Saturday, April 24, 2021

മൂന്നാമൂഴം- സ്വപ്നസമാനമീ മാനസ സഞ്ചാരം

മൂന്നാമൂഴം- സ്വപ്നസമാനമീ മാനസ സഞ്ചാരം 

ഡോ. സുകുമാർ കാനഡ 

“വ്യാസോച്ഛിഷ്ടം  ജഗത്സർവ്വം”.

“പെരുക്കൂ വള്ളത്തോളിനെ പത്തു കൊണ്ടോ നൂറു കൊണ്ടോ

ലഭിച്ചേക്കാം നിങ്ങൾക്കൊരു ഷേക്സ്പിയറെ.

പെരുക്കൂ ഷേക്സ്പിയറെ പത്തു കൊണ്ടോ നൂറു  കൊണ്ടോ

എന്നാലും ലഭിക്കില്ലൊരു വേദവ്യാസനെ.”

    ശ്രീമതി എം.പി.ഷീലയുടെ മൂന്നാമൂഴം വായിച്ചു വച്ചതേയുള്ളു. എത്രയെടുത്താലും ഒഴിയാത്ത ആവനാഴിയോ കലവറയോ ഒക്കെയാണ് ഇതിഹാസങ്ങളും പുരാണങ്ങളും. ഈ അനന്തസാഗരത്തിലും വ്യാസമൗനങ്ങൾ തിരഞ്ഞു പോകുന്ന മനീഷികൾ ഏറെയാണ്. കെ എം മുൻഷിയുടെ ‘കൃഷ്ണാവതാരം’ സീരീസ്, കുട്ടികൃഷ്ണമാരാരുടെ ‘ഭാരതപര്യടനം’, പി.കെ.ബാലകൃഷ്ണന്‍റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ തുടങ്ങി വളരെ പ്രശസ്തങ്ങളായ അനേകം കൃതികൾ മഹാഭാരതത്തെ അവലംബിച്ച് എഴുതപ്പെട്ടിട്ടുണ്ട്. എം.ടി.യുടെ അതിപ്രശസ്തമായ ‘രണ്ടാമൂഴ’ത്തെ മലയാളികൾക്ക് മറക്കാനാവില്ല. അങ്ങിനെയിരിക്കുമ്പോഴാണ് “മൂന്നാമൂഴം” എന്ന ശ്രദ്ധേയമായ പേരോടു കൂടി പുതിയൊരു രചന പുറത്തു വരുന്നത്. ചെറിയൊരു പിണക്കത്തോടെയാണ് മൂന്നാമൂഴം എന്ന പേരിലേക്ക് ഞാനെത്തി നോക്കുന്നത്. പ്രശസ്തമായ കൃതിയുടെ നിഴൽ പറ്റിയ നാമം എങ്ങിനെയതിനോട് നീതി പുലർത്തുമെന്നൊരാശങ്ക ഉള്ളിലുണ്ടായിരുന്നു - എന്നാൽ പുസ്തകം വായിച്ചു വന്നപ്പോൾ, അതിലെ ആശയഗരിമയും പുതുമയും കണ്ടു രസം പിടിച്ചപ്പോൾ, മൂന്നാമൂഴമെന്ന പേരല്ലാതെ മറ്റൊന്നും ഈ സ്വപ്നസമാന മാനസസഞ്ചാരത്തിനു ചേരുകയില്ല എന്ന നിറവിലേക്കാണ് ഞാൻ ഉയർത്തപ്പെട്ടത്. ഒന്നിലേറെ മാനങ്ങളിൽ മൂന്നാമത്തെ അവസരത്തിനായി കാത്തു നിൽക്കുന്നത് അർജുനൻ മാത്രമല്ല എന്ന തിരിച്ചറിവിന്‍റെ പൂർണ്ണത പുരാണങ്ങളിൽ ഉള്ളതാണെങ്കിലും ഒരു നോവലിന്‍റെ   ചട്ടക്കൂടിൽ അതിന്‍റെ  പരിണാമഗുപ്തിയിലേക്ക് ഷീല നമ്മെ കൊണ്ടു പോകുന്നത് ഏറെ പ്രിയതരമായ, ഒരുപക്ഷേ ഉൽക്കണ്ഠയുണർത്തുന്ന ആത്മാന്വേഷണ പാതയിലൂടെയാണ്.  ഒരു പക്ഷേ രണ്ടാമൂഴത്തേക്കാൾ എനിക്ക് മൂന്നാമൂഴം ഏറെ പ്രിയപ്പെട്ടതാവാനുള്ള കാരണവും അതായിരിക്കണം.

