Saturday, November 18, 2017

സുകുമാര്‍ കാനഡയുടെ "ഞാനതിന്‍ രസികനേകന്‍"

സുകുമാര്‍ കാനഡയുടെ "ഞാനതിന്‍ രസികനേകന്‍"







അവതാരിക

ശ്രീമതി സാവിത്രി പുറം 

ഞാനതിനേകന്‍ രസികന്‍ എന്ന കവിതാസമാഹാരത്തിന് അവതാരിക എഴുതിക്കിട്ടിയാൽ തരക്കേടില്ല്യ എന്ന് മാന്യസുഹൃത്തായ ശ്രീ സുകുമാർ കാനഡ പറഞ്ഞപ്പോൾ അവതാരികയൊക്കെ എഴുതാനുള്ള അർഹത എനിക്കുണ്ടോ എന്ന് പലവുരു സംശയിച്ചു. എങ്കിലും അവസാനം എഴുതാമെന്ന് പറഞ്ഞപ്പോൾ സുകുമാർ സമാഹാരം കമ്പ്യൂട്ടറിൽ കൂടി അയച്ചു തന്നു. തുറന്നു വായിക്കാൻ തുടങ്ങിയപ്പോൾ വാസ്തവത്തിൽ വളരെ സന്തോഷം തോന്നി. പുസ്തകത്തിൻറെ തലക്കെട്ടിനു മുകളിൽ കണ്ട ആദ്യത്തെ മൂന്നു വരികൾ ഇതാണ്:

“കാണിക്കയായർപ്പിക്കാൻ 
ഇന്നും മറന്നു ഞാൻ 
എന്നിലെ ഞാനെന്ന ഭാവം.”

ആത്മാർപ്പണം ചെയ്യാൻ മറന്നു എന്നോർമ്മിക്കുന്ന   സുകുമാറിന്‍റെ അർപ്പണമനോഭാവം എനിക്ക് പേജുകൾ മറിക്കാനും ശ്രദ്ധയോടെ പുസ്തകം മുഴുവൻ വായിക്കാനും ഏറെ പ്രചോദനമേകി. എന്‍റെ അഹം ബോധത്തെ നിമിഷനേരത്തേക്കെങ്കിലും അർപ്പിക്കാൻ പല വരികളും സഹായിച്ചു. അഹംബോധത്തെ അർപ്പിച്ചും തിരിച്ചെടുത്തും അർപ്പിച്ചും തിരിച്ചെടുത്തും ഞാനീ സമാഹാരം വായിച്ചാസ്വദിച്ചു. എല്ലാ കവിതകളെയും പറ്റി പറയാൻ 
ഒരുങ്ങാതെ സുകുമാറിന്‍റെ ഭക്തിയും, സ്നേഹവും, സന്മനസ്സും, സഹൃദയത്വവും   പ്രകാശിപ്പിക്കുന്ന ഏതാനും വരികളെപ്പറ്റിയെങ്കിലും വായനക്കാരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആ ഗുണങ്ങളൊക്കെ വായനക്കാരിലും ഉണരട്ടെ! അതാണല്ലോ സാഹിത്യധർമ്മം!


ആദ്യത്തെ സുപ്രസാദകീർത്തനം ഭക്തഹനുമാൻജിയുടെ വാക്കുകളിൽ കൂടി ഉപസംഹരിച്ചത് വളരെ ഭംഗിയായിരിക്കുന്നു. കവിയുടെ ഭക്തിയും ജ്ഞാനവും ഈ വരികൾ വിളിച്ചു പറയുന്നു. ഒട്ടുമിക്ക കവിതകളും ഈശ്വരപ്രണിധാനമാണ്. ഗൃഹാതുരത്വം ഉണർത്തുന്നവയും പ്രേമസുഗന്ധം വിതറുന്നവയും ആയ കവിതകൾ  ചുരുക്കം ചിലത് ഉള്ളത് അതിമനോഹരങ്ങളുമാണ്. ഈ "ഞാനതിൻ രസികനേകൻ" എന്ന സമാഹാരം വായിക്കുമ്പോൾ ഒരു അനുഗൃഹീത സത്സംഗം ലഭിച്ച പ്രതീതി വായനക്കാർക്ക് അനുഭവപ്പെടും. 

കവിതകളില്‍ വിവേകാനന്ദസ്വാമിയേയും, ചിന്മയാനന്ദസ്വാമിയേയും, മാതാ  അമൃതാനന്ദമയിയേയും, ക്രിസ്റ്റോസം തിരുമേനിയേയും എല്ലാം ബഹുമാനപൂർവ്വം സ്മരിച്ചിട്ടുണ്ട്. "അഹം" എന്ന ഓ.എൻ.വി. കവിതയെപ്പറ്റിയുള്ള വരികൾ വായിച്ചപ്പോൾ എന്‍റെ കണ്ണ് നിറഞ്ഞു. സുകുമാറിന്‍റെ സ്വകാര്യനോവ്  പലവായനക്കാരേയും സ്പർശിക്കും എന്നതിലെനിക്ക് സംശയമില്ല്യ.

“കാലദേശാവധിഭ്യാം നിർമുക്തനായ” ഭഗവാനെ അറിഞ്ഞാൽ, ആ ഭഗവാനോട് താദാത്മ്യം പ്രാപിച്ചാൽ, നമ്മുടെ നിത്യപ്രവാസം തീരും. "പ്രവാസം" എന്ന കവിത എത്ര മനോഹരവും അർത്ഥഗര്‍ഭവും! മറ്റുചില കവിതകൾ നമ്മിൽ ഗൃഹാതുരത്വം ഉണർത്തുന്നു. പുഞ്ചപ്പാടങ്ങളും തോരാത്ത മഴയും എല്ലാം എല്ലാം.

“പല്ലവിയായേറെ സംവത്സരങ്ങൾ 
അനുപല്ലവിയായനേകം ബന്ധവിശേഷങ്ങൾ.”

"ഞാനതിൻ രസികനേകൻ" ആയി സ്വയം മാറി നിന്നുകൊണ്ട്തന്നെ നമ്മളുമായി സുകുമാർ ആ രസം പങ്കിടുന്നു. എത്ര വായിച്ചാലും മതിയാകാത്ത എത്ര കവിതകൾ ആണ് ഇതിലെന്ന് പറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല. "ആർദ്രം" എന്ന കൊച്ചു കവിത നമ്മുടെ ഹൃദയത്തെ ആർദ്രമാക്കുന്നു. ഈ വരികളുടെ ഭംഗി നോക്കൂ:

“അനംഗനിന്നെന്നിൽ നിന്നിലലിയാനൊ-
രപൂർവരാഗം പകർന്നു തന്നു"

നിരവധി കവിതകൾ നമ്മുടെ ‘സ്വന്തം’ ഗുരുവായൂരപ്പനെപ്പറ്റി ആണെന്ന് പറയുമ്പോൾ എനിക്കുള്ള ആനന്ദം മറ്റു കൃഷ്ണപ്രേമികൾക്കും ഉണ്ടാകുമെന്നു എനിക്കുറപ്പുണ്ട്. അവയിൽ "ശ്രീഗുരുവായൂപുരമതി രമണീയം" എടുത്തു പറയണം  "ഏവം പരരക്ഷക്കായിക്കല്ലുവിൽക്കും ജോലി" സുകുമാർ ഈ കവിതകളിൽക്കൂടി ഭംഗിയായി നിർവഹിക്കുന്നു.

"കണ്ണനെകാണാഞ്ഞിട്ടെന്തു തോന്നി? 
ഒന്നുമേ തോന്നാനില്ലെന്നു തോന്നി.
മായക്കണ്ണനെൻ കൺമുന്നിലില്ലെങ്കിൽ 
ഞാനില്ല ജീവിതരംഗമില്ല"

"മനസാ സ്മരാമി" എന്ന ബാലമുകുന്ദ സ്‌തോത്രവും അതിമനോഹരം.  ഗഹനമായ ആശയങ്ങളെ സരളമായ വരികളിൽ കൂടി വായനക്കാരുമായി പങ്കിടാനുള്ള കവിയുടെ കഴിവിന് ഉദാഹരണമാണ് "വരമേകണം ദിവ്യമനമാകണം" എന്ന കവിതയും മറ്റു പല  കവിതകളും.  പച്ച മലയാളത്തിൽ ‘നാരായണകവചവും’ നിങ്ങൾക്കിതിൽ വായിക്കാം. സുകുമാർജി നല്ലൊരു സംഗീതവിദ്വാനും സംഗീതാസ്വാദകനും ആയതിനാൽ ഇതിലെ മിക്ക കവിതകളും സംഗീതാത്മകത തുളുമ്പി നിൽക്കുന്നവയാണ്. സംഗീതപ്രേമികൾക്ക് ഇതിലുള്ള കീർത്തനങ്ങൾ താളമിട്ട് പാടി ഭജിക്കാം എന്നത് ഈ സമാഹാരത്തിൻറെ മൂല്യത്തെ സർവോപരി ഉയർത്തുന്നു. സംഗീതോപാസന ഭക്തിസംവർധകമാണല്ലോ. 

സുബ്രമണ്യഭക്തന്മാർക്കും, ശ്രീരാമഭക്തന്മാർക്കും, ഹനുമത് ഭക്തന്മാർക്കും, ദേവീഭക്തന്മാർക്കും, ശിവഭക്തന്മാർക്കും, കൃഷ്ണഭക്തന്മാർക്കും അയ്യപ്പഭക്തന്മാർക്കും എന്ന് വേണ്ട, എല്ലാ ആസ്തികന്മാർക്കും മനസ്സലിഞ്ഞ് ഭജിക്കാനുള്ള കീർത്തനങ്ങൾ ഇതിലുണ്ട്. അത് കൊണ്ട് തന്നെയാണ് 'പരരക്ഷക്കായി കല്ല് വിൽക്കുന്ന ജോലി' സുകുമാർജി ഭംഗിയായി നിർവഹിക്കുന്നു എന്ന് പറഞ്ഞത്. 

വിദ്വാൻ വട്ടോളി കൊച്ചുകൃഷ്ണൻ നായരുടെ പേരക്കുട്ടിയും ബഹുമാന്യനായ ശ്രീ എ.പി. നായരുടെ പുത്രനുമായ സുകുമാറിനേയും  അദ്ദേഹത്തിന്‍റെ  സാഹിത്യ സപര്യയെയും പറ്റി  വായനക്കാരോട് പറയേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. എങ്കിലും അതറിയാൻ ഇടയായിട്ടില്ലാത്തവരെ  കരുതി അദ്ദേഹത്തിന്‍റെ ബ്ലോഗുകളെപ്പറ്റിക്കൂടി രണ്ട് വാക്കു പറഞ്ഞുകൊണ്ട് ഈ അവതാരിക ഉപസംഹരിക്കട്ടെ. 

ദേവീഭാഗവതവും, ശ്രീമദ് ഭാഗവതവും, യോഗവാസിഷ്ഠവും ഗദ്യരൂപത്തില്‍  നിത്യപാരായണത്തിന് ഉതകുന്ന വിധത്തിൽ  അദ്ദേഹത്തിന്‍റെ ബ്ലോഗുകളില്‍ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. നിരവധി മറ്റു വിലപ്പെട്ട ലേഖനങ്ങളാലും കവിതകളാലും അനുഗ്രഹീതമാണ് ഈ ബ്ലോഗുകള്‍. സമയവും സൗകര്യവും പോലെ വായനക്കാർക്കു അതിലേക്ക് കടക്കാം, തീർത്ഥയാത്ര നടത്താം.

"ഞാനതിൻ രസികനേകൻ" വായനക്കാരിൽ രസം പകരട്ടെ!
_________________________________________________________________
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന കവിയും പ്രാസംഗികയും  ആത്മീയവിഷയങ്ങളില്‍ അവഗാഹമുള്ള എഴുത്തുകാരിയുമാണ് ശ്രീമതി സാവിത്രി പുറം. സയന്‍സില്‍ ഉന്നതബിരുദങ്ങളുള്ള സാവിത്രിജി റിട്ടയര്‍ ചെയ്ത ശേഷം ഇപ്പോള്‍ സാധനയിലും എഴുത്തിലും മുഴുകി അമേരിക്കയിലെ വെര്‍ജീനിയയില്‍  താമസിക്കുന്നു.  


Tuesday, September 26, 2017

ശബരിമലയില്‍ അയ്യപ്പപൂജയ്ക്കുള്ള അര്‍ഹത

ശബരിമലയില്‍ അയ്യപ്പപൂജയ്ക്കുള്ള അര്‍ഹത നേടുന്നതിനെപ്പറ്റി . 


സിനിമാ നടനും പൊതു പ്രവർത്തകനും എംപിയുമായ  ശ്രീ സുരേഷ് ഗോപി തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നു. അടുത്ത ജന്മത്തിലെങ്കിലും തന്റെ ഇഷ്ടദേവനായ അയ്യപ്പനെ തൊട്ടു പൂജിക്കാൻ ഇടയാക്കണേ എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രാർത്ഥന. അത്ര അക്ഷന്തവ്യമായ അപരാധമാണോ ഇത്?

വിഗ്രഹപൂജയെപ്പറ്റി തീരെ അറിവോ ഭാവനയോ ഇല്ലാത്ത അനേകംപേര്‍ ശ്രീ സുരേഷ്ഗോപിയെ വിമര്‍ശിക്കുകയും അഭിപ്രായം പറയുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. എന്താണ് അദ്ദേഹത്തിന്‍റെ ആഗ്രഹത്തിലെ തെറ്റെന്നു മനസ്സിലാവുന്നില്ല. വേദങ്ങളിലും ആചാരങ്ങളിലും പുനര്‍ജന്മത്തിലും ഉള്ള ശ്രദ്ധ ഭാരതീയ സംസ്കാരത്തിലും സനാതനധര്‍മ്മത്തിലും വളരെയധികം പ്രധാന്യമുള്ള സംഗതികളാണ്. അങ്ങിനെ ആചാരംകൊണ്ടും വിശ്വാസംകൊണ്ടും സനാതനധര്‍മ്മത്തിലെ ബഹുസ്വരതയുടെ പാരമ്പര്യത്തില്‍ നിന്നുകൊണ്ടുതന്നെയാണ് വിഗ്രഹപൂജയെ കാണേണ്ടത്. തികച്ചും വേദാന്തിയായ, ആ തലത്തില്‍ ആത്മീയതയെ സ്വാംശീകരിക്കുന്നവര്‍ക്കുമുതല്‍ മാടനെയും മറുതയെയും ‘വെച്ചാരാധിക്കുന്ന’വര്‍ക്കുവരെ മാത്രമല്ല നാസ്തികര്‍ക്കും  സാനാതനധര്‍മ്മത്തില്‍ സ്ഥാനമുണ്ട് എന്ന് നാം മറക്കരുത്.

