സുപ്രസിദ്ധമായ
രാമായണം, ബാലകാണ്ഡത്തില്‍, ശ്രീരാമചന്ദ്രന് വസിഷ്ഠ മുനിയില്‍
നിന്നും സുപ്രധാനമായ ശിക്ഷണം ലഭിച്ചുവെന്നും അതിനുശേഷ മാണ് രാമലക്ഷ്മണന്മാര്
യാഗരക്ഷയ്ക്കായി വിശ്വാമിത്രനെ അനുഗമിച്ചതെ ന്നും വാല്മീകിരാമായണത്തിലൂടെ നാം
മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ രാമനെ മര്യാദാപുരുഷോത്തമനാക്കിമാറ്റിയ ആ
വസിഷ്ഠോപദേശങ്ങള്‍ എന്തായിരുന്നു? അതാണ് യോഗവാസിഷ്ഠം അഥവാ മഹാരാമായണം എന്ന മഹത്തും ബൃഹത്തുമായ ഗ്രന്ഥത്തിന്റെ
ഉള്ളടക്കം.
എന്തുകൊണ്ടാണിത്
‘മഹാ’രാമായണമാവുന്നത്? വാസ്തവത്തില്‍
രാമാ യണത്തെക്കാള്‍ ബൃഹത്തായ ഒരു കൃതിയാണ് യോഗവാസിഷ്ഠം. ആഴത്തി ലും പരപ്പിലും
വാല്മീകി രാമായണത്തിനേക്കാള്‍ വലുതത്രേ ഇത്. രാമായ ണം രാമന്റെ അയനമാണ്-
അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അനിതരദൃശ്യങ്ങളായ സാഹസികതകളും
സംഭവങ്ങളുമാണതിലെങ്കില്‍ യോഗവാസിഷ്ഠ ത്തില്‍ ഉള്ളത് രാമന്റെ ആത്മീയജീവിതത്തിന്റെ
നേര്‍ക്കാഴ്ചയാണ്.
സാക്ഷാല്‍
വിഷ്ണുവിന്റെ അവതാരമെന്ന് കീര്‍ത്തികേട്ട രാമന് ജനിച്ച പ്പോള്‍ എല്ലാവരെയുംപോലെ, സാധാരണക്കാരുടെമട്ടില്‍ സംസാരവ്യഥകളും ആകുലതകളും ഉള്ള ഒരു
ബാലനായിരുന്നു. എന്നാല്‍ ഈ ബാലന്റെ പടി പടിയായുള്ള ആത്മീയോന്നതിക്ക് നിദാനമായത്
വസിഷ്ഠമുനിയുടെ ഉപദേശ സംഹിതകളായിരുന്നു. അവയാണ് ജീവിതത്തിലെ ഓരോരോ ഘട്ടങ്ങളിലും
രാമനെ നയിച്ചിരുന്നത്. മുപ്പത്തീരായിരം ശ്ലോകങ്ങളില്‍ വിശദമായി പ്രതിപാ ദിച്ചിരിക്കുന്നതും
രാമായണത്തിന്റെ പിന്നിലെ ‘കഥയെന്തെന്ന്’ വ്യക്തമാക്കു ന്നതുമായ ഒരപൂര്‍വ്വകൃതിയാണിത്.
യോഗവാസിഷ്ഠം ഉള്ളില്‍ പ്രതിഷ്ഠിത മല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ രാമന്
സദ്സ്വഭാവിയായ, ഒരു പക്ഷേ വില്ലാളിയുമായ വെറുമൊരു ഒരു
രാജകുമാരന് മാത്രമാകുമായിരുന്നു. വസിഷ്ഠന്റെ ഉപദേശങ്ങളില്‍ നിന്നും
സ്വാംശീകരിച്ച ജ്ഞാനവിജ്ഞാനവിവേകാദികള്‍ രാമനെ ജീവിതായോധാനത്തിനെങ്ങിനെ
പര്യാപ്തനാക്കിയെന്നു നമുക്ക് രാമായണവും മഹാരാമായണവും ചേര്‍ത്തുവയ്ക്കുമ്പോള്‍
മനസ്സി ലാക്കാം.
വാല്മീകിരാമായണം
പതിനെണ്ണായിരം ശ്ലോകങ്ങളേയുള്ളൂ. എന്നാല്‍ അതിനുള്ളിലാണ് അതിന്റെ ഇരട്ടിയോളം
വലുപ്പമുള്ള മറ്റൊരു ഗ്രന്ഥം ഉള്‍ക്കൊണ്ടിരിക്കുന്നത്! രാമായണത്തിനുള്ളില്‍
(മഹാഭാരതത്തില്‍ ഭഗവ ദ്ഗീതയെന്നപോലെ) ഈ കൃതി സന്നിവേശിപ്പിച്ചിരുന്നുവെങ്കില്‍
രാമായണ കഥയ്ക്ക് ഇന്നുള്ള പ്രാമുഖ്യം ഒരുപക്ഷേ ഇല്ലാതെപോകുമായിരുന്നു. മാത്രമല്ല, തത്വചിന്താപരമായ ഗഹനചര്‍ച്ചകളില്‍ ചെറിയൊരു വിഭാഗത്തിനു മാത്രമേ താല്പ്പര്യമുണ്ടാവാന്
സാധ്യതയുള്ളുവെന്ന് വാല്‍മീകിക്കറിയാ മായിരുന്നു! അതുകൊണ്ടാവണം ‘കഥ’ വേറൊന്നാക്കി,
‘കാര്യത്തെ’ തരം തിരിച്ചു വച്ചത്. എല്ലാ അനുവാചകര്‍ക്കും ആസ്വദിക്കാന്‍
വേണ്ടിയുള്ള ‘പുരാണ’ കൃതിയല്ല ഇത്.
ആത്മസാക്ഷാത്കാരത്തിന് ഏറ്റവും സഹായകരമായ
സത്യത്തിന്റെ നേരനുഭവമത്രേ ഈ കൃതി. "ഞാന്‍ ബദ്ധനാണ് എന്ന നിസ്തന്ദ്രമായ തോന്നലും, എനിയ്ക്കു
മുക്തി വേണം എന്ന തീവ്രമായ ആഗ്രഹവുമുള്ളവര്‍ക്കു പഠിക്കാനുള്ളതാണ് ശ്രീരാമ-വസിഷ്ഠ സംഭാഷണ രൂപത്തിലുള്ള ഈ
ഗ്രന്ഥം. തികഞ്ഞ അജ്ഞാനിക്കും പൂര്‍ണ്ണവിജ്ഞാനിക്കും ഇതുകൊണ്ട് പ്രയോജനമില്ല.
