല്‍പ്പിന്നെ, രാജാവിനെ കൂടുതല്‍ അടുത്തു ചെന്ന് തെളിമയോടെ ദര്‍ശിക്കം. രാജാവിനെ കാണുംവരെ മന്ത്രി പിടിതരില്ല. മന്ത്രി പിടിയിലായാലല്ലാതെ രാജാവിനെ ദര്‍ശിക്കാനും കഴിയില്ല. രാജാവിന്റെ  ദര്‍ശനം ലഭിക്കാത്തിടത്തോളം കാലം ഈ മന്ത്രി ശല്യക്കാരനാണ്‌, ദു:ഖം പരത്തുന്നവനാണ്‌. മന്ത്രിയെ പിടിയിലാക്കുംവരെ രാജാവിനെ കാണാന്‍ സാധിക്കില്ല. അതിനാല്‍ ഒരുവന്റെ ബുദ്ധിപൂര്‍വ്വമുള്ള പരിശ്രമം ഒരേസമയത്ത് രണ്ടു തരത്തിലാവണം. ഒന്ന് രാജാവിനെ കാണുവാനുള്ള പ്രയത്നം; രണ്ട് മന്ത്രിയെ കീഴ്പ്പെടുത്തുവാനുള്ള പരിശ്രമം. നിരന്തരമായുള്ള തീവ്രസാധന കൊണ്ട് ഇതു രണ്ടും സാദ്ധ്യമാണ്‌. അങ്ങിനെ ഇനിയൊരിക്കലും ദു:ഖാനുഭവങ്ങളുണ്ടാവുകയില്ലാത്ത ഒരിടത്തെത്താം. നിത്യപ്രശാന്തനിരതരായ മാമുനിമാര്‍ അവിടെയാണു വാഴുന്നത്.

കഥാരൂപേണ അച്ഛന്‍ പറഞ്ഞ ആ രാജ്യം മുക്തിപദമാണ്‌. അവിടെ ദു:ഖങ്ങളില്ല. അവിടുത്തെ രാജാവാണ്‌ ആത്മാവ്. ആത്മാവ് എല്ലാ മണ്ഡലങ്ങള്‍ക്കും ബോധാവസ്ഥകള്‍ക്കും അതീതമാണ്. മനസ്സാണ്‌ മന്ത്രി. ഈ മനസ്സാണ്‌ കളിമണ്ണില്‍ നിന്നു കുടമെന്നപോലെ ഈ ലോകമുണ്ടാക്കിയത്. മനസ്സു കീഴടക്കിയാല്‍ എല്ലാം കീഴടക്കി. ബുദ്ധികൂര്‍മ്മതയോടെയുള്ള പ്രവൃത്തിയെക്കൂടാതെ മനസ്സിനെ വെല്ലുക അസാദ്ധ്യം. വിത്തിടാതെ, നനച്ചു വളര്‍ത്താതെ, വിളവെടുക്കാനാവില്ല. നിരന്തരമായ സാധനകൂടാതെ മനസ്സടങ്ങുകയില്ല. അതുകൊണ്ട് ത്യാഗത്തിന്റെ, സംന്യാസത്തിന്റേതായ ഈ മാര്‍ഗ്ഗം സ്വീകരിക്കണം. ഇന്ദ്രിയസുഖാനുഭവങ്ങളില്‍ നിന്നും പിന്തിരിഞ്ഞാലല്ലാതെ ദു:ഖസാന്ദ്രമായ ഈ ലോകത്തിലെ നട്ടംതിരിയല്‍ അവസാനിക്കുകയില്ല. അതിശക്തനാണെങ്കിലും ഒരുവന്‌ ലക്ഷ്യത്തിലെത്താന്‍ അവിടേയ്ക്ക് യാത്ര പുറപ്പെടുകതന്നെ വേണം. പരിപൂര്‍ണ്ണമായ നിര്‍മമതയുടെ, അനാസക്തിയുടെ തലത്തിലേയ്ക്കെത്താന്‍ നിസ്തന്ദ്രമായ സാധന കൂടിയേ തീരൂ.

ആളുകള്‍ ദൈവകൃപ, വിധി എന്നിവയെപ്പറ്റി സംസാരിക്കുന്നു. ആളുകള്‍ ദൈവത്തെപ്പറ്റി പറയുമ്പോള്‍ അവരുദ്ദേശിക്കുന്നത് അനിവാര്യമായ കാര്യങ്ങളെയാണ്. അവരുടെ പിടിയിലൊതുങ്ങാത്ത, നിയന്ത്രണത്തില്‍ നില്‍ക്കാത്ത കാര്യങ്ങള്‍, പ്രകൃതി നിയമമനുസരിച്ചുള്ള സഹജവും സ്വാഭാവികവുമായ സംഭവപരമ്പരകള്‍, എന്നിവയെപ്പറ്റിയാണവര്‍ വിവക്ഷിക്കുന്നത്.  എന്നാല്‍ സമ്പൂര്‍ണ്ണമായ സമതാഭാവം, സുഖദു:ഖദ്വന്ദങ്ങളുടെ അന്ത്യം എന്നിവയ്ക്കും ദൈവകൃപ എന്നു തന്നെയാണ് പറയുന്നത്. ദൈവകാരുണ്യം, പ്രകൃതിനിയമം, ശരിയായ സ്വപ്രയത്നം എന്നെല്ലാം പറയുന്നവ ഒരേ സത്യത്തെക്കുറിക്കുന്നു. തെറ്റായ കാഴ്ച്ചപ്പാട് അല്ലെങ്കില്‍ ഭ്രമമാണ് അവ തമ്മില്‍ വ്യത്യാസമുണ്ടെന്നു തോന്നിപ്പിക്കുന്നത്. സ്വപ്രയത്നത്താല്‍ മനസ്സ് മെനഞ്ഞുണ്ടാക്കുന്നവ ഫലപ്രദമാവുമ്പോള്‍, മനസ്സ് ആ ഫലസമ്പാദനം അറിയുമ്പോള്‍, സന്തോഷമെന്ന അനുഭവമുണ്ടാകുന്നു.

മനസ്സാണ് കര്‍മ്മം ചെയ്യുന്നത്. നിയതിക്കനുസൃതമായി, പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് മനസ്സോരോന്നു ചിന്തിക്കുകയും സൃഷ്ടിക്കുകയും അവയെ പ്രകടമാക്കുകയും ചെയ്യുന്നു. മനസ്സിന് പ്രകൃതിനിയമങ്ങള്‍ക്കെതിരായും പ്രവര്‍ത്തിക്കുവാനാകും. അതിനാല്‍ മനസ്സാണ് പ്രകൃതിയെ നിയന്ത്രിക്കുന്നതെന്നും പറയാം. ആകാശത്ത് കാറ്റു സഞ്ചരിക്കും പോലെ വ്യക്തിജീവന്‍ ഈ ലോകത്ത് വര്‍ത്തിക്കുന്നു. പ്രകൃതിയുടെ വിളിക്കനുസരിച്ച് ചലിച്ചോ ഒരിടത്ത് ചലനമില്ലാതെ നിന്നോ ജീവികള്‍ തങ്ങളുടെ ഭാഗം അഭിനയിക്കുന്നു.

ആത്മവിദ്യയാകുന്ന വളളിച്ചെടിയിലാണ് സുഖാസക്തിയുടെ അന്ത്യമെന്ന ഫലം കായ്ക്കുന്നത്. അതുണ്ടാവുന്നതോ? ആത്മദര്‍ശനം ഉണ്ടായിക്കഴിഞ്ഞുമാത്രം. ബുദ്ധിപൂര്‍വ്വമായ അന്വേഷണത്തിലൂടെ ആത്മാവിനെ തേടുകയും അങ്ങിനെ ആസക്തികളെ ഉപേക്ഷിക്കാന്‍ ആവുകയും വേണം. ഒരുവന്റെ ബുദ്ധി ഉണര്‍ന്നിട്ടില്ലെങ്കില്‍ തന്റെ മനസ്സിന്റെ  പകുതി സുഖാനുഭവങ്ങളിലും, കാല്‍ഭാഗം ശാസ്ത്രപഠനങ്ങളിലും, ബാക്കി ഗുരുപൂജയിലും കഴിച്ചുകൂട്ടണം. കുറച്ചൊന്നുണര്‍ന്ന ബുദ്ധിയുള്ളവര്‍ മനസ്സിന്റെ പകുതി ഗുരുപൂജയ്ക്കും കാല്‍ഭാഗം വീതം മറ്റുരണ്ടിനായും മാറ്റി വയ്ക്കണം. ബുദ്ധി മുഴുവനായി ഉണര്‍ന്നവര്‍  നിതാന്തജാഗ്രമായ നിര്‍മമതയോടെ മനസ്സിന്റെ പകുതിഭാഗം ഗുരുപൂജയിലും മറ്റേപകുതി ശാസ്ത്രപഠനത്തിലും മുഴുകിവേണം കഴിയാന്‍. ഉള്ളില്‍ നന്മ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഏറ്റവും ഉയര്‍ന്ന വിജ്ഞാനശ്രവണത്തിന് ഒരുവന്‍ യോഗ്യനാവുന്നത്. അതുകൊണ്ട് എപ്പോഴും മനസ്സിനെ ശുദ്ധീകരിക്കാന്‍പോന്ന അറിവുകളാണ് പഠിക്കേണ്ടത്. ശാസ്ത്രപഠനത്തിലൂടെയാണ് മനസ്സിനെ പുഷ്ടിപ്പെടുത്തി ആന്തരീകമായ പരിണാമം സാധിക്കേണ്ടത്. അങ്ങിനെ മാറ്റംവന്ന മനസ്സിന് വികലമാവാത്ത ചിന്താധാരകളിലൂടെ സത്യത്തെ അന്വേഷിക്കാന്‍ കഴിവുണ്ടാവും. താമസംവിനാ അങ്ങിനെയുള്ള സാധകന്‍ ആത്മാവിനെ ദര്‍ശിക്കാന്‍ ശ്രമമാരംഭിക്കണം.

ആത്മസാക്ഷാത്കാരവും അനാസക്തിയും ഒരേ സമയം പുരോഗതി പ്രാപിക്കുന്നു. ശരിയായ അനാസക്തി ഒരുവനിലുണ്ടാവുന്നത് തപ:ശ്ചര്യകളിലൂടെയോ തീര്‍ത്ഥാടനങ്ങളിലൂടെയോ, ദാനധര്‍മ്മങ്ങളിലൂടെയോ  അല്ല. അത് സാധിക്കുന്നത് അവനവന്റെ സ്വരൂപത്തെ, ആത്മാവിനെ നേരിട്ടറിയുന്നതിലൂടെ മാത്രമാണ്.  ഇതിനുവേണ്ടത് ശരിയായ സ്വപരിശ്രമം തന്നെയാണ്. അതിനാല്‍ സാധകന്‍ ഈശ്വരനിലും വിധിയിലും മറ്റുമുള്ള പരാധീനത ഉപേക്ഷിച്ച് ശരിയായ പരിശ്രമത്തിലൂടെ സുഖാസക്തിയെ തരണം ചെയ്യണം. നിര്‍മമത അങ്ങിനെ പക്വമാവുമ്പോള്‍ അയാളില്‍ ആത്മാന്വേഷണം താനേ ഉദിച്ചുയരും. ഈ അന്വേഷണത്വര നിര്‍മമതയെ ഊട്ടിയുറപ്പിക്കുന്നു. കടലും മേഘവുംപോലെ ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അത്മസാക്ഷാത്കാരവും നിര്‍മമതയും, അന്വേഷണത്വരയും മൂന്നുത്തമ സുഹൃത്തുക്കളാണ്.

അതിനാല്‍ ഒരുവന്‍ ആദ്യമായി ഈശ്വരന്‍ തുടങ്ങിയ ബാഹ്യമായ എല്ലാ അവലംബനങ്ങളേയും ഉപേക്ഷിച്ച് ശരിയായ പ്രവൃത്തിയിലേര്‍പ്പെട്ട് അനാസക്തി വളര്‍ത്തിയെടുക്കണം. എന്നാല്‍ സമൂഹത്തിന്റെ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് ധനം സമ്പാദിക്കുന്നതില്‍ തെറ്റില്ല. അത് ബന്ധുക്കളെയോ മറ്റുള്ളവരേയോ വഞ്ചിച്ചാവരുത് എന്ന് മാത്രം. ഈ ധനം പാവനചരിതന്മാരായ മഹത് വ്യക്തികളുമായുളള സത്സംഗത്തിനായി ഉപയോഗിക്കണം. അത്തരം സത്സംഗവും  അനാസക്തിയെ പ്രദാനം ചെയ്യും. അങ്ങിനെ ആത്മാന്വേഷണത്വരയും, ശാസ്ത്രപഠനവും ജ്ഞാനസമ്പാദനവും അവിടെ സഹജമാവും. ക്രമേണ, പടിപടിയായി പരമസത്യത്തിലേക്ക് സാധകന്‍ എത്തിച്ചേരുന്നു. സുഖാനുഭവപ്രയത്നങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുമ്പോള്‍ ആത്മാന്വേഷണത്താല്‍ പരമസത്യം വെളിവാകുന്നു. ആത്മാവ് തികച്ചും  നിര്‍മ്മലമാവുമ്പോള്‍ പരമശാന്തിയില്‍ അഭിരമിക്കാം. വീണ്ടുമൊരിക്കലും ദു:ഖനിദാനമായ വാസനാമാലിന്യങ്ങളിലേയ്ക്കും (തെറ്റി)ദ്ധാരണകളിലേയ്ക്കും നിപതിക്കേണ്ടതായി വരികയില്ല. തുടര്‍ന്നും ഈ ലോകത്ത് ജീവിക്കുന്നുവെങ്കിലും എല്ലാ ആശകള്‍ക്കും പ്രതീക്ഷകള്‍ക്കും അതീതനായി വര്‍ത്തിക്കുവായും കഴിയും.

