Friday, January 31, 2020

ആസാദി (കവിത)


ആസാദി 
കവിത: ഡോ സുകുമാര്‍ കാനഡ



audio in youtube:

ആസാദി ആഡിയോ

‘ആസാദി’, ‘ആസാദി’
ആരോ തെളിക്കുന്ന വിപ്ലവപാതയിലശാന്തരായ് 
താക്കോല്‍ കൊടുത്തു തിരിയുന്ന പാവകള്‍
തെരുവി,ലലഞ്ഞാര്‍ക്കുന്നു; ‘ആസാദി’, ‘ആസാദി’..

“ദേശത്തെ നൂറ്റൊന്നു കഷണങ്ങളാക്കുന്ന
ദുര്‍ന്നയമേറ്റും വിദേശശാസ്ത്രങ്ങളില്‍
അവഗാഹ,മെന്നേയ്ക്കു,മുള്ളി,ലുറയ്ക്കണം.”

 “ആത്മാഭിമാന,മിന്ന,വരില,പമാനമാക്കണം
യുവതയെ നേരിന്നെതിരാക്കണം; നാടിനെ
പിന്നോട്ടു തള്ളുവാ,നവരെ,യുരുവാക്കണം.”

“പിന്നിട്ട തപ്തമാം അധിനിവേശങ്ങളിലെ
ആത്മാഭിമാനക്ഷതങ്ങളിലു,മഭിമാന,ഭാവ-
മുണ്ടാക്കി,യവര,ന്ധരായ് വലയണം.”

“ലൌകികസുഖമെന്ന കേവലലക്ഷ്യത്തിലുട-
ലുടക്കി,ക്കൊന്നു,തള്ളുന്ന തിന്മതന്‍
ഹുങ്കാരഘോഷത്തില്‍ നിത്യം രമിക്കണം.”

 “പിറന്നൊരീ മണ്ണിന്‍റെ വിദ്യയിലു,മാത്മീയ-
സമ്പത്തിലും, വിശ്വചിന്താസരിത്തിലും
ശ്രദ്ധയൊട്ടെങ്കിലു,മവരി,ലില്ലാതെയാക്കണം.”

“ആസാദിയെന്നുപുകള്‍പെറ്റ സ്വാതന്ത്ര്യ-
ചിന്തതന്‍ വടവൃക്ഷവേരും തുരക്കണം.
ഇരുള്‍മറയിലതിന്നുള്ളില്‍ രാസ‘രസ’മിറ്റണം.”

ആരോ തെളിക്കുന്ന വിപ്ലവപാതയിലശാന്തരായ് 
താക്കോല്‍ കൊടുത്തു തിരിയുന്ന പാവകള്‍.
തെരുവി,ലലഞ്ഞാര്‍ക്കുന്നു; ‘ആസാദി’, ‘ആസാദി’.

എന്നാല്‍
നേരിനെ നേരേ തിരിച്ചറിയാന്‍, തങ്ങളെ
പാവകളാക്കുന്നതാരെന്നറിഞ്ഞുണരാന്‍ 
ചിന്തയിലുണര്‍വ്വിന്റെ ഉര്‍വ്വരതയായിന്നിവിടെ
യുവതയ്ക്ക് വേണ്ടതാത്മാഭിമാനം 

വിശ്വ,മുണക്കും കൊടുംവേനലില്‍ത്തന്‍റെ
പച്ചിലച്ചാര്‍ത്തുകള്‍ നീര്‍ത്തിവച്ച്,
കുളിരും കിനാവും ചേര്‍ത്തനന്യമാം
ഏകാത്മസൌന്ദര്യശാസ്ത്രമേകി;
വടവൃക്ഷങ്ങളായ്‌ നിന്ന പൂര്‍വ്വികര്‍
തന്നൊരൂര്‍ജ്ജത്തോടാര്‍ജ്ജവം ചേര്‍ത്തൊരുക്കി
ചിന്തയിലുണര്‍വ്വിന്റെ ഉര്‍വ്വരതയായിന്നു
വേണം യുവതയിലാസാദി ബോധം
ആര്‍ജ്ജവമാര്‍ന്നൊ,’രാസാദി’ ഭാവം,
ദാസ്യം വെടിഞ്ഞൊ’രാസാദി’ ദൌത്യം.

