അതിശയകരമായ പ്ലാനിംഗ്
കുംഭമേള നടക്കുന്നത്
ഗംഗയിലെ ഇപ്പോൾ ഉണങ്ങിക്കിടക്കുന്ന വിസ്താരമേറിയ മണൽപ്പരപ്പിലാണ്. നോക്കെത്താദൂരം
നീണ്ടു പരന്നുകിടക്കുന്ന മണൽപ്പുറത്ത് ഒരു താൽക്കാലിക നഗരം
നിർമ്മിച്ചിരിക്കുകയാണ്. ഏതാണ്ട് മൂന്നു ലക്ഷം ടെന്റ് ഗ്രൂപ്പുകൾ, അവയിലേക്കെല്ലാം
ശുദ്ധജലം, കറന്റ് എന്നിവ എത്തിച്ചിട്ടുണ്ട്. മലിനജലവും കക്കൂസ് മലിന്യവും
നീക്കാനുള്ള സൂവർ സംവിധാനവുമുണ്ട്. ഇരുപത്തിയെട്ട് സെക്ടറുകളിലായി മേളാ നഗരം
തിരിച്ചിട്ടുണ്ട്. ഓരോ സെക്ടറിലും ഫയർ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, റേഷൻ ഡിപ്പോ, ആശുപത്രി, ഭരണത്തലവൻ, എല്ലാമുണ്ട്. എന്നെ ഏറ്റവും അമ്പരപ്പിച്ചത് മണൽപ്പരപ്പിൽ
നിർമ്മിച്ച റോഡുകളാണ്. പൊടിമണലിൽ വണ്ടിയോടിക്കാൻ പറ്റാത്തത്കൊണ്ട്, റോഡ് മുഴുവൻ
സ്റ്റീൽ പ്ലേറ്റ് വിരിച്ചിരിക്കുന്നു. കണ്ടിട്ട് മൂന്നടിവീതിയും പതിനാറടി
നീളവുമുള്ള നാലു സ്റ്റീൽ പലകകളാണ് എന്ന് തോന്നുന്നു. ഇത്തരം ആയിരം കിലോമീറ്ററിൽ
അധികം റോഡുകളാണ് മണൽപ്പുറത്ത് ഉണ്ടാക്കിയിട്ടുള്ളത്. നേരത്തെ പറഞ്ഞ
മൂന്നുലക്ഷത്തോളം കുടിലുകളും യജ്ഞമണ്ഡപങ്ങളും പ്രഭാഷണത്തിനുള്ള തീയേറ്ററുകളും
റോഡിന്റെ ഇരുവശങ്ങളിലും പണിതിരിക്കുന്നു. ഓരോ മുക്കിലും മൂലയിലും സൌജന്യമായി
ഭക്ഷണം നല്കുന്ന സ്റ്റാളുകൾ. അതിൽ അംബാനിമുതൽ കേരളത്തിൽ നിന്നുള്ള കാളികാപീഠം
വരെയുള്ള സ്ഥാപനങ്ങൾ ഉണ്ട്. അവിടെ താമസിച്ച നാലുദിവസവും ഞാൻ ഭക്ഷണം വിലകൊടുത്തു
വാങ്ങിയില്ല. ഓരോ ടെന്റ് ഗ്രൂപ്പും രണ്ടു ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിട്ടാണ്
അവിടെ കഴിയുന്നത്. മേളയുടെ അവസാനം എല്ലാം
പൊളിച്ചെടുത്ത് കൊണ്ട് പോയി വൃത്തിയാക്കി കൊടുത്താൽ മാത്രമേ ഇി ഡെപ്പോസിറ്റ്
തിരികെ കൊടുക്കൂ. വരുന്ന ജൂൺ ആവുമ്പോഴേക്ക് നാല്-അഞ്ചു മീറ്റർ പൊക്കത്തിൽ വെള്ളം
നിറയുന്ന നദീതടമാണിത്.
മാഘപൌർണ്ണമിക്ക്
(12 ഫെബ്) ഏതാണ്ട് കേരളത്തിലെ അത്രയും ജനം (മൂന്നരക്കോടി) ഞാനുൾപ്പടെ, അവിടെ
സ്നാനം ചെയ്തു. കൂട്ടത്തിൽ രാഷ്ട്രപതി ദ്രൌപദി മുർമുജിയും ഉണ്ടായിരുന്നു.
