ഹരിശ്ചന്ദ്ര ഘാട്ട്
ഡോ
സുകുമാര്‍ കാനഡ
ഓട്ടോയിൽ നിന്നും ഇറങ്ങുമ്പോൾ
കുമാര്‍ വര്‍മ്മ മാലതിയോട് പറഞ്ഞു.
‘ആ പച്ച ബാഗ് കെയ്യിലെടുത്തോളൂ.’
‘അതെന്തിനാ നമുക്കറിയാവുന്ന ഓട്ടോക്കാരനല്ലേ’.
‘എങ്കിലും എടുത്തോളൂ. പാസ്പോർട്ടും ഫോണുമെല്ലാം അതിലാണല്ലോ.’
മനസ്സില്ലാ മനസ്സോടെ മാലതി കുറച്ചു കനമുള്ള ആ പച്ച ബാഗ്
തോളത്തിട്ടു ബ്രേക്ക് ഫാസ്റ്റിനായി റെസ്റ്റോറൻ്റിലേയ്ക്ക് കയറി. രാവിലെ ഏഴു മണിയേ ആയിട്ടുള്ളു. എല്ലാ രാത്രിയിലുമെന്നപോലെ തലേന്ന് രാത്രി മുഴുവൻ ഉത്സവം പോലെ കൊണ്ടാടിയ വാരാണസി നഗരം നേരം വെളുത്തപ്പോൾ കുറച്ച് വൃത്തിയായിരിക്കുന്നു. കച്ചറകളും ഗാർബേജും കളക്റ്റ് ചെയ്ത്
നഗരജീവനക്കാർ പാതകളെല്ലാം ഒരു വിധം വൃത്തിയാക്കുന്നുണ്ട്. പത്തുകൊല്ലം മുൻപ് വന്നപ്പോള്‍
കണ്ടതിലും എത്രയോ ഭേദമാണിപ്പോൾ.
‘എല്ലാം മോഡിജി - യോഗിജി മാജിക്കാണ് സാബ്. അദ്ദേഹം വന്ന ശേഷം എത്രപേർക്കാണ് ജോലി കിട്ടിയതെന്നോ’ സുശീൽ കുമാർ ഗുപ്ത എന്ന ഓട്ടോ ഡ്രൈവർ വാചാലനായി. നഗരത്തിലെ എൺപതു ശതമാനം ആൾക്കാർക്കും മോഡിജി-യോഗിജി കോംബിനേഷൻ ഇഷ്ടപ്പെട്ടിരിക്കുന്നു. ക്ഷേത്രനഗരത്തിനിപ്പോള്‍ സമാധാനമാണ്.
‘ഏതു രാത്രിയിലും കാശിയിലെ ഗലികളിലൂടെ ചെറിയ പെൺക്കുട്ടികൾക്കു പോലും ധൈര്യമായി നടക്കാം സാബ്.’
റെസ്റ്റോറൻ്റിൽ തല മൊട്ടയടിച്ച് ചെറിയൊരു ശിഖ മാത്രം പുറകിൽ വച്ച കാഷ്യർ പറഞ്ഞു:
‘ബനാർസി കച്ചോരിയും സബ്ജിയും ജിലേബിയും മാത്രമേയുള്ളു സർ. പൂരി മസാലയും ദോശയും തയ്യാറാവുമ്പോഴേയ്ക്ക് ഒൻപതു മണിയാവും.’
‘ചായ?’
‘മിലേഗാ സര്‍’
ശരി, എന്നു പറഞ്ഞ് രണ്ടാളും സീറ്റുപിടിച്ചു. പുറത്ത് ലഗേജുമായി കാത്തു നിന്നിരുന്ന സുശീൽ കുമാർ ഗുപ്ത പറഞ്ഞു.
‘സാബ് ഖാക്കെ ആവോ. ഹം നാശ്താ അഭീ നഹീ ഖാവും’. അവന് ഇപ്പോൾ വേണ്ടത്രേ. മാത്രമല്ലാ, ലഗ്ഗേജ് ഓട്ടോയിലാണല്ലോ. ഇന്നലെയും സാരാനാഥിലെ വീവേർസ് കോ-ഓപ്പറേറ്റീവിൽ നിന്നും പട്ടുസാരികളും സ്യൂട്ടുകളും വാങ്ങി മടങ്ങുമ്പോൾ ലഞ്ച് സമയത്ത് സുശീൽ കുമാർ അതാണ് ചെയ്തത്.
‘സാബ് ഭക്ഷണം കഴിച്ചു വരൂ ഞാൻ സാരികളുടെ ബാഗ് സൂക്ഷിച്ച് ഇവിടെയിരിക്കാം.’
‘ആപ് കാ ഖാനാ?’
‘ഹം
ഫിർ ഖായേംഗേ’
ഡ്രൈവർമാർക്ക് അറിയാം ലഞ്ചിന്റെ പൈസ കൂട്ടി ടിപ്പായിട്ട് കിട്ടുമെന്ന്.
കാലഭൈരവ ക്ഷേത്രം, സാരാനാഥ്, ബനാറസ് ഹിന്ദു യൂണിവേർസിറ്റിയെല്ലാം കറങ്ങി ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ സുശീൽ കമാർ പറഞ്ഞതിലും അഞ്ഞൂറ് രൂപ കൂടുതൽ കൊടുത്തു.
‘അപ്നേ ബേട്ടി കേലിയേ കുച്ച് തോഫാ ഖരീദ്കേ ദേനാ’
സുശീലിന് മൂന്നു വയസ്സായ ഒരു മകൾ മാത്രമേയുള്ളു. ഭാര്യയുമൊത്ത് ചെറിയൊരു കുടിലിലാണ് താമസം.
‘മന്ദിർ ഹെ വഹാം. ഹം ഭീ ശാകാഹാരി ഹേ.’ അയാള്‍ പറഞ്ഞു.
