Sunday, September 20, 2020

അന്യോഷിക്കാനുള്ള ത്വരയാണ് നമ്മെ മനുഷ്യനാക്കിത്തീർക്കുന്നത്: സ്വാമി ചിദാനന്ദപുരി

വാന്‍കൂവറില്‍ സ്വാമി ചിദാനന്ദപുരിയുമായി 

ഡോ സുകുമാര്‍ കാനഡ നടത്തിയ അഭിമുഖം.



സുകുമാര്‍: നമസ്കാരം സ്വാമിജി, വാന്‍കൂവറിലേയ്ക്ക് സ്വാഗതം. നമ്മുടെ സംസ്കാരം പടിഞ്ഞാറന്‍ ദേശങ്ങളിലേയ്ക്ക് വ്യാപരിച്ചതിന്‍റെ നാന്നി കുറിക്കാന്‍ ഭാഗ്യം ചെയ്ത ഒരു നഗരമാണ് വാന്‍കൂവര്‍. 1893ല്‍ സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയിലേയ്ക്ക് പോവുന്നതിനായി ഭാരതത്തില്‍ നിന്നും പുറപ്പെട്ടിട്ട് ആദ്യം കപ്പലിറങ്ങിയത് വാന്‍കൂവറില്‍ ആണ്. അതിനുശേഷം ഇന്നോളം നമ്മുടെ സംസ്കാരവുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ അനുസ്യൂതം നടന്നു വരുന്നു. ഇന്ന് ഞങ്ങള്‍ക്ക് സ്വാമിജിയുടെ കൂടെ ചിലവഴിക്കാന്‍ ഇപ്പോള്‍ കിട്ടിയ അവസരം വലിയൊരു ഭാഗ്യമായി കരുതുന്നു. 

സ്വാമി ചിദാനന്ദപുരി: എല്ലാവര്‍ക്കും നമസ്കാരം. സ്വാമി വിവേകാനന്ദന്‍ വിദേശത്ത് ആദ്യമായി വന്നിറങ്ങിയ സ്ഥലത്തിരുന്നു  നമ്മുടെ സംസ്കാരത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ അവസരം കിട്ടിയതില്‍ വലിയ സന്തോഷം.

സുകുമാര്‍: സ്വാമിജീ, ഗുരുവിന്‍റെ മൗനമാണ് ശിഷ്യനെ അറിവിലേക്ക് നയിക്കുന്നതെന്ന് ദക്ഷിണാമൂർത്തി സ്തോത്രത്തിലും മറ്റും പറയുന്നുണ്ടല്ലോ. അതിനെപ്പറ്റി ഒരേകദേശധാരണയുണ്ടെങ്കിലും അതിന്‍റെ ശരിയായ അർത്ഥം മനസ്സിലായിട്ടില്ല. ഒന്ന് വിശദമാക്കാമോ?

സ്വാമി ചിദാനന്ദപുരി: നാം ഗുരുപരമ്പരയിൽ ആദ്യമായി ദക്ഷിണാമൂർത്തിയെയാണ് കണക്കാക്കുന്നത്. ദക്ഷിണാമൂർത്തി തന്‍റെ ശിഷ്യരെ, മുനിമാരും ഗൃഹസ്ഥൻമാരും അടങ്ങുന്നവരെ, മൗനത്തിന്‍റെ ഭാഷയിലാണ് ഉപദേശിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ആദിമഗുരുവിന്‍റെ ഭാഷ മൗനമാണ്. ഇവിടെ നാം മനസ്സിലാക്കേണ്ടത്, മൗനത്തിലൂടെ ഉപദേശം ഉൾക്കൊള്ളാൻ ആവുന്ന ശിഷ്യനു മാത്രമേ ആ ഭാഷ വഴങ്ങുകയുള്ളു എന്നതാണ്. മൗനത്തിന്‍റെ ഉപദേശം എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയില്ല. അപ്പോൾപ്പിന്നെ മൗനത്തിന്‍റെ അടുത്ത പ്രകടിതഭാവമായിട്ട് ഓങ്കാരം വേണ്ടിവരും. ഓങ്കാരത്തിൽ നിന്നും വികസിതമായി മഹാവാക്യങ്ങൾ വേണ്ടിവരും. മഹാവാക്യങ്ങളിൽ നിന്നു വീണ്ടും വികസിതമായി വേദാന്തപഠനം വേണ്ടിവരും. തുടർന്ന് വ്യാഖ്യാനങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാം ആവശ്യമായി വരും. അവിടെനിന്ന് ഇന്നത്തെ വർത്തമാന കാലദേശങ്ങൾക്കനുസൃതമായ ദൃഷ്ടാന്തങ്ങളും വിശദീകരണങ്ങളും ഉപദേശങ്ങളും വേണ്ടിവരും. മൂലഭാവത്തിൽ ഉള്ള ഉപദേശശൈലി മൗനമാണ് എന്നതിൽ സംശയമില്ല. “മൗനം ചൈവാസ്മി ഗുഹ്യാനാം” എന്നാണല്ലോ. അതായത് രഹസ്യങ്ങളിൽ വച്ച് ഞാൻ മൗനമാകുന്നു എന്ന് ഭഗവാൻ ഗീതയിൽ പറയുന്നുണ്ട്. പക്ഷേ ആ മൗനം മനസ്സിലാകുന്നവർക്ക് മാത്രമേ അത് തെളിഞ്ഞു കിട്ടുകയുള്ളു. അതുകൊണ്ട് സാമാന്യ സമൂഹത്തോട്, എന്തിന്, ഉത്തമാധികാരികളായ ശിഷ്യന്മാരോട് പോലും മൗനഭാഷയിലല്ല ഒരു ഗുരു പറയുന്നത്, അഥവാ പറയേണ്ടത്. മറിച്ച് അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ഭാഷയിൽആ രീതിയിലാണ്. എന്നാൽ അടിസ്ഥാനപരമായി അന്യോഷകനും അന്യോഷ്യവും എന്ന ഭേദം ഇല്ലാതാവുന്ന തലത്തിൽ, അവിടെ ഗുരുവിന്‍റെ സ്വരൂപം മൗനമാണ്. അവിടെ പറയുന്നവനും പറയപ്പെടേണ്ടതും വിഭിന്നങ്ങളല്ല. കേൾക്കുന്നവനും കേൾക്കപ്പെടേണ്ടതും വിഭിന്നങ്ങളല്ല. അങ്ങിനെയുള്ള അഭേദതലത്തിൽ സ്വരൂപം തീർച്ചയായും മൗനമാണ്. പക്ഷേ ആ മൗനത്തെ മനസ്സിലാക്കാൻ കഴിയുന്ന ശിഷ്യൻ മാത്രമേ അതിനെ ഉൾക്കൊള്ളൂ. അല്ലെങ്കിൽ മൗനത്തെ അറിവില്ലായ്മയായി വായിച്ചേക്കാം. ഒരുപക്ഷെ കേൾക്കുന്ന, അല്ലെങ്കിൽ കാണുന്നയാളുടെ മനോധർമ്മമനുസരിച്ച് എന്തു വ്യാഖ്യാനങ്ങളിൽ വേണമെങ്കിലും അവര്‍ക്ക് എത്തിച്ചേരാം. അതുകൊണ്ട് ദക്ഷിണാമൂർത്തിയുടെ വിഷയത്തിൽ അവിടെ ശിഷ്യൻമാർ ആരായിരുന്നു എന്നു കൂടി നാം ചിന്തിക്കണം. അവിടെ ശിഷ്യൻമാർ ഋഷിമാരായിരുന്നു; ജിജ്ഞാസുക്കളായ ദേവതകൾ ആയിരുന്നു. അപ്പോൾ അങ്ങിനെയുള്ള ഋഷിമാർക്കും ദേവതമാർക്കുമാണ് മൗനത്തിലൂടെ ഗുരു ഉപദേശം നല്കിയത്.