(നേരിട്ട് കണ്ടില്ല ഞാൻ). എല്ലാ സ്നാനഘാട്ടുകളും നല്ല വൃത്തിയുള്ളതായി
അനുഭവപ്പെട്ടു. ഒരു കടലാസ് കഷണം വീണാൽ പെറുക്കി കളയാൻ ആളുണ്ട്. 'എറണാകുളത്തിന്റെ മണം' എങ്ങും ഉണ്ടായിരുന്നില്ല. ഒരു കൊതുകുപോലും എന്നെ
കടിച്ചില്ല. പുണ്യനദിയിൽ മുങ്ങാൻ ഇറങ്ങുമ്പോൾ ഞാൻ കരയിൽ വച്ച ഫോണും പേർസുമൊന്നും
ആരും തിരിഞ്ഞുനോക്കിയതുപോലുമില്ല. വഴിയിൽ നിറയെ നിരനിരയായി ബയോ ടോയ് ലറ്റുകൾ ഉണ്ടായിരുന്നു,
അവയിൽ എല്ലാത്തിലും ക്യൂആർ കോഡ് വച്ച് അവ വൃത്തിയല്ലെങ്കിൽ അറിയിക്കാനുള്ള
സംവിധാനവും ഉണ്ട്. സാനിട്ടറി ജോലിക്കാരെ കാലുതൊട്ട് വന്ദിച്ചു ദക്ഷിണ
കൊടുക്കുന്നവരുടെ കൂടെ -അവരിൽ സന്യാസിമാരും ഗൃഹസ്ഥരും ഉണ്ട്- ഞാനും കൂടി. അവരെന്നെ
തലയിൽ കൈവച്ച് അനുഗ്രഹിച്ചു. മഹാരാഷ്ട്രയിൽ നിന്നും കുടുംബസമേതം മേളയക്ക് ക്ലീനിംഗ്
സേവനം ചെയ്യാൻ വന്ന ഒരു സ്ത്രീയായിരുന്നു എന്നെ അനുഗ്രഹിച്ചത്. ദക്ഷിണകൊടുത്തപ്പോൾ
സന്തോഷത്തോടെ ഒരുകുപ്പി കുടിവെള്ളം അവരെനിക്ക് സമ്മാനിക്കുകയും ചെയ്തു. ഇരുപത് കിലോമീറ്ററോളം മേളാനഗരം ചുറ്റി
നടന്നുവന്ന എനിക്ക് അത് അമൃത് തന്നെയായിരുന്നു.
പതിമൂന്ന്
അഖാഡകളാണ് കുംഭമേളയിലെ പ്രധാന സന്യാസി സമൂഹം. അഖാഡ എന്ന് പറഞ്ഞാൽ ‘കളരി’ എന്ന്
മലയാളത്തിൽ പറയാമെന്ന് തോന്നുന്നു. കർമ്മ സന്യാസികളാണ് അവയിലുള്ളത്. അഖാഡകളിൽ ലക്ഷക്കണക്കിന് സന്യാസിമാരും മറ്റ്
അംഗങ്ങളും ഉണ്ട്. അതിൽ ജൂന അഖാഡയിൽ മാത്രം ഇത്തവണ പതിനായിരം പേർ സന്യാസം
സ്വീകരിച്ചുവത്രെ! കേരളത്തിൽ നിന്നുള്ള സ്വാമി ആനന്ദവനം ഈ കുംഭമേളയിൽ വച്ച് ജൂന
അഖാഡയിലെ മഹാ മണ്ഡലേശ്വർ ആയി സ്ഥാനമേറ്റു.
അഖാഡകളിൽ ഒന്നായ “കിന്നര അഖാഡ” വളരെ പ്രത്യേകതകൾ ഉള്ളതാണ്. ട്രാൻസ് ജണ്ടർ
വിഭാഗത്തിലുള്ള മഹന്തുക്കളും മഹാമണ്ഡലേശ്വരൻമാരുമാണ് കിന്നരഅഖാഡയെ നയിക്കുന്നത്. ട്രാൻസ്ജണ്ടർസ്
അല്ലാത്തവരും ഇതിൽ അംഗങ്ങളാണ്. മുഖ്യധാരയിലെ അഖാഡകളിലും ഇവർക്ക് പ്രമുഖസ്ഥാനം
ഉണ്ട്. പടിഞ്ഞാറൻ നാടുകളിൽ ട്രാൻസ്ജെൻഡർ അവകാശങ്ങളെപ്പറ്റി പറഞ്ഞുതുടങ്ങിയിട്ട്
അധികം നാളുകൾ ആയിട്ടില്ലല്ലോ. എന്നാൽ ആത്മീയതയുടെ ഉന്നതിയിൽ അഭിരമിക്കുന്നവർക്ക്
ലിംഗം, വർണ്ണം, കുലം, നിറം എന്നിവയൊന്നും പ്രശ്നമേയല്ല. കിന്നര അഖാഡയിലെ
മഹാമണ്ഡലേശ്വറും എന്നെ അനുഗ്രഹിച്ചു. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ഒരാപ്പിൾ
സ്പെഷ്യൽ പ്രസാദമായി തരികയും ചെയ്തു. പല ആശ്രമങ്ങളിലും വിപുലമായ തോതിൽ യാഗങ്ങളും
പൂജകളും സത്സംഗങ്ങളും ഉണ്ടായിരുന്നു. എല്ലായിടത്തും എത്തിപ്പെടാൻ നാലുദിവസമൊന്നും
പോര.
