Tuesday, August 2, 2011

മധുരം മധുരം മലയാളം - ഏഴുത്തശ്ശന്‍, മലയാണ്മയുടെ അക്ഷരമണിദീപം

മധുരം മധുരം മലയാളം 
ഏഴുത്തശ്ശന്‍, മലയാണ്മയുടെ അക്ഷരമണിദീപം
ഡോ. എ.പി. സുകുമാര്‍

Mathrubhumi link:
http://www.mathrubhumi.com/books/special/ramayanam/article.php?id=200438

എഴുത്തശ്ശന്‍ മലയാളത്തിന്റെ പിതാവാണ്‌. മലയാളസാഹിത്യത്തിലെ അനശ്വരകൃതികളുടെ രചയിതാവ്‌. സാഹിത്യ കുതുകികളുടെ മണിദീപം. ഉണ്മയുടെ ഉദാത്തമായ എല്ലാ സാഹിതീ കവനങ്ങളും സാധാരണക്കാരന്‌ ഒരുകാലത്ത്‌ ചിലര്‍ അന്യമാക്കിവെച്ചിരുന്നുവല്ലോ. ആയതാകട്ടെ ദേവഭാഷയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കാലത്ത്‌ ആ വിജ്ഞാന സാഗരത്തെ മുഴുവനും നാട്ടുഭാഷയുടെ കോരികയില്‍ കോരിയെടുത്ത്‌ ഓരോ അക്ഷരത്തിനും ചേര്‍ന്ന മട്ടില്‍ അര്‍ത്ഥ ഗഹനവും കാവ്യ സമ്പന്നവും ആയ ഹരിനാമകീര്‍ത്തനം നമുക്ക്‌ തന്നത്‌ തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തശ്ശന്‍ ആയിരുന്നു. അക്ഷരമാലാക്രമത്തില്‍ ഓരോ അക്ഷരത്തില്‍ ആരംഭിക്കുന്ന ഹരിനാമകീര്‍ത്തനത്തില്‍ വേദാന്ത സാരസര്‍വ്വസ്വവും വേദോപനിഷദ്‌ സത്യങ്ങളും അടങ്ങിയിരിക്കുന്നു. 'അര്‍ക്കാനലാദി വെളിവൊക്കെ ഗ്രഹിക്കാനും കണ്ണിന്നുകണ്ണു മനമായതിന്റെ പൊരുള്‍' നമുക്കു പകര്‍ ന്നു തരാനും എഴുത്തശ്ശനു കഴിഞ്ഞതു കൊണ്ടാണ്‌ ഇന്നും മലയാളം നിലനില്‍ക്കുന്നത്‌. "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍" തീര്‍ക്കാന്‍ എന്തുചെയ്യണമെന്ന് നമ്മെ പഠിപ്പിച്ചത്‌ ആ മഹാനുഭാവന്‍ ആണല്ലോ.

ഹരിനാമ കീര്‍ത്തനം പാടി ഹരിയുടെ
ഹൃദയാന്തരേ വസിക്കും ഗുരുവരന്‍
ഹരി ശ്രീ എഴുതിച്ചെഴുത്തിന്റെ അച്ഛന്‍
തരുമക്ഷരത്തിന്‍ തണലെന്‍ മനസ്സില്‍
വിരിക്കേണമന്‍പൊടു വസിക്കേണമുള്ളിലൊ-
രക്ഷരാതീതപ്പൊരുളിന്‍ പ്രഭാവം

