മുല്ലപ്പെരിയാർ-
ജനത്തെ സുരക്ഷാഭീതിയിൽ ആഴ്ത്തിയത് തെറ്റ്
ഡോ. എ.പി. സുകുമാർ, വാൻകൂവർ, കാനഡ
കലാകൗമുദി ലക്കം 1895-ൽ ഡോ സുകുമാരൻ നായരും ശ്രീ ശ്രീകാന്ത് മനയിലും എഴുതിയ
ലേഖനങ്ങൾ വായിച്ചിട്ടാണ് ഇതെഴുതുന്നത്. സങ്കീർണ്ണമായ ഒരുപ്രശ്നത്തെ കൈകാര്യം
ചെയ്യേണ്ടതെങ്ങിനെയെന്ന് നിശ്ചയമില്ലാതെയാണ് മുല്ലപ്പെരിയാർ പ്രശ്നം ഇത്രയും
വഷളായതെന്ന് നിസ്സംശയം പറയാം. സുരക്ഷാപ്രശ്നങ്ങളുമായി ബന്ധപ്പെട്ട്
അണക്കെട്ടുകളടക്കം പലതരം സ്റ്റ്രക്ചറുകൾ പഠിക്കാൻ അവസരം കിട്ടിയിട്ടുള്ള ആളെന്ന നിലയ്ക്ക്
ശ്രീകുമാറിന്റെയും ഡോ സുകുമാരൻ നായരുടെയും അഭിപ്രായത്തോട് പൂർണ്ണമായി
യോജിക്കുകയാണ്. ശ്രീകുമാർ എഴുതിയ രാഷ്ട്രീയ-ഭൂമി മാഫിയ ബന്ധത്തെപ്പറ്റി എനിക്ക്
അറിവുകൾ ഒന്നുമില്ല എങ്കിലും.
എഴുപതുകളുടെ അന്ത്യത്തിൽ
ഇതുപോലെ '
മുല്ലപ്പെരിയാർപേടിക്കു'
വിധേയനായി എഞ്ചീനീയറിംഗ് വിദ്യാർത്ഥിയായിരുന്ന ഞാനും വിഷമിച്ചിട്ടുണ്ട്.
കഥാകാരിയായ അശ്വതി ശശികുമാറിന്റെ മാനസീകാവസ്ഥ എനിക്കു മനസ്സിലാവുന്നു. ഇപ്പോൾ കാനഡയിൽ ഇത്തരം കാര്യങ്ങൾ കൈകാര്യം
ചെയ്യേണ്ടിവരുമ്പോൾ ആദ്യമായി ചെയ്യുന്നത് അനാവശ്യമായി പൊതുജനത്തിനെ
അലോസരപ്പെടുത്തുന്ന വിവരങ്ങൾ പറയാതിരിക്കുക എന്നതാണ്. സുരക്ഷിതമല്ലാത്ത ഒരു
ഡാമെന്ന് കേരളാ ഗവർമ്മെന്റ് വക്താക്കൾ പറയുമ്പോൾ ജനത്തിന്റെ സുരക്ഷാചുമതല (ജീവനും
സ്വത്തിനും) ഉടനേ തന്നെ ഏറ്റെടുക്കാൻ ഗവർമ്മെന്റ് നിയമപരമായി ബാധ്യസ്ഥമാണ്.
ജനങ്ങൾ ഇതിനുവേണ്ടി നിരത്തിലിറങ്ങേണ്ടിവരുന്നത് ഒരു പരിഷ്കൃത സമൂഹത്തിൽ
അപഹാസ്യവുമാണ്. കാര്യങ്ങൾ റിസ്ക്
അനാലിസിസ്സിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി പഠിച്ച് ഒരു നിഗമനത്തിൽ
എത്തിച്ചേർന്നതിനുശേഷമേ ഉത്തരവാദിത്വമുള്ളവർ പൊതുവായി അഭിപ്രായങ്ങൾപറയാൻ പാടുള്ളു.