എന്ന് വാല്മീകിതന്നെ ഗ്രന്ഥത്തില്‍ പ്രസ്താ വിക്കുന്നുണ്ട്.
പടിപടിയായി
വികസ്വരമാവുന്ന തത്വശാസ്ത്രങ്ങളടങ്ങിയ ആറു ഭാഗ ങ്ങളിലായാണ് മഹാരാമായണം വിഭജിച്ചിട്ടുള്ളത്.
ഈ ആറുഭാഗങ്ങള്‍ രാമന്റെ ആത്മീയവളര്‍ച്ചയുടെ ആറുപടികള്‍ തന്നെയാണ്.
ആദ്യത്തെ
പ്രകരണമായ വൈരാഗ്യപ്രകരണത്തില്‍ രാമന് ഭൌതീക ജീവിതത്തിനോടുള്ള വൈരാഗ്യം, ഒരുപക്ഷേ വെറുപ്പുതന്നെ പ്രകടിപ്പിക്കുന്നു. തീവ്രമായ രീതിയിലാണ്
ലോകത്തിന്റെ ഗതിയെപ്പറ്റിയും ജനങ്ങള്‍ ബാല്യ-യൌവ്വന-വാര്‍ദ്ധക്യങ്ങളില്‍
നയിക്കുന്ന അര്‍ത്ഥശൂന്യമായ ജീവിതത്തെ പ്പറ്റിയും രാമന് പറയുന്നത്. ഈദൃശമായ
അനാസക്തി രാമനില്‍ ഉണ്ടാവുന്ന തിനു മുന്‍പും രാമന് സുഖകാംക്ഷിയായിരുന്നില്ല
എന്നതാണ് സത്യം. അനാസ ക്തിപരിശീലനം രാമനെ സംബന്ധിച്ചിടത്തോളം അത്ര ബുദ്ധിമുട്ടുള്ള
തായിരു ന്നില്ല. ആത്മീയജീവിതത്തിന്റെ ആദ്യപടിയില്‍ അത്യാവശ്യമായി സാധകനു ണ്ടാകേണ്ട
ഒരു ഗുണമാണല്ലോ അനാസക്തി.
രണ്ടാമത്തേത്
മുമുക്ഷുപ്രകരണമാണ്. അതില്‍ രാമന് ആത്മജ്ഞാന സാക്ഷാത്കാരത്തിനായുള്ള ഉള്‍ക്കടമായ
ആഗ്രഹം ഉണ്ടാവുന്നതായി നാം കാണുന്നു. അതായത് ലൌകീകമായ ആഗ്രഹങ്ങള്‍ക്ക് പകരം
രാമന്റെ (സാധകന്റെ) ആഗ്രഹങ്ങള്‍ ആത്മീയമായി ഉയരുന്നതുതന്നെയാണ് മുമുക്ഷു ത്വം.
തീവ്രവൈരാഗ്യത്തിലൂടെ സംസാരജീവിതത്തിന്റെ നിരര്‍ത്ഥകത മനസ്സി ലാക്കിയ സാധകന്
ലോകത്തെ ഒരു സാക്ഷീഭാവത്തില്‍ ലോകത്തില്‍ നിന്നും വേറിട്ട് കാണുകയാണ്.
മൂന്നാമത്തെ
പ്രകരണമായ ഉത്പത്തിപ്രകരണത്തില്‍ തന്റെ ഗുരുവില്‍ നിന്നും രാമന് ലോകത്തിന്റെ
ഉദ്ഭവത്തെപ്പറ്റി പഠിക്കുന്നു. ബാഹ്യ മായവസ്തുക്കള്‍ എങ്ങിനെയാണ് നമ്മുടെ മനസ്സിനെ
സ്വാധീനിക്കുന്നതെന്നും എന്തുകൊണ്ടാണ് വിഷയവസ്തുക്കളുടെ മാസ്മരികവലയത്തില്‍ നാം
ആണ്ടുമുങ്ങിപ്പോകുന്നതെന്നും ആഴത്തില്‍ മനസ്സിലാക്കാന്‍ ഈ പ്രകരണം നമ്മെ
സഹായിക്കുന്നു.
ലോകത്തെപ്പറ്റി
മനസ്സിലാക്കിയശേഷം രാമന് ആത്മാവില്‍ അഭിരമിക്കു ന്നതിന്റെ ചിത്രമാണ്
സ്ഥിതിപ്രകരണമെന്ന നാലാം ഭാഗത്തുള്ളത്. പ്രബുദ്ധ തയില്‍ വിരാജിച്ച് ബ്രഹ്മവിലീനനായ
രാമന്റെ ചിത്രമാണിവിടെ നമുക്ക് കാണാനാവുന്നത്. ശ്രീരാമന് അനന്താവബോധത്തെ
സാക്ഷാത്ക്കരിച്ചു സ്ഥിത പ്രജ്ഞനായ സാധകനാണിപ്പോള്‍.
അഞ്ചാമത്തെ
പ്രകരണമായ ഉപശമപ്രകരണത്തില്‍ ആത്മസാക്ഷാ ത്കാരം മൂലമുണ്ടാകുന്ന ആത്മശാന്തിയെ
വിവരിക്കുന്നു.
ആറാമത്തെ
പ്രകരണമായ നിര്‍വാണപ്രകരണത്തില്‍ എല്ലാറ്റിന്റെയും അവസാന പടിയായ മോക്ഷമാണ് വിഷയം.
വാക്കുകള്‍ക്ക് വിവരിക്കാനാ വാത്ത അവസ്ഥയെ വിവരിക്കാന്‍ ശ്രമിച്ചുപിന്‍വാങ്ങുന്ന
ഗുരുവും ശിഷ്യനും ഇവിടെയുണ്ട്. എന്നാല്‍ ആ ദ്വന്ദതയ്ക്ക് പോലും അപ്പോളവിടെ നില നില്പ്പില്ല
എന്നതത്രേ സത്യം.
ആത്മാവ് സുദീര്‍ഘമായ ഒരു
സ്വപ്നത്തിലാണെന്നും അതില്‍ നിന്നുള്ള ഉണരലാണ് ആത്മസക്ഷാത്ക്കാരമെന്നും
യോഗവാസിഷ്ഠം ഉദ്ഘോഷിക്കുന്നു. സ്വപ്നത്തിലെ കാഴ്ചകള്‍ എല്ലാം അസത്താണല്ലോ. അതിലെ
ഒന്നും സത്യമാവാന്‍ സാദ്ധ്യത പോലുമില്ല.