വിരോചനന്റെ ഉപദേശങ്ങള്‍ ഓര്‍മ്മവന്ന ബലി തന്നില്‍ സുഖാനുഭവങ്ങള്‍ക്കായുള്ള ആസക്തി ഇല്ലാതായിരിക്കുന്നു എന്നറിഞ്ഞു. അമൃതസമാനമായ പ്രശാന്തതയെ പ്രാപിക്കണം എന്നദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതിനായി പരിശ്രമവും തുടങ്ങി. ഈ വിശ്വം എന്നത് മനസ്സിന്റെ സൃഷ്ടിയാകയാല്‍ അതുപേക്ഷിച്ചതുകൊണ്ട് നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ഞാന്‍ ആരാണ്?’; ‘ഇതെല്ലാം എന്താണ്?’ എന്നിങ്ങിനെ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ തന്റെ ഗുരുവായ ശുക്രാചാര്യനോടു ചോദിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 

ശുക്രമുനിയുടെ ഉപദേശം ഹൃസ്വമെങ്കിലും ഗഹ്നമായിരുന്നു.  'ബോധം മാത്രമേ നിലനില്‍ക്കുന്നതായുളളു. ഇക്കാണുന്നതും കാണാത്തതുമെല്ലാം ബോധം മാത്രം. എല്ലാടവും നിറഞ്ഞു നില്‍ക്കുന്നതും ബോധം. നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല. നിനക്ക് വിനയവും ആത്മാര്‍ത്ഥതയും ഉള്ളപക്ഷം ഞാനീ പറഞ്ഞതില്‍ നിന്നുതന്നെ നിനക്കെല്ലാം നേടാം. അതില്ലെങ്കില്‍ എത്ര വിവരിച്ചു പറഞ്ഞാലും അഗ്നികുണ്ഡത്തിലവശേഷിച്ച ചാരക്കൂമ്പാരത്തില്‍ അര്‍ഘ്യം അര്‍പ്പിക്കുന്നതുപോലെ വ്യര്‍ത്ഥമാവുമത്.  ആളുന്ന അഗ്നിയില്‍ അര്‍പ്പിച്ചാല്‍ മാത്രമേ അര്‍ഘ്യം സ്വീകരിക്കപ്പെടുകയുള്ളു എന്ന് നിനക്കറിയാമല്ലോ. ബോധത്തില്‍ ഉണ്ടാവുന്ന വിഷയത്വം, ധാരണാകല്‍പ്പനകള്‍ എന്നിവയാണ് ബന്ധനങ്ങള്‍അവയുടെ നിരാസമാണു മുക്തി. അവബോധത്തില്‍ നിന്നും ധാരണകള്‍ (വസ്തുബോധം) നീക്കിയാല്‍ എല്ലാറ്റിന്റെയും സത്യസ്ഥിതിയായി. എല്ലാ തത്വചിന്തകളുടെയും അടിസ്ഥാനമിതാണ്. ഈ ദര്‍ശനത്തില്‍ സ്വയം സ്ഥിരപ്രതിഷ്ഠനായാല്‍ നിനക്ക് അനന്താവബോധത്തിലഭിരമിക്കാം.

ഗുരുവിന്റെ ഉപദേശം ബലിയില്‍ പുതിയൊരുണര്‍വ്വുണ്ടാക്കി. തീര്‍ച്ചയായും എല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമില്ല. ആ ബോധസത്ത ഇത് സൂര്യനാണ്എന്ന് ചിന്തിക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും വ്യതിരിക്തമായി സുര്യന്‍ നിലകൊള്ളുന്നു. വെളിച്ചത്തെ ഇരുട്ടില്‍ നിന്നും തിരിച്ചറിയാന്‍ പര്യാപ്തമാക്കുന്നത് ഈ ബോധമാണ്. ഭൂമിയെ ഭൂമിയായും ആകാശദിക്കുകളെ അപ്രകാരവും ലോകത്തെ ലോകമായും നിലനിര്‍ത്തുന്നത് ബോധമാണ്.  ബോധം ഒരു പര്‍വ്വതത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ആ പര്‍വ്വതത്തിന് നിലനില്‍പ്പില്ല. ഇന്ദ്രിയങ്ങളും ദേഹവും മനസ്സിലുദിക്കുന്ന ആശകളും അകത്തുള്ളതും പുറത്തുള്ളതും ആകാശവും മാറ്റമെന്ന പ്രഹേളികയുമെല്ലാം ബോധം മാത്രം. ബാഹ്യവസ്തുക്കളുമായി ഒരുവനിലുണ്ടാകുന്ന സമ്പര്‍ക്കവും അനുഭവങ്ങളുമെല്ലാം ബോധമാണുണ്ടാക്കുന്നത്. ശരീരമല്ല അതിനു ഹേതു. ശരീരമില്ലാതെതന്നെ ഞാന്‍ ബോധസ്വരൂപമാണ്. അത് തന്നെയാണീ വിശ്വത്തിന്റെ ആത്മാവ്. രണ്ടാമതൊന്നില്ലാതെ (അദ്വൈതം) ബോധം എങ്ങും നിറഞ്ഞു വിളങ്ങുമ്പോള്‍ സുഹൃത്ത്, ശത്രു എന്നിങ്ങിനെയുള്ള തരം തിരിവില്ല.

‘ഞാന്‍’ ശാശ്വതമായ പരംപൊരുളാണ്. വിഷയങ്ങളും ആഖ്യാനങ്ങളും എനിക്കാവശ്യമില്ല. വശീകരണഗുണമുളള വസ്തു-വിഷയ സംബന്ധിയായ യാതൊരു ധാരണകള്‍ക്കും വശംവദമാവാത്തതും നിതാന്തസ്വതന്ത്രവുമായ ആ സര്‍വ്വവ്യാപിയെ- ബോധത്തെ, ഞാന്‍ നമിക്കട്ടെ. വിഷയ-വിഷയീ വ്യത്യാസമേതുമില്ലാത്ത എന്റെ ആത്മസത്തയേയും ഞാന്‍ പ്രണമിക്കുന്നു. എല്ലാ പ്രകടിതഭാവങ്ങളിലും ഉള്ള പ്രഭാസ്ഫുരണവും അതുതന്നെയാണെന്ന് നിശ്ചയം. അനുഭവങ്ങള്‍ക്കായുള്ള ത്വരയടങ്ങിയ ബോധസ്വരൂപമാണ് ഞാന്‍.  ആകാശം പോലെ അനന്തമാണു ഞാന്‍. സുഖദു:ഖങ്ങളെന്നെ ചഞ്ചലപ്പെടുത്തുന്നില്ല. അവയെന്നെ എങ്ങിനെവേണമെങ്കിലും ബാധിക്കട്ടെ. എനിക്കവയില്‍ യാതൊരു പ്രതിപത്തിയുമില്ല. സുഖത്തോടോ ദു:ഖത്തോടോ, രണ്ടിനോടുമെനിക്ക് പക്ഷപാതവുമില്ല.

ഒരു വസ്തുവില്‍ നിന്നും മറ്റൊരു വസ്തുവിലേയ്ക്കുള്ള ഊര്‍ജ്ജപ്രവാഹം, ചൈതന്യത്തിന്റെ ചലനം, നഷ്ടലാഭങ്ങളെ ഉണ്ടാക്കുന്നില്ല. ബോധം മാത്രം ഉള്ളപ്പോള്‍ ചിന്തകളോ അവയുടെ പരിണാമവികാസങ്ങളോ ചുരുങ്ങലോ ഒന്നും  ബോധത്തില്‍ മാറ്റമുണ്ടാക്കുന്നില്ല. അതുകൊണ്ട് ആത്മാവില്‍ പരമശാന്തി കൈവരുന്നതുവരെ ഞാന്‍ കര്‍മനിരതനായി തുടരും. ഇങ്ങിനെ  നിശ്ചയിച്ച് ഓംകാരം ജപിച്ച് എല്ലാ സംശയങ്ങളും ഒഴിഞ്ഞ്, വസ്തുധാരണകള്‍ നീക്കി, വിഷയ-വിഷയീ ഭേദഭാവമില്ലാതെ, ചിന്ത-ചിന്തകന്‍--ചിന്ത്യവിഷയം (ധ്യാനം, ധ്യാനി, ധ്യാനവിഷയം) എന്ന തോന്നലുകളില്ലാതെ ബലി അവിടെയിരുന്നു. ഉദ്ദേശലക്ഷ്യങ്ങളൊന്നുമില്ലാതെ പ്രശാന്തനായി, മനസ്സടങ്ങി, കാറ്റില്ലാത്തയിടത്തു കത്തിച്ച  ദീപമെന്നപൊലെ അദ്ദേഹം പരമപദത്തില്‍ അഭിരമിച്ചു.

ബലി, ധ്യാനത്തിന്റെ അതീന്ദ്രിയമായ  അബോധാവസ്ഥയിലാണെന്ന് ശുക്രന്‍ മനസ്സിലാക്കി. അദ്ദേഹം സന്തോഷസൂചകമായ ഒരു ചെറുപുഞ്ചിരിയോടെ അസുരന്മാരോടിങ്ങിനെ പറഞ്ഞു: ഇതെത്ര മഹാഭാഗ്യം! ബലിരാജന്‍ സ്വപ്രയത്നത്താല്‍ പരമപദപ്രാപ്തി കൈവരിച്ചിരിക്കുന്നു. അദ്ദേഹമങ്ങിനെ ആത്മസ്വരൂപത്തില്‍ വിരാജിച്ചിരുന്നുകൊള്ളട്ടെ. ഇഹലോകത്തെപ്പറ്റി തിരിച്ചറിയുന്ന മാനസികവ്യാപാരം അദ്ദേഹത്തില്‍ ഇപ്പോഴില്ല. ഇരുട്ടകന്നാല്‍പ്പിന്നെ ആത്മജ്ഞാനത്തിന്റെ സൂര്യോദയമായി. ബലിരാജന്റെ അവസ്ഥ അതാണ്‌. കുറച്ചു കഴിഞ്ഞ് അദ്ദേഹം താനേ ഈയവസ്ഥയില്‍നിന്നും എഴുന്നേല്‍ക്കും. അദ്ദേഹത്തിന്‍റെ ബോധമണ്ഡലത്തില്‍ ഈ ലോകം വീണ്ടും മുളപൊട്ടിവിടരും. അദ്ദേഹം ഒരായിരംകൊല്ലം കഴിഞ്ഞു മാത്രമേ  ഈ ലോകബോധത്തിലേയ്ക്ക് തിരിച്ചു വരൂ.

ആയിരം ദേവവര്‍ഷങ്ങള്‍ ധ്യാനത്തില്‍ കഴിഞ്ഞ ബലി ദേവഗന്ധര്‍വ്വന്മാരുടെ സംഗീതം കേട്ടുണര്‍ന്നു. അദ്ദേഹത്തില്‍ നിന്നും ഉദ്ഗമിച്ച ഒരലൌകിക പ്രഭ ലോകത്തെ ശോഭായമാനമാക്കി. ‘ഇപ്പോള്‍ എന്റെ ഹൃദയം പരമാനന്ദത്താല്‍ പൂരിതമാണ്. ഞാന്‍ ബോധമാണ്. എന്നില്‍ ഉപേക്ഷിക്കാനോ എനിക്ക് നേടാനോ എന്തുണ്ട്? എന്ത് തമാശയാണിത്! ഞാന്‍ മുക്തി ആശിച്ചു. പക്ഷെ ഞാനെപ്പോഴാണ് ബന്ധിതനായത്?ആരാണെന്നെ ബന്ധിച്ചത്? എങ്ങിനെയാണാ ബന്ധനമുണ്ടായത്? ഇപ്പോഴും ഞാനെന്തു കൊണ്ടാണ് മുക്തി ആശിക്കുന്നത്? ബന്ധവും മുക്തിയും ഒന്നും വാസ്തവത്തില്‍ ഇല്ല. ധ്യാനസപര്യകൊണ്ടും ധ്യാനിക്കാത്തതു കൊണ്ടും എന്താണ് ഞാന്‍ നേടാന്‍ പോവുന്നത്? ധ്യാനമെന്ന ഭ്രമത്തില്‍നിന്നും മുക്തനായി എന്തുസ്ഥിതിയാണോ എപ്പോഴുമുള്ളത് അതില്‍ത്തന്നെ നിലകൊള്ളുന്നതാണ് നല്ലത്. എനിക്ക് നേടാനും നഷ്ടപ്പെടാനും ഒന്നുമില്ല. ഞാന്‍ ധ്യാനാവസ്ഥയും ധ്യാനരഹിതമായ അവസ്ഥയും ഒന്നും ആഗ്രഹിക്കുന്നില്ല. ആഹ്ലാദമോ ദുഖമോ എനിക്ക് വേണ്ട. പരമപദവും ലോകവും ഒന്നും എനിക്ക് വേണ്ട. ഞാന്‍ ജീവിക്കുന്നില്ല, മരിച്ചിട്ടുമില്ല. ഞാന്‍ സത്തും അസത്തുമല്ല. അനന്തസത്യവസ്തുവായ എനിക്ക് നമസ്കാരം! ഈ ലോകമെന്റെ സാമ്രാജ്യമായിക്കൊള്ളട്ടെ. ഞാനങ്ങിനെതന്നെ നിലകൊള്ളട്ടെ. എനിക്കീ സാമ്രാജ്യം ഇല്ലാതാവട്ടെ. എനിക്ക് മാറ്റമൊന്നുമുണ്ടാവുകയില്ല.