സുകുമാര്‍: അപ്പോൾ അവർ തികഞ്ഞ അധികാരികൾ ആയിരുന്നു എന്നർത്ഥം. ഒരു സാധാരണ സാധകന് എങ്ങിനെയാണ് ഈ തലത്തിലുള്ള അധികാരിയാവാൻ സാധിക്കുക? സ്വാമിജി അതിലേക്കുള്ള പടിപടിയായ മാർഗ്ഗത്തെപ്പറ്റി സൂചിപ്പിക്കുകയുണ്ടായി. എങ്കിലും അതെങ്ങിനെയാണ് പ്രായോഗികമാക്കുക? എന്താണ് അതിനായുള്ള സാധനകൾ?

സ്വാമിജി: ഈ ലോകം നമ്മുടെ മുന്നിൽ തുറന്നു വച്ചിട്ടുള്ള വലിയൊരു പുസ്തകമാണ്. ജീവിതാനുഭവങ്ങൾ, നമ്മുടെ മുന്നിൽ കാണപ്പെടുന്ന ഈ പ്രപഞ്ചം, അതേ; അറ്റമില്ലാത്ത പ്രപഞ്ചം; എണ്ണമറ്റ പ്രതിഭാസങ്ങൾ; ഇതൊക്കെ നമ്മെ ചിന്തിപ്പിക്കുന്നു. എന്താണിത്? ഏതൊരു കാര്യത്തിനും കാരണമുണ്ടാവണം എന്ന ന്യായേന എന്താണിവയ്ക്ക് കാരണം? അതിനുമുപരി ഈ വൈവിദ്ധ്യത നിലനില്ക്കുമ്പോൾത്തന്നെ ഇവയെല്ലാം ഒരു നിയമത്തിന് അനുസൃതമായി നിലകൊള്ളുന്നു അല്ലെങ്കിൽ മുന്നോട്ടു നീങ്ങുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. അപ്പോൾ കാര്യകാരണബന്ധം, നിയമ്യ-നിയാമക ബന്ധം ഇതൊക്കെ ഉൾക്കൊള്ളുന്ന മനുഷ്യനെ സംബന്ധിച്ച് എപ്പോഴും കാണപ്പെടുന്നതിനപ്പുറത്തേക്കുള്ള സത്യമെന്തെന്ന് അറിയാനുള്ള ത്വര അവനിൽ സഹജമാണ്. വാസ്തവത്തിൽ എല്ലാ ശാസ്ത്രങ്ങളും തുടങ്ങുന്നത് അവിടെയാണ്. അവയെ മൗലീക ശാസ്ത്രങ്ങളെന്നും ആദ്ധ്യാത്മിക ശാസ്ത്രങ്ങളെന്നും തരം തിരിക്കേണ്ട ആവശ്യമില്ല. എല്ലാം  ശാസ്ത്രങ്ങള്‍ തന്നെ. ടെക്നോളജി അല്ല ശുദ്ധ ശാസ്ത്രം. സത്യത്തെ തേടിയുള്ള മനുഷ്യന്‍റെ അന്യോഷണം, മനുഷ്യസഹജമാണ്. അത് ഓരോരുത്തരുടെയും ബൗദ്ധിക നിലവാരത്തിനനുസരിച്ച് അവരില്‍ എത്തിപ്പെടുകയാണ്. അതവിടെത്തന്നെ  നില്ക്കും. ഒരുവന്‍ തന്‍റെയീ ജന്മത്തിൽ പ്രാഥമികമായ തലത്തിനുമപ്പുറത്തേക്ക് പോയില്ല എന്നു വരാം. മിക്കവാറുംപേർ ശാസ്ത്രശാഖകളിൽ ഏതെങ്കിലുമൊന്നിൽ അന്യോഷണം അവസാനിപ്പിക്കുന്നു. എന്നാൽ ശുദ്ധശാസ്ത്രത്തിന്‍റെ ഓരോ മേഖലയിലും അതിന്‍റെ ഉന്നതശ്രേണികളിലേക്ക് ഓരോന്നും കടന്നുകടന്ന് അതിനുമപ്പുറം എന്ത്, എങ്ങിനെ? എന്ന് തിരഞ്ഞു ചെല്ലുമ്പോൾ  അന്യോഷ്യം, അന്യോഷണം എന്നീ വേർതിരിവുകൾ ഇല്ലാത്ത ഒരു തലത്തിലേക്ക് നാം എത്തിപ്പെടാം. അവിടെയാണ് നേരത്തേ പറഞ്ഞ മൗനത്തിന്‍റെ സാംഗത്യം. അനേക ലക്ഷം പേരിൽ ഒരാൾക്കേ ആ ഒരു മൗനത്തിന്‍റെ തലത്തിൽ എത്തിച്ചേരാൻ കഴിയൂ. അതിലേക്ക് നയിക്കുന്നതിനായിട്ടാണ് ഋഷീശ്വരൻമാർ എല്ലാ ശാസ്ത്രങ്ങളേയും നമുക്ക് തന്നിട്ടുള്ളത്. എല്ലാ ശാസ്ത്രങ്ങളേയും എന്ന് അടിവരയിട്ട് പറയട്ടേ. ആദ്ധ്യാത്മശാസ്ത്രങ്ങൾ മാത്രമല്ല, ഭൗതീകശാസ്ത്രങ്ങളും ഇതിൽപ്പെടുന്നു. അവയിൽ ഒരേകാന്വയത്വം ഉണ്ട്. ഉദാഹരണത്തിന് കാമശാസ്ത്രം എടുക്കാം. കാമശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ള, ഇന്നത്തെ മനുഷ്യന് സങ്കല്പിക്കാൻ പോലും കഴിയാത്ത ഭോഗവിശേഷങ്ങളിൽ ഏർപ്പെട്ടാലും അതിൽ ഇത്രേ കാര്യമുള്ളൂ എന്നുള്ള അറിവിലേക്ക് നമ്മെ എത്തിക്കാൻ ആഴമേറിയ പഠനത്തിനു കഴിയും. അർത്ഥശാസ്ത്രം കൈകാര്യം ചെയ്യുന്ന എല്ലാ സാങ്കേതികതയും- എക്കണോമിക്സ് ആയാലും, കോമേർസ് ആയാലും, സ്റ്റാറ്റിസ്റ്റിക്സ് ആകട്ടെ, ആ വഴികളിലൂടെ എത്ര കടന്നുപോയാലും അവയില്‍ ഇത്രയേ കാര്യമുള്ളൂ എന്നുള്ള അറിവില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയും. അതുപോലെ ആയുർവേദം- അതിലെ ചര്യകൾ മുഴുവൻ പാലിച്ചാലും ഇത്രയൊക്കെ മാത്രമേ ഉള്ളൂ എന്ന നൈമിഷികതയുടെ അല്ലെങ്കിൽ അനിത്യതയുടെ ബോധനമാണ് അന്യോഷിയില്‍ ഉണ്ടാവുന്നത്. അതുകൊണ്ടാണ് സകല ശാസ്ത്രങ്ങളിലും ഒരു സത്യത്തിലേക്കുള്ള അന്യോഷണത്തിന്‍റേതായ ഏകാന്വയത്തമുണ്ടു് എന്നു പറയുന്നത്. ഏതു തലമാണെങ്കിലും ‘അതി’നപ്പുറം എന്ത്? എന്ന ജിജ്ഞാസ പൊതുവായുള്ളതാണ്. ആ ജിജ്ഞാസ കെടാതെ സൂക്ഷിച്ചാൽ ഭൗതികശാസ്ത്ര പഠനത്തിലൂടെ തന്നെ നമുക്ക് കൂടുതൽ കൂടുതൽ സൂക്ഷ്മതലത്തിലേക്ക് എത്താനും പരമമായ ഈ മൗനത്തിലേക്ക് എത്തിച്ചേരാനും സാധിക്കും. ആ രീതിയിൽ സകല ശാസ്ത്രങ്ങളും നമുക്ക് വിനിയോഗിക്കാം.