    പുരാണകഥകളിലെ ഊടും പാവും ആഴത്തിൽ തിരിച്ചറിഞ്ഞ് ആസ്വദിച്ച ഒരു വായനക്കാരിയുടെ ജന്മസാഫല്യമാണ് ഈ നോവലെന്ന് പറയാൻ തോന്നുന്നു. ജന്മജന്മാന്തരങ്ങളിലൂടെ കടന്ന് പോകുമ്പോഴും കൃഷ്ണ എന്തു കൊണ്ടാണ് കൃഷ്ണപ്രിയയായിത്തന്നെ നിലകൊള്ളുന്നതെന്ന് ശ്രീമദ് ദേവീഭാഗവതം ഒൻപതാം സ്കന്ധം നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. കൃതയുഗമെന്ന സത്യയുഗത്തിലെ ‘വേദവതി’ കുശധ്വജപുത്രിയായാണ് ജനിച്ചത്. അതേ വേദവതി, ത്രേതായുഗത്തിൽ ശ്രീരാമ പത്നിയായ സീതാദേവിയായി. മഹാഭാരതകഥ നടക്കുന്ന ദ്വാപരയുഗത്തിൽ ദ്രൗപദിയായത് രാമരാവണയുദ്ധം കഴിഞ്ഞ് രാമനെ പിരിയേണ്ടിവന്ന മായാസീതയാണ്. മൂന്നു യുഗങ്ങളിലും ത്രിഹായനിയായി നിറഞ്ഞാടിയ ദേവിയുടെ കഥ മാനുഷീകമായ വികാരവിചാര വിക്ഷോഭങ്ങളിലൂടെ മൂന്നാമൂഴത്തിൽ അനാവരണം ചെയ്യപ്പെടുന്നു. പുരാണ കഥകളിലെ വ്യക്തിത്വങ്ങൾ ഒരിക്കലും കറുപ്പ് - വെളുപ്പ് ദ്വന്ദങ്ങൾ അല്ല. അവർ അനേകം നിറഭേദങ്ങളും നിഴലുകളും മാനങ്ങളുമുള്ള പ്രതീകങ്ങളാണല്ലോ.