അക്ഷരാതീതമായതിന്റെ ഉള്‍പ്പൊരുള്‍, വേദമാതാവിന്റെ സ്തന്യം കറന്നെടുക്കാന്‍ നാശമില്ലാത്തതായ അക്ഷരത്തിന്റെ മാര്‍ഗ്ഗമാണ്‌ പണ്ഡിതനും പാമരനും, ബ്രാഹ്മണനും ശൂദ്രനും, അഭികാമ്യമെന്നു തെളിച്ചു പറയാതെ പറഞ്ഞ സംസ്കാരീക വിപ്ലവകാരിതന്നെയാണ്‌ തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തശ്ശന്‍. തമിഴ്‌ മക്കളും അവിടെയുള്ള ആദീനങ്ങളുമാണല്ലോ എഴുത്തശ്ശനെ താനാക്കിയ പള്ളിക്കൂടങ്ങള്‍.
"തമിഴിന്‍ തായ്മൊഴി പാതി
അച്ഛനാം വേദഭാഷ മറുപാതി
ഹരി പ്രഭയേകും ഭാവ വിശേഷ-
ക്കുളിര്‍ മഴ തൂകിയ മലയാളം"
അങ്ങിനെ പിറവിയെടുത്തു. അവര്‍ നല്‍കിയ ആതിഥ്യത്തിനു സ്മരണയായി മലയാളമെന്ന ഒരു പുതു ഭാഷാ പദ്ധതിയുണ്ടാക്കിയപ്പോള്‍ യഥേഷ്ടം തമിഴും സംസ്കൃതവും കലര്‍ത്തിത്തന്നെയാണ്‌ അന്‍പൊത്തൊന്നക്ഷരാളിയായ ഭാഷാദേവിയെ അദ്ദേഹം മലയാളമായി ചിരപ്രതിഷ്ഠ നടത്തിയത്‌.

ഹരിനാമകീര്‍ത്തനത്തില്‍
"ഋതുവായപെണ്ണിനും ഇരപ്പനും ദാഹകനും പതിതനും അഗ്നിയജനം ചെയ്ത പൂരുഷനും അരുതാത്തതല്ല ഭഗവല്‍ നാമങ്ങള്‍" എന്നു പറയുന്നിടത്ത്‌ ഒരു വിപ്ലവ നേതാവിലും വീര്യം കുറയാത്ത ഒരു സാത്വീക നേതാവിനെയാണ്‌ നാം കാണുന്നത്‌. ഇപ്പറഞ്ഞകൂട്ടരെയെല്ലാം ഒരുപോലെ കണക്കാക്കപ്പെടുന്ന ഒരു സമതലം വേദാന്ത നിഷ്യന്തിയായ സനാതനധര്‍മ്മമാണെന്ന്, ഇവിടെ മഹാ ബ്രഹ്മണനും ചുടലയിലെ തീയെരിക്കുന്നവനും ഋതുമതിയായ സ്ത്രീയും, കീഴ്ജാതിക്കാരനും അന്തിമവിശകലനത്തില്‍ ഒന്നാണെന്ന് ലളിതമായി അദ്ദേഹം പറഞ്ഞു വെച്ചു.

മഹത്തും അദ്വയവും ആയ വേദാന്തതത്ത്വം മനസ്സിലാക്കാനായി തന്റെ മുന്നിലെത്തിയ മഹിളാമണിയ്ക്ക്‌ ചിന്താരത്നം എന്ന പേരില്‍ ഒരു സദ്‌ ഗ്രന്ഥം രചിച്ചു നല്‍കിയ എഴുത്തശ്ശന്‍ തന്റെ കൃതി ഉപസംഹരിക്കുന്നത്‌ എങ്ങിനെയെന്നു നോക്കുക:

മംഗല ശീലേ ബാലേ നിനക്കു ബോധിപ്പാനാ-
യിങ്ങനെ ചൊന്നേന്‍ പരിഭാഷയായാത്മ തത്ത്വം
എന്നുടെ ഗുരുവരന്തന്നുടെ കാരുണ്യത്താല്‍
നന്നെന്നു സമസ്തരും ബോധിച്ചു വഴിപോലെ
സമ്മതിക്കണമതിന്നായഹം ഗുരുവരം
പിന്നെയും മുഹുര്‍മ്മുഹുരഞ്ജലി ചെയ്തീടുന്നേന്‍
ഭാഷയെന്നോര്‍ത്തു നിന്ദാഭാവത്തെത്തേടീടൊലാ
കാവ്യ നാടകാദികള്‍ ധരിച്ച മഹാജനം
യോഷമാര്‍ക്കറിവാനായ്ക്കൊണ്ടു ഞാന്‍ ചുരുക്കമായ്‌
ഭാഷയായുര ചെയ്തേന്‍ ക്ഷമിക്ക സമസ്തരും
ചിന്തിക്കുന്തോറും സാരമുണ്ടിതിലതുമൂലം
ചിന്താരത്നമെന്നു പേരിടുന്നു ഭക്തിയോടും
സന്തതം പഠിച്ചീടുന്നവര്‍ക്കു ബന്ധമറ്റു
സന്തതാനന്ദമായ സായൂജ്യമനുഭവം