ലോകത്തിനൊന്നാകെ ഗുരുവായി നിന്നൊരാ
കാലത്തെയോര്‍ത്തുനാം മാഴ്കരുതൊരിക്കലും
നമ്മിലെ,യാത്മാഭിമാന,മികഴ്ത്തരുതൊരിക്കലും

ഓരോ നെടുവീര്‍പ്പിലും വിദേശവിഷലിപ്ത
പരിമിത,തത്വങ്ങ,ളാശയഗരിമയാല്‍ വെല്ലണം,
സനാതനബഹുസ്വരചിന്താസരിത്തില്‍ നീരാടണം,
ഏകത്വമില്ലാതെ നാനാത്വമില്ലെന്നയറിവിലുറയ്ക്കണം.

സ്വാതന്ത്ര്യനിറവിന്‍റെ നേരു നെഞ്ചേറ്റുവാന്‍
നാടിനെ കാക്കുവാന്‍, ധര്‍മ്മം ജയിക്കുവാന്‍
കരവും കരുത്തുമായ്, യുവതയ്ക്കു വേണ്ടതോ
ദാസ്യം വെടിഞ്ഞൊ,’രാസാദി’ ദൌത്യം
ചിന്തയിലുണര്‍വ്വിന്റെ ഉര്‍വ്വരതയാവട്ടെ
വിശ്വത്തി,ലാകെ,യിനി,’യാസാദി’
സമസ്തലോകത്തിനും സൌഖ്യമായ്തീരട്ടെ
വിശാല,വീക്ഷണ,ബോധ,’മാസാദി’.

ഭൌതികസത്യത്തി,ലാത്മസൌന്ദര്യത്തില്‍,
പ്രകൃതിയില്‍, മര്‍ത്ത്യനി,ലവന്‍റെ,യുള്ളങ്ങളില്‍
ചിദാനന്ദമേകും സനാതനസ്ഥലികളില്‍,
നിറയട്ടെ,നമ്മളിലു,’മാസാദി’ നിത്യം.
ആര്‍ജ്ജവമാര്‍ന്നൊ,’രാസാദി’ ഭാവം,
ദാസ്യം വെടിഞ്ഞൊ’രാസാദി’ ദൌത്യം.

‘ആസാദി’, ‘ആസാദി’
----------------------------------------------------------------------
"തനിക്കു ഹിതമല്ലാത്തതോതുവോരെ ദുഷിപ്പവര്‍
അതോടോന്നിച്ച് അഭിപ്രായസ്വാതന്ത്ര്യത്തെ സ്തുതിപ്പവര്‍"
 ------------കമ്മ്യൂണിസ്റ്റുകാരെപ്പറ്റി മഹാനായ സാഹിത്യകാരന്‍ സഞ്ജയന്‍....




Wednesday, January 8, 2020

May 2008 - Yesudas inducted into Vancouver Symphony Orchestra!






യേശുദാസിന്‌ വാന്‍കൂവർ സിംഫണി ഓർക്കെസ്റ്റ്രായിൽ സ്ഥിരാംഗത്വം - മെയ് 10, 2008  (Mathrubhumi News)