സുകുമാര്‍: നാരായണ ഗുരുസ്വാമികൾ "ആരായുകിൽ തിരകൾ നീരായിടുന്നു .... " എന്നു പറയുമ്പോൾ നമുക്ക് ആരായാനുള്ള മനസ്സുണ്ടാവുക എന്നതാണല്ലോ പ്രധാനമായി പറയുന്നത്?.

സ്വാമിജി: അതെ. ആരായുക, ചോദിക്കുക, അന്യോഷിക്കുക എന്നതാണ് പ്രധാനം. അന്യോഷിക്കാനുള്ള ത്വരയാണ് നമ്മെ മനുഷ്യനാക്കിത്തീർക്കുന്നത്. മനുഷ്യൻ എന്നു പറയുമ്പോൾ “മനു അവബോധനേ” എന്ന ധാതുവിൽ നിന്നാണ് മനുഷ്യശബ്ദം വരുന്നത്. അതായത് അറിയാനുള്ള ശേഷി. മനുഷ്യന് അറിയാനുള്ള ശേഷി എന്നുണ്ടായോ, അന്നുമുതൽ ഈ പ്രപഞ്ചം അവന്‍റെ മുന്നില്‍ ഒരു ചോദ്യചിഹ്നമാണ്. ആ ചോദ്യത്തിനുത്തരം കണ്ടെത്തുമ്പോഴാണ് ശാസ്ത്രശാഖകൾ വികസിക്കുന്നത്. ക്രമീകമായി മുന്നോട്ട് പോയി നേരത്തേ സൂചിപ്പിച്ച അന്യോഷണവും അന്യോഷ്യവും രണ്ടല്ലാതെയാവുന്ന തലത്തിലേക്ക് എത്തിച്ചേരലാണ് ലക്ഷ്യം.

സുകുമാർ: സ്വാമിജി പറയുന്നത് ആധുനിക ശാസ്ത്രം പഠിച്ച ഒരാളെന്ന നിലയ്ക്ക് logically sound ആണ്. അങ്ങിനെ വരുമ്പോൾ വിശ്വാസം അല്ലെങ്കിൽ faith ആവശുമുണ്ടോ? അതോ ഈദൃശപഠനങ്ങളിലൂടെ നാം faith ലേക്ക് എത്തിച്ചേരുകയാണോ ചെയ്യുന്നത്?

സ്വാമിജി: മനുഷ്യന്‍റെ വിശ്വാസമെന്നു പറയുമ്പോൾ അതിന് അനേകം തലങ്ങളുണ്ട്. മനുഷ്യനെന്ന പ്രതിഭാസത്തെ ആത്യന്തികമായ ആത്മാവ് എന്ന തലത്തിൽ മാത്രം കണ്ടാൽ പോര. നമുക്ക് ശരീരമുണ്ട്. ഇന്ദ്രിയങ്ങളുണ്ട്, മനസ്സുണ്ട്, ബുദ്ധിയുണ്ട്. അങ്ങിനെ വ്യത്യസ്ഥ ഉപാധികളോടുകൂടി ജീവിക്കുന്ന മനുഷ്യന്‍റെ വ്യത്യസ്ഥങ്ങളായ തലങ്ങൾ നാം പരിഗണിക്കണം. സാമൂഹിക ബന്ധങ്ങൾ. ചുറ്റുപാടുകൾ എന്നിവയെയും കണക്കിലെടുക്കുമ്പോൾ വിശ്വാസം എന്നതും പ്രാധാന്യമുള്ള കാര്യമാണ്: അതിന് പ്രത്യേകമായ ഒരു സ്ഥാനവുമുണ്ട്. കാരണം നമ്മുടെ ദൈനംദിന വ്യവഹാരങ്ങൾ എല്ലാംതന്നെ വിശ്വാസത്തിൽ അധിഷ്ഠിതമാണ്. പക്ഷേ വ്യവഹാരങ്ങൾ വിശ്വാസത്തിന്‍റെ മുകളിൽ പടുത്തുയർത്തിയിരിക്കുന്നു എന്നു പറഞ്ഞാൽ നാം വിശ്വാസത്തിൽത്തന്നെ ഇരുന്നാൽ മതി എന്നല്ല വിവക്ഷ

സുകുമാർ: വിശ്വാസം എന്നു പറയുമ്പോൾ അതിൽ സഹജമായും സംശയം ഉണ്ടാവുമല്ലോ. സംശയം ഉള്ള കാര്യങ്ങള്‍ ആണല്ലോ നമ്മെ വിശ്വസിപ്പിക്കേണ്ടതായി വരുന്നത്? അറിവുള്ള കാര്യങ്ങള്‍ വിശ്വസിക്കേണ്ടതായി ഇല്ലല്ലോ?

സ്വാമിജി: അതെ, അതു കൊണ്ടാണ് വിശ്വാസത്തെ വിജ്ഞാനത്തിന്‍റെ തലത്തിലേക്കു് ഉയർത്തുകയാണ് വേണ്ടത് എന്ന് പറയുന്നത്. അനേക ലക്ഷം പേരെ എടുത്താൽ അതിൽ ഒരു ശതമാനമായിരിക്കും വിശ്വാസത്തിന്‍റെ തലത്തില്‍ നിന്നും  വിജ്ഞാനത്തിന്‍റെ തലത്തിലേക്ക് ഉയരുന്നത്. എന്നാൽ സാമാന്യമായി പറഞ്ഞാൽ ഒരു മനുഷ്യന്‍റെ ജീവിതത്തിന് താങ്ങായി നില്ക്കുന്നത് വിശ്വാസം തന്നെയാണ്. ഒരുപടികൂടി കടന്നു പറഞ്ഞാൽ അന്ധവിശ്വാസം തന്നെയാണത്. അന്ധമായ വിശ്വാസം. ലോകവ്യവഹാരം നിലനിൽക്കുന്നത് തന്നെ അന്ധമായ വിശ്വാസത്തിന്‍റെ പുറത്താണ്. ചിലപ്പോൾ ഇപ്പറഞ്ഞതിന്‍റെ സാംഗത്യം എത്ര ആഴമേറിയതാണെന്ന് എളുപ്പം മനസ്സിലാവില്ല. പക്ഷേ ഒന്നു ചിന്തിച്ചാൽ നമുക്കറിയാൻ കഴിയും. നോക്കൂ; ലോകവ്യവഹാരങ്ങളിൽ, ഉദാഹരണത്തിന് നാം ഒരു ബസ്സിൽ, ട്രെയിനിൽ, ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ അതിന്‍റെ ഡ്രൈവറുടെ അല്ലെങ്കിൽ പൈലറ്റിന്‍റെ ക്വാളിഫിക്കേഷൻ വെരിഫൈ ചെയ്തിട്ടല്ല അതിൽ കയറുന്നത്. സെർട്ടിഫൈഡ് പൈലറ്റാണോ എന്ന് നോക്കാതെ തന്നെ നാം നമ്മുടെ ജീവൻ അവിടെ വിശ്വസിച്ച് കൊണ്ടുവയ്ക്കുകയാണ്. നാം ഒരു സിസ്റ്റത്തില്‍ വിശ്വസിക്കുന്നതുകൊണ്ടാണത്.