കിന്നര അഖാഡയിലെ മഹാമണ്ഡലേശ്വരുടെ അനുഗ്രഹം
കേരളമൊഴികെ, രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സർക്കാർവകയായും സംഘടനകൾ, ആശ്രമങ്ങൾ എന്നിവയുടേതായും ധാരാളം സ്റ്റാളുകളും ടെന്റ്കളും താമസസൌകര്യങ്ങളും ഉണ്ടായിരുന്നു. കേന്ദ്രവുമായി നിരന്തരം മല്ലിടുന്ന തമിഴ്നാടുപോലും അവരുടെ സാന്നിദ്ധ്യം നന്നായി അവതരിപ്പിച്ചിരുന്നു. “ദൈവത്തിന്റെ സ്വന്തം നാട്” എന്നൊരു ടൂറിസ്റ്റ് പരസ്യം പോലും വയ്ക്കാൻ കേരളത്തിന് കഴിഞ്ഞില്ല. മേള അധികാരികൾ തിരുവനന്തപുരത്ത് പോയി നേരിട്ട് ക്ഷണിച്ചിരുന്നു എന്നാണ് അറിഞ്ഞത്. ജമ്മു കാശ്മീർ ടൂറിസം പരസ്യം വച്ചിരുന്ന വലിയൊരു ബിൽബോർഡിന്റെ വലതുവശം ഒഴിഞ്ഞുകിടന്നിരുന്നു. അവിടെയൊരു കഥകളിയും ആനയും പൂരവും ചേർന്നൊരു കേരളാ ടൂറിസം പോസ്റ്റർ ഞാൻ വെറുതെ സ്വപ്നം കണ്ടു. അറുപത് കോടിയിൽ അധികം പേർ കാണുമായിരുന്ന ഒരു പോസ്റ്റർ! സാധാരണയായി കുംഭമേളകൾക്ക് ഒന്നോ രണ്ടോ ആയിരം മലയാളി സാന്നിദ്ധ്യമേ ഉണ്ടാവാറുള്ളൂ. എന്നാൽ ഇത്തവണ അത് രണ്ടു ലക്ഷ്യത്തോളമായി എന്നാണറിഞ്ഞത്.
കുംഭമേളയിലെ സാമ്പത്തീക ശാസ്ത്രം
കുംഭമേള യൂപി
സർക്കാരിന് ഒരു ലോട്ടറിയടിച്ചതുപോലെയാണ്. 6200 കോടിയാണ് അവർ മുടക്കിയത്.
നേരിട്ടുള്ള വരുമാനം മാത്രം 30,000 കോടി കവിയുമത്രേ. നേരിട്ടല്ലാതെ രണ്ടുലക്ഷം
കോടിയുടെ വരുമാനം ഉണ്ടാവുമെന്നാണ് പറയുന്നത്! ടാക്സി, ഇലക്ട്രിക് ആട്ടോ, ബൈക്ക്
ടാക്സി, വഴിയോര കച്ചവടക്കാർ എന്നിവർക്കെല്ലാം ചാകര തന്നെ. സംഗമത്തിൽ സ്നാനം ചെയ്തു
കഴിയുമ്പോഴേക്കും നെറ്റിയിൽ ചാർത്താൻ
ചന്ദനവും കുറിക്കൂട്ടുമായി ആളുകൾ എത്തുകയായി. ഞാൻ നാലുതവണയും സ്നാനശേഷം
നെറ്റിയിൽ കുറിയിട്ടു. “എന്തെങ്കിലും തന്നാൽ മതി സാബ്” എന്ന് പറഞ്ഞ അവർക്ക് 25 രൂപ
വീതം നല്കി. അറുപതുകോടി യാത്രികരിൽ 30 കോടി ആളുകൾ 10 രൂപ വച്ച് ചന്ദനക്കുറിയിടാൻ
ചിലവാക്കിയാൽത്തന്നെ 300 കോടി രൂപ അവിടെ സർക്കുലേഷനിൽ ആയി. അതുപോലെയാണ് ഗംഗാജലം
ശേഖരിക്കാനുള്ള പ്ലാസ്റ്റിക് കുപ്പികൾ, രുദ്രാക്ഷ മാല, കരിക്ക്, കുപ്പി വെള്ളം
തുടങ്ങിയ മറ്റു കച്ചവടങ്ങളും.
