തൃശ്ശൂര്‍ നിന്നും അതിരാവിലെ ഒരു കാർ വാടകയ്ക്കെടുത്ത് പുറപ്പെട്ടതാണ്. ഒന്‍പതുമണിക്കാണ് അപ്പോയിന്റ്മെന്റ്. വളരെ തിരക്കുള്ള ആളെയാണ് കാണാന്‍ പോകുന്നത്. പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദേട്ടന് ആദ്യമൊക്കെ തീരെ സമയമില്ല എന്ന് പറഞ്ഞുവെങ്കിലും പ്രത്യേകിച്ചു ബിസിനസ്സ് കാര്യങ്ങള്‍ ഒന്നും നടത്താനല്ല, അവധികഴിഞ്ഞ് കാനഡയിലേയ്ക്ക് മടങ്ങും മുന്‍പ് ഒന്ന് കാണാന്‍ മാത്രമാണ് എന്ന് അറിയിച്ചപ്പോള്‍ ഞായറാഴ്ചയാണെങ്കിലും വന്നുകൊള്ളാന്‍ പറഞ്ഞു. അരമണിക്കൂറാണ് അനുവദിച്ചത്.
കാറിന്റെ ഡ്രൈവര്‍ നൌഷാദ് നമ്മുടെ കുടുംബത്തിലെ ഒരംഗംപോലെയാണ്. എപ്പോഴെങ്കിലും കാര്‍ ആവശ്യമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി. സ്വന്തം വണ്ടി മറ്റ് ഓട്ടത്തിന് പോയിരിക്കുകയാണെങ്കില്‍ നമ്മുടെ കുടുംബത്തിനു പറ്റിയ മറ്റൊരാളെ പറഞ്ഞയക്കും. വല്ലാതെ തിരക്ക് കൂട്ടി വെടിമരുന്നിന് തീകൊളുത്തിയപോലെ ധൃതിക്കാരായ ഡ്രൈവര്‍മാരെ നൌഷാദ് നമ്മുടെ വീട്ടിലേയ്ക്ക് അയക്കില്ല. ഈ ഞായറാഴ്ച മൂപ്പര് തന്നെയാണ് വന്നത്. ബിന്ദുവും ഞാനും നേരത്തേ തന്നെ തയാറായി. അവളുടെ അച്ഛന്റെ മരണശേഷം അടിയന്തിരവും ബലിയിടലും മറ്റുമായി രണ്ടാഴ്ച നല്ല തിരക്കിലും ക്ഷീണത്തിലുമായിരുന്നു ഞങ്ങള്‍. എങ്കിലും ഈയൊരു സന്ദര്‍ശനം ഒഴിവാക്കാന്‍ പറ്റില്ല. ഈ അവസരം ഇനിയുണ്ടാവുമോ എന്ന് ആര്‍ക്കറിയാം?.
നേരേ പൊന്നാനിയിലേയ്ക്ക്. ‘മടങ്ങും വഴിക്ക് കാടാമ്പുഴയിലും ഒന്ന് കയറണം’ എന്ന് നൌഷാദിനോടു പറഞ്ഞിരുന്നു. “അതിനെന്താ നമുക്ക് പെട്ടെന്നു പോയി വരാം, മിക്കവാറും നടയടയ്ക്കും മുന്‍പ് തൊഴാനൊക്കും.”
രാവിലത്തെ ഭക്ഷണത്തിനൊന്നും സമയം കിട്ടിയിരുന്നില്ല. ഒന്ന് രണ്ടു ലെവൽ ക്രോസിംഗ് കിട്ടിയതിനാൽ പുറത്തുനിന്നു കഴിക്കാനും പറ്റിയില്ല. പറഞ്ഞ സമയത്തിനു രണ്ടുമിനുട്ട് മുന്‍പേ പോന്നാനിയിലെ വീട്ടിന്റെ പടിക്കലെത്തി. വഴി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയില്ല. വീടിനു വെളിയില്‍ ചെറിയൊരു സെക്യൂരിറ്റി പുരയുണ്ട്. അവിടെ ഒരാളിരുന്നു പേപ്പര്‍ വായിക്കുന്നു. വിവരം ചോദിച്ച ഉടനെ ഗേറ്റ് തുറന്നു. പടര്‍ന്നു കിടക്കുന്ന ഒരു മരത്തിന്റെ ചുവട്ടില്‍ കാര്‍ ഒതുക്കിയിട്ടോളാന്‍ പറഞ്ഞു. ഞങ്ങള്‍ വീടിന്റെ പൂമുഖത്ത് ചെന്നു കാളിംഗ് ബെല്‍ അടിക്കാന്‍ തുടങ്ങും മുന്‍പ് അദ്ദേഹം വാതില്‍ തുറന്ന് ഇറങ്ങി വന്നു. കുളിച്ച് ചന്ദനവും ഭസ്മവും തൊട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു “ഗോവിന്ദന് മെന്‍ഷന്‍ ചെയ്തിരുന്നു”
പെട്ടെന്നു തന്നെ ഞങ്ങള്‍ രണ്ടാളും സ്വയമറിയാതെ അദ്ദേഹത്തിന്റെ കാല് തൊട്ടു വന്ദിച്ചു. അതിനു മുന്‍പ് ഇതുപോലെ സ്വയമറിയാതെ വന്ദിച്ച കാലടികള്‍ സ്വാമി ചിന്മയാനന്ദയുടേതാണ്. 1993-ല്‍ കാലിഫോര്‍ണിയയിലെ പിയേര്‍സിയിലായിരുന്നു അത്. സ്വാമിജിയുടെ സമാധിക്കു മുന്‍പ്.
