വിജെ ജെയിംസിന്‍റെ ആന്‍റിക്ലോക്ക് – തീവ്രമായ ഒരു വായനാനുഭവം
ജ്ഞാനപ്പാനയും ഭജഗോവിന്ദവും ഉത്തമഗീതങ്ങളും പെട്ടെന്നു മിന്നിമറയുന്ന ആത്മീയതയുടെ ആലക്തികപ്രഭ
ഡോ. സുകുമാര്‍ കാനഡ
വി ജെ ജെയിംസിന്‍റെ ആന്‍റിക്ലോക്ക് തീവ്രമായ ഒരു വായനാനുഭവം സമ്മാനിക്കുന്നു. ആഴമുള്ള ആത്മീയതയും അഴകുള്ള നസ്രാണി ഭാഷയും ആന്‍റിക്ലോക്കിനെ അടുത്ത കാലത്ത് വായിച്ച നോവലുകളില്‍ ഏറ്റവും ശ്രദ്ധേയമാക്കുന്നു. നന്നായി വലിച്ചു മുറുക്കിക്കെട്ടിയ ഏതോ സംഗീതോപകരണം പോലെ ചിലപ്പോള്‍ അത്യധികം ഉച്ചത്തിലും ചിലപ്പോള്‍ സാന്ത്വനസ്വരത്തിലും തനതായ ഒരു ഭാഷ ഉപയോഗിച്ച് ജെയിംസ് നമ്മെ എങ്ങോട്ടെല്ലാമൊ കൂട്ടിക്കൊണ്ടു പോവുന്നു. അതില്‍ തീക്ഷ്ണമായ ശാസ്ത്രദര്‍ശനവും തത്വദര്‍ശനവും കാണാം. ആത്മീയതയുടെ ആഴങ്ങളില്‍ ആണ്ടുമുങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു മനസ്സും നമ്മെ സ്വാധീനിക്കുന്ന വിധത്തില്‍ ഇതില്‍ വെളിവാക്കപ്പെടുന്നുണ്ട്.
ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്ന തീവ്രമായ ഒരു പകയും അതിനുള്ള പ്രതികാരവും നിയതിയെങ്ങിനെ നിവൃത്തിച്ചെടുത്തു എന്ന് പറയുന്ന ‘ചെറിയൊരു കഥയില്‍’ അപ്രതീക്ഷിതമായി കടന്നു വരുന്ന ആത്മീയതയുടെ വിസ്ഫോടനം വലിയൊരു അനുഭവമായി നിലനില്‍ക്കുന്നു. സാത്താന്‍ ലോപ്പോയിലും അയാള്‍ പ്രതിനിധാനം ചെയ്യുന്ന ‘പനപോലെ വളര്‍ന്ന’ ദുഷ്ടകൂട്ടത്തിലും പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്ന സന്മാര്‍ഗ്ഗികളിലും എല്ലാമെല്ലാം നിറഞ്ഞു വിളങ്ങുന്നത് “ദൈവം തന്നെയാണ് പുള്ളെ, അല്ലെങ്കില്‍ തമ്പുരാനെ സര്‍വ്വവ്യാപിയെന്നു പറയാന്‍ പറ്റ്വോ?” എന്ന് ഓര്‍ത്ത് ഇടയ്ക്ക് പ്രതികാരബുദ്ധിയില്‍ നിന്നും സ്വയം പിന്മാറുന്ന ഹെന്ട്രി മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത നല്ലൊരു നായക കഥാപാത്രമാണ്. ഒരുപക്ഷെ ഹൈന്ദവപുരാണങ്ങളില്‍ മാത്രം കാണുന്ന (വൃത്രാസുരന്‍, രാവണന്‍, കുംഭകര്‍ണ്ണന്‍, മുതലായവര്‍) രീതിയില്‍ ഇരുട്ടും വെളുപ്പും എന്ന കഠിനമായ അതിര്‍വരമ്പുകള്‍ക്ക് പകരം ‘everything is a shade of grey’ എന്ന രീതിയിലേയ്ക്ക് ജെയിംസിന്‍റെ ചില കഥാപാത്രങ്ങള്‍ ഉയര്‍ച്ച നേടുന്നുണ്ട്.
“ദൈവമേ, നീ തന്നെയോ പിശാചിലും വ്യാപിച്ചിരിക്കുന്നതെന്ന് ഞാന്‍ അകം പൊള്ളിക്കുന്ന ഭയത്തോടെ ഓര്‍ത്തുപോയി. ശത്രുവിനെയും സ്നേഹിക്കാന്‍ ഉപദേശിച്ചുകൊണ്ട് പറയാതെ പറഞ്ഞ് വെച്ച നിന്‍റെ രഹസ്യം എന്തായിരുന്നു? സാത്താന്‍ ലോപ്പോയെന്ന നീചനിലും ദൈവത്തെ കാണേണ്ടിവരുന്ന ആത്മീയത എനിക്ക് ഒട്ടും വഴങ്ങിത്തരുന്നതല്ല. അത്രത്തോളം ഉച്ചത്തിലേയ്ക്ക് ഞാന്‍ ബലപ്പെട്ടിട്ടുമില്ല.” എന്ന അദ്വൈതചിന്തയുടെ നീരൊഴുക്ക് നോവലിലെ പ്രധാന കഥാപാത്രമായ ഹെന്ട്രിയുടെ മനോനൊമ്പരത്തിന്‍റെ വിങ്ങലിലും നമുക്ക് അനുഭവിച്ചറിയാന്‍ കഴിയും. ഹെന്‍ട്രി എന്ന ഇന്ട്രിയുടെ മനൊ വ്യാപാരങ്ങളിലാണ് കഥ പുരോഗമിക്കുന്നതും വെളിപാടുപോലെ നമുക്ക് മുന്നില്‍ പ്രകാശപ്പെടുന്നതും.
ആത്മീയതയും ശാസ്ത്രവും വിരുദ്ധധ്രുവങ്ങളല്ല എന്ന പ്രസ്ഥാവനയുമായാണ് ജെയിംസ് നോവലിന് മുന്‍പ് വാരികയില്‍ ഒരിന്റര്‍വ്യൂവിലൂടെ പ്രത്യക്ഷനായത്. അത് അടിവരയിടുന്ന രീതിയിലാണ് ആന്റിക്ലോക്കിന്‍റെ അതിസൂക്ഷ്മ നിര്‍മ്മിതികള്‍.