വെജിറ്റേറിയൻ മാത്രം കിട്ടുന്ന ഹോട്ടലിൽ പോകണം എന്നു മാലതി പ്രത്യേകം പറഞ്ഞിരുന്നു. അതോർമ്മിച്ചിട്ടാവണം അയാൾ അത് പറഞ്ഞത്. കാശിയിൽ എല്ലാ മുക്കിലും മൂലയിലും ചെറിയ ചെറിയ കോവിലുകളുണ്ടു്. ഹനുമാൻ, ശിവൻ, കൃഷ്ണൻ, ദുർഗ്ഗ, എന്നു വേണ്ട ഒരു മണിക്കൂർ നടന്നാൽ ഹിന്ദു ദേവതാ സങ്കൽപ്പങ്ങളിലെ മിക്കവാറും എല്ലാവരേയും നമുക്ക് കാണാൻ കഴിയും. അവിടെയെല്ലാം പൂജയും മണിയടിയും ധൂപദീപങ്ങളും കൊണ്ട് നല്ല മേളമാണ് എപ്പോഴും.
‘എന്റെ മോൾക്ക് ഇപ്പോഴേ പൂജാ പാഠ് എല്ലാം ചെയ്യാൻ വലിയ ഉത്സാഹമാണ്. വർത്തമാനം പറഞ്ഞു തുടങ്ങിയപ്പോഴേ ഹനുമാൻ ചാലീസ പാടാൻ തുടങ്ങി അവൾ’
ബിഎച്ച് യു കാമ്പസ്സിൽ കറങ്ങുമ്പോൾ കുമാർ വർമ്മ പറഞ്ഞു.
‘മകളെ നന്നായി പഠിപ്പിക്കണം. ഇതുപോലുള്ള യൂണിവേർസിറ്റികളിൽ
ഏതെങ്കിലും.
‘ശരി സാബ്. അവളെ പഠിപ്പിക്കൽ മാത്രമല്ല, അസ്സിഘാട്ടിൽ രാവിലെ നടത്തുന്ന ഗംഗാ ആരതി സാബ് കണ്ടിട്ടുണ്ടോ? അതിൽ പാടുന്ന പെൺകുട്ടികളും ആരതി വിളക്കു പിടിക്കുന്ന ആൺകുട്ടികളും ഇവിടെ ബി എച്ച് യുവിൽ പഠിക്കുന്നവരാണ്. എന്റെ മകൾക്കും അതിനുള്ള ഭാഗ്യമുണ്ടാവും അല്ലേ സാബ്?’
‘തീർച്ചയായും’, എന്നു പറഞ്ഞാണ് അഞ്ഞൂറ് രൂപ അയാള്‍ക്ക് കൂടുതൽ നൽകിയത്.
സാരാനാഥിലേയ്ക്ക് പോവാനും ചുറ്റിക്കാണിക്കാനും സുശീൽ കുമാറിനെ ഏല്‍പ്പിക്കാനുള്ള കാരണം അതിന്റെ തലേന്ന് കാശി വിശ്വനാഥന്റെ ദർശനം വി.ഐ.പി ക്യൂവിൽ മുന്നൂറ് രൂപ ടിക്കറ്റെടുത്ത് ഒരു വിധം വേഗത്തിൽ സാദ്ധ്യമായി മടങ്ങുമ്പോൾ അയാളെ കണ്ടതുകൊണ്ടാണ്.
അയാൾ
അടുത്തു വന്ന്, ‘സാബ്, ഓട്ടോ ചാഹിയേ?’ എന്ന് ചോദിച്ചത്
സൌമ്യമായാണ്. അമ്പലത്തിനടുത്ത് ഉള്ള
റോഡുകളില്‍ ഓട്ടോയും മറ്റ് വണ്ടികളും പ്രവേശിപ്പിക്കുന്നില്ല. ഏതാണ്ട് ഒരു കിലോമീറ്റർ നടക്കാനുണ്ടു്.
‘സാബ്, എന്റെ ഓട്ടോ, ഈ പുറകിലുള്ള ഗലിയിലാണ്. ഇരുപതു കൊല്ലമായി ഞാൻ ഇവിടെ ഓട്ടോ ഓടിക്കുന്നു. ഇതെന്റെ മൂന്നാമത്തെ ഓട്ടോയാണ്. സര്‍ വരൂ.’
‘ശരി’, എന്നു പറഞ്ഞ് കുമാറും മാലതിയും അയാളുടെ ഒപ്പം നടന്നു. കുറേ നടന്നിട്ടും ഓട്ടോ കാണുന്നില്ല.
‘എന്നാൽ ഞങ്ങൾ മടങ്ങിപ്പോവുന്നു’, എന്ന് പിണങ്ങാൻ ഭാവിച്ചപ്പോൾ അയാൾ അടുത്ത ഗലിയുടെ ഒരു കോണിൽ വൃത്തിയുള്ള തന്റെ ഓട്ടോ ചൂണ്ടിക്കാണിച്ചു തന്നു, പിന്നെ രണ്ടു ദിവസം അയാളായിരുന്നു നഗരത്തിലെ സാരഥി. കാശി വിശ്വനാഥ ക്ഷേത്രത്തിൽ നിന്നും സങ്കടമോചന ഹനുമാൻ ക്ഷേത്രത്തിലേയ്ക്കാണ് അയാൾ ആദ്യം കൊണ്ടുപോയത്. പെട്ടെന്നു തന്നെ ദർശനം കിട്ടി മടങ്ങുകയും ചെയ്തു. പറഞ്ഞുറപ്പിച്ച മുന്നൂറു രൂപ മാത്രമേ അയാൾ മേടിച്ചുള്ളു.
‘സാബ് എന്റെ നമ്പർ തരാം. നാളെ എവിടെപ്പോവാനും എന്നെ വിളിക്കണേ.’
‘മിക്കവാറും നാളെ സാരാനാഥ് വരെ പോയി മടങ്ങണം, ഞാൻ വിളിക്കാം.’ കുമാർ പറഞ്ഞു.
