FB post of Kavalam Sasikumar
14 Feb 2023
എന്തുരസമായിരുന്നു, അവരുടെവരവ്.
കാനഡയിലാണ് ഡോ. എ.പി. സുകുമാര്‍. സ്ട്രക്ചറല്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റര്‍. സഹപാഠിയും സഹപ്രവര്‍ത്തകനുമായ പ്രൊ. പി.എ. മുഹമ്മദ് ബഷീറുമായാണ് സുകുമാര്‍ സാര്‍ ഇന്നലെ (13-02-2023) കോഴിക്കോട്ട് ജന്മഭൂമിയില് വന്നത്.
ഇത്തവണ കണ്ടിട്ടുതന്നെ എന്നു പറഞ്ഞാണ് സുകുമാര്‍സാര്‍ വന്നത്. ബഷീര്‍ സാര്‍ ബ്രിട്ടണില്‍ യൂണിവേഴ്സിറ്റി ഓഫ് ലീഡ്സില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ അധ്യാപകനാണ്. അടുത്തിടെവരെ സ്ട്രക്ചറല്‍ എഞ്ചിനീയറിങ് ചെയറിന്റെ തലവനായിരുന്നു. സുകുമാര്‍സാര്‍ ഇപ്പോള്‍ അധ്യാപനം നിര്‍ത്തി, നിര്‍മാണമേഖലയിലെ മികച്ച ഉപദേശകനും മാര്‍ഗ ദര്‍ശിയുമാണ്.
ഇരുവരുടെയും ഒഫീഷ്യല്‍ -അക്കാദമിക്- അനുഭവ യോഗ്യതകളുടെ വിവരം ലിങ്ക്ഡ് ഇന്‍ പ്രൊഫഷണല്‍ സാമൂഹ്യ മാധ്യമത്തിലുണ്ട്. ഞാന്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ എന്റെ മകളെ കാണിച്ചു. അവള്‍ക്ക് ഇന്സ്പിരേഷന് ആവട്ടെ എന്ന് കരുതി. കക്ഷി ബോധം കെട്ടില്ലെന്നുമാത്രം...(എനിക്ക് ആ പ്രശ്നമുണ്ടായില്ല, അമ്പരപ്പിലൊതുങ്ങി. നമ്മള് പോളി ടെക്നിക്കല്ലാത്തതിന്റെ ഗുണം).
36 വര്‍ഷം മുമ്പ് രണ്ടുപേരും കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിങ് കോളെജ് വിട്ടതാണ്. പിന്നെ ഇന്നലെയാണ് അവര്‍ ഒന്നിച്ച് കോഴിക്കോട്ട്.
രണ്ടുപേരും എന്‍ഐഐടി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) യിലും ആര്‍ഇസിയിലും (റീജിയണല്‍ എഞ്ചിനീയറിജ് കോളെജ്) ക്ലാസെടുക്കാന്‍ വന്നതാണ്. സുകുമാര്‍ സാര്‍ ചെന്നൈ ഐഐടിയിലെ (ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്നോളജി) ക്ലാസ് കഴിഞ്ഞാണ് കോഴിക്കോട്ടേക്ക് വന്നത്.
എന്റെ അടുത്തിരിക്കുമ്പോള്‍ അവര്‍ പരസ്പരം കളിയാക്കി, തമാശ പറഞ്ഞ്, ആസ്വദിച്ച്, പൊട്ടിച്ചിരിച്ച് ആഘോഷിക്കുകയായിരുന്നു. ചില പഴയകാല സംഭവങ്ങള്‍ എനിക്ക് പങ്കുവെച്ചു. ഇരട്ടപ്പേര്, കളിതമാശകള്‍, ക്ലാസ് മുറിയിലെ സംഭവങ്ങള്‍....
ഡോ. സുകുമാര്‍: കേട്ടോ ശശികുമാര്‍, ഞങ്ങള്‍ ക്ലാസൊക്കെ കഴിഞ്ഞിറങ്ങുമ്പോള്‍ ഇങ്ങോട്ടു പോരാന്‍ ആര്‍ഇസി ഒരു വണ്ടിവിട്ടുതന്നു. വണ്ടിയില്‍ കയറിയപ്പോള്‍ മുതല്‍ ഞങ്ങള്‍ പഴയകാല തമാശയും പഴയ പാട്ടും ഒക്കെ പാടാന്‍ തുടങ്ങി. അതുവരെ കണ്ടവരല്ലല്ലോ എന്ന ഭാവത്തില്‍ ഡ്രൈവര്‍ തിരിഞ്ഞു നോക്കി. ഞങ്ങള്‍ പഴയ കോഴിക്കോട്ടുകാരായതാണെന്ന് പറഞ്ഞു സമാധാനിപ്പിച്ചു.