സുകുമാർ: പക്ഷേ ആ വിശ്വാസം ഒരറിവിന്‍റെ തലത്തിലേയ്ക്ക് ഉയർന്നതുകൊണ്ടല്ലേ നാം ആ വ്യവഹാരം ചെയ്യുന്നത്?

സ്വാമിജി: അങ്ങിനെയാവണം. അറിവിന്‍റെ തലത്തിലേക്ക് ഉയരണം. അതാണ് വേണ്ടത്. പക്ഷേ ഇവിടെയത് വെറും അന്ധവിശ്വാസം മാത്രമാണ്. ഡ്രൈവർക്ക്, പൈലറ്റിന്, സർട്ടിഫിക്കറ്റ് ഉണ്ടെന്ന് നാം അന്ധമായി വിശ്വസിക്കുകയാണ്. ലക്ഷക്കണക്കിന് ടൺ ഭാരമുള്ള ബഹുനില കെട്ടിടത്തിനുള്ളിൽ നാം ധൈര്യമായി ഇരിക്കുന്നതും ഇതേ അന്ധവിശ്വാസത്തിനാലാണ്. എൻജിനിയറിംഗ് തത്വങ്ങൾ അനുസരിച്ച് ലോഡ് ഡിസ്ട്രിബ്യൂഷൻ ഉറപ്പുവരുത്താൻ ആവശ്യമായ പില്ലറുകൾ കെട്ടിടത്തിന് ഉണ്ടാവും എന്നങ്ങ് വിശ്വസിക്കുകയാണ്. നമ്മൾ അതൊന്നും പരിശോധിക്കുന്നില്ല. അപ്പോൾ ലോകവ്യവഹാരങ്ങൾ ഒക്കെത്തന്നെ വിശ്വാസത്തിന്‍റെ പുറത്താണ് നടക്കുന്നത് എന്നർത്ഥം. നമ്മളാരും അച്ഛനെ അച്ഛാ എന്നു വിളിച്ചത് ഡി.എൻ.എ ടെസ്റ്റ് ചെയ്തിട്ടല്ല. ലോകം വിശ്വാസത്തിനു പുറത്താണ് നടക്കുന്നത്. എന്നാൽ അതിനും അപ്പുറത്തേക്ക്, ലോകത്തിന്‍റെ നിലനില്പിന്‍റെ കാരണങ്ങളിലേക്ക് നമ്മുടെ അന്യേഷണം ആഴത്തിൽ ഇറങ്ങി ചെല്ലുമ്പോൾ വിശ്വാസം കൊണ്ട് കാര്യമില്ല. ലോകത്തിന്‍റെ കെട്ടുപാടുകളെക്കുറിച്ച് പഠിക്കുമ്പോൾ വിശ്വാസത്തിൽ കുരുങ്ങി ഒതുങ്ങി നിന്നതുകൊണ്ട് കാര്യമില്ല. അവിടെ നിന്ന് മുന്നോട്ട് പോയി നോക്കിയാലേ അന്വേഷണത്വരയുണ്ടാവൂ. അപ്പോള്‍ വിശ്വാസം വെറും ഒരു തലം മാത്രമേ ആകുന്നുള്ളു എന്നറിയാനാവും.  വിശ്വാസത്തിന്‍റെ പരിമിതിയെപ്പറ്റി ബോധവാനാകുമ്പോൾ എന്ത്? എങ്ങിനെ? എന്ന ജിജ്ഞാസകള്‍ ഉണ്ടാവും. അത് ക്രമീകമായി നമ്മെ അറിവിലേയ്ക്ക് നയിക്കും. നമ്മിലെ ജ്ഞാനവിജ്ഞാന സ്രോതസ്സുകൾ തുറക്കപ്പെടും.

സുകുമാർ: സ്വാമിജിയുടെ ഉത്തരം ഭഗവദ് ഗീതയുടെ ചിന്താ പരിസരത്തേക്ക് നമ്മെ കൊണ്ടു പോവുന്നുണ്ട്. വേദാന്തത്തിന്‍റെ, ഉയർന്ന ചിന്തകളുടെ തലത്തിൽ നോക്കുമ്പോൾ ഭഗവാൻ തന്നെ പറയുന്നുണ്ട് - നിത്യ നൈമിഷികങ്ങള്‍ മാത്രമായ   നന്മകളും തിന്മകളും അനുഭവങ്ങളും എല്ലാം പെട്ടെന്നുണ്ടായി മറയുന്നവയാണ്. അതിൽ നിനക്ക് ദുഖിക്കാൻ അവകാശമില്ല – ഇത് ഗീതയില്‍ വ്യക്തമായി നമ്മെ മനസ്സിലാക്കിത്തരുന്നുണ്ട്. ഗീത പഠിക്കുമ്പോള്‍ ബൗദ്ധികമായി നമുക്ക് ഇതെല്ലാം മനസ്സിലാവുകായും ചെയ്യും. പക്ഷേ അത് അനുഭവത്തിൽ വരാനാണ് ബുദ്ധിമുട്ട്. കാരണം ഞാൻ അനുഭവിക്കുന്ന ദു:ഖങ്ങൾ ആ ഉയർന്ന തലത്തിൽ അല്ലല്ലോ. താഴ്ന്ന ഒരു തലത്തിൽ നേരിടുന്ന പ്രശ്നം ആ തലത്തിൽത്തന്നെ വേണ്ടേ പരിഹരിക്കാൻ? ഈ ലൗകീക തലത്തിൽ നേരിടുന്ന ദുഃഖത്തിന് എങ്ങിനെയാണ് ശാന്തിയുണ്ടാവുക?

സ്വാമിജി: ദുഖിക്കുന്ന ഒരാളുടെ അടുക്കലിരുന്ന് നാമും ദുഖിച്ചാൽ അത് അയാളിൽ ദു:ഖശമനം ഉണ്ടാക്കുകയില്ല. അപകടത്തിൽ പെട്ട ഒരാളെ രക്ഷിക്കാൻ ദു:ഖിച്ചതുകൊണ്ടായില്ല. സുഖമോ ദുഖമോ ആകട്ടെ, അങ്ങിനെയുള്ള വൈകാരിക തലത്തിൽ നിലകൊള്ളുന്ന ഒരാളെ ഉയർത്തിക്കൊണ്ടുവരാൻ ആതേ വികാരതലത്തിൽ വ്യവഹരിക്കുന്ന ഒരാൾക്ക് കഴിയില്ല. ഉപദേശകൻ ഒരുയർന്ന തലത്തിൽ ഇരുന്നേ മതിയാവൂ. ഭഗവാൻ പരമാർത്ഥികമായ തലത്തിൽ ഇരുന്നു കൊണ്ടാണ് ആപേക്ഷികമായ തലത്തിൽ ദുഖിക്കുന്ന മനുഷ്യനെ ഉപദേശിക്കുന്നത്. അർജുനൻ എന്ന വ്യക്തിക്ക് ആ സമയത്ത് പാരമാർത്ഥികമായ സത്യത്തെ ഉൾക്കൊള്ളാൻ കഴിയുമോ എന്നുള്ളതല്ല വിഷയം . അതിലേക്ക് അർജുനനെ ഉയർത്തുകയാണ് ഗുരുവായ ഭഗവാന്‍റെ ലക്ഷ്യം. അതുകൊണ്ടാണ് ഉപദേശങ്ങൾ കൊടുത്ത ശേഷം അവസാനം ഭഗവാൻ അർജുനനോട് ചോദിക്കുന്നത്.