പറഞ്ഞതുപോലെ അയാളെത്തന്നെ വിളിച്ചു. രാവിലെ ഏഴരമണിക്ക് ആൾ ഹാജരായി.
‘ഗുപ്താജി, സാരാനാഥിന് മുൻപ് കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തണം.’
‘ഓകെ, സാബ്. കാശിദർശനം പൂർത്തിയാവണമെങ്കിൽ കാലഭൈരവനെ വണങ്ങിയിട്ടേ പോകാനാവൂ.’
അയാൾ പെട്ടെന്ന് കുറെയേറെ ഗലികളിലൂടെ നടത്തിക്കൊണ്ടുപോയി ഒന്നോ രണ്ടോ സ്ഥലത്ത് അൻപതു രൂപ വീതം കയ്യില്‍ നിന്നും നൽകി പെട്ടെന്ന് ദർശനം ശരിയാക്കി. ഒരു സ്വപ്നത്തിലെന്ന പോലെ പെട്ടെന്നുതന്നെ അവിടെ നിന്നും പുറത്തു വന്നു.
‘സാബ്, നേരെയുള്ള, മുൻവശത്തുള്ള വഴിയിൽ നീണ്ട ക്യൂവാണ്. ആ പാണ്ഡയ്ക്ക് നൂറു് രൂപ കൊടുക്കണം കെട്ടോ.’
പൈസയും കൊടുത്ത് മടങ്ങുമ്പോൾ തോന്നി, ഇങ്ങിനെയൊരു സാരഥിയെത്തന്നെയാണല്ലോ ഗൈഡ് ആയും കിട്ടിയത്! നന്നായി.
ബ്രേക്ക് ഫാസ്റ്റ് ഗംഭീരമായിരുന്നു. ബനാർസി കച്ചോരിയും സബ്ജിയും വളരെ നന്നായിരുന്നു. അരക്കിലോ ജിലേബി വാങ്ങിയത് ഭംഗിയായി പൊതിഞ്ഞ് ഗിഫ്റ്റ്പാക്കായി മാനേജര്‍ തരികയും ചെയ്തു. എല്ലാം കൂടി നാനൂറ്റി ഇരുപതു രൂപ മാത്രം! ഫോൺ പേയിലൂടെ പൈസ കൊടുത്ത് ചെറിയ ബാഗ് കൈയിലെടുത്ത് പുറത്തിറങ്ങി. സുശീൽ കുമാറിന്റെ ഓട്ടോ അവിടെയില്ല.
‘ശായദ്, അയാൾ ഓട്ടോയിൽ ഡീസലടിക്കാൻ പോയതാവും. കയറിയിരിക്കൂ.’
മാനേജര്‍ പറഞ്ഞു. പുറത്ത് ചൂട് കൂടി വരുന്നു. പൊതുവേ ഒക്ടോബർ മാസത്തിൽ കാശിയിലെ ചൂട് അധികമില്ല എന്നാണ് പറയുക. പക്ഷേ, ഈയാഴ്ച ആവരേജ് ചൂട് മുപ്പത്തിയാറ് ഡിഗ്രിയാണ്.
‘സാബ്, നിങ്ങൾ കാശിയിലെ മാങ്ങാ സീസൺ മിസ് ചെയ്തു. ജൂലായിൽ കാശിയിലെ നിരത്ത് മുഴുവൻ ഒന്നാന്തരം മാങ്ങയും മാമ്പഴവും നിറഞ്ഞിരിക്കും. ഹരിശ്ചന്ദ്ര ഘാട്ടിലേയ്ക്ക് പോകും വഴി സുശീൽ കമാർ പറഞ്ഞു. ‘അപ്പോൾ ചൂട് നാൽപ്പതു ഡിഗ്രി വരെയൊക്കെ പോവും.’
ഹരിശ്ചന്ദ്ര ഘാട്ടിൽ അപ്പോൾ രണ്ടു ചിത്രകൾ എരിയുന്നുണ്ടായിരുന്നു.
‘ഇന്ന് രണ്ടെണ്ണമേയുള്ളു?’ വർമ്മ ചോദിച്ചു.
‘മണികർണ്ണികാ ഘാട്ടിലാണ് ചിതകൾ അധികവും എപ്പോഴും എരിയുക. അവിടെ വയസ്സായി മരിക്കുന്നവരെയാണ് അഗ്‌നിക്ക് സമർപ്പിക്കുക. യോഗിജി വന്നതിൽപ്പിന്നെ എല്ലാം വലിയ നിയന്ത്രണത്തിലാണ്. പത്തോ പന്ത്രണ്ടോ ഇലക്ട്രിക് സ്റ്റേഷനുകൾ ഉണ്ട്. വിറക് വച്ച് വേണമെങ്കിൽ കൂടുതൽ തുക ചിലവാകും. മാത്രമല്ല, ദേഹം മുഴുവൻ കത്താതെ ഗംഗാജിയിലേയ്ക്ക് വലിച്ചെറിയുന്ന പരിപാടി ഇപ്പോൾ ഇല്ല. ഇവിടുത്തെ പൂജാരിമാരുടെ പിടിച്ചുപറിയും കുറഞ്ഞു.’
അപ്പോഴേയ്ക്കും “രാം നാം സത്യ ഹേ” എന്നു പാടിക്കൊണ്ടു് ഒരു ദേഹം ഹരിശ്ചന്ദ്ര ഘാട്ടിലേയ്ക്ക് വരുന്ന തിരക്കായി.
;സാബ്, ഇവിടെ ഹരിശ്ചന്ദ്രാ ഘാട്ടിൽ അപകടമരണമോ അപമൃത്യുവോ ഉണ്ടായവരെയാണ് ദഹിപ്പിക്കുക.’