ഈ
യോഗശാസ്ത്രത്തിലെ ചര്‍ച്ചകള്‍ പ്രധാനമായും ശ്രീരാമനും വസിഷ്ഠനും
തമ്മിലുള്ളതാണെങ്കിലും ഇതിലെ കഥകള്‍ ചുരുളഴിയുന്നത് ഒന്നിനുള്ളിലൊന്നെന്ന
മട്ടിലുള്ള അനേകം കഥകളിലൂടെയാണ്. നമ്മുടെ ജീവിതവും ഇപ്രകാരം കഥകള്‍ക്കുള്ളിലെ
കഥകളാണല്ലോ.
ഒരുവസ്തുവിനായി
മനസ്സില്‍ ഒരാഗ്രഹം ജനിക്കുന്നു. പിന്നീട് അതിനു ള്ള പരിശ്രമങ്ങളായി. അത് കിട്ടിയാല്‍
കുറച്ചുനേരത്തെയ്ക്ക് നമുക്കാഹ്ലാദ മായി. എന്നാലീ ആഹ്ലാദം നിലനില്‍ക്കുന്നതല്ല.
അപ്പോള്‍ ആദ്യത്തേതില്‍ നിന്നും മുന്തിയ ഒരു വസ്തുവിനായി നാം ആഗ്രഹിക്കാന്‍
തുടങ്ങുകയായി. വീണ്ടും അത് നേടാനുള്ള പരിശ്രമമായി. അതുകിട്ടിയാല്‍ കുറച്ചു നേരം
ആഹ്ലാദം; കിട്ടിയില്ലെങ്കില്‍ ദുഃഖം, ക്രോധം, മാനസീകക്ഷോഭങ്ങള്‍ എന്നിവ യൊക്കെയുണ്ടാവുന്നു.
പെട്ടെന്ന് ഉള്ളിലൊരു കുറ്റബോധം ഉണ്ടാവുന്നു. ‘കഷ്ടം
എന്തിനാണ് ഞാനതാഗ്രഹിച്ചത്!’ എന്നാല്‍ ആ വസ്തുവിനോടുള്ള
ആഗ്രഹം ഈ കുറ്റബോധത്തോടൊപ്പം നിലനില്ക്കുന്നു. ഇത് മനസ്സിനെ കുഴപ്പിക്കുന്നു.
ആശയങ്ങള്‍ക്ക് തെളിമയില്ലാതെ ആകെചിന്താക്കുഴപ്പവുമായി,
ആദ്യത്തെ
ആദ്ധ്യായം വൈരാഗ്യപ്രകരണമാണെന്ന് പറഞ്ഞുവല്ലോ.
ലൌകീക വസ്തുക്കളോടുള്ള താല്‍പ്പര്യവും അതിനോടുള്ള ഐകമത്യഭാവ വും
ഉപേക്ഷിക്കുന്നതുവരെ നമ്മുടെ ചിന്തകള്‍ക്ക് തെളിച്ചമില്ല. ചിന്തകളിലെ ഈ മേഘപടലം
മാറാതെ ജീവിതത്തില്‍ എന്താണ് നാം തേടേണ്ടതെന്നു വിശകലനം ചെയ്യാനോ ഒരു
തീരുമാനത്തില്‍ എത്താനോ നമുക്ക് കഴിയുക യില്ല. ലൌകീകവസ്തുവിനോടുള്ള
ആസക്തിയുള്ളിടത്തോളം കാലം എന്താണ് നമുക്ക് നേടാനുള്ളതെന്നു നാം അറിയുന്നില്ലെന്ന്
മാത്രമല്ല ആ ആഗ്ര ഹത്തിന്റെ ഗുണങ്ങളില്‍ ഹിതകരമായ മാറ്റങ്ങളൊന്നും ഉണ്ടാകുവാനും
പോകുന്നില്ല. രാമന് മാത്രമല്ല, എല്ലാ സാധകര്‍ക്കും ഈ ഒന്നാം
പടിയായ വൈരാഗ്യപ്രകരണം ബാധകമാണ്.
ശ്രീരാമന്
ഈ സ്ഥിതിയെ നല്ലൊരുദാഹരണം കൊണ്ട് വിശദമാക്കുന്നു. മുളകൊണ്ടുണ്ടാക്കിയ ഒരു
കുട്ടയില്‍ എത്ര വെള്ളമൊഴിച്ചാലും അത് നിറയാന്‍ പോകുന്നില്ല. ജലമെത്ര
കടന്നുപോയാലും എപ്പോഴുമാ കുട്ട കാലിയായിരിക്കും. മുളങ്കുട്ട എന്നത് ലൌകീകസുഖങ്ങളെ
ആസ്വദിക്കാനുള്ള ത്വരയാണ്. എന്തെങ്കിലും നേടാനുള്ള ആഗ്രഹവും എന്തെങ്കിലും
ചെയ്യാനുള്ള ആര്‍ജ്ജവവും അങ്ങിനെ കിട്ടുന്ന സന്തോഷത്തിന്റെ അവസ്ഥയില്‍ തുടരാ നുള്ള
അഭിവാഞ്ഛയും നമ്മിലെല്ലാം സഹജമായി ഉണ്ടല്ലോ. കുട്ടയിലേയ്ക്ക് അനുസ്യൂതമൊഴിക്കുന്ന
ജലം നമ്മുടെ പ്രവര്‍ത്തനങ്ങളെക്കുറിക്കുന്നു. അതായത് എന്തെങ്കിലുമായിത്തീരാന്‍ നാം
ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ - പുരുഷാര്‍ത്ഥങ്ങളാണവ.
എന്നാല്‍
എന്താണ് അതിന്റെയൊക്കെ പരിണിതഫലം? കുട്ടയില്‍ തീരെ അവശേഷിക്കാതെ
ജലമെല്ലാം ഒഴുകിപ്പോകുന്നതുപോലെ എത്ര ആഴത്തില്‍ നാമാ ‘സ്വപ്നത്തില്‍’ അഭിരമിച്ചാലും കഠിനമായി യത്നിച്ചാലും കുട്ട ഒഴിഞ്ഞുതന്നെയിരിക്കുന്നു.