തന്റെ കയ്യില്‍ നെല്ലിക്കപോലെ സുവിദിധമായ വേദാന്ത വിജ്ഞാനത്തെ സ്ത്രീകള്‍ ക്കു കൂടി മനസ്സിലാക്കിക്കാനാണ്‌ ഭാഷയില്‍ ചിന്താരത്നം എഴുതിയത്‌. അന്നു ഭാഷയോടു പഠിച്ചവര്‍ക്ക്‌ എത്രമാത്രം അവജ്ഞയുണ്ടായിരുന്നു എന്നും നമുക്ക്‌ ഇതില്‍ നിന്നും മനസ്സിലാക്കാം. ഇത്തരം ഒരു സമൂഹത്തിലാണ്‌ എഴുത്തശ്ശന്‍ സമൂലമായ മാറ്റം കൊണ്ടുവന്നത്‌.

കൃഷ്ണനാമാചാര്യ രാമാനുജന്‍ മഹാ കാവ്യ
കൃതന്‍ നാമകുല ഗേഹാദ്യതീതന്‍
ബോധഹീനന്മാര്‍ക്കറിവാനറിവിന്റെ
വാതായനം തുറന്നന്‍പുറവാര്‍ന്നവന്‍
ഏവനുമേതുനേരത്തുമെന്നും ഹരിനാമ
രാസായനം കാവ്യ ഗവ്യമായ്‌ നല്‍കി
വര്‍ണ്ണത്തിമിരമെഴുത്താണിയാല്‍ നീക്കി
തുഞ്ചത്തെഴുന്നോനെഴുത്തശ്ശനാശാന്‍

കുഞ്ഞുണ്ണിമാഷ്‌ പറയാറുള്ളതുപോലെ എഴുന്നോനാണ്‌, ഉയര്‍ന്നവനാണ്‌ എഴുത്തശ്ശന്‍.

ജാതിനാമാദി ഗുണങ്ങള്‍ക്കതീതം
കാല ദേശാതി നിലകള്‍ക്കുമപ്പുറം
ആദ്യക്ഷരം മുതല്‍ ആദി പരം പൊരുളാ-
ത്മനി ധ്യാനിച്ചുറച്ചുണര്‍ത്തുവാനായി
അദ്ധ്യാത്മരാമായണാദി കാവ്യസമ്പത്തിനാല്‍
എത്രയും ധനികന്‍, ധന്യന്‍, ഭാഷയ്ക്കു താതന്‍

നമ്മള്‍ കുറച്ചുപേരെങ്കിലും അരിയില്‍ എഴുതി വിരലും മനസ്സുമുറച്ചു വളര്‍ന്നവരായിരിക്കും. ഇപ്പോള്‍ അരിയില്‍ മാത്രമല്ല അയ്പ്പാഡിലും ഹരിശ്രീയെഴുതാം. ഇന്റര്‍നെറ്റില്‍ രാമായണവും ഭാഗവതവും എല്ലാം വായിക്കാനും കേള്‍ക്കാനുമാവും.

അരിയില്‍ ഹരിശ്രീ എഴുതിയുറപ്പിച്ചു
കൈവിരല്‍ത്തുമ്പിലെ കൈവല്യം
അമ്പത്തൊന്നക്ഷരമാലയാല്‍ കോര്‍ത്തിട്ടൊ-
രദ്വൈതസാരത്തിന്‍ പൂമാല്യം എന്നു ഞാനെഴുതിയപ്പോഴും ആ മഹദ്‌ ഗുരുവിനെ മനസ്സാ സ്മരിച്ചിരുന്നു.

എന്റെ പരിമിതമായ അറിവിലും അഭിപ്രായത്തിലും തുഞ്ചന്റെ കിളിമൊഴിയുടെ കളകൂജനം മാധുര്യത്തിന്റെ മാസ്മരികതയിലെത്തുന്നത്‌ അദ്ധ്യാത്മരാമായണത്തിലാണ്‌. അദ്വയനും അദ്വിതീയനും അപരിമേയനും അപ്രമേയനും ആയ ശ്രീരാമനെ എത്ര സ്തുതിച്ചാലും എഴുത്തശ്ശനു മതിവരില്ല.

ശ്രീരാമ രാമ രാമ ശ്രീ രാമ ചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീ രാമ ഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ ജയ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ....