പിന്നെ അയാളും ചൊല്ലി. ‘രാം നാം സത്യഹേ-- -- ‘
‘ഈ ഗതി ആർക്കും വരുത്തല്ലേ’ എന്നൊരു പ്രാർത്ഥനയോടെ വർമ്മ, മഹാ മൃത്യുഞ്ജയ മന്ത്രം മനസ്സിൽ ചൊല്ലി. നോക്കുമ്പോൾ മാലതിയുടെ ചുണ്ടുകളും മന്ത്രിക്കുന്നത് അതു തന്നെയായിരുന്നു. "....ഉർവ്വാരുകമിവ ബഡനാത് മൃത്യോർ മുക്ഷീയമാമൃതാത്''
സുശീല്‍
കുമാറിനെ കണ്ടില്ലല്ലോ, ഏതായാലും വാരാണസി എയർപ്പോർട്ടില്‍ അരമണിക്കൂർ കൊണ്ടു് എത്താവുന്നതേയുള്ളു. ഇനി അയാളുടെ ഓട്ടോയ്ക്ക് എന്തെങ്കിലും പറ്റിയോ? കുമാർ മനസ്സിലോർത്തെങ്കിലും മാലതിയോട് പറഞ്ഞില്ല. സമയം ഏഴ് നാല്പതേ ആയിട്ടുള്ളു. ഫ്ലൈറ്റ് പതിനൊന്നു മണിക്കേയുള്ളു.
തലേന്ന് സാരാനാഥിൽ പോയപ്പോഴാണ് എത്ര ഭംഗിയായും വൃത്തിയായുമാണ് ബുദ്ധിസ്റ്റ്കൾ അവരുടെ സ്മാരകങ്ങളും മറ്റും കാത്തുരക്ഷിക്കുന്നത് എന്ന് മനസ്സിലായത്. ബുദ്ധപ്രതിമകളും അശോക ചക്രത്തിന്റെയും സ്തംഭത്തിന്റെയും മാതൃകകൾ കണ്ട ശേഷം ബുദ്ധസ്തൂപങ്ങൾ നിറഞ്ഞ വിശാലമായ പാർക്കിൽ പോയപ്പോഴാണ് അതിക്രമിച്ചു കയറിയ വിദേശ ശക്തികൾ നശിപ്പിച്ച അശോകസ്തംഭത്തിന്റെ
ബാക്കി ഭാഗങ്ങൾ കാണുന്നത്. പല കഷണങ്ങളായി മുറിച്ചുപേക്ഷിച്ച സ്തംഭത്തിന്റെ
കഷണങ്ങൾ സൂക്ഷിച്ചിട്ടുണ്ടവിടെ. തൊട്ടടുത്തുള്ള മ്യൂസിയത്തിൽ പൊട്ടിപ്പൊടിഞ്ഞ അശോകചക്രം പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടെയുള്ള ബുദ്ധപ്രതിമകൾക്കും അതീവ സുന്ദരമായി കൊത്തിയെടുത്ത സ്ത്രീ പുരുഷ ശില്‍പ്പങ്ങൾക്കും, ചിലതിന് മൂക്കില്ല ചിലതിന് മുലയില്ല, തലയില്ല. അവയുടെ നിർമ്മാണ കാലഘട്ടവും നശീകരണ കാലഘട്ടവും എഴുതി വച്ചിട്ടുണ്ടെങ്കിലും ആരാണ് ഇത്ര ക്രൂരവും വക്രവുമായ ബുദ്ധി ഉപയോഗിച്ച് അവയെല്ലാം വികലമാക്കിയതെന്ന് നാം അത്ഭുതപ്പെട്ടു പോകും. അതുമാത്രം എഴുതിയിട്ടില്ല. ‘ഭാരതത്തിൽ ഉണ്ടായ ഒരു രാജവംശവും തത്വചിന്തയും അതിനു കൂട്ടുനിൽക്കില്ല.’ മാലതി കുറച്ചുറക്കെത്തന്നെ പറഞ്ഞു. അതു കേട്ട ആ തമിഴൻ ദേഷ്യത്തോടെ പറഞ്ഞു.
‘അവരെല്ലാം വന്ത് പീസ് ലവേർസ് എന്നു പുകഴ്പെറ്റ പെറുക്കി മക്കൾ താൻ.’
കൂടുതൽ വിശദീകരിക്കാൻ സമയമുണ്ടായില്ല. പുറത്ത് വെയിൽ കത്തിക്കാളുന്നു. വരാണസി വീവേർസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ കയറിയപ്പോൾ അവർ ബനാറസിന് മാത്രം സ്വന്തമായുള്ള നെയ്ത്ത് രീതിയും അതിനുള്ള മെഷീനും കാണിച്ചുതന്നു. രണ്ടു മെലിഞ്ഞുണങ്ങിയ വൃദ്ധര്‍ പ്രത്യേകം
ഉണ്ടാക്കിയ തറിയില്‍ സാരികള്‍ നെയ്യുന്നതിന്റെ ഡെമോന്‍സ്സ്ട്രെഷനും ഉണ്ടായിരുന്നു.
പിന്നെ അൻപതിനായിരം രൂപയോളം അവിടെ ചിലവാക്കി. സാരികളും ഷാളുകളും മറ്റും വാങ്ങി. കൂടെ കുമാര്‍ വർമ്മയ്ക്ക് ഒരു മോഡി ജാക്കറ്റും.
‘സാബ്, എത്ര രൂപയുടെ സാരികൾ വാങ്ങി?’ സുശീല്‍ കുമാര്‍
ചോദിച്ചു.
പറയണോ വേണ്ടയോ എന്ന് മാലതിയെ നോക്കി ഒന്നു സംശയിച്ചിട്ട് കുമാർ പറഞ്ഞു. ‘ങാ പത്തൻപതിനായിരം ചിലവായി. ഹാപ്പി വൈഫ് , ഹാപ്പി ലൈഫ്, സഹി ഹേ ക്യാ നഹി?’