നോവലിന്‍റെ ഓരോ അദ്ധ്യായവും ആരംഭിക്കുന്നത് ബൈബിളിലെ ഓരോരോ ഭാഗങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്. “ഇന്ദുക്കളുടെ ചെതേം മുസ്ലിങ്ങള്ടെ കവറും പെട്ടിതന്നെയാണ് പുള്ളെ” എന്ന് പറഞ്ഞാണ് ഇന്ട്രിയെ അപ്പന്‍ ശവപ്പെട്ടിയുടെ പണി പഠിപ്പിച്ചത്. അയാളുണ്ടാക്കിയ പെട്ടികളില്‍ത്തന്നെയാണ് പ്രണയപരവശരായിക്കിടന്ന് ഇന്‍ട്രിയും ബിയാട്രീസും ദേഹം പങ്കുവെച്ച് മൂന്നു കുട്ടികള്‍ക്ക് ജന്മം കൊടുത്തത്. ആരെയും ആകര്‍ഷിക്കാന്‍ കഴിവുണ്ടായിരുന്നില്ല എന്ന് സ്വയം ഉറപ്പുണ്ടായിരുന്ന അയാളെ ജീവിതം മുഴുവന്‍ ആശിച്ചു കാത്തിരുന്ന ഗ്രേസിയെ അടുത്തുകിട്ടിയിട്ടും അയാള്‍ അവളുടെ വിരലില്‍ ഒന്ന് തൊട്ടുനോക്കിയതുകൂടിയില്ല, അത്രയ്ക്ക് അയാള്‍ ബിയാട്രീസുമായി ഒന്ന് ചേര്‍ന്നിരുന്നു. “പ്രണയം ഒന്നും അവകാശപ്പെടുകയോ അടിച്ചേല്‍പ്പിക്കുകയോ ചെയ്യുന്നില്ലെന്ന്” അറിഞ്ഞവരാണ് ഇന്ട്രിയും ബിയാട്രീസും. മണ്ണില്‍ കലര്‍ന്ന തുള്ളിജലത്തെ വേര് തേടിപ്പിടിക്കുന്നതുപോലെ സ്വാഭാവികമാണത്.” പ്രണയോപനിഷത്ത് എഴുതിയ നോവലിസ്റ്റിന്‍റെ പ്രണയസംബന്ധിയായ നിലപാടുകള്‍ വ്യക്തം.
പെട്ടെന്നു കടയില്‍ വന്നൊരാള്‍ ആവശ്യപ്പെട്ട പെട്ടിപ്പണി ചെയ്ത് ക്ഷീണിച്ചു വീട്ടിലേയ്ക്ക് കയറിവന്ന അയാളുടെ മുന്നില്‍ കരഞ്ഞു തളര്‍ന്നു കിടന്ന ബിയാട്രീസിന്‍റെ “മുറിഞ്ഞ ചുണ്ടും അവിടെ തങ്ങിനിന്ന ചുരുട്ടിനെ മണവും” അയാളെ പ്രതികാരദാഹിയാക്കി. ‘സാത്താന്‍ ലോപ്പോ’ മാത്രം വലിയ്ക്കുന്ന ചുരുട്ടായിരുന്നല്ലോ അത്. അന്ന് അത്യാവശ്യമായി ഒരു ശവപ്പെട്ടി ആവശ്യപ്പെട്ടുവന്നതും ഇയാള്‍ തന്നെയായിരുന്നു. എന്നും ലോപ്പോയ്ക്ക് മുന്നില്‍ തോറ്റുകൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ടിരുന്ന ഒരു ജന്മമായിരുന്നു അവന്‍റെത്. മാത്രമല്ല മഴയത്ത് മരംവീണു പുരയ്ക്കൊപ്പം അവളും മക്കളും മണ്ണിനടിയിലാകാനും കാരണം അയാളായിരുന്നു. “കണ്ണില്‍ക്കണ്ട മണ്ണും പെണ്ണും കയ്യേറുന്ന കയ്യൂക്കുള്ളവന്‍റെ ധാര്‍ഷ്ട്യമാണ് അവിടെ മണ്ണൊലിപ്പുമുണ്ടാക്കിയത്. അതാണ് വീട്ടിനടുത്തു നിന്നിരുന്ന മരം വീണതിനു കാരണം. അത്രയും പ്രതികാരം ഉള്ളില്‍ ഉരുക്കിയുരുക്കി പതപ്പെടുത്തിയ ഇന്ട്രി കടന്നു പോകുന്ന മാനസികവ്യാപാരത്തിന്‍റെ നീറ്റമാണ് ഈ നോവല്‍. എന്നാല്‍ വെറുമൊരു പ്രതികാരത്തിന്‍റെ കഥയായി അതിനെ പരിമിതപ്പെടുത്താതെ മറ്റൊരു തലത്തിലേയ്ക്ക് നയിച്ചതാണ് നോവലിന്‍റെ വിശേഷത.
“ശക്തന്മാര്‍ക്ക് ആരെയും എന്തും ചെയ്യാം; ദുര്‍ബ്ബലര്‍ക്ക് ഒത്തുകൂടി വരുന്ന സാഹചര്യത്തിനായി കാത്തിരിക്കാതെ എന്ത് ചെയ്യാനാവും? എന്‍റെ ദിവസവും നിമിഷവും തേടിവരുംവരെ അന്ധതമസ്സില്‍പ്പെട്ട ശിംശോനെപ്പോലെ ഒരു പ്രതികാരനിമിഷത്തിനായി ഞാന്‍ കാത്തിരിക്കുകതന്നെ ചെയ്യും” ദിവസവും ബൈബിള്‍ വായിച്ച് അതിലെ മിക്കവാറും ഭാഗങ്ങള്‍ മനപ്പാഠമാക്കിയ ഹെന്‍ട്രിക്ക് കാത്തിരിക്കാനേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളു. അയാള്‍ ദിവസവും തന്‍റെ ദൈവത്തോട് പരാതി പറഞ്ഞു. “ദൈവമേ, നീയെന്താണ് അനീതിയുടെ വിത്തുകള്‍ അവയ്ക്കിണങ്ങാത്ത വയലുകളില്‍ പാകി കിളിര്‍പ്പിക്കുന്നത്?”