    വേദവതി ജനിച്ചയുടനേ തന്നെ ശ്രീനാരായണനെ കാന്തനായി ലഭിക്കാൻ തപസ്സിനായി പോവുകയായിരുന്നു. രാവണന്‍റെ  ദുഷ്പ്രവൃത്തികൊണ്ട് ദേഹമുപേക്ഷിക്കേണ്ടിവന്ന ദേവി അടുത്ത ജന്മത്തിൽ ജനകരാജാവിന്റെ വയലിൽ സീതാദേവിയായി വന്നു പിറന്നു. ത്രേതായുഗ ജന്മത്തിൽ തന്‍റെ  കാമനകൾ കുറെയൊക്കെ തൃപ്തിപ്പെടുത്തി മര്യാദാ പുരുഷോത്തമനായ രാമന്‍റെയൊപ്പം കഴിഞ്ഞുവെങ്കിലും ആ സംതൃപ്തജീവിതം അധികം നീണ്ടുനിന്നില്ല. വിളക്കിലെ ഒരു തിരിയിൽ നിന്നും മറ്റൊരു തിരി കൊളുത്തി  തെളിയിക്കുന്നതുപോലെ രാവണന് അപഹരിക്കാൻ വേണ്ടി നിന്നുകൊടുത്ത മായാസീതയായി ദേവി അഗ്നിപ്രവേശം ചെയ്ത് പുനരുജ്ജീവിക്കുകയാണു ണ്ടായത്.  മായാസീത രാമനുമായി ഒരിക്കലും ദേഹം കൊണ്ടോ മനസ്സുകൊണ്ടോ ഒന്നിച്ചിരുന്നില്ല. രാമരാവണയുദ്ധത്തിന് ശേഷം രാമന് മായാസീതയെക്കൊണ്ടുള്ള ആവശ്യം തീർന്നുവെങ്കിലും മായാസീത അപ്പോഴും രാമനിൽ കാമാതുരയായിരുന്നു. വീണ്ടും തപസ്സു ചെയ്താണ് അവൾ കൃഷ്ണയെന്ന ദ്രൗപദിയായത്. ഒരു പക്ഷേ ദ്വാപരത്തിൽ, മൂന്നാം ജന്മത്തിൽ തന്‍റെ പ്രാണനാഥനുമായി ഒന്നാവാൻ ദേവിക്ക് സാദ്ധ്യതയുണ്ടായിരുന്ന തെങ്കിലും തന്‍റെ അതിനുള്ള അവസരം അപ്പോഴും നിയതി അവൾക്ക് നൽകുന്നില്ല. അടുത്തുണ്ടായിരുന്നുവെങ്കിലും തനിക്ക് കൈതൊടാൻ പറ്റാത്ത അകലത്തായിരുന്നു അവളുടെ പ്രാണപ്രിയനായ കൃഷ്ണൻ. കൃഷ്ണൻ തന്‍റെതന്നെ ആത്മാംശമായ അർജുനനെ (പാണ്ഡവരിൽ ഞാൻ ധനഞ്ജയനാകുന്നു) അതിനു നിയോഗിക്കുകയാണ്. ആ ബന്ധുതയും അവൾക്ക് നല്കിയത് നിത്യവിരഹത്തിന്‍റെ വേദനമാത്രമാണ്. 

    വരുംജന്മത്തിൽ തനിക്ക് ശ്രീകൃഷ്ണനെ വരനായി ലഭിക്കാൻ തപസ്സു ചെയ്ത് രുദ്രനെ പ്രത്യക്ഷമാക്കിയ ദേവി കാമാതുരമായ അത്യാകാംഷയോടെ അഞ്ചു തവണ തനിക്ക് ഉത്തമനായ ഭർത്താവിനെ കിട്ടണമേയെന്നു പ്രാർത്ഥിച്ചുവത്രേ. പരമശിവന്‍റെ  കുസൃതിയോ ലീലയോ ആണ് ദ്രുപദപുത്രിക്ക് അങ്ങിനെ അഞ്ചു വീരൻമാരെ ഭർത്താക്കൻമാരായി ലഭിക്കാൻ കാരണം എന്ന് പുരാണം. ഇതിനു സമാന്തരമായി ധർമ്മധ്വജപുത്രിയുടെ ജന്മജന്മാന്തര കഥകളും കൃഷ്ണനുമായി ബന്ധപ്പെട്ടു തുളസീ ചരിതത്തിൽ വായിക്കാം.

    അതിനുമുൻപ് വൃന്ദാവനത്തിലെ രാധയായും ഈ ദേവി  അംശ ജന്മമെടുത്തിരുന്നു. ‘നാരായണനായ’ കൃഷ്ണനാകട്ടെ ‘നരനായ’ അർജുനനിലുടെ മനുഷ്യ ജന്മസാക്ഷാത്കാരം നേടുകയും ചെയ്തു. ഒരിക്കലും ഒടുങ്ങാത്ത കൃഷ്ണവിരഹം മൂന്ന് ജന്മങ്ങളിലും കൃഷ്ണയെ പിന്തുടർന്നു. പാണ്ഡവ പത്നിയായിരിക്കു മ്പോഴും കൃഷ്ണനിൽ രാധയക്ക് ഉണ്ടായിരുന്ന പ്രണയം മനസ്സിന്‍റെ  കോണിൽ സൂക്ഷിക്കാൻ അനുവാദവും അവസരവും കിട്ടിയ മൂന്നാമൂഴത്തിൽ അവൾ സംതൃപ്തി പൂണ്ടു സായൂജ്യമടയുകയാണ്.