അയാള്‍ ചിരിച്ചു. മാലതി ആ തമാശ പല തവണ കേട്ടിട്ടുള്ളതിനാൽ ഒരു മര്യാദ ചിരിയിൽ ഒതുക്കി.
‘ഓട്ടോക്കാരനെ ഇനിയും കണ്ടില്ലല്ലോ.’
‘സാരമില്ലന്നേ, ഇനിയും രണ്ടര മണിക്കൂർ ഉണ്ട്.’ മാലതി സമാധാനിപ്പിച്ചു.
തലേന്ന്
ലഞ്ചു കഴിച്ച് ബനാറസ് ഹിന്ദു യൂണിവേർസിറ്റി കാണാൻ പോയപ്പോൾ സുശീൽ കുമാർ പറഞ്ഞിരുന്നു.
‘സാബ്, പണ്ഡിറ്റ്മദൻ മോഹൻ മാളവ്യയാണ് ഈ വലിയ യൂണിവേർസിറ്റി സ്ഥാപിച്ചത്. വെള്ളക്കാരൊക്കെ ഇവിടെ പഠിക്കുന്നുണ്ട്- എന്റെ ബേട്ടിയെ ഇവിടെ പഠിപ്പിക്കണം.’
പണ്ഡിറ്റിന്റെ വലിയൊരു പ്രതിമയുണ്ടു് അവിടെ ബിർലാമന്ദിരത്തിന്റെ മുന്നിൽ. അവിടെ സ്വയം വരച്ച ചിത്രങ്ങൾ വിൽക്കുന്ന
ഒരു മിടുക്കി പ്രിയങ്കയെ പരിചയപ്പെട്ടു. ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് പഠിക്കുന്ന അവളുടെ ക്ലാസ്സ് വർക്കാണ് മിക്കവാറും പടങ്ങൾ. ദശാശ്വമേധഘാട്ട് സൂര്യന്റെ സ്ഥാനമനുസരിച്ച് നിറഭേദം വരുന്ന കാഴ്ച അവൾ മൂന്നു പാനലുകളിലായി വരച്ചു പെയ്ന്റ്റ് ചെയ്തിട്ടുണ്ട്.
‘എത്രയ്ക്കാണ് നീയിവ വിൽക്കുന്നത്?’
‘എല്ലാം ഒറിജിനലാണ് സർ. മുന്നറ്റി അൻപത് ഒരെണ്ണത്തിന്. പേപ്പറിനു തന്നെ എഴുപത്തഞ്ചു രൂപയോളം ചിലവുണ്ട് സർ.’
മൂന്നെണ്ണം വാങ്ങി ചോദിച്ച പൈസ കൊടുത്തപ്പോൾ പ്രിയങ്ക കൂടുതൽ വാചാലയായി.
‘സർ പണ്ഡിറ്റ്ജി യൂണിവേർസിറ്റി സ്ഥാപിക്കാൻ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. അതാണ് ഞാൻ ഈ പാനലിൽ അദ്ദേഹത്തിന്റെ പടം വയ്ക്കാൻ കാരണം. നമുക്ക്, ഭാരതീയർക്ക് അഭിമാനിക്കാവുന്ന ഒരു കാമ്പസ്സല്ലേ ഇത്! പണ്ഡിറ്റ്ജിയുടെ കൈയിൽ ഈ ഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാം പണിയാൻ ഏറെ തുക വേണമല്ലോ. അതിനായി പലരേയും സമീപിച്ച കൂട്ടത്തിൽ ഹൈദരാബാദ് നിസ്സാമിനേയും അദ്ദേഹം പോയിക്കണ്ടു.
‘ഒരു ഹിന്ദു യൂണിവേർസിറ്റിക്കായി പണം ചോദിക്കാൻ നിങ്ങൾക്കെങ്ങിനെ ധൈര്യം വന്നു?’ എന്നു ചോദിച്ച് രാജാവു് തന്റെ ചെരിപ്പെടുത്ത് പണ്ഡിറ്റിന് നേർക്ക് എറിഞ്ഞു. അദ്ദേഹം അക്ഷോഭ്യനായി ആ ചെരിപ്പുമെടുത്ത് കാശിയിൽ വന്ന് അത് ലേലത്തിൽ വിൽക്കാൻ വച്ചു. ഹൈദരാബാദ് നൈസ്സാമിന്റെ പാദുകം എന്ന നിലയിൽ വലിയ വലിയ തുകകൾ ഓഫറായി വന്നുകൊണ്ടിരുന്നു. വിവരമറിഞ്ഞ നിസ്സാം അപമാനഭീതിയിൽ ഓഫർ ചെയ്യപ്പെട്ട തുകയേക്കാൾ വലിയൊരു തുകയ്ക്ക് ആ പാദുകം തിരികെയെടുത്തു. ആ തുകയ്ക്കാണ് ബി.എച്ച് യു തുടങ്ങി വച്ചത്.’
പ്രസന്നവതിയായി പ്രിയങ്ക ഇതു പറഞ്ഞപ്പോൾ അവളെ അഭിനന്ദിച്ച്
ആ പടം കൂടി വാങ്ങി.
‘പത്ത് കൊല്ലം കഴിയുമ്പോൾ നിന്റെ പെയ്ന്റ്റിംഗുകൾ വലിയ വലിയ ഗാലറികളിൽ കാണാനിടയാവട്ടെ’ എന്നു കുമാര്‍ വര്‍മ്മ പറഞ്ഞപ്പോൾ അവളുടെ കണ്ണു നിറഞ്ഞു.
ഓട്ടോക്കാരനെ കാണാതെ കുമാർ വർമ്മയ്ക്ക് ടെൻഷനായി. കഴിഞ്ഞ തവണ കാശിയില്‍ വന്നപ്പോള്‍ പെട്ടെന്ന്
തിരക്കില്‍ വഴിയില്‍ ഇറങ്ങേണ്ടിവന്നു. ഓട്ടോക്കാരനെ പോലീസ് ഓടിച്ചു വിടുകയും
ചെയ്തു.