ശബരിമലയിലെ നിലവിലുള്ള പൂജാക്രമം അനുസരിച്ച് ബ്രാഹ്മണകുലത്തില്‍ ജനിച്ചവര്‍ക്കാണ് ഇപ്പോഴത്തെ ആചാരനിയമങ്ങള്‍ അനുസരിച്ച് മേല്‍ശാന്തിയാകാന്‍ യോഗ്യതയുണ്ടാവൂ. കര്‍മ്മസിദ്ധാന്തമനുസരിച്ച് ആര്‍ക്കുവേണമെങ്കിലും അങ്ങിനെയൊരു ബ്രാഹ്മണകുലത്തില്‍ ജനിക്കാനും ശബരിമലയില്‍ പൂജിക്കാനുമാകും. പുല്‍ക്കൊടിമുതല്‍ ബ്രഹ്മാവ്‌ വരെ ആര്‍ക്കും പുനര്‍ജന്മങ്ങളിലൂടെ സാധിക്കാവുന്ന ഒരു കാര്യമാണിത്. എങ്കിലും ഇതൊന്നും ഇപ്പോഴത്തെ ‘ശാസ്ത്രീയമെന്നു പറയപ്പെടുന്ന’ രീതിയില്‍ തെളിയിക്കാന്‍ വിശ്വാസങ്ങളുടെ തലത്തില്‍ ആര്‍ക്കും ബാധ്യതയില്ല എന്ന് കൂടി ഓര്‍മ്മപ്പെടുത്തട്ടെ. ഇതെല്ലാം ആചാരവിശ്വാസങ്ങളുടെ തലത്തില്‍ നിലകൊള്ളുന്ന കാര്യങ്ങളാണ്. ഏതൊരു സൃഷ്ടിയുടെയും ആരംഭം ഭാവനയില്‍ നിന്നാണ്. അതായത് സങ്കല്‍പ്പത്തില്‍ നിന്ന്. സങ്കല്‍പ്പം തന്നെയാണ് ഒരാള്‍ കഴിക്കുന്ന അന്നത്തിലൂടെ രേതസ്സായും ഭ്രൂണമായുമൊക്കെ പരിണമിച്ച്  ഒരു പുതുജീവന്‍ ഉളവാകുന്നത്. അങ്ങനെയുള്ള ഒരു പുനർജന്മത്തിലൂടെ ഉൽകൃഷ്ടമായ  ഒരു ജന്മം ലഭിക്കാനാണ് സുരേഷ്ഗോപി ആഗ്രഹിച്ചതും.

ബ്രാഹ്മണകുലത്തില്‍ ജന്മനാ ചിട്ടയായ ആചാരമര്യാദകളിലൂടെ ജനിക്കുന്ന ഒരു കുട്ടിക്ക് ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടി വരെയുള്ള ഷോഡശ സംസ്കാരകര്‍മ്മങ്ങളുടെ പിന്‍ബലം ഉണ്ടാവും. അതായത് ഗർഭത്തിൽ ഒരു ജീവൻ എത്തിപ്പെടുന്നതിനു മുൻപേ അതിനുള്ള  സങ്കല്പം പിതാവിലും മാതാവിലും ഉറഞ്ഞു കൂട്ടുന്നത് പോലും സംസ്കാരത്തിന്റെ ഭാഗമാണ് എന്നർത്ഥം. അല്ലാതെ അബദ്ധത്തിൽ ഉണ്ടായിപ്പോകുന്ന കുഞ്ഞുങ്ങളുടെ കാര്യമല്ല ഇവിടെ പറയുന്നത്. തലമുറകളായി അങ്ങിനെയുള്ള ഒരു സംസ്കാരവിശേഷത്തിലൂടെ കടന്നുപോയവര്‍ തന്നെയാകണം അയ്യപ്പഭഗവാന്‍റെ വിഗ്രഹത്തെ പൂജിക്കാന്‍ എന്ന് ആ വിഗ്രഹം സ്ഥാപിച്ചപ്പോള്‍ സ്ഥിരീകരിച്ച ഒരു സങ്കല്‍പ്പത്തെ ഇല്ലാതാക്കണം എന്ന് ആര്‍ക്കാണ് നിര്‍ബ്ബന്ധം? സങ്കല്പങ്ങള്‍ ഇല്ലാതാക്കിയാല്‍ ക്ഷേത്രങ്ങള്‍ക്ക്  പിന്നെ എന്ത് മൂല്യമാണുള്ളത്? വെറുംകല്ലില്‍ ഈശ്വരചൈതന്യത്തെ കാണാനും അതറിഞ്ഞ് ലോകനന്മയ്ക്കായി 'പ്രകര്‍ഷേണ' സങ്കല്‍പ്പിക്കാനും കഴിഞ്ഞില്ലെങ്കില്‍ ക്ഷേത്രസങ്കല്‍പ്പം കൊണ്ട് ഒരു കാര്യവുമില്ല.  ഇത്രമേല്‍ സങ്കീര്‍ണ്ണവും എന്നാല്‍ ഭാവനാസമ്പന്നവുമായ സങ്കല്പങ്ങളും ആചാരങ്ങളും ഇല്ലാതാക്കിയാല്‍ സമൂഹത്തില്‍ സമത്വം കൈവരും എന്ന് തോന്നുന്നുണ്ടോ? (ക്ഷേത്രം ISO9000 എന്നൊരു ലേഖനം ഇതിനെക്കുറിച്ച്‌ ഞാന്‍ നേരത്തേ എഴുതിയത് കലാകൌമുദിയിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക്
ക്ഷേത്രം ISO 9000- കലാകൌമുദി

തന്‍റെ സ്ഥാനമാനങ്ങള്‍ ഉപയോഗിച്ച്   ആരെയെങ്കിലും സ്വാധീനിച്ച് ആചാരങ്ങളെ തട്ടിമറിച്ച് എങ്ങിനെയെങ്കിലും മേല്‍ശാന്തിയായി ശബരിമലയിലെ ഭഗവല്‍ വിഗ്രഹത്തില്‍ തൊട്ടുപൂജിക്കണം എന്നല്ല സുരേഷ്ഗോപി  ആഗ്രഹിച്ചത്; മറിച്ച്, തനിക്ക് അങ്ങിനെയൊരു സദനുഭവം അര്‍ഹതപ്പെടുന്ന തരത്തില്‍ ഒരു ജന്മം സംജാതമാകണേ എന്ന് പ്രാര്‍ത്ഥിക്കുകയല്ലേ അദ്ദേഹം ചെയ്തത്? സനാതന ധര്‍മ്മപദ്ധതിയിലെ കര്‍മ്മസിദ്ധാന്തമനുസരിച്ച് അങ്ങിനെയൊരു ജന്മം സാധിക്കുന്നത് അടുത്ത ജന്മത്തില്‍ത്തന്നെയാകണം എന്നില്ല എന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. അതായത്  അതിനുവേണ്ടി എത്രവേണമെങ്കിലും കാത്തിരിക്കാനും ഒരുവൻ തയ്യാറാകണം എന്നര്‍ത്ഥം.

യോഗവാസിഷ്ഠം പോലുള്ള വേദാന്തപരമായ കൃതികളിലും പുനര്‍ജന്മ സാദ്ധ്യതകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അതില്‍ 'ജീവടസര്‍ഗ്ഗ'ത്തില്‍ പറയുന്നത് ഒരുവന്‍ എന്താഗ്രഹിക്കുന്നുവോ അത് സാധിതമാകണമെങ്കില്‍ അവന്റെ ആന്തര ചോദന അതിനോട് പൂര്‍ണ്ണമായി താദാത്മ്യത്തില്‍ ആയിരിക്കണം എന്നാണ്. ഒരുവന്റെ മുന്നിലുള്ള വസ്തുവിനോട് അത്തരം താദാത്മ്യം പ്രാപിച്ചവന്‍  ആ വസ്തുവിനെ പൂര്‍ണ്ണമായി അറിയുന്നു. അതുപോലെ സാങ്കല്‍പ്പികമായ വസ്തുവുമായും പൂര്‍ണ്ണതാദാത്മ്യം പ്രാപിച്ചാല്‍ അതിനെയും നമുക്ക് പൂര്‍ണ്ണമായി അറിയാം. “ഞാന്‍ ഗഗനചാരിയായ ഒരപ്സരസ്സാവട്ടെ’, ‘ഞാനൊരു പണ്ഡിതനാവട്ടെ’ എന്നൊക്കെ എകാഗ്രചിത്തത്തോടെ ധ്യാനിക്കുന്നതിന്റെ ഫലമായി ഒരുവന് അങ്ങിനെ ഒന്നോ അതിലധികമോ ജന്മം സിദ്ധമാണ്. പണ്ഡിതനായോ പാമരനായോ അയാള്‍ക്ക്‌ മാറാം.” ധ്യാനത്തിനും അതിന്റെ എകാഗ്രതയ്ക്കുമനുസരണമായി അയാള്‍ക്ക്‌ മനുഷ്യജന്മമോ ദേവജന്മമോ എടുത്ത് അതാതു കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യാം. 

അനേകം പുനര്‍ജന്മാങ്ങളിലൂടെ ആര്‍ജ്ജിച്ച കര്‍മ്മവിപാകം മൂലം   അയ്യപ്പസ്വാമിയുടെ മേല്‍ശാന്തിയാവാന്‍ അവസരം കിട്ടുന്നയാള്‍ ‘പുറപ്പെടാ ശാന്തിയാണ്’. അദ്ദേഹത്തിന് അയ്യപ്പന്‍ തന്‍റെ പ്രിയപുത്രനെന്നപോലെ സത്യമാണ്. പ്രത്യക്ഷമാണ്. സത്യമായ, പൊന്നുപതിനെട്ടാം പടിയില്‍  വാണരുളുന്ന, കണ്മുന്നില്‍ ദിവസവും കണികാണുന്ന പ്രത്യക്ഷദൈവതമാണ്. അതിരാവിലെ ശ്രീകോവില്‍ തുറക്കുന്നതുമുതല്‍ വൈകുന്നേരം അയ്യപ്പനെ ഉറക്കി നടയടച്ച് ഹരിവരാസനം പാടി, പടിയിറങ്ങി മടങ്ങി പോകുന്നതുവരെയുള്ള സഗുണോപാസന മേല്‍ശാന്തിയ്ക്ക് കൈവല്യമാണ്. ഒരമ്മ മകന് നല്‍കുന്നതുപോലെയുള്ള സ്നേഹവാത്സല്യങ്ങള്‍ ഭഗവാന് നല്‍കി അയാള്‍ തന്‍റെ ജന്മത്തെ സഫലമാക്കുന്നു. അതയാളുടെ മുജ്ജന്മസുകൃതമാണ്! ആ പൂജകള്‍ കാണുന്നത് ഭക്തജനങ്ങള്‍ക്ക് ജന്മസുകൃതവുമാണ്. ഭക്തരിൽ എല്ലാവര്ക്കും പൂജിക്കണമെന്നു തോന്നുകയില്ല. അവ ർക്ക് ആ കാഴ്ച തന്നെ ധാരാളം. വിഗ്രഹാരാധനയിലെ ഭാവനാസങ്കല്‍പ്പം അന്യമായവര്‍ക്കത് കൈവല്യത്തിനു പകരം വെറും വൈകല്യമായി തോന്നിയേക്കാം. അങ്ങിനെയുള്ളവര്‍ക്കായല്ല ക്ഷേത്രം തുറന്നുവയ്ക്കേണ്ടത്.

അയ്യപ്പനെ പൂജിക്കാന്‍ അവസരം ലഭിക്കുന്ന മേല്‍ശാന്തി ദിവസവും കടന്നുപോകുന്ന ഭാവനാധന്യങ്ങളായ നിമിഷങ്ങള്‍ അറിയാന്‍ ഈ കവിതയിലൂടെ കടന്നുപോയാൽ ചിലപ്പോൾ സാധിച്ചേക്കും. എനിക്ക് പരിചയമുള്ള ഒരാള്‍ മേല്‍ശാന്തിയായി നിയമിക്കപ്പെട്ടു എന്നറിഞ്ഞതിന്‍റെ ചരിതാര്‍ത്ഥ്യമാണ് ഈ കവിത.  

അയ്യപ്പതൃപ്പാദപങ്കജപൂജ   

അയ്യപ്പതൃപ്പാദ പങ്കജപൂജയില്‍
ആത്മാര്‍പ്പണം ചെയ്ത സാഫല്യം
ആര്‍ജ്ജിത പുണ്യസാഫല്യം
തിരുനടവീണു വണങ്ങി മണികൊട്ടുമ്പോള്‍
എപ്പോഴും എന്നുള്ളിലാനന്ദ നിര്‍വൃതി

ശ്രീകോവിലെത്തിയാലടിമുടി മന്ത്ര-
മുഖരിതം അയ്യപ്പ നാമജപം
നഭസ്സിലും മനസ്സിലും ശരണമന്ത്രങ്ങള്‍
ശ്രീകോവില്‍ നിറയും തിരുശംഖനാദം

തുയിലുണര്‍ന്നേറ്റൊരാ ചിന്മയരൂപം
എണ്ണയും വാകയും തേച്ചൊരുക്കി
പുണ്യാഹമോടെ പുരുഷസൂക്തവും ചൊല്ലി
രുദ്രജപത്തോടെ അഭിഷേകമാടി
തുളസിയും ചന്ദനവുമാവോളം ചാര്‍ത്തി
അയ്യപ്പദര്‍ശനമൊരുക്കി വച്ചാല്‍
ഭക്തഹൃദയങ്ങള്‍ പുളകച്ചാര്‍ത്തണിയും
ദര്‍ശനപുണ്യ പ്രഭാതപൂജ
മന്നില്‍ അയ്യനയ്യപ്പനല്ലോ പൊന്‍കണി

പട്ടുടയാടയാല്‍ അലങ്കാരമാടി,
നൈവേദ്യമുണ്ണവേ മനം മയങ്ങീ
ചിന്മുദ്രയേന്തിയ കലിയുഗവരദന്‍
മേല്‍ശാന്തിയിവനോ പ്രിയതനയന്‍
അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം
നെഞ്ചകത്തേറ്റുന്ന പ്രിയതാതന്‍

ആയിരമായിരം ഭക്തഹൃദയങ്ങള്‍
ദര്‍ശനസൌഭാഗ്യമാര്‍ന്നു
അത്താഴപ്പൂജയും കഴിഞ്ഞു
പാരില്‍ പുകള്‍ പെറ്റ ഹരിവരാസനം
പാടിയാ സോപാനപ്പടിയിറങ്ങി
മനസ്സിലെ പടിപൂജ നൂറ്റൊന്നാവൃതം
നോല്‍ക്കവേ നരജന്മസാഫല്യമായ്‌

കുഞ്ഞിനെ താരാട്ടു പാടിയുറക്കിയപോല്‍
നിര്‍വൃതിയടയുന്ന സേവകന്‍
അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം
നെഞ്ചകത്തേറ്റുന്ന പ്രിയ താതന്‍..