ശവപ്പെട്ടിപ്പണിക്കാരനായ അപ്പനില്‍ നിന്നും പകര്‍ന്നു കിട്ടിയ “പണിക്കുറ തീര്‍ന്ന” ആശാരിയെന്ന പേരിനൊപ്പം ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും അയാളെ എന്തും നേരിടാന്‍ പര്യാപ്തനാക്കിയിരുന്നു. “കര്‍ത്താവേ, ഒരിക്കല്‍ എന്‍റെ മനസ്സിനുള്ളില്‍ കയറിയിരുന്ന്‍ ശിങ്കാരപ്പെട്ടിയുടെ ഉള്ളറപ്പൂട്ട് തുറന്നു തരാതിരിക്കില്ല അപ്പന്‍. അന്ന് ഞാന്‍ കാണുന്ന കാഴ്ചയില്‍ നിന്‍റെ വാസസ്ഥലം തെളിഞ്ഞു നില്‍ക്കുമാറാകണേ” എന്നാണയാള്‍ പ്രാര്‍ത്ഥിക്കുന്നത്. ശിങ്കാരപ്പെട്ടി’യെന്നത് അയാള്‍ക്കും അപ്പനും ചിന്താമണിയെന്നപോലെ അപ്രാപ്യമെങ്കിലും വളരെ പ്രിയപ്പെട്ടതായിരുന്നല്ലോ. “അതില്‍ നിന്നും കിട്ടുന്ന അറിവുകള്‍ പ്രവൃത്തിയുടെ നിരര്‍ത്ഥകതയെപ്പറ്റി ഓര്‍മ്മപ്പെടുത്തി നമ്മെ നിഷ്ക്രിയരാക്കിക്കളയും അതുകൊണ്ടാണ് അറിവുള്ളവര്‍ സമയമെത്തുന്നതുവരെ അത് തുറന്നുതരാതെ താക്കോല്‍ നമ്മില്‍നിന്നും ഒളിപ്പിച്ചു വയ്ക്കുന്നത്” ഒടുവില്‍ ഇന്ട്രി അത് എന്താണെന്ന് ശരിക്കും മനസ്സിലാക്കുന്നത് വളരെ കഴിഞ്ഞാണ്. “അസ്ഥിക്കുഴിയില്‍ വീഴാതിരിക്കാനുള്ള മുറുക്കിപ്പിടുത്തം തന്നെയാണ് ജീവിതപ്പേടി. എത്ര മുറുക്കിപ്പിടിച്ചാലും വീഴുമെന്നറിഞ്ഞിട്ടും പിന്നെയും പിന്നെയും ദുര്‍ബ്ബലമായ മോഹങ്ങളില്‍ അള്ളിപ്പിടിച്ചു കിടക്കുന്ന ഈ പശപ്പിനെ അതിജീവിച്ചാലേ അപ്പന്‍ പറഞ്ഞ ശിങ്കാരപ്പെട്ടി തുറക്കൂ. സ്വയം അകത്തുനിന്നും സംഭവിക്കുന്ന തുറക്കലാണത്.” രാമായണത്തില്‍ പറയുന്നതുപോലെ “ചക്ഷുശ്രവണഗളസ്ഥമാം ദുര്‍ദുരം ഭക്ഷണത്തിനായി അപേക്ഷിക്കുന്നിടത്തോളം” കാലം ഉള്ളില്‍നിന്നും സ്വയമുറവപൊട്ടി ഉരുവാകുന്ന വിവേകമെന്ന ചിന്താമണിയെന്നത് സാധാരണക്കാര്‍ക്ക് അപ്രാപ്യം തന്നെയാണല്ലോ!
ദൈവത്തിന്‍റെ കനിവില്‍ പ്രീതനായിരുന്നെങ്കിലും സ്ഥായിയായി ഇന്ട്രിയിലുള്ളത് ദൈവത്തോടുള്ള പരിഭവകഥനമാണ്. “നിന്‍റെ നീതിയുടെ അടിത്തറ ഏത് കഠിനവസ്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നതേയില്ല. കണ്ണും കാതും ഹൃദയവുമില്ലാത്ത അവസ്ഥയ്ക്കാണോ ദൈവമെന്ന് പേരുവിളിക്കുന്നതെന്ന് ഞാന്‍ സന്ദേഹിച്ചു പോകുന്നെങ്കില്‍ നിനക്കെന്നെ കുറ്റപ്പെടുത്താന്‍ എന്തവകാശം?”
സമകാലീന പ്രസ്ഥാനങ്ങളെ അതിസൂക്ഷ്മമായ ഭൂതക്കണ്ണാടിയിലൂടെ നോക്കാനും ഹെന്ട്രിയ്ക്കറിയാം. “ഏതു പ്രസ്ഥാനത്തിന്‍റെയും അപചയം സംഭവിക്കുന്നത് സ്വയം ശുദ്ധനാകാത്ത ഒരാള്‍ അതിന്‍റെ അമരത്ത് പിടി മുറുക്കുമ്പോഴാണ്. മിക്കവാറും അയാളുടെ ഉള്ളില്‍ ഒരേകാധിപതിയുടെ രോഗബീജങ്ങള്‍ വളരുന്നുണ്ടാവും.” ശുദ്ധമായ ആദര്‍ശത്തിന്‍റെ ബലത്തില്‍ പൊതുജനത്തിന്‍റെ ആദരവും സ്നേഹവും പിടിച്ചു പറ്റിയ ഇടതുപക്ഷ പ്രസ്ഥാനത്തെയും ജെയിംസ് നോവലില്‍ സഖാവ് ദാമോദരന്‍ എന്ന ആദര്‍ശവാനായ നേതാവിലൂടെ ഓര്‍ക്കുന്നുണ്ട്. “വീട്ടില്‍ ഒരു ദിവ്യപുരുഷന്‍ വന്നു എന്ന് പറയുന്ന ഭക്തി പ്രഹര്‍ഷത്തോടെയാണയാള്‍ രോഗശയ്യയിലായിരുന്ന തന്നെക്കാണാന്‍ ഏ കേ ജി വന്ന കാര്യം മകനെ പറഞ്ഞ് കേള്‍പ്പിച്ചിട്ടുള്ളത്.”