“കശ്ചിദേദച്ഛൃതം പാർത്ഥ ത്വയൈകാഗ്രേണ ചേതസാ

കശ്ചിദജ്ഞാന സമ്മോഹ: പ്രനഷ്ടസ്തേ ധനഞ്ജയാ” (ഭഗവദ് ഗീത 18.72)

 “വിശദമായി ഞാൻ നിനക്ക് പാഞ്ഞു തന്ന കാര്യങ്ങളെല്ലാം നീ എകാഗ്രമനസ്സോടെ കേട്ടുവോ? അർജുനാ, നിനക്ക് അവയെല്ലാം മനസ്സിലായോ? അതോ അജ്ഞാനസമ്മോഹത്തിൽപ്പെട്ട് അവ നിന്നില്‍ നഷ്ടമായോ?” എന്നാണ് ഭഗവാന്‍ ചോദിച്ചത്.  അർജുനനില്‍ അറിവ് തെളിഞ്ഞോ എന്നറിയാനാണ് ആ ചോദ്യം. ദ്വന്ദ്വത്തിൽ അടിപ്പെട്ടിരിക്കുന്ന ഒരാളെ ഉയർത്തിക്കൊണ്ടു വരേണ്ടത് നമ്മളും ആ ദ്വന്ദ്വത്തിൽത്തന്നെ നിന്നിട്ടല്ല. അതിനുപരിയായി നിന്നിട്ടാണ് അത് സാധിക്കേണ്ടത്. പുഴയിൽനിന്ന് ‘രക്ഷിക്കണേ...’ എന്ന് കൈ നീട്ടി വിളിക്കുന്ന ഒരാളെ രക്ഷിക്കേണ്ടത് കരയിൽ നിന്ന് കൈ നീട്ടിക്കൊടുത്താണ്. അതുപോലെ വേദാന്തബോധത്തിന്‍റെ സുദൃഢമായ അടിത്തറയിൽ നിന്നുകൊണ്ടാണ് ദ്വന്ദ്വപ്രപഞ്ചത്തെ അപഗ്രഥിക്കാൻ ശ്രമിക്കുന്നതും അതിൽ ആണ്ടുമുങ്ങി നില്ക്കുന്നവനെ കരകയറ്റാൻ നോക്കുന്നതും. ഗീതയിലുടനീളം ഭഗവാന്‍റെ സമീപനം ഇങ്ങിനെയാണ്. എന്നാൽ ഗീതോപദേശത്തിനു മുൻപ് അർജുനനെ പാകപ്പെടുത്താൻ ചെയ്യുന്ന ഉപദേശങ്ങളിൽ അർജുനനെപ്പോലെയോ അർജുനനെക്കാൾ താഴേയ്ക്കോ ഭവാൻ ഇറങ്ങി ചെല്ലുന്നുമുണ്ട്. രണ്ടാം അദ്ധ്യായത്തിന്‍റെ ആദ്യഭാഗത്ത് ഭഗവാൻ ഒരു കൂട്ടുകാരനോടെന്ന പോലെ, ‘യുദ്ധത്തിൽ നിന്നും പിൻമാറുന്നതു കൊണ്ട് ഒരു യോദ്ധാവിനുണ്ടാകുന്ന പേരുദോഷം മരണത്തേക്കാൾ കഷ്ടമല്ലേ?’ എന്നൊക്കെ അർജുനനോട് ചോദിക്കുന്നുമുണ്ട്.

സുകുമാർ : ആ ഒരു ഭാഗമാണ് എന്നെ ആശയക്കുഴപ്പത്തിലാക്കിയത്. തന്റെ കടമ ചെയ്യാതെ പിന്തിരിഞ്ഞാല്‍ പേരുദോഷമുണ്ടാവും എന്നു ഭഗവാന്‍ പറയുന്നു; എന്നാൽ ‘പേരുദോഷ’ത്തിന്‍റെ ഒരു ഭൗതികതലത്തിലല്ലല്ലോ ഗീതയിലെ ഉപദേശങ്ങള്‍?.

സ്വാമിജി: ശിഷ്യന്‍റെ അത്രയും താഴേയ്ക്ക് ഇറങ്ങി വരുന്ന ഗുരുവിന്‍റെ മഹിമയാണ് നാമവിടെ കാണേണ്ടത്. അതുകഴിഞ്ഞ് ശിഷ്യനെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോയി, ക്രമീകമായി, ദ്വന്ദ്വങ്ങൾക്ക് അതീതമായ ഉയർന്ന തലത്തിലേക്ക് എത്തിച്ചാണ് ഭഗവാൻ പരമമായ ഉപദേശം നൽകുന്നത്. അതാണ് ഭഗവദ്ഗീതയുടെ ഉപദേശ ശൈലി.

സുകുമാർ: പ്രണാമം സ്വാമിജി. സ്വാമിജിയുടെ പ്രഭാഷണം കേൾക്കുന്നവരിൽ ഏറെപ്പേർ ഗൃഹസ്ഥരാണ്. അത് ഇൻഡ്യയിലായാലും മറ്റ് നാടുകളിൽ ആയാലും അങ്ങിനെയാണല്ലോ. ഗൃഹസ്ഥരായ നമ്മള്‍ നിത്യവും അവശ്യം ചെയ്യേണ്ട കാര്യങ്ങൾ ഉണ്ടെന്ന് സ്വാമിജി പ്രഭാഷണങ്ങളിൽ പറയാറുണ്ട്. സ്വാദ്ധ്യായം, അതിഥി സേവ, ഗുരുസേവ, പ്രകൃതിസംരക്ഷണം, എല്ലാം വളരെ നല്ല കാര്യങ്ങളാണ്. ഭാരതത്തിലെ കുടുംബങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളിൽ - നോർത്ത് അമേരിക്കയിലും യൂറോപ്പിലും മറ്റും ഉള്ളവർക്ക് ഇവ നിത്യവും അനുഷ്ഠിക്കുക എന്നത് എത്രമാത്രം പ്രായോഗികമാണ്?