പ്രശ്നരഹിതമായ സംഘാടനം
ഇത്രയധികം പേർ
ഒന്നിച്ചുകൂടുന്ന ഒരാഘോഷം ഏറെക്കുറെ പ്രശ്നരഹിതമായി നടന്നു. ലോകത്തെ മിക്കവാറും
എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ മേളയിൽ പങ്കെടുത്ത് മടങ്ങി. മേളയിൽ ഒരുദിവസം
നാഗസന്യാസിമാരുടെ സ്നാനസമയത്ത് ആൾക്കൂട്ടം ഇരച്ചുകയറി മുപ്പതോളം പേർ മരിക്കാനിടയായ
സാഹചര്യം, ആരൊക്കെയോ മനപ്പൂർവ്വം ഉണ്ടാക്കിയതാണ് എന്ന് പറയപ്പെടുന്നു. മലയാളികൾ
അടക്കം നാൽപ്പതോളം പേരെ അതിന്റെ പേരിൽ പിടികൂടിയിട്ടുമുണ്ട്. കുംഭമേളാനഗരിയിൽ നാലുദിവസം ചുറ്റിക്കറങ്ങി
സംഗമത്തിൽ നാലിടത്തായി നാലുദിവസവും - ഓരോ തവണയും മൂന്നോ അഞ്ചോ തവണ മുങ്ങി വന്ന
എനിക്ക് മനസ്സും ശരീരവും കുളിരുന്ന അനുഭവമാണ് ഉണ്ടായത്. വിശ്വാസത്തിന്റെ
തലത്തിലല്ല, അനുഭവതലത്തിലാണാ
കുളിര്. ഫൈവ്സ്റ്റാർ ഹോട്ടലിൽ ആണെങ്കിലും ബാത്റൂമിൽ കയറിയാൽ മുഖം കഴുകുന്നത്
വാഷ്ബേസിനിലെ പൈപ്പിൽ നിന്ന് വേണമോ അതോ കമ്മോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ
വേണമോ എന്നത് ഓരോരുത്തരുടെ ചോയ്സ് ആണ്. അങ്ങിനെ കമ്മോഡിൽ നിന്ന് വെള്ളം
കുടിച്ചവർക്ക് ചൊറിച്ചിൽ ഉണ്ടാവുന്നത് സ്വാഭാവികം മാത്രം. “ക്ഷീരമുള്ളോരകിടിൻ
ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം”
വസുധൈവ കുടുംബകം
നല്ല 916 കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ്, ഡിഫി, എസ്എഫ് ഐ
നേതാവായിരുന്ന ഒരാളാണ് എന്നെ
കുംഭമേളയക്ക് കൊണ്ടുപോയത്. മഹാമണ്ഡലേശ്വര
സ്ഥാനമലങ്കരിക്കുന്ന സന്യാസിയാണിന്നദ്ദേഹം.
അവിടെ അദ്ദേഹത്തിന്റെ കുടിലിൽ നാലുദിവസം താമസിച്ചു നാലിടങ്ങളിൽ
മുങ്ങിക്കുളിക്കുവാൻ എനിക്കു സാധിച്ചു. എങ്ങിനെ സന്യാസിയായി എന്ന് അദ്ദേഹത്തോട്
ചോദിച്ചപ്പോൾ, വായനയുടെ വാതായനങ്ങൾ
പരക്കെ തുറന്നപ്പോൾ പരിമിതവീക്ഷണങ്ങൾ
മാത്രമുള്ള ഇസങ്ങളിൽ ഇനി
കുടുങ്ങിക്കിടക്കേണ്ടതില്ലായെന്ന തിരിച്ചറിവാണ് തന്നെ സന്യാസത്തിലേക്ക് നയിച്ചത്
എന്നാണ് പറഞ്ഞത്. ഈ തിരിച്ചറിവ് ചിലർക്ക് നേരത്തേയുണ്ടാവും. ചിലർക്ക് ഏറെ വൈകിയും!
“വസുധൈവകുടുംബക”മെന്ന ഉദാത്തസങ്കൽപ്പം ഇനിയും അന്യം നിന്ന്പോയിട്ടില്ല എന്നും അത്
ഒരുട്ടോപ്പിയൻ തിയറിയല്ല എന്നും ഈ കുംഭമേളയുടെ അനുഭവം എന്നെ പഠിപ്പിച്ചു.
No comments:
Post a Comment