********************



Wednesday, June 21, 2017

ഗൃഹപ്രവേശം

 ഗൃഹപ്രവേശം

     പറഞ്ഞുവരുമ്പോള്‍ ഇക്കഥയുടെ കാതല്‍ കുറച്ചു പഴയതാണ്. . എന്നാല്‍ പുതുമയൊരിക്കലും ചോരാത്തതുമാണ്. ചിലപ്പോള്‍ പണ്ട് കേട്ടിട്ടുള്ള ഏതെങ്കിലും കഥയുമായി ബന്ധവും കണ്ടേക്കാം. ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കുറെയേറെ പണവുമായി ഏറെക്കാലം കാത്തിരുന്ന്‍ നരേന്ദ്രമേനോന്‍ നാട്ടിലേയ്ക്ക് തിരിച്ചുവന്നു. നല്ലൊരു വീടുണ്ടാക്കണം. പണ്ട് പ്രതാപത്തോടെ കഴിഞ്ഞിരുന്ന ഒരു വീടിന്‍റെ നിഴലായി തറവാട് മനസ്സില്‍ എന്നും ഉണ്ടായിരുന്നു. അക്കാലത്ത് അതിന്‍റെ വലുപ്പത്തിലും അവിടെ താമസിച്ചിരുന്ന അമ്മാവന്മാരുടെ പ്രൌഢിയിലും ഒട്ടും കുറവുണ്ടായിരുന്നില്ലല്ലോ. ഒരുവിധം കൊള്ളാവുന്ന വലിയൊരു നാലുകെട്ടായിരുന്നു അത്. ഗള്‍ഫില്‍ നിന്നും മേനോന്‍ മടങ്ങിയെത്തിയപ്പോഴെയ്ക്ക് തറവാട് ചെറിയൊരു നെടുംപുര മാത്രമായിക്കഴിഞ്ഞിരുന്നു. പ്രതാപം അല്പം മങ്ങിയാലും മെലിഞ്ഞ ആനയെ കെട്ടാന്‍ പശുത്തൊഴുത്ത് പോരല്ലോ. അതുകൊണ്ട് എങ്ങിനെയും നല്ലൊരു കെട്ടിടമുണ്ടാക്കാന്‍ മേനോന്‍ തീരുമാനിച്ചു. ദൈവം സഹായിച്ച് സ്വപ്രയത്നം കൊണ്ട് ജീവിതം മുഴുവനും സൂക്ഷ്മതയോടെ കരുതിവച്ച സമ്പത്തിനു യാതൊരു കുറവുമുണ്ടായിരുന്നില്ല. എല്ലാം കഠിനാദ്ധ്വാനം ചെയ്തു സമ്പാദിച്ചതായതുകൊണ്ട്  നല്ല മനസമാധാനവും കൂട്ടുണ്ടായിരുന്നു.

     തനിക്ക് വേണ്ട വീടിനെപ്പറ്റി നരേന്ദ്രമേനോന് കൃത്യമായ ഐഡിയകള്‍  ഉണ്ടെങ്കിലും നല്ലൊരു ആര്‍ക്കിട്ടെക്ടിനെ ഏര്‍പ്പാടുചെയ്താണ് അദ്ദേഹം വീടിന്‍റെ പ്ലാന്‍ ചെയ്യിപ്പിച്ചത്. അപ്പോഴൊക്കെ മനസ്സില്‍ അദ്ദേഹത്തിന്‍റെ വേവലാതി തന്‍റെ ഏറ്റവും ഇളയ അമ്മാവനെപ്പറ്റിയായിരുന്നു. അമ്മാവന്‍ എന്ത് പറയും? എന്ത് ചെയ്താലും അതില്‍ കുറ്റവും കുറവും കണ്ടുപിടിച്ച് വീട്ടില്‍ കലഹമുണ്ടാക്കുന്ന അമ്മാവന്‍ ചെറുപ്പത്തില്‍ കാര്യമായി പഠിക്കാനൊന്നും മിനക്കെട്ടില്ല. എങ്കിലും അത്യാവശ്യം സമ്പത്തുള്ള വീട്ടില്‍ നിന്ന് വിവാഹം ചെയ്തതുകൊണ്ട് അല്ലലില്ലാതെ കഴിയുന്നു. പണ്ട് തന്‍റെ ഗള്‍ഫ് യാത്രക്കായി അല്പം പണം കടം ചോദിച്ചപ്പോള്‍ “ഇനീപ്പോ അതിന്‍റെ ഒരു കൊഴപ്പേ ഒള്ളു. ഇവിടെ വല്ല കൂലിപ്പണിയൊക്കെയായി നിന്നാ പോരേ? അല്ലെങ്കില്‍ നമ്മളൊക്കെ നായന്മാരല്ലേ, ചായ അടിക്കാന്‍ നിക്കാമല്ലോ? സ്കൂളവധിക്ക് നീയാ ഗോവിന്ദന്‍റെ കടയില്‍ ചായയടിക്കാന്‍ നിന്നിട്ടില്ലേ, ഇനിയതങ്ങു തുടര്‍ന്നാല്‍പ്പോരെ? അല്ല, ഇനി ഗള്‍ഫില്‍ പോയി തൊപ്പിയിട്ടു തിരികെ വരാനാണ് പ്ലാനെങ്കില്‍ ഞാന്‍ തറവാട്ടില്‍ കേറ്റില്ല, പറഞ്ഞേക്കാം” എന്ന് പറഞ്ഞ് ഓടിച്ചു വിട്ടയാളാണ്. അതുപോലെ തന്നെ ഏതു കല്യാണാലോചന വരുമ്പോഴും അതെല്ലാം എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് ഒടക്കിയയാളുമാണ് ഇദ്ദേഹം. എവിടെ വീട് പാല്കാച്ചലിന് ക്ഷണിച്ചാലും എന്തെങ്കിലും കുറ്റം കണ്ടു പിടിച്ച് വീടിന്‍റെ പോരായ്മ എടുത്തു പറഞ്ഞ് അതിനൊത്ത് ചാടാന്‍ തയ്യാറായ കുറച്ച് അസ്മാദികളെക്കൂടി സംഘടിപ്പിച്ച് അങ്ങേര്‍ അതൊരു വഴിക്കാക്കും. കുറെ റിട്ടയാര്‍ഡ് പ്രഫസര്‍മാരാണ് കൂട്ട്. അമ്മാവന് ഒരിക്കലും കുറ്റം പറയാനിട നല്‍കാത്ത വീട്. അതാണ് മേനോന്‍റെ ലക്‌ഷ്യം.


     കെട്ടിടത്തിന്‍റെ ഡിസൈനും പ്ലാനിംഗും പണിയും എല്ലാം വിചാരിച്ചതുപോലെ നടന്നു. അമ്മാവന്‍ വീടുപണി കാണണം എന്ന് സൂചിപ്പിച്ചപ്പോഴൊക്കെ വല്ല സൂത്രമൊക്കെ പറഞ്ഞ് ആളെ ഒഴിവാക്കി. ഒരിക്കല്‍ വീടുപണി കാണാതെ അദ്ദേഹം പോവില്ല എന്ന് തോന്നിയപ്പോള്‍ ഗള്‍ഫില്‍ നിന്ന് കൊണ്ട് വന്ന ചില സാധനങ്ങള്‍ ഒക്കെ കൊടുത്ത് ഒഴിവാക്കി. “ഇതിനൊന്നും പഴയ സ്റ്റാന്‍ഡേര്‍ഡ് ഇല്ലല്ലോടാ” എന്ന് പഴിയും കേട്ടു. സാരമില്ല. ഇനി കയ്യില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു സ്വയമ്പന്‍ സ്കോച്ച് കുപ്പിയോടെ കൊടുത്താലും പറയും “നമ്മുടെ രായമംഗലം ഷാപ്പിലെ രാജപ്പന്‍റെ വാറ്റിന്‍റെ ഏഴയലത്ത് വര്വോ സായ്പ്പിന്‍റെ ഈ ചൊറവെള്ളം?” എന്നാവും. പക്ഷെ ഇപ്പോള്‍ തറവാട്ടില്‍ നേര്‍ ബന്ധുവായി ഇദ്ദേഹം മാത്രമേയുള്ളൂ. അദ്ദേഹം തലകുലുക്കി സമ്മതിക്കുന്ന തരത്തില്‍ ഒരു വീട്, അതാണ്‌ തന്‍റെ ലക്ഷ്യം. ആരും കുറ്റം പറയാത്ത ഒരു വീട്.


     ടൌണില്‍ നിന്നും അകലെയല്ലാതെ പുഴയുടെ കരയ്ക്കുള്ള നല്ലൊരു ‘കണ്ണായ’ സ്ഥലത്താണ് കെട്ടിടം. കുറച്ചുനാള്‍ മുന്‍പേ അരയേക്കര്‍ സ്ഥലം വാങ്ങിയിട്ടിരുന്നു. അവിടെ മുഴുവന്‍ തെങ്ങ് നട്ടു. കാഫലം കണ്ടുതുടങ്ങി. വീടിനു രണ്ടുനിലകളാണ്. അയ്യായിരം സ്ക്വയര്‍ ഫീറ്റില്‍ താഴത്തെനിലയില്‍ നാലുകെട്ടിന്‍റെ രീതിയില്‍ ഒരകത്തളവും മഴപെയ്താല്‍ അതിരുന്നാസ്വദിക്കാന്‍ പറ്റുന്ന ചാരുപടികളും എല്ലാമായി നരേന്ദ്രന്‍റെ സ്വപ്നക്കൂടുതന്നെയായിരുന്നു അത്. നിലത്ത് മുഴുവന്‍ മാര്‍ബിള്‍ വിരിച്ചു. കോണ്‍ക്രീറ്റ് പണിക്കും മറ്റും മഹാരാഷ്ട്രയില്‍ നിന്നും ആളെ കൊണ്ടുവന്നു. സാധാരണ ബംഗാളികളാണല്ലോ കേരളത്തിലെ പണിക്കാര്‍. പൂനെയില്‍ നിന്നുള്ള മറാട്ടികള്‍ നല്ല ഒന്നാന്തരം പണിക്കാരാണ്. പണിയെന്നു വച്ചാല്‍ അവര്‍ക്കവരുടെ ചോറാണ്; ദൈവവും. ഒന്നാന്തരം ഫിനിഷിംഗ് വര്‍ക്കും, മരപ്പണിയും, പെയ്ന്റിങ്ങും അവര്‍ തന്നെ ചെയ്തു. അടുക്കളയാണെങ്കില്‍ മോസ്റ്റ്‌ മോഡേണ്‍. എല്ലാമുറിയിലും ഒന്നാന്തരം ഫര്‍ണ്ണിച്ചര്‍ വാങ്ങിയിട്ടു. ജനാലകളില്‍ നല്ല കര്‍ട്ടനുകള്‍ ചാര്‍ത്തി അലങ്കരിച്ചു. നരേന്ദ്രമേനോന്‍ എല്ലാടവും ഒന്ന് കൂടി കണ്ട് ഉറപ്പിച്ചു. ഇത് തന്‍റെ മനസ്സിലുള്ള വീട് തന്നെ. ‘ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇഷ്ടമാവും. മക്കളൊന്നും ഇല്ലാത്തതുകൊണ്ട് മരണശേഷം ഇത് നാട്ടുകാര്‍ക്കായി എഴുതി വയ്ക്കാം. അവരിതൊരു പഞ്ചായത്ത് വായനശാലയോ റെസ്റ്റ്ഹൌസോ ആക്കട്ടെ.’

     വീടിന്‍റെ പാലുകാച്ചിന് ക്ഷണിക്കാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ ആദ്യത്തെ പേര് അമ്മാവന്‍റെതന്നെയാണ്. അതങ്ങിനെയാവണമല്ലോ!  തന്‍റെ ഉയര്‍ച്ചയ്ക്കെല്ലാം കാരണമായത് അമ്മാവന്‍റെ സ്വഭാവവിശേഷങ്ങളാണ്. അച്ഛനില്ലാതെ വളര്‍ന്ന തന്നെ അമ്മാവന്‍ ഓരോരോ കാര്യങ്ങളിലും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും തന്‍റെ വാശി കൂടിക്കൂടി വന്നു. അന്നൊക്കെ അദ്ദേഹം എന്തെങ്കിലും നക്കാപ്പിച്ചയും തന്ന് വല്ല ചായക്കടയും ഇട്ടുതന്നിരുന്നെങ്കില്‍ താനിപ്പോഴും അതും നോക്കി നടന്നേനെ.

     അമ്മാവനെ പാലുകാച്ചിന്‍റെ തലേദിവസം പുതിയ വീട്ടില്‍ വരാനായി വീട്ടില്‍പ്പോയി ക്ഷണിച്ചു. “അമ്മാവന്‍ നേരത്തേ വന്നു നോക്കി അനുഗ്രഹിക്കണം. ഞാന്‍ കാറ് പറഞ്ഞയക്കാം.” തലേ ദിവസം തന്നെ നോക്കി കുറ്റമെന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞിട്ട് പോവട്ടെ. പിറ്റേദിവസം നാട്ടുകാര്‍ എല്ലാം കൂടുമ്പോള്‍ മറ്റൊരു കശപിശ വേണ്ടല്ലോ.