എന്നാല്‍ പുതിയ മാറി മാറി വരുന്ന സര്‍ക്കാരുകളെപ്പറ്റി പറയുമ്പോള്‍ “ഏതു പെട്ടിയിലിട്ട് ആണിയടിച്ചാലും മരിച്ചടക്കപ്പെട്ട സര്‍ക്കാരുകള്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറി മാറി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് കണ്ടു കണ്ട് അതൊരു പുതുമയില്ലാത്ത കാഴ്ചയായിക്കഴിഞ്ഞു” എന്നാണ് ആ ശവപ്പെട്ടിപ്പണിക്കാരന്‍റെ ആത്മഗതം.
“എല്ലാമറിയുന്നവന്‍ ഒന്നുമറിയാത്തവനെപ്പോലെ ഇരിക്കണമെന്ന് അപ്പനെനിയ്ക്ക് പറഞ്ഞ് തന്നിട്ടുണ്ട്. അറിയാത്ത ഭാവം സൃഷ്ടികര്‍ത്താവിന്‍റെ നിലയാണ്. പ്രപഞ്ചത്തെ മുഴുവന്‍ മുളപ്പിച്ചിട്ട് ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ ഒളിച്ചിരിക്കുന്ന സര്‍വജ്ഞാനിയുടെ നില.”
“ആകാശത്തിന്‍റെയും ഭൂമിയുടെയും സകല ചരാചരങ്ങളുടെയും സൃഷ്ടാവ് ഏതെങ്കിലുമൊരു ചെറുവിഭാഗത്തിന്‍റെ മാത്രം നാഥനാണെന്ന് ചിന്തിക്കുമ്പോള്‍ സൃഷ്ടാവിനെത്തന്നെ പരിമിതപ്പെടുത്തുകയല്ലേ ചെയ്യുന്നത്? “എല്ലാം ഓര്‍ത്താ തമാശ തോന്നും. ഒരേയൊരു കര്‍ത്താവും അവനെച്ചൊല്ലി തമ്മിത്തല്ലണ നൂറ്റമ്പത് കൂട്ടരും”
“സ്വര്‍ഗ്ഗരാജിയം അവനവനില്‍ത്തന്നേണ്ടെന്നു തിരിച്ചറിഞ്ഞോന് സ്തുതിക്കാനല്ലാണ്ട് പ്രാര്‍ത്തിക്കാന്‍ ഒരു കാരണം പോലും കാണില്ലെടാ” പെട്ടിപണിക്കിടയില്‍ അപ്പന്‍ മകനെ ഉപദേശിക്കാറുണ്ട്.
“സത്തിയത്തിന്‍റെ പ്രത്യേകത അത് സത്തിയത്തെ സ്വീകരിക്കാന്‍ സമ്മതോള്ളവര്‍ക്ക് മാത്തറെ വെളിപ്പെടൂ എന്നതാണ്. മുന്നമേ തന്നെ എതിര്‍ക്കാന്‍ ബലമ്പിടിച്ചു നിക്കണോര്‍ക്ക് സത്തിയം വെളിപ്പെടില്ല പുള്ളെ. അവരുടെ താല്‍പ്പര്യം സത്തിയത്തെ അറിയലല്ല. തങ്ങള്‍ പറേന്നത് മാത്രവാ സത്തിയോന്ന്‍ വാദിക്കലാ. തങ്ങള്‍ മാത്രവാ ശരിയെന്ന് സ്വയം അഹങ്കരിക്കണോരടെ സത്തിയമെപ്പോഴും സത്തിയത്തിന് എതിരായി നില്‍ക്കത്തേ ഒള്ള്. സത്തിയം അവരട മുന്നില്‍ സ്വയം തൊറക്കില്ലെടാ”
ഹെന്‍ട്രിയുടെ മനസ്സില്‍ പൊട്ടിവിടരുന്ന ആത്മീയതയുടെ ചോദ്യശരങ്ങളെ നേരാംവണ്ണം വഴിനടത്തുന്നത് അപ്പനും പിന്നീട് അപ്പനെപ്പോലെതന്നെ തന്‍റെ ജീവിതത്തെ സ്വാധീനിച്ച പണ്ഡിറ്റുമാണ്. പണ്ഡിറ്റ് നൂറ്റിപ്പന്ത്രണ്ട് വയസ്സുള്ള പഴയൊരു ഐഎന്‍എ ഭടനും കൂടിയാണ്. നേതാജിയില്‍ നിന്നും അരയില്‍കെട്ടുന്ന വാച്ച് സമ്മാനമായി ലഭിച്ചയാള്‍. ഈ ഡിജിറ്റല്‍ യുഗത്തിലും നാട്ടിന്‍പുറത്ത് സാധാരണയൊരു ക്ലോക്ക് കട നടത്തിയിരുന്ന അദ്ദേഹം ജര്‍മ്മന്‍ നിര്‍മ്മിതമായ അത്യപൂര്‍വ്വ ക്ലോക്കുകള്‍ പോലും നന്നാക്കാന്‍ സമര്‍ത്ഥനായിരുന്നു. പണ്ഡിറ്റ് ഒടുവില്‍ പുതിയൊരു പരീക്ഷണത്തിന് ഒരുങ്ങുന്നു. അങ്ങിനെ ജര്‍മ്മന്‍ടെക്നോളജിയും ചരിത്രവും സുഭാഷ് ചന്ദ്രബോസിന്‍റെ ഐ എന്‍ എ പ്രസ്ഥാനവും ചേര്‍ന്നാണ് സമയത്തെ പിറകോട്ടു ചുറ്റുന്ന ആന്റിക്ലോക്ക് നിര്‍മ്മിച്ച് ഹെന്‍ട്രിയുടെ ജീവിതത്തെ മാറ്റി മറിക്കുന്നത്.
ഇതേ പണ്ഡിറ്റ് സ്വയം സമയമാപിനിയുടെ ഉള്ള് കണ്ടും കൊണ്ടും അറിഞ്ഞവനത്രേ. “നിനക്കറിയാവോ ഓരോ സമയബിന്ദുവിനും ഒരു നിശ്ചലതയൊണ്ട്. നിശ്ചലതകളുടെ തൊടര്‍ച്ചയാണ് സമയം. നിശ്ചലതകളുടെ തൊടര്‍ച്ചതന്നെയാണ് ജീവിതോം. അതിനാല്‍ ജീവിതത്തോടൊപ്പം എപ്പഴും മരണോമൊണ്ട്.” എന്ന ജീവിതരഹസ്യം ഹെന്ട്രി മനസ്സിലാക്കിയത് അദ്ദേഹത്തില്‍ നിന്നാണ്. സ്വന്തമായി ഉണ്ടാക്കിയ ആന്‍റിക്ലോക്ക് കയ്യില്‍ വന്നപ്പോള്‍ അവന് ഇതിന്‍റെയെല്ലാം പൊരുള്‍ അനിഭവിച്ചറിയാനും ഇടയായി. “എസ്കേപ് വീല്‍ അതിനുവേണ്ട ഊര്‍ജ്ജമെടുക്കുന്നത് ഇരുവശത്തെയ്ക്കും ആടണ പെന്‍ഡുലത്തീന്നാ. ചുരുക്കത്തില് ഭൂതത്തിലേയ്ക്കും ഭാവിയിലേയ്ക്കുമുള്ള ചാഞ്ചാട്ടമാണ് വര്‍ത്തമാനകാലത്തെ നിശ്ചയിക്കുന്നത്.”