ജൂലായ്‌ മാസം 17 മുതല്‍ രാമായണ മാസം തുടങ്ങുകയാണല്ലോ.

വാല്മീകി രാമായണത്തിലെ രാമന്‍ മാനുഷീകമായ പോരായ്മകള്‍ക്ക്‌ അതീതനല്ല. എന്നാല്‍ കറതീര്‍ന്ന ഭക്തിപ്രഹര്‍ഷത്തില്‍ ഈ പോരായ്മകള്‍ ഒന്നും എഴുത്തശ്ശന്‍ സമ്മതിച്ചു തരില്ല തന്നെ. കാവ്യ സമ്പത്തിന്റെ നിലയ്ക്കാത്ത ഉറവയാണ്‌ എഴുത്തശ്ശന്റെ അദ്ധ്യാത്മരാമായണം. നവം നവങ്ങളായ പദങ്ങള്‍ ചെരാതിലേയ്ക്കു പകരുന്ന ഉരുക്കിയ നെയ്യുപോലെ കാലുഷ്യമേതുമില്ലതെ അനര്‍ഗ്ഗളമായി പ്രവഹിക്കുകയാണ്‌ രാമായണത്തില്‍ ഉടനീളം. മലയാളിയായിപ്പിറന്ന എല്ലാവരും ഉറക്കെ ചൊല്ലി ഉറപ്പിക്കേണ്ട ഒരു കൃതിയാണിത്‌. കാവ്യഗുണത്തില്‍ മാത്രമല്ല, പ്രായോഗികമായ മാനേജുമന്റ്‌ സയന്‍സ്‌, യുദ്ധ സംബന്ധിയായ കാര്യങ്ങള്‍, രാജ്യതന്ത്രം,വേദാന്തം എന്നു വേണ്ട എല്ലാ കാര്യങ്ങളിലും എഴുത്തശ്ശന്റെ അവഗാഹം രാമായണത്തിലൂടെ കാണാം.

സുപ്രസിദ്ധ സാഹിത്യകാരന്‍ ശ്രീ സി രാധാകൃഷ്ണന്‍ "തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം" എന്നൊരു സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ഒരു കൃതി എഴുത്തശ്ശന്റെ ജീവിതത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌. മലയാളികള്‍ എല്ലാവരും വായിക്കേണ്ട്‌ ഒരു കൃതിയാണിതെന്നാണ്‌ എന്റെ അഭിപ്രയം. അദ്വൈത വേദാന്തിയായ ഒരു സ്ഥിതപ്രജ്ഞന്റെ ജീവിതം കഥയില്‍ മനോഹരമായി അനാവൃതമാവുന്നു. നോവല്‍ വായിച്ചു കഴിഞ്ഞ്‌ ഞാന്‍ അദ്ദേഹത്തിനെഴുതി "ഞാന്‍ വായിച്ചിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും നല്ല പുസ്തകം ഇതാണ്‌ സര്‍, നന്ദി. നിറവിന്റെ സന്തോഷം കൊണ്ടു കണ്ണു നിറയ്ക്കുന്ന കൃതി.". അതുകഴിഞ്ഞ്‌ കുറച്ചുമാസങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും എഴുതി. "സര്‍ ഞാന്‍ എഴുത്തശ്ശന്റെ അദ്ധ്യാത്മരാമായണം മുഴുവന്‍ ഉറക്കെ രസിച്ചു വായിച്ചു. ഇനി അങ്ങയുടെ പുസ്തകത്തെ രണ്ടാം സ്ഥാനത്തേയ്ക്കു മാറ്റുകയാണ്‌. രാമായണം തന്നെയാണ്‌ ഞാന്‍ വായിച്ചിട്ടുള്ളതില്‍ ഏറ്റവും നല്ല പുസ്തകം". ഇത്തവണ ശ്രീ രാധാകൃഷ്ണന്‌ കൂടുതല്‍ സന്തോഷമാണുണ്ടായത്‌. എനിയ്ക്കു തോന്നുന്നത്‌, ഞാന്‍ കുറേ മുന്‍പ്‌ തന്നെ രാമായണം രസിച്ചു വായിച്ചിരുന്നുവെങ്കില്‍ എന്റെ എഴുത്തുകളും കവിത കുത്തിക്കുറിക്കുന്നതും എല്ലാം ഇപ്പോഴുള്ളതിലും എത്രയോ നന്നാവുമായിരുന്നു എന്നാണ്‌.