     രാവിലെതന്നെ അമ്മാവനും കൂട്ടുകാരായ രണ്ടു റിട്ടയാര്‍ഡ്‌ പ്രഫസര്‍മാരും വന്നു. അതിലൊരാള്‍ അറിയപ്പെടുന്ന കവിയുമാണ്. നരേന്ദ്രമേനോന്‍ അവരെ വീടെല്ലാം ചുറ്റിനടന്നു കാണിച്ചുകൊടുത്തു. പണിതുവച്ച ഓരോ ഐറ്റവും എവിടെ നിന്നും വാങ്ങിച്ചു, എങ്ങിനെ പണിതു എന്നെല്ലാം അവര്‍ ചോദിച്ചു മനസ്സിലാക്കി. ചുമരിലും വാതിലിലും ഫര്‍ണ്ണിച്ചറുകളിലും എല്ലാം കൈയോടിച്ചു നോക്കി. മുകളിലും താഴെയും എല്ലാടവും നോക്കിയിട്ടും അമ്മാവന് ആ വീട്ടില്‍ ഒരു കുറവും കണ്ടപിടിക്കാന്‍ കഴിഞ്ഞില്ല. പ്രഫസര്‍മാരും ആകെയൊരു സംത്രാസത്തിലാണ്. ഇങ്ങിനെയൊരു പരാജയം ആദ്യമായാണ്‌. കുറ്റം കണ്ടുപിടിച്ച് കൂട്ടുകാരോടെങ്കിലും പറഞ്ഞ് രസിക്കാന്‍ പറ്റിയില്ലെങ്കില്‍ പാലുകാച്ചിനും കല്യാണത്തിനും അടിയന്തിരത്തിനും പോകുന്ന സമയം വ്യര്‍ത്ഥമാണെന്നവര്‍ക്കറിയാമായിരുന്നു.

     “ഒന്നും ആയില്ല അല്ലേ?” പ്രഫസര്‍, കവിയോടു ചോദിച്ചു. ചിന്താമഗ്നനായി ഒരല്‍പം മാറി നിന്ന അമ്മാവന്‍ പെട്ടെന്നു മുഖപ്രസാദം വീണ്ടെടുത്ത് കൂട്ടുകാരോട് പറഞ്ഞു. “കിട്ടിപ്പോയി”!

     “എന്താ, എന്താ?”

     “അതവനോടു തന്നെ നേരിട്ട് പറയാം. അല്ലെങ്കിലും ഈയിടെയായി അവനല്‍പ്പം അഹങ്കാരമുണ്ടോ എന്ന് സംശയം. നമ്മുടെ അടുത്തു കാണിക്കുന്ന ഈ വിനയമൊക്കെ കപടമല്ലേ മാഷേ, നമ്മള്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു?”

     മൂന്നാളും കൂടി ഉമ്മറത്ത് സെല്‍ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന മേനോന്‍റെയടുത്ത് ചെന്നു. നരേന്ദ്രമേനോന്‍ ഫോണ്‍ കട്ട് ചെയ്ത് ആകാംഷയോടെ ചോദിച്ചു. “അമ്മാവാ, എന്ത് പറയുന്നു? എല്ലാവരുടെയും അനുഗ്രഹം വേണം. എന്തെങ്കിലും കുറവുണ്ടെങ്കില്‍ പറയൂ. ആവുന്നതുപോലെ ഞാന്‍ അത് ശരിയാക്കാം”

     “എടാ, നിന്‍റെ പുതിയ വീടൊക്കെ തരക്കേടില്ല. ഡിസൈന്‍ കണ്ടാല്‍ മറ്റുള്ളവര്‍ക്ക് കൊതി തോന്നും. കെട്ടിടത്തിന്‍റെ നിലവും പെയ്ന്റിങ്ങും എല്ലാം ഒരുവിധം നന്നായി എന്ന് തന്നെ പറയേണ്ടി വരും. ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിച്ച സാധനങ്ങള്‍ ആണ് കെട്ടിടമുണ്ടാക്കാനും ഫര്‍ണ്ണിഷ് ചെയ്യാനും ഉപയോഗിച്ചതെന്ന് തോന്നില്ല. അത്ര തിളക്കമുണ്ട് എല്ലാറ്റിനും. എങ്കിലും ഒരു കെട്ടിടമാവുമ്പോ ഇത്രയ്ക്ക് ഉറപ്പ് വേണോ? ഇതൊന്നു പൊളിച്ചടക്കണമെങ്കില്‍ എന്താ പാട്? കാശെത്ര ചെലവാകും? നിന്‍റെ കാലശേഷം അതിനും ഞങ്ങളൊക്കെത്തന്നെ വേണ്ടേ?”
___________________________________________________________________________________

ശ്രീ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനവുമായി ഇക്കഥയ്ക്ക് ബന്ധമൊന്നുമില്ല.       

Friday, June 16, 2017

സുകൃതം

തൃശ്ശൂര് നിന്നും അതിരാവിലെ ഒരു കാർ വാടകയ്‌ക്കെടുത്ത് പുറപ്പെട്ടതാണ്. ഒന്‍പതുമണിക്കാണ് അപ്പോയിന്‍റ്മെന്‍റ്. വളരെ തിരക്കുള്ള ആളെയാണ് കാണാന്‍ പോകുന്നത്. പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദേട്ടന്‍ ആദ്യമൊക്കെ തീരെ സമയമില്ല എന്ന് പറഞ്ഞുവെങ്കിലും പ്രത്യേകിച്ചു ബിസിനസ്സ് കാര്യങ്ങള്‍ ഒന്നും നടത്താനല്ല, അവധികഴിഞ്ഞ് കാനഡയിലേയ്ക്ക് മടങ്ങും മുന്‍പ് ഒന്ന് കാണാന്‍ മാത്രമാണ് എന്ന് അറിയിച്ചപ്പോള്‍ ഞായറാഴ്ചയാണെങ്കിലും വന്നുകൊള്ളാന്‍ പറഞ്ഞു. അരമണിക്കൂറാണ് അനുവദിച്ചത്. 

കാറിന്‍റെ ഡ്രൈവര്‍ നൌഷാദ് നമ്മുടെ കുടുംബത്തിലെ ഒരംഗംപോലെയാണ്. എപ്പോഴെങ്കിലും കാര്‍ ആവശ്യമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി. സ്വന്തം വണ്ടി മറ്റ് ഓട്ടത്തിന് പോയിരിക്കുകയാണെങ്കില്‍ നമ്മുടെ കുടുംബത്തിനു പറ്റിയ മറ്റൊരാളെ പറഞ്ഞയക്കും. വല്ലാതെ തിരക്ക് കൂട്ടി വെടിമരുന്നിന് തീകൊളുത്തിയപോലെ ധൃതിക്കാരായ ഡ്രൈവര്‍മാരെ നൌഷാദ് നമ്മുടെ വീട്ടിലേയ്ക്ക് അയക്കില്ല. ഈ ഞായറാഴ്ച മൂപ്പര് തന്നെയാണ് വന്നത്. ബിന്ദുവും ഞാനും നേരത്തേ തന്നെ തയാറായി. അവളുടെ അച്ഛന്‍റെ മരണശേഷം അടിയന്തിരവും ബലിയിടലും മറ്റുമായി രണ്ടാഴ്ച നല്ല തിരക്കിലും ക്ഷീണത്തിലുമായിരുന്നു ഞങ്ങള്‍. എങ്കിലും ഈയൊരു സന്ദര്‍ശനം ഒഴിവാക്കാന്‍ പറ്റില്ല. ഈ അവസരം ഇനിയുണ്ടാവുമോ എന്ന് ആര്‍ക്കറിയാം?.

നേരേ പൊന്നാനിയിലേയ്ക്ക്. ‘മടങ്ങും വഴിക്ക് കാടാമ്പുഴയിലും ഒന്ന് കയറണം’ എന്ന് നൌഷാദിനോടു പറഞ്ഞിരുന്നു. “അതിനെന്താ നമുക്ക് പെട്ടെന്നു പോയി വരാം, മിക്കവാറും നടയടയ്ക്കും മുന്‍പ് തൊഴാനൊക്കും.” 

രാവിലത്തെ ഭക്ഷണത്തിനൊന്നും സമയം കിട്ടിയിരുന്നില്ല. ഒന്ന് രണ്ടു ലെവൽ ക്രോസിംഗ് കിട്ടിയതിനാൽ പുറത്തുനിന്നു കഴിക്കാനും പറ്റിയില്ല. പറഞ്ഞ സമയത്തിനു രണ്ടുമിനുട്ട്‌ മുന്‍പേ പോന്നാനിയിലെ വീട്ടിന്‍റെ പടിക്കലെത്തി. വഴി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയില്ല. വീടിനു വെളിയില്‍ ചെറിയൊരു സെക്യൂരിറ്റി പുരയുണ്ട്. അവിടെ ഒരാളിരുന്നു പേപ്പര്‍ വായിക്കുന്നു. വിവരം ചോദിച്ച ഉടനെ ഗേറ്റ് തുറന്നു. പടര്‍ന്നു കിടക്കുന്ന ഒരു മരത്തിന്‍റെ ചുവട്ടില്‍ കാര്‍ ഒതുക്കിയിട്ടോളാന്‍ പറഞ്ഞു. ഞങ്ങള്‍ വീടിന്‍റെ പൂമുഖത്ത് ചെന്നു കാളിംഗ് ബെല്‍ അടിക്കാന്‍ തുടങ്ങും മുന്‍പ് അദ്ദേഹം വാതില്‍ തുറന്ന് ഇറങ്ങി വന്നു. കുളിച്ച് ചന്ദനവും ഭസ്മവും തൊട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു “ഗോവിന്ദന്‍ മെന്‍ഷന്‍ ചെയ്തിരുന്നു”

പെട്ടെന്നു തന്നെ ഞങ്ങള്‍ രണ്ടാളും സ്വയമറിയാതെ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ടു വന്ദിച്ചു. അതിനു മുന്‍പ് ഇതുപോലെ സ്വയമറിയാതെ വന്ദിച്ച കാലടികള്‍ സ്വാമി ചിന്മയാനന്ദയുടേതാണ്. 1993-ല്‍ കാലിഫോര്‍ണിയയിലെ പിയേര്‍സിയിലായിരുന്നു അത്. സ്വാമിജിയുടെ സമാധിക്കു മുന്‍പ്.




“വരൂ..” എന്ന് അദ്ദേഹം ഞങ്ങളെ സ്വീകരണ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. ആര്‍ഭാടം തീരെയില്ലാത്ത മുറി. കുറച്ചു പുസ്തക ഷെല്‍ഫുകള്‍, കസേരകള്‍ പിന്നെ ഭിത്തിയില്‍ ഫ്രെയിം ചെയ്ത കുറച്ചു ഫോട്ടോകള്‍. അതില്‍ അദ്ദേഹത്തിനൊപ്പം ഉള്ളവര്‍ പ്രസിഡന്‍റ്മാരും പ്രധാനമന്ത്രിമാരുമൊക്കെയാണ്. ഉടനെ അദ്ദേഹത്തിന്‍റെ ഭാര്യയും മുറിയിലേയ്ക്ക് വന്നു. അവര്‍ വാല്‍സല്യത്തോടെ ബിന്ദുവിന്‍റെ കൈ പിടിച്ചു. കുശലം ചോദിച്ചു. 

കാനഡയില്‍ ഞങ്ങള്‍ എന്ത് ചെയ്യുന്നു എന്നെല്ലാം അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. ഓരോ ചോദ്യങ്ങളും അതിനുള്ള മറുപടിയും അദ്ദേഹം കേള്‍ക്കുന്നത് പൂര്‍ണ്ണമായ ശ്രദ്ധയോടെയാണ്. നമ്മോടു സംസാരിക്കുന്ന സമയത്ത് നാം മാത്രമേ അദ്ദേഹത്തിന്‍റെ മുന്നില്‍ ഉള്ളു. നമ്മള്‍ പറയുന്ന കാര്യമാണ് അപ്പോള്‍ അദ്ദേഹത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സെല്‍ഫോണോ അതുപോലുള്ള യാതൊരു distractions-ഉം അദ്ദേഹത്തെ അലട്ടുന്നില്ല. അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം കമ്മ്യൂണിക്കേഷന്‍റെ കാര്യത്തില്‍  ഈ “one pointed attention” ഞാന്‍ സ്വയം പ്രാക്ടീസ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. (പലപ്പോഴും വിജയിക്കാറില്ലെങ്കിലും) 

പറഞ്ഞ് വന്നപ്പോള്‍ ബിന്ദുവിന്‍റെ അച്ഛന്‍റെ മരണവൃത്താന്തവും അറിയിച്ചു. അദ്ദേഹം ഭംഗിവാക്കിലുള്ള സാന്ത്വനമൊന്നും പറഞ്ഞില്ല. “yes, it is the ripe old age to go. – I am also eighty’” എന്നാണദേഹം പറഞ്ഞത്. പിന്നെ എന്ജിനീയറിംഗ്പ്രോജക്ടുകളെപ്പറ്റിയും സ്ട്രക്ച്ചറല്‍ എന്ജിനീയറിംഗ് കാര്യങ്ങളെപ്പറ്റിയും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആന്‍റി സ്വയം കാപ്പിയും ഇഡലിയും ഉരുളക്കിഴങ്ങ് ബോണ്ടയും ടീപ്പോയില്‍ കൊണ്ടുവന്നുവച്ചു. “ഇവിടെയിരുന്നു സംസാരിച്ചുകൊണ്ട് കഴിക്കാം”. രണ്ടാളും കൂടി നിര്‍ബന്ധിച്ച് അത് മുഴുവന്‍ ഞങ്ങളെക്കൊണ്ട് കഴിപ്പിച്ചു. 

വീണ്ടും സംഭാഷണം വാല്യൂ എന്ജിനീയറിംഗ്, പോല്ല്യൂഷന്‍ കണ്ട്രോള്‍, സസ്റ്റെയ്നബിലിറ്റി എന്നിവയിലൂടെയൊക്കെ കടന്നുപോയി.
പറഞ്ഞ് വച്ചിരുന്ന അരമണിക്കൂര്‍ കഴിഞ്ഞിരുന്നു. വാച്ച് നോക്കിയ എന്നെ നോക്കി ആന്‍റി പറഞ്ഞു – “ഉച്ചവരെ വേറെ അപ്പോയിന്റ്മെന്റ് ഒന്നുമില്ല. ഞായറാഴ്ച വല്ലതും വായിക്കാനും മറ്റുമുള്ള സമയമാണ്”. അവിടെ ടീപ്പോയ്മേല്‍ രാവിലെ വായിച്ച് വച്ച ഭഗവദ്ഗീത തുറന്നു കിടന്നിരുന്നു. 