ധ്യാനംകൊണ്ടും സാമ്രാജ്യം കൊണ്ടും എല്ലാം ഞാനെന്തു ചെയ്യാനാണ്? കാര്യങ്ങള്‍ എങ്ങിനെയോ അങ്ങിനെത്തന്നെ നിലനില്‍ക്കട്ടെ. ഞാന്‍ ആര്‍ക്കും അധീനമല്ല. എനിക്കാരും അധീനരായില്ല. എനിക്കാരുമില്ല. ആരുമെന്റേതല്ല.! ഞാന്‍ എന്നറിയപ്പെടുന്ന എനിക്ക് ചെയ്യേണ്ടതായി ഒന്നുമില്ല. അപ്പോള്‍പ്പിന്നെ സഹജമായി, സ്വാഭാവികമായി വന്നുചേരുന്ന കര്‍മ്മങ്ങള്‍ എനിക്കെന്തുകൊണ്ട് ചെയ്തുകൂടാ?” ബലി മഹാരാജാവ് തുടര്‍ന്നും ഭംഗിയായി രാജ്യം ഭരിച്ചു. യാതൊന്നും മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിക്കാതെ തന്നെ യദൃച്ഛയാ വരുന്ന അവസരങ്ങള്‍ക്കനുസൃതമായി അദ്ദേഹം ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചു. ബ്രാഹ്മണരെയും, ദേവതകളെയും മഹാത്മാക്കളേയും അദ്ദേഹം വന്ദിച്ചു പൂജിച്ചു വന്നു.  ബന്ധുജനങ്ങളോട് അദ്ദേഹം ആദരപൂര്‍വ്വം പെരുമാറി. ഭ്രുത്യജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ കയ്യയച്ച് നല്‍കി. ദാനധര്‍മങ്ങള്‍ ചെയ്തു. വനിതകളുമായും അദ്ദേഹം യഥേഷ്ടം കേളിയാടി. ഒന്നും അദ്ദേഹത്തിനു വര്‍ജ്ജ്യമായിരുന്നില്ല.

അങ്ങിനെയിരിക്കെ അതിമഹത്തായ ഒരു യാഗം വിപുലമായിത്തന്നെ നടത്താനും അങ്ങിനെ പുകള്‍ നേടാനും അദ്ദേഹത്തിനു കലശലായ ആഗ്രഹം തോന്നി. അതിനുവേണ്ട സാമഗ്രികളും ആളുകളും ഉടനെ തയാറായി. യഥോചിതമായി അദ്ദേഹം ആ യാഗകര്‍മ്മം തുടങ്ങി വച്ചു. ഈ യാഗസമയത്താണ് ഭഗവാന്‍ വിഷ്ണു ബലിയുടെ പക്കല്‍ നിന്നും മൂന്നു ലോകങ്ങളുടെയും ഭരണാധികാരം മാറ്റി അത് ഇന്ദ്രന് നല്‍കാനായി വാമനരൂപം പൂണ്ട് അവതരിച്ചത്. ബലിയുടെ പക്കല്‍ നിന്നും മൂന്നു ലോകങ്ങളെയും ദാനമായി വാങ്ങിയാണ് വിഷ്ണു ഇത് സാധിച്ചത്. എന്നാല്‍  ബലിക്കാണ് അടുത്ത ഇന്ദ്രപദവി. വിഷ്ണുഭഗവാന്‍ ദാനം കൊടുത്ത് നിസ്വനായ ബലിയെ പാതാളലോകമായ സുതലത്തിലേയ്ക്ക് അയക്കുകയാണുണ്ടായത്. അതിനാലാണ് അദ്ദേഹം അവിടെ മുക്തനും പ്രബുദ്ധനുമായി സ്വര്‍ഗ്ഗഭരണമേറ്റെടുക്കാനുള്ള   തന്റെ ഊഴവും കാത്തിരിക്കുന്നത്. ഐശ്വര്യമോ ആപത്തോ തന്നെ സന്ദര്‍ശിക്കുന്നത് എന്ന വിവേചനം അദ്ദേഹത്തിനില്ല. സന്തോഷ-സന്താപ അനുഭവങ്ങളില്‍ അദ്ദേഹം അമിതമായി  ആനന്ദിക്കുകയോ വിലപിക്കുകയോ ചെയ്യുന്നില്ല. അനേകകോടി വര്‍ഷങ്ങള്‍ അദ്ദേഹം മൂന്നു ലോകങ്ങളും ഭരിച്ചു. എന്നാലിപ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം വിശ്രമിക്കുകയാണ്. ഇനിയും അദ്ദേഹം ഇന്ദ്രപദവിയില്‍ ഏറെക്കാലം മൂലോകങ്ങളും ഭരിക്കും. എന്നാലദ്ദേഹത്തിനു ഇന്ദ്രപദവിയില്‍ താല്‍പ്പര്യമൊന്നുമില്ല. രാജപദവി നഷ്ടപ്പെട്ടപ്പോഴും പാതാളത്തിലേയ്ക്ക് കൊണ്ടുപോയപ്പോഴും അദ്ദേഹം വിലപിച്ചില്ല. യാദൃഛയാ വന്നു ചേരുന്നതിനെ സര്‍വ്വാത്മനാ സ്വീകരിച്ച് സ്വയം പ്രശാന്തയില്‍ അദ്ദേഹം അഭിരമിക്കുന്നു. (ആയാതമായാതം അലംഘനീയം ഗതം ഗതം സര്‍വ്വമുപേക്ഷണീയം)

വസിഷ്ഠമുനി രാമന് പറഞ്ഞു കൊടുത്ത ബലി മഹാരാജാവിന്റെ കഥ ഇതാണ്. രാമാ, അദ്ദേഹത്തിനുണ്ടായിരുന്ന പോലെയുള്ള ഉള്‍ക്കാഴ്ചയുമായി പരമപദത്തില്‍ നീയും അഭിരമിക്കൂ. ഉപയോഗശൂന്യവും അസത്തുമായ ലൌകീകസുഖങ്ങളില്‍ ആസക്തനാകാതിരിക്കൂ. ദൂരെക്കാണുന്ന വെറും, പാറക്കല്ലുകള്‍പോലെ മാത്രമേ ഈ ലോകത്തുള്ള ആകര്‍ഷണവസ്തുക്കള്‍ക്ക് നിന്റെയുള്ളില്‍ സ്ഥാനമുണ്ടാവാന്‍ പാടുള്ളൂ. അവ നിന്റെ ശ്രദ്ധയോ ആദരവോ അര്‍ഹിക്കുന്നില്ല. ഒന്നില്‍നിന്ന് മറ്റൊന്നിലേയ്ക്ക് ചാഞ്ചാടുന്ന നിന്റെ മനസ്സ് ദൃഢമായി ഹൃദയത്തില്‍ ഉറപ്പിച്ചാലും. രാമാ, നീ അനന്താവബോധത്തിന്റെ നിതാന്തഭാസുരതയാണ്. ലോകങ്ങള്‍ നിന്നില്‍ വേരുറപ്പിച്ചിരിക്കുന്നു. നിനക്ക് സുഹൃത്തായും  ശത്രുവായും ആരുണ്ട്? നീ അനന്തതയാണ്. മാലയില്‍ കോര്‍ത്ത മണികള്‍ പോലെയാണ് നിന്നില്‍ ലോകങ്ങള്‍ നിലകൊള്ളുന്നത്. നീയാകുന്ന ആ വ്യതിരിക്ത സത്വം ജനിച്ചിട്ടില്ല, അതുകൊണ്ടുതന്നെ മരിക്കുകയുമില്ല. ആത്മാവാണുണ്മ. ജനനമരണങ്ങള്‍ വെറും ഭാവനകള്‍ മാത്രം. വെറും മിഥ്യ. ജീവിതത്തിലെ എല്ലാ ദുരിതങ്ങളേയും കുറിച്ച് ആരായുക. എന്നാല്‍ ഒന്നിലും ഒട്ടാതിരിക്കുക. നീയാണ് രാമാ ഭഗവാനും ഭഗവദ്പ്രഭയും. ലോകം ആ പ്രഭയിലാണ് ദര്‍ശിതമാവുന്നത്. ലോകത്തിന്, വേറിട്ട്  സ്വതന്ത്രമായി നില്‍ക്കുന്ന  ഒരസ്തിത്വമില്ല. പണ്ട് നിന്നില്‍ ഇഷ്ടാനിഷ്ടങ്ങളുടെ ദ്വന്ദശക്തികള്‍ വര്‍ത്തിക്കുന്നുണ്ടായിരുന്നുവല്ലോ. അവയെ ഉപേക്ഷിച്ചാല്‍ നിനക്ക് സമതാഭാവം കൈക്കൊള്ളാനാവും. അതോടെ ജനനമരണചക്രത്തിന്റെ അവസാനവുമാവും. മനസ്സ് ആഴ്ന്നിറങ്ങാന്‍ സാദ്ധ്യതയുള്ള എല്ലാത്തില്‍ നിന്നും അതിനെ പിന്‍വലിച്ച് സത്യത്തിലേയ്ക്ക് ഉന്മുഖമാക്കുക. മഹാബലിയുടെ ചരിതം നിന്നില്‍ ഈ സത്യത്തിന്റെ പ്രകാശം നിറയ്ക്കട്ടെ. സത്യത്തിന്റെ നേരറിവില്ലാത്തവരും സ്വയം ഗുരുക്കളായി അവരോധം ചെയ്തവരുമായവരുടെ വാഗ്ധോരണികളില്‍ വീണുപോകാതെ നീ സൂക്ഷിക്കണം. മഹാബലിയെപ്പോലുള്ള പാവനചരിതന്മാരെയാണ് നീ മാതൃകയാക്കേണ്ടത്.

തന്റെതായിരുന്ന സര്‍വ്വവും കൂടാതെ തന്നെത്തന്നെയും (അഹത്തെ) ബലികൊടുത്ത മഹാനായ ബലി തന്നെയാണ് ശ്രീരാമനു മാതൃകയാവാന്‍ സര്‍വ്വഥാ അനുയോജ്യന്‍. ഈ മഹാബലിയെയാണ് തിരുവോണത്തില്‍ നാം ഓര്‍ക്കേണ്ടത്. ആത്മജ്ഞാനത്തില്‍ ശ്രീരാമനുപോലും മാര്‍ഗ്ഗദര്‍ശിയായ ബലിരാജന്‍ മഹാബലിയായ കഥയാണ് നാം പുതു തലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടത്. കുടവയറും വമ്പന്‍ മീശയുമായി കടകള്‍ക്ക് മുന്നില്‍  വെറുമൊരു പരിഹാസപാത്രമായി നില്‍ക്കുന്ന ‘കോമഡി’ കഥാപാത്രമല്ല മഹാബലി.  


അവലംബം: യോഗവാസിഷ്ഠം നിത്യപാരായണം 

Thursday, November 29, 2012

ജനനം


Anne Geddes images 

ജനനം
ഗര്‍ഭപാത്രത്തിലുള്ള രണ്ടു കുഞ്ഞുങ്ങള്‍ അവരുടെ ഉള്ളു തുറന്നു:
- എടാ നീ പറയ്‌., നിനക്ക് ജനനം കഴിഞ്ഞുള്ള ജീവിതത്തില്‍ വിശ്വാസമുണ്ടോ?
- പിന്നില്ലേ, ജനനം കഴിഞ്ഞാണ് ജീവിതം. നമ്മളിവിടെ കഴിയുന്നത് ജനനം കഴിഞ്ഞുള്ള ആ കാലത്തേയ്ക്ക് തയ്യാറെടുക്കാനായിരിക്കും. അല്ലെ?
- ഹും.. പിന്നെ.. ജനനം കഴിഞ്ഞാല്‍ പിന്നെ ഒരു കുന്തവുമില്ല. അതെങ്ങിനെയിരിക്കുമെന്നാര്‍ക്കറിയാം? അവിടെനിന്നും ആരും തിരിച്ചു വന്നിട്ടില്ലല്ലോ?
- എനിയ്ക്കും നിശ്ചയമൊന്നുമില്ല. പക്ഷെ അവിടെയെല്ലാം ഏതോ വിളക്കുകള്‍ ഉണ്ടെന്നെനിക്ക് തോന്നുന്നു. ചിലപ്പോള്‍ നമുക്ക് നമ്മുടെ കാലുകള്‍കൊണ്ടു നടക്കാന്‍ പറ്റുമായിരിക്കും! സ്വന്തം വായകൊണ്ട് തിന്നാനും പറ്റുമായിരിക്കും!.
- ഇത്രയ്ക്ക് വിഡ്ഢിയാണോ നീ? നടക്കല്‍ പോലും! അതൊരിക്കലും സാധിക്കില്ല. പിന്നെ തിന്നുന്ന കാര്യം- ഈ ചെറിയ വായും വച്ച് എങ്ങിനെയാണതിനു കഴിയുക? നീയീ പൊക്കിളില്‍ ഘടിപ്പിച്ച കേബിള്‍ കണ്ടില്ലേ? ആലോചിച്ചു നോക്ക്. ജനനം കഴിഞ്ഞാല്‍ ഈ ചെറിയ കേബിള്‍ വച്ചുകൊണ്ട് ഒന്നും ചെയ്യാനാവില്ല. അതുകൊണ്ട് ജനനം കഴിഞ്ഞുള്ള കാര്യം കട്ടപ്പൊഹ! വെറുതെ സ്വപ്നം കാണണ്ട.
- അത് ശരി തന്നെ, പക്ഷെ ജനനം കഴിഞ്ഞു ജീവിതമെന്നു നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറം എന്തെങ്കിലും ഉണ്ടായിരിക്കും.
- നീയൊരു പമ്പരവിഡ്ഢി. ജനനത്തോടെ എല്ലാം കഴിഞ്ഞു! അത്രതന്നെ.
- ഹും.. എന്താണ് സംഭവിക്കുക എന്നെനിക്കറിയില്ല, എങ്കിലും നമ്മുടെ അമ്മ നമ്മെ സഹായിക്കുമായിരിക്കും.- അമ്മ! ഹഹഹ.. നീ അമ്മയില്‍ വിശ്വസിക്കുന്നുണ്ടോ?
- തീര്‍ച്ചയായും.
- നിനക്ക് വട്ടാണ്. അമ്മപോലും അമ്മ! വെറുതെ വീണ്ടും വിഡ്ഢിത്തം വിളമ്പാതിരിക്ക്. നീ അമ്മയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ആരെങ്കിലും കണ്ടിട്ടുണ്ടോ?
- അതില്ല, പക്ഷെ അമ്മ എല്ലായിടത്തുമുണ്ട്. നമ്മള്‍ അമ്മയുടെ ഉള്ളിലല്ലേ കഴിയുന്നതിപ്പോള്‍ ? അമ്മയുളളതുകൊണ്ടല്ലേ നമ്മള്‍ നിലനില്‍ക്കുന്നത്?
- മതി മതി. ഈ ചര്‍ച്ചയില്‍ എന്നെ ഇനി പങ്കാളിയാക്കണ്ട. ഓക്കേ? അമ്മയെ കാണുമ്പോള്‍ ഞാന്‍ വിശ്വസിക്കാം. കണ്ടു മുട്ടുമ്പോള്‍ നീ എന്നെ അറിയിച്ചാല്‍ മതി.
- അമ്മയെ കാണാനൊക്കില്ല. പക്ഷെ കുറച്ചു ശാന്തനായിരുന്നു നോക്ക്. ആരോ പാടുന്നതു കേള്‍ക്കുന്നില്ലേ? അതമ്മയാണ്. എവിടെനിന്നോ ഒരു നനുത്ത സ്നേഹം നമ്മെ പൊതിയുന്നതായി തോന്നുന്നില്ലേ? അതമ്മയാണ്. ആരുടെയോ കൈകള്‍ നമ്മെ തഴുകുന്നില്ലേ? അതും അമ്മയാണ്. ശാന്തരായാല്‍ നമുക്ക് പേടി കൂടാതെ അമ്മയുടെ കൈകളിലേക്ക് ജനിച്ചു വീഴാം. നമുക്ക് കാത്തിരിക്കാം. അല്ലെ? 