“വരൂ..” എന്ന് അദ്ദേഹം ഞങ്ങളെ സ്വീകരണ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. ആര്‍ഭാടം തീരെയില്ലാത്ത മുറി. കുറച്ചു പുസ്തക ഷെല്‍ഫുകള്‍, കസേരകള്‍ പിന്നെ ഭിത്തിയില്‍ ഫ്രെയിം ചെയ്ത കുറച്ചു ഫോട്ടോകള്‍. അതില്‍ അദ്ദേഹത്തിനൊപ്പം ഉള്ളവര്‍ പ്രസിഡന്റ്മാരും പ്രധാനമന്ത്രിമാരുമൊക്കെയാണ്. ഉടനെ അദ്ദേഹത്തിന്റെ ഭാര്യയും മുറിയിലേയ്ക്ക് വന്നു. അവര്‍ വാല്‍സല്യത്തോടെ ബിന്ദുവിന്റെ കൈ പിടിച്ചു. കുശലം ചോദിച്ചു.
കാനഡയില്‍ ഞങ്ങള്‍ എന്ത് ചെയ്യുന്നു എന്നെല്ലാം അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. ഓരോ ചോദ്യങ്ങളും അതിനുള്ള മറുപടിയും അദ്ദേഹം കേള്‍ക്കുന്നത് പൂര്‍ണ്ണമായ ശ്രദ്ധയോടെയാണ്. നമ്മോടു സംസാരിക്കുന്ന സമയത്ത് നാം മാത്രമേ അദ്ദേഹത്തിന്റെ മുന്നില്‍ ഉള്ളു. നമ്മള് പറയുന്ന കാര്യമാണ് അപ്പോള്‍ അദ്ദേഹത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സെല്‍ഫോണോ അതുപോലുള്ള യാതൊരു distractions-ഉം അദ്ദേഹത്തെ അലട്ടുന്നില്ല. അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം കമ്മ്യൂണിക്കേഷന്റെ കാര്യത്തില്‍ ഈ “one pointed attention” ഞാന്‍ സ്വയം പ്രാക്ടീസ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. (പലപ്പോഴും വിജയിക്കാറില്ലെങ്കിലും)
പറഞ്ഞ് വന്നപ്പോള്‍ ബിന്ദുവിന്റെ അച്ഛന്റെ മരണവൃത്താന്തവും അറിയിച്ചു. അദ്ദേഹം ഭംഗിവാക്കിലുള്ള സാന്ത്വനമൊന്നും പറഞ്ഞില്ല. “yes, it is the ripe old age to go. – I am also eighty’” എന്നാണദേഹം പറഞ്ഞത്. പിന്നെ എന്ജിനീയറിംഗ്പ്രോജക്ടുകളെപ്പറ്റിയും സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് കാര്യങ്ങളെപ്പറ്റിയും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആന്റി സ്വയം കാപ്പിയും ഇഡലിയും ഉരുളക്കിഴങ്ങ് ബോണ്ടയും ടീപ്പോയില്‍ കൊണ്ടുവന്നുവച്ചു. “ഇവിടെയിരുന്നു സംസാരിച്ചുകൊണ്ട് കഴിക്കാം”. രണ്ടാളും കൂടി നിര്‍ബന്ധിച്ച് അത് മുഴുവന്‍ ഞങ്ങളെക്കൊണ്ട് കഴിപ്പിച്ചു.
വീണ്ടും സംഭാഷണം വാല്യൂ എന്‍ജിനീയറിംഗ്, പോല്ല്യൂഷന്‍ കണ്ട്രോള്, സസ്റ്റെയ്നബിലിറ്റി എന്നിവയിലൂടെയൊക്കെ കടന്നുപോയി.