“ഭഗവദ്ഗീതയിലും ഭാഗവതത്തിലും യോഗവാസിഷ്ഠത്തിലും എനിക്ക് താല്പര്യമുണ്ട്, അത്യാവശ്യം ട്രാന്‍സ്ലേഷന്‍ ഒക്കെ ചെയ്യുന്നുണ്ട്, അതിപ്പോള്‍ ജന്മഭൂമിയില്‍ നിത്യവും സംസ്കൃതിയില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്” എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ “ഞാനും യോഗവാസിഷ്ഠം പഠിക്കുകയാണ്. സമയമാണ് പ്രശ്നം”. കുറച്ചു നേരം വേദാന്തം പ്രാക്ടിക്കല്‍ ജീവിതത്തില്‍ എങ്ങിനെ പ്രയോജനപ്പെടും എന്നതിനെക്കുറിച്ച് വര്‍ത്തമാനം പറഞ്ഞിരുന്നു. “ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനം. അതില്‍ സ്വാര്‍ത്ഥതയുടെ പ്രശ്നമേ ഉദിക്കുന്നില്ല. കാരണം ആരാണ് ചെയ്തത് എന്നതല്ല, എന്താണ് accomplished ആയത് എന്നതാണ് കാര്യം.” വസിഷ്ഠോപദേശം നന്നായി മനസ്സിലാക്കിയും പ്രായോഗികമാക്കിയും തഴക്കം വന്നയാളുടെ ശബ്ദം എന്‍റെയുള്ളിലും മുഴങ്ങിക്കേട്ടു.
  
‘ഒരു ഫോട്ടോ എടുത്താല്‍ കൊള്ളാം’ എന്ന് പറഞ്ഞപ്പോള്‍ “അതിനെന്താ ആയിക്കോളൂ” എന്ന് പറഞ്ഞ് കുറച്ചു പടങ്ങള്‍ എടുക്കാന്‍ പോസ് ചെയ്തു. ആന്റിയെക്കൊണ്ടും ഞങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ എടുപ്പിച്ചു. 

ഓരോന്ന് പറഞ്ഞ് പറഞ്ഞ് സമയം പന്ത്രണ്ടാവുന്നു. അപ്പോള്‍ സ്വയം തോന്നിയ ഔചിത്യം കൊണ്ട് മാത്രം അവിടെനിന്നും പോകാന്‍ മനസ്സില്ലാമനസ്സോടെ ഞാന്‍ എഴുന്നേറ്റു. അപ്പോള്‍ ആന്‍റി പറഞ്ഞു. ‘”കാനഡയില്‍ നിന്നും ഒരു ഡോ.സുകുമാര്‍ കാണാന്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍ ഇദ്ദേഹം എന്നോടു പറഞ്ഞു, “മിക്കവാറും പുതിയൊരു എന്ജിനീയറിംഗ് കോളേജു തുടങ്ങാനോ മറ്റോ ആയിരിക്കും വരവ്. ഇനിയിവിടെ ഒരു കോളേജും വേണ്ട, ഉള്ളത് നന്നായി നടത്തിയാല്‍ മാത്രം മതി എന്ന് പറഞ്ഞ് നമുക്കയാളെ പെട്ടെന്നു പറഞ്ഞ് വിടാം”. അത് കേട്ട് അദ്ദേഹത്തിനും ചിരി വന്നു. 

“ജീവിതത്തിലും പ്രഫഷനിലും നല്ലബുദ്ധി തോന്നാന്‍ അനുഗ്രഹിക്കണം” എന്ന് മനസ്സിൽ പറഞ്ഞ് ഞങ്ങള്‍ ഒന്ന്കൂടി അദ്ദേഹത്തിന്‍റെ കാല്‍തൊട്ടു വണങ്ങി പുറത്തു കടന്നു. അദ്ദേഹവും കൂടെ വന്ന് ഞങ്ങളെ യാത്രയാക്കി. നൌഷാദിനോട് കുശലം ചോദിച്ചു. ‘കാപ്പി കുടിച്ചില്ലേ?” കാര്‍ പിറകോട്ടെടുക്കാന്‍ അദ്ദേഹം തന്നെ കൈകൊണ്ട് ഡയറക്ഷൻ  കാണിച്ചുകൊടുത്തു. 

മടങ്ങുമ്പോള്‍ നൌഷാദ് ചോദിച്ചു. “ആരാണദ്ദേഹം? അദ്ദേഹം മാത്രമല്ല, അവിടെ എനിക്ക് കാപ്പി തരാന്‍ വിളിച്ച ജോലിക്കാരന്‍ പോലും എത്ര വിനയത്തോടെയാണ് സംസാരിച്ചത്? ‘ഒരു കാപ്പി മാത്രം ഇങ്ങു പുറത്തേയ്ക്ക് തന്നാല്‍ മതി’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത്, ‘ഏയ്‌ അത് പറ്റില്ല, അകത്തു മേശപ്പുറത്ത് വച്ച് കസേരയില്‍ ഇരുത്തിവേണം ഭക്ഷണം കൊടുക്കാന്‍ എന്ന് ഇവിടെ നിര്‍ബന്ധമാണ്‌. അല്ലെങ്കില്‍ അദ്ദേഹത്തിന് ഇഷ്ടമാവില്ല.” 

(this photo is by others)

“നൌഷാദേ, ഒന്നോര്‍ത്തു നോക്കൂ, ഇദ്ദേഹത്തെ ടീവിയിലും മറ്റും കണ്ടിട്ടുണ്ടാവും”.

“അല്ല, ശരിയാണല്ലോ! നമ്മുടെ ശ്രീധരൻ സാറല്ലേ അത്? അത്ര ഫേമസ് ആയ ആളാണോ നമ്മുടെയടുത്ത് ഇങ്ങിനെ പെരുമാറിയത്?”

ഞങ്ങൾക്ക് ജീവിതം മുഴുവന്‍ ഓര്‍ക്കാന്‍ കിട്ടിയ ഒരു inspirational appointment തന്നെയായിരുന്നു അത്. ഇപ്പോള്‍ നാലഞ്ചു കൊല്ലം കഴിഞ്ഞിരിക്കുന്നു (10 August 2012). എന്നുമുള്ളില്‍ തെളിവോടെ നിറഞ്ഞു നില്‍ക്കുന്നതും ഒരു ബ്ലോഗിലൂടെപോലും പങ്കുവയ്ക്കാന്‍ തോന്നാത്തത്ര സ്വകാര്യസ്വത്തുമായിയിരുന്നു ഇതുവരെ ഈ അനുഭവം. ഇനിയെന്‍റെ കൂട്ടുകാരും അതിനെപ്പറ്റി വായിച്ചറിയട്ടെ.

കാടാമ്പുഴയില്‍ എത്തിയപ്പോള്‍ നടയടച്ചിരുന്നു. ഒട്ടും വിഷമം തോന്നിയില്ല. പുറത്തുനിന്ന് തൊഴുതു.  സാക്ഷാല്‍ ദേവീകടാക്ഷം വേണ്ടുവോളം ലഭിച്ച ഒരാളെ കണ്ടുമുട്ടാനായല്ലോ! സുകൃതജന്മങ്ങളെ കണ്ടുമുട്ടാന്‍ ഇനിയും നമുക്കെല്ലാം അവസരങ്ങള്‍ ഉണ്ടാകട്ടെ. അല്ലേ?

Sunday, January 1, 2017

യോഗവാസിഷ്ഠം എന്ന മഹാരാമായണം – ഒരാമുഖം

 യോഗവാസിഷ്ഠം എന്ന മഹാരാമായണം – ഒരാമുഖം.

 ഡോ. സുകുമാര്‍ കാനഡ

സുപ്രസിദ്ധമായ രാമായണം, ബാലകാണ്ഡത്തില്‍, ശ്രീരാമചന്ദ്രന് വസിഷ്ഠ മുനിയില്‍ നിന്നും സുപ്രധാനമായ ശിക്ഷണം ലഭിച്ചുവെന്നും അതിനുശേഷ മാണ് രാമലക്ഷ്മണന്മാര്‍ യാഗരക്ഷയ്ക്കായി വിശ്വാമിത്രനെ അനുഗമിച്ചതെ ന്നും വാല്മീകിരാമായണത്തിലൂടെ നാം മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ രാമനെ മര്യാദാപുരുഷോത്തമനാക്കിമാറ്റിയ ആ വസിഷ്ഠോപദേശങ്ങള്‍ എന്തായിരുന്നു? അതാണ്‌ യോഗവാസിഷ്ഠം അഥവാ മഹാരാമായണം എന്ന മഹത്തും ബൃഹത്തുമായ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

എന്തുകൊണ്ടാണിത് മഹാരാമായണമാവുന്നത്? വാസ്തവത്തില്‍ രാമാ യണത്തെക്കാള്‍ ബൃഹത്തായ ഒരു കൃതിയാണ് യോഗവാസിഷ്ഠം. ആഴത്തി ലും പരപ്പിലും വാല്മീകി രാമായണത്തിനേക്കാള്‍ വലുതത്രേ ഇത്. രാമായ ണം രാമന്റെ അയനമാണ്- അദ്ദേഹത്തിന്‍റെ ജീവിതത്തിന്റെ അനിതരദൃശ്യങ്ങളായ സാഹസികതകളും സംഭവങ്ങളുമാണതിലെങ്കില്‍ യോഗവാസിഷ്ഠ ത്തില്‍ ഉള്ളത് രാമന്റെ ആത്മീയജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്‌.

സാക്ഷാല്‍ വിഷ്ണുവിന്റെ അവതാരമെന്ന് കീര്‍ത്തികേട്ട രാമന്‍ ജനിച്ച പ്പോള്‍ എല്ലാവരെയുംപോലെ, സാധാരണക്കാരുടെമട്ടില്‍  സംസാരവ്യഥകളും ആകുലതകളും ഉള്ള ഒരു ബാലനായിരുന്നു. എന്നാല്‍ ഈ ബാലന്റെ പടി പടിയായുള്ള ആത്മീയോന്നതിക്ക് നിദാനമായത് വസിഷ്ഠമുനിയുടെ ഉപദേശ സംഹിതകളായിരുന്നു. അവയാണ് ജീവിതത്തിലെ ഓരോരോ ഘട്ടങ്ങളിലും രാമനെ നയിച്ചിരുന്നത്. മുപ്പത്തീരായിരം ശ്ലോകങ്ങളില്‍ വിശദമായി പ്രതിപാ ദിച്ചിരിക്കുന്നതും രാമായണത്തിന്റെ പിന്നിലെ കഥയെന്തെന്ന്വ്യക്തമാക്കു ന്നതുമായ   ഒരപൂര്‍വ്വകൃതിയാണിത്. യോഗവാസിഷ്ഠം ഉള്ളില്‍ പ്രതിഷ്ഠിത മല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ രാമന്‍ സദ്സ്വഭാവിയായ, ഒരു പക്ഷേ വില്ലാളിയുമായ വെറുമൊരു ഒരു രാജകുമാരന്‍ മാത്രമാകുമായിരുന്നു. വസിഷ്ഠന്റെ ഉപദേശങ്ങളില്‍ നിന്നും സ്വാംശീകരിച്ച ജ്ഞാനവിജ്ഞാനവിവേകാദികള്‍ രാമനെ ജീവിതായോധാനത്തിനെങ്ങിനെ പര്യാപ്തനാക്കിയെന്നു നമുക്ക് രാമായണവും മഹാരാമായണവും ചേര്‍ത്തുവയ്ക്കുമ്പോള്‍ മനസ്സി ലാക്കാം.

വാല്‍മീകിരാമായണം പതിനെണ്ണായിരം ശ്ലോകങ്ങളേയുള്ളൂ. എന്നാല്‍ അതിനുള്ളിലാണ് അതിന്റെ ഇരട്ടിയോളം വലുപ്പമുള്ള മറ്റൊരു ഗ്രന്ഥം ഉള്‍ക്കൊണ്ടിരിക്കുന്നത്! രാമായണത്തിനുള്ളില്‍ (മഹാഭാരതത്തില്‍ ഭഗവ ദ്ഗീതയെന്നപോലെ) ഈ കൃതി സന്നിവേശിപ്പിച്ചിരുന്നുവെങ്കില്‍ രാമായണ കഥയ്ക്ക് ഇന്നുള്ള പ്രാമുഖ്യം ഒരുപക്ഷേ ഇല്ലാതെപോകുമായിരുന്നു. മാത്രമല്ല, തത്വചിന്താപരമായ ഗഹനചര്‍ച്ചകളില്‍ ചെറിയൊരു വിഭാഗത്തിനു മാത്രമേ താല്‍പ്പര്യമുണ്ടാവാന്‍ സാധ്യതയുള്ളുവെന്ന് വാല്‍മീകിക്കറിയാ മായിരുന്നു! അതുകൊണ്ടാവണം ‘കഥ’ വേറൊന്നാക്കി, ‘കാര്യത്തെ’ തരം തിരിച്ചു വച്ചത്. എല്ലാ അനുവാചകര്‍ക്കും ആസ്വദിക്കാന്‍ വേണ്ടിയുള്ള പുരാണ കൃതിയല്ല ഇത്.  ആത്മസാക്ഷാത്കാരത്തിന്‌ ഏറ്റവും സഹായകരമായ സത്യത്തിന്റെ നേരനുഭവമത്രേ ഈ കൃതി. "ഞാന്‍ ബദ്ധനാണ്‌ എന്ന നിസ്തന്ദ്രമായ തോന്നലും, എനിയ്ക്കു മുക്തി വേണം എന്ന തീവ്രമായ ആഗ്രഹവുമുള്ളവര്‍ക്കു പഠിക്കാനുള്ളതാണ്‌ ശ്രീരാമ-വസിഷ്ഠ സംഭാഷണ രൂപത്തിലുള്ള ഈ ഗ്രന്ഥം. തികഞ്ഞ അജ്ഞാനിക്കും പൂര്‍ണ്ണവിജ്ഞാനിക്കും ഇതുകൊണ്ട്‌ പ്രയോജനമില്ല. എന്ന് വാല്‍മീകിതന്നെ ഗ്രന്ഥത്തില്‍ പ്രസ്താ വിക്കുന്നുണ്ട്. 

പടിപടിയായി വികസ്വരമാവുന്ന തത്വശാസ്ത്രങ്ങളടങ്ങിയ ആറു ഭാഗ ങ്ങളിലായാണ് മഹാരാമായണം വിഭജിച്ചിട്ടുള്ളത്. ഈ ആറുഭാഗങ്ങള്‍ രാമന്റെ ആത്മീയവളര്‍ച്ചയുടെ ആറുപടികള്‍ തന്നെയാണ്.