(ഹംഗേറിയന്‍ മൂലകൃതിയുടെ  ഇംഗ്ലിഷ് പരിഭാഷയുടെ സ്വതന്ത്രവിവര്‍ത്തനം)
ഡോ. സുകുമാര്‍ കാനഡ.


Sunday, September 16, 2012

മഹാബലി കേരളത്തില്‍ മാത്രം വന്നതെങ്ങിനെ? ? വീണ്ടും ചില മഹാബലിച്ചിന്തകൾ (Kalakoumudi August 2012)



മഹാബലി കേരളത്തില്‍ മാത്രം വന്നതെങ്ങിനെ? ?

വീണ്ടും ചില മഹാബലിച്ചിന്തകൾ

ഡോ. എ. പി സുകുമാർ

തിരുവോണത്തെപ്പറ്റി നമ്മൾ ഏറെ കേട്ടിരിക്കുന്നു. പലരും എഴുതിയും പറഞ്ഞും മാധമങ്ങൾ ചമൽക്കാരത്തോടെ പൊയ്പ്പോയ നല്ല നാളെപ്പറ്റി ഓർത്തോർത്തും ഒരു വിധത്തിൽ നാലു വരികൾ പാട്ടായി എഴുതാവുന്നവർ പാട്ടുകളുണ്ടാക്കിയും നമുക്കെല്ലാം സുപരിചിതമാണ്‌ മഹാബലിയുടെ കഥ. എന്നാൽ നമുക്കത്‌ ശരിയായ രീതിയിൽ മനസ്സിലായിട്ടുണ്ടോ എന്നനോഷിക്കാനാണ്‌ ഈ ചെറിയ ലേഖനം. പ്രജാക്ഷേമതൽപ്പരനായ ഒരു രാജാവിനെ, തന്റെ രാജത്തു പൊന്നുവിളയിച്ച, ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കിയ ഒരു മന്നനെ ദേവന്മാരുടെ ഏഷണി പ്രകാരം ഭഗവാൻ വിഷ്ണു പാതാളത്തിലേയ്ക്കു താഴ്ത്തിയത്രേ. ആ 'ചതി' യുടെ കഥ എല്ലാ വർഷവും നമ്മൾ ആഘോഷിക്കുകയാണ്‌, കാരണം മാവേലിമന്നൻ പ്രജകളെക്കാണാൻ വർഷാവർഷം വന്നുകൊണ്ടേയിരിക്കുന്നുവല്ലോ. 

പുരാണകഥകൾ മനസ്സിലാക്കാൻ, പ്രത്യേകിച്ച്‌ അതിൽ അർത്ഥതലങ്ങൾ ഉണ്ടെന്നു കരുതിവരുമ്പോൾ ബുദ്ധിയുള്ളവർ ആ കഥകളുടെ ഭൂമിക - കാല ദേശപരിസരങ്ങൾ- മനസ്സിലാക്കാൻ ശ്രമിക്കും. എന്തെന്നാൽ ഇത്‌ ഒരു അടിപൊളിപ്പടത്തിലെ രാഷ്ര്ട്ടീയക്കാരന്റെ വാചക കസർത്തോ വിവരമില്ലാത്ത സംവിധായകന്റെ വിളമ്പലോ അല്ല. മറിച്ച്‌ തികച്ചും തത്വചിന്തയിൽ അധിഷ്ടിതമായ, ശിൽപ്പഭദ്രമായ ഒരു ഗ്രന്ഥത്തിലാണ്‌ (ഭാഗവതം, എട്ടാം സ്കന്ഥം, അദ്ധ്യായം 15) ഈ കഥ അവതരിപ്പിച്ചിട്ടുള്ളത്‌. കേരളവുമായി ഇതിന്‌ പ്രതേകിച്ച്‌ ബന്ധമൊന്നുമില്ല. മഹാബലിയുടെ 'കാലത്ത്‌' (കൃതയുഗം) നിലവിലുണ്ടായിരുന്ന സാമൂഹസ്ഥിതി, മനുഷന്റെ ഉൽകൃഷ്ടതയിലേക്കുയർന്നുയർന്നു പോവാനുള്ള അഭിവാഞ്ഛ എല്ലാം കണക്കിലെടുക്കുമ്പോൾ വെറും ഭൗതീകമായ സുഖങ്ങളിൽ അഭിരമിക്കുന്നവരെയും അതു നേടിക്കൊടുക്കുന്ന രാജാവിനേയും ഉയർന്ന തട്ടിൽ പ്രതിഷ്ഠിക്കുക വയ്യ. മഹാബലി തന്റെ നാട്ടുകാർക്ക്‌ എല്ലാവിധ സൗകരങ്ങളും ചെയ്തു കൊടുത്തു. അത്‌ അങ്ങിനെയുള്ള ഒരു രാജാവിൽ നിന്നു പ്രതീക്ഷിക്കുന്ന ഒന്നു തന്നെയായിരുന്നു താനും. എന്നാൽ രാജാവെന്ന നിലയിൽ, ഒരച്ഛൻ മക്കൾക്കു നൽകേണ്ടുന്ന ശിക്ഷണം പോലെ ജീവിതത്തിന്റെ ഉന്നതമൂലങ്ങളെപ്പറ്റി തന്റെ പ്രജകൾക്കു മനസ്സിലാക്കി കൊടുക്കേണ്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. ഉയർന്ന അറിവുണ്ടായിട്ടു കൂടി അതിനു കൂട്ടാക്കാതെ ജനങ്ങളെ ഭൗതീക സുഖത്തിന്റെ തലത്തിൽ നിലനിർത്തിയെന്നതാണ്‌ മഹാബലിയുടെ പിഴ. നമ്മുടെ ഇന്നത്തെ മൂലവിചാ രത്തിനു നിരക്കുന്നതല്ല ഇത്‌. കാരണം, കൈക്കൂലി മേടിക്കുക, പിടിക്കപ്പെടാത്ത അഴിമതിയിൽ പങ്കെടുക്കുക ഒക്കെ ജീവിതത്തിന്റെ ഭാഗമാക്കിയവർക്ക്‌ ഭൗതീകതയിൽ കവിഞ്ഞൊരു ഉന്നതമൂല്യം ഉണ്ടാവുകയില്ല. പുരാണത്തിൽ പറയുന്ന 'അസുര വർഗ്ഗം' ഇവരത്രെ. 'അസുരനെങ്കിലും' മഹാബലി ദാനനിഷ്ടനായിരുന്നു. അതിനെപ്പറ്റി അദ്ദേഹം അഭിമാനിക്കുകയും ചെയ്തിരുന്നു. അങ്ങിനെയുള്ള ചിലരെയെങ്കിലും നമുക്കു പരിചയമുണ്ടാവും. 'താൻ അതീവ വിനയവാനാണ്‌' എന്ന്‌ അഭിമാനിക്കുന്നവർ. മഹാബലിയുടെ ഉന്നമനത്തിനു തടസ്സമായത്‌ ഈയൊരു ഗർവ്വു മാത്രമാണെന്നറിഞ്ഞ്‌ ഭഗവാൻ വിഷ്ണു വാമനരൂപത്തിൽ വന്ന്‌ അഹങ്കാരത്തിന്റെ അവസാന കണികകൂടിക്കളഞ്ഞ്‌ അദ്ദേഹത്തെ അനുഗ്രഹിക്കുകയാണ്‌ ചെയ്തത്‌. മൂന്നടി മണ്ണു ചോദിച്ച ബ്രാഹ്മണകുമാരനോട്‌ "അഹോ കുമാര, അങ്ങ്‌ വന്നിട്ടുള്ളത്‌ ദാനനിഷ്ടനും ലോകേശ്വരനുമായ മഹാബലിയുടെ മുന്നിലാണെന്നറിയില്ലേ? എന്റെ അടുത്തു കൈനീട്ടിയവർ ഇനി മറ്റൊരിടത്തും കൈ നീട്ടാൻ ഇടയാവരുത്‌. ചോദിക്കൂ എന്തു വേണമെ ങ്കിലും, ഞാനതു നിവർത്തിച്ചു തരും". ഇത്തരത്തിലുള്ള ഗർവ്വു മാത്രമേ ബലിയിൽ ആസുരീകമായ ഒന്നായി അവശേഷിച്ചിരുന്നുള്ളു. തന്റേതെന്ന്‌ ഇതുവരെ കരുതിയതെല്ലാം ഭഗവാന്‌ ദാനം ചെയ്തപ്പോൾ (രണ്ടു ചുവടിൽ ഭൂമിയടക്കം എല്ലാം സമർപ്പിതമായപ്പോൾ) ബലിയുടെ ഭക്തി ഭാവം പൂർണ്ണമായി. എന്നാൽ തന്നെത്തന്നെ സമർപ്പിക്കുകവഴി (മൂന്നാമത്തെ ചുവട്‌) അദേഹം ജ്ഞാനിയുമായിത്തീർന്നു. തലയിൽ കാൽവയ്ക്കുക എന്നുപറഞ്ഞാൽ അഹങ്കാരത്തെ പരിപൂർണ്ണമായി ഭഗവാന്റെ കാൽക്കൽ സമർപ്പിക്കുക എന്നർത്ഥം.

സുതലം എന്ന ഉചിതമായൊരു ലോകത്താണ്‌ പുരാണപ്രകാരം മഹാബലിയുടെ വാസം. സാവർണ്ണി മന്വന്തരത്തിൽ അദ്ദേഹത്തിന്‌ ഇന്ദ്രന്റെ പദവി (ദേവന്മാരുടെ രാജാവ്‌ - ഇന്ദ്രപദവി കേവലം താൽക്കാലികമായ ഒന്നത്രേ. നമ്മുടെ പ്രസിഡന്റ്‌, പ്രധാനമന്ത്രി എന്നിവരേപ്പോലെ) ഭഗവാൻ വാഗ്ദാനം ചെയ്തു. അതായത്‌ ഏതൊരു അസുരനും ഉത്തമമായ മാർഗ്ഗത്തിലൂടെ ദേവന്മാരുടെ രാജാവാകാൻ പോലും കഴിയും എന്ന്‌ ഭഗവാൻ കാണിച്ചുകോടുത്തു. ഭഗവാന്റെ 'സാമീപ്യം' എപ്പോഴും ഉണ്ടാവാനും വർഷാവർഷം കൂടെ യാത്ര പോവാനും മഹാബലിയ്ക്ക്‌ അനുഗ്രഹം കിട്ടി. സുതലത്തിന്റെ കാവൽ സാക്ഷാൽ വാമനമൂർത്തിയത്രേ. എപ്പോൾ വേണമെങ്കിലും ഭഗവാനെ കാണാനും അദ്ദേഹത്തിന്‌ അനുഗ്രഹം നൽകി. വർഷത്തിലൊരിക്കൽ അദ്ദേഹം വരുന്നത്‌ തനിക്കു മുക്തിതന്ന ഭഗവാനെ പൂജിക്കാനും തന്റെ പ്രജകൾ തന്റെ അനുഭവത്തിൽ നിന്ന്‌ എന്തെങ്കിലും മനസ്സിലാക്കി "യഥാ രാജാ തഥാപ്രജാ" എന്ന മട്ടിൽ അഹങ്കാരവിമുക്തരാവുന്നുണ്ടോ എന്നു നോക്കാനുമാണ്‌. മഹാബലി നല്ലൊരു ഭക്തനായിരുന്നു. ഭക്തനിലെ ഭാവം 'തന്റേതെല്ലാം' ഭഗവാന്റേതാണ്‌ എന്നതാണ്‌. താനെന്ന ഭാവം തന്നെ ഇല്ലാതാവുന്നതത്രെ വിജ്ഞാനം. മഹാബലിക്കുണ്ടായ ഈ വിജ്ഞാനവിശേഷത്തിന്റെ പിറന്നാളാണ്‌ തിരുവോണം. തൃക്കാക്കരയപ്പന്റെ (മഹാവിഷ്ണുവിന്റെ) പൂജയ്ക്കുള്ള അവസരം.

ഏതായാലും കേരളവുമായി മഹാബലിക്കെങ്ങിനെ ബന്ധമുണ്ടായി എന്നത്‌ വലിയൊരു ചോദ്യച്ഛിന്നമാണ്‌. മറ്റൊരു കഥയും പുരാണങ്ങളിൽ നിന്നെടുക്കാതെ ഭാഗവതത്തിലെ ഒരു പ്രത്യേക കഥാഭാഗം മാത്രം വികലമായി ജനകീയവൽക്കരിക്കുകവഴി മലയാളിക്ക്‌ വലിയൊരറിവിന്റെ ഖനിയാണ്‌ നഷ്ടപ്പെത്‌. ഭാരതത്തിന്റെ മറ്റൊരു ഭാഗത്തും മഹബലി നായകനായുള്ള കഥ പറയപ്പെടുന്നില്ല. അവിടെയെല്ലാം നായകൻ ഭഗവാൻ വിഷ്ണുതന്നെയാണ്‌. എന്നാൽ സിനിമയായാലും നാടകമായാലും വിജയിക്കണമെങ്കിൽ കുറച്ച്‌ വില്ലത്തരം കാണിക്കണം എന്ന ഒരു നിർബ്ബന്ധ ബുദ്ധി മലയാളികൾക്കുണ്ടല്ലോ. അങ്ങിനെ നോക്കുമ്പോൾ ഓണത്തിനെപ്പറ്റിയുള്ള ജനകീയസാഹിത്യം വികലമല്ലെങ്കിലേ അത്ഭുതത്തിന്‌ അവകാശമുള്ളു. 