പറഞ്ഞ് വച്ചിരുന്ന അരമണിക്കൂര്‍ കഴിഞ്ഞിരുന്നു. വാച്ച് നോക്കിയ എന്നെ നോക്കി ആന്റി പറഞ്ഞു – “ഉച്ചവരെ വേറെ അപ്പോയിന്റ്മെന്റ് ഒന്നുമില്ല. ഞായറാഴ്ച വല്ലതും വായിക്കാനും മറ്റുമുള്ള സമയമാണ്”. അവിടെ ടീപ്പോയ്മേല്‍ രാവിലെ വായിച്ച് വച്ച ഭഗവദ്ഗീത തുറന്നു കിടന്നിരുന്നു.
“ഭഗവദ്ഗീതയിലും ഭാഗവതത്തിലും യോഗവാസിഷ്ഠത്തിലും എനിക്ക് താല്പര്യമുണ്ട്, അത്യാവശ്യം ട്രാന്സ്ലേഷന് ഒക്കെ ചെയ്യുന്നുണ്ട്, അതിപ്പോള്‍ ജന്മഭൂമിയില് നിത്യവും സംസ്കൃതിയില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്” എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ “ഞാനും യോഗവാസിഷ്ഠം പഠിക്കുകയാണ്. സമയമാണ് പ്രശ്നം”. കുറച്ചു നേരം വേദാന്തം പ്രാക്ടിക്കല്‍ ജീവിതത്തില്‍ എങ്ങിനെ പ്രയോജനപ്പെടും എന്നതിനെക്കുറിച്ച് വര്‍ത്തമാനം പറഞ്ഞിരുന്നു. “ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനം. അതില്‍ സ്വാര്‍ത്ഥതയുടെ പ്രശ്നമേ ഉദിക്കുന്നില്ല. കാരണം ആരാണ് ചെയ്തത് എന്നതല്ല, എന്താണ് accomplished ആയത് എന്നതാണ് കാര്യം.” വസിഷ്ഠോപദേശം നന്നായി മനസ്സിലാക്കിയും പ്രായോഗികമാക്കിയും തഴക്കം വന്നയാളുടെ ശബ്ദം എന്റെയുള്ളിലും മുഴങ്ങിക്കേട്ടു.
‘ഒരു ഫോട്ടോ എടുത്താല്‍ കൊള്ളാം’ എന്ന് പറഞ്ഞപ്പോള്‍ “അതിനെന്താ ആയിക്കോളൂ” എന്ന് പറഞ്ഞ് കുറച്ചു പടങ്ങള്‍ എടുക്കാന്‍ പോസ് ചെയ്തു. ആന്റിയെക്കൊണ്ടും ഞങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ എടുപ്പിച്ചു.
ഓരോന്ന് പറഞ്ഞ് പറഞ്ഞ് സമയം പന്ത്രണ്ടാവുന്നു. അപ്പോള്‍ സ്വയം തോന്നിയ ഔചിത്യം കൊണ്ട് മാത്രം അവിടെനിന്നും പോകാന്‍ മനസ്സില്ലാമനസ്സോടെ ഞാന്‍ എഴുന്നേറ്റു. അപ്പോള്‍ ആന്റി പറഞ്ഞു. ‘”കാനഡയില്‍ നിന്നും ഒരു ഡോ.സുകുമാര്‍ കാണാന്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍ ഇദ്ദേഹം എന്നോടു പറഞ്ഞു, “മിക്കവാറും പുതിയൊരു എന്‍ജിനീയറിംഗ് കോളേജു തുടങ്ങാനോ മറ്റോ ആയിരിക്കും വരവ്. ഇനിയിവിടെ ഒരു കോളേജും വേണ്ട, ഉള്ളത് നന്നായി നടത്തിയാല്‍ മാത്രം മതി എന്ന് പറഞ്ഞ് നമുക്കയാളെ പെട്ടെന്നു പറഞ്ഞ് വിടാം”. അത് കേട്ട് അദ്ദേഹത്തിനും ചിരി വന്നു.
“ജീവിതത്തിലും പ്രഫഷനിലും നല്ലബുദ്ധി തോന്നാന്‍ അനുഗ്രഹിക്കണം” എന്ന് മനസ്സിൽ പറഞ്ഞ് ഞങ്ങള്‍ ഒന്ന്കൂടി അദ്ദേഹത്തിന്റെ കാല്‍തൊട്ടു വണങ്ങി പുറത്തു കടന്നു. അദ്ദേഹവും കൂടെ വന്ന് ഞങ്ങളെ യാത്രയാക്കി. നൌഷാദിനോട് കുശലം ചോദിച്ചു. ‘കാപ്പി കുടിച്ചില്ലേ?” കാര്‍ പിറകോട്ടെടുക്കാന്‍ അദ്ദേഹം തന്നെ കൈകൊണ്ട് ഡയറക്ഷൻ കാണിച്ചുകൊടുത്തു.