ആദ്യത്തെ പ്രകരണമായ വൈരാഗ്യപ്രകരണത്തില്‍ രാമന്‍ ഭൌതീക ജീവിതത്തിനോടുള്ള വൈരാഗ്യം, ഒരുപക്ഷേ വെറുപ്പുതന്നെ പ്രകടിപ്പിക്കുന്നു. തീവ്രമായ രീതിയിലാണ് ലോകത്തിന്റെ ഗതിയെപ്പറ്റിയും  ജനങ്ങള്‍ ബാല്യ-യൌവ്വന-വാര്‍ദ്ധക്യങ്ങളില്‍ നയിക്കുന്ന അര്‍ത്ഥശൂന്യമായ ജീവിതത്തെ പ്പറ്റിയും രാമന്‍ പറയുന്നത്. ഈദൃശമായ അനാസക്തി രാമനില്‍ ഉണ്ടാവുന്ന തിനു മുന്‍പും രാമന്‍ സുഖകാംക്ഷിയായിരുന്നില്ല എന്നതാണ് സത്യം. അനാസ ക്തിപരിശീലനം രാമനെ സംബന്ധിച്ചിടത്തോളം അത്ര ബുദ്ധിമുട്ടുള്ള തായിരു ന്നില്ല. ആത്മീയജീവിതത്തിന്റെ ആദ്യപടിയില്‍ അത്യാവശ്യമായി സാധകനു ണ്ടാകേണ്ട ഒരു ഗുണമാണല്ലോ അനാസക്തി.

രണ്ടാമത്തേത് മുമുക്ഷുപ്രകരണമാണ്‌. അതില്‍ രാമന് ആത്മജ്ഞാന സാക്ഷാത്കാരത്തിനായുള്ള ഉള്‍ക്കടമായ ആഗ്രഹം ഉണ്ടാവുന്നതായി നാം കാണുന്നു. അതായത് ലൌകീകമായ ആഗ്രഹങ്ങള്‍ക്ക് പകരം രാമന്റെ (സാധകന്റെ) ആഗ്രഹങ്ങള്‍ ആത്മീയമായി ഉയരുന്നതുതന്നെയാണ് മുമുക്ഷു ത്വം. തീവ്രവൈരാഗ്യത്തിലൂടെ സംസാരജീവിതത്തിന്റെ നിരര്‍ത്ഥകത മനസ്സി ലാക്കിയ സാധകന്‍ ലോകത്തെ ഒരു സാക്ഷീഭാവത്തില്‍ ലോകത്തില്‍ നിന്നും വേറിട്ട്‌ കാണുകയാണ്.    

മൂന്നാമത്തെ പ്രകരണമായ ഉത്പത്തിപ്രകരണത്തില്‍ തന്റെ ഗുരുവില്‍ നിന്നും രാമന്‍ ലോകത്തിന്റെ ഉദ്ഭവത്തെപ്പറ്റി പഠിക്കുന്നു. ബാഹ്യ മായവസ്തുക്കള്‍ എങ്ങിനെയാണ് നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നതെന്നും എന്തുകൊണ്ടാണ് വിഷയവസ്തുക്കളുടെ മാസ്മരികവലയത്തില്‍ നാം ആണ്ടുമുങ്ങിപ്പോകുന്നതെന്നും ആഴത്തില്‍ മനസ്സിലാക്കാന്‍ ഈ പ്രകരണം നമ്മെ സഹായിക്കുന്നു.

ലോകത്തെപ്പറ്റി മനസ്സിലാക്കിയശേഷം രാമന്‍ ആത്മാവില്‍ അഭിരമിക്കു ന്നതിന്റെ ചിത്രമാണ് സ്ഥിതിപ്രകരണമെന്ന നാലാം ഭാഗത്തുള്ളത്. പ്രബുദ്ധ തയില്‍ വിരാജിച്ച് ബ്രഹ്മവിലീനനായ രാമന്റെ ചിത്രമാണിവിടെ നമുക്ക് കാണാനാവുന്നത്. ശ്രീരാമന്‍ അനന്താവബോധത്തെ സാക്ഷാത്ക്കരിച്ചു സ്ഥിത പ്രജ്ഞനായ സാധകനാണിപ്പോള്‍.

അഞ്ചാമത്തെ പ്രകരണമായ ഉപശമപ്രകരണത്തില്‍ ആത്മസാക്ഷാ ത്കാരം മൂലമുണ്ടാകുന്ന ആത്മശാന്തിയെ വിവരിക്കുന്നു.

ആറാമത്തെ പ്രകരണമായ നിര്‍വാണപ്രകരണത്തില്‍ എല്ലാറ്റിന്റെയും അവസാന പടിയായ മോക്ഷമാണ് വിഷയം. വാക്കുകള്‍ക്ക് വിവരിക്കാനാ വാത്ത അവസ്ഥയെ വിവരിക്കാന്‍ ശ്രമിച്ചുപിന്‍വാങ്ങുന്ന ഗുരുവും ശിഷ്യനും ഇവിടെയുണ്ട്. എന്നാല്‍ ആ ദ്വന്ദതയ്ക്ക് പോലും അപ്പോളവിടെ നില നില്‍പ്പില്ല എന്നതത്രേ സത്യം.

 ആത്മാവ് സുദീര്‍ഘസ്വപ്നത്തില്‍

ആത്മാവ് സുദീര്‍ഘമായ ഒരു സ്വപ്നത്തിലാണെന്നും അതില്‍ നിന്നുള്ള ഉണരലാണ് ആത്മസക്ഷാത്ക്കാരമെന്നും യോഗവാസിഷ്ഠം ഉദ്ഘോഷിക്കുന്നു. സ്വപ്നത്തിലെ കാഴ്ചകള്‍ എല്ലാം അസത്താണല്ലോ. അതിലെ ഒന്നും സത്യമാവാന്‍ സാദ്ധ്യത പോലുമില്ല.

ഈ യോഗശാസ്ത്രത്തിലെ ചര്‍ച്ചകള്‍ പ്രധാനമായും ശ്രീരാമനും വസിഷ്ഠനും തമ്മിലുള്ളതാണെങ്കിലും ഇതിലെ കഥകള്‍ ചുരുളഴിയുന്നത് ഒന്നിനുള്ളിലൊന്നെന്ന മട്ടിലുള്ള അനേകം കഥകളിലൂടെയാണ്. നമ്മുടെ ജീവിതവും ഇപ്രകാരം കഥകള്‍ക്കുള്ളിലെ കഥകളാണല്ലോ.

ഒരുവസ്തുവിനായി മനസ്സില്‍ ഒരാഗ്രഹം ജനിക്കുന്നു. പിന്നീട് അതിനു ള്ള പരിശ്രമങ്ങളായി. അത് കിട്ടിയാല്‍ കുറച്ചുനേരത്തെയ്ക്ക് നമുക്കാഹ്ലാദ മായി. എന്നാലീ ആഹ്ലാദം നിലനില്‍ക്കുന്നതല്ല. അപ്പോള്‍ ആദ്യത്തേതില്‍ നിന്നും മുന്തിയ ഒരു വസ്തുവിനായി നാം ആഗ്രഹിക്കാന്‍ തുടങ്ങുകയായി. വീണ്ടും അത് നേടാനുള്ള പരിശ്രമമായി. അതുകിട്ടിയാല്‍ കുറച്ചു നേരം ആഹ്ലാദം; കിട്ടിയില്ലെങ്കില്‍ ദുഃഖം, ക്രോധം, മാനസീകക്ഷോഭങ്ങള്‍ എന്നിവ യൊക്കെയുണ്ടാവുന്നു. പെട്ടെന്ന് ഉള്ളിലൊരു കുറ്റബോധം ഉണ്ടാവുന്നു. കഷ്ടം എന്തിനാണ് ഞാനതാഗ്രഹിച്ചത്!എന്നാല്‍ ആ വസ്തുവിനോടുള്ള ആഗ്രഹം ഈ കുറ്റബോധത്തോടൊപ്പം നിലനില്‍ക്കുന്നു. ഇത് മനസ്സിനെ കുഴപ്പിക്കുന്നു. ആശയങ്ങള്‍ക്ക് തെളിമയില്ലാതെ ആകെചിന്താക്കുഴപ്പവുമായി,

ആദ്യത്തെ ആദ്ധ്യായം  വൈരാഗ്യപ്രകരണമാണെന്ന് പറഞ്ഞുവല്ലോ. ലൌകീക വസ്തുക്കളോടുള്ള താല്‍പ്പര്യവും അതിനോടുള്ള ഐകമത്യഭാവ വും ഉപേക്ഷിക്കുന്നതുവരെ നമ്മുടെ ചിന്തകള്‍ക്ക് തെളിച്ചമില്ല. ചിന്തകളിലെ ഈ മേഘപടലം മാറാതെ ജീവിതത്തില്‍ എന്താണ് നാം തേടേണ്ടതെന്നു വിശകലനം ചെയ്യാനോ ഒരു തീരുമാനത്തില്‍ എത്താനോ നമുക്ക് കഴിയുക യില്ല. ലൌകീകവസ്തുവിനോടുള്ള ആസക്തിയുള്ളിടത്തോളം കാലം എന്താണ് നമുക്ക് നേടാനുള്ളതെന്നു നാം അറിയുന്നില്ലെന്ന് മാത്രമല്ല ആ ആഗ്ര ഹത്തിന്റെ ഗുണങ്ങളില്‍ ഹിതകരമായ മാറ്റങ്ങളൊന്നും ഉണ്ടാകുവാനും പോകുന്നില്ല. രാമന് മാത്രമല്ല, എല്ലാ സാധകര്‍ക്കും ഈ ഒന്നാം പടിയായ വൈരാഗ്യപ്രകരണം ബാധകമാണ്.     

ശ്രീരാമന്‍ ഈ സ്ഥിതിയെ നല്ലൊരുദാഹരണം കൊണ്ട് വിശദമാക്കുന്നു. മുളകൊണ്ടുണ്ടാക്കിയ ഒരു കുട്ടയില്‍ എത്ര വെള്ളമൊഴിച്ചാലും അത് നിറയാന്‍ പോകുന്നില്ല. ജലമെത്ര കടന്നുപോയാലും എപ്പോഴുമാ കുട്ട കാലിയായിരിക്കും. മുളങ്കുട്ട എന്നത് ലൌകീകസുഖങ്ങളെ ആസ്വദിക്കാനുള്ള ത്വരയാണ്. എന്തെങ്കിലും നേടാനുള്ള ആഗ്രഹവും എന്തെങ്കിലും ചെയ്യാനുള്ള ആര്‍ജ്ജവവും അങ്ങിനെ കിട്ടുന്ന സന്തോഷത്തിന്റെ അവസ്ഥയില്‍ തുടരാ നുള്ള അഭിവാഞ്ഛയും നമ്മിലെല്ലാം സഹജമായി ഉണ്ടല്ലോ. കുട്ടയിലേയ്ക്ക് അനുസ്യൂതമൊഴിക്കുന്ന ജലം നമ്മുടെ പ്രവര്‍ത്തനങ്ങളെക്കുറിക്കുന്നു. അതായത് എന്തെങ്കിലുമായിത്തീരാന്‍ നാം ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ - പുരുഷാര്‍ത്ഥങ്ങളാണവ.

എന്നാല്‍ എന്താണ് അതിന്റെയൊക്കെ പരിണിതഫലം? കുട്ടയില്‍ തീരെ അവശേഷിക്കാതെ ജലമെല്ലാം ഒഴുകിപ്പോകുന്നതുപോലെ എത്ര ആഴത്തില്‍ നാമാ സ്വപ്നത്തില്‍ അഭിരമിച്ചാലും കഠിനമായി യത്നിച്ചാലും കുട്ട ഒഴിഞ്ഞുതന്നെയിരിക്കുന്നു. അതുപോലെയാണ് ക്ഷണികവും മാറിക്കൊണ്ടിരി ക്കുന്നതുമായ സ്വപ്നസുഖാനുഭവവും ലൌകീകവ്യാപാരങ്ങളില്‍ നിന്നുളവാ കുന്ന സംതൃപ്തിയും ആനന്ദവും.

ഒരിക്കല്‍ കാര്യങ്ങളെ ശരിയായി അറിഞ്ഞാല്‍പ്പിന്നെ രണ്ടാം പടിയായ മുമുക്ഷു പ്രകരണമാണ്‌. അതായത് സാധകന്റെയുള്ളിലെ ആഗ്രഹത്തിന്റെ ക്രമാനുഗതമായ പരിണാമം- അല്ലെങ്കില്‍ വളര്‍ച്ചയാണിതിലെ  പ്രതിപാദ്യം. സ്വാര്‍ത്ഥപരവും ലൌകീകവും പരിമിതവുമായ ആസക്തികള്‍ക്ക് പകരം അയാള്‍ക്കിപ്പോള്‍ ആത്മസാക്ഷാത്ക്കാരം വേണമെന്ന ആഗ്രഹമാണ്. ‘സത്വ സ്വാര്‍ത്ഥത’ എന്ന് വേണമെങ്കില്‍ അതിനെ വിളിക്കാം. സ്വയം ഉന്നതനാ വാനുള്ള ആഗ്രഹമാണത്. ഉദ്ധരേത് ആത്മാത്മാനം... എന്നാണല്ലോ’.

നിങ്ങളൊരു സ്വപ്നം കാണുന്നു. അതില്‍ ആളുകള്‍ നിങ്ങളെയിട്ടോ ടിക്കുകയാണ്. നിങ്ങള്‍ പ്രാണനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ നോക്കുന്നു. പെട്ടെന്ന് വഴി രണ്ടായിപ്പിരിയുന്നു. താന്‍ വന്നവഴിയില്‍ നിങ്ങളെ ഓടിക്കുന്ന ആളുകള്‍ ഉണ്ടെന്നു നിങ്ങള്‍ക്കറിയാം. അതുകൊണ്ട് പിറകോട്ടോടുന്നത് ബുദ്ധിയല്ല’. അപ്പോള്‍ നിങ്ങളെന്തുചെയ്യും? ഒന്നുകില്‍ വലത്തേയ്ക്ക് അല്ലെങ്കില്‍ ഇടത്തേയ്ക്ക് ഓടി ഓട്ടം തുടരും അല്ലെങ്കില്‍ ഉറക്കമെണീറ്റ് ഈ സ്വപ്നത്തെ അവസാനിപ്പിക്കും. അല്ലെ? സ്വപ്നത്തില്‍ നിന്നുമുള്ള ഈ ഉണരല്‍ യോഗവാസിഷ്ഠത്തില്‍ വിവരിച്ചിരിക്കുന്നത് നമ്മുടെ മൂന്നാംകണ്ണ് തുറക്കുന്നതായാണ്. മൂന്നാംകണ്ണ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിവേകവി ജ്ഞാനത്തെയാണ്. ഈ വിവേകമാണ് ഒരുവനെ വൈരാഗ്യത്തിലേയ്ക്ക്, അനാസക്തിയിലേയ്ക്ക് ആനയിക്കുന്നത്.