(Kalakoumudi August 2012)

Monday, August 6, 2012

സമഗ്രമായ ആത്മീയത, ഹനുമാന്റെ ആർജ്ജവം


നമുക്കെല്ലാം സുപരിചിതനായ ഹനുമാൻ ശ്രീരാമഭക്തനായ വാനരശ്രേഷ്ഠനാണ്‌. അതീവബലശാലി. അതീവ പരാക്രമശാലി, എന്നാൽ കാര്യങ്ങളെല്ലാം വിവേകപൂർവ്വം ചെയ്യുന്ന രാമദൂതൻ. കുരങ്ങന്റെ ചാപല്യം മുഴുവനും അങ്ങുപേക്ഷിച്ചിട്ടില്ല,  എന്നാൽ ശ്രീരാമൻ പോലും തലകുലുക്കി സമ്മതിച്ച പണ്ഡിതനുമാണ്ഹനുമാൻ. ഇതിപ്പോൾ ഹനുമാനെ ഇങ്ങിനെയങ്ങു പുകഴ്ത്താനുണ്ടോ എന്നു സംശയം തോന്നാം. എന്തുകൊണ്ടാണ്ഹനുമാൻ ഭക്തരിൽ ഉത്തമനും, കർമ്മയോഗികളിൽ അഗ്രഗണ്യനും ജ്ഞാനികളിൽ പരമപൂജനീയനുമായത്?

ഹനുമാനില്ലാത്ത രാമായണം നമുക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. സീതാരാമന്മാരുടെ പേരു പറയുമ്പോൾത്തന്നെ ചിരഞ്ജീവിയായ ഹനുമാന്റെ പേരുകൂടി നാം പറയുന്നു. എവിടെ രാമനാമം കേൾക്കുന്നുവോ അവിടെ ഹനുമാനും വന്നെത്തുന്നു എന്നാണ്‌. ഹനുമാനുള്ളിടത്ത് ഭയമെവിടെ?  രാമനാമം  ഭയമുക്തിദായകമായി പരിശോഭിക്കുന്നത് ഹനുമൽ സാന്നിദ്ധ്യംകൊണ്ടാണ്‌. ചുരുക്കത്തിൽ ഭക്തനില്ലെങ്കിൽ സ്വാമിയില്ല!. ഹനുമാനില്ലെങ്കിൽ ശ്രീരാമന്ഇത്രയേറെ പ്രസിദ്ധി ഉണ്ടാവുമായിരുന്നോ എന്നു സംശയംആദ്യമായി ഹനുമത്-രാമ സമാഗമം രാമായണത്തിൽ വർണ്ണിക്കുമ്പോൾ എഴുത്തശ്ശൻ ഇങ്ങിനെ പറയുന്നു.

പശ്യ സഖേ വടു രൂപിണം ലക്ഷ്മണ!
നിശ്ശേഷ ശാസ്ത്രമനേന ശ്രുതം
ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കൽ
നല്ല വയ്യാകരണൻ വടു നിർണ്ണയം

സീതാന്വേഷണത്തിനിടയിലാണല്ലോ ശ്രീരാമലക്ഷ്മണന്മാർ  പമ്പാതീരത്ത് ഹനുമാനെ സന്ധിക്കുന്നത്നേരേ വാനരവേഷത്തിൽ ചെന്ന് കാട്ടിലൂടെ വരുന്ന തേജസ്സുറ്റ യുവാക്കൾ ആരാണെന്നറിഞ്ഞുവരാനാണ്സുഗ്രീവനിയോഗത്താൽ ഹനുമാൻ പുറപ്പെട്ടത്. എന്നാൽ വിവേകിയായ ഹനുമാൻ ഒരു ബ്രാഹ്മണ വേഷത്തിലാണ്രാമനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യത്തെ സംബോധനയും സംഭാഷണവും കേട്ടപ്പോൾ ത്തന്നെ ശ്രീരാമനു മനസ്സിലായി ഇതു സാധാരണക്കാരനായ ഒരു ബ്രാഹ്മണകുമാരനല്ല. ‘നല്ല വയ്യാകരണൻ വടു നിർണ്ണയംഎന്ന അംഗീകാരം നല്കാൻ രാമനു മടിയേതുമുണ്ടായില്ല. ശബ്ദത്തിൽ അപശ്രുതിയേതുമില്ല. ഉത്തമപദങ്ങൾ, സംഭാഷണശൈലി, എല്ലാം ഒരു പണ്ഡിതനുയോജിച്ചവിധം തന്നെ. ‘ലക്ഷ്മണാ ഇവൻ ശാസ്ത്രനിപുണനാണ്‌.’ പിന്നിട് ഹനുമാൻ തന്റെ ആരാധനാപാത്രങ്ങളെ തോളിലേറ്റിയാണല്ലോ സുഗ്രീവ സവിധത്തിലെത്തിക്കുന്നത്.

രാമരാവണ യുദ്ധാനന്തരം സീതാദേവി തന്റെ കയ്യിലുള്ള വിലപിടിപ്പുള്ള രത്ന മാല നൽകാൻ ഏറ്റവും അനുയോജ്യനായി കണ്ടത് ഹനുമാനെയായിരുന്നല്ലോ. അദ്ധ്യാത്മരാമായണത്തിന്റെ ആരംഭത്തിൽത്തന്നെ ശ്രീരാമചന്ദ്രൻ തന്റെ പ്രിയയോട് ഹനുമാനെപ്പറ്റി പറയുന്നതിങ്ങിനെയാണ്‌.:

സുന്ദരരൂപേ  ഹനുമാനെ നീ കണ്ടായല്ലീ?
നിന്നിലുമെന്നിലുമുണ്ടെല്ലാ നേരവുമിവൻ
തന്നുള്ളിലഭേദയായുള്ളൊരു ഭക്തി നാഥേ
ധന്യേ, സന്തതം പരമാത്മ ജ്ഞാനത്തെയൊഴി-
ച്ചൊന്നിലുമൊരുനേരവുമാശയുമില്ലയല്ലോ..”

ഭക്തി-കർമ്മ-ജ്ഞാനയോഗങ്ങളുടെ സമ്യക്കായ ഒത്തുചേരൽ ഹനുമാനിൽ നമുക്കു കാണാംഅതാണ്ചിരഞ്ജീവിയായ ഹനുമാന്റെ മഹത്വം. അതു തന്നെയാണ്ഹനുമാൻ നമുക്കായി എന്നുമെന്നും നൽകിക്കൊണ്ടിരിക്കുന്ന രാമയണസന്ദേശം. ഹനുമാന്റെ ഭക്തി, വെറും അന്ധമായ ആരാധനയോ ഭഗവാനിൽ നിന്ന് എന്തെങ്കിലും നേടുവാനുള്ള പ്രാർത്ഥനയോ അല്ല. തികഞ്ഞ വേദാന്തിയും അറിവിന്റെ നിറകുടവുമാണ്ഹനുമാനെന്ന് വ്യക്തമാക്കുന്ന ഒരു കഥ വാല്മീകിരാമായണത്തിലുണ്ട്. ആത്മീയതത്വചിന്തകളെ എന്ത്രമാത്രം തെളിമയോ ടെയാണ്ഹനുമാൻ കൈകാര്യം ചെയ്യുന്നതെന്നു നോക്കുക. ഒരിക്കൽ തന്റെ സ്വാമിയായ ശ്രീരാമനുമൊത്ത് വനത്തിലിരിക്കുമ്പോൾ ഹനുമാനോട് രാമൻ ചോദിച്ചു. ‘വായുപുത്രാ നീ എന്നെ നിരന്തരം സേവിക്കുന്നു. നിന്റെ ഭക്തി അനന്യസാധാരണം തന്നെ. എന്നാൽ പറയൂ നിനക്ക് ഞാൻ ആരാണ്‌? എന്താണു നാം  തമ്മിലുള്ള ബന്ധം?’ ഹനുമാന്ആലോചിക്കാനൊന്നുമുണ്ടാ യിരുന്നില്ല. മനസ്സിൽ ദൃഢമായുറച്ച തെളിമയിൽ ഹനുമാൻ പറഞ്ഞു:

ദേഹബുദ്ധ്യാതു ദാസോഹം
ജീവ ബുദ്ധ്യാ ത്വദംശക:
ആത്മബുദ്ധ്യാ ത്വമേവാഹം
ഇതിമേ നിശ്ചിതാമതി:”

വളരെ ലളിതമായ നാലുവരികളിൽ ഹനുമാൻ പറഞ്ഞത് മലയാളത്തിൽ ഇങ്ങിനെ പരിഭാഷപ്പെടുത്താം:

ദേഹബുദ്ധിയിൽ ഞാനവിടുത്തെ ദാസനായി കൃതാർത്ഥനായ്
ജീവഭാവത്തിൽ താവകാത്മാവിൻ ഭാഗമായ് ഞാൻ വിലോലനായ്
ആത്മഭാവേന ഞാനവിടുത്തെ സത്തയിൽ വിലയിക്കവേ
ഞാനും ചൈതന്യ ധാരയും നിത്യമേകമാം സത്തതൊന്നല്ലോ

ശരീരബുദ്ധി വച്ചുനോക്കുമ്പോൾ അങ്ങു സ്വാമി, ഞാൻ അങ്ങയുടെ സേവകൻ; ജീവബുദ്ധിയിൽ നോക്കുമ്പോൾ ഞാൻ അങ്ങയുടെ അംശം. അങ്ങയുടെ പ്രാഭവത്തിന്റെ ഒരംശം എന്നിൽ ജ്വലിക്കുന്നു. ആത്മഭാവത്തിൽ നോക്കുമ്പോൾ അങ്ങും ഞാനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. എല്ലാം ഒരേയൊരു പരം പൊരുൾ മാത്രം. അവിടെ ഞാനും നീയുമില്ല.

വാസ്തവത്തിൽ നാമെല്ലാവരും ഒരുദിവസത്തിൽ പലതവണ മൂന്നവസ്ഥ കളിലൂടെ കടന്നുപോവുന്നുണ്ട്. മനസ്സും ശരീരവും മുഴുവനായി അർപ്പിച്ചു കൊണ്ട് കർമ്മങ്ങളിലും സേവനങ്ങളിലും മുഴുകിയിരിക്കുന്ന സമയങ്ങളും, ചിലപ്പോഴെങ്കിലും നമ്മിലതീതമായ ഏതോ ശക്തിവിശേഷത്തിന്റെ ഭാഗമാണു ഞാൻ എന്ന തോന്നലും നമുക്കുണ്ടാവും. എന്നാൽ ഇതു രണ്ടുമല്ലാതെ സമയദൂരങ്ങൾ നിശ്ചലമായി എല്ലാമലിഞ്ഞുചേരുന്ന ചിലനിമിഷങ്ങളും നമുക്കുണ്ടാവും ഇതാണ്ഹനുമാൻ പറയുന്ന മൂന്നാമത്തെതത്വമസിഎന്ന അവസ്ഥ. ‘അതു നീയാണ്‌’. എന്ന നിറവ്.

മൂന്നു തലങ്ങളിൽ ഹനുമാൻ പറയുന്ന അവസ്ഥകളെ നമുക്ക് സമൂഹത്തിൽ ഇന്നുള്ള മൂന്നു ആത്മീയചിന്താസരണികളുമായി താരതമ്യപ്പെടുത്താം. ആദ്യത്തേത് ദ്വൈതം- ഭഗവാനും ഭക്തനും വേറെ വേറെ നില്ക്കുന്ന തലത്തിൽ ഭക്തന്റെ സ്ഥാനം ഭൃത്യന്റേതാണ്‌. അവന്റെ പ്രവർത്തനം ഭക്തിയാൽ പ്രചോദിതമായ കർമ്മയോഗത്തിന്റേതുമാവണം. തന്നെ ഭജിക്കുന്ന ഭൃത്യന്റെ കാര്യങ്ങൾ നോക്കുന്നത് യജമാനന്റെ കടമയുമാണല്ലൊ. സെമിറ്റിക് മതങ്ങളുടെ കാഴ്ച്ചപ്പാടിങ്ങിനെയാണ്‌. പലപ്പോഴും ഒരു തലത്തിൽ നിന്ന് മാറാൻ പല ഭക്തന്മാർക്കും സാധിക്കാറില്ല. ചില മതങ്ങളിൽ ഈയൊരു ചിന്തയിൽ നിന്നു മാറുന്നതുപോലും പാപമാണെന്നു പറയുന്നുണ്ട്.

രണ്ടാമത്തേത് വിശിഷ്ട-ദ്വൈതമാണ്‌. ഇതിൽ ഭക്തന്റെയുള്ളം പരമ്പൊരുളിന്റെ ഒരു ഭാഗം അല്ലെങ്കിൽ പ്രതിഫലനമാണ്‌. ഇതിലും ഭക്തൻ പരമ്പൊരുളിൽ നിന്നും വിഭിന്നനാണ്‌. ഭഗവാന്റെ മഹത്വം പ്രകടിപ്പിക്കുവാനുള്ള ഒരുപാധിയാണ്ഭക്തൻ. രാജയോഗവും കർമ്മയോഗവും ചേർന്ന ക്രിയായോഗമാർഗ്ഗം ഇതിൽ നമുക്ക് ദർശിക്കാം.