അതുപോലെയാണ് ക്ഷണികവും മാറിക്കൊണ്ടിരി ക്കുന്നതുമായ സ്വപ്നസുഖാനുഭവവും
ലൌകീകവ്യാപാരങ്ങളില്‍ നിന്നുളവാ കുന്ന സംതൃപ്തിയും ആനന്ദവും.
ഒരിക്കല്‍
കാര്യങ്ങളെ ശരിയായി അറിഞ്ഞാല്‍പ്പിന്നെ രണ്ടാം പടിയായ മുമുക്ഷു പ്രകരണമാണ്.
അതായത് സാധകന്റെയുള്ളിലെ ആഗ്രഹത്തിന്റെ ക്രമാനുഗതമായ പരിണാമം- അല്ലെങ്കില്‍ വളര്‍ച്ചയാണിതിലെ
പ്രതിപാദ്യം. സ്വാര്‍ത്ഥപരവും ലൌകീകവും പരിമിതവുമായ ആസക്തികള്‍ക്ക്
പകരം അയാള്‍ക്കിപ്പോള്‍ ആത്മസാക്ഷാത്ക്കാരം വേണമെന്ന ആഗ്രഹമാണ്. ‘സത്വ സ്വാര്‍ത്ഥത’
എന്ന് വേണമെങ്കില്‍ അതിനെ വിളിക്കാം. സ്വയം ഉന്നതനാ വാനുള്ള ആഗ്രഹമാണത്. ‘ഉദ്ധരേത് ആത്മാത്മാനം... എന്നാണല്ലോ’.
നിങ്ങളൊരു
സ്വപ്നം കാണുന്നു. അതില്‍ ആളുകള്‍ നിങ്ങളെയിട്ടോ ടിക്കുകയാണ്. നിങ്ങള്‍ പ്രാണനും
കൊണ്ട് ഓടി രക്ഷപ്പെടാന്‍ നോക്കുന്നു. പെട്ടെന്ന് വഴി രണ്ടായിപ്പിരിയുന്നു. താന്‍
വന്നവഴിയില്‍ നിങ്ങളെ ഓടിക്കുന്ന ആളുകള്‍ ഉണ്ടെന്നു നിങ്ങള്‍ക്കറിയാം. ‘അതുകൊണ്ട് പിറകോട്ടോടുന്നത് ബുദ്ധിയല്ല’. അപ്പോള്‍
നിങ്ങളെന്തുചെയ്യും? ഒന്നുകില്‍ വലത്തേയ്ക്ക് അല്ലെങ്കില്‍
ഇടത്തേയ്ക്ക് ഓടി ഓട്ടം തുടരും അല്ലെങ്കില്‍ ഉറക്കമെണീറ്റ് ഈ സ്വപ്നത്തെ
അവസാനിപ്പിക്കും. അല്ലെ? സ്വപ്നത്തില്‍ നിന്നുമുള്ള ഈ ‘ഉണരല്‍’ യോഗവാസിഷ്ഠത്തില്‍ വിവരിച്ചിരിക്കുന്നത്
നമ്മുടെ മൂന്നാംകണ്ണ് തുറക്കുന്നതായാണ്. മൂന്നാംകണ്ണ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്
വിവേകവി ജ്ഞാനത്തെയാണ്. ഈ വിവേകമാണ് ഒരുവനെ വൈരാഗ്യത്തിലേയ്ക്ക്, അനാസക്തിയിലേയ്ക്ക് ആനയിക്കുന്നത്.
വിവേകമെന്നാല്‍
ഏതാണ് ഉചിതം, ഏതാണ് അനുചിതം എന്നു തിരിച്ച റിയാനുള്ള
കഴിവാണ്. അതൊരുവന്റെ ജീവനെ എപ്പോഴും മുന്നോട്ടു നയിക്കുന്നതാവണം. തൊട്ടാവാടിയെപ്പോലെ
ക്ഷണത്തില്‍ വാടുന്ന ഒന്നല്ല വിവേകം, മറിച്ച്
നിതാന്തശാശ്വതമായ അറിവിന്റെ നിറവാണത്. ഉചിത മായി വിവേകമുപയോഗിക്കുമ്പോള്‍ അത്
അനാസക്തിയായി. അനാസക്തി യെന്നത് ബുദ്ധിപരമായ ഒരാശയമല്ല, മറിച്ച്,
അത് ക്രമാനുഗതമായി മനസ്സിലെ ആഗ്രഹങ്ങളിലും അവയുടെ ഭാവങ്ങളിലുമുണ്ടാവുന്ന
പരിണാമമാണ്. നാമിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വപ്നത്തില്‍ നിന്നും പൂര്‍ണ്ണ
ജാഗ്രദിലേയ്ക്ക് നമ്മെ ഉണര്‍ത്തുക എന്നതാണ്
യോഗവാസിഷ്ഠത്തിന്റെ ആത്മീയ ലക്ഷ്യം.
പുരാണങ്ങളിലെയും
ശാസ്ത്രഗ്രന്തങ്ങളിലെയും കഥകള്‍ക്ക് ഉപരിതലമായ ഒരു കേവലമാനവും തത്വചിന്താപരമായി ഉന്നതമായൊരു
മാനവും ഉണ്ടാവും. ശാസ്ത്രഗ്രന്ഥങ്ങളില്‍ അത് കഥാപാത്രങ്ങളുടെ പേരുമായും
ബന്ധപ്പെട്ടിരിക്കുന്നു. ഭാഗവതത്തിലും മറ്റും നമ്മള് ഇത് കാണുന്നുണ്ട്.