വിവേകമെന്നാല്‍ ഏതാണ് ഉചിതം, ഏതാണ് അനുചിതം എന്നു തിരിച്ച റിയാനുള്ള കഴിവാണ്. അതൊരുവന്റെ ജീവനെ എപ്പോഴും മുന്നോട്ടു നയിക്കുന്നതാവണം. തൊട്ടാവാടിയെപ്പോലെ ക്ഷണത്തില്‍ വാടുന്ന ഒന്നല്ല വിവേകം, മറിച്ച് നിതാന്തശാശ്വതമായ അറിവിന്റെ നിറവാണത്. ഉചിത മായി വിവേകമുപയോഗിക്കുമ്പോള്‍ അത് അനാസക്തിയായി. അനാസക്തി യെന്നത് ബുദ്ധിപരമായ ഒരാശയമല്ല, മറിച്ച്, അത് ക്രമാനുഗതമായി മനസ്സിലെ ആഗ്രഹങ്ങളിലും അവയുടെ ഭാവങ്ങളിലുമുണ്ടാവുന്ന പരിണാമമാണ്. നാമിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വപ്നത്തില്‍ നിന്നും പൂര്‍ണ്ണ ജാഗ്രദിലേയ്ക്ക് നമ്മെ ഉണര്‍ത്തുക  എന്നതാണ് യോഗവാസിഷ്ഠത്തിന്റെ ആത്മീയ ലക്‌ഷ്യം. 

 കഥയിലാണ് കാര്യം!

പുരാണങ്ങളിലെയും ശാസ്ത്രഗ്രന്തങ്ങളിലെയും കഥകള്‍ക്ക് ഉപരിതലമായ ഒരു കേവലമാനവും തത്വചിന്താപരമായി ഉന്നതമായൊരു മാനവും ഉണ്ടാവും. ശാസ്ത്രഗ്രന്ഥങ്ങളില്‍ അത് കഥാപാത്രങ്ങളുടെ പേരുമായും ബന്ധപ്പെട്ടിരിക്കുന്നു. ഭാഗവതത്തിലും മറ്റും നമ്മള്‍ ഇത് കാണുന്നുണ്ട്.

യോഗവാസിഷ്ഠം തുടങ്ങുന്നത് സുതീക്ഷ്ണന്‍ എന്ന് പേരായ ഒരു ബ്രാഹ്മണന്‍ അഗസ്ത്യമഹര്‍ഷിയെക്കണ്ട് ചോദിക്കുന്ന ഒരു സംശയത്തോടെ യാണ്. അവനവന്റെ ധര്‍മ്മകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതാണോ എല്ലാമെല്ലാം ഉപേക്ഷിച്ചു സന്യാസവൃത്തി സ്വീകരിക്കുന്നതാണോ മോക്ഷത്തിനുള്ള മികച്ച മാര്‍ഗ്ഗം എന്നാണ് തീക്ഷ്ണബുദ്ധിയായ’ (സുതീക്ഷ്ണന്‍) ശിഷ്യന്റെ ചോദ്യം. ഗുരുവായ അഗസ്ത്യന്‍ ജ്വലിച്ചുനില്‍ക്കുന്ന സൂര്യനാണ്. സുതീക്ഷ്ണനില്‍ നിന്നും അഗസ്ത്യനിലേയ്ക്കുള്ള അന്വേഷണം ബുദ്ധിയില്‍ നിന്നും സഹജാവ ബോധം എന്ന ഉണര്‍വ്വിലേയ്ക്കുള്ള ശിഷ്യന്റെ ക്രമികവികാസം തന്നെയാണ്. പക്ഷികള്‍ക്ക് പറക്കാന്‍ രണ്ടു ചിറകുകള്‍ അനിവാര്യമാണ് എന്നതുപോലെ ആത്മസാക്ഷാത്ക്കാരമെന്ന ലക്ഷ്യം സാധിക്കാന്‍ കര്‍മവും ജ്ഞാനവും വേണം.’ അതായത്, ഇതില്‍ ഒന്നു പോര, രണ്ടിന്റെയും സമ്യക്കായ പരിശീലനമാണ് ആവശ്യം. അവയുടെ ക്രമീകമായ വളര്‍ച്ചയാണ് ആത്മീയത എന്ന പരമോന്നതമായ ജീവനകലയില്‍ അനാവൃതമാവുന്നത്. ഗുരുവില്‍ നിന്നും കിട്ടിയ മറുപടിയില്‍ സുതീക്ഷ്ണന്‍ പൂര്‍ണ്ണമായും തൃപ്തിയടഞ്ഞിട്ടില്ല എന്നറിഞ്ഞ ഗുരു പറഞ്ഞു, ‘ഞാനിനി നിനക്ക് അഗ്നിവേശന്റെയും കാരുണ്യ ന്റെയും കഥ പറഞ്ഞു തരാം. നിനക്കത് പ്രയോജനപ്പെടും.

അഗ്നിവേശന്റെ മകനാണ് കാരുണ്യന്‍. ചിന്താകുലനായി, മകന്‍ ദുഖിച്ചി രിക്കുന്നത് കണ്ടു പിതാവ് കാരണമാരാഞ്ഞു. ഗുരുകുലവാസവും വിദ്യാഭ്യാസവും കഴിഞ്ഞു ജ്ഞാനസമ്പന്നനായി മടങ്ങിയെത്തിയ മകനില്‍ കണ്ട ഉദാസീനത അഗ്നിവേശനില്‍ ചിന്താക്കുഴപ്പമുണ്ടാക്കി. ശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത് സ്വകര്‍മ്മം അനുഷ്ഠിച്ചു മുക്തിയടയാം എന്നാണല്ലോ! എന്നാല്‍ അതേ ഗ്രന്ഥങ്ങള്‍ തന്നെ മറ്റിടങ്ങളില്‍ പറയുന്നു, എല്ലാമുപേക്ഷിച്ചു സന്യാസിയായാല്‍ മാത്രമേ മോക്ഷഗതിയുള്ളൂ എന്ന്‍.  ഏതാണ് ശരി? ഏതാണ് എനിക്ക് കൂടുതല്‍ അഭികാമ്യം?’ ഇതാണ് കാരുണ്യന്റെ ചോദ്യം.

അഗ്നിവേശന്‍ പറഞ്ഞു, ‘ഒരു കഥയിലൂടെ നിന്റെ സംശയത്തിന് ഞാന്‍ നിവൃത്തിയുണ്ടാക്കാം’. ഒരിക്കല്‍ സുരുചി എന്ന് പേരായ ഒരപ്സരസ്സ് ഹിമാലയത്തില്‍ ചിന്താമഗ്നയായി ഇരിക്കുകയായിരുന്നു (സദ്‌രുചിയാണ വള്‍ക്കുള്ളത്. അത് സത്സംഗത്തിനുള്ള വാസന തന്നെയാണ്). അതുവഴി ആകാശമാര്‍ഗ്ഗം പറന്നു പൊയ്ക്കൊണ്ടിരുന്ന ഇന്ദ്രന്റെ ദൂതനായ ദേവദത്തനെ പിടിച്ചു നിര്‍ത്തി സുരുചി ചോദിച്ചു: എവിടേക്കാണ് യാത്ര?’ അയാള്‍ പറഞ്ഞു: നല്ല ചോദ്യം, ഞാന്‍ അരിഷ്ടനേമിയുടെ അടുക്കല്‍ നിന്നാണ് വരുന്നത്. അദ്ദേഹത്തിന്‍റെ കഥ കേള്‍ക്കേണ്ടതാണ്! ഞാന്‍ പറയാം!

അരിഷ്ടനേമി ഉത്തമനായ ഒരു രാജാവായിരുന്നു. വയസ്സായപ്പോള്‍ അദ്ദേഹം രാജ്യഭാരം മക്കളെ ഏല്‍പ്പിച്ചു സന്യാസം സ്വീകരിച്ചു. ആയിരക്കണക്കിന് വര്‍ഷം കഠിനതപം ചെയ്ത് ആത്മീയോന്നതി പ്രാപിച്ച അദ്ദേഹത്തെ ദേവലോകത്തേയ്ക്ക് ക്ഷണിക്കാന്‍ ഇന്ദ്രന്‍ എന്നെ പറഞ്ഞയച്ചു. ഇന്ദ്രന്റെ ദൂതുമായി ഞാന്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹം ചോദിച്ചു: പറയൂ എന്റെ കര്‍മ്മങ്ങള്‍ക്ക് ഫലമായി എന്തെല്ലാമാണ് അവിടെ സ്വര്‍ഗത്തില്‍ എന്നെക്കാത്തിരിക്കുന്നത്?’

അപ്പോള്‍ ഞാന്‍ പറഞ്ഞു: രാജര്‍ഷേ, കര്‍മ്മഫലങ്ങള്‍ വൈവിദ്ധ്യ മാര്‍ന്നതാണ്. മാത്രമല്ല, അതിന്റെ പ്രാബല്യം കാലികവുമാണ്. അതിന്റെ ഫല സമയം കഴിഞ്ഞാല്‍ തിരികെ ഭൂമിയില്‍ വന്നു വീണ്ടും ജനിച്ചു മരിക്കണം എന്നതാണ് പ്രകൃതി നിയമം. മാത്രമല്ല ഈ സുഖ(ദുഃഖ)ഭോക്താക്കള്‍ക്കി ടയിലും അസൂയയും വഴക്കുമെല്ലാമുണ്ട്.

അങ്ങിനെയെങ്കില്‍ ഞാന്‍ അങ്ങയുടെ കൂടെ സ്വര്‍ഗ്ഗത്തേയ്ക്ക് വരുന്നില്ല. ഞാന്‍ തപസ്സു ചെയ്യുന്നത് ശാശ്വതമായ പ്രശാന്തിയ്ക്കായാണ്. വെറുതെ താല്‍ക്കാലികമായ സുഖലബ്ധിക്കായല്ല. അതെനിക്കിവിടെയും ലഭ്യമാണ്. ഇവിടെ കിട്ടാത്തതെന്താണ് അവിടെ ലഭ്യമാവുക?’

    ഞാന്‍ മടങ്ങിപ്പോയി ഇന്ദ്രനോട് വിവരം പറഞ്ഞു. ഇന്ദ്രന്‍ എന്നെ വാല്‍മീകി മഹര്‍ഷിയുടെ അടുക്കലേയ്ക്ക് പറഞ്ഞു വിട്ടിരിക്കുകയാണ്. അരിഷ്ടനേമി ആഗ്രഹിക്കുന്ന ശാശ്വതപ്രശാന്തിക്കായി എന്താണ് ചെയ്യേണ്ടതെ ന്നതിനുള്ള ഉപദേശം തേടി വാല്‍മീകി മഹര്‍ഷിയുടെ അടുത്തേയ്ക്കാണെ ന്റെയീ യാത്ര.’ 

ദേവദത്തന്‍ അരിഷ്ടനേമിയെ വാല്‍മീകി സമക്ഷം എത്തിച്ചു. അപ്പോ ഴാണ്‌ വാല്‍മീകി അരിഷ്ടനേമിയോട് യോഗവാസിഷ്ഠമെന്ന വസിഷ്ഠ-രാമ ഭാഷണം വിവരിക്കുന്നത്.

 ബുദ്ധിയില്‍ നിന്നും സഹജാവബോധത്തിലേയ്ക്ക്

ബുദ്ധിപരമായ അവലോകനങ്ങളില്‍ നിന്നും സഹജാവബോധത്തിലേയ്ക്കുള്ള പാതയിലെത്തിയ ശിഷ്യനാണ് ഏറ്റവും ഉത്തമന്‍. ബുദ്ധിപരമായ ഇടപെട ലുകള്‍ ആത്മീയ വളര്‍ച്ചയെ തടയുന്നു എന്ന് പറയുന്ന ശാസ്ത്രഗ്രന്ഥങ്ങളുണ്ട്. എന്നാല്‍ അത്തരം പ്രസ്താവനകളെ വേണ്ട രീതിയില്‍ നാം മനസ്സിലാക്കേണ്ട തുമുണ്ട്. ഈ തടസ്സം നീക്കേണ്ടത് ബുദ്ധിശക്തിയെ നിരാകരിച്ചു കൊണ്ടല്ല, പ്രത്യുത അതിന്റെ സഹായത്തോടെയാണെന്നു മാത്രം.

ഞാന്‍ എന്ന തോന്നലിലാണ് ബുദ്ധിയുടെ ഉദയം. ബുദ്ധിയ്ക്കും ഞാന്‍ എന്ന അഹംബോധത്തിനും തമ്മില്‍ നല്ല ഇഴയടുപ്പമുള്ള ബന്ധമാണ് എന്ന് നമുക്കറിയാം. അതിനാല്‍ ബുദ്ധിയെ വേണ്ട രീതിയില്‍ ദിശാബോധത്തോടെ ഉപയോഗിക്കുന്നതാണ് പ്രയോജനപ്രദം. അവനവനാത്മസുഖത്തിനാചരിക്കു ന്നവ അപരന്നു സുഖത്തിനായ് വരേണംഎന്ന് നാരായണഗുരുസ്വാമി പറഞ്ഞ ത് ഇതിനാണ്.

ബുദ്ധിയേര്‍പ്പെടുത്തുന്ന തസ്സങ്ങളെ അതിജീവിക്കാന്‍ ഗുരു-ശിഷ്യ ബന്ധ ങ്ങള്‍ക്ക് കഴിയും. ഈ ബന്ധത്തില്‍ ശ്രദ്ധാഭക്തിവിശ്വാസങ്ങള്‍ ഉണ്ട്. ഗുരുവി ന്റെ അറിവില്‍ സര്‍വ്വാത്മനാ സ്വയം സമര്‍പ്പിതമായ ശിഷ്യന്റെ മേധാശക്തി ഉചിതമായ ദിശയിലേയ്ക്ക് പൂര്‍വ്വാധികം പ്രോജ്വലത്തായി ഉന്മുഖമാകുന്ന താണ് ഗുരു-ശിഷ്യ ബന്ധത്തിന്റെ സഫലത.