മടങ്ങുമ്പോള്‍ നൌഷാദ് ചോദിച്ചു. “ആരാണദ്ദേഹം? അദ്ദേഹം മാത്രമല്ല, അവിടെ എനിക്ക് കാപ്പി തരാന്‍ വിളിച്ച ജോലിക്കാരന് പോലും എത്ര വിനയത്തോടെയാണ് സംസാരിച്ചത്? ‘ഒരു കാപ്പി മാത്രം ഇങ്ങു പുറത്തേയ്ക്ക് തന്നാല്‍ മതി’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത്, ‘ഏയ് അത് പറ്റില്ല, അകത്തു മേശപ്പുറത്ത് വച്ച് കസേരയില്‍ ഇരുത്തിവേണം ഭക്ഷണം കൊടുക്കാന്‍ എന്ന് ഇവിടെ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ അദ്ദേഹത്തിന് ഇഷ്ടമാവില്ല.”
“നൌഷാദേ, ഒന്നോര്‍ത്തു നോക്കൂ, ഇദ്ദേഹത്തെ ടീവിയിലും മറ്റും കണ്ടിട്ടുണ്ടാവും”.
“അല്ല, ശരിയാണല്ലോ! നമ്മുടെ ശ്രീധരൻ സാറല്ലേ അത്? അത്ര ഫേമസ് ആയ ആളാണോ നമ്മുടെയടുത്ത് ഇങ്ങിനെ പെരുമാറിയത്?”
ഞങ്ങൾക്ക് ജീവിതം മുഴുവന്‍ ഓര്‍ക്കാന്‍ കിട്ടിയ ഒരു inspirational appointment തന്നെയായിരുന്നു അത്. ഇപ്പോള്‍ നാലഞ്ചു കൊല്ലം കഴിഞ്ഞിരിക്കുന്നു (10 August 2012). എന്നുമുള്ളില്‍ തെളിവോടെ നിറഞ്ഞു നില്ക്കുന്നതും ഒരു ബ്ലോഗിലൂടെപോലും പങ്കുവയ്ക്കാന്‍ തോന്നാത്തത്ര സ്വകാര്യസ്വത്തുമായിയിരുന്നു ഇതുവരെ ഈ അനുഭവം. ഇനിയെന്റെ കൂട്ടുകാരും അതിനെപ്പറ്റി വായിച്ചറിയട്ടെ.
കാടാമ്പുഴയില്‍ എത്തിയപ്പോള്‍ നടയടച്ചിരുന്നു. ഒട്ടും വിഷമം തോന്നിയില്ല. പുറത്തുനിന്ന് തൊഴുതു. സാക്ഷാല്‍ ദേവീകടാക്ഷം വേണ്ടുവോളം ലഭിച്ച ഒരാളെ കണ്ടുമുട്ടാനായല്ലോ! സുകൃതജന്മങ്ങളെ കണ്ടുമുട്ടാന്‍ ഇനിയും നമുക്കെല്ലാം അവസരങ്ങള്‍ ഉണ്ടാകട്ടെ. അല്ലേ?
ശരിയാണ് ബാബുചേട്ടാ..... metro man ശ്രീധരന് എന്ന അപൂര്‍വ്വ മനുഷ്യനെ കാണണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു......സുകൃതജന്മങ്ങളെ കണ്ടുമുട്ടാന്‍ എല്ലാവര്ക്കും അവസരങ്ങള്‍ ഉണ്ടാകട്ടെ......!!
ReplyDeleteyes. you are correct.
ReplyDeletewell written.....God bless <3
ReplyDeleteഅഭിനന്ദനങ്ങൾ നന്നായി വിവരിച്ചിരിക്കുന്നു. സുകൃതം ചെയ്ത ആൾക്കാരെ കാണാനും സുകൃതം ചെയ്തിരിക്കണം. നിങ്ങളും ഭാഗ്യവാൻ തന്നെ എന്നതിൽ സംശയം ഇല്ല ...ചന്ദ്രശേഖരൻ
ReplyDeleteഅദ്ദേഹം ലോകസുകൃതം! കാണാന്‍ സാധിച്ചത് താങ്കളുടെ സുകൃതം! ഇത് വായിക്കാന്‍ സാധിച്ചത് വായനക്കാരുടെ സുകൃതം! സുകൃതേ സുക്രുതോത്പത്തി! എന്റെ കണ്ണില്‍ സുക്രുതത്തിന്റെ വേലിയേറ്റം!
ReplyDeleteGreat and gifted gentleman .
ReplyDeleteBhagavad gita is his power
This comment has been removed by the author.
ReplyDelete