‘സാബ്, ദര്‍ശന്‍ കെ ബാദ് മിലേംഗെ’ എന്ന് പറഞ്ഞ്
അയാള്‍ പെട്ടെന്ന് തിരക്കില്‍ അപ്രത്യക്ഷനായി. വലിയ കാമറയും പസ്പ്പോര്‍ട്ടും
ട്രവേലെര്സ് ചെക്കുകളും എല്ലാം ഓട്ടോയിലെ ബാഗിലായിരുന്നു. കാശി വിശ്വനാഥനെ കണ്ടു
മടങ്ങുമ്പോഴാണ് ബാഗിന്‍റെ കാര്യം ഓര്‍മ്മവന്നതുതന്നെ. ഓട്ടോകളും മറ്റും ഓടുന്ന
റോഡരികില്‍ നിന്ന് ഇനി എന്തുചെയ്യും എന്ന് കരുതി നില്‍ക്കുമ്പോള്‍ അതാ
ഓടിക്കിതച്ച് ബാഗും തോളിലിട്ട് അയാള്‍ വരുന്നു.
‘സാബ്, പോലീസ് എന്നെ ദൂരേയ്ക്ക് ഓടിച്ചതാണ്.
വണ്ടി അവിടെയിട്ട് ഞാന്‍ ഏതു ഗേറ്റിലൂടെ സാബ് വരും എന്നു പ്രതീക്ഷിച്ച്
അങ്ങുമിങ്ങും ഓടുകയായിരുന്നു.’ കാശിയില്‍ വഞ്ചിക്കപ്പെടാന്‍ സാദ്ധ്യതയില്ല
എന്നതാണ് അനുഭവമെങ്കിലും രണ്ടു മൂന്നു തവണ വിളിച്ചു. സുശീൽ കുമാർഗുപ്തയുടെ ഫോൺ സർവ്വീസിലില്ല എന്നാണ് കേൾക്കുന്നത്. രാവിലെ ഹോട്ടലിൽ നിന്നു വിളിച്ചപ്പോൾ സംസാരിച്ചതാണ്. ഫോണ്‍ കേടോന്നുമല്ല.
സമയം വൈകിയെങ്കിലും
കുമാര്‍ വര്‍മ്മ സമാധാനിച്ചു. പാസ്പോർട്ടും ഫോണും ലാപ്ടോപ്പും കയ്യിലുണ്ടല്ലോ.
ലഗ്ഗേജിലുള്ളത് ബനാറസ്സിൽ നിന്നും വാങ്ങിയ സാധനങ്ങളും യാത്രയ്ക്ക് കൊണ്ടുവന്ന വസ്തുക്കളുമാണ്. മാലതി ആഗ്രഹിച്ചു വാങ്ങിയ അന്നപൂർണ്ണേശ്വരീ വിഗ്രഹം നല്ല പിച്ചളയിൽ ഉണ്ടാക്കിയ റെയർ പീസ്സാണ്. പതിനായിരത്തോളമായെങ്കിലും സന്തോഷത്തോടെയാണ് വാങ്ങിയത്. പിന്നെ ഗണപതിയുടെ ആറു പ്രതിമകൾ, കുർത്തകൾ, കൂടാതെ സാരാനാഥിൽ നിന്നു വാങ്ങിയ സാരികളും.
ഇനി കഷ്ടിച്ച് ഒന്നര മണിക്കൂറേയുള്ളു ഫ്ലെറ്റ് പുറപ്പെടാൻ. കൃഷ്ണാ വെജിറ്റേറിയൻ ഫുഡിന്റെ ഉടമസ്ഥനാണെന്നു തോന്നുന്നു. അവിടുത്തെ സപ്ലയർ പയ്യനോട് പറഞ്ഞു.
‘സാബിന് എയർപോർട്ടിൽ പോവാൻ പെട്ടെന്നൊരു ഓട്ടോ വിളിച്ചു കൊണ്ടുവാ.’
‘സാബ്, അവൻ വരുമ്പോൾ ഞാൻ പറയാം ലഗ്ഗെജ് എയർപോർട്ടിൽ കൊണ്ടു തരാൻ. സാറിന്റെ അഡ്രസ്സും ഫോൺ നമ്പറും തന്നാലും. ഫ്ലൈറ്റ് പോയാലും ഞങ്ങൾ ലഗ്ഗേജ് പാർസൽ അയക്കാം, ഒട്ടും വിഷമിക്കണ്ട. ഇവിടെ ആരും പറ്റിക്കില്ല.’
അയാളുടെ വായിൽ നിറയെ പാനുണ്ട്. ചുണ്ടിൽ ചെറിയൊരു ചിരിയുമുണ്ടോ? കുമാർ സംശയിച്ചു.
പെട്ടെന്ന് ഒരോട്ടോ വന്ന് അതിൽ കയറുമ്പോഴും മാലതി കൂളാണ്.
‘അവൻ ലഗ്ഗേജ് കൊണ്ടുവരും. പേടിക്കണ്ടന്നേ. ആരെയും വിശ്വാസമില്ലെങ്കിൽ പിന്നെ എങ്ങിനെയാ? അവന് എന്തെങ്കിലും
അബദ്ധം പറ്റിയതാവും അല്ലെങ്കില്‍ ഓട്ടോ കേടായി. അത്രയേ ഉള്ളു.’
എയർപോർട്ടിൽ എത്താൻ ഇനി പത്തു മിനുട്ട് സമയമേയുള്ളുവെന്ന് ഗൂഗിൾ അറിയിച്ചു. കുമാർ ടെൻഷനിൽത്തന്നെയായിരുന്നു. ഏറിയാൽ ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാവുക. പിന്നെ കഷ്ടപ്പെട്ട് തിരഞ്ഞെടുത്ത സാധനങ്ങൾ കിട്ടാത്തതിന്റെ പ്രശ്നം. സാരമില്ല. ക്ഷമയോടെ കാത്തിരിക്കുകതന്നെ.