എന്നാൽ മൂന്നാമതു പറയുന്ന അദ്വൈതം - രണ്ടില്ല എന്ന അവസ്ഥയാണ്‌. വേദാന്തികൾ പറയുന്ന തത്വമസി അവസ്ഥ. (ശബരിമലയിൽ തത്വമസി എന്ന ബോർഡു വച്ചിരിക്കുന്നത് ഭക്തനും അയ്യപ്പനും ഒന്നാണെന്നുള്ള ഭാവനയിലാണ്‌) ഹനുമാന്ഇത്   കേവലം വായിച്ചറിഞ്ഞ ജ്ഞാനമല്ല. സ്വരൂപത്തെ സാക്ഷാത്കരിച്ചുറച്ച ജ്ഞാനിയുടെ ദൃഢതയോടെയാണ്ഹനുമാൻ പറയുന്നത് - ഇതി മേ നിശ്ചിതാമതി: എന്ന്. അവിടുന്നും ഞാനും തമ്മിൽ ഭേദമേതുമില്ല എന്ന് ഹനുമാൻ അസന്നിഗ്ദ്ധ്മായി പ്രസ്താവിക്കുന്നു. ജ്ഞാനയോഗത്തിന്റെ പാരമ്യത.  ആത്യന്തികമായി, ജ്ഞാനമാണ്പരമസാക്ഷാത്കാരത്തിലേയ്ക്കു  നയിക്കുന്നതെ ന്നുറപ്പിക്കുന്ന യോഗവാസിഷ്ഠപ്രോ​‍ാക്തമായ വിജ്ഞാനത്തിന്റെ നേരറിവാന്ഹനുമാൻ പറയുന്ന ആത്മഭാവം.

അങ്ങിനെ ഹനുമാൻ ഹിന്ദു ആദ്ധ്യാത്മിക സിദ്ധാന്തങ്ങളിലെ മൂന്നു പ്രധാന ചിന്തകളെ സമന്വയിപ്പിച്ചുകൊണ്ട് നമുക്കൊരുജ്ജ്വല മാർഗ്ഗദീപമായി നിലകൊ ള്ളുന്നു. പലർക്കും അദ്വൈതത്തിന്റെ പാതയിലേയ്ക്കു നേരേ പ്രവേശിക്കാൻ കഴിയുകയില്ല. ദ്വൈതപാതയിൽ സേവനവും മറ്റും ചെയ്ത് മനസ്സുറപ്പിച്ച് പടിപടിയായി മാത്രമേ അതു സാദ്ധ്യമാവൂ. അദ്വൈതസിദ്ധാന്തം വഴങ്ങുന്നവർ ക്കുപോലും മൂന്നു സിദ്ധാന്തങ്ങളും പ്രായോഗികതലത്തിൽ സമഗ്രമായി ഒരുഇന്റഗ്രേറ്റഡ് പ്രാക്ടീസ്ആയി അനുവർത്തിക്കാവുന്നതാണല്ലോ. അതാണ്ഹനുമാൻ ദൃഢതയോടെ നമുക്ക് സുവ്യക്തമായി കാണിച്ചു തരുന്നത്.  


Thursday, April 19, 2012

ക്ഷേത്രം ISO 9000 ക്ഷേത്രപ്രവേശനത്തിലെ മതനിരപേക്ഷതയും വിഗ്രഹാരാധനയും



ക്ഷേത്രം ISO 9000 ക്ഷേത്രപ്രവേശനത്തിലെ മതനിരപേക്ഷതയും വിഗ്രഹാരാധനയും 

ഡോ. എ.പി. സുകുമാർ

ക്ഷേത്രങ്ങളിൽ പോകുന്നതിന്‌ പലർക്കും പല കാരണങ്ങളും ഉണ്ടാവും. വിവിധ ക്ഷേത്രങ്ങളും സ്ഥാപിച്ചിരിക്കുന്നത്‌ പലപല സങ്കൽപ്പങ്ങളിലും ആണു താനും. സങ്കൽപ്പങ്ങളനുസരിച്ച്‌ ആചാരാനുഷ്ഠാനങ്ങൾക്കും വ്യത്യാസമുണ്ടാവും. വൈവിധ്യം തന്നെയാണല്ലോ ക്ഷേത്രങ്ങളെ ഇതമേൽ ആകർഷണീയമാക്കുന്നത്‌. മതവും വിഗ്രഹപൂജയിൽ അധിഷ്ഠിതമായ ക്ഷേത്രാരാധനയും തമ്മിൽ എന്താണു ബന്ധം എന്നതാണിവിടുത്തെ ചർച്ചാവിഷയം.

സനാതനധർമ്മം ഇപ്പോൾ ഹിന്ദുമതം എന്നാണല്ലോ പരക്കേ അറിയപ്പെടുന്നത്‌. ഈ ധർമ്മത്തിന്റെ പ്രത്യേകത ഇതിന്റെ `ചട്ടക്കുട്‌` അതിരുകളില്ലാതെ എന്നു പറയാൻ പോന്നവണ്ണം വിസ്തൃതവും വൈവിധ്യപൂർണ്ണവുമായതാണ്‌ എന്നത്രേ. ഹിന്ദുവിൽ ആസ്തികനും നാസ്തികനും ഉണ്ട്‌. തികഞ്ഞ ആചാരാനുഷ്ഠാനങ്ങളിൽ മുഴുകി ബിംബാരാധനയ്ക്ക്‌ അതീവ പ്രധാന്യം കൊടുക്കുന്നവരും, ഏകവും അദ്വയവുമായ ചൈതന്യവിശേഷമായി ഈശ്വരനെ ദർശിക്കുന്നവരും, മാടനും മറുതയും ചാത്തനും പോലുള്ള താമസഗുണപ്രധാനമായ ദേവതാസങ്കൽപ്പങ്ങളെ പൂജിക്കുന്നവരും ഈശ്വരവിശ്വാസം ഇല്ലാത്തവനുമെല്ലാം ഹിന്ദു തന്നെ. ഹിന്ദു ധർമ്മത്തിൽത്തന്നെ എത്രയോ മതങ്ങളുണ്ട്‌! ദ്വൈതിയും, അദ്വൈതിയും, വിശിഷ്ടാദ്വൈതിയും, ചർവ്വാക സിദ്ധാന്തക്കാരനും, എല്ലാം ഹിന്ദു ധർമ്മത്തിന്റെ ഷഡ്ദർശനപരിധിയിൽ ത്തന്നെയാണല്ലോ. അപ്പോൾ മതനിരപേക്ഷതയെന്നുപറയുമ്പോൾ രണ്ടു തരം മതനിരപേക്ഷത നമുക്ക്‌ പരിശോധിക്കേണ്ടിവരുന്നു. ഒന്ന്‌ ഹിന്ദുധർമ്മത്തിനുള്ളിലെ മതനിരപേക്ഷത. മറ്റേത്‌ ഹിന്ദു ധർമങ്ങളും ഹൈന്ദവേതര മതങ്ങളും തമ്മിലുള്ള അല്ലെങ്കിൽ ഉണ്ടാവേണ്ട മതനിരപേക്ഷത. ഇവയിൽ ഏതെല്ലാം തലങ്ങളിലാണ്‌ ഒരു പരിഷ്കൃതസമൂഹത്തിൽ മതനിരപേക്ഷത പ്രായോഗികമാവുന്നത്‌ എന്നു നോക്കുക.

മതനിരപേക്ഷത ഹിന്ദു ധർമ്മത്തിൽ

ഹിന്ദു ധർമ്മത്തിനുള്ളിൽ ഉള്ള മതനിരപേക്ഷതയ്ക്ക്‌ താരതമ്യേന പ്രായോഗികമായി ബുദ്ധിമുട്ടുകൾ ഇല്ല എന്നു പറയാം. നിർഗ്ഗുണവും നിരാകാരവുമായ പരബ്രഹ്മം എന്ന രീതിയിലുള്ള ഈശ്വരചൈതന്യത്തിൽ വിശ്വസിക്കുന്നവർക്കും ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ ശക്തിവിശേഷമായി, ചൈതന്യമായി ഈശ്വരസാന്നിദ്ധ്യം സചേതനമായി കുടികൊള്ളുന്നു എന്നു വിശ്വസിച്ച്‌ ആരാധിക്കുന്നവർക്കും പല തലങ്ങളിൽ യോജിക്കാൻ സാധ്യതകൾ ഉണ്ട്‌. പരസ്പരം ബഹുമാനമുണ്ടെങ്കിൽ അവർ തമ്മിൽ ഒരു പടലപ്പിണക്കവും ആവശ്യമില്ല. ശൈവ-വൈഷ്ണവ സിദ്ധാന്തങ്ങൾ തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ മറന്നുകൊണ്ടല്ല ഇതു പറയുന്നത്‌. ചില പൊതു ഇടങ്ങൾ കണ്ടെത്താൻ അവർക്കു കഴിയുന്നുണ്ട്‌ എന്നു സൂചിപ്പിക്കുന്നു എന്നു മാത്രം. ശൈവനും വൈഷ്ണവനും വിഗ്രഹാരാധനക്കാർ തന്നെയാണല്ലോ. അപ്പോൾ ഒരു വിഗ്രഹത്തോട്‌ പ്രതിപത്തിയില്ലാത്തവന്‌ ആ സങ്കല്പ്പത്തിലെ ക്ഷേത്രത്തിൽ പൂജ നടത്താതിരിക്കാം തന്റെ ഇഷ്ടദേവതയുടെ കോവിലിൽ പൂജകൾ ചെയ്യാം. ഹിന്ദു രീതിയനുസരിച്ച്‌ ഇടയ്ക്ക്‌ ഒരാഗ്രഹനിവൃത്തിക്കായി അല്ലെങ്കിൽ തന്റെ ആകാംക്ഷ തീർക്കാനായി ശൈവന്‌ വൈഷ്ണവ ക്ഷേത്രത്തിലും തിരിച്ചും കയറാം. അതത്‌ ക്ഷേത്രമര്യാദകൾ പാലിക്കണം എന്നുമാത്രം. അതായത്‌ ആചാരങ്ങളെ ബഹുമാനിച്ച്‌ സമാധാനമായി ദർശനം നടത്തിവരുന്നതിന്‌ തടസ്സങ്ങൾ ഒന്നുമില്ല. ഒരു നിയമവും ശൈവനെയും വൈഷ്ണവനേയും അതാത്‌ വിഗ്രഹങ്ങളിൽ കെട്ടിയിടുന്നില്ല എന്നു സാരം. അതുപോലെ നിർഗ്ഗുണ നിരാകാരമായ പരബ്രഹ്മത്തിൽ അടിയുറച്ച അദ്വൈതവേദാന്തിക്കും ക്ഷേത്രദർശനം നടത്താൻ യാതൊരു തടസ്സങ്ങളും ഇല്ല. വിഗ്രഹം എന്ന വാക്കു വിഗ്രഹിച്ച്‌ വിശേഷാൽ ഗ്രഹിക്കാവുന്ന- ഗ്രഹിക്കേണ്ടുന്ന `ഒന്നിനെ` പലതായി കണ്ട്‌ അയാളും നിർവൃതിയടയുന്നു. ഹിന്ദു ദേവതാസങ്കല്പ്പങ്ങളിൽ ഉള്ള മുപ്പത്തിമുക്കോടി ദൈവങ്ങൾക്കും വിവിധങ്ങളായ ആരാധനാ രീതികളും പൂജാവിധികളും ഉണ്ട്‌. അതുകൊണ്ട്‌ എല്ലാ ക്ഷേത്രങ്ങളേയും ഒരേ നിയമാവലികൊണ്ട്‌ ബന്ധിക്കാൻ സാധ്യമല്ല. 

ഇനി ക്ഷേത്രസങ്കൽപ്പങ്ങളേപ്പറ്റി ആലോചിച്ചാൽ അദ്വൈതവേദാന്തിക്ക്‌ തനിക്ക്‌ അനുഭവവേദ്യമായ എല്ലാം ക്ഷേത്രതുല്യമത്രേ. എന്തും ഏതും അവന്‌ ആ പരബ്രഹ്മത്തിന്റെ പ്രകടിതരൂപമാണ്‌. ബിംബത്താൽ പരിമിതപ്പെട്ടതിനോടും പരിധിയില്ലാത്തതിനോടും അവന്‌ ആരാധനയാണ്‌. ബഹുമാനമാണ്‌. ഈ അദ്വൈതി നിർമ്മിക്കുന്ന ക്ഷേത്രത്തിൽ യാതൊരു വിധത്തിലുള്ള ആചാരനിയന്ത്രണങ്ങളും ആവശ്യമില്ല. എല്ലാവർക്കും അവിടെ പ്രവേശനമാകാം. ഹിന്ദുധർമ്മത്തിലെ ഷഡ്ദർശനക്കാർക്കുമാത്രമല്ല മറ്റു ധർമ്മങ്ങളിലെ വിശ്വാസികൾക്കും അവിശ്വാസികൾക്കും അവിടെ പ്രവേശനത്തിന്‌ തടസ്സങ്ങൾ ഇല്ല. ഇങ്ങിനെയുള്ള ഇടങ്ങൾക്ക്‌ സാമാന്യ മര്യാദകൾ പാലിക്കേണ്ടുന്ന പൊതു സ്ഥലങ്ങളുടെ പ്രാധാന്യമാണുള്ളത്‌. മറ്റു ധർമ്മങ്ങളിലെ ആൾക്കാർക്ക്‌ വിഗ്രഹാരാധനയിൽ വിശ്വാസമില്ലെങ്കിൽ കൂടി ഇത്തരം ക്ഷേത്രങ്ങളിൽ പ്രവേശനമാകാം. ശബരിമലയിലും മറ്റും ഉള്ള ക്ഷേത്രസങ്കൽപ്പങ്ങൾ ഇപ്രകാരമുള്ളതാണ്‌.