    ദ്രൗപദിയായി യജ്ഞകുണ്ഠത്തിൽ നിന്നു പുറത്തു വന്ന ലക്ഷ്മീദേവിയുടെ അംശാവതാരത്തിന്‍റെ  സൂക്ഷ്മതലങ്ങളും മനോവ്യാപാരങ്ങളും നോവലിസ്റ്റ് വരച്ചുകാട്ടുന്നത് അതീവ ഹൃദ്യമായാണ്. നായികാ പ്രധാനമായ, ആർജ്ജവമുള്ള ഒരു സ്ത്രീപക്ഷ രചനയായി മൂന്നാമൂഴം വിജയിക്കുന്നത് കൃഷ്ണയെ യഥാർത്ഥത്തിൽ അനേകം ചുമതലകൾ ഒരുമിച്ച് നിറവേറ്റുന്ന ഒരുത്തമ സ്ത്രീയായി വരച്ചുകാട്ടുന്നതിലൂടെയത്രേ. സ്വതന്ത്രകൃതിയാ ണെങ്കിലും അത്യന്തം ബഹുമാനത്തോടെയാണ് ഷീല ഓരോ പുരാണകഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. ക്ലാസ്സിക്കുകളോട് അകാരണമായ വൈരാഗ്യത്തോടെ ഇടപെടുന്ന അനേകം പുതുകൃതികളിൽ നിന്നും ഈ നോവൽ വേറിട്ടു നിൽക്കുന്നു. പുരാണ കഥയിൽ അമിതമായ സ്വാതന്ത്ര്യം എടുക്കാതെതന്നെ അവയെ അപഗ്രഥിച്ച് വികസിപ്പിക്കാമെന്നും അത് ഹൃദ്യമായിത്തന്നെ അവതരിപ്പിക്കാമെന്നും ഷീല മൂന്നാമൂഴത്തിലൂടെ കാണിച്ചു തരുന്നു.

    നോവലിന്‍റെ  തുടക്കത്തിൽത്തന്നെ ദ്രോണന്‍റെയും ദ്രുപദന്‍റെയും കഥയാണ് പറയുന്നത്. “പകയുടെ തീക്കനൽ പരകായപ്രവേശം നടത്തി ദ്രോണരിൽ നിന്നും ദ്രുപദനിലേക്ക് ചേക്കേറി” എന്നു പറഞ്ഞാണ് കഥ ആരംഭിക്കുന്നത്. ആ ദ്രുപദന് യാഗാഗ്നിയിൽ നിന്നും കിട്ടുന്ന യുവതിയായ മകളാണ് ദ്രൗപദി. ശൈശവവും ബാല്യവും കൗമാരവും ഇല്ലാതെ നേരിട്ട് യൗവനത്തിൽ എത്തിയവൾ. അതവളുടെ പ്രത്യേകതയും പരാധീനതയും ആയിരുന്നു. താനാരെന്ന് അറിയാത്തതിന്‍റെ വെമ്പൽ അവളെ എന്നും മഥിച്ചിരുന്നു. പൂർവ്വജന്മം എന്തെന്നറിയാനുള്ള ആകാംഷ അവളിൽ തുടിച്ചിരുന്നു. ഈ ആകാംഷയും ത്വരയും അവസാനിച്ചത് യുദ്ധവും മഹാ പ്രസ്ഥാനവും കഴിഞ്ഞ് വൈകുണ്ഠത്തിൽ എത്തിയപ്പോഴാണ്. വിവിധങ്ങളായ ധാർമ്മിക ഗുണങ്ങളിലൂടെ വിഖ്യാതരായിരുന്ന അഞ്ചുപേരുടെ പത്നിയായിക്കഴിഞ്ഞ മനഷ്യജന്മത്തെ സ്നേഹപൂർവ്വം ഓർമ്മിക്കുന്ന ലക്ഷ്മീദേവിയായി ദ്രൗപദി വായനക്കാരിലും ചിരപ്രതിഷ്ഠ നേടുന്നു.