ആന്റീക്ലോക്കിന് എന്ത് വിലകൊടുക്കേണ്ടിവരും എന്ന് ചോദിച്ച ഹെന്‍ട്രിയ്ക്ക് കിട്ടിയത് വലിയൊരുപദേശമായിരുന്നു. “മഴയ്ക്ക് പ്രതിഫലമായി നീയെന്ത് കൊടുക്കും? പ്രാണവായു തന്നതിന് മരത്തിന് നീയെന്തു തിരികെ നല്‍കും? മിണ്ടാതിരിക്കണ മഹത്വങ്ങളുടെ സൌജന്യമാണ് താനനുഭവിക്കണതെന്ന് തട്ടിയെടുക്കുന്നവന്‍ അറീന്നില്ല. ചെലതിനൊന്നും പ്രതിഫലം നല്‍കാനാവില്ല ഹെന്റ്രീ”, എന്ന് പറഞ്ഞാണ് പണ്ഡിറ്റ് ആ അപൂര്‍വ്വനിര്‍മ്മിതി അവന് സമ്മാനമായി നല്‍കിയത്. ബൈബിളിലും ഏശയ്യയുടെ പുസ്തകത്തില്‍ സമയത്തെ പുറകോട്ടു തിരിക്കുന്ന നിഴല്‍ഘടികാരത്തെപ്പറ്റി പരാമര്‍ശമുണ്ടത്രേ. സാത്താന്‍ ലോപ്പോയും അവന്‍റെ ജര്‍മ്മന്‍ മരുമകളും വലിയൊരു മോഹവില പറഞ്ഞിട്ടും കൊടുക്കാതെയാണ് ആ പാവം ശവപ്പെട്ടിപ്പണിക്കാരന്‍ ആന്റീക്ലോക്ക് അവിടെ അവന്‍റെ കടയില്‍ സൂക്ഷിച്ചു വച്ചത്.
ആന്റീക്ലോക്ക് വന്ന ശേഷം ഹെന്‍ട്രി തന്‍റെ കടയുടെ പേര് തന്നെ മാറ്റി. ശവപ്പെട്ടിയ്ക്ക് പകരം അതൊരു ‘സ്വര്‍ഗ്ഗപ്പെട്ടി’ വില്‍ക്കുന്ന കടയായി മാറുന്നു. സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകാനാണല്ലോ വിലകൂടിയതും അണിയിച്ചൊരുക്കിയതുമായ പെട്ടികള്‍ വാങ്ങി സ്വന്തക്കാരെ ആളുകള്‍ പറഞ്ഞയക്കുന്നത്.
‘ചോറിന് അമ്മയുടെ മണം’ എന്നത് മനുഷ്യന്‍റെ നിര്‍മ്മിതിയുടെ ഭാഗമായിവേണം കരുതാന്‍. ഹെന്‍ട്രിയുടെ നിദ്രാരഹിതരാത്രികള്‍ക്ക് കൂട്ടായി മാനസീക വിഭ്രാന്തിയോടെ പ്രായമെത്താതെ മരിച്ച അന്നയെന്ന പേരുള്ള അമ്മയുടെ മുഖം എന്നുമുണ്ടായിരുന്നു. “അന്നം തന്നെയാണ് അമ്മയെന്ന് എനിക്കന്നേരം തോന്നിക്കൊണ്ടെയിരുന്നു അതുകൊണ്ടാകുമോ അമ്മയ്ക്ക് അന്ന എന്ന പര്യായം ഉണ്ടായത്?”
“മരിച്ചോരെ നാം കാണുന്നില്ലെങ്കില് അവര്‍ ഇല്ലാതായെന്നല്ല. അവരെ അവരടെ സൂക്ഷ്മതേല് കാണാന്‍ നമ്മടെ കണ്ണിന് പ്രാപ്തിയില്ലന്നേയുള്ള്. ഫാന്‍ പ്രവര്‍ത്തിക്കാണ്ടായാല് അതിലൂടെ ഒഴുകിയ കറണ്ട് ഇല്ലാണ്ടാവുവോ? കറണ്ടിനെ കടത്തിവിടാന്‍ ഫാനിന്‍റെ കഴിവ് നഷ്ടവായെന്നല്ലേ മനസ്സിലാക്കേണ്ടത്? ശരീരത്തിന് കേടുപറ്റ്യാലും ജീവന്‍ സൂക്ഷ്മത്തില്‍ നിലനില്‍ക്കും. കറണ്ടിനോടു പ്രതികരിക്കണ ഒരുപാധിയുണ്ടേല്‍ അതിനെ അനുഭവിക്കാം എന്നതുപോലെ ജീവനോടു പ്രതികരിക്കണ ഒരുപാധിക്കും സാധിക്കും അതും ഊര്‍ജ്ജം തന്നെയാ”. ഹെന്‍ട്രിയുടെ അപ്പന്‍ വായിച്ചത് ബൈബിള്‍ മാത്രമാണെങ്കിലും പ്രപഞ്ചത്തിലെ ജീവന്‍റെ എകാത്മകതയും വേദാന്തത്തില്‍ സുവിദിതമായി ചര്‍ച്ചചെയ്യപ്പെടുന്ന “നൂലില്‍ മണികള്‍ പോലെന്നിലെല്ലാം ചേലില്‍ കോര്‍ത്തുള്ളതാണോര്‍ത്തിടേണം” എന്ന ഗീതാസാരവും ഇതോടു ചേര്‍ത്തു നമുക്ക് വായിക്കാം.