യോഗവാസിഷ്ഠം
തുടങ്ങുന്നത് സുതീക്ഷ്ണന്‍ എന്ന് പേരായ ഒരു ബ്രാഹ്മണന് അഗസ്ത്യമഹര്‍ഷിയെക്കണ്ട്
ചോദിക്കുന്ന ഒരു സംശയത്തോടെ യാണ്. അവനവന്റെ ധര്‍മ്മകര്‍മ്മങ്ങള്‍
അനുഷ്ഠിക്കുന്നതാണോ എല്ലാമെല്ലാം ഉപേക്ഷിച്ചു സന്യാസവൃത്തി സ്വീകരിക്കുന്നതാണോ
മോക്ഷത്തിനുള്ള മികച്ച മാര്‍ഗ്ഗം എന്നാണ് ‘തീക്ഷ്ണബുദ്ധിയായ’ (സുതീക്ഷ്ണന്‍) ശിഷ്യന്റെ ചോദ്യം. ഗുരുവായ അഗസ്ത്യന് ജ്വലിച്ചുനില്ക്കുന്ന
സൂര്യനാണ്. സുതീക്ഷ്ണനില്‍ നിന്നും അഗസ്ത്യനിലേയ്ക്കുള്ള അന്വേഷണം ബുദ്ധിയില്‍
നിന്നും സഹജാവ ബോധം എന്ന ഉണര്‍വ്വിലേയ്ക്കുള്ള ശിഷ്യന്റെ ക്രമികവികാസം തന്നെയാണ്. ‘പക്ഷികള്‍ക്ക് പറക്കാന്‍ രണ്ടു ചിറകുകള് അനിവാര്യമാണ് എന്നതുപോലെ ആത്മസാക്ഷാത്ക്കാരമെന്ന
ലക്ഷ്യം സാധിക്കാന്‍ കര്‍മവും ജ്ഞാനവും വേണം.’ അതായത്, ഇതില്‍
ഒന്നു പോര, രണ്ടിന്റെയും സമ്യക്കായ പരിശീലനമാണ് ആവശ്യം. അവയുടെ
ക്രമീകമായ വളര്‍ച്ചയാണ് ആത്മീയത എന്ന പരമോന്നതമായ ജീവനകലയില്‍ അനാവൃതമാവുന്നത്.
ഗുരുവില്‍ നിന്നും കിട്ടിയ മറുപടിയില്‍ സുതീക്ഷ്ണന്‍ പൂര്‍ണ്ണമായും
തൃപ്തിയടഞ്ഞിട്ടില്ല എന്നറിഞ്ഞ ഗുരു പറഞ്ഞു, ‘ഞാനിനി നിനക്ക്
അഗ്നിവേശന്റെയും കാരുണ്യ ന്റെയും കഥ പറഞ്ഞു തരാം. നിനക്കത് പ്രയോജനപ്പെടും.’
അഗ്നിവേശന്റെ
മകനാണ് കാരുണ്യന്‍. ചിന്താകുലനായി, മകന് ദുഖിച്ചി രിക്കുന്നത്
കണ്ടു പിതാവ് കാരണമാരാഞ്ഞു. ഗുരുകുലവാസവും വിദ്യാഭ്യാസവും കഴിഞ്ഞു
ജ്ഞാനസമ്പന്നനായി മടങ്ങിയെത്തിയ മകനില്‍ കണ്ട ഉദാസീനത അഗ്നിവേശനില്‍
ചിന്താക്കുഴപ്പമുണ്ടാക്കി. ‘ശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്
സ്വകര്‍മ്മം അനുഷ്ഠിച്ചു മുക്തിയടയാം എന്നാണല്ലോ! എന്നാല്‍ അതേ ഗ്രന്ഥങ്ങള്‍ തന്നെ
മറ്റിടങ്ങളില്‍ പറയുന്നു, എല്ലാമുപേക്ഷിച്ചു സന്യാസിയായാല്‍
മാത്രമേ മോക്ഷഗതിയുള്ളൂ എന്ന്. ഏതാണ് ശരി? ഏതാണ് എനിക്ക് കൂടുതല്‍ അഭികാമ്യം?’ ഇതാണ്
കാരുണ്യന്റെ ചോദ്യം.
അഗ്നിവേശന്‍
പറഞ്ഞു, ‘ഒരു കഥയിലൂടെ നിന്റെ സംശയത്തിന് ഞാന്‍
നിവൃത്തിയുണ്ടാക്കാം’. ഒരിക്കല്‍ സുരുചി എന്ന് പേരായ
ഒരപ്സരസ്സ് ഹിമാലയത്തില്‍ ചിന്താമഗ്നയായി ഇരിക്കുകയായിരുന്നു (സദ്രുചിയാണ വള്‍ക്കുള്ളത്.
അത് സത്സംഗത്തിനുള്ള വാസന തന്നെയാണ്). അതുവഴി ആകാശമാര്‍ഗ്ഗം പറന്നു
പൊയ്ക്കൊണ്ടിരുന്ന ഇന്ദ്രന്റെ ദൂതനായ ദേവദത്തനെ പിടിച്ചു നിര്‍ത്തി സുരുചി
ചോദിച്ചു: ‘എവിടേക്കാണ് യാത്ര?’ അയാള്‍
പറഞ്ഞു: നല്ല ചോദ്യം, ഞാന്‍ അരിഷ്ടനേമിയുടെ അടുക്കല്‍
നിന്നാണ് വരുന്നത്. അദ്ദേഹത്തിന്റെ കഥ കേള്‍ക്കേണ്ടതാണ്! ഞാന്‍ പറയാം!
അരിഷ്ടനേമി
ഉത്തമനായ ഒരു രാജാവായിരുന്നു. വയസ്സായപ്പോള്‍ അദ്ദേഹം രാജ്യഭാരം മക്കളെ ഏല്‍പ്പിച്ചു
സന്യാസം സ്വീകരിച്ചു. ആയിരക്കണക്കിന് വര്‍ഷം കഠിനതപം ചെയ്ത് ആത്മീയോന്നതി
പ്രാപിച്ച അദ്ദേഹത്തെ ദേവലോകത്തേയ്ക്ക് ക്ഷണിക്കാന്‍ ഇന്ദ്രന് എന്നെ പറഞ്ഞയച്ചു.
ഇന്ദ്രന്റെ ദൂതുമായി ഞാന്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹം ചോദിച്ചു: ‘പറയൂ എന്റെ കര്‍മ്മങ്ങള്‍ക്ക് ഫലമായി എന്തെല്ലാമാണ് അവിടെ സ്വര്‍ഗത്തില്‍
എന്നെക്കാത്തിരിക്കുന്നത്?’
അപ്പോള്‍
ഞാന്‍ പറഞ്ഞു: രാജര്‍ഷേ, കര്‍മ്മഫലങ്ങള്‍ വൈവിദ്ധ്യ മാര്‍ന്നതാണ്.
മാത്രമല്ല, അതിന്റെ പ്രാബല്യം കാലികവുമാണ്. അതിന്റെ ഫല സമയം
കഴിഞ്ഞാല്‍ തിരികെ ഭൂമിയില്‍ വന്നു വീണ്ടും ജനിച്ചു മരിക്കണം എന്നതാണ് പ്രകൃതി
നിയമം. മാത്രമല്ല ഈ സുഖ(ദുഃഖ)ഭോക്താക്കള്‍ക്കി ടയിലും അസൂയയും വഴക്കുമെല്ലാമുണ്ട്.’