സ്വാമിജി: സനാതന ധർമ്മസന്ദേശങ്ങളുടെ പ്രത്യേകത, അത് എല്ലാ കാലഘട്ടങ്ങളിലും എല്ലാ ദേശങ്ങളിലും ഒരുപോലെ ആചരിക്കാൻ കഴിയുന്നതാണ് എന്നതാണ്. ഏതെങ്കിലും വിശ്വാസത്തിന്‍റെയോ, കാലഘട്ടത്തിന്‍റെയോ, ദേശത്തിന്‍റെയോ പരിമിതികളില്‍ നിന്നുകൊണ്ടുള്ള ആചരണങ്ങളല്ല ഋഷിമാർ നമുക്ക് പറഞ്ഞുതന്നിട്ടുള്ളത്. അവയുടെ മഹത്വം മനസ്സിലാക്കി ആചരിക്കണം എന്നൊരു തീരുമാനം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവണം എന്ന് മാത്രം. ഗൃഹസ്ഥാശ്രമ ജീവിതം വളരെ മഹത്വപൂർണ്ണമായിട്ടാണ് ഋഷീശ്വരൻമാർ കണ്ടിട്ടുള്ളത്. അതുകൊണ്ട് ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന വിവാഹകർമ്മത്തെ വളരെ ഭവ്യമായ യജ്ഞമായാണ് നാം കാണുന്നത്. അത് രണ്ടുപേര്‍ക്ക് ഒന്നിച്ചു ജീവിക്കാനുള്ള കോൺട്രാക്റ്റ് അല്ല. അതൊരു യജ്ഞമാണ്. അത് ക്രമികമായ ഒരു യജ്ഞപദ്ധതിയുടെ ഭാഗമാണ്. വിവാഹാനന്തരമുള്ള ഗൃഹസ്ഥാശ്രമപ്രവേശ സംസ്കാരം - അതു ഷോഡശ സംസ്ക്കാരങ്ങളിലൊന്നാണ്. അതായത് യജ്ഞഭാവനയോടെ രണ്ടുപേര്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. അങ്ങിനെ ഗൃഹസ്ഥാശ്രമി, ജീവിതയജ്ഞം തുടരുകയാണ്. അത് സന്താനോൽപാദനമായാലും, സ്വത്ത് സമ്പാദിക്കലായാലും, കുടുംബത്തെ ശക്തമായി നിലനിർത്തുന്നതായാലും തരക്കേടില്ല; എല്ലാം ഒരു യജ്ഞവീക്ഷണത്തോടെയാണ് ചെയ്യുക. അതുപോലെയാണ് നിത്യ-നൈമിത്തിക കർമ്മങ്ങളും. ഉദാഹരണത്തിന് പഞ്ചമഹായജ്ഞങ്ങൾ. വൈദികമായി നാലുതരം കർമ്മങ്ങളാണ് ചെയ്യേണ്ടത്. നിത്യം, നൈമിത്തികം, കാമ്യം, പ്രായശ്ചിത്തം എന്നിവ. അതിൽ നിത്യ-നൈമിത്യകർമങ്ങൾ എല്ലാവരും നിശ്ചയമായും മുടക്കം വരാതെ ചെയ്യേണ്ടതാണ്. അത് എവിടെയും ചെയ്യാം. അമേരിക്കയിലും കാനഡയിലും ആസ്ത്രേലിയയിലും, അഫിക്കയിലും ഒക്കെ അതിനു മാറ്റം വരുത്തേണ്ടതില്ല. ആചരിക്കണമെന്ന ബോധം വേണം എന്നേയുള്ളു. ഉദാഹരണത്തിന്, സ്വന്തം മാതാപിതാക്കളെ സ്നേഹാദരങ്ങളോടെ ശുശ്രൂഷിക്കുക. മുത്തച്ഛനും അമ്മൂമ്മയുമുണ്ടെങ്കിൽ അവരെ ശുരൂഷിക്കുക. മരിച്ചവർക്കായി ശ്രാദ്ധ കർമ്മങ്ങൾ ചെയ്യുക. എന്നിവയെല്ലാം എവിടെ നിന്നും ചെയ്യാം. വിപുലമായ ചടങ്ങുകളോടെ ശ്രാദ്ധം ചെയ്യാനവസരമില്ലെങ്കിൽപ്പോലും മനസ്സുകൊണ്ട് അവരെ സ്മരിക്കാം. ശ്രദ്ധാപൂർവ്വം മനസ്സിൽ സ്മരിച്ചാൽ അത് ശ്രാദ്ധമായി. ഏത് രാജ്യത്താണെങ്കിലും ഇതെല്ലാം ചെയ്യാം. അത് ‘പിതൃയജ്ഞ’മായി. അതു പോലെ ദിവസവും അല്പസമയമെങ്കിലും നമ്മുടെ ധർമ്മശാസ്ത്രങ്ങൾ പഠിക്കണം. അത് ‘സ്വാദ്ധ്യായ’മായി. അങ്ങിനെ പഠിച്ച് ഉൾക്കൊണ്ട ആശയങ്ങൾ അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കണം. ഇതൊക്കെ എവിടെയിരുന്നും ആർക്കും ചെയ്യാം. ചിലപ്പോൾ ആളുകൾ പറയും 'സ്വാമീ ഈ നാട്ടിൽ ഇതൊന്നും ചെയ്യാൻ ഈ നാട്ടിൽ കുട്ടികളെ കിട്ടില്ല' എന്നൊക്കെ. അതിനോട് എനിക്ക് യോജിപ്പില്ല. കാരണം നാമെങ്ങിനെ ജീവിക്കുന്നു എന്നതനുസരിച്ചാണ് വരും തലമുറ പെരുമാറുന്നത്. ഒരു കുഞ്ഞ് പുറത്തു വരുന്നതിന്നു മുൻപ് എന്‍റെ വയറ്റിലാണല്ലോ കഴിഞ്ഞത്? ആ സമയത്ത് എനിക്ക് അവളിൽ/അവനിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അതെന്‍റെ പരാജയമാണ്. കുഞ്ഞിന്‍റെ പരാജയമല്ല അത്. ജനിച്ചു കഴിഞ്ഞ് ഒരു നാലു വർഷം അടിസ്ഥാനപരമായ അവബോധത്തിന്‍റെ കാലഘട്ടമാണ്. അപ്പോഴും കുഞ്ഞ് നമ്മുടെ കൂടെത്തന്നെയാണല്ലോ. അതു കഴിഞ്ഞ് കുഞ്ഞ് സ്കൂളിൽ ചേർന്നാലും ഏതാണ്ട് പകുതിസമയം നമ്മുടെ കൂടെത്തന്നെയാണ്. മാതൃകാപരമായ ആചാരങ്ങൾ സ്വയം ചെയ്ത് കാണിക്കണം. ഒരിക്കലും അവരെ ഉപദേശിക്കരുത് - ഉപദേശിക്കുന്നതിലൂടെ ഒരാളെയും നന്നാക്കാനാവില്ല. അത് വിപരീതഫലം ഉണ്ടാക്കാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് സ്വന്തം ജീവിതത്തിലാചരിച്ചു കാണിക്കുന്ന ഒരു കുടുംബവ്യവസ്ഥ ലോകത്തിൽ എവിടെയാണെങ്കിലും നമുക്കുണ്ടാക്കാം. അങ്ങനെ ചെയ്യുന്നവർ ധാരാളമുണ്ട്. അമേരിക്കയിൽ സംസ്കൃതഭാരതി അൻപതിനായിരം വീടുകളിൽ സംസ്‌കൃത പഠനം നടത്തുന്നു. ആ ഗൃഹങ്ങളിൽ സംസ്കൃതം സംസാരിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് അറിഞ്ഞത്. വീട്ടിൽ സംസ്കൃതം പറഞ്ഞിട്ട് പുറത്ത് ഒന്നാന്തരം ഇംഗ്ലീഷ് പറയുന്നു. അത്രയ്ക്കൊന്നും ആയില്ലെങ്കിലും സന്ധ്യാസമയത്ത് വിളക്ക് വച്ച് നാമം ജപിക്കുന്ന ഒരു ശീലം വീട്ടിലുണ്ടെങ്കിൽ - മക്കളോട് ജപിക്കാൻ പറയുകയല്ല., അച്ഛനും അമ്മയും നാമം ജപിക്കുന്നുണ്ടെങ്കിൽ- കുട്ടികളും അത് ചെയ്യും. ഒരു മഹാത്മാവിനെ കാണുമ്പോൾ അച്ഛനും അമ്മയും വന്ദിക്കുന്നുവെങ്കിൽ മക്കൾക്ക് അവരുടെ മനസ്സിലെങ്കിലും മഹാത്മാക്കളെ വണങ്ങണമെന്ന ഒരു ചിന്തയുണ്ടാവും. പലപ്പോഴും ചില ധാരണകളുടെ പുറത്ത് അവരത് ഇപ്പോള്‍  പുറത്ത് കാണിച്ചില്ല എന്നിരിക്കും. പക്ഷേ അവരുടെയുള്ളിൽ ഒരു സത്സംസ്കാരം ഉണർന്നു വരും. സ്വയമാചരിച്ച് കാണിക്കുന്നതിലൂടെ നമുക്ക് പുതുതലമുറയെ സ്വാധീനിക്കാൻ കഴിയും. അതുപോലെ ‘ദൈവയജ്ഞം’. അതായത് ദിവസവും അഗ്നിഹോത്രം ചെയ്യുക. വിശദമായി അഗ്നിഹോത്രം ചെയ്യാൻ സാദ്ധ്യതയില്ലെങ്കിൽ ‘ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കണേ’ എന്ന പ്രാർത്ഥനയോടെ രാവിലെയും വൈകിട്ടും വിളക്കു കൊളുത്തി വയ്ക്കാം. അത് കുട്ടികൾ കാൺകെ ചെയ്യാം. എല്ലാവരും ഒത്തൊരുമിച്ച് നാമം ജപിക്കാം. അതുപോലെ അടുത്ത ക്ഷേത്രങ്ങളിൽ ദർശനം ചെയ്യാം. ലോകത്ത് എല്ലാ രാജ്യങ്ങളിലും ക്ഷേത്രങ്ങളുണ്ട്. അതിലെല്ലാമുപരി സമൂഹത്തിൽ കഷ്ടപ്പെടുന്നവർക്കായി എന്തെങ്കിലും സേവ ചെയ്യാം. അവനവൻ സമ്പാദിക്കുന്ന സ്വത്തിന്‍റെയൊരു പങ്ക് സമൂഹത്തിൽ കഷ്ടപ്പെടുന്നവർക്കായി മാറ്റി വയ്ക്കാം. ലോകത്ത് എത്ര രാജ്യങ്ങളിലാണ് പോഷകാഹാരക്കുറവുകൊണ്ട് കുട്ടികൾ അകാലത്തിൽ മരിക്കുന്നത് , എവിടെയൊക്കെയാണ് അഭയാർത്ഥികൾ വന്നടിയുന്നത്? ഇവിടെ കനേഡിയൻ പശ്ചാത്തലത്തിൽ പറഞ്ഞാൽ ഒരു നാലു കുടുംബങ്ങള്‍ ചേർന്നു വിചാരിച്ചാൽ ഒരു റെഫ്യൂജി കുടുംബത്തെ ദത്തെടുക്കാം, സ്പോൺസർ ചെയ്യാം. അവരെങ്കിലും ആവശ്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് കുടുംബങ്ങള്‍ മതം മാറുന്നത് ഒഴിവാക്കാം. ഇങ്ങിനെയുള്ള സേവനങ്ങൾ ചെയ്യുമ്പോൾ അത് ‘ദൈവയജ്ഞ’മാണ്. ഈ സമൂഹത്തിൽ മനുഷ്യർക്കായി താന്‍ താമസിക്കുന്ന ദേശകാലത്തിനനുസരിച്ച് സേവനം ചെയ്യാം. അത് ‘മനുഷ്യയജ്ഞ’മാണ്. അതു പോലെ മറ്റ് ജീവജാലങ്ങൾക്ക് ജന്തുമൃഗാദികൾക്ക്, സസ്യജാലങ്ങൾക്ക്, എല്ലാം നമുക്കാവുന്ന രീതിയിൽ സേവനങ്ങള്‍ ചെയ്യാം. അത് ‘ഭൂതയജ്ഞ’മാണ്. ഈ യജ്ഞങ്ങൾ ഏതു രാജ്യത്താണെങ്കിലും ആർക്കും ചെയ്യാം. അതിന് ദേശത്തിന്‍റെ വിശേഷമൊന്നുമില്ല. അതിനു നമുക്ക് മനസ്സുണ്ടോ എന്നതാണ് ചോദ്യം