“നമ്മുടെ അസ്ഥികള്‍ക്കുള്ളില് ഭൂതക്കണ്ണാടിയില്‍ക്കൂടി നോക്കിയാക്കൂടി കാണാനാവാത്ത ജീവികളുണ്ടേല് അസ്ഥിയിലെ ചെറുപോടുകള്‍ അവയ്ക്ക് കോട്ടവാതില് പോലെ ഭീകരവലിപ്പമൊള്ളതായിരിക്കും. കാണണതൊക്കെ മഹാനഗരങ്ങളും എടുപ്പുകെട്ടുകളും ആരിക്കും അവയ്ക്ക്. അവരുടെ തുറസ്സായ സ്ഥലങ്ങള്‍ ആറ്റത്തിനുള്ളിലെ ശൂന്യദൂരങ്ങളാ. തങ്ങള്‍ ജീവിക്കണത് ഒര് മനുഷ്യന്‍റെ അസ്ഥിക്കുള്ളിലാണെന്ന് ഒരു കാലോമവര്‍ അറീല്ല.” പണ്ഡിറ്റ് ഹെന്ട്രിയെ പറഞ്ഞ് മനസ്സിലാക്കി. ശാസ്ത്രത്തിന്‍റെ വസ്തുനിഷ്ഠമായ നിരീക്ഷണവും ആത്മീയതയിലെ വ്യക്തിനിഷ്ഠമായ അനുഭവനിരീക്ഷണവും ഒന്നായി മാറുന്ന അനവധി ചര്‍ച്ചകള്‍ ഹെന്‍ട്രിയുടെ ഗുരുവായ പണ്ഡിറ്റും ആദ്യഗുരുവായ അപ്പനും നടത്തുന്നുണ്ട്.
“പുഴുക്കള്‍ നിങ്ങളുടെ ശ്വാസം നിലയ്ക്കുന്നതും നോക്കി നോമ്പെടുക്കുന്നുണ്ടെന്ന്‍ അവന്‍ കട്ടായം പറഞ്ഞു. മരിച്ചു നേരത്തോടുനേരം കഴിഞ്ഞാല് അവ ആര്‍ത്തലറിക്കൊണ്ട് നിങ്ങളുടെ സാമ്രാജ്യം കീഴടക്കി സര്‍വ്വതന്ത്രസ്വതന്ത്രന്മാരായി വാഴും. തോന്നിയപോലെ പുളച്ചു വിഹരിക്കും...... സമയമെത്തുന്നതും കാത്ത് ക്ഷമാപൂര്‍വ്വം ഓരോ ദേഹത്തിലും അവ പമ്മിയിരിപ്പാണ്. അത്രമേല്‍ ജീര്‍ണ്ണതയ്ക്ക് വഴക്കപ്പെട്ടതാണ് മനുഷ്യദേഹം എന്നിരിക്കേ അതിനെ കെട്ടിപ്പിടിച്ച് കഴിയാനുള്ള വാസന എത്ര ഭീകരമായാണ് ഉടല്‍ ഉള്ളടക്കിവെച്ചിരിക്കുന്നതെന്നോര്‍ത്ത് ഞാന്‍ എന്നെത്തന്നെ തൊട്ടുനോക്കി” ഇങ്ങിനെയുള്ള താത്വികവും ആത്മീയവുമായ “സ്വയം തോട്ടുനോക്കല്‍” നോവലില്‍ ഉടനീളം കാണാം. ജ്ഞാനപ്പാനയും ഭജഗോവിന്ദവും ഉത്തമഗീതങ്ങളും പെട്ടെന്നു മിന്നിമറയുന്ന ആത്മീയതയുടെ ആലക്തികപ്രഭയില്‍ ചിലപ്പോഴങ്കിലും കണ്ണഞ്ചി നില്‍ക്കുന്ന ഇന്ട്രിയെന്ന ഹെന്‍ട്രി നാമോരോരുത്തരും തന്നെയാണ്.
“ദൈവം അവനിഷ്ടപ്പെട്ടവര്‍ക്ക് കഠിനപരീക്ഷകള്‍ നല്‍കി ഊതിക്കാച്ചിയ പൊന്നുപോലെ തിളക്കമുള്ളതാക്കുമത്രേ. അത്രക്കിഷ്ടം എന്തിനാണ് കര്‍ത്താവേ നിനക്കെന്നോട്? ഇടയ്ക്കെങ്കിലും എന്നെയല്‍പ്പം വെറുത്തുകൂടെ?” എന്നാണ് ഹെന്‍ട്രി ദൈവത്തോട് ഹൃദയപൂര്‍വ്വം പരിതപിക്കുന്നത്.
ആത്മാവില്‍ ഉണ്ടാവേണ്ടത് ആഗ്രഹങ്ങളുടെ ദാരിദ്ര്യമാണ് - അതുള്ളവന്‍ ഭാഗ്യവാന്‍ എന്നാണ് തിരുവചനമെന്ന്‍ ഹെന്‍ട്രി മനസ്സിലാക്കുന്നുണ്ട്. “ആശയൊഴിഞ്ഞു ശൂന്യമാകുന്ന മുറയ്ക്ക് ആത്മാവ് അതിന്‍റെ സ്വയം പ്രകാശനശേഷി പ്രദര്‍ശിപ്പിച്ച് നിങ്ങളില്‍ത്തന്നെയുള്ള ദൈവരാജ്യത്തിന്‍റെ അനുഭവം നല്‍കുമെന്ന അനുഭവത്തിന്‍റെ വാഗ്ദാനമാണത്. ആഗ്രഹങ്ങള്‍ ദുഖകാരണമാണെന്ന് ബുദ്ധനും പറഞ്ഞുവെച്ചതിന്‍റെ പൊരുളും മറ്റൊന്നല്ല.”
തനിക്ക് പുത്രനെപ്പോലെ പ്രിയനായ പുതുതലമുറയിലെ ഡേവിഡും അയല്‍വക്കത്തുള്ള തയ്യല്‍ക്കാരിയായ ശാരിയും തമ്മിലുള്ള പ്രണയത്തിനു സഹായം ചെയ്തുകൊടുത്ത് ചാരിതാര്‍ത്ഥ്യമണയുന്ന ഹെന്‍ട്രി അവരുടെ ചെയ്തികളെപ്പറ്റി വേവലാതിപ്പെടുന്നത് ഇങ്ങിനെയാണ്. “പുതുതലമുറ അങ്ങിനെയാണ്. വീണ്ടുവിചാരത്തിനുള്ള നെന്മണിയോളം സാദ്ധ്യതപോലും നിലനിര്‍ത്താതെ കേറിയങ്ങ് ആവേശപ്പെടുകയും പ്രതികരിക്കുകയും ചെയ്യും. അതിനാകട്ടെ ഒറ്റദിവസത്തെ ആയുസ്സുപോലും ഉണ്ടാവുകയുമില്ല.”