എഴുത്തശ്ശന്‍ തമിഴു നാട്ടിലെ ഒരു ആദീനത്തില്‍ നിന്നും തന്റെ ഗുരുനാഥന്റെയും സതീര്‍ത്ഥ്യരുടെയും കൂടെ ദേശാടനത്തിനു പോയി മടങ്ങുന്ന ഒരു രംഗം ശ്രീ രാധാകൃഷ്ണന്‍ വരച്ചുകാട്ടുന്നുണ്ട്‌, പിരിയാന്‍ നേരം ഗുരു ശിഷ്യനു നല്‍കിയ അനുഗ്രഹം ഉത്തരോത്തരം ഉദാത്തമായ ഒരു നിറവായിത്തീര്‍ന്നു ആ ജീവിതത്തില്‍. "നേരറിവിന്റെ നെരിപ്പോടില്‍ തീയണയാതിരിക്കട്ടെ" എന്നത്രേ ആ ഗുരുവാക്യം. ദേശാടനത്തിന്റെ ക്ഷീണം മാറ്റാനായി നടത്തിയ കായ ചികില്‍സ (പാത്തി ചികില്‍സ)യുടെ അവസാനമാണ്‌ രാമാനുജന്‍ അന്‍പത്തൊന്ന് അക്ഷരങ്ങളില്‍ തുടങ്ങുന്ന ഹരിനാമകീര്‍ത്തനവും അക്ഷരമാലയും ഉണ്ടാക്കിയതെന്നാണ്‌ ജീവചരിത്രത്തില്‍ പറയുന്നത്‌. അതെ എഴുത്തശ്ശന്റെ ചരിതം ഇപ്പോഴും ഉറവ വറ്റാത്ത പ്രചോദനങ്ങള്‍ക്ക്‌ കാരണമാവുന്നു. മലയാളസാഹിത്യത്തില്‍ എന്തെങ്കിലും ആവണമെന്നുള്ളവര്‍ക്കുള്ള കായകല്‍പ്പ ചികില്‍സയ്ക്ക്‌ ഹരിനാമകീര്‍ത്തനവും രാമായണവും തന്നെ പ്രധാന ഔഷധം.

ഇപ്പോഴും എല്ലാ നല്ല കവികളും എഴുത്തശ്ശന്റെ കവിതാ പദ്ധതിയിലെ യാത്രക്കാരാണ്‌. ആ കായകല്‍പ്പം നടത്തിയവരാണ്‌. കവിത്രയങ്ങളാകട്ടെ, ആധുനീകര്‍ തുടങ്ങി ആധുനീകോത്തരര്‍വരെയെല്ലാവരും അദ്ദേഹത്തിന്റെ കാവ്യപാത പിന്തുടരുന്നവരാണ്‌. കുമാരന്‍ ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, ജീ ശങ്കരക്കുറുപ്പ്‌, വൈ ലോപ്പിള്ളി, ഓ എന്‍ വി, കടമ്മനിട്ട സുഗതകുമാരി തുടങ്ങി പുതു തലമുറയിലെ റഫീക്ക്‌ അഹമ്മദു വരെയുള്ളവരുടെ കവിതകളില്‍ എഴുത്തശ്ശന്റെ സ്വാധീനം പ്രകടമാണ്‌. അവരെല്ലാം ആ രീതിയെ സ്വാംശീകരിച്ചവരാണ്‌.

"നിറഞ്ഞ പീലികള്‍ നിരക്കവേ കുത്തി
നിറുകയില്‍ കെട്ടി തിറമൊടു കാട്ടി
കരിമുകിലൊത്ത ചികുരഭാരവും
മണികള്‍ മിന്നിടും മണിക്കിരീടവും" ആയി നില്‍ക്കുന്ന ഉണ്ണിക്കണ്ണനെ കാണിച്ചുതരാന്‍ എഴുത്തശ്ശനോളം മറ്റാര്‍ക്കാണു സാധിച്ചിട്ടുള്ളത്‌?