പെട്ടെന്ന് സുശീൽ കമാറിന്റെ ഓട്ടോറിക്ഷ പാഞ്ഞു വന്ന് ഇടതു വശത്ത് നിന്നു വിളിച്ചുകൂവി.
'രുക്കിയേ, രുക്കിയേ’
ഓട്ടോറിക്ഷകള്‍
രണ്ടും നിർത്തി ഇറങ്ങിയ ഉടനേ സുശീൽ കുമാർ പറഞ്ഞു.
‘മാഫ് കർനാ സാബ്, ആനേ മേം ദേർ ഹോ ഗയാ’
ചോദിക്കും മുൻപ് പെട്ടെന്ന് അയാൾ പുതിയ ഓട്ടോക്കാരന് പൈസ കൊടുത്ത് പറഞ്ഞയച്ചു.
‘സാബ്, ജൽദി’, എന്നു പറഞ്ഞ് അയാൾ എയർപോർട്ടിലേക്ക് ഓട്ടോ പറപ്പിച്ചു. ഫ്ലൈറ്റ് പുറപ്പെടാൻ അൻപതു മിനുറ്റുള്ളപ്പോൾ എയർപോർട്ടിലെത്തി.
‘ക്യാ ഹുവാ?’ കുമാര്‍
ചോദിച്ചു.
‘പറയാം സാബ്. പറയാം. മാഡത്തിനെയും കൊണ്ട് അകത്തു കയറാൻ നോക്കു സാബ് അല്ലെങ്കിൽ വൈകും.’
ഉടനേ അയാൾക്ക് പൈസ കൊടുക്കാൻ പോക്കറ്റിൽ തപ്പിയപ്പോൾ അഞ്ഞൂറിന്റെ ഒരേയൊരു നോട്ടേയുള്ളു. കുറച്ചു കൂടുതല്‍ കൊടുക്കാമെന്നാണ് വിചാരിച്ചത്.
‘ഫോൺപേയിൽ നിനക്ക് പൈസ അയച്ചുതരാം – പോരേ? നിന്റെ ഫോണ്‍ ഓണാക്കി വയ്ക്കണം. നേരെത്തെ
വിളിച്ചപ്പോള്‍ കിട്ടിയില്ല,’
‘ശരിസർ, സോറി സർ. കാശി വിശ്വനാഥൻ അങ്ങയെ രക്ഷിക്കട്ടെ.’ എന്നു പറഞ്ഞ് അയാൾ രണ്ടാളുടെയും കാൽതൊട്ട് വന്ദിച്ച് ഒഴുകി വരുന്ന കണ്ണീർ തുടയ്ക്കാതെ നിന്നു.
‘താങ്ക് യൂ ഭയ്യാ’ എന്നു പറഞ്ഞ് കുമാർ വർമ്മ എയർപോർട്ടിലേയ്ക്ക് കയറാൻ ധൃതിപ്പെട്ടു.
‘ജീത്തേ രഹോ ബേട്ടാ’ എന്ന് മാലതി അവന്റെ തലയിൽ കൈവച്ചപ്പോൾ അവൻ പൊട്ടിപ്പൊട്ടിക്കരഞ്ഞു.
എന്തിനാണിവൻ ഇങ്ങിനെ വികാരഭരിതനാവുന്നതെന്ന് മാലതിക്ക് അത്ഭുതം തോന്നി. ഏതായാലും സാരമില്ല രാവിലെ നാലു മുതൽ വൈകിട്ടു നാലുവരെ കടുംബത്തെ നോക്കാൻ കഷ്ടപ്പെടുന്നവനല്ലേ. സിറ്റിയിൽ നിന്നും എയർപോർട്ടിലേയ്ക്കുള്ള ഓട്ടോ കൂലി എണ്ണൂറു രൂപയ്ക്ക് പകരം ആയിരമെങ്കിലും കൊടുക്കാമെന്ന് കുമാറിനോട് പറയണമെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും പോട്ടെ, ആയിരത്തി അഞ്ഞൂറെങ്കിലും കൊടുക്കണം എന്ന് പറയാനാണ് മാലതി നിശ്ചയിച്ചത്.
സെക്യൂരിറ്റി ക്ലിയറൻസിന് വരി നിൽക്കുമ്പോൾ സുശീൽ കുമാർ രണ്ടു തവണ വിളിച്ചു. എടുക്കാന്‍ പറ്റിയില്ല. ‘ഇവനെന്താ ഇത്ര അക്ഷമ’, എന്നു വിചാരിച്ച് സെക്യൂരിറ്റി ക്ലിയറൻസിനു ശേഷം ബെൽറ്റ് ധരിക്കുമ്പോൾ കുമാറിന്റെ ഫോൺ വീണ്ടും ശബ്ദിച്ചു. സുശീൽ കുമാർ ഗുപ്ത തന്നെയാണ്.
‘എന്താ നിനക്ക് ഇത്ര ക്ഷമയില്ലേ? പൈസ തരാതെ ഞാൻ പോവുകയൊന്നുമില്ല.’
‘അതല്ല സാർ, മുഛേ മാഫ് കർനാ. ഹം ഗലത് കിയാ. എനിക്ക് സ്വയം മാപ്പു നൽകാൻ കഴിയാത്ത തെറ്റാണ് ഞാൻ ചെയ്തത്. സാബ് എനിക്ക് പൈസ അയക്കരുത്. ഞാൻ അത്ര പാപിയാണ്. എന്നെ മകനെപ്പോലെ സ്നേഹിച്ച്. എന്റെ ബേട്ടിക്ക് ദാദിയേപ്പോലെ കളിപ്പാട്ടം മേടിക്കാൻ പൈസ തന്ന മാഡംജിയേയും ഇന്നലെ എനിക്കിത്ര പൈസ കൂടുതൽ തന്ന സാബിനെയും വഞ്ചിക്കാൻ ഞാൻ ശ്രമിച്ചു.