ഓസ്തിപ്പുരയിലെ കപ്യാരുടെ കാത്തിരിപ്പും അവിടെ ഓസ്തിയപ്പത്തിന്‍റെ ബാക്കി തുണ്ടുകള്‍ക്കായി കുട്ടികളുടെ തിരക്ക് കൂട്ടലും പുതുമയുള്ള ഒരു കാഴ്ചയായി അനുഭവപ്പെട്ടു. അവിടെ “എന്നുമാരേം പിന്നില്‍ നിര്‍ത്താന്‍ പ്രകൃതി സമ്മതിക്കത്തില്ല പിടിച്ച് മുന്നിലാക്കും ഒരു ദെവസം” എന്ന തിരിച്ചറിവോടെ കപ്യാര്‍ ഹെന്‍ട്രിയെ തിരക്ക് കൂട്ടുന്ന തിണ്ണമിടുക്കുള്ള കുട്ടികളുടെ മുന്നിലേയ്ക്ക് വിളിച്ച് കൊടുത്ത ഓസ്തിയപ്പത്തുണ്ടുകള്‍ അവന്‍റെ ദേഹത്തും മനസ്സിലും നന്നായി അലിഞ്ഞു ചേര്‍ന്നു.
ഒരവധൂതനെപ്പോലെ മരിച്ചവിശ്വാസികളുടെ തിരുനാളിലാണ് സെമിത്തേരിയില്‍ വച്ച് ഏറോന്‍ ഹെന്‍ട്രിയെ തൊടുന്നത്. മരണദൂതനായ ‘ഏറോന്‍ തൊട്ട’ മനുഷ്യനാകുന്നതോടെ ഹെന്‍ട്രി മരണത്തെ പേടിയില്ലാത്തവനായി. മരിച്ചാലും ബിയാട്രീസും മക്കളും കിടക്കുന്ന പെട്ടിയിലേയ്ക്ക് പോവാമെന്ന ഗൂഢമായ മോഹവും അതിനെ പിന്തുണച്ചു നിന്നു.
“പൊറമേ നമ്മളറിയണ ബുദ്ധി ഒറക്കം തൂങ്ങിയാപ്പോലും വട്ടപ്പൂജ്യമാകണ വിഡ്ഢിത്തോന്നലാടാ. എന്നാല്‍ ഒറക്കത്തിലും ഒറങ്ങാതെ പ്രവര്‍ത്തിക്കണൊരു ബുദ്ധിയൊണ്ടെല്ലാരിലും. ഒണര്‍ന്നിരിക്കെത്തന്നെ അതിനെ അനുഭവിക്കണോനാണ് മഹാബുദ്ധിമാന്‍.” സ്ഥിരപ്രജ്ഞന്‍റെ സ്വഭാവമെന്തെന്നു ഭഗവദ്ഗീത വ്യക്തമാക്കുന്നതിനെ ലളിതമായി അപ്പന്‍ മകന് പറഞ്ഞ് കൊടുത്തതാണ്. അപ്പന്‍ മകനായി ജീവിതത്തില്‍ കൊടുത്ത സ്വത്തുക്കള്‍ ഈ വചനങ്ങളും പിന്നെ തെറ്റില്ലാതെ ശവപ്പെട്ടി പണിയാനുള്ള കരവിരുതുമാണ്. നെയ്യാറിന്‍റെ കരയില്‍ കുടുംബത്തിനു സ്വന്തമായി ഉണ്ടായിരുന്ന ഭൂമി ഡാമുണ്ടാക്കിയപ്പോള്‍ അവര്‍ക്കും നഷ്ടപ്പെട്ടിരുന്നു. എത്രയെത്ര ജീവികളുടെ നിലപാടുതറകളാണ് മനുഷ്യനെന്ന ജീവി നശിപ്പിച്ചു കളയുന്നത്!
“ഞാന്‍ ചൂലുകൊണ്ട് തട്ടിയപ്പോള്‍ സ്വന്തം ലോകത്തൊരു കൊടുങ്കാറ്റ് സംഭവിച്ചു എന്നല്ലാതെ എട്ടുകാലിക്ക് ഒരിക്കലും മനസ്സിലായിട്ടുണ്ടാവില്ല തന്നെ തകര്‍ത്തതൊരു ചൂലാണെന്നും അതും പിടിച്ചൊരു മനുഷ്യന്‍ താഴെ നില്‍പ്പുണ്ടെന്നും. എട്ടുകാലിക്ക് തിരിച്ചറിയാന്‍ കഴിയാത്ത വിരാട് രൂപിയാണ് മനുഷ്യനെങ്കില്‍ മനുഷ്യന് തിരിച്ചറിയാന്‍ കഴിയാത്ത് വിരാട് രൂപിക്കും ഈ പ്രപഞ്ചത്തില്‍ സാദ്ധ്യതയുണ്ട്.” പ്രപഞ്ചമെന്നത് ഒരൊറ്റ ജൈവരൂപമാണെന്ന എകാത്മകതാ ചിന്തയും ജെയിംസ്, ഹെന്‍ട്രിയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
ജെയിംസിന്‍റെ ഭാഷ മൂന്നിലധികം മാനങ്ങളുള്ള ‘വിസ്താരമാ പ്രൊജക്ഷന്‍’ ആകുന്ന രംഗങ്ങളും നോവലില്‍ വിരളമല്ല. ഉദാഹരണം എത്രവേണമെങ്കിലും പറയാം. “പുറത്ത് വീശാനൊരു കാറ്റും പെയ്യാനൊരു മേഘവും തന്ത്രമൊരുക്കുന്നുണ്ടായിരുന്നു. ആദിനാട് ഇന്ന് നനഞ്ഞു ചാവുമെന്ന് പ്രാകി ഒരു പറ്റം തെറ്റാലിപ്പറവകള്‍ ശറപറേന്ന് കിഴക്കോട്ട് പറന്നു”
“ദാരിദ്ര്യം കൊടുമ്പിരിക്കൊള്ളുമ്പോഴും കടം ചോദിക്കാന്‍ മടിക്കുന്നപോലൊരു ദുരഭിമാനം”, “വിശപ്പ് സഹികെടുമ്പോള്‍ കൈനീട്ടിപ്പോവുന്നതും അഭിമാനമോര്‍ത്ത് കൈ പിന്‍വലിക്കുന്നതുമായ ഗതികേട്”, എന്നിവ വായിക്കുമ്പോള്‍ “നാണമായെനിക്കെന്‍റെ സാവിത്രീ മാനം കാത്തു ഞാനിങ്ങു പോന്നു’ എന്ന് വൈലോപ്പിള്ളിക്കവിതയില്‍ ദാരിദ്ര്യം സഹിയാതെ അടുത്ത വീട്ടിലെ കായക്കുല മോഷ്ടിച്ച് വിശപ്പടക്കാന്‍ തുനിഞ്ഞ നമ്പൂതിരി അതിനു കഴിയാതെ ഭാര്യയോടു ചെന്നുപറഞ്ഞ അതേ നിസ്സഹായാവസ്ഥയാണ് കാണപ്പെടുന്നത്. പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചങ്ങിനെ നോക്കി നില്‍ക്കുമ്പോള്‍ വിശപ്പടക്കാനാണെങ്കിലും ഞാനെങ്ങിനെ ഈ നീചകൃത്യമായ മോഷണം ചെയ്യും എന്നാണു ചോദ്യം. കവിതയിലാകുമ്പോള്‍ കുറച്ചു കാല്‍പനീകതയും ആകാമല്ലോ.