    യുവതിയായി ജനിച്ച ദ്രുപദപുത്രിക്ക് കൂട്ടായി മാറിടത്തിൽ ഒളിപ്പിക്കാൻ എന്നും ഒരു മയിൽപ്പീലിയുണ്ടായിരുന്നു. അതിലെ നീലവർണ്ണം അവൾ കാണുക മാത്രമല്ല, അതിൽ നിന്നും മാസ്മരവിദ്യയിലെന്ന പോലെ അവൾ ഓടക്കുഴൽ നാദം കേൾക്കുകയും ചെയ്തു. ഹൃദയം പ്രണയഭരിതമാവുമ്പോ ഴൊക്കെ കൃഷ്ണവർണ്ണം  മേലാകെ പടരുന്ന കൃഷ്ണയെന്ന ദ്രൌപദിയുടെ ചിത്രം അതിതരളമായി വായനക്കാരിൽ എത്തുന്നുണ്ട്. കാമ്യമനോഹരമായ ഒരു കവിതയുടെ തലത്തിലാണ് തരുണീരത്നമായ കൃഷ്ണയുടെ ഓരോ ചുവടും നോവലിൽ വിവരിക്കുന്നത്. “നാഭിച്ചുഴിയിൽ നട്ട മയിൽപ്പീലിയിൽ നിന്നിറങ്ങുന്ന നീലവർണ്ണം”; “സ്തനകഞ്ചുകങ്ങൾക്കിടയിൽ മയങ്ങിയ മയിൽപ്പീലി”, “പീലിക്കണ്ണുകൊണ്ടു തന്‍റെ  സ്നാനം കാണുന്ന പ്രിയൻ”, “വിയർപ്പിന്‍റെ  മധുഗന്ധമേറ്റ കരിവണ്ടുകൾ”, “നീലാകാശം കൊണ്ട് മെഴുകിയതുപോലെയുള്ള ദേഹം”, തുടങ്ങിയ പ്രയോഗങ്ങൾ നോവലിന്‍റെ  കാവ്യഭാഷയിൽ അതിവശ്യങ്ങളായി അനുഭവപ്പെടുന്നു. നോവലിനു യോജിച്ച ഭാഷാചാതുര്യം.

    മത്സരത്തിൽ വിജയിച്ചു നേടിയ സമ്മാനം അഞ്ചുപേർക്കുമായി വീതിച്ച് ധർമ്മരക്ഷചെയ്തതിന്‍റെ  ന്യായാന്യായങ്ങൾ ധർമ്മത്തിന്‍റെ  അളവുകോലിൽ വച്ചു മാത്രമാണ് നോവലിസ്റ്റ് വിവരിക്കുന്നത്. പുതിയ കാലത്തെ, കലിയുഗത്തിലെ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല അതെന്ന അനാവശ്യ വിവാദത്തിലേക്ക് കടക്കാതെ വ്യാസനിർമ്മിതിയായ ദ്രൗപദിയെ നമുക്ക് മുന്നിൽ പൂർണ്ണവനിതയായി നോവലിൽ അവതരിപ്പിക്കുന്നത് അതിമനോഹരമായാണ്. നവവധുവായി കൊട്ടാരത്തിൽ വന്നു കയറുന്ന സപത്നി സുഭദ്രയെ സ്വീകരിച്ചാനയിക്കുന്ന രാജ്ഞിയായും ഭർത്താക്കൻമാരുടെ ഓരോരുത്തരുടേയും പ്രത്യേകതകൾ കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന ധർമ്മപത്നിയായും ദ്രൗപദി വായനക്കാരിൽ നിറഞ്ഞു നിൽക്കും. കർണ്ണന്‍റെ  പത്നിയായ വൃഷാലി ഒരു നിമിഷം വന്ന പോകുന്ന കഥാപാത്രമാണെങ്കിലും എത്ര ആർജ്ജവത്തോടെയാണ് പറയുന്നത്, തന്‍റെ  ഭർത്താവ് പാഞ്ചാലദേശത്ത് സ്വയംവരമത്സരത്തിന് വന്നത് സ്ത്രീകാമിയായതുകൊണ്ടല്ല തന്‍റെ  അസ്ത്രവിദ്യ പ്രദർശിപ്പിക്കാനായിട്ടാണ് എന്ന്!