സുകുമാർ: ഗൃഹസ്ഥൻമാരുടെ സാമൂഹ്യസേവനം മുതലായ നിത്യയജ്ഞങ്ങളെപ്പറ്റി പറഞ്ഞുവല്ലോ?. സ്വാമിജി സ്വന്തം നിലയ്ക്ക് ആത്മീയ കാര്യങ്ങളിലുള്ള മാർഗ്ഗദർശനം സമൂഹത്തിന് നല്കുന്നുണ്ട്. മാത്രമല്ല സാമൂഹികമായ മറ്റ് കാര്യങ്ങളിലും സ്വാമിജിയുടെ അഭിപ്രായം ഒരു ജനത മുഴുവൻ കാതോർത്തിരിക്കുന്നുമുണ്ട്. അപ്പോൾ സ്വാമിജിയുടെ ആശ്രമം നടത്തുന്ന പരിപാടികളിൽ ഞങ്ങളെപ്പോലുള്ള ഗൃഹസ്ഥൻമാർക്ക് സഹകരിക്കാൻ പറ്റുന്ന മേഖലകൾ എന്തൊക്കെയാണ്? പല തരം contributions ഉണ്ടല്ലോ. എങ്ങിനെയൊക്കെയാണ് ഞങ്ങൾക്ക് അതിൽ പങ്കെടുക്കാൻ കഴിയുക? അത്തരം പങ്കുചേരൽ ഞങ്ങളുടെതന്നെ അഭ്യുന്നതിക്കാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ഞാനിത് ചോദിക്കുന്നത്.