പ്രൊഫ. ബഷീര്‍: എയര്‍പോര്‍ട്ടില്‍നിന്ന് വന്നപ്പോള്‍ ഞങ്ങളെ കണ്ട് കാര്‍ ഡ്രൈവര്‍ ചോദിച്ചു, 'അച്ചന്മാ'രാണോ എന്ന്. രണ്ടുപേരുടെയും വട്ടത്താടിയും ഇംഗ്ലീഷും ഒക്കെ അറിഞ്ഞിട്ടാവും. അതെ അച്ചന്മാരാ, പള്ളീലച്ചന്മാരല്ല എന്ന് പറഞ്ഞു.
എന്നിട്ട് 35 വര്‍ഷം മുമ്പ് ഇവരുടെ കൂട്ടുകെട്ടിന് കാമ്പസില്‍ വീണ ഇരട്ടപ്പേരും പറഞ്ഞു. സുകുമാര്‍ സാര്‍ മുന്നറിയിപ്പുകൊടുത്തു, 'ബഷീര്‍, ഡോണ്ട് റിവീല്‍ എവരിതിങ് ടു ഹിം, ആഫ്റ്ററാള്‍ ഹീ ഈസ് ജേണലിസ്റ്റ്.... '
അവര്‍ എന്നെ കണ്ടുകഴിഞ്ഞുള്ള പരിപാടി വെളിപ്പെടുത്തി, മിഠായിത്തെരുവിലൂടെ നടക്കണം, 35 വര്‍ഷം മുമ്പാണ് ഞാന്‍ അവസാനം കണ്ടത്, ഡോ. സുകുമാര്‍ പറഞ്ഞു.
തൊട്ടടുത്തുള്ള മാഗ്കോം കണ്ടാണ് മടങ്ങിയത്.
ഡോ. സുകുമാറിനെ പരിചയപ്പെട്ടത് പത്തു വര്‍ഷം മുമ്പാണ്. ജന്മഭൂമിയിലെ പി. ശ്രീകുമാറിലൂടെ. ആദ്ധ്യാത്മിക വിഷയങ്ങളില്‍ ചില ലേഖനങ്ങള്‍, കവിതകള്‍ ഒക്കെ പ്രസിദ്ധീകരിക്കുന്നതുസംബന്ധിച്ചായിരുന്നു തുടക്കം. പിന്നീട് അത് 'യോഗവാസിഷ്ഠം' മലയാളമാക്കിയത് ജന്മഭൂമി സംസ്കൃതി പേജിലൂടെ പ്രസിദ്ധീകരിക്കുന്നതുവഴി ദൃഢമായി. എഞ്ചിനീയര്‍, അമേരിക്കയില്‍, അധ്യാപകന്, സംസ്കൃതം, മലയാളം, ഇംഗ്ലീഷ്, സാങ്കേതിക, കവിത, നര്‍മ്മം, അങ്ങനെയങ്ങനെ സൗഹാര്‍ദ്ദം വളര്‍ന്നു, ഈ മനുഷ്യനെക്കുറിച്ചുള്ള കൗതുകവും.
ചിലപ്പോള്‍ പെട്ടെന്നൊരു പ്രസ്താവനയാകും, ഞാന്‍ അടുത്ത ദവസം കേരളത്തില്‍ വരുന്നു. നമുക്ക് കാണണം. നമുക്ക് ഒന്നിച്ച് അക്കിത്തത്തെ കാണണം, നമുക്ക് ഒന്നിച്ച് അവിടെ പോകണം, ഇന്നയാളെ കാണണം. പല വട്ടം ഈ സംഭാഷണങ്ങളും പരിപാടി നിശ്ചയിക്കലും നടന്നു. നിര്‍ഭാഗ്യത്തിന് കൂടിക്കാഴ്ച നടന്നില്ല.
യോഗവാസിഷ്ഠം ഒരു മാഹയജ്ഞമായിരുന്നു. നിത്യവും അതിലെ ഭാഗങ്ങള്‍ വ്യാഖ്യാനിച്ച് വിശദീകരിച്ച്, സാധാരണക്കാര്‍ക്കും മനസിലാക്കാന്‍ പാകത്തില്‍ ലളിത ഭാഷയില്‍ എഴുതി. ദേവീ ഭാഗവതം നിത്യപാരായണവും ജന്മഭൂമി സംസ്കൃതി പേജില്‍ പ്രസിദ്ധീകരിച്ചു. അത് മറ്റൊരു ബൃഹദ് യജ്ഞമായിരുന്നു. അത് പുസ്തകമായിപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവതാരിക എഴുതാന്‍ എന്നെ നിര്‍ബന്ധിച്ചു.