യോഗവാസിഷ്ഠത്തിന്റെ തുടക്കത്തിലുള്ള കഥകളുടെ ഉള്‍പ്പിരിവുകള്‍ എല്ലാം ഗുരു-ശിഷ്യ ബന്ധത്തിന്റെ വിവിധ തലങ്ങളെ നമുക്ക് കാണിച്ചു തരുന്നു. സുതീക്ഷ്ണന്‍ ശിഷ്യരിലെ ഏറ്റവും ഉന്നതനാണ്. ആകുലചിത്തനായ കാരുണ്യന്‍ ശിഷ്യഗണത്തില്‍ രണ്ടാമനാണ്. അഗ്നിവേശനാകട്ടെ പ്രോജ്വലി ക്കുന്ന അഗ്നിയുടെ മൂര്‍ത്തിമദ്ഭാവമാണ്. അഗ്നിവേശന്‍ കാരുണ്യനെ സമീപിക്കുന്നതിലൂടെ ചിത്തശുദ്ധീകരണത്തിനായി അഗ്നിപ്രഭാപൂരിതമായ പരമബോധം എങ്ങിനെ സഹായിക്കുന്നു എന്ന് നമ്മെ കാണിക്കുകയാണ്. രാജയോഗത്തിലൂടെയാണ് കാരുണ്യന്റെ ദുഖത്തിന് നിവൃത്തിയുണ്ടാക്കാ നാവുക. സുതീക്ഷ്ണന്‍ ഗുരുവിനെ സമീപിച്ചത് ആത്മീയോപദേശത്തിനായി രുന്നുവെങ്കില്‍ കാരുണ്യയെ പിതാവ് സമീപിച്ചത് (ഗുരു ശിഷ്യനെ സമീപി ക്കുന്നു!) അവന്റെ ദുഖത്തിന് അറുതി വരുത്താനായിരുന്നു.

മൂന്നാമത്തെ കഥയില്‍ സുരുചിയും ദേവദത്തനുമാണ്. സുരുചിയ്ക്ക് ഉത്തമായതിനോടു നല്ല അഭിരുചിയുള്ളതുകൊണ്ടാണ് ദേവദത്തനെ കണ്ടെ ത്തി അയാളോടു സംസാരിക്കുന്നത് തന്നെ. തുടക്കത്തില്‍ അതൊരു മനോവികല്‍പമായിരുന്നിരിക്കാം എങ്കിലും ആ അന്വേഷണം അവളെയും ആത്മീയതയുടെ പാതയിലെത്തിച്ചു. ഭക്തിയുടെ പാതയില്‍ സാധകന്‍ തന്റെ മനോകാമനകളെ സമ്യക്കായി ചേര്‍ത്തുവയ്ക്കേണ്ടതെങ്ങിനെയെന്നു സുരുചി നമുക്ക് കാട്ടിത്തരുന്നു. ആത്മീയപാതയിലെ സാധകരുടെ കൂട്ടത്തില്‍ മൂന്നാമ ത്തെ ഗണമാണ് സുരുചി.

അരിഷ്ടനേമി സ്വര്‍ഗ്ഗം പോലും വേണ്ടെന്നു വെച്ചാണ് വാല്‍മീകിയ്ക്ക് ശിഷ്യപ്പെട്ടു ആത്മീയതയെ സ്വീകരിക്കുന്നത്. അരിഷ്ടനേമിയെന്നാല്‍ ദുഷ്ടതയെ ഇല്ലാതാക്കുന്നവന്‍, രജസ്സിന്റെ പ്രതീകം. വാല്‍മീകിയോ, ശുദ്ധസത്വത്തിന്റെ മൂര്‍ത്തരൂപം.

 ശ്രീരാമനും വസിഷ്ഠമുനിയും

കഥയിലെ പരമോന്നതപീഠത്തില്‍ നടക്കുന്ന ജ്ഞാനദാനം മൂര്‍ത്തമായ ആത്മാവും അമൂര്‍ത്തമായ പരമാത്മാവും തമ്മിലാണ്. ശ്രീരാമന്‍ മൂര്‍ത്ത ഭാവത്തിലുള്ള ആത്മസ്വരൂപത്തിന്റെ പ്രതീകമാവുമ്പോള്‍ വസിഷ്ഠന്‍ ആത്മാവിന്റെ പരമോന്നതതലത്തിലെ പൂര്‍ണ്ണമുക്തിയുടെ പ്രതീകമാണ്. ആത്മാവിന്റെ സാക്ഷാത്ക്കാരം ഈ രണ്ടും തമ്മിലുള്ള ആപേക്ഷികാന്തരം സത്യമല്ലായിരുന്നുവെന്നുള്ള അറിവിലാണ്. ഉത്തമശിഷ്യനാണ് രാമന്‍. വസിഷ്ഠന്‍ ഉത്തമഗുരുവും. ആത്മീയത വികസ്വരമാകുന്നതിന്റെ വൈവി ദ്ധ്യമാര്‍ന്ന മാര്‍ഗ്ഗങ്ങളും അവയുടെ പ്രത്യേകതകളും നമുക്കിതില്‍ കാണാം. മാത്രമല്ല ഇതിലൂടെ പലവിധത്തിലുള്ള സാധകരെയും മഹര്‍ഷി നമുക്കായി പരിചയപ്പെടുത്തുന്നുണ്ട്. ആ സാധകരുടെ മനസ്സില്‍ നടക്കുന്ന ആന്തരീക വ്യാപാരങ്ങളും ക്രമീകമായ വളര്‍ച്ചയും നമുക്ക് വഴികാട്ടികളാണ്.

യോഗവാസിഷ്ഠ രചനയ്ക്ക് കാരണമായി വാല്‍മീകി മറ്റൊരു ഗുരു-ശിഷ്യ കഥകൂടി പറയുന്നുണ്ട്. പ്രചുരപ്രചാരമുള്ള രാമകഥ- രാമായണം എഴുതിയിട്ടത് തന്റെ ശിഷ്യനായ ഭാരദ്വാജനെ കേള്‍പ്പിച്ചപ്പോള്‍ അതില്‍ അതീവസന്തുഷ്ടനായ ഭരദ്വാജന്‍ അത് ബ്രഹ്മാവിനെ കേള്‍പ്പിച്ചുവത്രേ. കഥകേട്ടു സംതൃപ്തനായ ബ്രഹ്മാവ്‌ ഭാരദ്വാജന് വരവും നല്‍കി. സകലര്‍ക്കും സംസാരത്തില്‍ നിന്നും കരകയറാനുള്ള, മുക്തിമാര്‍ഗ്ഗത്തിനുള്ള, ഉപദേശമാണ് ഉത്തമനായ ഭരദ്വാജന് ചോദിക്കാനുണ്ടായിരുന്നത്. ശ്രീരാമ-വസിഷ്ഠ സംവാദ രൂപത്തില്‍ ബ്രഹത്തായ ഒരു ശാസ്ത്രഗ്രന്ഥം രചിക്കാന്‍ താന്‍ ആവശ്യ പ്പെടുന്നുവെന്ന് അറിയിക്കാന്‍ ബ്രഹ്മാവ്‌ അദ്ദേഹത്തെ നേരെ വാല്‍മീകിയുടെ അടുത്തേയ്ക്ക് പറഞ്ഞയച്ചു. അങ്ങിനെയാണ്  ബ്രഹ്മാവിന്റെ ആജ്ഞ ശിരസാ വഹിച്ച വാല്‍മീകി മോക്ഷദായകമായ ഈ കൃതി നമുക്ക് സമ്മാനിച്ചത്. 

"കാകതാലീയം" എന്നൊരു കല്‍പന ഇതില്‍ പലയിടത്തും കാണാം. ഒരു കാക്ക തെങ്ങോലയില്‍ ഇരിക്കുന്ന അതേമാത്രയില്‍ത്തന്നെ ഒരു കൊട്ടത്തേങ്ങ കാക്കയുടെ തലയില്‍ വീഴുന്നു എന്നിരിക്കട്ടെ. രണ്ടു സംഭവങ്ങള്‍ക്കും തമ്മില്‍ കാലദേശാനുസാരിയായോ കാരണപരമായോ യാതൊരു ബന്ധവു മില്ല, എന്നാല്‍ അവ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി നമുക്കനുഭവപ്പെടുന്നു. ജീവിതവും സൃഷ്ടിയും അപ്രകാരമത്രേ. എന്നാല്‍ മനസ്സ്‌ സ്വയംകൃതമായ യുക്തിയിലും ചോദ്യങ്ങളിലും കുടുങ്ങി 'എന്തുകൊണ്ട്‌?', 'എവിടെ നിന്ന്' എന്നെല്ലാം അന്വേഷിച്ച് സ്വയം സംതൃപ്തിപ്പെടാന്‍ വേണ്ടി ചില ഉത്തരങ്ങളും  കണ്ടെത്തുന്നു. എന്നാല്‍ ഉള്ളില്‍ അപ്പോഴും ബുദ്ധിക്ക്‌ അലോസരമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഒരു ബാധപോലെ നമ്മില്‍ അവശേ ഷിക്കുന്നു. വസിഷ്ഠമുനി ആവശ്യപ്പെടുന്നത്‌ മനസ്സിനെ അതിന്റെ വ്യാപാരങ്ങളോടെ നേരേ നിരീക്ഷിക്കാനാണ്‌. അതിന്റെ ഗതിവിഗതി കള്‍ , അനുമാനങ്ങള്‍ ,നിഗമനങ്ങള്‍ , ഫലങ്ങള്‍ എന്നിവ മാത്രമല്ല നിരീക്ഷി ക്കുക എന്ന പ്രവര്‍ത്തിയേപ്പോലും നിരീക്ഷിക്കുക എന്നാണ്‌ ആഹ്വാനം. അങ്ങിനെ അനന്തവും അവിഛിന്നവുമായ ബോധസ്വരൂപത്തെ സാക്ഷാ ത്കരിക്കാം.

സത്യം നമ്മില്‍ നിറവാകണമെങ്കില്‍ ഈ ശാസ്ത്രം ആവര്‍ത്തിച്ചു മനനം ചെയ്തു ധ്യാനിച്ച്‌ കൊണ്ടേയിരിക്കണം. രാമന്‍ പറയുന്നു: മോക്ഷം എന്നത് അറിവ് അറിവിനുള്ള വിഷയമല്ലാതെയാവുമ്പോഴാണ്.  അപ്പോള്‍ നാം ചോദിച്ചേക്കാം അപ്പോള്‍ ഇക്കാണുന്ന വിഷയങ്ങളെക്കുറിച്ചുള്ള അറിവോ’? അതെക്കുറിച്ച് മനസ്സ് പുണ്ണാക്കാതിരിക്കുന്നതാണ് ബുദ്ധി, എന്നാണ് മഹര്‍ഷിയുടെ ഉത്തരം. ഇത്‌ കൃത്യമായും മനസ്സിലായില്ലെങ്കില്‍ ഗ്രന്ഥം മുഴുവനും പഠിക്കുക. പലരീതികളില്‍ സത്യത്തെ വെളിപ്പെടുത്തിയിരി ക്കുന്നത്‌ നമ്മുടെ  മനസ്സു തുറക്കാനുതകും.

വസിഷ്ഠന്‍ പറയുന്നു: രാമാ മോക്ഷകവാടത്തിലെ നാലു ദ്വാരപാലകര്‍ ആത്മസംയമനം, അന്വേഷണത്വര; സംതൃപ്തി, സത്സംഗം എന്നിവരാണ്‌. ബുദ്ധിമാനായ സാധകന്‍ ഈ നാല്‍വരുമായി സൌഹൃദം സ്ഥപിക്കാന്‍ അനവരതം ശ്രമിച്ചുകൊണ്ടേയിരിക്കണം. അവരില്‍ ഒരാളെയെങ്കിലും തന്റെ ഉത്തമസുഹൃത്താക്കുകയും വേണം. രാമന് വസിഷ്ഠമുനി നല്‍കുന്ന ഉപദേശത്തിന്റെ സാരസംഗ്രഹം നിസ്തന്ദ്രമായ പ്രശാന്തതയില്‍ സാധകനെ എത്തിക്കുവാനായാണ്. എന്തിനാണിത്? മനോവിശ്രാന്തി എന്തിനാണ്? ഹൃദയം പ്രശാന്തമായാലും യാതൊന്നിനും ഒരു മാറ്റവുമില്ല. എന്തുകൊണ്ടെ ന്നാല്‍ സത്യം മാറ്റങ്ങള്‍ക്ക് വിധേയമല്ല.

പ്രബുദ്ധതയൊരു ബാദ്ധ്യതയല്ല!

ഞാന്‍ പ്രബുദ്ധതയാര്‍ജ്ജിക്കുന്നതിന്നു മുന്‍പ് ഒരു മരംവെട്ടിയും വെള്ളം കോരിയുമായിരുന്നു. ഇന്നിപ്പോള്‍ പ്രബുദ്ധതയില്‍ അഭിരമിക്കുമ്പോഴും ഞാനൊരു മരം വെട്ടിയും വെള്ളം കോരിയുമാണ്.പ്രബുദ്ധതയിലും ജീവിതം അനുസ്യൂതം തുടരുന്നു. മരുമരീചികയിലെ ജലം വെറും ഭ്രമമാണെന്നു തിരിച്ചറിഞ്ഞുകഴിഞ്ഞു വീണ്ടും നോക്കുമ്പോള്‍ മരുമരീചിക പുറം കാഴ്ചയില്‍ അങ്ങിനെ തന്നെയാണ്. എന്നാല്‍ പ്രബുദ്ധനില്‍ ഇഷ്ടാനിഷ്ട ങ്ങള്‍ക്കും ലാഭനഷ്ടങ്ങള്‍ക്കും പകരം ജീവസ്പന്ദനത്തോടുള്ള അകൈതവമായ കൃതജ്ഞതയും ഉറവ വറ്റാത്ത ആനന്ദമേകുന്ന ചിരന്തനപ്രകാശത്തിന്റെ നിറവുമാണെങ്ങുമെല്ലായ്പ്പോഴും പ്രഭാസിക്കുന്നത്.

ഓം സത് ചിത്     

 കടപ്പാട്: 

യോഗവാസിഷ്ഠം മൂല പരിഭാഷ: രവിപ്രകാശ് ആചാര്യ

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

ലേഖനം:സ്വാമി സൂര്യപ്രകാശസരസ്വതി,