    കുന്തീദേവി മറ്റൊരു പ്രമുഖ കഥാപാത്രമായി നോവലിൽ വരുന്നുണ്ട്.  അഞ്ചാൺമക്കൾ ഉള്ള രാജ്ഞി, മുടങ്ങാതെ പുത്രപൂജകൾ ചെയ്ത് ആറ് ദീപങ്ങളാണ് ദിവസവും ഗംഗയിൽ ഒഴുക്കാറുള്ളത്.! ആറാമത്തെ ദീപത്തിന്‍റെ  രഹസ്യം ആ അമ്മയുടെ ഇടനെഞ്ചിൽ എന്നും നീറിക്കൊണ്ടിരുന്നു. അഞ്ചു പേരും ഓരോ ദിവസങ്ങളിൽ താലിചാർത്തി വിവാഹം ചെയ്ത ശേഷം ഭാര്യാ ഭർത്താക്കന്മാർക്കിടയിലെ മഞ്ഞുരുകാൻ വേണ്ടി തന്‍റെ  മക്കളോട് അവരവർക്ക് ചേർന്ന രീതിയിൽ നവവധുവിനെ സന്തോഷിപ്പിക്കാൻ കൂന്തീദേവി  ആവശ്യപ്പെടുന്നു. അതിസുന്ദരമാണാ നിർദ്ദേശങ്ങൾ. "ഭീമാ, യാജ്ഞസേനിക്ക് മാല കോർക്കാൻ ഇഷ്ടമുള്ള പൂക്കളിറുത്ത് കൊടുക്കരുതോ? " അങ്ങിനെ ഓരോരുത്തരോടും അമ്മ ആവശ്യപ്പെടുകയാണ്. കൃഷ്ണയെന്ന പാഞ്ചാലി ഒരോ ഭർത്താക്കൻമാർക്കും ചേർന്ന, വിവിധ തരക്കാരിയായ ഭാര്യയായിരുന്നുതാനും. അവരിൽ ഭീമസേനൻ മാത്രം താമരഗന്ധിയായ ഭാര്യയെ അക്ഷരാർത്ഥത്തിൽ  പൂജിച്ചിരുന്നുവത്രെ! തന്‍റെ ഭാര്യ സാക്ഷാൽ ലക്ഷ്മീദേവിതന്നെയാണെന്ന് ‘സേനന്’ അറിയാമായിരുന്നു. സ്യമന്തകപുഷ്പം തേടി വൃകോദരൻ കാട്ടിൽ പോകുന്ന കാര്യവും നോവലിൽ പെട്ടെന്ന് പറഞ്ഞു പോവുന്നുണ്ട്.

    വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ ഒഴികെ ഒരിക്കലും താൻ സ്വയംവരം ചെയ്ത  ഇഷ്ടഭർത്താവിന്‍റെ  സാമീപ്യം ആഘോഷിക്കാൻ ദ്രൗപദിക്ക് കഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ അർജുനന് ദ്രൌപദിയിൽ കുട്ടികളും ഇല്ല. ഈ അർജുനവിരഹം തന്നെയാണ് കൃഷ്ണയ്ക്ക് ജന്മാന്തര ശാപമായി കൂടെയുണ്ടായിരുന്ന കൃഷ്ണവിരഹം. അതീ മൂന്നാമൂഴത്തിലും തന്നെ വിടാതെ പിന്തുടരുന്നു എന്ന് അവൾ തിരിച്ചറിയുന്നു. 