‘അങ്ങിനെയെങ്കില്‍ ഞാന്‍ അങ്ങയുടെ കൂടെ സ്വര്‍ഗ്ഗത്തേയ്ക്ക് വരുന്നില്ല.
ഞാന്‍ തപസ്സു ചെയ്യുന്നത് ശാശ്വതമായ പ്രശാന്തിയ്ക്കായാണ്. വെറുതെ താല്ക്കാലികമായ
സുഖലബ്ധിക്കായല്ല. അതെനിക്കിവിടെയും ലഭ്യമാണ്. ഇവിടെ കിട്ടാത്തതെന്താണ് അവിടെ
ലഭ്യമാവുക?’
‘ഞാന്‍ മടങ്ങിപ്പോയി ഇന്ദ്രനോട് വിവരം പറഞ്ഞു. ഇന്ദ്രന് എന്നെ വാല്മീകി
മഹര്‍ഷിയുടെ അടുക്കലേയ്ക്ക് പറഞ്ഞു വിട്ടിരിക്കുകയാണ്. അരിഷ്ടനേമി ആഗ്രഹിക്കുന്ന
ശാശ്വതപ്രശാന്തിക്കായി എന്താണ് ചെയ്യേണ്ടതെ ന്നതിനുള്ള ഉപദേശം തേടി വാല്മീകി മഹര്‍ഷിയുടെ
അടുത്തേയ്ക്കാണെ ന്റെയീ യാത്ര.’
ദേവദത്തന്
അരിഷ്ടനേമിയെ വാല്മീകി സമക്ഷം എത്തിച്ചു. അപ്പോ ഴാണ് വാല്മീകി അരിഷ്ടനേമിയോട്
യോഗവാസിഷ്ഠമെന്ന വസിഷ്ഠ-രാമ ഭാഷണം വിവരിക്കുന്നത്.
ബുദ്ധിപരമായ അവലോകനങ്ങളില്‍
നിന്നും സഹജാവബോധത്തിലേയ്ക്കുള്ള പാതയിലെത്തിയ ശിഷ്യനാണ് ഏറ്റവും ഉത്തമന്.
ബുദ്ധിപരമായ ഇടപെട ലുകള്‍ ആത്മീയ വളര്‍ച്ചയെ തടയുന്നു എന്ന് പറയുന്ന
ശാസ്ത്രഗ്രന്ഥങ്ങളുണ്ട്. എന്നാല്‍ അത്തരം പ്രസ്താവനകളെ വേണ്ട രീതിയില്‍ നാം മനസ്സിലാക്കേണ്ട
തുമുണ്ട്. ഈ തടസ്സം നീക്കേണ്ടത് ബുദ്ധിശക്തിയെ നിരാകരിച്ചു കൊണ്ടല്ല, പ്രത്യുത അതിന്റെ സഹായത്തോടെയാണെന്നു മാത്രം.
ഞാന്‍
എന്ന തോന്നലിലാണ് ബുദ്ധിയുടെ ഉദയം. ബുദ്ധിയ്ക്കും ‘ഞാന്‍’ എന്ന അഹംബോധത്തിനും തമ്മില്‍ നല്ല ഇഴയടുപ്പമുള്ള ബന്ധമാണ് എന്ന്
നമുക്കറിയാം. അതിനാല്‍ ബുദ്ധിയെ വേണ്ട രീതിയില്‍ ദിശാബോധത്തോടെ ഉപയോഗിക്കുന്നതാണ്
പ്രയോജനപ്രദം. “അവനവനാത്മസുഖത്തിനാചരിക്കു ന്നവ അപരന്നു
സുഖത്തിനായ് വരേണം” എന്ന് നാരായണഗുരുസ്വാമി പറഞ്ഞ ത്
ഇതിനാണ്.
ബുദ്ധിയേര്‍പ്പെടുത്തുന്ന
തസ്സങ്ങളെ അതിജീവിക്കാന്‍ ഗുരു-ശിഷ്യ ബന്ധ ങ്ങള്‍ക്ക് കഴിയും. ഈ ബന്ധത്തില്‍
ശ്രദ്ധാഭക്തിവിശ്വാസങ്ങള്‍ ഉണ്ട്. ഗുരുവി ന്റെ അറിവില്‍ സര്‍വ്വാത്മനാ സ്വയം സമര്‍പ്പിതമായ
ശിഷ്യന്റെ മേധാശക്തി ഉചിതമായ ദിശയിലേയ്ക്ക് പൂര്‍വ്വാധികം പ്രോജ്വലത്തായി
ഉന്മുഖമാകുന്ന താണ് ഗുരു-ശിഷ്യ ബന്ധത്തിന്റെ സഫലത.
യോഗവാസിഷ്ഠത്തിന്റെ
തുടക്കത്തിലുള്ള കഥകളുടെ ഉള്‍പ്പിരിവുകള്‍ എല്ലാം ഗുരു-ശിഷ്യ ബന്ധത്തിന്റെ വിവിധ
തലങ്ങളെ നമുക്ക് കാണിച്ചു തരുന്നു. സുതീക്ഷ്ണന്‍ ശിഷ്യരിലെ ഏറ്റവും ഉന്നതനാണ്. ആകുലചിത്തനായ കാരുണ്യന്‍ ശിഷ്യഗണത്തില്‍
രണ്ടാമനാണ്. അഗ്നിവേശനാകട്ടെ
പ്രോജ്വലി ക്കുന്ന അഗ്നിയുടെ മൂര്‍ത്തിമദ്ഭാവമാണ്. അഗ്നിവേശന്‍ കാരുണ്യനെ
സമീപിക്കുന്നതിലൂടെ ചിത്തശുദ്ധീകരണത്തിനായി അഗ്നിപ്രഭാപൂരിതമായ പരമബോധം എങ്ങിനെ
സഹായിക്കുന്നു എന്ന് നമ്മെ കാണിക്കുകയാണ്. രാജയോഗത്തിലൂടെയാണ് കാരുണ്യന്റെ
ദുഖത്തിന് നിവൃത്തിയുണ്ടാക്കാ നാവുക. സുതീക്ഷ്ണന്‍ ഗുരുവിനെ സമീപിച്ചത്
ആത്മീയോപദേശത്തിനായി രുന്നുവെങ്കില്‍ കാരുണ്യയെ പിതാവ് സമീപിച്ചത് (ഗുരു ശിഷ്യനെ
സമീപി ക്കുന്നു!) അവന്റെ ദുഖത്തിന് അറുതി വരുത്താനായിരുന്നു.