ആയിരത്തോളം പേജുള്ള പുസ്തകത്തിന്റെ കോപ്പി നല്കാന് സാര്‍ കൊച്ചി ജന്മഭൂമി ഓഫീസില്‍ വന്നു. അറിയിച്ചിട്ട്, പറഞ്ഞിട്ട് ഒക്കെയായിരുന്നു വരവ്. പക്ഷേ, കഷ്ടം, എനിക്ക് എവിടെയോ പോകേണ്ടിവന്നു. കാണാനായില്ല.
അങ്ങനെ പലവട്ടം. ഭാഗ്യത്തിന് ഇന്നലെ അത് സംഭവിച്ചു. ഹൃദ്യമായിരുന്നു. ശാന്തനായ, പ്രസന്നനായ, കുസൃതിച്ചിരിക്കാരനായ സുകുമാര്‍സാര്‍. ഹസ്തദാനവും ആലിംഗനവും...
എന്റെ രണ്ട് പുസ്തകങ്ങള്‍ സമ്മാനിച്ചു; പുതിയ കവിതാ പുസ്തകമായ 'തുന്നിച്ചേര്‍ക്കണമീ ഭൂമി'യും അഭിമുഖങ്ങളടങ്ങിയ 'മുഖാമുഖ'വും.
ഇന്നത്തെ ജന്മഭൂമി വേണം. നിത്യവും ഓണ്‍ലൈനിലാണ് വായിക്കുന്നത്. അച്ചടിച്ച കോപ്പി വായിക്കുന്നത് സുഖമാണ്, എന്ന് സുകുമാർ സാര്‍.
ബഷീര്‍ സാറും ഒരു കോപ്പി കൈപ്പറ്റിയാണ് പിരിഞ്ഞത്.
അതിനു മുമ്പ് സെല്‍ഫി വേണമെന്ന് സുകുമാര്‍ സാര്‍. ഫോട്ടോ മതിയെങ്കില്‍ ഞാന്‍ പിടിക്കാമെന്ന് ബഷീര്‍ സാര്‍. നമുക്ക് ഒന്നിച്ച് പിടിക്കാമെന്ന് ഡോ.സു... അങ്ങനെ സെല്‍ഫിയും പിറന്നു...
അവര്‍ ലിഫ്റ്റിലൂടെ
ഓടിക്കയറിപ്പോയി,
മിഠായിത്തെരുവിലേക്ക്...
അവരുടെ സ്വര്‍ഗത്തിലെ കട്ടുറുമ്പാകാതിരിക്കാന്‍ ഞാന്‍ വിട്ടുനിന്നു...
----------------------------------------
A.P. Sukumar
അതീവ ഹൃദ്യമായ ഒരു സായാഹ്നം! പഴകിപ്പതിഞ്ഞ ഒരു സൌഹൃദവും, പരസ്പരം ഇതുവരെ കണ്ടിട്ടില്ലെങ്കിലും അങ്ങിനെ തോന്നാത്ത ശശികുമാര്‍ജിയുമായുള്ള കൂട്ടും ചേര്‍ന്ന സമയം! ഞാനെഴുതാന്‍ വിചാരിച്ചതാണ്! ഇതാണ് വാലന്റൈന്‍ ദിവസത്തില്‍ കിട്ടിയ വലിയ സ്നേഹ സമ്മാനം. കോഴിക്കോട് വരുന്നതിന്റെ തലേ ആഴ്ച ഞങ്ങള്‍ രണ്ടാളും മദ്രാസ് IIT യില്‍ structural symposium ല്‍ പ്രഭാഷണത്തിനായി വന്നതാണ്. പണ്ടത്തെ ആറീസിയില്‍ പോയി, അവിടെയും മീറ്റിങ്ങുകള്‍ ഉണ്ടായിരുന്നു. ഞങ്ങളെ ഞങ്ങളാക്കിയ സീനിയര്‍ അദ്ധ്യാപകര്‍, NIT ഡയരക്ടര്‍, പണ്ട് ഒരുമിച്ചു പഠിപ്പിച്ചവര്‍... ഇങ്ങിനെയിങ്ങനെ... അടുത്തൂണ്‍ പറ്റും മുന്‍പ് കോഴിക്കോടന്‍ സ്നേഹം അനുഭവിക്കാന്‍ വേണ്ടി വന്നതാണ് രണ്ടാളും. വേണ്ടുവോളം കിട്ടി. "മ്മടെ കോയിക്കോട്" എന്ന് പറയുന്നത് വെറുതെയാണോ!
No comments:
Post a Comment