    മഹാഭാരത കഥയിലെ പ്രധാന സന്ദർഭങ്ങളായ ദ്രൗപദീ സ്വയംവരം, രാജസൂയം, ചൂതുകളി, വസ്ത്രാക്ഷേപം, വനവാസം എന്നിവയെല്ലാം ദ്രൗപദിയുടെ കാഴ്ചയിലൂടെയും മനോവ്യാപാരങ്ങളിലൂടെയും നമുക്ക് തൊട്ടറിയാം.  എന്നാൽ മഹാഭാരതയുദ്ധവും മഹാപ്രസ്ഥാനവും മറ്റും വിഷയത്തിൽ നിന്നും വിദൂരമായതിനാൽ ആവണം, നോവലിൽ ഒഴിവാക്കിയിട്ടുണ്ട്. നോവലിന്‍റെ  അവസാനഭാഗം അല്പം തിടുക്കം കാട്ടി അവസാനിപ്പിക്കുന്നതുപോലെ തോന്നിയത് ഇനിയും വായിച്ചു മതിയായില്ല എന്നതിന്‍റെ ലക്ഷണം ആകാനും മതി. എങ്കിലും മാജിക്കൽ റിയലിസത്തിന്‍റെ  മാസ്മരികതയിലേക്ക് വായനക്കാരനെ നയിക്കുന്ന പരിണാമഗുപ്തിയാണ് നോവലിന്‍റെ ചാരുത വർദ്ധിപ്പിക്കുന്നത്.

    അടുത്ത കാലത്ത് ആയിരം കോടി രൂപ ബഡ്ജറ്റിൽ വലിയൊരു സിനിമയെടുക്കാൻ പ്ലാനിട്ടിരുന്നുവല്ലോ. അതിന് പകരം അതിന്‍റെ  പത്തിലൊന്ന് ബഡ്ജറ്റിൽ ആർജ്ജവമുള്ള സ്ത്രീത്വം എന്നെന്നും ആണുങ്ങൾക്ക് പ്രചോദനാത്മകമായി വർത്തിക്കുന്നതിന്‍റെ കഥ കാവ്യാത്മകമായ ഒരു സിനിമയാക്കുന്നത് കാത്തിരിക്കുന്ന ഒരാസ്വാദകനാണ് ഞാൻ. “മൂന്നാമൂഴം” എന്ന പേരിൽത്തന്നെയാവട്ടെ ആ ദൃശ്യകാവ്യം. 

24 ഏപ്രിൽ 2021 


3 comments:

  1. ശ്രീമദ് ഭാഗവതം,ശ്രീ മഹാഭാരതം, ശ്രീമദ് ദേവീഭാഗവതം - ഇവ മൂന്നും സമന്വയിക്കുമ്പോൾ "മൂന്നാം ഊഴം" എഴുതാൻ "ഊഴം " ആകും! ഈ മൂന്നു ബ്രഹദ് ഗ്രന്ഥങ്ങളെയും ആധാരമാക്കി,കഴിഞ്ഞ 36 വർഷക്കാലത്തു 400 ൽ ഏറെ "യജ്ഞങ്ങൾ " ക്ക് ആചാര്യൻ ആയി ഇരിക്കാൻ ഭഗവാൻ എനിക്ക് സൗഭാഗ്യം തരുകയുണ്ടായി! അതുകൊണ്ട് "മൂന്നാമൂഴം " എന്നൊരു കൃതിയുടെ "spare parts " എന്തൊക്കെയാണെന്ന് പെട്ടെന്ന് identify ചെയ്യാൻ സാധിക്കുന്നു!!സന്തോഷം! ഈ framework ൽ ഒരു "നാലാമൂഴം" വന്നാലും ഈയുള്ളവന് ദഹിക്കും!!