മൂന്നാമത്തെ
കഥയില്‍ സുരുചിയും ദേവദത്തനുമാണ്. സുരുചിയ്ക്ക് ഉത്തമായതിനോടു നല്ല
അഭിരുചിയുള്ളതുകൊണ്ടാണ് ദേവദത്തനെ കണ്ടെ ത്തി അയാളോടു സംസാരിക്കുന്നത് തന്നെ.
തുടക്കത്തില്‍ അതൊരു മനോവികല്‍പമായിരുന്നിരിക്കാം എങ്കിലും ആ അന്വേഷണം അവളെയും
ആത്മീയതയുടെ പാതയിലെത്തിച്ചു. ഭക്തിയുടെ പാതയില്‍ സാധകന് തന്റെ മനോകാമനകളെ
സമ്യക്കായി ചേര്‍ത്തുവയ്ക്കേണ്ടതെങ്ങിനെയെന്നു സുരുചി നമുക്ക് കാട്ടിത്തരുന്നു.
ആത്മീയപാതയിലെ സാധകരുടെ കൂട്ടത്തില്‍ മൂന്നാമ ത്തെ ഗണമാണ് സുരുചി.
അരിഷ്ടനേമി
സ്വര്‍ഗ്ഗം പോലും വേണ്ടെന്നു വെച്ചാണ് വാല്മീകിയ്ക്ക് ശിഷ്യപ്പെട്ടു ആത്മീയതയെ
സ്വീകരിക്കുന്നത്. അരിഷ്ടനേമിയെന്നാല്‍ ദുഷ്ടതയെ ഇല്ലാതാക്കുന്നവന്, രജസ്സിന്റെ പ്രതീകം. വാല്മീകിയോ, ശുദ്ധസത്വത്തിന്റെ
മൂര്‍ത്തരൂപം.
കഥയിലെ പരമോന്നതപീഠത്തില്‍
നടക്കുന്ന ജ്ഞാനദാനം മൂര്‍ത്തമായ ആത്മാവും അമൂര്‍ത്തമായ പരമാത്മാവും തമ്മിലാണ്.
ശ്രീരാമന് മൂര്‍ത്ത ഭാവത്തിലുള്ള ആത്മസ്വരൂപത്തിന്റെ പ്രതീകമാവുമ്പോള്‍ വസിഷ്ഠന്
ആത്മാവിന്റെ പരമോന്നതതലത്തിലെ പൂര്‍ണ്ണമുക്തിയുടെ പ്രതീകമാണ്. ആത്മാവിന്റെ
സാക്ഷാത്ക്കാരം ഈ രണ്ടും തമ്മിലുള്ള ആപേക്ഷികാന്തരം സത്യമല്ലായിരുന്നുവെന്നുള്ള
അറിവിലാണ്. ഉത്തമശിഷ്യനാണ് രാമന്. വസിഷ്ഠന് ഉത്തമഗുരുവും. ആത്മീയത
വികസ്വരമാകുന്നതിന്റെ വൈവി ദ്ധ്യമാര്‍ന്ന മാര്‍ഗ്ഗങ്ങളും അവയുടെ പ്രത്യേകതകളും
നമുക്കിതില്‍ കാണാം. മാത്രമല്ല ഇതിലൂടെ പലവിധത്തിലുള്ള സാധകരെയും മഹര്‍ഷി
നമുക്കായി പരിചയപ്പെടുത്തുന്നുണ്ട്. ആ സാധകരുടെ മനസ്സില്‍ നടക്കുന്ന ആന്തരീക വ്യാപാരങ്ങളും
ക്രമീകമായ വളര്‍ച്ചയും നമുക്ക് വഴികാട്ടികളാണ്.
യോഗവാസിഷ്ഠ
രചനയ്ക്ക് കാരണമായി വാല്മീകി മറ്റൊരു ഗുരു-ശിഷ്യ കഥകൂടി പറയുന്നുണ്ട്.
പ്രചുരപ്രചാരമുള്ള രാമകഥ- രാമായണം എഴുതിയിട്ടത് തന്റെ ശിഷ്യനായ ഭാരദ്വാജനെ കേള്‍പ്പിച്ചപ്പോള്‍
അതില്‍ അതീവസന്തുഷ്ടനായ ഭരദ്വാജന് അത് ബ്രഹ്മാവിനെ കേള്‍പ്പിച്ചുവത്രേ. കഥകേട്ടു
സംതൃപ്തനായ ബ്രഹ്മാവ് ഭാരദ്വാജന് വരവും നല്കി. സകലര്‍ക്കും സംസാരത്തില്‍ നിന്നും
കരകയറാനുള്ള, മുക്തിമാര്‍ഗ്ഗത്തിനുള്ള, ഉപദേശമാണ് ഉത്തമനായ ഭരദ്വാജന് ചോദിക്കാനുണ്ടായിരുന്നത്. ശ്രീരാമ-വസിഷ്ഠ
സംവാദ രൂപത്തില്‍ ബ്രഹത്തായ ഒരു ശാസ്ത്രഗ്രന്ഥം രചിക്കാന്‍ താന്‍ ആവശ്യ പ്പെടുന്നുവെന്ന്
അറിയിക്കാന്‍ ബ്രഹ്മാവ് അദ്ദേഹത്തെ നേരെ വാല്മീകിയുടെ അടുത്തേയ്ക്ക് പറഞ്ഞയച്ചു.
അങ്ങിനെയാണ് ബ്രഹ്മാവിന്റെ ആജ്ഞ ശിരസാ വഹിച്ച വാല്മീകി
മോക്ഷദായകമായ ഈ കൃതി നമുക്ക് സമ്മാനിച്ചത്.
"കാകതാലീയം" എന്നൊരു കല്പന ഇതില്‍ പലയിടത്തും കാണാം.