“ലഗ്ഗേജിൽ വില കൂടിയ സാധനങ്ങൾ ഉണ്ടാവും, നീയതു കൊണ്ട് പൊയ്ക്കോ.” എന്ന് അവിടെ റസ്റ്റാറന്റിനു മുന്നില്‍ക്കിടന്ന ഓട്ടോക്കാരൻ പറഞ്ഞപ്പോൾ എന്റെയുള്ളിലും അങ്ങിനെയൊരു ദുർബുദ്ധി തോന്നിപ്പോയി സാബ്. ഫോൺ ഓഫാക്കിയിടാനും പറഞ്ഞത് അവനാണ്. സാബിന്റെ ലഗ്ഗേജുമായി വണ്ടിയോടിച്ചു പോവുമ്പോൾ വഴിയിൽ ഒരാക്സിഡന്റ്റ്. ചെറിയൊരു സ്കൂൾ കുട്ടിയ്ക്കാണ് അപകടം പറ്റിയത്. വണ്ടികൾ എല്ലാം നിർത്തി ട്രാഫിക് ജാം ആയിരുന്നു. ആംബുലൻസിനായി എല്ലാവരും കാത്തു നിന്നു. സൈഡിൽ വന്ന ഒരു ഇലക്ട്രിക് ഓട്ടോക്കാരൻ എനിക്ക് പരിചിതനായിരുന്നു.
‘മിക്കവാറും ഹരിശ്ചന്ദ്ര ഘാട്ടിൽ ഒടുങ്ങാനാവും പാവം ആ പയ്യന്റെ വിധി’ അവൻ പറഞ്ഞു.
പെട്ടെന്ന് എനിക്കെന്റെ ബേട്ടിയെ ഓർമ്മ വന്നു, സാബ്. ഹരിശ്ചന്ദ്ര ഘാട്ടിൽ പോയി ഒടുങ്ങുന്ന ഒരു ജീവിതമാവും എനിക്കും കിട്ടുക. ഇത്ര നല്ലവരായ നിങ്ങളെ വഞ്ചിച്ച എനിക്ക് അപമൃത്യുവല്ലാതെ എന്തുണ്ടാവാൻ? ഒരു നിമിഷം പോലും പിന്നെ എനിക്ക് പിടിച്ചു നിൽക്കാനായില്ല. അങ്ങിനെയാണ് ഞാൻ ഓടിക്കിതച്ച് ലഗ്ഗേജുമായി എത്തിയത്. സാബ്, മാഡത്തിനോട് എന്റെയീ പാപചിന്തയെപ്പറ്റി പറയരുത് പ്ലീസ്. എന്നെ “ബേട്ടാ ജീത്തേ രഹോ” എന്നു പറഞ്ഞ അമ്മയ്ക്കു മുന്നിൽ എത്തിക്കിത്ര നീചനായി നിൽക്കാൻ വയ്യ സർ. സർ എനിക്ക് പൈസയൊന്നും അയക്കരുത്, പ്ലിസ്. അയച്ചാലും ഞാനത് തിരികെ അയക്കും. ഇങ്ങിനെയെങ്കിലും ഞാൻ അല്പം ആശ്വസിക്കട്ടെ. പ്ലീസ്, സർ.’
‘തെറ്റൊക്കെ ആർക്കും പറ്റും. നീയത് മനസ്സിലാക്കിയല്ലോ - എനിക്ക് നിന്നോട് ഒരു വിരോധവുമില്ല. പൈസ ഞാനയക്കാം. നീയത് സ്വീകരിക്കണം.’
‘ഇല്ല സാബ് അതിന് ഞാൻ അർഹനല്ല.’ അവന്‍
ഉറച്ചുതന്നെയാണ് പറഞ്ഞത്.
‘എങ്കിൽ നീയൊരു കാര്യം ചെയ്യൂ ഹരിശ്ചന്ദ്ര ഘാട്ടിലേയ്ക്ക് ആര് സവാരിക്ക് വിളിച്ചാലും ഞാനയക്കുന്ന രണ്ടായിരം രൂപ തീരുന്നതുവരെ
നീ സവാരിക്ക് കൂലി വാങ്ങരുത്. അങ്ങിനെ നിനക്ക് മനസമാധാനം ഉണ്ടാവട്ടെ.’
‘ജീത്തേ
രഹോ ബേട്ടാ.’, കുമാര്‍ വര്‍മ്മയും
അവനെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു. അവന്റെ തേങ്ങല്‍ അപ്പോഴും കേള്‍ക്കാമായിരുന്നു.
‘അവനുള്ള പൈസ ഫോൺപേയിൽ അയച്ചോ? ഒരു രണ്ടായിരമെങ്കിലും അയക്കണേ,; മാലതി കുമാർ വർമ്മയെ ഓർമ്മിപ്പിച്ചു.
‘ആരോടായിരുന്നു ഇത്ര നീണ്ട വർത്തമാനം?’
‘അതോ, അതാ സുശീൽ കുമാറിനോട്. നമ്മുടെ സുഹൃത്തുക്കൾ ആരെങ്കിലും കാശിക്കു വരുമ്പോൾ അവനെത്തന്നെ വിളിക്കണമെന്നു പറയാനാണ്. അവൻ ഇന്നു മുതൽ ഹരിശ്ചന്ദ്ര ഘാട്ടിലേയ്ക്ക് പോവുന്നവരിൽ നിന്നും ഓട്ടോ കൂലി വാങ്ങില്ലെന്നും പറഞ്ഞു. എന്താണാവോ കാരണം?’
Very well written; captured the positive changes in Kashi, the proud people and their belief that all the people there are honest and will not cheat. It includes suspense, slip of human mind, remorse and redemption. All in all an excellent read. Look forward to seeing many more such stories from the pen (computer) of Sukumar Ji
ReplyDelete🙏🏽
Excellent
ReplyDelete