യേശുവിന്‍റെ ക്രൂശിതമരണത്തെയും അത് പാപികളടക്കം എല്ലാവരെയും രക്ഷ്പ്പെടുത്താനാണെന്നുമുള്ള ക്രൈസ്തവവിശ്വാസത്തെയും ചോദ്യം ചെയ്യാന്‍ പണ്ടത്തെ സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജവം കാണിച്ചിരുന്നു. “കര്‍ത്താവ് എങ്ങാണ്ടോകെടന്ന് കുരിശേ ചത്തെന്നുവച്ച് എന്‍റെ തെറ്റിന് പൊറുതി കിട്ടണതെങ്ങനാ? വെറും തട്ടിപ്പ്” എന്നായിരുന്നു ഹെന്‍ട്രിയുടെ കൂട്ടുകാരന്‍ യോനായുടെ ചോദ്യം. എന്നാല്‍ പിതാവും പുത്രനും സ്നേഹബന്ധത്താല്‍ ഒന്നായിരിക്കുന്നതിലും ആഴത്തില്‍ “നാമും അവനില്‍ ഒന്നുപെട്ടിരിക്കുന്ന ഒരവസ്ഥയുണ്ടെടാ” എന്ന അപ്പന്‍റെ വിശദീകരണത്തില്‍ ഹെന്‍ട്രി ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരുന്നു. എങ്കിലും അതെങ്ങിനെയെന്ന് മനസ്സിലാക്കാന്‍ അവന് കുറേക്കാലംകൂടിയെടുത്തു. “ആദ്യം ശരീരവും പിന്നെ മനസ്സും കടന്ന്‍ ആത്മതലത്തിലെത്തുമ്പം എല്ലാവരും ഒന്നാണെടാ ഇന്ട്രീ. ശത്രൂനെപ്പോലും സ്നേഹിക്കാന്‍ പറഞ്ഞതും അതുകൊണ്ടുതന്നെ. ദൈവത്തില്‍നിന്നുള്ള കേവലദൂരം മാത്രമാണ് മനുഷ്യനെങ്കില്‍ ദൂരംകുറഞ്ഞ് പൂജ്യമാകുമ്പോള്‍ മനുഷ്യന്‍ സ്വയം ദൈവം തന്നെയാണെന്ന് അപ്പന്‍ എത്ര നിസ്സാരമായി പറഞ്ഞ് തന്നു!”
“ഞാനും എന്‍റെ പിതാവും ഒന്ന്‍” എന്ന് ക്രിസ്ത്യാനികളും, “തത്വമസി” എന്ന് ഹിന്ദുക്കളും, “അനല്‍ഹഖ്” എന്ന് മുസ്ലീങ്ങളും തത്വത്തില്‍ ഒന്നിക്കുന്ന ആ ഏകാത്മകതയുടെ നേര്‍വെളിച്ചം ഹെന്‍ട്രിയെന്ന പഠിപ്പും പത്രാസുമില്ലാത്ത ഒരു ശവപ്പെട്ടിപ്പണിക്കാരന്‍റെ ചിന്താവ്യാപാരങ്ങളിലൂടെ ജെയിംസ് നന്നായി വരച്ചു കാട്ടുന്നുണ്ട്. എല്ലാത്തിനും ആവര്‍ത്തിച്ചു കാണിക്കാവുന്ന വസ്തുനിഷ്ഠമായ തെളിവുകള്‍ വേണമെന്ന ശാസ്ത്രത്തിന്‍റെ ശാഠ്യങ്ങളെ വെല്ലുവിളിക്കാനും ഈ നോവലിസ്റ്റ് ശ്രമിച്ചു വിജയിക്കുന്നുണ്ട്.
ആന്റീക്ലോക്കില്‍ അതിനാടകീയമായ ഒരവസാനവും തുടക്കം മുതല്‍ വായനക്കാരനെ നീറ്റുന്ന ഒരനുഭവതലവും ഉണ്ട്. ചിലയിടത്ത് തികച്ചും സിനിമാറ്റിക് ആകാവുന്നതും മറ്റു ചിലയിടത്ത് ദൃശ്യഭാഷയ്ക്ക് ഒരുപക്ഷെ ഒരിക്കലും വഴങ്ങാന്‍ കഴിയാത്തതുമായ തികച്ചും വ്യത്യസ്ഥമാനങ്ങളിലുള്ള ചിന്താവ്യാപാരമാണ് ഈ നോവലിന്‍റെ വൈവിദ്ധ്യമാര്‍ന്ന ശൈലി. ചുരുക്കം ചിലയിടങ്ങളില്‍ മാത്രം കാടുകയറിപ്പോകുന്നു എന്നു തോന്നിയാലും കയ്യടക്കത്തോടെ നോവലിസ്റ്റ് അവയെ കഥയിലെ കാര്യത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നു സഫലമാക്കുന്നുണ്ട്.