ഹിന്ദുക്കളിൽ ക്ഷേത്രസന്ദർശനം നടത്തുന്ന എല്ലാവരും വിഗ്രഹാരാധനയിൽ വിശ്വാസം ഉള്ളവർ ആവണം എന്നില്ല. നിരിശ്വരവാദിയായ ഹിന്ദുവിനും ക്ഷേത്രമര്യാദകൾ പാലിച്ചുകൊണ്ട്‌ ദർശനം നടത്താൻ തടസ്സങ്ങൾ ഇല്ല. അവനും ഹിന്ദുധർമ്മത്തിന്റെ ഷഡ്ദർശനങ്ങളുടെ ഉള്ളിൽത്തന്നെ നിൽക്കുന്നവൻ ആയിരിക്കുമല്ലോ. `ഞാൻ അങ്ങിനെപോലും ഹിന്ദുവല്ല` എന്നു പറഞ്ഞു മാറിനിൽക്കുന്നവൻ ഭാരതീയനാണെങ്കിലും അഹിന്ദു തന്നെ. അവർക്ക്‌ ക്ഷേത്രങ്ങളുടേയോ വിഗ്രഹാരാധനയുടേയോ കാര്യങ്ങളിൽ താല്പ്പര്യമോ അഭിപ്രായമോ ഉണ്ടാവേണ്ടകാര്യം ന്യായമായുമില്ല. വിവിധ പ്രഫഷനിൽ ഉള്ളവർ ഒത്തുചേർന്ന്‌ അവരുടെ നടപടിക്രമങ്ങൾ തീരുമാനിക്കുമ്പോലെയാണത്‌. ഡോക്ടർമാരുടെ സംഘടനയിൽ എഞ്ചിനീയർക്ക്‌ പ്രാതിനിധ്യം വെണമെന്നു ശഠിക്കുന്നത്‌ ബാലിശമാണല്ലോ. അങ്ങിനെ ഇതര പ്രഫഷനിലും പ്രതിനിധ്യം വേണമെന്നുള്ളവർ അതിനുള്ള യോഗ്യതകൾ നേടിയിരിക്കണം എന്നതു ന്യായം മാത്രം. അത്തരം യോഗ്യതകൾ തെളിയിക്കേണ്ടത്‌ അവരുടെ കടമയാണു താനും.

ക്ഷേത്രസങ്കൽപ്പം വിഗ്രഹങ്ങളുടെ `ഗുണ`മനുസരിച്ച്‌

ക്ഷേത്രസ്ഥാപനസമയത്ത്‌ അതിന്റെ നിർമ്മാതാക്കളുടെ സങ്കൽപ്പം അനുസരിച്ചാണ്‌ അതിന്റെ നടത്തിപ്പിനായുള്ള നടപടിക്രമങ്ങളും തീർച്ചപ്പെടുത്തി വയ്ക്കുന്നത്‌. ഒരു ജനാധിപത്യത്തിൽ നിയമസഭയിൽ എല്ലാവർക്കും സന്ദർശകരായി പ്രവേശനമുണ്ടെങ്കിലും ഒരു സാമാജികനാവണമെങ്കിൽ അയാളൊരു ജനാധിപത്യവിശ്വാസി ആയിരിക്കണമല്ലോ. തിരഞ്ഞെടുപ്പിൽ നിൽക്കണം, ജയിക്കാനുള്ള വോട്ടു നേടുകയും വേണം. ജനാധിപത്യത്തിലും തിരഞ്ഞെടുപ്പിലും വിശ്വാസം ഇല്ലാത്ത ഒരുവന്‌ സാമാജികനാവാൻ ന്യായമായ മാർഗ്ഗമൊന്നുമില്ല. 

ബിസിനസ്സ്‌ സ്ഥാപനങ്ങൾ ഐ എസ്സ്‌ ഓ 9000 പോലുള്ള രെജിസ്റ്റ്രേഷനുകൾ എടുക്കാറുണ്ട്‌. `ഞങ്ങളുടെ സ്ഥാപനം ഇന്നയിന്ന ബിസിനസ്സുകൾ ഇന്നയിന്നരീതിയിൽ നടത്താൻ നിശ്ചയിച്ച്‌ ഇപ്രകാരം അതിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതാണ്‌ എന്നൊരു ഉടമ്പടിയിൽ ഏർപ്പെടുന്നതാണീ രെജിസ്റ്റ്രേഷന്റെ സാരം. ഒരിക്കൽ രെജിസ്തർ ചെയ്തുകഴിഞ്ഞാൽ അതിനനസുസരിച്ച്‌ സ്ഥാപനം നടത്തിക്കൊണ്ടുപോവേണ്ടത്‌ മാനേജുമെന്റിന്റെ ചുമതലയാണ്‌. ഏറ്റെടുത്ത ഗുണനിലവാരത്തിൽ നിന്നു മാറിയാൽ സ്ഥാപനത്തിന്റെ രെജിസ്റ്റ്രേഷൻ നഷ്ടപ്പെടാം. പല ഹിന്ദുക്ഷേത്രങ്ങളും ഒരുവിധത്തിൽ പറഞ്ഞാൽ ഇത്തരം `സങ്കൽപ്പകൽപ്പിതമായ` രെജിസ്റ്റ്രേഷനിൽ ഉണ്ടാക്കപ്പെട്ടവയാണ്‌. ആരാധനാക്രമം, ആരാധനായോഗ്യതകൾ, അനുഷ്ഠാനങ്ങൾ , ഉൽസവങ്ങൾ, വേഷക്രമങ്ങൾ എന്നിവ കാലത്തിന്റെ ആവശ്യമനുസരിച്ച്‌ അധികാരപ്പെട്ടവരുടെ അംഗീകാരത്തോടെ മാത്രമേ മാറ്റാൻ സാധിക്കുകയുള്ളു. ഇപ്രകാരം സങ്കൽപ്പിച്ച്‌ സ്ഥാപിച്ച ക്ഷേത്രങ്ങളുടെ നിയമാവലിയിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ ക്ഷേത്രങ്ങളുടെ തനിമയെയും സാംഗത്യതേയും നഷ്ടപ്പെടുത്തുന്നു.

ആരാണ്‌ അഹിന്ദുക്കൾ

ഇങ്ങിനെ പ്രത്യേക സങ്കൽപ്പങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചില ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക്‌ പ്രവേശനം നിഷേധിച്ചിരിക്കുന്നു. ചിലർക്കെങ്കിലും ഇതിൽ പ്രകടമായ അഭിപ്രായ വ്യത്യാസമുണ്ട്‌. എന്നാൽ മിക്കവാറും അമ്പലങ്ങൾ ഹിന്ദുമതത്തിൽ വിശ്വാസിക്കാത്തവർ എന്ന അർത്ഥമാണ്‌ `അഹിന്ദുക്കൾ` എന്നതിനു നല്കിയിട്ടുള്ളത്‌. ഞാൻ ഹിന്ദുമതവിശ്വാസിയാണ്‌ എന്നെഴുതിക്കൊടുത്താൽ അവർക്ക്‌ ക്ഷേത്രദർശനം നല്കാൻ മിക്കവാറും ക്ഷേത്രങ്ങൾ തയ്യാറാണു താനും. എന്തുകൊണ്ടാണിതു ചില ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന്യമുള്ള കാര്യമാവുന്നത്‌?. സർവ്വവ്യാപിയായ ഈശ്വരന്‌ മതമുണ്ടോ എന്നു തുടങ്ങിയ ചോദ്യങ്ങൾക്ക്‌ ഇവിടെ പ്രസക്തിയില്ലാത്തത്‌ എന്തുകൊണ്ടെന്ന്‌ നമുക്ക്‌ പരിശോധിക്കാം. 

ചിലക്ഷേത്രങ്ങൾ താന്ത്രിക രീതിയിൽ ആണ്‌ സങ്കൽപ്പിച്ചു സ്ഥാപിച്ചിട്ടുള്ളത്‌. അതിലെ വിഗ്രഹത്തിന്‌ ജീവനും മനുഷ്യജീവിതസങ്കൽപ്പത്തിലെന്നപോലെ അച്ഛനും അമ്മയും ഒക്കെ ഉണ്ട്‌ എന്നാണു സങ്കല്പ്പം. മാനുഷീകമായ എല്ലാ പരിഗണനകളും അവിടെയുള്ള വിഗ്രഹങ്ങൾക്ക്‌ നൽകിയാണ്‌ പൂജകളുടെ ക്രമീകരണങ്ങൾ. സമയത്തിനു കുളി, തേവാരം, ഭക്ഷണം എന്നുവേണ്ട എല്ലാ മാനുഷീക ആവശ്യങ്ങളും നിർവ്വഹിക്കുന്ന രാജരാജനാണ്‌ ചില ക്ഷേത്രങ്ങളിലെ ദേവൻ. ദേവീ ക്ഷേത്രങ്ങളിൽ ചിലതിൽ ദേവിയ്ക്കു മാസമുറപോലും സങ്കൽപ്പിക്കുന്നു. അത്രയ്ക്ക്‌ സങ്കൽപ്പാധിഷ്ഠിതമായ ക്ഷേത്രത്തിൽ വിഗ്രഹാരാധനയിൽ വിശ്വാസമില്ലാത്തവരെ പ്രവേശിപ്പിക്കുന്നതിൽ എന്തു കാര്യമാണുള്ളത്‌? ഇതിൽ തെറ്റും ശരിയും ഇല്ല. ഉള്ളത്‌ ഔചിത്യവും മതനിരപേക്ഷമായ ബഹുമാനവും മാത്രം. ആദ്യം പറഞ്ഞപോലെ ഡോക്ടർമാർ തങ്ങളുടെ സമാജത്തിൽ എഞ്ചിനീയർമാരെ ചേർക്കാത്തതിനു കാരണം, അവർക്ക്‌ പ്രഫഷന്റെ കാര്യത്തിൽ ഒരു പൊതു ഇടം ഇല്ല എന്നതുകൊണ്ടാണ്‌. പൊതു ഇടം ഉള്ള പലതിലും അവർക്ക്‌ ഒന്നിച്ചു പ്രവർത്തിക്കാൻ തടസ്സങ്ങൾ ഇല്ല താനും. സേവനപ്രവർത്തനങ്ങൾ, കലാപരിപാടികൾ എന്നിവയ്ക്ക്‌ എല്ലാവർക്കും ഒന്നു ചേരാം. പക്ഷേ അത്‌ ഒരു കൂട്ടരുടെ `ക്ഷേത്ര`ത്തിനകത്താവണം അതെന്ന്‌ നിർബ്ബന്ധബുദ്ധി എന്തിനാണ്‌? (ക്ഷേത്രം: പ്രവൃത്തി ചെയ്യുന്ന സ്ഥലം എന്നും അർത്ഥമുണ്ട്‌)

പുതുതായി പണമുണ്ടാക്കിയ ഒരാൾ വലിയൊരു ക്ഷേത്രം പണിഞ്ഞ്‌ എല്ലാവർക്കും പ്രവേശനം നൽകുമ്പോൾ അത്‌ പ്രശംസനാർഹമാണ്‌. എന്നാൽ കാലാകാലങ്ങളായി നടന്നുവരുന്ന ക്ഷേത്രാചാരക്രമങ്ങളിൽ നിന്നു വ്യതിചലിച്ച്‌ ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങൾ പൊതുസ്ഥലങ്ങളാക്കുന്നത്‌ ഒരു മതനിരപേക്ഷ സംസ്കാരത്തിനെതിരായ നീക്കമായേ കണക്കാക്കാൻ പറ്റൂ. കൃത്യമായ ആചാരക്രമങ്ങളുള്ള ഒരു ക്ഷേത്രത്തിൽ രാഷ്ട്രീയമായ ഇടപെടൽ മൂലമോ മറ്റോ വിഗ്രഹാരാധനാ വിരോധികളടക്കം എല്ലാവർക്കും പ്രവേശനം നല്കിയാൽ എന്താണ്‌ സംഭവിക്കുന്നത്‌? ശരിയാണ്‌ ഭഗവാൻ കൃഷ്ണനും രാധയ്ക്കും മറ്റ്‌ ദേവന്മാർക്കും ഒന്നും സംഭവിക്കാൻ പോവുന്നില്ല. പക്ഷേ ആ ഒരു ക്ഷേത്രസങ്കൽപ്പം തന്നെ അതുമൂലം മുച്ചൂടും ഇല്ലാതാവുന്നു എന്നു മാത്രം. പാന്റ്സും ഷർട്ടും ഷൂസുമിട്ട്‌ പള്ളിയിൽ പോകുന്നതു പോലെ ഗുരുവായൂരമ്പലത്തിൽ പോകാമെങ്കിൽ ആ ക്ഷേത്രത്തിന്റെ ആരാധകർക്ക്‌ അതെങ്ങിനെയായിരിക്കും അനുഭവപ്പെടുക? ആർക്കും എപ്പോഴും വൃത്തിയോ ആചാരങ്ങളോ നോക്കാതെ പോകാവുന്ന ഒരു ടൂറിസ്റ്റു കേന്ദ്രമായാൽ ഗുരുവായൂരിന്റെ സാംഗത്യം എന്തായിരിക്കും? പാരമ്പര്യങ്ങൾക്ക്‌ അതിന്റേതായ സാംഗത്യമുണ്ട്‌. മറ്റു മതങ്ങളെ വിപരീതമായി ബാധിക്കാത്ത ഏതു പാരമ്പര്യവും മതനിരപേക്ഷമായ ഒരു സമൂഹത്തിന്‌ മാറ്റു കൂട്ടുകയാണു ചെയ്യുന്നത്‌. എന്നാൽ ചില ജനങ്ങൾ ഒറ്റക്കെട്ടായി ചേർന്ന്‌ സംസ്കാരങ്ങൾ നശിപ്പിച്ച ചരിത്രങ്ങൾ നമുക്കറിയാം. താലിബാനുകൾ അഫ്ഗാനിസ്ഥാനിലെ ബുദ്ധ പ്രതിമകൾ നശിപ്പിച്ചതുകൊണ്ട്‌ ബുദ്ധനോ ബുദ്ധന്റെ അനുയായികൾക്കോ കുഴപ്പമൊന്നും ഉണ്ടായതായി അറിവില്ല. 