    അതുപോലെ തന്നെയാണ് സുകുമാർജിക്കും സാധിക്കുക! ഭാഗവതം, ദേവീഭാഗവതം, മഹാഭാരതം - ഇവ മൂന്നും സുകുമാർജിക്ക് എന്നേ "കീഴ്പ്പെട്ടു"കഴിഞ്ഞു! അതുകൊണ്ട് അവയുടെ "ജൈവാംശങ്ങൾ"ചേരുംപടി ചേർത്ത് നാലാമതൊന്ന് വരുമ്പോൾ അതിനു കൗതുകത്തിന്റെ lead മതിയല്ലോ നോക്കാൻ, അപരിചിതത്വം തീരെയില്ലല്ലോ!!

    എല്ലാ "FORMULATIONS" ഉം രോഗം മാറ്റാൻ ആണല്ലോ ഉണ്ടാക്കുന്നത്! PHARMACEUTICAL ഫീൽഡിൽ പ്രയോഗിക്കുന്ന ആ നിയമം "ആദ്ധ്യാത്മിക - സാഹിത്യ മണ്ഡലത്തിലും" പ്രയോഗിച്ചു നോക്കുന്നതിൽ തെറ്റില്ല! പക്ഷേ,M. T. ചെയ്തതുപോലെ "അപനിർമ്മിതീകരണ"വും, "കറുത്ത ആനയുടെ പുറത്തു വെളുത്ത പെയിന്റ് അടിക്കലും"- എന്ന
    ദുഷ്ടലക്ഷ്യം മാത്രമാകരുത് മനസ്സിൽ! 🙏🙏🙏

    ReplyDelete
  2. . “നാഭിച്ചുഴിയിൽ നട്ട മയിൽപ്പീലിയിൽ നിന്നിറങ്ങുന്ന നീലവർണ്ണം”; “സ്തനകഞ്ചുകങ്ങൾക്കിടയിൽ മയങ്ങിയ മയിൽപ്പീലി”, “പീലിക്കണ്ണുകൊണ്ടു തന്‍റെ സ്നാനം കാണുന്ന പ്രിയൻ”, “വിയർപ്പിന്‍റെ മധുഗന്ധമേറ്റ കരിവണ്ടുകൾ”, “നീലാകാശം കൊണ്ട് മെഴുകിയതുപോലെയുള്ള ദേഹം”,

    കഷ്ടം.. ദ്രൗപദിയും കൃഷ്ണനും തമ്മിൽ അവിഹിതം ഉണ്ടായിരുന്നു എന്ന് രത്നച്ചുരുക്കം. അതിനായിരുന്നു സുഭദ്രയെ കൃഷ്ണൻ അർജുനനു കൊടുത്തത്. വസത്രാക്ഷേപം നടക്കുമ്പോൾ , 5ഭർത്താക്കന്മാർ ഉണ്ടായിട്ടും ദ്രൗപദീ കൃഷ്ണനെ വിളിച്ച് പ്രാർത്ഥിച്ചത്...

    പിന്നെ.. വേദവദിയും സീതയും ദ്രൗപദിയും എല്ലാം പുനർജ്ജന്മംങ്ങളാണ്...

    മൊത്തത്തിൽ ഒരു അവിയൽ പരുവം..

    വ്യാസൻ തോറ്റുപോകും..
    കാലാനുസൃതമായി കലാസൃഷ്ടികളെ മാറ്റി എഴുതേണ്ടതില്ല..
    കലാസൃഷ്ടികൾ എഴുതിയ കാലത്ത് നിന്ന് വായിക്കുമ്പോളാണ് അതിൽ കല ഉണ്ടാകുന്നത്.

    മൂന്നാമൂഴം ഞാൻ വായിച്ചിട്ടില്ല..
    താങ്കളുടെ revue വായിച്ചത് കൊണ്ട് വായിക്കാനുള്ള പ്രേരണയും പോയി.
    നന്ദി.. അത്രയും പണവും സമയവും ലഭിക്കാൻ സഹായിച്ചതിന്

    പ്രദീപ് ഞാണൂരാൻ

    ReplyDelete