കായമാം വിളക്കതില്‍ കര്‍മ്മമാം തൈ ലമൊഴി-
ച്ചായതില്‍ മനസ്സായീടുന്ന വര്‍ത്തിയുമിട്ടു
ആത്മാവാകുന്നോരഗ്നി കലര്‍ത്ത ദീപ പ്രഭ
യജ്ഞാനാന്ധകാരത്തെ കളയുമറിഞ്ഞാലും
(ചിന്താരത്നം)

എന്ന് കൃത്യമായ ഒരു മാര്‍ഗ്ഗത്തെ പ്രദാനം ചെയ്തത്‌ ആ മഹാനുഭാവനാണല്ലോ

ആധുനീകരായ നാമെത്ര വിചാരിച്ചാലും 'അക്ഷര'മായ ഈ മലയാളത്തെ ഇല്ലാതാക്കാന്‍ കഴിയില്ല എന്നു തോന്നുന്നു. അറുപതുകള്‍ മുതല്‍, കുഞ്ഞുണ്ണി മാഷിന്റെ വീക്ഷണത്തില്‍

"ജനിയ്ക്കും നിമിഷം തൊട്ടെന്‍ മകനിംഗ്ലീഷു പഠിക്കണം
അതിനായ്‌ ഭാര്യതന്‍ പേറങ്ങിംഗ്ലന്‍ഡില്‍ത്തന്നെയാക്കി ഞാന്‍" (കുഞ്ഞുണ്ണി മാഷ്‌)
എന്നഭിമാനിച്ചു വന്ന പുതുപ്പണക്കാരനും മലയാളത്തെ നശിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മലയാളത്തിലെ ഏറ്റവും വില്‍പ്പനയുള്ള പുസ്തകം ഇപ്പോഴും എഴുത്തശ്ശന്റെ രാമായണം തന്നെയാണു താനും. കാരണം വേദാന്താധിഷ്ഠിതമായ സനാതന മൂല്യത്തിന്റെ ഉദ്ഘോഷണത്തിനായാണല്ലോ എഴുത്തശ്ശന്‍ ഈ ഭാഷയെ സാക്ഷാത്കരിച്ചത്‌.

അക്ഷരാതീതത്തിന്‍ ഉണര്‍വ്വുയരാന്‍
ഹരി നാമമെഴുതിയൊരക്ഷര മാല്യം
നാവിലെ ഹരിശ്രീ ഉള്ളിലെയറിവിന്‍
ഉണര്‍ത്തുപാട്ടാക്കിയ മലയാളം
തുഞ്ചന്റെ കിളിമൊഴി മലയാളം

അക്ഷരമാലയുടെ പൂമാല്യം ഭാഷാപിതാവിന്റെ ഓര്‍മ്മയ്ക്കായി സമര്‍പ്പിച്ചുകൊണ്ട്‌, പ്രത്യാശയോടെ നിര്‍ത്തട്ടെ. നമസ്കാരം.

മധുരം മധുരം മലയാളം
മനസ്സിലൊരിത്തൊരി തിരുമധുരം
തുഞ്ചന്‍ കിളിമൊഴി മലയാളം
വഞ്ചിപ്പാട്ടിന്‍ മലയാളം

----------------------------
(ജൂലൈ 1 മുതല്‍ 4 വരെ വാഷിംഗ്ടണില്‍ നടന്ന KHNA സമ്മേളനത്തില്‍ അവതരിപ്പിച്ചത്)
ഈ ലേഖനത്തിലെ കടപ്പാടുകള്‍ രേഖപ്പെടുത്താത്ത കവിതാ ശകലങ്ങള്‍ ലേഖകന്റെ സ്വന്തം രചനകളാണ്‌.

എഴുത്തശ്ശന്റെ രാമായണം, ഭാഗവതം ആഡിയോ ബുക്കുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്‌. രാമായണമാസം പ്രമാണിച്ച്‌ മാതൃഭൂമി പത്രം രാമായണം സ്പെഷലില്‍ ഈ ആഡിയോ ബുക്ക്‌ ഉപയോഗിക്കുന്നുണ്ട്‌.
http://ramayanam.guruvayoor.com/Adhyatma%20Ramayanam.htm
http://ramayanam.guruvayoor.com/Bhagavatham%20Kilippaatt.htm 

അരിയില്‍ നിന്നും അയ്പ്പാഡിലേയ്ക്ക്‌ - ഡോക്യുമെന്ററി: യുട്യൂബില്‍ കാണാം
http://www.youtube.com/watch?v=mU8VfS4tX4o

No comments:

Post a Comment