ഒരു കാക്ക തെങ്ങോലയില്‍ ഇരിക്കുന്ന അതേമാത്രയില്‍ത്തന്നെ ഒരു കൊട്ടത്തേങ്ങ
കാക്കയുടെ തലയില്‍ വീഴുന്നു എന്നിരിക്കട്ടെ. രണ്ടു സംഭവങ്ങള്‍ക്കും തമ്മില്‍
കാലദേശാനുസാരിയായോ കാരണപരമായോ യാതൊരു ബന്ധവു മില്ല, എന്നാല്‍ അവ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി
നമുക്കനുഭവപ്പെടുന്നു. ജീവിതവും സൃഷ്ടിയും അപ്രകാരമത്രേ. എന്നാല്‍ മനസ്സ്
സ്വയംകൃതമായ യുക്തിയിലും ചോദ്യങ്ങളിലും കുടുങ്ങി 'എന്തുകൊണ്ട്?', 'എവിടെ നിന്ന്' എന്നെല്ലാം
അന്വേഷിച്ച് സ്വയം സംതൃപ്തിപ്പെടാന്‍ വേണ്ടി ചില ഉത്തരങ്ങളും കണ്ടെത്തുന്നു.
എന്നാല്‍ ഉള്ളില്‍ അപ്പോഴും ബുദ്ധിക്ക് അലോസരമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഒരു
ബാധപോലെ നമ്മില്‍ അവശേ ഷിക്കുന്നു. വസിഷ്ഠമുനി ആവശ്യപ്പെടുന്നത് മനസ്സിനെ അതിന്റെ
വ്യാപാരങ്ങളോടെ നേരേ നിരീക്ഷിക്കാനാണ്. അതിന്റെ ഗതിവിഗതി കള്‍ , അനുമാനങ്ങള്‍ ,നിഗമനങ്ങള്‍ , ഫലങ്ങള്‍ എന്നിവ മാത്രമല്ല നിരീക്ഷി ക്കുക എന്ന പ്രവര്‍ത്തിയേപ്പോലും
നിരീക്ഷിക്കുക എന്നാണ് ആഹ്വാനം. അങ്ങിനെ അനന്തവും അവിഛിന്നവുമായ ബോധസ്വരൂപത്തെ
സാക്ഷാ ത്കരിക്കാം.
സത്യം
നമ്മില്‍ നിറവാകണമെങ്കില്‍ ഈ ശാസ്ത്രം ആവര്‍ത്തിച്ചു മനനം ചെയ്തു ധ്യാനിച്ച്
കൊണ്ടേയിരിക്കണം. രാമന് പറയുന്നു: മോക്ഷം എന്നത് അറിവ് അറിവിനുള്ള
വിഷയമല്ലാതെയാവുമ്പോഴാണ്. അപ്പോള്‍ നാം
ചോദിച്ചേക്കാം അപ്പോള്‍ ഇക്കാണുന്ന വിഷയങ്ങളെക്കുറിച്ചുള്ള ‘അറിവോ’?
അതെക്കുറിച്ച് മനസ്സ് പുണ്ണാക്കാതിരിക്കുന്നതാണ് ബുദ്ധി, എന്നാണ്
മഹര്‍ഷിയുടെ ഉത്തരം. ഇത് കൃത്യമായും മനസ്സിലായില്ലെങ്കില്‍ ഗ്രന്ഥം മുഴുവനും പഠിക്കുക.
പലരീതികളില്‍ സത്യത്തെ വെളിപ്പെടുത്തിയിരി ക്കുന്നത് നമ്മുടെ മനസ്സു
തുറക്കാനുതകും.
വസിഷ്ഠന് പറയുന്നു: രാമാ മോക്ഷകവാടത്തിലെ നാലു ദ്വാരപാലകര്‍ ആത്മസംയമനം, അന്വേഷണത്വര; സംതൃപ്തി, സത്സംഗം എന്നിവരാണ്. ബുദ്ധിമാനായ സാധകന് ഈ നാല്‍വരുമായി
സൌഹൃദം സ്ഥപിക്കാന്‍ അനവരതം ശ്രമിച്ചുകൊണ്ടേയിരിക്കണം. അവരില്‍ ഒരാളെയെങ്കിലും
തന്റെ ഉത്തമസുഹൃത്താക്കുകയും വേണം. രാമന് വസിഷ്ഠമുനി നല്കുന്ന ഉപദേശത്തിന്റെ സാരസംഗ്രഹം നിസ്തന്ദ്രമായ
പ്രശാന്തതയില്‍ സാധകനെ എത്തിക്കുവാനായാണ്. എന്തിനാണിത്? മനോവിശ്രാന്തി എന്തിനാണ്? ഹൃദയം പ്രശാന്തമായാലും
യാതൊന്നിനും ഒരു മാറ്റവുമില്ല. എന്തുകൊണ്ടെ ന്നാല് സത്യം മാറ്റങ്ങള്‍ക്ക്
വിധേയമല്ല.
പ്രബുദ്ധതയൊരു ബാദ്ധ്യതയല്ല!
“ഞാന്‍ പ്രബുദ്ധതയാര്‍ജ്ജിക്കുന്നതിന്നു
മുന്‍പ് ഒരു മരംവെട്ടിയും വെള്ളം കോരിയുമായിരുന്നു. ഇന്നിപ്പോള്‍ പ്രബുദ്ധതയില്‍
അഭിരമിക്കുമ്പോഴും ഞാനൊരു മരം വെട്ടിയും വെള്ളം കോരിയുമാണ്.” പ്രബുദ്ധതയിലും ജീവിതം അനുസ്യൂതം തുടരുന്നു. മരുമരീചികയിലെ ജലം വെറും
ഭ്രമമാണെന്നു തിരിച്ചറിഞ്ഞുകഴിഞ്ഞു വീണ്ടും നോക്കുമ്പോള്‍ മരുമരീചിക പുറം കാഴ്ചയില്‍
അങ്ങിനെ തന്നെയാണ്. എന്നാല്‍ പ്രബുദ്ധനില്‍ ഇഷ്ടാനിഷ്ട ങ്ങള്‍ക്കും ലാഭനഷ്ടങ്ങള്‍ക്കും
പകരം ജീവസ്പന്ദനത്തോടുള്ള അകൈതവമായ കൃതജ്ഞതയും ഉറവ വറ്റാത്ത ആനന്ദമേകുന്ന
ചിരന്തനപ്രകാശത്തിന്റെ നിറവുമാണെങ്ങുമെല്ലായ്പ്പോഴും പ്രഭാസിക്കുന്നത്.
ഓം സത് ചിത്
യോഗവാസിഷ്ഠം മൂല പരിഭാഷ: രവിപ്രകാശ് ആചാര്യ,
വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ,
ലേഖനം:സ്വാമി സൂര്യപ്രകാശസരസ്വതി,