യേശുദാസിന്റെ സംഗീതനിശയോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വാന്‍കൂവർ സിംഫണി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെഫ് അലക്സാണ്ടർ ഡോ. യേശുദാസിനെ സിംഫണി ഓർക്കെസ്റ്റ്രായില്‍ സ്ഥിരാംഗത്വം നല്കി ആദരിച്ചു. 1988ഇൽ വി എസ്സ് ഓ യ്ക്കു വേണ്ടി ശ്രീ യേശുദാസ് നടത്തിയ കർണാടക സംഗീത കച്ചേരിയിൽ നിന്നുമുള്ള ലാഭം തങ്ങളെ സാമ്പത്തീകമായി സഹായിച്ചിരുന്നു എന്നും. ഡോ യേശുദാസ്സിന്റെ പലഭാഷകളിലും പല റേഞ്ചുകളിലും പാടുവാനുള്ള കഴിവ് താൻ അത്ഭുതങ്ങളോടെയാണ് കാണുന്നതെന്നും മി. അലകസാന്ദണ്ടർ പറഞ്ഞു. ചടങ്ങിൽ ബ്രിട്ടീഷ് കൊളംബിയ മുൻ പ്രീമിയർ മി. ഉജ്ജൽ ദോസാഞ്ച്. മുഖ്യാതിഥിയായിരുന്നു. ഡോ യേശുദാസിന്റെ ഗോരി തേരാ’, ‘ജാനേ മൻ’, ‘ജബ് ദിപ് ജലെതുടങ്ങിയ പാട്ടുകൾ കാലാതീതമായി നില്ക്കുന്നുവെന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു.. ഇന്ത്യൻ കോൻസുലർ ജനറൽ ശ്രീ അശോക് കുമാർ വിശിഷ്ടാതിഥിയായിരുന്നു. ഭാരതീയർക്ക്‌, പ്രത്യേകിച്ചു മലയാളികൾക്ക്‌ അഭിമാനത്തിന്റെ നിമിഷമായിരുന്നു യേശുദാസ്സിന്റെ വി എസ്സ് ഓ യിലേക്കുള്ള ഇന്‍ഡക്ഷൻ.

യേശുദാസ്സിന്റെ സംഗീതവിരുന്നില്‍ ആയിരത്തോളം പേർ ആഗതരായി. തമിഴ്, കേരളാ അസ്സോസിയേഷനുകൾ സംയുക്ത്മായി ത്രിവേണി ഫയിൻ ആർട്ട്സിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. നാലുമണിക്കൂറോളം നടന്ന സംഗീതനിശയിൽ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി എഴുപതുകളിലേയും എൺപതുകളിലേയും ഹിറ്റ് ഗാനങ്ങൾകൊണ്ട്‌ പരിപാടി ശ്രദ്ധേയമായി. ശ്രീമതി ജയശ്രീ രമനാഥൻ, കുമാരി അലീഷ തോമസ് എന്നീ ഗായികമാരും സംഗീതനിശയിൽ പങ്കെടുത്തു. സമുദായമൈത്രിയെപ്പറ്റിയും സംഗീതം മനുഷ്യനെ ഒന്നിപ്പിക്കുന്നതിനെപ്പറ്റിയും ശ്രീ യേശുദാസ് സംസാരിച്ചു. മദേർസ് ഡേ പ്രമാണിച്ച് പിതാവിനേക്കാളും ഗുരുവിനേക്കാളും മുൻപിലാണ്‌ മാതാവിന്റെ സ്ഥാനമെന്നും യേശുദാസ് സദസ്സിനെ ഓർമ്മിപ്പിച്ചു.

തമിഴ് കലചാരസംഗത്തിലെ ശ്രീമതി പത്മാ രാജമഹേന്ദ്രൻ സ്വാഗതം പറഞ്ഞു. കേരള കൾച്ചറൽ അസ്സോസിയേഷനിലെ യുവ പ്രതിനിധി മി. വിനീത് വിശ്വനാഥൻ പരിപാടികളുടെ അവതാരകൻ ആയിരുന്നു. ത്രിവേണി ആർട്ട്സിന്റെ പ്രസിഡന്റ് ശ്രീ കുമാർ വർമ്മ നന്ദി പ്രകാശിപ്പിച്ചു. പിറ്റേന്ന്‌ ഇന്ത്യൻ കൊണ്‍സുലേറ്റും, ബോളിവുഡ് ബാൻക്വെറ്റ് ഹാളും ചേർന്ന് നടത്തിയ സല്ക്കാരത്തിലും യേശുദാസ് പങ്കെടുത്തു. മലയാളികളിൽ ഗൃഹാതുരത്ത്വമുണർത്തിയ ഒരു ജ്യേഷ്ഠന്റെ സാന്നിദ്ധ്യമായി ദാസേട്ടൻ. ചെറിയ കുട്ടികൾക്ക് സംഗീതത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുക്കാനും അദ്ദേഹം സമയം കണ്ടെത്തി.