ഇവിടെ ഇങ്ങിനെയുള്ള ഒരു പഠനത്തിന് ലോകത്തിലെ തന്നെ തിരഞ്ഞെടുക്കപ്പെട്ട ഒരു
വിദഗ്ധ സമിതിയെ ആദ്യമായി നിയമിക്കുന്നത് പഠനം നടത്താനല്ല,
മറിച്ച് പഠനത്തിന്റെ terms of reference
നിശ്ചയിക്കാനും പഠനശേഷം പഠനഫലങ്ങൾ വിലയിരുത്താനുമാണ്. ഇവർ സർവ്വ സമ്മതരും
ഇവരുടെ തീരുമാനങ്ങൾ അവസാന വാക്കാണെന്ന് എല്ലാവരും സമ്മതിക്കുകയും ചെയ്തതിനുശേഷം
മത്രമേ ഒരു വിശ്വാസ്യയോഗ്യമായ പഠനം തുടങ്ങാവൂ. സാധാരണയായി രാഷ്ട്രീയക്കാർ ആരും ഈ
നടത്തിപ്പിൽ ഇടപെടാറില്ല. ഈ അഡ്വൈസറി ബോർഡിലെ എല്ലാവരും അനേക കാലം ഇതുപോലുള്ള
വിഷയങ്ങൾ കൈകാര്യം ചെയ്ത് പരിചയമുള്ളവർ ആയിരിക്കണം. ഇവരുടെ നേതൃത്വത്തിൽ ഈ വക
വിഷയങ്ങളിൽ സ്പെഷലൈസ് ചെയ്യുന്ന ഒരു സാങ്കേതിക സ്ഥാപനത്തെയാണ് പഠനച്ചുമതല
ഏൽപ്പിക്കുക. അവർക്കു വേണ്ട സഹായങ്ങൾ ചെയ്യുക എന്നതു മാത്രമാണ് ലോക്കൽ
എഞ്ചിനീയർമാരുടെ ചുമതല. ഇതുപോലുള്ള രണ്ടു മൂന്നു സ്ഥാപനങ്ങളിൽ ജോലിചെയ്തതിന്റെ
അനുഭവാടിസ്ഥാനത്തിൽ പറഞ്ഞാൽ മുല്ലപ്പെരിയാർ പ്രശ്നത്തിനെ ഇങ്ങിനെ വിശകലനം
ചെയ്തതിനുശേഷം മാത്രമേ പൊതുജനങ്ങളെ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ
അറിയിക്കേണ്ടിയിരുന്നുള്ളു. മാത്രമല്ല,
പുതിയ ഡാം
വേണമെന്നും അത് റോളർ കോമ്പാക്ട് കോൺക്രീറ്റ് കൊണ്ടാവണം എന്നുമെല്ലാം
വായിക്കുമ്പോൾ ഒരു പക്വതയില്ലാത്ത തീരുമാനം എന്നു തോന്നിപ്പോകുന്നു. പുതിയ
ഡാമിന്റെ പരിസ്ഥിതി പഠനവും പ്രധാനമാണെന്ന് ഓർമ്മിക്കുക.
ഇവിടെ വാന്കൂവറിൽ നൂറിൽ
ക്കൂടുതൽ കൊല്ലം പഴക്കമുള്ള ഒരു കോൺക്രീറ്റ്
റിസർവ്വോയർ പോളിച്ചുപണിയാനുള്ള ചുമതല എനിക്കായിരുന്നു (2002-2004). പത്തുലക്ഷത്തോളം പേരുടെ കുടിവെള്ളം ഈ റിസർവ്വോയറിനെ ആശ്രയിച്ചാണ്.
ആദ്യപഠനത്തിൽ ത്തന്നെ, ഭൂമികുലുക്കത്തിനു
സാദ്ധ്യതയുള്ളതുകൊണ്ട് (7.5 വരെ റിക്ടർ
സ്കൈൽ വരെ ഇവിടെ ഭൂകമ്പം ഉണ്ടാവാം) ഈ റിസർവ്വോയറിന്റെ സുരക്ഷ അപര്യാപ്തമാണെന്നു
കണ്ടെത്തി. മലമുകളിലുള്ള ഈ റിസർവ്വോയർ പൊളിഞ്ഞാൽ അനേകം വീടുകളും സ്ഥാപനങ്ങളും
നശിക്കുകയും ബാക്കിയുള്ളവർക്ക് കുടിവെള്ളം മുട്ടുകയും ചെയ്യും എന്നതായിരുന്നു
പ്രശ്നം. അടുത്ത രണ്ടുവർഷത്തിനുള്ളിൽ പണി തീർന്നാൽ ഇപ്പോഴുള്ളതിൽ നിന്നും റിസ്ക്
വളരെ കുറയുമെന്നും ഭൂമികുലുക്കം ഇതിനിടയിൽ ഉണ്ടാകാനുള്ള സാധ്യത വളരെക്കുറവാണെന്നും
ജിയോളജി-സൈസ്മോളജി-സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധന്മാർ കണ്ടെത്തി. വിദഗ്ധസമിതിയും,
സാങ്കേതിക വിദഗ്ധരും എഞ്ചിനീയർമ്മാരും കോണ്ട്രാക്ടർമ്മാരും
എല്ലാം ചേർന്ന് പറഞ്ഞ സമയത്ത് (ഒന്നരക്കൊല്ലത്തിനുള്ളിൽ), ബഡ്ജറ്റിനുള്ളിൽ പണി പൂർത്തിയാക്കിയ ശേഷമാണ് പൊതുജനം ഈ പ്രോജക്ടിന്റെ
പ്രാധാന്യത്തെപ്പറ്റി അറിയുന്നതു തന്നെ. പണി നടക്കുന്ന സമയത്ത് ജലദൗർലഭ്യം
അനുഭവപ്പെടാതിരിക്കാനുള്ള നടപടികളും കൈക്കൊണ്ടിരുന്നു. എന്റെ സുഹൃത്തുക്കളായ ചില
കേരള പി ഡബ്ലിയു ഡി എഞ്ചിനീയർമാർ ഈ പ്രോജക്ട് സന്ദർശ്ശിക്കുകയും ചെയ്തിട്ടുണ്ട്.
'നമ്മുടെ നാട്ടിലും വേണമെങ്കിൽ ഇങ്ങിനെയൊക്കെ
ചെയ്യാൻ നമുക്കു വേണമെങ്കിൽ പറ്റും' എന്ന് അവർ
തലകുലുക്കി സമ്മതിക്കുകയും ചെയ്തിരുന്നു എന്നു ഞാൻ ഓർക്കുന്നു. ഒരു പ്രധാന
വ്യത്യാസം, ജോലി ചെയ്ത
കോണ്ട്രാക്ടർമ്മാർക്ക് കൃത്യസമയത്തിന് ബില്ലു പാസ്സാക്കി കൊടുത്തിരുന്നു
എന്നതാണ്. എന്നേപ്പോലുള്ളവരുടെ വരുമാനം ജോലിയിൽ നിന്നുള്ള ശമ്പളം മാത്രമായിരുന്നു
എന്നു പറയാനും സന്തോഷമുണ്ട്.
വിശദമായ പഠനവും റിസ്ക്
അനാലിസിസ്സും കൂടാതെ ജനത്തെ '
ഭീഷണി'
പ്പെടുത്തുന്നത് ഒരു വിധത്തിൽ വഞ്ചനയാണ്. നിയമപരമായും അത്
ഭാവിയിൽ ഒരു പ്രശ്നമായേക്കാം. അതുപോലെ തീരുമാനങ്ങളെടുക്കുന്നതിനും
അന്താരാഷ്ട്രതലത്തിൽ ചില നടപടിക്രമങ്ങൾ ഒക്കെയുണ്ട്. ഇപ്പോൾ മലയാള മാധ്യമങ്ങളിൽക്കൂടി ഞാൻ മനസ്സിലാക്കുന്നത് ഡാമിന്റെ സുരക്ഷയെപ്പറ്റി വിദഗ്ധർ അല്ലാത്ത
എല്ലാവരും അഭിപ്രായം പറഞ്ഞു കഴിഞ്ഞു എന്നാണ്. (ചീഫ് എഞ്ചിനീയർ പദവി ഉള്ളതു
കൊണ്ടുമാത്രം ആരും വിദഗ്ധർ ആവുന്നില്ലാ എന്ന് സാന്ദർഭികമായി പറഞ്ഞുകൊള്ളട്ടെ).
"ഇപ്പോൾ കാനഡയിൽ പ്രോജക്ട്
മാനേജരും സ്പെഷലിസ്റ്റ് എഞ്ചിനീയറുമായി ജോലിചെയ്യുന്ന ഡോ. സുകുമാർ, കാനഡായിലും
അമേരിക്കയിലും രെജിസ്റ്റർ ചെയ്ത എഞ്ചിനീയറാണ്".