ഇനി ക്ഷേത്രങ്ങളുടെ ഭംഗി ആസ്വദിക്കുന്നവർ, ആർക്കിറ്റെക്ച്ചർ പഠിക്കാൻ താല്പ്പര്യമുള്ളവർ, വെറും കലാസ്വാദകർ എന്നിവർക്കു വേണ്ടി ക്ഷേത്രങ്ങൾ എല്ലാം തുറന്നു കൊടുക്കേണ്ടതല്ലേ, വടക്കേ ഇൻഡ്യയിലെ ക്ഷേത്രങ്ങളിൽ ആർക്കും പ്രവേശനമുണ്ടല്ലോ തുടങ്ങിയ വാദങ്ങൾക്ക്‌ പ്രസക്തിയുണ്ടോ എന്നു നോക്കാം. ആദ്യം പറഞ്ഞപോലെ ക്ഷേത്രങ്ങൾ അനവധിയുണ്ട്‌. അവയിൽ എല്ലാത്തിലും `അഹിന്ദുവിന്‌ പ്രവേശനമില്ല“ എന്ന നിയമം ഇല്ലല്ലോ. അങ്ങിനെയുള്ള ക്ഷേത്രങ്ങളിൽപ്പോയി കലാസ്വാദനം, പഠനം ഒക്കെ നടത്താം എന്നിരിക്കെ സാംസ്കാരികമായും വൈകാരികമായും കുറച്ചുപേർ ആർക്കും ശല്യം കൂടാതെ അനുഷ്ഠിച്ചു വരുന്ന മതത്തെ അതിന്റെ പാട്ടിനു വിടുകയല്ലേ നല്ലത്‌? വിരുന്നുകാർക്ക്‌ വീട്ടിലെ സ്വീകരണമുറിക്കപ്പുറം പ്രവേശനം ഇല്ല എന്നാണ്‌ വീട്ടുടമസ്ഥന്റെ തീരുമാനമെങ്കിൽ അതു മാനിക്കുന്നതാണ്‌ മര്യാദ. ചെരിപ്പഴിച്ചുവെച്ചു മാത്രമേ വീട്ടിനുള്ളിൽ പ്രവേശനമുള്ളു എന്നു പറയുന്ന വീട്ടുടമയുടെ നിയമങ്ങളേയും നാം ബഹുമാനിക്കാറുണ്ടല്ലോ. വൈദികമായ ഹിന്ദു ആചാരക്രമങ്ങൾ പ്രകാരം, ഒരുപക്ഷേ ജനനത്തിനു മുൻപേ തന്നെ അപ്രകാരം വളർന്നുവന്ന ആൾക്കാരാണ്‌ ചില ക്ഷേത്രങ്ങളിൽ പൂജകൾ നടത്തേണ്ടത്‌ എന്നുള്ള ആചാരവും ഇപ്രകാരം ബഹുമാനത്തോടെ കാണേണ്ട ഒന്നാണ്‌. ബീജാധാനവും ഗർഭധാരണവും മുതൽ മരണാനന്തരകർമ്മങ്ങൾ വരെയുള്ള ഷോഡശാചാരങ്ങളിൽക്കൂടി കടന്നു വന്നവർ മാത്രമേ പൂജിക്കാൻ അർഹരാവൂ എന്നുള്ള നിയമങ്ങളെ ബഹുമാനിക്കുകയല്ലേ ഒരു പരിഷ്കൃത മതേതരസമൂഹം ചെയ്യേണ്ടത്‌? എല്ലാ ക്ഷേത്രങ്ങളും ഹിന്ദു ധർമ്മത്തിൽ ഇങ്ങിനെയുള്ളതല്ല. ആവാൻ പാടുള്ളതുമല്ല. നനാത്വത്തിലാണല്ലോ ഏകത്വം.

അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം

ഇനി ഹൈന്ദവേതരമതങ്ങളിലെ ആളുകൾക്ക്‌ ക്ഷേത്രങ്ങളിൽ പ്രവേശനം നൽകുമ്പോൾ അറിഞ്ഞോ അറിയാതെയോ നാം ചില മതങ്ങളുടെ കാര്യത്തിലെങ്കിലും അവരുടെ നിയമാവലികളെയും അനുശാസനങ്ങളേയും തകിടം മറിക്കാൻ ഇടയാക്കുന്നുവോ എന്നും എനിയ്ക്കു സംശയമുണ്ട്‌. വിഗ്രഹാരാധന നിന്ദ്യമാണ്‌ എന്നു പഠിപ്പിച്ച ഒരു മതത്തിൽപ്പെട്ടയാൾ ആ മതത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട്‌ നിയതമായ വിഗ്രഹാരാധനാപദ്ധതികളും ആചാരക്രമങ്ങളുമുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നതും പൂജിക്കുന്നതും അയാളുടെ മതത്തെ നിന്ദിക്കലാവുകയില്ലേ? അയാൾ സാധാരണരീതിയിൽ തന്റെ മതവിശ്വാസത്തിൽ ഉറച്ചുനിൽക്കേ ഒരു ക്ഷേത്രത്തിലേയും വിഗ്രഹത്തെ ഭക്തിബഹുമാനങ്ങളോടെ വീക്ഷിക്കാൻ ഇടയില്ല എന്നും വരാം. എങ്കിലും ആ വിഗ്രഹത്തോട്‌, ക്ഷേത്രത്തോട്‌ തികഞ്ഞ ഭക്തിബഹുമാനങ്ങൾ ഉണ്ടായിട്ടാണ്‌ അവിടെപ്പോകുന്നതെങ്കിൽ തന്റെ മതത്തെ ധിക്കരിച്ചതിന്റെ കുറ്റബോധം അവർക്കുണ്ടാകേണ്ട കാര്യമില്ല. അവർക്ക്‌ തങ്ങൾ ഹിന്ദുമതവിശ്വാസികളാണെന്ന്‌ അല്ലെങ്കിൽ ആ ദേവതകളിൽ അചഞ്ചലമായ വിശ്വാസം ഉള്ളവരാണെന്ന്‌ പ്രസ്താവിക്കാൻ ബുദ്ധിമുട്ടുണ്ടാവുകയുമില്ല. ഒരുപക്ഷേ ഹിന്ദുധർമത്തിലേതുപോലെ പലമതങ്ങളിൽ ഒരേസമയം വിശ്വസിക്കുവാനുള്ള അവസരം ഇതരമതസ്ഥർക്ക്‌ ഇതുമൂലം ലഭിക്കുകയും ചെയ്യും. 

ഒരുഹിന്ദുവായ എനിയ്ക്ക്‌ ഞാൻ ഒരു ക്രിസ്തുവിശ്വാസിയാണ്‌ എന്നുപറഞ്ഞ്‌, അല്ലെങ്കിൽ എഴുതിക്കൊടുത്ത്‌ ഒരു ദേവാലയത്തിൽ പോകുന്നതിൽ ഒരു വിഷമവും ഇല്ല. (ക്രിസ്തുവിൽ മാത്രം വിശ്വസിക്കുന്നയാളാണ്‌ എന്നെഴുതാൻ വയ്യ എന്നിരിക്കിലും) അതുപോലെ വ്യക്തിപരമായി ഒരദ്വൈതി എന്ന നിലയിൽ ക്ഷേത്രങ്ങളിൽ ഇതരമതസ്ഥർ കയറുന്നതിൽ എനിക്ക്‌ യാതൊരു വിഷമവും ഇല്ല. പക്ഷേ എല്ലാ മതങ്ങളേയും ബഹുമാനിയ്ക്കുന്ന മതേതരത്വത്തിന്റെ വക്താവെന്നനിലയ്ക്ക്‌ എല്ലാ മതങ്ങൾക്കും അവരുടേതായ ആചാരാനുഷ്ടാനങ്ങൾ കാത്തു സൂക്ഷിക്കാൻ നമ്മുടെ സമൂഹം അനുവദിക്കുകമാത്രമല്ല സർവ്വത്മനാ ഒത്താശകൾ ചെയ്യണം എന്നുകൂടി എനിക്കഭിപ്രായമുണ്ട്‌. 

പ്രശസ്ത വ്യക്തികളുടെ ക്ഷേത്രപ്രവേശനം

കുറേക്കാലമായി കേരളത്തിലെ വിവാദങ്ങളിലൊന്ന്‌ സുപ്രസിദ്ധ ഗായകൻ യേശുദാസിന്റെ ഗുരുവായൂർ പ്രവേശനത്തെ സംബന്ധിച്ചാണല്ലോ. അദ്ദേഹത്തിന്റെ ഭക്തിവിശ്വാസങ്ങളെപ്പറ്റി അഭിപ്രായം പറയാൻ നമുക്കൊന്നും ആവില്ല. അതൊരു തർക്കവിഷയവും അല്ല. താൻ ഹിന്ദുമതവിശ്വാസിയാണ്‌ അല്ലെങ്കിൽ ഗുരുവായൂരപ്പന്റെ ഭക്തനാണ്‌ എന്ന്‌ പ്രസ്താവിച്ച്‌ ഗുരുവായൂരമ്പലത്തിൽ അദ്ദേഹം കയറുന്ന ആ നല്ല നാളുകൾക്കു വേണ്ടി ഞാൻ കാത്തിരിക്കുന്നു. യേശുദാസിന്‌ വ്യക്തിപരമായി ഗുരുവായൂർ ക്ഷേത്ര പ്രവേശനം അനുവദിക്കാൻ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ ചേർന്ന ഗുരുവായൂർ ക്ഷേത്ര അധികൃതരുടെ യോഗത്തെപ്പറ്റി അതിൽ പങ്കെടുത്ത ക്ഷേത്രത്തിലെ ജീവനക്കാരുടെ യൂണിയൻ പ്രതിനിധിയായിരുന്ന സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ പുതൂർ ഉണ്ണികൃഷണൻ പറയുന്നത്‌ പ്രവേശനത്തിനനുകൂലമായ തീരുമാനം അന്നെടുക്കുമായിരുന്നു എന്നാണ്‌. ശ്രീ വയലാർ രാമവർമ്മയും (ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും?.എഴുതിയ കവി) അന്ന്‌ സന്നിഹിതനായിരുന്നു. എന്നാൽ അതുപോലൊരു തീരുമാനം വൈക്കം മുഹമ്മദു ബഷീറിനു വേണ്ടിയും എടുക്കാൻ അവിടെ ആവശ്യം ഉയരുകയും യോഗം തീരുമാനം ഒന്നും ആവാതെ പിരിയുകയും ചെയ്തു. ക്ഷേത്രവിശ്വാസിയാണെന്ന്‌ എഴുതിക്കൊടുക്കുന്നവർക്ക്‌ പ്രവേശനം എന്ന പ്രാബല്യത്തിലുള്ള നിയമം തുടർന്നു പോവുകയും ചെയ്തു.

ഗുരുവായൂരിന്റെ തനതായ ക്ഷേത്രസങ്കൽപ്പങ്ങൾക്ക്‌ കോട്ടം വരാതെ ദാസേട്ടൻ നടത്തുന്ന ദർശനം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു നേർക്കാഴ്ച്ചയും ആയിരിക്കും. തന്റെ ഭക്തിവിശ്വാസങ്ങൾ മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ബാധ്യത തനിക്കില്ല എന്ന്‌ ആരെങ്കിലും പറഞ്ഞാൽ അങ്ങിനെയുള്ള ആളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കേണ്ട കാര്യമില്ല എന്ന്‌ അധികാരികൾ പറയുന്നത്‌ ന്യായം മാത്രം. മൂകാംബിയിലെ മൂർത്തീസങ്കൽപ്പമോ ശബരിമലയിലെ സങ്കൽപ്പമോ അല്ല താന്ത്രികമായി ഗുരുവായൂരിലേത്‌ എന്നറിയാത്ത ആളല്ല ദാസേട്ടൻ. എന്റെ കൂട്ടുകാരടക്കം പല മതക്കാർ ഒന്നും എഴുതിക്കൊടുക്കാതെ ഗുരുവായൂരിൽ കയറിയിട്ടുണ്ട്‌. അവർക്ക്‌ തങ്ങളുടെ മതങ്ങളെപ്പറ്റി വലിയ അറിവൊന്നുമില്ലാത്തതുകൊണ്ട്‌ വലിയ കുറ്റബോധമൊന്നും തോന്നിയിട്ടുണ്ടാവില്ല. ദാസേട്ടന്റെ സമൂഹത്തിലെ സ്ഥാനമാനങ്ങൾ വെച്ച്‌ അജ്ഞാതനായി അവിടെ ദർശനം നടത്തി വരാൻ അദ്ദേഹത്തിനാവുകയില്ലല്ലോ. നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന എല്ലാവർക്കും നാനാത്വത്തെ `എന്റെ രീതിയിലേക്ക്‌ മാത്രമായി` ചുരുക്കണം എന്നു തോന്നുകയില്ല. 

പിന്നെ മറ്റൊരു കാര്യമുള്ളത്‌ എല്ലാവർക്കും വരും ജന്മങ്ങളിൽ എപ്പോഴെങ്കിലും ഇത്തരം ദർശനത്തിനുള്ള സാദ്ധ്യതയുണ്ട്‌ എന്നതാണ്‌. ഹൈന്ദവ തത്വശാസ്ത്രത്തിലും വേദാന്തത്തിലും വിശ്വാസവും ഭക്തിയുമുള്ളയാൾക്ക്‌ പുനർജന്മത്തിലും വിശ്വാസമുണ്ടാവുമല്ലോ. മതനിരപേക്ഷതയിൽ എല്ലാ മതങ്ങൾക്കും തങ്ങളുടെ ആചാരക്രമങ്ങളും വിശ്വാസങ്ങളും ഭംഗിയായി സംരക്ഷിക്കാൻ കഴിയണം. പതിന്നാലു വർഷം വനവാസം കഴിഞ്ഞെത്തിയ ശ്രീരാമൻ ഭരതനോട്‌ ചോദിച്ചത്‌ “നമ്മുടെ രാജ്യത്തിൽ ചർവ്വാകന്മാർക്ക്‌ (നിരീശ്വരവാദികളായ നാസ്തികർ) അവരുടെ മതം ആചരിക്കുന്നതിൽ ആരും തടസ്സം നിൽക്കുന്നില്ലല്ലോ? എന്നാണ്‌. ചുരുക്കത്തിൽ `അവനവന്‌ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന്നു സുഖത്തിനായ്‌ വരേണം - അല്ലെങ്കിൽ അപരന്‌ ദുഖത്തിനായ്‌ വരാനിടയാവരുത്‌”. വിഗ്രഹാരാധനക്കാർക്ക്‌ അത്തരം ആരാധനയിൽ വിശ്വാസമുള്ളവരുമായി ചേർന്ന്‌ അവരുടെ മതമാചരിക്കാൻ തുടർന്നും ഇടവരും എന്നു പ്രത്യാശിക്കട്ടെ. മതേതരത്വത്തിന്റെ കാതൽ `നനാത്വത്തിൽ ഏകത്വം` എന്നതാണല്ലോ.