സ്വാമിജി: തീർച്ചയായും. ആശ്രമത്തെ സംബന്ധിച്ചു പറഞ്ഞാൽ തീർത്തും വ്യത്യസ്ഥങ്ങളായ പല പ്രവർത്തനങ്ങളും ഉണ്ട്. കുളത്തൂർ അദ്വൈത ആശ്രമം എന്നു പറയുമ്പോൾ അവിടെയുള്ള ഒരു ആശ്രമം മാത്രമല്ലാ, അനുബന്ധമായി മറ്റ് പല സ്ഥാപനങ്ങളും ഉണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലുള്ള ആശ്രമങ്ങൾ, കൂടാതെ ഗുജറാത്തിലെ ആശ്രമവും ഉണ്ട്. ഗുജറാത്ത് - അഹമ്മദ്ബാദിൽ ഗോശാലയാണ് ഉള്ളത്. അവിടെ ദേശീയ ഇനത്തിൽപ്പെട്ട പശുക്കളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കേരളത്തെ സംബന്ധിച്ച് പറയുമ്പോൾ ഏറ്റവും പ്രധാനമായി നാം കാണുന്നത് ശാസ്ത്രപ്രചരണം തന്നെയാണ്. അറിവിന്‍റെ പ്രസരണം. വേദാന്തജ്ഞാനവും ധാർമിക ബോധജ്ഞാനവും പഠിപ്പിക്കുക. കാരണം സമൂഹത്തിൽ ശൈഥില്യം ഉണ്ടാവുന്നതിനെ ആവുംവിധം തടഞ്ഞുകൊണ്ട് ശരിയായ അറിവിനെ പ്രചരിപ്പിക്കുന്നതാണ് ഏറ്റവും വലിയ സേവനം എന്ന് നാം കരുതുന്നു. അതുകൊണ്ട് ആശ്രമത്തിന്‍റെ എല്ലാ ശാഖകളിലും ഒന്നാമത്തെ പ്രാധാന്യം കൊടുത്തിരിക്കുന്നത് വേദാന്തപഠനത്തിനു തന്നെയാണ്. എന്നാൽ നാട്ടിൽ നടത്തുന്നത് ധർമ്മാചരണപ്രബോധനമാണ്. നാട്ടിലെ പ്രസംഗത്തിൽ ശുദ്ധവേദാന്തമല്ല, പഠിപ്പിക്കുന്നത്. ധർമ്മതലത്തിലുള്ള കാര്യങ്ങളാണ് പൊതുവേദികളിൽ ചർച്ച ചെയ്യുക. അതേസമയം തന്നെ മറ്റ് സേവനപ്രവർത്തനങ്ങളും ആശ്രമം നടത്തുന്നുണ്ട്. ശ്രീശങ്കരാ വൃദ്ധസേവാകേന്ദ്രം. ആരും നോക്കാനാകാതെ വീട്ടിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നമ്മുടെ മുത്തച്ഛൻമാർക്ക് വേണ്ടിയാണ് കുളത്തൂര് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. അതുപോലെ കോഴിക്കോട് മാത്തറയിൽ ഒരു സൗജന്യ ക്ളിനിക്ക് നടത്തുന്നുണ്ട്. അവിടെ ധാരാളം ഡോക്ടർമാർ സ്വമനസ്സാ വന്ന് പാവപ്പെട്ടവർക്കായി സൗജന്യചികിത്സ നല്കുകയാണ് ചെയ്യുന്നത്. മരുന്നും സൗജന്യമായി നല്കുന്നു. പിന്നെ വലിയൊരു പ്രോജക്റ്റ്, പ്ലാനിംഗ് സ്റ്റേജിൽ ഉള്ളത് പാലിയേറ്റീവ് സേവാ കേന്ദ്രമാണ്. സാന്ത്വനം എന്ന പേരിലാണ് അത് ഉണ്ടാവുക. കോഴിക്കോട് അതിനായുള്ള വലിയൊരു സ്ഥലം ഒരു കുടുംബക്കാര്‍ സംഭാവനയായി  സമർപ്പിച്ചിട്ടുണ്ട്. കാൻസർ മുതലായ രോഗങ്ങൾ വന്നിട്ടും, ജോലി സ്ഥലങ്ങളിൽ വച്ച് അപകടങ്ങൾ പറ്റിയിട്ടും, വീണു നട്ടെല്ല് പൊട്ടിയും, മറ്റും മരണത്തെ മുഖാമുഖം കാണുന്നവർക്ക് അവസാന കാലത്ത് സാന്ത്വനം നല്കുക എന്നതാണ് ഉദ്ദേശം. ഇനിയവർ ജീവിതത്തിലേക്ക് തിരിച്ചു വരില്ല. അങ്ങിനെ വീട്ടിൽ നിന്നു തന്നെ ഒരുപേക്ഷാഭാവത്തിൽ കഴിയേണ്ടിവരുന്ന എത്രയോ പേരാണുള്ളത്? അവർക്ക് ശാന്തമായിട്ട് ഒന്ന്  മരിക്കുവാനുള്ള സ്ഥലമാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. അവർക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ പറ്റില്ലെങ്കിലും ശാന്തമായ ഒരവസാനം കിട്ടുക പ്രധാനമാണ്. മതഭേദം പറയുകയല്ല, എല്ലാ മതങ്ങളിലും നന്മയും തിൻമയും ഉണ്ട്. പക്ഷേ കേരളത്തിന്‍റെ കാര്യം പറയുകയാണെങ്കിൽ ഹൈന്ദവ സാഹചര്യത്തിൽ ഇങ്ങിനെയുള്ള പാലിയേറ്റീവ് കെയർ - സമാധാനമായി മരിക്കാനുള്ള സംവിധാനം കേരളത്തിൽ ഇല്ല. അതു കൊണ്ട് തന്നെ ഇത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. വലിയ ഒരു പ്രോജക്ടാണ്. അൻപതു പേർക്കെങ്കിലും താമസിക്കാൻ സൗകര്യമുള്ള ഒരു ഫെസസിലിറ്റിയാണ് ഉദ്ദേശിക്കുന്നത്.

സുകുമാർ: സ്വാമിജി, ഈയടുത്തയിടയ്ക്ക് ഇവിടെ നോർത്ത് വാൻകൂവറിൽ ഇതുപോലുള്ള ഒരു സെന്‍ററില്‍ ഞങ്ങൾ പോയിരുന്നു. എന്‍റെ പഴയൊരു ബോസ് അവസാനകാലത്ത് അവിടെ അഡ്മിറ്റ് ആയിരുന്നു. അവിടെ അവരുടെ ദിവസം ഒരു പതിനാറ് സെഷനുകൾ ആയി പ്രോഗ്രാം ചാര്‍ട്ട് ചെയ്തിരിക്കുന്നു. ആ ടൈംടേബിൾ ഞാൻ നോക്കിയിരുന്നു. ഈ പതിനാറിൽ മിക്കവാറും എല്ലാംതന്നെ, പന്ത്രണ്ടോ പതിന്നാലോ എണ്ണം, ഏതെങ്കിലും വിധത്തിലുള്ള യോഗാ പരിപാടികളാണ്. ഇരുന്നിട്ടുള്ള യോഗ, കിടന്നിട്ടുള്ള യോഗ, പ്രാണായാമം, നടക്കാവുന്നവര്‍ക്ക് അത്, അങ്ങിനെ പലതും. അദ്ദേഹം രണ്ടാഴ്ച കഴിഞ്ഞ് സമാധാനമായി മരിച്ചു പോവുകയായിരുന്നു. അവിടുത്തെ യോഗാ പരിപാടികളാണ് പാലിയേറ്റീവ് കെയറിൽ ആരോഗികൾക്ക് സാന്ത്വനം നല്കുന്നത്. കനേഡിയൻ സർക്കാരിന്‍റെ വകയാണ് ഇവിടുത്തെ പാലിയേറ്റീവ് കെയർ ഹോമുകൾ. സ്വാമിജി സാന്ത്വനം പദ്ധതിയെപ്പറ്റി പറഞ്ഞപ്പോൾ ഞാൻ അത് ഓർക്കുകയായിരുന്നു.

സ്വാമിജി: നമുക്കും അങ്ങിനെയുള്ള സംവിധാനങ്ങൾ കൂടിയൊരുക്കിയാലേ അവസാന കാലത്ത് ശാന്തിയോടെ കടന്നുപോകാനുള്ള സൗകര്യം പൂർണ്ണമാകൂ. ഇവിടെ കനേഡിയൻ സർക്കാർ നടത്തുന്ന സ്ഥാപനത്തിലും യോഗയ്ക്ക് ഇത്ര പ്രാധാന്യമുണ്ടെന്നറിയുന്നത് നമുക്കും സന്തോഷം നല്കുന്ന വിവരമാണ്. യോഗ ശാസ്ത്രത്തിന്‍റെയും യോഗാനുഷ്ഠാനത്തിന്‍റെയും ആചരണം, എല്ലാ അതിർവരമ്പുകളെയും ലംഘിച്ചുകൊണ്ട് ലോകം മുഴുവനും വ്യാപിക്കുന്നു എന്നതില്‍ നമുക്ക് വലിയ സന്തോഷമുണ്ട്.

സുകുമാർ: അതെ, എണീക്കാനോ തലപൊക്കാൻ പോലുമോ വയ്യാത്തവരുടെ അടുക്കൽ ഒരു ഫെസിലിറ്റേറ്റർ ചെന്ന് രോഗിയെ വേണ്ട രീതിയിൽ ശ്വാസമെടുക്കാനും വിരലുകളും കൈകാലുകളും അനക്കാനും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ യോഗയെ മാറ്റിയെടുത്താണ് ഉപയോഗിക്കുന്നത്. ഇതു പോലുള്ള പ്രവർത്തനങ്ങൾ സ്വാമിജിയുടെ നേതൃത്വത്തിൽ നടക്കുന്നതറിയുമ്പോൾ ഞങ്ങൾക്കും അതിയായ സന്തോഷമുണ്ട്. അവയിൽ ഞങ്ങളാൽ ആവുന്ന രീതിയിൽ പങ്കുചേരാനും സഹകരിക്കാനും ഞങ്ങൾ തയ്യാറാണ്. സ്വാമിജിയുടെ സന്ദർശനത്തിനും ചോദ്യോത്തരങ്ങളിലൂടെയുള്ള ഈ അനുഗ്രഹത്തിനും വലിയ നന്ദി.

ശ്രീ ഗുരുഭ്യോ നമ: